‘എക്സ് മുസ്ലിമി’ന്റെ പൊയ്മുഖം
മുഫീദ് പാലക്കാഴി
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

കേരളത്തിലെ വൈജ്ഞാനിക-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രസ്ഥാനങ്ങളാണ് യുക്തിവാദവും സ്വതന്ത്രചിന്തയും. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായും ശാസ്ത്രീയ മനോഭാവ രൂപീകരണത്തിന്റെ ഭാഗമായുമാണ് സ്വതന്ത്രചിന്ത സംസ്ഥാനത്ത് വേരൂന്നിയത്. എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും വികാസത്തോടെ സ്വതന്ത്രചിന്ത എന്ന ആശയത്തിന്റെ വ്യാപ്തിയും പ്രവർത്തനരീതിയും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പുരോഗമനപരമായ ആശയവിമർശനത്തിനു പകരം വൈകാരികമായ വർഗീയ വിഭജനത്തിനും ഡിജിറ്റൽ അധിക്ഷേപങ്ങൾക്കും വ്യക്തിഹത്യയ്ക്കും വേണ്ടി സ്വതന്ത്രചിന്തയെ മറയാക്കുന്ന പുതിയ പ്രവണതകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി കാണ പ്പെടുന്നു.
ഈ പ്രതിഭാസത്തിന്റെ കേന്ദ്രസ്ഥാനത്ത് നിലനിൽക്കുന്ന വ്യക്തിയാണ് മുൻ ഹോമിയോപ്പതി പ്രാക്ടീഷണറും ‘എക്സ്-മുസ്ലിംസ് ഓഫ് കേരള,’ ‘നോൺ-റിലീജിയസ് സിറ്റിസൺസ്’ എന്നീ സംഘടനകളുടെ ഭാരവാഹിയുമായ ആരിഫ് ഹുസൈൻ തെരുവത്ത്. സ്വതന്ത്രചിന്ത, യുക്തിവാദം, വിമർശനാത്മക ചിന്ത എന്നീ ആശയങ്ങളെ മുൻനിറുത്തി പൊതുസമൂഹത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുമ്പോഴും; ഇയാളുടെ ഉള്ളടക്കങ്ങൾ കേവലമായ മതവിമർശനത്തിനപ്പുറം ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള അന്ധമായ വിദ്വേഷ പ്രചാരണവും കമ്പോള യുക്തിവാദവുമാണെന്ന് വിവിധ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.
ഒരുവശത്ത് സമത്വത്തെയും പൗരാവകാശങ്ങളെയും കുറിച്ച് സംസാരിക്കുകയും മറുവശത്ത് വംശീയതയും അന്യമതവിദ്വേഷവും പ്രചരിപ്പിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് ആരിഫ് ഹുസൈൻ തെരുവത്തിന്റെ ഡിജിറ്റൽ ഇടപെടലുകളിൽ പ്രകടമാകുന്നത്. യുക്തിവാദത്തിന്റെയോ എക്സ്-മുസ്ലിം പ്രസ്ഥാനത്തിന്റെയോ പേരിൽ രംഗത്തുവരുമ്പോഴും, ഇയാൾ ഉൽപാദിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പരിശോധിച്ചാൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും സംഘപരിവാർ ഐ.ടി സെല്ലുകളും നിർമിക്കുന്ന അതേ വിദ്വേഷഭാഷയും ആഖ്യാനങ്ങളുമാണ് കാണാൻ സാധിക്കുക.
ഇസ്ലാം മതത്തെയും മുസ്ലിം സമുദായത്തെയും വക്രീകരിച്ചു കാണിക്കുന്നതിലൂടെ വലിയ തോതിലുള്ള ഡിജിറ്റൽ ശ്രദ്ധയും ലൈക്കുകളും സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കുക എന്നതാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രാഥമിക ലക്ഷ്യം. സോഷ്യൽ മീഡിയയിലെ ‘വ്യൂസ്’ അൽഗോരിതങ്ങളെ ലക്ഷ്യമിട്ട് കൃത്രിമ വിവാദങ്ങൾ സൃഷ്ടിക്കുകയും, ഇസ്ലാമോഫോബിയയെ ഒരു വിപണന ഉൽപന്നമായി മാറ്റുകയുമാണ് ഇയാൾ ചെയ്യുന്നത്. താൻ ഒരു സ്വതന്ത്രചിന്തകനാണെന്ന് അവകാശപ്പെടുമ്പോഴും, പരസ്യമായി സയോണിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുകയും ഗാസയിലെ സിവിലിയൻ ആക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്തുകൊണ്ട് വലതുപക്ഷ രാഷ്ട്രീയത്തിന് നിശ്ശബ്ദമായ ഒത്താശ നൽകുന്ന തന്ത്രമാണ് ഇയാൾ പയറ്റുന്നത്.
