ശീഇസവും പിശാചിന്റെ കുതന്ത്രങ്ങളും

ശമീർ മദീനി

2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

(പിശാചിന്റെ ചതിക്കു ഴികൾ 29)

പിശാചിന്റെ കെണികളും കുതന്ത്രങ്ങളും താരതമ്യം ചെയ്ത് പഠനവിധേയമാക്കുമ്പോൾ പല അത്ഭുതങ്ങളും കാണാനാകും. ഖവാരിജുകളെ പിരികയറ്റി തീവ്രതയിലേക്ക് എത്തിച്ചുകൊണ്ട് രക്തരൂക്ഷിതമായ ആക്രമണങ്ങളും ക്രൂരതകളും വിശ്വാസികൾക്ക് നേരെ (സ്വഹാബികൾക്ക് നേരെ പോലും) അഴിച്ചുവിടാൻ പിശാച് അവരെ പ്രേരിപ്പിച്ചു. മുഹാജിറുകളിലും അൻസ്വാറുകളിലും പെട്ട സ്വഹാബത്തിനെ കാഫിറുകളാക്കി മുദ്രകുത്തുകയും പലരെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. അലി(റ) അടക്കമുള്ള പ്രവാചക കുടുംബ-ബന്ധുക്കളെ വരെ അധിക്ഷേപിക്കുകയും പരസ്യമായി ചീത്തവിളിക്കുകയുമൊക്കെ ചെയ്ത സംഭവങ്ങൾ കാണാം. ഇബ്‌നുൽ ജൗസി(റഹി) അതിൽ ചിലതൊക്കെ ഉദ്ധരിച്ച ശേഷം പറയുന്നത് ഇപ്രകാരമാണ്: ഇക്കൂട്ടരുടെ ഇതുപോലുള്ള ദീർഘമായ കഥകൾ ഇനിയും ഒരുപാട് പറയാനുണ്ട്. ആശ്ചര്യകരമായ വിശ്വാസങ്ങളും ആശയങ്ങളുമാണ് അവർക്കുണ്ടായിരുന്നത്. അവ വിശദീകരിച്ചുകൊണ്ട് ഇനിയും സമയം കളയാൻ നാം ഉദ്ദേശിക്കുന്നില്ല. മറിച്ച് നാം ഉദ്ദേശിച്ചത് ഈ വിവരദോഷികളെ പിശാച് കൊണ്ടുപോയി ചാടിച്ച കുതന്ത്രങ്ങളെ കുറിച്ച് ഓർമിപ്പിക്കാൻ മാത്രമാണ്. അവർ തങ്ങളുടെ തോന്നിവാ സങ്ങളൊക്കെ ചെയ്തുകൂട്ടിയത് തങ്ങളാണ് അലി(റ)വിനെക്കാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബിമാരെക്കാളും അറിവുള്ളവരെന്നും, അവരൊക്കെയും പിഴവിലും തങ്ങളാണ് ശരിയുടെ വക്താക്കൾ എന്നുമുള്ള വിശ്വാസത്തിലുമായിരുന്നു. ബാഹ്യമായ ആരാധനകളിൽ ആരെയും പിന്നിലാക്കിയിരുന്ന ഇവർ അലി(റ) അടക്കമുള്ള വിശ്വാസികൾക്കെതിരെ ആയുധമെടുക്കുന്നതും അവരെ കൊല്ലുന്നതും രക്തം ചിന്തുന്നതുമെല്ലാം പുണ്യമായി കണ്ടു എന്നതും അത്ഭുതകരവും വിചിത്രവുമായ കാര്യമാണ്. അതേസമയം മറ്റൊരു വിഭാഗത്തെ അഥവാ ശീഇകളെ അഹ്‌ലു ബൈത്തിനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും പേരിൽ സർവ അതിരുകളും ഭേദിച്ച് അങ്ങേയറ്റം ഗുരുതരമായ വിശ്വാസ വൈകല്യങ്ങളിലേക്കും എത്തിക്കുവാൻ പിശാചിന് സാധിച്ചു. എത്രത്തോളമെന്നാൽ അലി(റ) തന്നെയാണ് അല്ലാഹു എന്ന് പോലും പറയുന്നവർ ഉണ്ടായി.’

അവരിൽ തന്നെയുള്ള ചിലരുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുൽ ജൗസി(റഹി) അക്കാര്യം ‘തൽബീസു ഇബ്‌ലീസി’ൽ വിശദീകരിക്കുന്നുണ്ട്. (പേജ്: 109).

