യുഡിഎഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും

സി മുഹമ്മദ് അജ്മൽ

2026 ജൂൺ 20, 1448 മുഹർറം 05

രാജ്യത്തിന്റെ നട്ടെല്ലാണ്‌ വിദ്യാഭ്യാസം. കേരളത്തിലെ പുതിയ സർക്കാരിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ ഏറ്റവും പ്രതീക്ഷ നൽകിയിരുന്ന ഭാഗവും അത് തന്നെയാണ്‌. നിയുക്ത ഭരണാധികാരികൾക്ക് അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കും, അതിന്റെ സാധ്യത എത്രത്തോളമാണ്‌? ഒരു നിഷ്പക്ഷ വിശകലനം.

പുതിയ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതികവിദ്യ മേഖലകളിൽ ഒട്ടനവധി വാഗ്ദാനങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഇന്ന് ഒരു വഴിത്തിരിവിലാണ്. എഐ (കൃത്രിമബുദ്ധി), പുതിയ തൊഴിൽലോകം, പരീക്ഷാസംവിധാനങ്ങൾ, കോളേജ് നിലവാരം, ഗവേഷണം, നൈപുണ്യ വിടവ്, തൊഴിൽക്ഷമത- ഇവയെല്ലാം ഇനി ‘ഭാവിയിലെ പ്രശ്‌നങ്ങൾ’ അല്ല; ഇന്നത്തെ പ്രശ്‌നങ്ങളാണ്. ഈ വിഷയങ്ങളിലെ വാഗ്ദാനങ്ങളെയും അവയുടെ പ്രായോഗികതയെയും വിശകലനം ചെയ്യുന്നതോടൊപ്പം എങ്ങനെ പ്രശ്‌നങ്ങൾ മറികടന്ന് മുന്നോട്ട് കൊണ്ടുപോകാം എന്ന ചിന്ത പങ്കുവയ്ക്കുക കൂടിയാണ് ഈ ലേഖന പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസത്തിലെ എഐ

യുഡിഎഫ് മാനിഫെസ്റ്റോയിൽ വിദ്യാഭ്യാസ മേഖലയിലെ എഐ-യെ കുറിച്ച് വ്യക്തമായ ചില വാഗ്ദാനങ്ങളുണ്ട്. സാധാരണ രാഷ്ട്രീയ രേഖകളിൽ കാണുന്നപോലെ ‘സാങ്കേതികവിദ്യ ഉപയോഗിക്കും’ എന്ന പൊതുവായ വാചകങ്ങളല്ല ഇവ. പകരം, ചില കൃത്യമായ പ്രതിജ്ഞാബദ്ധതകൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ ഇവയാണ്:

1. KAIR: കേരള എഐ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സംസ്ഥാന ഫണ്ടഡ് എഐ ഗവേഷണ സ്ഥാപനം സ്ഥാപിക്കുക.

2. കേരളത്തിലെ എല്ലാ ആർട്‌സ് & സയൻസ് കോളേജുകളിലും എഐ വകുപ്പുകൾ തുടങ്ങുക.

3. എല്ലാ യുജി, പിജി വിദ്യാർഥികൾക്കും എഐ സാക്ഷരത നിർബന്ധമാക്കുക; സ്റ്റെം (ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം), സ്റ്റെം ഇതര വിദ്യാർഥികൾക്ക് വ്യത്യസ്ത ഘടകങ്ങൾ.

4. എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകൾക്കായി ഫ്യൂച്ചർ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരിക്കുക.

5. മൂല്യനിർണയം, ചോദ്യപ്പേപ്പർ നിർമാണം, പരീക്ഷാമേൽനോട്ടം എന്നിവയിൽ എഐ ഉപയോ ഗിക്കുക.

കേൾക്കുമ്പോൾ ഇത് വളരെ പ്രതീക്ഷാനിർഭരമാണ്. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മാനിഫെസ്റ്റോയിൽ എഐ-യെ കുറിച്ച് ഇങ്ങനെ വിശദമായി പറയുന്നത് സ്വാഗതാർഹവുമാണ്. പക്ഷേ, ചോദ്യം ലക്ഷ്യബോധം ഉണ്ടോ എന്നല്ല; നടപ്പിലാക്കൽ ഉണ്ടാകുമോ എന്നതാണ്.

