ഗസ്സയിൽ വിജയിച്ചതാര്?

ഇ. യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2026 ജൂലൈ 18, 1448 സ്വഫർ 04

ഗസ്സയിൽ ഏകദേശം രണ്ടു പതിറ്റാണ്ടിലേറെ നേതൃത്വം വഹിച്ചിരുന്ന ഹമാസ്, തങ്ങളുടെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റി പിരിച്ചുവിടുകയും ഭരണച്ചുമതല സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ദേശീയ ഭരണസമിതിക്ക് കൈമാറുകയും ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ അധിനിവേശത്തിന് കാരണമാകുന്ന എല്ലാ കാരണങ്ങളും ഇല്ലാതാക്കുകയും ഗസ്സയിലെ ജനങ്ങൾക്ക് ദുരിതത്തിൽനിന്ന് മോചനം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഹമാസ് നേതൃത്വം വിശദീകരിക്കുന്നു.

ഈ പ്രഖ്യാപനം ഭരണപരമായ ഒരു മാറ്റം മാത്രമല്ല; കഴിഞ്ഞ നിരവധി വർഷങ്ങളായി ഗസ്സയിലെ സായുധ പോരാട്ടത്തെക്കുറിച്ച് ലോകമെമ്പാടും പ്രചരിപ്പിക്കപ്പെട്ട രാഷ്ട്രീയ ആഖ്യാനങ്ങളുടെ പുനർമൂല്യ നിർണയത്തിനുള്ള ചരിത്രപരമായ അവസരം കൂടിയാണ്.

ഗസ്സയിലെ യുദ്ധത്തിന്റെ ആദ്യദിവസം മുതൽതന്നെ അനേകം നിരീക്ഷകരും രാഷ്ട്രീയ വിശകലനക്കാരും മുന്നറിയിപ്പ് നൽകിയിരുന്നു; ഈ പോരാട്ടത്തിന്റെ ഏറ്റവും വലിയ ഇരകൾ നിരപരാധികളായ സാധാരണ ഫലസ്തീൻ ജനതയായിരിക്കുമെന്ന്. അതൊരു വികാരപരമായ വിലയിരുത്തലായിരുന്നില്ല; യുദ്ധത്തിന്റെ ചരിത്രം മാനവിക ലോകത്തെ പഠിപ്പിച്ച ഒരു യാഥാർഥ്യമായിരുന്നു. എന്നാൽ അന്ന് ഈ മുന്നറിയിപ്പുകൾ ഉന്നയിച്ചവരെ സിയോണിസ്റ്റുകളെന്നും ഇസ്രായേൽ അനുകൂലികളെന്നും മദ്ഖലികളെന്നും സൗദി അറേബ്യയുടെ ചരന്മാരെന്നും മുദ്രകുത്തി നിശ്ശബ്ദരാക്കാനാണ് പൊളിറ്റിക്കൽ ഇസ്‌ലാം മറക്ക് പിന്നിൽനിന്ന് നിയന്ത്രിക്കുന്ന പ്രചാരണകേന്ദ്രങ്ങൾ ശ്രമിച്ചത്.

ഗസ്സയുടെ മണ്ണ് ഇന്ന് സാക്ഷ്യം വഹിക്കുന്നത് മറ്റൊരു യാഥാർഥ്യത്തിനാണ്. ആയിരക്കണക്കിന് ജീവനുകൾ പൊലിഞ്ഞു. അനേകം നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരായി. ആശുപത്രികളും സ്‌കൂളുകളും സർവകലാശാലകളും ആരാധനാലയങ്ങളും അവശിഷ്ടങ്ങളായി മാറി. പട്ടിണിയും രോഗവും അഭയാർഥിത്വവും ഗസ്സയുടെ ദൈനംദിന യാഥാർഥ്യമായി. അതിർത്തി കടന്ന് അനുദിനം ഇസ്രയേലിൽ പോയി വിയർപ്പൊഴുക്കി ഉപജീവനം നേടിയിരുന്ന പതിനായിരങ്ങൾ വിശപ്പടക്കാനാകാതെ മൃത്യുവരിച്ചു.

