സത്യവും മിഥ്യയും മനുഷ്യന്റെ സ്വത ന്തമായ തിരഞ്ഞെടുപ്പും

ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്‌കത്ത്

2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

(ക്വുർആനിലെ സാർവലൗകിക വിളികൾ 19)

മനുഷ്യന്റെ എക്കാലത്തെയും വലിയ ചോദ്യങ്ങളിലൊന്നാണ് താൻ എന്തിനു ദൈവത്തിൽ വിശ്വസിക്കണമെന്നത്. പ്രപഞ്ചനാഥൻ മനുഷ്യനെ സൃഷ്ടിച്ച് അലഞ്ഞുതിരിയാൻ വിട്ടിട്ടില്ല, മറിച്ച് അവർക്ക് ശരിയായ വഴിയേതാണെന്ന് പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും കാണിച്ചുതന്നിട്ടുണ്ട്. ആ വഴി തിരഞ്ഞെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കൽ മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. സൂറത്തു യൂനുസിന്റെ അവസാന ഭാഗത്ത് അല്ലാഹു പ്രവാചകനോട് ജനങ്ങളെ അഭിസംബോധന ചെയ്യാൻ ആവശ്യപ്പെടുന്നത് ഇപ്രകാരമാണ്:

قُلْ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الْحَقُّ مِن رَّبِّكُمْ ۖ فَمَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَا أَنَا عَلَيْكُم بِوَكِيلٍ ‎

“പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. അതിനാൽ ആർ നേർവഴി സ്വീകരിക്കുന്നുവോ അവൻ തന്റെ ഗുണത്തിനുതന്നെയാണ് നേർവഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോയാൽ അതിന്റെ ദോഷവും അവനുതന്നെയാണ്. ഞാൻ നിങ്ങളുടെ മേൽ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനല്ല’’ (ക്വുർആൻ 10:108).

മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിപരമായ ഉത്തരവാദിത്തത്തെയും കുറിച്ച് ക്വുർആൻ മുന്നോട്ടു വയ്ക്കുന്ന നാലു പ്രധാന പാഠങ്ങൾ ഇതിൽ കാണാം:

സത്യം വെളിപ്പെട്ടിരിക്കുന്നു: ‘അൽഹക്ക്വ്’ (സത്യം) വന്നെത്തിയിരിക്കുന്നു എന്ന പ്രഖ്യാപനമാണിത്. ക്വുർആനിലൂടെയും പ്രവാചകനിലൂടെയും വിശുദ്ധ ജീവിതത്തിന്റെ യഥാർഥ ലക്ഷ്യമെന്തെന്ന് അല്ലാഹു മനുഷ്യർക്ക് മുന്നിൽ വ്യക്തമായി തുറന്നുവച്ചുകഴിഞ്ഞു. ഇനി നാളെ വിചാരണ നാളിൽ ‘ഞങ്ങൾക്ക് സത്യം എന്താണെന്ന് അറിയില്ലായിരുന്നു’ എന്നോ ‘ഞങ്ങൾക്ക് ആരും പറഞ്ഞുതന്നില്ല’ എന്നോ ഉള്ള യാതൊരു ഒഴിവുകഴിവുകളും മനുഷ്യന് പറയാനാകില്ല. സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്ന വ്യക്തമായ തെളിവുകൾ മനുഷ്യരാശിക്ക് മുന്നിൽ സ്രഷ്ടാവ് എത്തിച്ചുകഴിഞ്ഞിരിക്കുന്നു.

നേർവഴിയുടെ ഗുണം വ്യക്തിക്കുതന്നെ: മനുഷ്യന്റെ വലിയൊരു അഹങ്കാരമാണ് ഈ വരി തിരുത്തുന്നത്. നാം ദൈവത്തെ ആരാധിക്കുന്നത് അവനു വല്ല ഗുണവും കിട്ടാനാണെന്ന തോന്നൽ പലർക്കുമുണ്ട്. എന്നാൽ അല്ലാഹു പറയുന്നു: നിങ്ങൾ നേർവഴി സ്വീകരിച്ചാൽ അതിന്റെ പൂർണ്ണമായ ഗുണഭോക്താവ് നിങ്ങൾ തന്നെയാണ്.

സ്രഷ്ടാവിനെ വണങ്ങുന്നതിലൂടെ ദൈവത്തിന്റെ പ്രതാപത്തിന് ഒന്നും കൂട്ടിച്ചേർക്കാൻ മനുഷ്യന് സാധ്യമല്ല. നിസ്‌കാരം, ദാനധർമ്മങ്ങൾ, സത്യസന്ധത തുടങ്ങിയ ദൈവിക കൽപ്പനകൾ പാലിക്കുന്നത് വഴി മനുഷ്യന് തനിക്കാണ് ഈ ലോകത്ത് മാനസിക സമാധാനവും പരലോകത്ത് ശാശ്വതമായ വിജയവും ലഭിക്കുന്നത്.

