അറിവിന്റെ സ്രോതസ്സുകളിലെ വ്യതിയാനം
മുഹമ്മദ് ഫയാസ്, നാദാപുരം
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

(സൂഫിസം; ആത്മീയതയോ തത്ത്വചിന്തയോ?-5)
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ വിശുദ്ധ ക്വുർആനും പ്രവാചകന്റെ സുന്നത്തുമാണ്. എന്നാൽ ചില സൂഫി ത്വരീക്വത്തുകൾക്കും അതിരുകടന്ന സൂഫികൾക്കും വേറെയും ചില സ്രോതസ്സുകളുണ്ടത്രെ! ഇൽഹാം (പ്രചോദനം), കശ്ഫ് (ദിവ്യബോധനം), റൂഅ്യാ (സ്വപ്നങ്ങൾ), ജിന്നുകളുമായുള്ള സമ്പർക്കം പോലുള്ളവ. തങ്ങളുടെ ശൈഖിന് പ്രവാചകനിൽനിന്ന് നേരിട്ട് അറിവു സ്വീകരിക്കാൻ കഴിയും, സ്വപ്നത്തിലായാലും ഉണർച്ചയിലായാലും എന്ന് ഇക്കൂട്ടർ വാദിക്കുന്നു.
ഓരോ ത്വരീക്വത്തിലെ ശൈഖും തനിക്ക് പ്രത്യേക ‘കശ്ഫ്’ ഉണ്ടെന്ന് അവകാശപ്പെടുന്നു. ‘നിങ്ങൾക്ക് അതിനെ നിഷേധിക്കാൻ കഴിയില്ല; കാരണം അദ്ദേഹം ആ കശ്ഫ് പ്രവാചകനിൽനിന്ന് നേരിട്ട് സ്വീകരിച്ചതാണ്’ എന്ന് ഇവർ ന്യായീകരിക്കും. അതിനായി ഇവർ വിശുദ്ധ ക്വുർആനും പ്രവാചക സുന്നത്തും തങ്ങളുടെ തന്നിഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നു.
അല്ലാഹുവിന്റെയും പ്രവാചകന്റെﷺയും വാക്കുകൾക്ക് ബാഹ്യവും ആന്തരികവുമായ അർഥങ്ങളുണ്ടെന്ന് സൂഫികൾ കരുതുന്നു; ബാഹ്യമായ അർഥം എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാം; എന്നാൽ ആന്തരികവും മറഞ്ഞിരിക്കുന്നതുമായ അർഥങ്ങൾ അവർക്കു മാത്രമെ അറിയൂ!
ഹുലൂലും വഹ്ദത്തുൽ വുജൂദും
അല്ലാഹുവെക്കുറിച്ചുള്ള ഒരു പ്രത്യേക വിശ്വാസത്തിൽ വരെ അവരെത്തി. ചില സൂഫികൾ ‘ഹുലൂൽ’ (ദൈവം സൃഷ്ടികളിൽ ലയിച്ചുചേരൽ) പോലുള്ള പദങ്ങൾ സ്വീകരിക്കാൻ തുടങ്ങി. ചിലർ ‘വഹ്ദത്തുൽ വുജൂദ്’ എന്നു പറഞ്ഞു. ‘വഹ്ദത്തുൽ വുജൂദ്’ എന്നത് ചുരുക്കത്തിൽ, അല്ലാഹുവും പ്രപഞ്ചവും ഒരൊറ്റ യാഥാർഥ്യമാണെന്ന് കരുതുന്ന ഒരു തത്ത്വചിന്താപരമായ ആശയമാണ്. ഈ പ്രപഞ്ചത്തിൽ നമ്മൾ കാണുന്ന വലിയ ഗ്രഹങ്ങളും നക്ഷത്രങ്ങളും മുതൽ മൃഗങ്ങളും പ്രാണികളും വരെയുള്ള എല്ലാ വസ്തു ക്കളും അല്ലാഹുവിന്റെ തന്നെ പലതരം രൂപഭാവങ്ങളാണെന്ന് അത് കരുതുന്നു. തസവ്വുഫിന്റെ പ്രധാന നേതാവായിരുന്ന ഇബ്നു അറബി വഹ്ദത്തുൽ വുജൂദിനെ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ഇത് ഭൗതികമായ ഒരു ഐക്യമല്ല, മറിച്ച് മാതൃകാപരവും ആത്മീയവുമായ ഐക്യമാണ്.’ അതായത് ഇബ്നു അറബിയുടെ അടുക്കൽ, ‘ഹക്ക്വ്’ (അല്ലാഹു) സൃഷ്ടികളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു; നിഴലിന്റെ ഉടമയ്ക്ക് നിഴൽ എങ്ങനെയോ അതുപോലെ. നിങ്ങളുടെ നിഴൽ നിങ്ങൾ ഉണ്ടെന്നതിനു തെളിവാണ്, നിങ്ങൾ ഇല്ലെങ്കിൽ നിഴൽ ഉണ്ടാകില്ല. ഇബ്നു അറബിയുടെ അടുക്കൽ പ്രപഞ്ചം അല്ലാഹുവിന്റെ ഒരു നിഴൽ മാത്രമാണ്!
