വിവിധ സംസ്‌കാരങ്ങളിലെ സ്വൂഫി സമാനതകൾ

മുഹമ്മദ് ഫയാസ്, നാദാപുരം

2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

(സൂഫിസം: ആത്മീയതയോ തത്ത്വചിന്തയോ? 3)

ഹൈന്ദവരുടെ അടുക്കൽ സ്വൂഫി ശൈലിയിലുള്ള ആചാരങ്ങളും വിശ്വാസങ്ങളും കാണാം, പ്രത്യേകിച്ച് ‘വഹ്ദത്തുൽ വുജൂദ്’ (പ്രപഞ്ചം മുഴുവൻ ദൈവമാണ് എന്ന ചിന്ത), ‘ഖൽവത്ത്’ (ഏകാന്തവാസം), മൗനം, പട്ടിണികിടക്കൽ, ഉറക്കമൊഴിക്കൽ എന്നിവ ഉദാഹരണം. അവർ പ്രത്യേക ശ്വസനരീതികളും ധ്യാന സദസ്സുകളും (മെഡിറ്റേഷൻ), ദൃഷ്ടിയും ചിന്തയും ഒരു കേന്ദ്രത്തിൽ കേന്ദ്രീകരിക്കലുമൊക്കെ ചെയ്യാറുണ്ടായിരുന്നു; ഇതും സ്വൂഫി ‘ആത്മീയ വ്യായാമങ്ങൾ’ക്ക് സമാനമാണ്.

അറബ് ഉപദ്വീപിന്റെ കിഴക്കേ അതിർത്തിയിലുള്ള പേർഷ്യൻ സാമ്രാജ്യം പുരാതന സംസ്‌കാരവും വിശ്വാസങ്ങളുമുള്ള നാടായിരുന്നു. അവിടെ സൊരാസ്ട്രിയനിസവും മാനിചേയിസവുമുണ്ട് (മൂന്നാം നൂറ്റാണ്ടിൽ ‘പേർഷ്യൻ പ്രവാചകനായ’ മാനി (Mani) സ്ഥാപിച്ച ഒരു പുരാതന മതമാണ് മാനിചേയിസം. പ്രകാശവും (നന്മ) അന്ധകാരവും (തിന്മ) തമ്മിലുള്ള നിരന്തരമായ പോരാട്ടത്തെക്കുറിച്ചുള്ള ആശയമാണ് ഇതിന്റെ കാതൽ. ബുദ്ധമതം, സൊരാസ്ട്രിയനിസം, ക്രിസ്തുമതം എന്നിവയുടെ സങ്കലനമാണ് ഈ മതം. ഈ മതങ്ങളുടെയെല്ലാം അടിസ്ഥാനം ‘വഹ്ദത്തുൽ വുജൂദ്’ എന്ന ആശയമാണ്, പ്രകാശത്തെയും ഇരുട്ടിനെയും കുറിച്ചാണ് അവ സംസാരിക്കുന്നത്; അതായത് പിന്നീട് നമ്മൾ സ്വൂഫികൾക്കിടയിൽ കണ്ട അതേ ആശയം.

ഗ്രീക്കുകാർ കിഴക്കോട്ട് പടയോട്ടം നടത്തിയപ്പോൾ അവർ തങ്ങളുടെ തത്ത്വചിന്തയും കൂടെ കൊണ്ടുപോയി, കിഴക്കുള്ളവർ അത് ആദ്യമായി പരിചയപ്പെട്ടു. നമ്മൾ നേരത്തെ പറഞ്ഞ ‘എലൂസിനിയൻ രഹസ്യങ്ങളെ’ക്കുറിച്ചാണ് അത് സംസാരിക്കുന്നത്. ധ്യാനവും രഹസ്യങ്ങളും കഹാനത്തും തമ്മിൽ കലർന്നതായിരുന്നു അത്.

പിന്നീട് ക്രിസ്തുമതം വരികയും അത് ഗ്രീക്കുകാർക്കിടയിൽ പ്രബലമായ മതമാവുകയും ചെയ്തപ്പോൾ ഈ എലൂസിനിയൻ ആശയങ്ങൾ മാറി ‘ജ്ഞാനവാദം’ (Gnosticism) ആയി മാറി. ജ്ഞാനവാദ ത്തിലെ വലിയവനെ ‘ആരിഫ്’ എന്നാണ് വിളിച്ചിരുന്നത്. സൂഫികൾക്കിടയിലെ ‘ആരിഫ് ബില്ലാഹ്’ എന്നത് പോലെത്തന്നെ!