മാനിഫെസ്റ്റോയിലെ ആകർഷകമായ കാര്യങ്ങൾ

ഒന്നാമതായി, സ്റ്റെം/സ്റ്റെം ഇതര വേർതിരിവ് പറഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്. എഐ വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരും കരുതുന്നത് എല്ലാവരും പൈത്തൺ പഠിക്കണം, ന്യൂറൽ നെറ്റ്‌വർക്ക് പഠിക്കണം, കോഡിങ് പഠിക്കണം എന്നാണ്; അത് തെറ്റായ ധാരണയാണ്.

ഒരു ചരിത്ര വിദ്യാർഥിക്ക് എഐ പഠിക്കേണ്ടത് റഫറൻസ് പരിശോധനയ്ക്കും ഗവേഷണ സമഗ്രതയ്ക്കും വേണ്ടിയാണ്.

ഒരു കൊമേഴ്‌സ് വിദ്യാർഥിക്ക് എഐ പഠിക്കേണ്ടത് അക്കൗണ്ടിങ്, ഓഡിറ്റ്, സാമ്പത്തിക വിശകലനം എന്നിവ എങ്ങനെ മാറുന്നു എന്ന് മനസ്സിലാക്കാനാണ്.

ഒരു ജേണലിസം വിദ്യാർഥിക്ക് എഐ പഠിക്കേണ്ടത് തെറ്റായ വിവരങ്ങൾ, വ്യാജ ഉള്ളടക്കങ്ങൾ, വസ്തുതാ പരിശോധന എന്നിവയെ നേരിടാനാണ്.

ഒരു സാഹിത്യ വിദ്യാർഥിക്ക് എഐ പഠിക്കേണ്ടത് എഴുത്ത്, സർഗാത്മകത, ധാർമികത എന്നിവയുടെ പുതിയ ചോദ്യങ്ങൾ മനസ്സിലാക്കാനാണ്. എല്ലാവർക്കും ഒരേ എഐ സിലബസ് കൊടുത്താൽ അത് പരാജയപ്പെടും.

അതുകൊണ്ട് സ്റ്റെം, സ്റ്റെം ഇതര വിദ്യാർഥികൾക്ക് വ്യത്യസ്ത ഘടകങ്ങൾ വേണം എന്ന ആശയം വളരെ ശരിയാണ്.

രണ്ടാമതായി, എഐ സാക്ഷരത നിർബന്ധമാക്കുന്നത് ശരിയായ ദിശയാണ് എന്ന കാര്യമാണ്. 2005ൽ കമ്പ്യൂട്ടർ സാക്ഷരത എത്ര പ്രധാനമായിരുന്നോ, 2026ൽ എഐ സാക്ഷരത അത്രതന്നെ പ്രധാനമാണ്. എഐ ഒരു ഐച്ഛിക വിഷയമായി മാത്രം നിൽക്കാൻ പാടില്ല. കാരണം എഐ ഇനി കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ മാത്രം വിഷയമല്ല. അത് നിയമം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, മാധ്യമങ്ങൾ, ഭരണം തുടങ്ങി എല്ലാ മേഖലകളിലും കടന്നുകഴിഞ്ഞു. ഇത് കോളേജ് വിദ്യാർഥികളിലേക്ക് മാത്രമല്ല, സ്‌കൂൾ വിദ്യാർഥികളിലേക്കും കൊണ്ടുവരേണ്ടതുണ്ട്.

മൂന്നാമതായി, എഐ-യെ പരീക്ഷാ സംവിധാനത്തിൽ ഉപയോഗിക്കാമെന്ന ആശയം ഗൗരവമായി പരിഗണിക്കേണ്ടതാണ്.

