യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും 4

സി മുഹമ്മദ് അജ്മൽ

2026 ജൂലൈ 18, 1448 സ്വഫർ 04

യുഡിഎഫ് പ്രകടന പത്രികയിൽ പരാമർശിക്കുന്ന, അതോടൊപ്പം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശൻ പല തവണ എടുത്തുപറഞ്ഞ കാര്യമാണ് നമ്മൾ മേധാവിത്വ ചോർച്ച (Brain Drain) തടയണം എന്നുള്ളത്. കേരളത്തിലെ മേധാവിത്വ ചോർച്ചയെക്കുറിച്ച് (ഉന്നതവിദ്യാഭ്യാസത്തിനായും ജോലിക്കായും യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്ന അവസ്ഥ) ചർച്ച ചെയ്യുമ്പോൾ നമ്മൾ സാധാരണ ചോദിക്കാറുള്ളത് ചില സ്ഥിരം ചോദ്യങ്ങളാണ്:

കുട്ടികൾ എങ്ങോട്ടാണ് പോകുന്നത്? ബംഗളൂരുവിലേക്കാണോ? അതോ കാനഡ, യുകെ, ഓസ്‌ട്രേലിയ, ജർമനി തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കാണോ?

ഇതിനെല്ലാം മുമ്പ് നമ്മൾ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: ‘അവർ എന്തുകൊണ്ടാണ് ഇവിടുന്ന് പോകുന്നത്?’

മേധാവിത്വ ചോർച്ച എന്ന പ്രതിഭാസത്തിന്റെ കഥ തുടങ്ങുന്നത് അവർ ചെന്നെത്തുന്ന വിദേശ രാജ്യങ്ങളിലല്ല; മറിച്ച്, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്താണ്. നമ്മുടെ കുട്ടികൾ കേരളം വിടുന്നത് കേവലം ഒരു ‘വിദേശ സ്വപ്നം’ (Foreign Dream) തലയ്ക്കുപിടിച്ചിട്ടല്ല. പലപ്പോഴും കൃത്യമായ മറ്റു വഴികളില്ലാത്തതുകൊണ്ടുള്ള നിരാശയിൽനിന്നാണ് (Desperation) ഈ പലായനങ്ങളുണ്ടാകുന്നത്.

നമ്മുടെ ആർട്‌സ് ആൻഡ് സയൻസ്, എഞ്ചിനീയറിംഗ് കോളേജുകളിൽ പലതിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പഠിച്ചിട്ട് പ്രത്യേകിച്ച് ഗുണമില്ല എന്ന ചിന്തയിലാണ് കുട്ടികൾ; അനുയോജ്യമായ കോഴ്‌സുകളില്ല, മികച്ച തൊഴിൽ ലഭ്യതാ സൗകര്യങ്ങൾ (Placement) ഇല്ല, വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ സിലബസില്ല (Industry-ready curriculum), കോളേജ് ബിരുദങ്ങൾക്ക് മാർക്കറ്റിൽ മൂല്യമില്ല, സംസ്ഥാനത്തിനകത്ത് മതിയായ തൊഴിലവസരങ്ങളില്ല!

ഈ സാഹചര്യത്തിൽ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും വിദേശ കുടിയേറ്റത്തെ ഒരു രക്ഷപ്പെടലായി (Escape route) കാണുന്നു. ഇതാണ് കേരളം നേരിടുന്ന യഥാർഘ ഉന്നതവിദ്യാഭ്യാസ പ്രതിസന്ധി.