വിചിത്രമെന്നു പറയട്ടെ, ഈ സ്വൂഫി ആശയങ്ങൾ ജൂതന്മാർക്കിടയിലും കാണാം. ജൂതന്മാർക്ക് അവരുടെതായ പ്രത്യേക സ്വൂഫിസമുണ്ട്, അതിനെ ‘തനബ്ബുഅ്’ (പ്രവചനം) എന്ന് വിളിക്കുന്നു. അതിൽ ഉയർന്ന ഘട്ടത്തിൽ എത്തുന്നവനെ ‘നബി’ എന്ന് വിളിക്കുന്നു. ജൂതന്മാർക്കിടയിലെ വലിയ ശൈഖിനെ ‘സ്വൂഫ്’ അല്ലെങ്കിൽ ‘സ്വൂഫി’ എന്ന് വിളിക്കുന്നു.

ചുരുക്കം ഇതാണ്: പ്രവാചകന്റെ നിയോഗത്തിന് മുമ്പുതന്നെ അറബികൾ, ഇന്ത്യക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ എന്നിവർക്കിടയിലും ജൂത-ക്രൈസ്തവ മതങ്ങൾക്കുള്ളിലും സ്വൂഫിസം നിലനിന്നിരുന്നു, അത് ഒരു തരത്തിലും ഇസ്‌ലാമിക സ്രോതസ്സിൽനിന്ന് ഉണ്ടായതല്ല.

മുൻകാല പണ്ഡിതന്മാരുടെ പ്രതികരണങ്ങൾ

ഇസ്‌ലാമിക ലോകത്തെ സ്വൂഫിസത്തിന്റെ ചരിത്രം പരിശോധിച്ചാൽ, അതിന്റെ തുടക്കം നിഗൂഢമായിരുന്നു എന്നു കാണാം. ആരാണ് ആദ്യമായി തസ്വവ്വുഫ് ആരംഭിച്ചതെന്നോ അത് എപ്പോഴാണ് തുടങ്ങിയതെന്നോ നമുക്ക് കൃത്യമായി വ്യക്തമല്ല. ഇമാം ശാഫിഈ(റഹി) ഹിജ്‌റ 199ൽ ഈജിപ്തിൽ പ്രവേശിച്ചപ്പോൾ, അവിടെ ‘സമാഅ്’ എന്നൊരു കാര്യം നടക്കുന്നതായി ശ്രദ്ധിച്ചു. ഈജിപ്തുകാർ തങ്ങളുടെ സ്വൂഫി സദസ്സുകളിൽ പാടുന്ന പാട്ടുകളെയും ആത്മീയ നൃത്തങ്ങളെയുമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ഇമാം ശാഫിഈ(റഹി) ഇതിനെ ഒരു ബിദ്അത്ത് (അനാചാരം) ആയിട്ടാണ് കണ്ടത്; അത് ബഗ്ദാദിൽ ഉണ്ടായിരുന്നുവെങ്കിലും ഈജിപ്തിൽ ഇത്രയധികം വ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നില്ല. അദ്ദേഹം അതിനെതിരെ മുന്നറിയിപ്പ് നൽകി. അദ്ദേഹം പറഞ്ഞു: “ഒരാൾ നാൽപത് ദിവസം സ്വൂഫികളുമായി സഹവസിച്ചാൽ അവന്റെ ബുദ്ധി പിന്നീട് ഒരിക്കലും മടങ്ങിവരികയില്ല.’’

ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിനു മുമ്പുതന്നെ പണ്ഡിതന്മാർ അവരെ ‘മുതസ്വവ്വിഫഃ’ അല്ലെങ്കിൽ ‘സിൻദീക്വുകൾ’ (നാസ്തികർ/വഴിപിഴച്ചവർ) എന്ന് വിളിച്ചിരുന്നു.

ഇമാം ശാഫിഈ(റഹി)യുടെ സമകാലികനും ജീവിതത്തിന്റെ ഭൂരിഭാഗവും ബഗ്ദാദിൽ കഴിഞ്ഞയാളുമായ ഇമാം അഹ്‌മദ് ഇബ്‌നു ഹൻബൽ(റഹി) ‘സമാഅ്,’ ‘തസ്വവ്വുഫ്’ ഗ്രൂപ്പുകളിൽ ഇരിക്കുന്നതിനെതിരായും അവരുടെ പുസ്തകങ്ങൾ വായിക്കുന്നതിനെതിരായും മുന്നറിയിപ്പ് നൽകിയതായി കാണാം. അദ്ദേഹം അവയെ ബിദ്അത്തിന്റെയും വഴിപിഴവിന്റെയും പുസ്തകങ്ങളായിട്ടാണ് കണക്കാക്കിയത്. തന്റെ കാലത്തെ ഏറ്റവും പ്രശസ്തനായ സ്വൂഫിയായിരുന്ന ഹാരിസ് അൽമുഹാസിബിയുടെ പുസ്തകങ്ങളെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇമാം അഹ്‌മദ് പറഞ്ഞു: ‘സൂക്ഷിക്കുക, ഈ പുസ്തകങ്ങൾ ബിദ്അത്തിന്റെയും വഴിപിഴവിന്റെയും പുസ്തകങ്ങളാണ്.’ ഇത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു.