ആശയപരമായ സംവാദങ്ങളിൽ മറുപടിയില്ലാതാകുമ്പോൾ എതിരാളികളുടെ കുടുംബത്തെയും സ്ത്രീകളെയും ലക്ഷ്യമിട്ടു സൈബർ ആക്രമണങ്ങൾ നടത്തുന്നത് ഇയാളുടെ സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു. വിമർശനത്തെ വസ്തുതാപരമായി നേരിടുന്നതിനു പകരം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന അശ്ലീല പ്രചാരണങ്ങളാക്കി മാറ്റുന്ന സമീപനം ആരിഫ് ഹുസൈൻ തെരുവത്തിന്റെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.
ഡോ. അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും ലക്ഷ്യമിട്ട് ഫേസ്ബുക്കിലൂടെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങൾ ഇയാളുടെ സ്ത്രീവിരുദ്ധതയുടെയും ഡിജിറ്റൽ ഗുണ്ടായിസത്തിന്റെയും ഉദാഹരണമാണ്. ഈ വിഷയത്തിൽ ഡോ. അബ്ദുല്ല ബാസിൽ സംസ്ഥാന പോലീസ് മേധാവിക്ക് (DGP) ഔദ്യോഗികമായി പരാതി നൽകി. അൽപം വൈകിയാണെങ്കിലും പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ എഡിറ്റ് ചെയ്ത വീഡിയോകൾക്കും അടച്ചിട്ട മുറികളിലെ വ്ളോഗിംഗിനും അപ്പുറം, തത്സമയ ബൗദ്ധിക സംവാദ വേദികളിൽ കൃത്യമായ ചോദ്യങ്ങൾക്കു മുന്നിൽ ആരിഫ് ഹുസൈൻ നേരിട്ട തിരിച്ചടികൾ ഇയാളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. യുകെയിലെ ലണ്ടൻ സ്പീക്കേഴ്സ് കോർണറിൽ നടന്ന തത്സമയ സംവാദം ഇതിൽ നിർണായകമായ സംഭവമാണ്.
സംവാദത്തിനിടയിൽ ഇസ്ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, അതിനുള്ള മൂലഗ്രന്ഥ തെളിവുകൾ ഹാജരാക്കാൻ എതിരാളികൾ ആവശ്യപ്പെട്ടു. എന്നാൽ, താൻ ഉന്നയിച്ച അവകാശവാദങ്ങൾക്കു തെളിവു നൽകാൻ കഴിയാതെ ഗൂഗിളിലും എ.ഐ ടൂളുകളിലും ഉത്തരങ്ങൾ തിരയുകയും, വൈഫൈ കണക്ഷൻ മന്ദഗതിയിലാണെന്ന് പരാതിപ്പെടുകയും ചെയ്തുകൊണ്ട് പതിനഞ്ചു മിനിറ്റോളം സമയം കളയുകയാണ് ഇയാൾ ചെയ്തത്. ഒടുവിൽ ഉന്നയിച്ച കാര്യങ്ങൾ സ്ഥാപിക്കാൻ സാധിക്കാതെ സംവാദ വേദിയിൽനിന്ന് ഓടിപ്പോകേണ്ടിവന്നു.
നേർക്കുനേരെയുള്ള വിഷയകേന്ദ്രീകൃതമായ സംവാദങ്ങൾക്ക് എത്തുമ്പോൾ മറുപടിയില്ലാതാകുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തി വിഷയം മാറ്റുകയോ താൻ വേട്ടയാടപ്പെടുന്നു എന്ന ‘വിക്റ്റിം കാർഡ്’ ഇറക്കി രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നത് ഇയാളുടെ ബൗദ്ധിക ശൂന്യതയെയാണ് കാണിക്കുന്നത്.