പ്രശ്‌നം 1: ഡിഗ്രിയുണ്ട്; പക്ഷേ, ജോലിയില്ല

കേരളം ഓരോ വർഷവും പതിനായിരക്കണക്കിന് എഞ്ചിനീയറിംഗ്, പ്രൊഫഷണൽ ബിരുദധാരികളെയാണ് പുറത്തിറക്കുന്നത്. എന്നാൽ അവരിൽ ഭൂരിഭാഗം പേർക്കും തങ്ങൾ പഠനത്തിനായി ചെലവഴിച്ച പണത്തെയും സമയത്തെയും ന്യായീകരിക്കുന്ന തരത്തിലുള്ള ഒരു ജോലി ലഭിക്കുന്നില്ല. വലിയൊരു വിഭാഗം തൊഴിൽ ലഭിക്കാത്തവരാണ്. ജോലി കിട്ടുന്നവർക്ക് കിട്ടുന്ന പാക്കേജ് ശരാശരി 3-4 ലക്ഷമാണ്. ജോലിക്ക് കേറിക്കഴിഞ്ഞാലും ഉന്നത സ്ഥാനങ്ങളിലേക്കുള്ള അവസരങ്ങൾ കുറവാണ്.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ: ഇതിനേക്കാൾ വലിയൊരു മുന്നറിയിപ്പ് സൂചന മറ്റൊന്നുമല്ല; കേരളത്തിലെ പല സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലും 50% ഇൽ അധികം സീറ്റുകളും ഇന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും ഇങ്ങനെ തന്നെ!

വിപണി വളരെ വ്യക്തമായ സൂചനയാണ് നൽകുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും തങ്ങളുടെ തീരുമാനങ്ങളിലൂടെ അത് തെളിയിച്ചു കഴിഞ്ഞു. കേരളത്തിലെ കുട്ടികൾക്ക് ഇവിടുത്തെ കോളേജുകളിൽ പഠിക്കാൻ താൽപര്യമില്ലെങ്കിൽ, അത് മാർക്കറ്റിംഗിന്റെ കുറവല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമില്ലായ്മയാണ് (Product Problem).

പ്രശ്‌നം 2: സംസ്ഥാനത്തിനകത്ത് മതിയായ അവസരങ്ങളില്ല

കേരളത്തിലെ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവയെല്ലാംകൂടി ആകെ ഉൾക്കൊള്ളുന്നത് ഏകദേശം 1.5 ലക്ഷം ഐടി ജീവനക്കാരെയാണ്. എന്നാൽ ബംഗളൂരുവിൽ മാത്രം ഏകദേശം 20 ലക്ഷം ഐടി ജീവനക്കാരുണ്ട്. അതായത് ബംഗളൂരുവിലെ ഐടി വർക്ക്‌ഫോഴ്‌സ് കേരള ത്തിന്റെ മുഴുവൻ ഐടി മേഖലയേക്കാളും 13 മടങ്ങ് വലുതാണ്.

തീർച്ചയായും കേരളത്തിലെ ഐടി മേഖല വളരുന്നുണ്ട്, ഇൻഫോപാർക്കിൽനിന്നുള്ള കയറ്റുമതി ഉയരുന്നുണ്ട്, സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുന്നുണ്ട്, ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ലഭിക്കുന്നുമുണ്ട്. പക്ഷേ, ഈ വലിയ നഗരങ്ങളുമായുള്ള താരതമ്യം വരുമ്പോൾ നമ്മൾ വളരെ പിന്നിലാണ്.

ബംഗളൂരുവിൽ പഠിക്കുന്ന ഒരു കമ്പ്യൂട്ടർ സയൻസ് ബിരുദധാരി പ്ലേസ്‌മെന്റിന് ഇരിക്കുമ്പോൾ നൂറുകണക്കിന് കമ്പനികളാണ് മികച്ച കുട്ടികളെ കണ്ടെത്താൻ മത്സരിക്കുന്നത്. എന്നാൽ അതേ നിലവാരമുള്ള ഒരു വിദ്യാർഥി കേരളത്തിലാണ് പഠിക്കുന്നതെങ്കിൽ ക്യാമ്പസിലേക്ക് വരുന്നത് പരമാവധി 15-20 കമ്പനികളായിരിക്കും; അവരാകട്ടെ 3-4 LPA പോലുള്ള കുറഞ്ഞ പാക്കേജുകളാണ് ഓഫർ ചെയ്യുക. അങ്ങനെയെങ്കിൽ, കുട്ടികൾ നാടുവിടുന്നത് വെറുമൊരു വൈകാരിക തീരുമാനമല്ല (Emotional decision), മറിച്ച് വളരെ ചിന്തിച്ചെടുക്കുന്ന ഒരു പ്രായോഗിക തീരുമാനമാണ് (Rational decision).

