പ്രവാചക ദൗത്യത്തിന്റെ ലക്ഷ്യവും മനുഷ്യനോടുള്ള ഗുണകാംക്ഷയും
ഇഅ്ജാസ് ബിൻ ഇസ്മാഈൽ, മസ്കത്ത്
2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

( ക്വുർആനിലെ സാർവലൗകിക വിളികൾ 17)
മനുഷ്യർ പലപ്പോഴും ചിന്തിക്കാറുള്ളത് പ്രവാചകന്മാർ വന്നത് തങ്ങളെ നിർബന്ധിച്ച് വഴിനടത്താനോ ശിക്ഷിക്കാനോ ആണെന്നാണ്. എന്നാൽ, കാരുണ്യവാനായ അല്ലാഹു മനുഷ്യർക്ക് നൽകുന്ന ഒരു വലിയ അനുഗ്രഹമാണ് പ്രവാചകത്വ ദൗത്യം. വഴിയറിയാതെ നിൽക്കുന്ന മനുഷ്യർക്ക് മുന്നിൽ, വരാനിരിക്കുന്ന ഒരു വലിയ അപകടത്തെക്കുറിച്ച് തുറന്നുപറയാൻ നിയോഗിക്കപ്പെട്ടവനാണ് താനെന്ന് പ്രഖ്യാപിക്കാൻ അല്ലാഹു പ്രവാചകനോട് കൽപിക്കുന്നു:
قُلْ يَا أَيُّهَا النَّاسُ إِنَّمَا أَنَا لَكُمْ نَذِيرٌ مُّبِينٌ ٤٩
“(നബിയേ) പറയുക: ‘ഹേ, മനുഷ്യരേ! നിശ്ചയമായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാണ്’’ (ക്വുർആൻ 22:49)
താൻ ജനങ്ങളുടെ മേൽ അധികാരം പ്രയോഗിക്കാൻ വന്നവനല്ലെന്നും, വരാനിരിക്കുന്ന വിനാശകരമായ അവസ്ഥകളെക്കുറിച്ച് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി ഓർമിപ്പിക്കാൻ വന്നവൻ മാത്രമാണെന്നും ജനങ്ങളോട് വിളിച്ചുപറയാനാണ് പ്രവാചകനോട് ഇവിടെ കൽപിക്കുന്നത്. മനുഷ്യന്റെ ബുദ്ധിയെയും വിവേകത്തെയും മാനിച്ചുകൊണ്ട്, ചിന്തിച്ചു തീരുമാനമെടുക്കാനുള്ള അവസരമാണ് ഇതിലൂടെ തുറന്നുനൽകപ്പെടുന്നത്.
വ്യക്തമായ താക്കീതുകാരൻ
സ്നേഹത്തോടെ, അപകടത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നവനാണ് ‘നദീർ.’ ഒരു വഴിയാത്രക്കാരൻ മുന്നോട്ട് പോകുമ്പോൾ വഴിയിൽ വലിയൊരു കുഴിയുണ്ടെന്ന് മറ്റൊരാൾ വിളിച്ചുപറയുന്നത് അവനോടുള്ള ശത്രുതകൊണ്ടല്ല, സ്നേഹവും ഗുണകാംക്ഷയുംകൊണ്ടാണ്.
അതുപോലെ, പരലോകവിചാരണയും നരകശിക്ഷയും വരാനിരിക്കുന്നുണ്ടെന്നും നരകത്തിൽ വീണു പോകാതെ സൂക്ഷിക്കണമെന്നും മനുഷ്യരാശിയെ വിളിച്ചോതുന്ന കാരുണ്യത്തിന്റെ ശബ്ദമാണ് പ്രവാചകത്വം. ഈ താക്കീത് ഒളിച്ചുവെക്കാതെ തികച്ചും വ്യക്തമായി (മുബീൻ) ജനങ്ങളിലെത്തിക്കുക എന്നതാണ് പ്രവാചകന്റെ ചുമതല.