വഴിപിഴവിന്റെ ദോഷം വ്യക്തിപരമാണ്

ഒരാൾ സത്യം നിഷേധിക്കാനും അതിക്രമത്തിന്റെ വഴി തിരഞ്ഞെടുക്കാനും തീരുമാനിച്ചാൽ, അവൻ ദൈവത്തെയോ പ്രവാചകനെയോ അല്ല തോൽപിക്കുന്നത്; മറിച്ച് സ്വന്തം ആത്മാവിനെത്തന്നെയാണ്. ഒരു രോഗിക്ക് ഡോക്ടർ കൃത്യമായ മരുന്ന് കുറിച്ചു നൽകിയിട്ടും അവൻ അത് കഴിക്കാൻ തയ്യാറായില്ലെങ്കിൽ അതിന്റെ ദുരന്തം അവൻതന്നെയാണ് അനുഭവിക്കേണ്ടിവരിക, ഡോക്ടറല്ല. അതുപോലെ, ദൈ വിക മാർഗനിർദേശങ്ങൾ തള്ളിക്കളഞ്ഞ് അതിക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവർ സ്വന്തം നാശത്തിലേക്കുള്ള വഴിതന്നെയാണ് തുറക്കുന്നത്.

പ്രവാചകൻ ഒരു കാവൽക്കാരനല്ല

“ഞാൻ നിങ്ങളുടെമേൽ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ടവനല്ല’ (വമാ അന അലൈക്കും ബി വകീൽ) എന്ന പ്രഖ്യാപനം വളരെ പ്രധാനപ്പെട്ടതാണ്. ജനങ്ങളെ നിർബന്ധിച്ച് മതത്തിൽ ചേർക്കാനോ, അടിച്ചു വിശ്വസിപ്പിക്കാനോ ആരെയും അല്ലാഹു ചുമതലപ്പെടുത്തിയിട്ടില്ല.

സത്യം എന്താണെന്ന് സ്‌നേഹത്തോടെയും യുക്തിയോടെയും ജനങ്ങളിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് പ്രവാചകന്റെയും വിശ്വാസികളുടെയും ബാധ്യത. അത് ഉൾക്കൊള്ളണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. വിശ്വാസം എന്നത് അടിച്ചേൽപിക്കേണ്ട ഒന്നല്ല, മറിച്ച് സ്വത ന്ത്രമായ വിവേകത്തിലൂടെ ഹൃദയത്തിൽ സ്വീകരിക്കേണ്ട ഒന്നാണെന്ന് ഈ വചനം വ്യക്തമാക്കുന്നു.

ജീവിതം നിരന്തരമായ തിരഞ്ഞെടുപ്പുകളുടെ ആകെത്തുകയാണ്. ശരിയായ പാതയും തെറ്റായ പാതയും നമ്മുടെ മുന്നിലുണ്ട്. സ്രഷ്ടാവിനെ അംഗീകരിച്ച് അവനു കീഴ്‌പ്പെട്ട് ജീവിക്കാനുള്ള വിവേകം നാം കാണിച്ചാൽ, അത് നമ്മുടെതന്നെ വിജയമാണ്. അല്ലാത്തപക്ഷം നഷ്ടം നമുക്ക് മാത്രമായിരിക്കും.

(‘ഹേ, മനുഷ്യരേ’-യാ അയ്യുഹന്നാസ്-എന്ന തലക്കെട്ടിലുള്ള ഈ ലേഖനപരമ്പര പൂർത്തിയാ യിരിക്കുകയാണ്).

മനുഷ്യന്റെ ഉൽപത്തി, ലക്ഷ്യം, സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകൾ, ജീവിതത്തിലെ പരീക്ഷണങ്ങൾ, സന്മാർഗവും ദുർമാർഗവും, പുനരുത്ഥാനവും വിചാരണയും തുടങ്ങി ഒട്ടേറെ വിഷയ ങ്ങൾ ക്വുർആൻ ലോകർക്കു മുമ്പിൽ എങ്ങനെ അവതരിപ്പിച്ചു എന്നത് നാം കണ്ടു.

മാനവരാശിയെ ഒന്നായി കണ്ടുകൊണ്ട് ക്വുർആൻ നൽകുന്ന ഈ സാർവലൗകിക സന്ദേശങ്ങൾ ജീവിതത്തിൽ ഉൾക്കൊള്ളാനും ചിന്തിക്കാനും അല്ലാഹു നമ്മെ ഏവരെയും തുണയ്ക്കട്ടെ.

‘യാ അയ്യുഹന്നാസ്’ എന്ന സംബോധന ക്വുർആനിൽ 20 തവണ വന്നതായി കാണാം. അതിൽ സൂറതുന്നംലിലെ 16ാം വചനവും കാണാൻ സാധിക്കും. എന്നാൽ ഈ പരമ്പരയിൽ ആ വചനം ഉൾപ്പെടുത്തിയിട്ടില്ല. കാരണം, ആ വചനത്തിലെ വിളി സുലൈമാൻ നബി(അ) തന്റെ ജനതയോടു നടത്തിയി ട്ടുള്ളതാണ്. അദ്ദേഹം തന്റെ ജനതയോട് തനിക്ക് അല്ലാഹു നൽകിയ സവിശേഷമായ അനുഗ്രഹത്തെക്കുറിച്ച് പറയുന്നതാണ് അതിലെ വിഷയം.

നാം ചർച്ച ചെയ്ത സാർവലൗകിക ഉപദേശങ്ങളിൽനിന്നും വ്യത്യസ്തമായി, ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തെയും ഒരു പ്രവാചകനു ലഭിച്ച മുഅ്ജിസത്തിനെയും (ദൈവിക ദൃഷ്ടാന്തം) സൂചിപ്പിക്കുന്ന വിഷയമായതുകൊണ്ടാണ് ഈ പരമ്പരയുടെ തനിമ നിലനിറുത്താൻ ആ വചനം ഒഴിവാക്കിയത്.

(അവസാനിച്ചു)