പ്രശ്‌നം 3: കാലഹരണപ്പെട്ട കോഴ്‌സുകളും ഇഴഞ്ഞുനീങ്ങുന്ന പരിഷ്‌കരണങ്ങളും

സാങ്കേതിക സർവകലാശാല (KTU) 2024ൽ പുതിയ പദ്ധതി കൊണ്ടുവന്നത് നല്ലൊരു കാര്യമാണ്. എഐ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സ്‌പെഷ്യലൈസേഷനുകളും പ്രായോഗിക ഘടകങ്ങളും ഉൾപ്പെടുത്തിയുള്ള ഈ മാറ്റം സ്വാഗതാർഹവുമാണ്. പക്ഷേ, ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്: ‘ഇത്തരമൊരു മാറ്റത്തിനായി നമ്മൾ 2024 വരെ കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണ്?’

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഫുൾ-സ്റ്റാക്ക് ഡെവലപ്‌മെന്റ്, പ്രൊഡക്ട് തിങ്കിങ് എന്നിവയെ അടിസ്ഥാന യോഗ്യതകളായി കാണുമ്പോൾ, നമ്മുടെ സർവകലാശാലാ സിലബസുകൾ വർഷങ്ങൾ പുറകിലായിരുന്നു. ബംഗളൂരു, പൂനെ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികൾ എല്ലാ വർഷവും തങ്ങളുടെ സിലബസ് പുതുക്കാറുണ്ട്. ഗൂഗിൾ, ആമസോൺ (AWS), മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള കമ്പനികളുടെ സർട്ടിഫിക്കേഷനുകൾ അവർ കോഴ്‌സിന്റെ ഭാഗമാക്കുന്നു. ഇന്റേൺഷിപ്പുകൾ ഡിഗ്രി നേടുന്നതിന് നിർബന്ധമാക്കുന്നു.

എന്നാൽ കേരളത്തിലെ അഫിലിയേറ്റഡ് കോളേജ് സമ്പ്രദായത്തിൽ (Affiliated college model)) ഒരു സർയകലാശാലയാണ് നൂറിലധികം കോളേജുകളുടെ സിലബസ് നിയന്ത്രിക്കുന്നത്. ഇത് പെട്ടെന്നുള്ള മാറ്റങ്ങളെ തടസ്സപ്പെടുത്തുന്നു. ഒരു സിലബസ് മാറ്റം അനുമതി കിട്ടി നടപ്പിലാക്കിവരുമ്പോഴേക്കും വ്യവസായമേഖല അതിവേഗം മാറിപ്പോയിട്ടുണ്ടാകും.

അതുകൊണ്ട്, യഥാർഥ പ്രശ്‌നം കുട്ടികൾ കേരളം വിടുന്നു എന്നതല്ല; മറിച്ച്, കേരളം അവർക്ക് നൽകുന്നത് കാലഹരണപ്പെട്ട ബിരുദങ്ങളും മോശം പ്ലേസ്‌മെന്റുകളും ദുർബലമായ ഇൻഡസ്ട്രി എക്സ്പോഷറും മാത്രമാണെന്നതാണ്.

പ്രശ്‌നം 4: വിദേശങ്ങളിൽ അവരെ കാത്തിരിക്കുന്നത് എന്താണ്?

ഇവിടെയാണ് ഈ കഥ നിരാശയിൽനിന്ന് അപകടകരമായ അവസ്ഥയിലേക്ക് മാറുന്നത്. പത്ത് വർഷം മുമ്പ് യുകെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പോയ വിദ്യാർഥികൾക്ക് ചില മുൻതൂക്കങ്ങൾ (Early-mover advantage) ഉണ്ടായിരുന്നു. അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടി, മികച്ച തൊഴിൽ പരിചയം ലഭിച്ചു, സ്ഥിരതാമസത്തിനുള്ള അനുമതിയും തങ്ങൾ നിക്ഷേപിച്ച പണവും വേഗത്തിൽ തിരിച്ചുകിട്ടി. പക്ഷേ, ആ സുവർണാവസരം ഇപ്പോൾ അവസാനിക്കുകയാണ്. നിർഭാഗ്യവശാൽ, കേരളത്തിലെ പല കുടുംബങ്ങളും 2026ൽ തീരുമാനങ്ങളെടുക്കുന്നത് 2018ലെ സാഹചര്യങ്ങൾ മനസ്സിൽ വെച്ചാണ്.