പ്രവാചകത്വവും വിലായത്തും; സൂഫീ വീക്ഷണം
ചില സൂഫികൾ പ്രവാചകന്റെ പദവിയെ മനുഷ്യൻ എന്ന പദവിക്കും മുകളിലേക്ക് ഉയർത്തുന്നു. മറ്റു ചിലർ നേരെ വിപരീതദിശയിൽ അതിരുകടന്ന് പ്രവാചകന് തസവ്വുഫിന്റെ വിജ്ഞാനങ്ങൾ അറിയില്ലായിരുന്നു എന്നു പറയുന്നു. മറ്റു ചിലരാകട്ടെ അതിരുകടന്ന് പ്രവാചകൻﷺ തന്നെയാണ് അർശിൽ ഇരിക്കുന്ന അല്ലാഹു എന്നുവരെ പറഞ്ഞുകളഞ്ഞു!
ഇനി വലിയ്യുകളുടെ (ഔലിയാക്കളുടെ) കാര്യം നോക്കിയാൽ, ഇവർ അമ്പിയാഇനും (പ്രവാചകന്മാർക്കും) മുകളിലാണെന്ന് കരുതുന്ന സൂഫി ത്വരീക്വത്തുകളുണ്ട്. ഔലിയാക്കൾക്ക് പ്രപഞ്ചത്തിലെ കാര്യങ്ങൾ നിയന്ത്രിക്കാനും വിധികൾ (ക്വദ്ർ) മാറ്റാനുമുള്ള അമാനുഷിക കഴിവുകളുണ്ടെന്ന് അവർ അവകാശപ്പെടുന്നു! അവരുടെയടുക്കൽ സ്വർഗത്തിനും നരകത്തിനും പോലും വ്യത്യസ്തമായ അർഥ ങ്ങളുണ്ട്. സ്വർഗം അവരുടെ ലക്ഷ്യമല്ല, നരകം അവരുടെ ഭയവുമല്ല. ഇബ്ലീസിനെയും ഫിർഔനെയും പോലും അവരിൽ ചിലർ ഏറ്റവും പൂർണതയുള്ള ആരാധകരായും തൗഹീദുള്ളവരായും കണക്കാക്കി! ആരാധനകളിൽ അവർ തങ്ങൾക്കു മാത്രമായി പ്രത്യേക ആരാധനകൾ നിർമിച്ചു; പ്രവാചകന്റെ ശരീഅത്ത് സാധാരണക്കാർക്കാണെന്നും തങ്ങൾക്ക് തങ്ങളുടെതായ പ്രത്യേക ശരീഅത്തുണ്ടെന്നും അവർ ജൽപിച്ചു. ഹലാലിന്റെയും ഹറാമിന്റെയും കാര്യത്തിൽ, ചിലർ തങ്ങളിൽനിന്ന് ‘തക്ലീഫുകൾ’ (മതപരമായ ബാധ്യതകൾ) ഒഴിവാക്കി, എല്ലാ കാര്യങ്ങളും ഹലാലാണെന്നു കരുതി!
ഇങ്ങനെ അനുയായികളെ പറഞ്ഞു പറ്റിക്കുന്നവർ അവരെ തങ്ങളുടെ അടിമകളാക്കി മാറ്റുന്നു, അഥവാ മറുത്തൊന്നും ചിന്തിക്കാൻ കഴിയാത്തവരാക്കി മാറ്റുന്നു. ശൈഖിന് അവരെ തന്റെ പാതയിൽ നിന്ന് പുറത്തുപോകുന്നതു തടയാൻ കഴിയുന്നു.
ചില സൂഫി ത്വരീക്വത്തുകളിൽ, ശൈഖ് ക്വുർആനിലും സുന്നത്തിലും വ്യക്തമായി ഹറാമാക്കിയ ഒരു കാര്യം ചെയ്യുന്നത് മുരീദുകൾ തങ്ങളുടെ കണ്ണുകൊണ്ട് കണ്ടാലും അവർ അദ്ദേഹത്തെ ന്യായീകരി ക്കും, അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുപോലെ! ഇവ്വിധം ശൈഖിന്റെ അന്ധഭക്തരായി അനുയാ യികൾ മാറും; ഇതാണ് ‘ത്വരീക്വത്ത്.’ ഇത് സൂഫി പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറി.
ഇവിടെനിന്നാണ് തസവ്വുഫിനെക്കുറിച്ച് പുതിയൊരു ആശയം രൂപപ്പെടുന്നത്; ‘സൂഫി ശരീഅത്ത്.’ പുറമേക്ക് ആരാധനയും ദിക്റുമാണെങ്കിലും ഉള്ളിൽ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണത്. ഈ ശരീഅത്തിലൂടെ തങ്ങൾ അല്ലാഹുവിലേക്ക് അടുക്കുകയാണെന്നാണ് അവർ വിചാരിക്കുന്നത്. (തുടരും)
