ഖവാരിജുകളുമായുള്ള സംവാദം 2
ശമീർ മദീനി
2026 ജൂലൈ 25, 1448 സ്വഫർ 11

(പിശാചിന്റെ ചതിക്കുഴികൾ 28)
ഞാൻ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തന്റെ കാര്യത്തിൽ ഒരു കാൽക്കാശിന്റെ വിഷയത്തിൽ അഥവാ ഒരു മുയലിന്റെ വിലയുടെയത്ര നിസ്സാര കാര്യത്തിൽ ആളുകളെ വിധി പറയാൻ നിശ്ചയിച്ചത് നിങ്ങൾക്കറിയില്ലേ? എന്നിട്ട് ക്വുർആനിലെ സൂറത്തുൽ മാഇദയിൽനിന്നുള്ള ‘നിങ്ങൾ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്...’(5:95) എന്ന് തുടങ്ങുന്ന വചനം ഓതിക്കേൾപ്പിച്ചു.
അപ്രകാരം തന്നെ ഒരു സ്ത്രീയുടെയും അവളുടെ ഭർത്താവിന്റെയും വിഷയത്തിലും മനുഷ്യന്മാരെയല്ലേ വിധി പറയാൻ അല്ലാഹു നിശ്ചയിച്ചത്? അല്ലാഹു പറയുന്നു: “ഇനി, അവർ (ദമ്പതിമാർ) തമ്മിൽ ഭിന്നിച്ച് പോകുമെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം അവന്റെ ആൾക്കാരിൽനിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആൾക്കാരിൽനിന്ന് ഒരു മധ്യസ്ഥനെയും നിങ്ങൾ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹു അവർക്കിടയിൽ യോജിപ്പുണ്ടാക്കുന്നതാണ്. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’’ (4:35).
എന്നിരിക്കെ, ഞാൻ അല്ലാഹുവിനെ മുൻനിർത്തി നിങ്ങളോട് ചോദിക്കട്ടെ; വിശ്വാസികൾക്കിടയിൽ അനുരഞ്ജനത്തിനും അവരുടെ രക്തം സംരക്ഷിക്കുന്നതിനും ആളുകളുടെ വിധി സ്വീകരിക്കലാണോ അതല്ല കേവലം ഒരു മുയലിന്റെ കാര്യത്തിലും ഒരു സ്ത്രീയുടെ ദാമ്പത്യവിഷയത്തിലും ആളുകളുടെ വിധി സ്വീകരിക്കലാണോ ഏതാണ് ഏറ്റവും ഗൗരവപ്പെട്ടതായി നിങ്ങൾ മനസ്സിലാക്കുന്നത്?’
അവർ പറഞ്ഞു: ‘അതെ, ഇതാണ് ഗൗരവപ്പെട്ടത്.’ ഞാൻ ചോദിച്ചു: ‘എങ്കിൽ നിങ്ങൾ മുമ്പ് ഉന്നയിച്ച ആക്ഷേപത്തിൽനിന്ന് പിന്മാറിയോ?’ അവർ പറഞ്ഞു: ‘അതെ, പിന്മാറി.’
രണ്ടാമത് നിങ്ങൾ പറഞ്ഞത്; അലി(റ) വിശ്വാസികളോട് യുദ്ധം ചെയ്തു. അവരിൽനിന്ന് ആരെയും യുദ്ധത്തടവുകാരാക്കിയില്ല, അവരിൽനിന്നും യുദ്ധാർജിത സ്വത്ത് പിടിച്ചെടുത്തില്ല എന്നുമല്ലേ? എങ്കിൽ എങ്ങനെയാണ് നിങ്ങളുടെകൂടി മാതാവായ, അഥവാ വിശ്വാസികളുടെ ഉമ്മയായ ആഇശ(റ)യെ അടക്കം തടവുകാരാക്കുന്നതിനെ നിങ്ങൾക്ക് അംഗീകരിക്കാനാവുക? അല്ലാഹുവാണെ സത്യം! നിങ്ങളെങ്ങാനും അവർ ഞങ്ങളുടെ ഉമ്മയല്ല എന്നു പറയുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഇസ്ലാമിൽനിന്നു തന്നെ പുറത്തുപോയി. അപ്പോൾ നിങ്ങൾ രണ്ട് വഴികേടുകൾക്കിടയിൽ ആയിരിക്കും. കാരണം പ്രവാചക പത്നിമാരെ കുറിച്ച് അല്ലാഹു പറഞ്ഞത് ഇങ്ങനെയാണ്: ‘പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേ ഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു...’ (33 :6).