ഇന്ത്യൻ പണത്തെ ആശ്രയിക്കുന്ന വിദേശ സർവകലാശാലകൾ

ഇന്ന് പല വിദേശ സർവകലാശാലകളും നിലനിൽക്കുന്നത് ഇന്ത്യൻ വിദ്യാർഥികൾ നൽകുന്ന വൻ തുക ഫീസിനെ ആശ്രയിച്ചാണ്. യുകെയിലെ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർഥികളിൽനിന്ന് കോടിക്കണക്കിന് രൂപയാണ് വരുമാനമുണ്ടാക്കുന്നത്. എന്നിട്ടും പല യൂണിവേഴ്‌സിറ്റികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓസ്‌ട്രേലിയയിൽ അന്താരാഷ്ട്ര വിദ്യാർഥികൾ അവിടുത്തെ പ്രാദേശിക വിദ്യാർഥികളെക്കാൾ പലമടങ്ങ് ഫീസാണ് അടയ്ക്കുന്നത്.

കാനഡയിൽ 2024ൽ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾ അഡ്മിഷൻ എടുത്തിട്ടും ക്ലാസുകളിൽ ഹാജരായിട്ടില്ലെന്ന വിവരങ്ങൾ പുറത്തുവന്നു - ഇത് വിസ തട്ടിപ്പ് മാത്രമാണ്. ഓസ്‌ട്രേലിയയിൽ വ്യാജ കോളേജുകൾ (Ghost colleges)പൂട്ടിക്കുകയും പല വൊക്കേഷണൽ കോഴ്‌സുകളുടെയും അംഗീകാരം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

നമ്മുടെ നാട്ടിലെ എഡ്യൂക്കേഷൻ കൺസൾട്ടന്റുകൾ പലപ്പോഴും കമ്മീഷൻ തുക മാത്രം ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്. ഒരു വിദ്യാർഥിക്ക് ഏറ്റവും അനുയോജ്യമായ സ്ഥാപനം കണ്ടെത്തുക എന്നതല്ല, മറിച്ച് ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അവരെ എത്തിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഈ സർവകലാശാലകളിൽ പലതും ലോകോത്തര സ്ഥാപനങ്ങളല്ല, മറിച്ച് സാമ്പത്തികമായി തകർച്ച നേരിടുന്നവയാണ്. നമ്മുടെ കുട്ടികളുടെ പണം കൊണ്ടാണ് അവ ഇന്ന് നിലനിന്നുപോകുന്നത്.

അടയുന്ന വിദേശ വാതിലുകൾ

മലയാളി വിദ്യാർഥികൾ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ കുടിയേറ്റ നിയമങ്ങൾ (Immigration rules) കർശനമാക്കുകയാണ്.

കാനഡ: സ്റ്റഡി പെർമിറ്റുകൾക്ക് പരിധി (Cap) ഏർപ്പെടുത്തി, പിജിഡബ്ല്യുപി (PGWP) നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിനാൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ഓസ്‌ട്രേലിയ: ഇന്ത്യയെ ഉയർന്ന റിസ്‌ക് ഉള്ള വിഭാഗത്തിലാണ് (Higher-risk category) അവർ ഉൾപ്പെടുത്തിയിരിക്കുന്നത്. വിസ നിരസിക്കപ്പെടുന്ന നിരക്ക് ഉയർന്നു, പുതിയ കോളേജ് രജിസ്‌ട്രേഷനുകൾ മരവിപ്പിച്ചു.

യുകെ: ഗ്രാജുവേറ്റ് വിസയുടെ കാലാവധി കുറച്ചു, സ്‌കിൽഡ് വർക്കർ ശമ്പള പരിധി ഉയർത്തി, ആശ്രിതരെ (Dependents) കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ കഠിനമാക്കി.