ഒരു അധ്യാപകൻ പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നത് അവരെ പരാജയപ്പെടുത്താനല്ല, ജയിപ്പിക്കാനാണ്. പ്രവാചകന്റെ താക്കീതുകളും ഇതേ ഗുണകാംക്ഷയോടെയുള്ളതാണ്. യാഥാർഥ്യങ്ങൾ മറച്ചുവെക്കാതെ, സത്യം എന്താണെന്ന് വെട്ടിത്തുറന്നു പറയുന്നതിലൂടെ മനുഷ്യന് സ്വയം തിരുത്താനുള്ള ഏറ്റവും വലിയ അവസരമാണ് ലഭിക്കുന്നത്.
ബലപ്രയോഗമില്ലാത്ത ആദർശം
‘ഞാൻ താക്കീതുകാരൻ മാത്രമാകുന്നു’ എന്ന് പറയുന്നതിലൂടെ ഒരു വലിയ സത്യം വെളിപ്പെടുന്നുണ്ട്; ജനങ്ങളെ നിർബന്ധിച്ച് വിശ്വസിപ്പിക്കാനോ വിശ്വസിക്കാത്തവരെ ശിക്ഷിക്കാനോ ഉള്ള അധികാരം പ്രവാചകന് നൽകപ്പെട്ടിട്ടില്ല. വിശ്വാസം എന്നത് ഹൃദയത്തിൽനിന്ന് ഉണ്ടാകേണ്ടതാണ്. പരലോകത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കേട്ടശേഷം അത് സ്വീകരിക്കണോ തള്ളിക്കളയണോ എന്ന സ്വാതന്ത്ര്യം മനുഷ്യനുണ്ട്. സത്യം പറഞ്ഞുകൊടുക്കുക എന്നതിനപ്പുറം ആരുടെയും മേൽ ബലപ്രയോഗം നടത്താൻ ഇസ്ലാം അനുവദിക്കുന്നില്ല എന്ന് ഈ വചനം വ്യക്തമാക്കുന്നു.
മതത്തിൽ യാതൊരുവിധ നിർബന്ധവുമില്ലെന്ന ക്വുർആനിക അധ്യാപനത്തിന്റെ സാക്ഷ്യപത്ര മാണിത്. പ്രവാചകന്റെ ദൗത്യം കേവലം എത്തിച്ചുകൊടുക്കൽ (ബലാഗ്) മാത്രമാണ്. ആർക്കെങ്കിലും ഈ സന്ദേശം സ്വീകരിക്കാൻ താൽപര്യമില്ലെങ്കിൽ അതിന്റെ പൂർണമായ ഉത്തരവാദിത്തം അവർക്ക് മാത്രമായിരിക്കും; പ്രവാചകന് അതിന്റെ പേരിൽ യാതൊരു ബാധ്യതയുമില്ല.
ക്വുർആൻ ഇവിടെ ‘വിശ്വാസികളേ’ എന്നല്ല വിളിക്കുന്നത്, ‘യാ അയ്യുഹന്നാസ്’ (ഹേ, മനുഷ്യരേ) എന്നാണ്. അതുകൊണ്ട്തന്നെ പ്രവാചകന്റെ ഈ മുന്നറിയിപ്പ് ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ള തല്ല, ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടിയുള്ളതാണ്.
ജാതി, മത, ദേശഭേദമന്യെ എല്ലാ മനുഷ്യരിലേക്കും അല്ലാഹുവിന്റെ സന്ദേശം എത്തിക്കുക എന്നതാണ് പ്രവാചക ദൗത്യം. ഈ ആഹ്വാനം ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിലോ പ്രദേശത്തോ ജീവിച്ചവരോട് മാത്രമായുള്ളതല്ല; ലോകാവസാനം വരെയുള്ള മനുഷ്യരോട് മുഴുവനുമായുള്ളതാണ്.
മാനവരാശി മുഴുവൻ ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന സത്യത്തിലൂന്നിയാണ് ക്വുർആൻ സംസാരിക്കുന്നത്. പ്രവാചകൻﷺ പഠിപ്പിച്ച കാരുണ്യത്തിന്റെ സന്ദേശവും പരലോകത്തെക്കുറിച്ചുള്ള താക്കീതും ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമായതാണ്.