വേറെ ചിലർ അലി(റ) നബിമാരെക്കാൾ ശ്രേഷ്ഠനാണെന്ന് വാദിച്ചു. മറ്റുചിലരാകട്ടെ ഈ അതിരുവിട്ട സ്‌നേഹാദരവുകളുടെ ഭാഗമായി, അബൂബക്ർ(റ) അടക്കമുള്ളവരെ ചീത്ത പറയുന്നതിലേക്കും അവർ കാഫിറുകൾ അഥവാ അവിശ്വാസികളാണെന്ന് മുദ്രകുത്തുന്നതിലേക്കും വരെ എത്തി.

‘ഇക്കൂട്ടർ കൊണ്ടുനടക്കുന്ന വിശ്വാസ വൈകല്യങ്ങൾ ധാരാളമുണ്ട്. അവ പറഞ്ഞ് സമയം കളയുന്നില്ല’ എന്ന ആമുഖത്തോടെ അവയിൽ ചിലതൊക്കെ ഇബ്‌നുൽ ജൗസി(റഹി) എടുത്തുദ്ധരിക്കുന്നുണ്ട് (പേ:109).

അലി(റ)യാണ് അല്ലാഹു എന്നും അദ്ദേഹം തന്നെയാണ് ഹസനായും ഹുസൈനായും ‘അവതരിച്ച’തെന്നും അദ്ദേഹമാണ് മുഹമ്മദ് നബിയെ നിയോഗിച്ചയച്ചതെന്നും തുടങ്ങി വികല വിശ്വാസങ്ങളുടെ നിരവധി രൂപങ്ങൾ അവരിൽ കാണാം. ശീഇകൾ (ശിയാക്കൾ) എന്ന പേരിൽ അറിയപ്പെടുന്ന അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും യഥാർഥ ഇസ്‌ലാമിൽനിന്നും എത്രയോ വിദൂരെയാണ് എന്ന് കാര്യങ്ങൾ സത്യസന്ധമായി പഠനവിധേയമാക്കുമ്പോൾ ബോധ്യപ്പെടുന്നതാണ്. ഇസ്‌ലാമിന്റെ ശത്രുക്കളാൽ പടക്കപ്പെട്ട, തികച്ചും ഇസ്‌ലാമിക വിരുദ്ധമായ ആശയങ്ങളാണ് ശീഇകൾ പേറുന്നത് എന്ന കാര്യം മുൻഗാമികളായ പല പണ്ഡിതന്മാരും ഉണർത്തിയിട്ടുള്ള ഒരു വസ്തുതയാണ്.

ഇബ്‌നു അഖീൽ(റഹി), ഇബ്‌നു ഹസം(റഹി), ഇബ്‌നു തൈമിയ്യ(റഹി) മുതലായവർ ഉണർത്തിയ ഒരു വസ്തുതയുണ്ട്; തീർച്ചയായും ശീഇശം ഉണ്ടാക്കിയ ആളുകൾ മതത്തെയും മതത്തിന്റെ അടിസ്ഥാനങ്ങളെയും അഥവാ പ്രവാചകത്വത്തെയും ഇസ്‌ലാമിക വിശ്വാസങ്ങളെയും അധിക്ഷേപിക്കാനാണ് ലക്ഷ്യം വെച്ചത് എന്ന കാര്യം സ്പഷ്ടമാണ്. കാരണം അല്ലാഹുവിന്റെ റസൂൽﷺ കൊണ്ടുവന്ന സന്ദേശങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം തികച്ചും അദൃശ്യവും അജ്ഞാതവുമാണ്. നാം അതിൽ വിശ്വസിക്കുന്നത് അത് നമ്മളിലേക്ക് കൈമാറിത്തന്ന സച്ചരിതരായ മുൻഗാമികളുടെ വിശ്വാസ്യതയും സത്യസന്ധതയും അവരെക്കുറിച്ച് അറിഞ്ഞവരുടെ സാക്ഷ്യപ്പെടുത്തലുകളുമൊക്കെ കാരണമായാണ്. അങ്ങനെ നാം വിശ്വസിക്കുന്ന, വിശ്വസ്തരും സത്യസന്ധരുമായ അവർ നേരിൽ കണ്ടതും ഗ്രഹിച്ചതും നാം നേരിൽകണ്ട് ബോധ്യപ്പെട്ടതിനെക്കാൾ സത്യസന്ധവും ശക്തവുമായി നമുക്ക് ബോധ്യപ്പെട്ടു. എന്നാൽ പ്രവാചക വിയോഗത്തോടെ നബികുടുംബത്തോട് സ്വഹാബിമാരെല്ലാം അന്യായവും ക്രൂരതയും ചെയ്തു എന്നും പിന്നീട് വന്ന ഖലീഫമാർ അഹ്‌ലുബൈത്തിന്റെ ന്യായമായ അവകാശങ്ങൾ തട്ടിയെടുക്കുകയും അവരെ വഞ്ചിക്കുകയുമാണുണ്ടായത് എന്നുമൊക്കെയുള്ള ആരോപണങ്ങളിലൂടെ സത്യത്തിൽ പ്രവാചകനിലും അദ്ദേഹം പ്രചരിപ്പിച്ച ആദർശത്തിലുമുള്ള അനാദരവും അവിശ്വാസവും അവഹേളനവുമൊക്കെയാണ് പ്രകടമാകുന്നത്. കാരണം, പ്രവാചകന്മാരിലുള്ള സത്യസന്ധമായ വിശ്വാസം, അവർ പഠിപ്പിച്ച ആദർശം അനിവാര്യമായും സംരക്ഷിക്കപ്പെടുമെന്ന ബോധ്യമാണ് നമുക്ക് പകർന്നുനൽകുന്നത്; വിശിഷ്യാ അവരുടെ തന്നെ ആളുകളിലും സന്താനങ്ങളിലും. അതല്ലാതെ, പതിറ്റാണ്ടുകളോളം തന്റെ ശിഷ്യന്മാരായി കൂടെയു ണ്ടായിരുന്നവർ കടുത്ത ചതിയന്മാരും വഞ്ചകന്മാരുമാവുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല. എന്നാൽ ശിയാക്കൾ പറയുന്നതുപോലെ ആ ആദ്യതലമുറക്കാർതന്നെ ചതിയന്മാരും വഞ്ചകരുമാണെങ്കിൽ അവരി ലൂടെ നമ്മിലേക്ക് എത്തിയ മതത്തിൽ എന്ത് വിശ്വാസ്യതയും ആത്മാർഥതയുമാണുണ്ടാവുക? കാരണം ക്വുർആനും സുന്നത്തും അടക്കമുള്ള മതത്തിന്റെ എല്ലാം അവരിലൂടെ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.