ഇത്രയും വലിയ മാനുഷിക ദുരന്തത്തിനൊടുവിൽ, ഭരണത്തിൽനിന്ന് പിന്മാറാനുള്ള പ്രഖ്യാപനമാണ് ഹമാസ് നടത്തുന്നത്. അപ്പോൾ ചോദിക്കപ്പെടേണ്ട അടിസ്ഥാനചോദ്യം ഇതാണ്: ‘ഇത്രയധികം മനുഷ്യജീവിതങ്ങളുടെ വിലകൊടുത്ത് കൈവരിച്ച നേട്ടം എന്താണ്?’

ഇവിടെ ഏറ്റവും ഗൗരവമായി പരിശോധിക്കപ്പെടേണ്ട മറ്റൊരു വിഷയവുമുണ്ട്. യുദ്ധത്തിന്റെ മുഴുവൻ കാലഘട്ടത്തിലും ചില മീഡിയകളും രാഷ്ട്രീയ-മത പ്രചാരണവേദികളും വികാരോത്തേജകമായ ഭാഷയിലൂടെ ഈ പോരാട്ടത്തെ മഹത്ത്വവത്കരിക്കാൻ മത്സരിച്ചു. യാഥാർഥ്യങ്ങളെക്കാൾ മുദ്രാവാക്യങ്ങൾക്കും വിശകലനത്തെക്കാൾ വികാരത്തിനുമാണ് അവർ മുൻഗണന നൽകിയത്. യുദ്ധത്തിന്റെ ദുഃഖവും ദുരന്തവും മാനവിക നഷ്ടവും ചൂണ്ടിക്കാട്ടിയവരെ അപഹസിക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് ആർക്കും മറക്കാനാവില്ല.

എന്നാൽ ചരിത്രം ഒടുവിൽ വിധി പറയുന്നത് മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലല്ല. അത് മനുഷ്യജീവിത യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഗസ്സയിലെ ജനങ്ങൾ ഇന്ന് ചോദിക്കുന്നത് വിജയത്തിന്റെ നിർവചനമല്ല; മറിച്ച് ജീവനോടെ തുടരാനുള്ള അവകാശമാണ്. അവർക്ക് വേണ്ടത് യുദ്ധത്തിന്റെ തുടർച്ചയല്ല; സമാധാനവും പുനർനിർമാണവും സുരക്ഷിതമായ ഭാവിയുമാണ്. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിശപ്പ് മാറ്റുന്നില്ല. വികാരപ്രസംഗങ്ങൾ തകർന്നടിഞ്ഞ ആശുപത്രികൾ പുനർനിർമിക്കുന്നില്ല. സോഷ്യൽ മീഡിയയിലെ വീരവാദങ്ങൾ അനാഥരായ കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട മാതാപിതാക്കളെയും സഹോദരങ്ങളെയും തിരിച്ചുകൊടുക്കുന്നുമില്ല.

ഗസ്സയുടെ ദുരന്തം മറ്റൊരു കഠിനസത്യം കൂടി ഓർമപ്പെടുത്തുന്നു. യുദ്ധം ആരംഭിക്കാൻ ആഹ്വാനം ചെയ്യുന്നവർ പലപ്പോഴും യുദ്ധഭൂമിയിൽ ഉണ്ടാകണമെന്നില്ല. എന്നാൽ അതിന്റെ ഏറ്റവും വലിയ വില നൽകുന്നത് എപ്പോഴും സാധാരണ ജനങ്ങളാണ്. സ്വന്തം വീടും കുടുംബവും ജീവിതോപാധിയും നഷ്ടപ്പെട്ട മനുഷ്യരുടെ കണ്ണീരിന് രാഷ്ട്രീയ വിശകലനവും മീഡിയാസ്‌കാനും പരിഹാരം നിർണയിക്കില്ല.