സൂഫിസത്തിന്റെ പരസ്യപ്രഖ്യാപനവും ഹല്ലാജിന്റെ വധവും

ഈ കാലഘട്ടത്തിൽ, അതായത് ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ സ്വൂഫിസത്തിന്റെ സാന്നിധ്യം അത്ര ശക്തമായിരുന്നില്ല. എന്നാൽ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തസ്വവ്വുഫ് പരസ്യമായും വ്യക്തമായും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മുതസ്വവ്വിഫുകൾ തങ്ങളുടെ ആശയങ്ങൾ പരസ്യമായി പ്രഖ്യാപി ക്കാൻ തുടങ്ങി; മുമ്പ് ഒളിച്ചുവെച്ചിരുന്ന വിചിത്രമായ അഭിപ്രായങ്ങൾ എല്ലാവരുടെയും മുന്നിൽ വെളിപ്പെടുത്തിത്തുടങ്ങി.

കൗതുകകരമായ ഒരു കാര്യം, ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകളിലെ തസ്വവ്വുഫിന്റെ നേതാക്കളെ പരിശോധിച്ചാൽ അവരിൽ ഭൂരിഭാഗവും പേർഷ്യക്കാരായിരുന്നു എന്നുകാണാം. അവരിൽ അറബികൾ ആരുംതന്നെ ഇല്ലായിരുന്നു എന്നു പറയാം. അക്കാലത്തെ ഏറ്റവും പ്രശസ്തനായ സ്വൂഫിയായിരുന്നു അബൂ യസീദ് അൽബിസ്ത്വാമി. അന്നത്തെ തസ്വവ്വുഫിന്റെയാളുകൾ കൂടുതൽ ശീഈ (ശിയാ) വസ്ത്രമാണ് ധരിച്ചിരുന്നത്; കാരണം അത് വ്യാപിച്ചിരുന്ന മേഖലകൾ പ്രധാനമായും ഇറാനും ഇറാഖുമായിരുന്നു. ശീഇകൾക്ക് രാഷ്ട്രീയത്തിൽ സാന്നിധ്യമുണ്ടായിരുന്നതുപോലെ സ്വൂഫിസത്തിനും രാഷ്ട്രീയത്തിൽ സാന്നിധ്യമുണ്ടാകാൻ തുടങ്ങി.

അങ്ങനെ ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എത്തിയപ്പോൾ, അബ്ബാസി കാലഘട്ടത്തിൽ ഹുസൈൻ ഇബ്‌നു മൻസൂർ അൽഹല്ലാജിന്റെ വരവോടെ തസ്വവ്വുഫ് അതിന്റെ പരകോടിയിലെത്തി. അദ്ദേഹം തന്റെ വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു. അബ്ബാസി ഭരണകൂടത്തിലെ പല പണ്ഡിതന്മാരും ജനങ്ങളും അത് ‘ഉലൂഹിയ്യത്ത്’ (ദൈവത്വം) അവകാശപ്പെടലാണെന്ന് മനസ്സിലാക്കി. ഇത് അദ്ദേഹത്തിന് കുഫ്ർ (അവിശ്വാസം) വിധിക്കാൻ പണ്ഡിതന്മാരെ പ്രേരിപ്പിച്ചു. അങ്ങനെ ഹല്ലാജിന് വധശിക്ഷ വിധിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ഇത് ഹിജ്‌റ 309ലായിരുന്നു.

ഹല്ലാജ് കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ശരീരം ബഗ്ദാദിലെ പാലത്തിൽ കെട്ടിത്തൂക്കപ്പെടുകയും ചെയ്തു; മറ്റുള്ളവർക്ക് ഒരു പാഠമാകാൻ വേണ്ടി. എന്നാൽ അദ്ദേഹത്തെപ്പോലെയുള്ളവർ ധാരാളമുണ്ടായിരുന്നു. അബ്ബാസി ഭരണകൂടത്തിനുള്ളിലെ ഒരേയൊരു സ്വൂഫി ഹല്ലാജ് ആയിരുന്നില്ല. അതിനാൽ ഭരണകൂടം അദ്ദേഹത്തെ കൊന്നതുകൊണ്ട് സ്വൂഫിസം അവസാനിച്ചില്ല. അക്കാലത്തെ മറ്റു സ്വൂഫികൾ ഹല്ലാജിന് സംഭവിച്ചത് കണ്ടപ്പോൾ, തങ്ങൾക്കും ഇതേ വിധി ഉണ്ടാകുമെന്ന് ഭയന്ന് തങ്ങളുടെ വിശ്വാസങ്ങൾ പൂർണമായി ഒളിച്ചുവെക്കാൻ തീരുമാനിച്ചു.

(തുടരും)