കേരളത്തിലെ പല സർവകലാശാല പരീക്ഷാ സംവിധാനങ്ങളും ഇന്നും വലിയ പ്രശ്‌നങ്ങൾ നേരിടുന്നു; ഫലപ്രഖ്യാപനത്തിലെ താമസം, മാനുവൽ മൂല്യനിർണയത്തിലെ അസ്ഥിരത, ചോദ്യപ്പേപ്പർ പ്രശ്‌നങ്ങൾ, ഭരണപരമായ കാര്യക്ഷമതയില്ലായ്മ പോലുള്ള. ശരിയായി ഉപയോഗിച്ചാൽ എഐ സഹായത്തോടെയുള്ള സംവിധാനങ്ങൾ ഇതിൽ ചില പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. പക്ഷേ, ഇനിയാണ് ജാഗ്രത വേണ്ടത്. എഐ എന്ന വാക്ക് ചേർത്താൽ മാത്രം സംവിധാനം മെച്ചപ്പെടില്ല. പലപ്പോഴും പഴയ പ്രശ്‌നങ്ങൾക്ക് മുകളിൽ പുതിയ സാങ്കേതികവിദ്യ ഒട്ടിച്ചാൽ പ്രശ്‌നം കൂടുതൽ വഷളായേക്കാം. ഈ വാഗ്ദാനങ്ങളുടെ പ്രയോഗികതയെ സംബന്ധിച്ച് ചില കടുത്ത ചോദ്യങ്ങൾ ചോദിക്കട്ടെ:

1) 600ൽ അധികം കോളേജുകൾക്കുള്ള എഐ അധ്യാപകർ എവിടെനിന്നാണ് വരുന്നത്?

കേരളത്തിൽ നൂറുകണക്കിന് ആർട്‌സ് & സയൻസ് കോളേജുകൾ ഉണ്ട്. ഓരോ കോളേജിലും ‘എഐ വകുപ്പ്’ തുടങ്ങണമെങ്കിൽ യോഗ്യതയുള്ള 3-4 അധ്യാപകരെങ്കിലും വേണം. അങ്ങനെ നോക്കുമ്പോൾ ആയിരക്കണക്കിന് എഐ യോഗ്യതയുള്ള അധ്യാപകർ വേണം. ഇത് വലിയ പ്രശ്‌നമാണ്. ഇന്ത്യയിൽ തന്നെ എഐ/എംഎൽ മേഖലയിൽ ഗൗരവമുള്ള പിഎച്ച്ഡി ഔട്ട്പുട്ട് പരിമിതമാണ്. ഐഐടികൾ, ഐഐഎസ്‌സി, മുൻനിര സ്വകാര്യ സർവകലാശാലകൾ, സാങ്കേതിക കമ്പനികൾ- ഇവയൊക്കെ ഈ പ്രതിഭകളെ ഇതിനകം തന്നെ ഉൾക്കൊണ്ടതാണ്. അപ്പോൾ കേരളത്തിലെ എല്ലാ കോളേജുകളിലേക്കും എഐ പ്രൊഫസർമാരെ എങ്ങനെ കണ്ടെത്തും? കെട്ടിടം പണിയാം. ബോർഡ് വെക്കാം. വകുപ്പ് ഉദ്ഘാടനം ചെയ്യാം. പക്ഷേ, എഐ അധ്യാപകരെ ആറുമാസം കൊണ്ട് നിർമിക്കാൻ കഴിയില്ല. ഇതാണ് ഈ വാഗ്ദാനത്തിലെ ഏറ്റവും വലിയ തടസ്സം.

2) ‘എഐ വകുപ്പ്’ എന്ന് പറയുമ്പോൾ യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത്? ഇതിൽ വ്യക്തത വേണം. എഐ വകുപ്പ് എന്നത് മൂന്നു രീതിയിൽ അർഥമാക്കാം:

ഒന്ന്: വിദ്യാർഥികളെ എഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന കേന്ദ്രം.

രണ്ട്: എഐ/എംഎൽ എൻജിനീയറിങ് പഠിപ്പിക്കുന്ന അക്കാദമിക് വകുപ്പ്.

മൂന്ന്: യഥാർഥ എഐ ഗവേഷണം നടത്തുന്ന ഗവേഷണ വകുപ്പ്.

ആർട്‌സ് & സയൻസ് കോളേജുകളിൽ ആദ്യത്തെ മാതൃകയാണ് ഏറ്റവും പ്രായോഗികം. അതായത് എഐ ടൂൾ സാക്ഷരത, എഐ ധാർമികത, മേഖലയുമായി ബന്ധപ്പെട്ട എഐ പ്രയോഗങ്ങൾ, പ്രോജക്ട് അധിഷ്ഠിത പഠനം. പക്ഷേ, രണ്ടാമത്തെയും മൂന്നാമത്തെയും മാതൃക എല്ലാ കോളേജുകളിലും നടപ്പാക്കുക വളരെ ബുദ്ധിമുട്ടാണ്. അതിന് കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ, ഉയർന്ന ഗുണനിലവാരമുള്ള അധ്യാപകർ, ഗവേഷണ ആവാസ വ്യവസ്ഥ, വ്യവസായ ബന്ധങ്ങൾ എന്നിവ വേണം.