ഗസ്സയുടെ ഈ അധ്യായം അവസാനിക്കുന്നത് ഒരു പക്ഷത്തിന്റെ വിജയപ്രഖ്യാപനത്തിലല്ല. മറിച്ച് മനുഷ്യരാശിയുടെ ആകമാനം ആത്മപരിശോധനയിലായിരിക്കണം. യുദ്ധത്തെ പ്രണയിക്കുകയും സമാധാനത്തെ ദൗർബല്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന എല്ലാ ചെറുതും വലുതുമായ പ്രസ്ഥാനങ്ങൾക്കും ആശയപ്രചാരണങ്ങൾക്കും ഗസ്സ ഒരു അതികഠിന പാഠമാണ്.

കർബലകൾ പല രൂപത്തിലും പല കാലത്തും ആവർത്തിക്കപ്പെട്ടതിന് ചരിത്രം സാക്ഷിയാണ്. എന്നാൽ ഓരോ ദുരന്തത്തിന്റെയും അവസാന അധ്യായം എഴുതപ്പെട്ടത് വിജയഘോഷങ്ങളാലല്ല. മറിച്ച് ശ്മശാനങ്ങളാലും തകർന്നടിഞ്ഞ നഗരങ്ങളാലും അനാഥരായ കുഞ്ഞുങ്ങളുടെ കണ്ണീരാലുമാണ്. ഗസ്സയുടെ ഇന്നത്തെ ചിത്രം മനുഷ്യരാശിയെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠവും അതുതന്നെയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യവും, ഒരു പ്രത്യയശാസ്ത്രവും, ഒരു സൈനിക തന്ത്രവും, ഒരു ജനതയുടെ സമ്പൂർണ നാശത്തെക്കാൾ ഒരിക്കലും വിലപ്പെട്ടതല്ല.

യുദ്ധത്തിന്റെ അവസാനം ആരാണ് വിജയിച്ചതെന്ന് രാഷ്ട്രീയവും ചരിത്രവും ഇനിയും തർക്കിച്ചേക്കാം. എന്നാൽ ഈ യുദ്ധത്തിൽ ഏറ്റവും വലിയ വിലകൊടുത്തത് ആരാണെന്ന കാര്യത്തിൽ ഒരു തർക്കത്തിനും ഇടമില്ല. അത് ആയുധമേന്തിയ നേതാക്കളല്ല. അധികാരകേന്ദ്രങ്ങളിലിരുന്ന തീരുമാനമെടുത്തവരുമല്ല. ജി.സി.സിയിലും യൂറോപ്പിലും ശീതികരിച്ച പഞ്ചനക്ഷത്ര സൗധങ്ങളിലെ ‘വാർ റൂമുകളിൽ’ ഇരുന്ന് സ്വന്തം ഭാവിയെ സുരക്ഷിതമാക്കിയവരുമല്ല. മറിച്ച്, സ്വന്തം മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും, വീടും നാടും ജീവിതോപാധിയും നഷ്ടപ്പെട്ട ഗസ്സയിലെ സാധാരണ ജനങ്ങളുമാണ്. യുദ്ധത്തിന്റെ യഥാർഥ പരാജിതരും ചരിത്രത്തിന്റെ ഏറ്റവും വലിയ ഇരകളും അവരാണ്.

ഈ അതിദാരുണമായ തോൽവിയെയും നാളെ ഇവിടുത്തെ കപട വിപ്ലവകാരികൾ ‘ഹമാസിന്റെ തന്ത്രപരമായ വിജയം’ എന്ന് വിളിച്ച് ആഘോഷിച്ചേക്കാം. കാരണം, ചിന്താശേഷി പണയംവെച്ച അണികൾക്ക് എന്തും വിഴുങ്ങാൻ മടിയുണ്ടാകില്ലല്ലോ. എന്നാൽ, തകർന്നടിഞ്ഞ ഗസ്സയിലെ സാധാരണ ജനങ്ങളുടെ കണ്ണീരിനും ശാപത്തിനും ഈ കപട പോരാളികൾ മറുപടി പറയേണ്ടി വരും എന്നതുറപ്പാണ്.