ഇബ്‌നു ഹസം(റഹി) പറഞ്ഞതുപോലെ; ജൂത-ക്രൈസ്തവരോട് അവരുടെ സമുദായത്തിലെ ഏറ്റവും ഉത്തമരായ ആളുകൾ ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം അവർ പറയും ‘മൂസാ നബി(അ) യുടെയും ഈസാ നബി(അ)യുടെയും കൂടെ വസിക്കുകയും അവരെ പിന്തുണക്കുകയും ചെയ്ത അവരുടെ ശിഷ്യഗണങ്ങളായിരുന്നു’ എന്ന്. എന്നാൽ ശിയാക്കൾ പറയുന്നത് ഈ സമുദായത്തിലെ ഏറ്റവും ദുഷ്ടന്മാരും ചതിയന്മാരും സ്വഹാബിമാരാണ് എന്നാണ്. എന്നിരിക്കെ മതത്തിന്റെ സംരക്ഷണം അല്ല നിഷ്‌കാസനമാണ് ഇക്കൂട്ടർ ലക്ഷ്യം വെച്ചതെന്ന് വിവേകമുള്ള ആർക്കും ബോധ്യമാകുന്നതാണ്.

ഇതാണ് യഥാർഥ ശീഇസത്തിന്റെ പിന്നിലെ രഹസ്യം എന്നിരിക്കെ മതത്തിന്റെ പ്രമാണങ്ങളിൽ അക്കൂട്ടർക്ക് വിശ്വാസമില്ലാതെ വരിക എന്നത് സ്വാഭാവികമാണല്ലോ. മതത്തിൽ സ്ഥിരപ്പെട്ട എത്രയോ സംഗതികൾ ഇക്കൂട്ടർ നിഷേധിക്കുകയും പകരം യാതൊരു അടിസ്ഥാനവുമില്ലാത്ത വാറോലകൾ മതമായി കൊണ്ടുനടക്കുകയും ചെയ്യുന്ന കാഴ്ച അവരെ പഠിക്കുന്നവർക്ക് കാണാനാകുന്നതാണ്. ശിയാക്കളെ വെള്ളപൂശുകയും അവരുടെ ആശയങ്ങൾ അറിഞ്ഞോ അറിയാതെയോ സമൂഹത്തിലേക്ക് ഇറക്കുമതി ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്നവർ ഇതൊന്നും അറിയുന്നില്ലേ എന്ന് ആലോചിച്ചുപോവുകയാണ്. സത്യത്തിൽ ഇത് വല്ലാത്തൊരു പരീക്ഷണമാണ്!