നിർവചനം വ്യക്തമാക്കാതെ മുന്നോട്ടു പോയാൽ എന്ത് സംഭവിക്കും?

600 കോളേജുകളിൽ ‘എഐ ഒരവലോകനം’ എന്ന പേരിൽ പഴയ പാഠപുസ്തക വിവരങ്ങൾ പഠിപ്പിക്കുന്ന വകുപ്പുകൾ ഉണ്ടാകും. മാനിഫെസ്റ്റോ വാഗ്ദാനം സാങ്കേതികമായി നടപ്പിലാക്കപ്പെടും. പക്ഷേ, യഥാർഥ പഠന സ്വാധീനം വളരെ കുറവായിരിക്കും.

1. KAIR എന്ന പുതിയ സ്ഥാപനം വേണമോ?

KAIR എന്ന പുതിയ സ്ഥാപനം വേണമോ? നിലവിലുള്ള സ്ഥാപനങ്ങളെ ശക്തമാക്കണോ? കേരള എഐ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം കേൾക്കുമ്പോൾ നല്ലതാണ്. പക്ഷേ, കേരളത്തിൽ ഇതിനകം തന്നെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, IIITM-K, സി-ഡാക് തിരുവനന്തപുരം, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട്.

അപ്പോൾ പുതിയൊരു സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് ചോദിക്കേണ്ടത്:

• KAIR എന്ത് പ്രശ്‌നമാണ് പരിഹരിക്കുന്നത്?

• ഇത് നിലവിലുള്ള സ്ഥാപനങ്ങൾക്ക് പൂരകമാകുമോ അതോ അവയോട് മത്സരിക്കുമോ?

• ഇതിന് വ്യക്തമായ അധികാരം ഉണ്ടാകുമോ?

• ബജറ്റ് എവിടെനിന്ന് വരും?

• അധ്യാപകർ/ഗവേഷകർ എവിടെനിന്ന് വരും?

എന്റെ അഭിപ്രായത്തിൽ, KAIRനെ ഒരു ഒറ്റപ്പെട്ട സ്ഥാപനമായി തുടങ്ങുന്നതിനു പകരം കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആവാസവ്യവസ്ഥയുടെ അല്ലെങ്കിൽ കുസാറ്റിന്റെ എഐ ഗവേഷണ വിഭാഗമായി രൂപപ്പെടുത്തുന്നതാണ് കൂടുതൽ പ്രായോഗികം. നിലവിലുള്ള ഇൻഫ്രാസ്ട്രക്ചർ, അധ്യാപക ശൃംഖല, ഭരണപരമായ പിന്തുണ എന്നിവ ഉപയോഗിക്കാം. ആവർത്തനം കുറയും. നടപ്പിലാക്കൽ വേഗത്തിലാകും.

2) കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ വിടവ്

എഐ പഠനം പവർപോയിന്റ് പ്രസന്റേഷൻ കൊണ്ട് മാത്രം നടക്കില്ല. ഗൗരവമായ എഐ വിദ്യാഭ്യാസത്തിന് ജിപിയു ആക്‌സസ്, ക്ലൗഡ് ക്രെഡിറ്റുകൾ, അതിവേഗ ഇന്റർനെറ്റ്, ഡിജിറ്റൽ ലാബുകൾ, ഡാറ്റാസെറ്റുകൾ, പ്രോജക്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവ വേണം. നമ്മുടെ പല സർക്കാർ കോളേജുകളിലും അടിസ്ഥാന വൈഫൈ പോലും സ്ഥിരമായി ഇല്ലാത്ത അവസ്ഥയുണ്ട്. അപ്പോൾ എല്ലാ കോളേജുകളിലും എഐ വകുപ്പ് തുടങ്ങുന്നതിനു മുമ്പ് അടിസ്ഥാന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഓഡിറ്റ് നടത്തണം.

• എഐ നയത്തിന് മുമ്പ് ഇന്റർനെറ്റ് നയം വേണം.

• എഐ ലാബിന് മുമ്പ് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് വേണം.