അങ്ങനെയെങ്കിൽ നിങ്ങളുടെ മേൽവാദത്തിൽനിന്നും നിങ്ങൾ പിന്മാറിയോ?’ അവർ പറഞ്ഞു: ‘അതെ.’ ഞാൻ പറഞ്ഞു: ‘നിങ്ങൾ മൂന്നാമതായി പറഞ്ഞത്, അദ്ദേഹം തന്റെ പേരിൽനിന്ന് അമീറുൽ മുഅ്മിനീൻ എന്ന വിശിഷ്ടമായ സ്ഥാനപ്പേര് മായ്ച്ചു എന്നതാണല്ലോ. എന്നാൽ നിങ്ങളെല്ലാം തൃപ്തിപ്പെടുന്ന ഒരാളെ ചരിത്രത്തിൽനിന്നും ഞാൻ നിങ്ങൾക്ക് സമർപ്പിക്കാം. നിശ്ചയം, നബിﷺ ഹുദൈബിയ സന്ധിയുടെ അന്ന് മുശ്രിക്കുകളുടെ നേതാക്കളായിരുന്ന അബൂ സുഫിയാൻ, സുഹൈൽ മുതലായവരോട് സന്ധിയിൽ ഏർപ്പെട്ട ചരിത്രം നിങ്ങൾക്കറിയില്ലേ? അന്ന് നബിﷺ അലി(റ)വിനോട് പറഞ്ഞു: ‘അലീ, അവരുമായി നീ ഒരു ഉടമ്പടി എഴുതുക,’ അങ്ങനെ അലി(റ) ഇപ്രകാരം ഉടമ്പടി എഴുതാൻ ആരംഭിച്ചു: ‘ഇത് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദുമായുള്ള ഉടമ്പടിയാണ്.’ അപ്പോഴേക്കും മക്കാമുശ്രിക്കുകൾ പറഞ്ഞു: ‘അല്ലാഹുവാണെ, താങ്കൾ അല്ലാഹുവിന്റെ ദൂതനാണ് എന്ന കാര്യം ഞങ്ങൾ ക്കറിയില്ല. ഞങ്ങൾ അപ്രകാരം അംഗീകരിക്കുന്നുവെങ്കിൽ ഞങ്ങളും നിങ്ങളും തമ്മിൽ ഒരു തർക്കത്തിനും ഏറ്റുമുട്ടലിനുമൊന്നും ഒരു ആവശ്യമില്ലല്ലോ.’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവേ, ഞാൻ അല്ലാഹുവിന്റെ ദൂതനാണ് എന്നത് തീർച്ചയായും നീ അറിയുന്നുണ്ട്. അലീ, താങ്കൾ അത് മായ്ച്ചിട്ട് ഇപ്രകാരം എഴുതൂ: ‘ഇത് അബ്ദുല്ലയുടെ മകൻ മുഹമ്മദുമായുള്ള ഉടമ്പടിയാണ്.’ അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ റസൂൽ അലിയ്യിനെക്കാൾ എത്രയോ ഉത്തമനാണ്. അവിടുന്ന് അതിനെക്കാൾ മഹത്തരമായ സ്ഥാനപ്പേര് മായ്ച്ചില്ലേ?
അങ്ങനെ ഈ ചർച്ചക്കൊടുവിൽ ഖവാരിജുകളുടെ കൂട്ടത്തിൽനിന്ന് രണ്ടായിരത്തോളം ആളുകൾ സത്യമാർഗത്തിലേക്ക് മടങ്ങി. (തൽബീസു ഇബ്ലീസ്, പേജ് 104).