ഇസ്ലാമിക പ്രമാണങ്ങളെയോ സാമൂഹിക യാഥാർഥ്യങ്ങളെയോ അവയുടെ ചരിത്രപരവും ഭാഷാപരവുമായ സന്ദർഭങ്ങളിൽനിന്ന് പൂർണമായി അടർത്തിയെടുത്ത് സ്വന്തം വ്യാഖ്യാനം നൽകുകയാണ് ആരിഫ് ഹുസൈന്റെ പ്രധാന തന്ത്രം. ഇത് സമൂഹത്തിൽ ഇസ്ലാം ഭീതി വർത്താനും സമുദായങ്ങൾക്കിടയിൽ അകൽച്ച സൃഷ്ടിക്കാനും കാരണമാകുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കപ്പുറം, ഈ വിദ്വേഷ പ്രചാരണം പ്രാദേശിക ബിസിനസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകർക്കുന്ന തലത്തിലേക്ക് വളർന്നിട്ടുണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നതും 7,000ത്തിലധികം വിദ്യാർഥികളും 200ലേറെ ജീവനക്കാരുമുള്ള ‘എക്സ് ആൻഡ് വൈ ലേണിംഗ്’ (XandY Learning) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഇയാൾ നടത്തിയ സൈബർ ആക്രമണം ഇതിനൊരു തെളിവാണ്. സ്ഥാപനം ‘വൈറ്റ് കോളർ ജിഹാദ്’ നടത്തുന്നുവെന്നും ‘അൽഫലാഹ് സർവകലാശാല’ മോഡൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നുവെന്നും ആരോപിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി. സ്ഥാപനം സംഘടിപ്പിച്ച വിദ്യാർഥി-രക്ഷിതാക്കളുടെ യോഗത്തിൽ അതിഥിയായി പങ്കെടുത്ത പ്രമുഖ ഡോക്ടറെ തീവ്രവാദിയായി ചിത്രീകരിക്കുകയും ചെയ്തു.
ഈ സംഭവത്തിൽ സ്ഥാപന അധികൃതർ നൽകിയ ഹർജി പരിഗണിച്ച്, ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പന്തീരാങ്കാവ് പോലീസിന് ഉത്തരവിട്ടു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് വ്യാജ വർത്തമാനങ്ങളിലൂടെ വ്യവസായ സ്ഥാപനങ്ങളെ തകർക്കാനുള്ള ലൈസൻസല്ലെന്ന് എക്സ് ആൻഡ് വൈ ലേണിംഗ് സി.ഇ.ഒ മുഹമ്മദ് അജ്മൽ പ്രതികരിച്ചു.
മാധ്യമ പ്ലാറ്റ്ഫോമുകളിലെ ചർച്ചകളിൽ പങ്കെടുത്തുകൊണ്ട് വിഷലിപ്തമായ ആഖ്യാനങ്ങളെ ന്യായീകരിക്കാൻ ഇയാൾ ശ്രമിക്കുന്നതും വിമർശനവിധേയമായിട്ടുണ്ട്. ബിഗ് ടിവി ചാനലിലെ അവതാ രക നടത്തിയ വംശീയ പരാമർശങ്ങളെയും പ്രകോപനപരമായ പ്രസ്താവനകളെയും പിന്തുണച്ച് ഇയാൾ രംഗത്തുവരികയുണ്ടായി. ഏതു വിഷയത്തെയും ഇസ്ലാം വിരുദ്ധതയിലേക്ക് തിരിച്ചുവിടുക എന്ന അജണ്ടയാണ് ഇയാൾക്കുള്ളത്.
വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിനെതിരെ പരാതി നൽകിയിട്ട് ഉചിതമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് മടിക്കുന്നത് ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് വെല്ലുവിളിയാണ്. കോടതി ഇടപെടലുകളിലൂടെ മാത്രം പോലീസ് കേസെടുക്കുന്ന സാഹചര്യം തിരുത്തപ്പെടേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു ജനാധിപത്യസമൂഹത്തിൽ അഭിപ്രായ സ്വാതന്ത്ര്യവും വിമർശനവും സംരക്ഷിക്കപ്പെടേണ്ട അടിസ്ഥാന അവകാശങ്ങളാണ്. എന്നാൽ, വിമർശനവും കേവലമായ അധിക്ഷേപവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്.
സ്വതന്ത്രചിന്തയുടെയും യുക്തിവാദത്തിന്റെയും വേഷമണിഞ്ഞ് സാമ്പത്തിക ലാഭത്തിനും സോഷ്യൽ മീഡിയ റീച്ചിനും വേണ്ടി സ്ത്രീവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന ആരിഫ് ഹുസൈൻ തെരുവത്തിനെപ്പോലുള്ളവരുടെ അജണ്ടകൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. വരുംദിവസങ്ങളിൽ നിയമവ്യവസ്ഥയ്ക്ക് മുന്നിലും ഡിജിറ്റൽ പൊതുമണ്ഡലത്തിലും ഇത്തരം വ്യാജ ലിബറൽ നിർമിതികൾ കൂടുതൽ വിചാരണ ചെയ്യപ്പെടുകതന്നെ ചെയ്യും.