ജർമനി: കുറഞ്ഞ ചെലവും മികച്ച എഞ്ചിനീയറിംഗ് അന്തരീക്ഷവും ഉള്ളതുകൊണ്ട് ഇപ്പോഴും നല്ലൊരു ഓപ്ഷനാണ്. എങ്കിലും അവിടെയും മത്സരവും യോഗ്യതാ മാനദണ്ഡങ്ങളും കൂടുകയാണ്. ജർമൻ ഭാഷ പഠിക്കുക, കഠിനമായ അക്കാദമിക് നിലവാരം പുലർത്തുക, അവിടുത്തെ സംസ്‌കാരവുമായി പൊരുത്തപ്പെടുക എന്നിവയൊന്നും അത്ര എളുപ്പമല്ല.

ചുരുക്കത്തിൽ, വിദേശ വിദ്യാഭ്യാസം എന്നത് പഴയതുപോലെ ഒരു വിജയത്തിന്റെ ഗ്യാരന്റിയല്ല. തെറ്റായ യൂണിവേഴ്‌സിറ്റി + തെറ്റായ രാജ്യം + വലിയ തുകയുടെ ലോൺ + തെറ്റായ വിസ ധാരണകൾ = ഒരു കുടുംബത്തിന്റെ പൂർണമായ സാമ്പത്തിക തകർച്ചയ്ക്ക് ഇത് കാരണമാകാം.

കേരളത്തിലെ വിദ്യാഭ്യാസ വായ്പ പ്രതിസന്ധി

മേധാവിത്വ ചോർച്ച എന്ന കഥ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയായി മാറുന്നത് ഇവിടെയാണ്. കേരളത്തിലെ ആകെ വിദ്യാഭ്യാസ വായ്പ തുക ഏകദേശം 10,220 കോടി രൂപയാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയിൽ കേരളം വെറും 2.7% മാത്രമാണ്. എന്നാൽ രാജ്യത്തെ ആകെ വിദ്യാഭ്യാസ വായ്പകളിൽ 10 ശതമാനത്തിലധികവും കേരളത്തിലാണ്!

കേരളത്തിലെ വിദേശ വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്ന നിരക്ക് (Default rate) ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണ്. ഏകദേശം 1,300 കോടിയിലധികം രൂപയാണ് തിരിച്ചടവ് മുടങ്ങിയ വായ്പകളായി (NPA) കിടക്കുന്നത്. ഇത് വെറും ബാങ്കിംഗ് കണക്കുകൾ മാത്രമല്ല, ഓരോ കുടുംബത്തിന്റെയും കണ്ണീരിന്റെ കണക്കുകളാണ്. ഈ ഓരോ കിട്ടാക്കടത്തിന് പിന്നിലും ജപ്തി നോട്ടീസ് ഭയക്കുന്ന വീടുകളും പണയം വെച്ച സ്വർണവും സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട മാതാപിതാക്കളും കൺസൾട്ടന്റുമാരുടെ കെണിയിൽ വീണുപോയ കുട്ടികളുമുണ്ട്.

2022ൽ കൊല്ലത്ത് അഭിരാമി എന്ന ഇരുപതുവയസ്സുകാരി കടബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ നടുക്കിയതാണ്. ബാങ്കിൽനിന്നുള്ള ജപ്തി നോട്ടീസ് വന്നതിന് പിന്നാലെയുണ്ടായ ഈ ദാരുണ സംഭവം ഈ പ്രതിസന്ധിയുടെ ഭീകരത വ്യക്തമാക്കുന്നു. സർക്കാരിന്റെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതികൾ (Education Loan Repayment Support) ആശ്വാസകരമാണെങ്കിലും അതൊരു താൽകാലിക ചികിത്സ (Band-aid) മാത്രമാണ്. യഥാർഥ രോഗം മറ്റൊന്നാണ്: മാർക്കറ്റിൽ വിലയില്ലാത്ത ബിരുദങ്ങൾക്കായി നമ്മുടെ കുടുംബങ്ങൾ കടം വാങ്ങുന്നു, ജോലി കിട്ടാത്ത കോഴ്‌സുകൾക്കായി കുട്ടികൾ നാടുവിടുന്നു. വിദേശ ബിരുദങ്ങൾ അനിശ്ചിതത്വത്തിലാകുമ്പോഴും ഈ എടുത്ത കടങ്ങൾ മാത്രം യാഥാർഥ്യമായി അവശേഷിക്കുന്നു.

(തുടരും)