• എഐ മൂല്യനിർണയത്തിന് മുമ്പ് ഡിജിറ്റൽ പരീക്ഷാ വർക്ക്ഫ്‌ളോ വേണം.

എങ്ങനെ പ്രായോഗികമാക്കാം?

ചില നിർദേശങ്ങൾ:

1). 600 എഐ വകുപ്പുകൾ വേണ്ട; 10-15 എഐ ഹബുകൾ മതി:

എല്ലാ കോളേജുകളിലും എഐ വകുപ്പ് തുടങ്ങാൻ ശ്രമിക്കുന്നതിന് പകരം കേരളത്തിൽ 10-15 പ്രാദേശിക എഐ ഹബുകൾ തുടങ്ങണം. ഓരോ ജില്ലയിലും ഒരു ഹബ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലുള്ള സ്ഥലങ്ങളിൽ അധിക ഹബുകൾ.

ഈ ഹബുകളിൽ പൂർണ ഇൻഫ്രാസ്ട്രക്ചർ വേണം - നല്ല അധ്യാപകർ, ജിപിയു/ക്ലൗഡ് ആക്‌സസ്, വ്യവസായ പങ്കാളിത്തം, പ്രോജക്ട് ലാബുകൾ, ഗവേഷണ പിന്തുണ.

മറ്റുള്ള കോളേജുകളെ സ്‌പോക്കുകളായി ബന്ധിപ്പിക്കാം. അതായത് ജില്ലാ ഹബിൽനിന്ന് ഹൈബ്രിഡ്/ഓൺലൈൻ എഐ കോഴ്‌സുകൾ നൽകാം. പ്രാദേശിക അധ്യാപകർക്ക് ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കാം. ഇത് ഹബ്ബ്-ആൻഡ്-സ്‌പോക്ക് മാതൃകയാണ്. എല്ലായിടത്തും ശരാശരിയായി പോകുന്നതിനെക്കാൾ, കുറച്ച് സ്ഥലങ്ങളിൽ മികവ് സൃഷ്ടിച്ച് അത് ഡിജിറ്റലായി വ്യാപിപ്പിക്കുക എന്നതാണ് ശരിയായ വഴി.

2) എഐ സാക്ഷരത വ്യവസായ മേഖലയുമായി ചേർന്ന് പഠിപ്പിക്കണം:

എഐ സാക്ഷരത നിർബന്ധമാക്കുമ്പോൾ മുഴുവൻ ഭാരവും അക്കാദമിക് രംഗത്തിനു മേൽ ഇടാൻ പാടില്ല. കേരളത്തിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള ഐടി കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, എഐ പ്രൊ

ഫഷണലുകൾ, പ്രൊഡക്ട് ടീമുകൾ, ഡാറ്റാ ശാസ്ത്രജ്ഞർ-ഇവരെ അഡ്ജങ്ക്റ്റ് ഫാക്കൽറ്റി മാതൃകയിൽ കൊണ്ടുവരണം. ടിസിഎസ്, ഇൻഫോസിസ്, യുഎസ്ടി പോലുള്ള കമ്പനികൾക്കുള്ളിൽതന്നെ എഐ പരിശീലന ഘടകങ്ങളുണ്ട്. അവ കോളേജ് വിദ്യാർഥികൾക്ക് വേണ്ടി മാറ്റിയെടുക്കാം.

3) സ്റ്റെം ഇതര വിദ്യാർഥികൾക്ക് എഐ തിയറിയല്ല, എഐ ഫ്‌ളൂവൻസിയാണ് വേണ്ടത്:

ഒരു സോഷ്യോളജി വിദ്യാർഥിക്ക് ബാക്ക്‌പ്രൊപഗേഷൻ പഠിക്കേണ്ടതില്ല. പക്ഷേ, എഐ നിർമിത ഡാറ്റ വിശ്വസിക്കാമോ എന്ന് തിരിച്ചറിയാൻ അറിയണം. ഒരു ജേണലിസം വിദ്യാർഥിക്ക് ട്രാൻസ്‌ഫോർമർ ആർക്കിടെക്ചർ അറിയേണ്ടതില്ല. പക്ഷേ, ഡീപ്‌ഫേക്ക്, തെറ്റായ വിവരങ്ങൾ, എഐ സഹായത്തോടെയുള്ള ഗവേഷണം എന്നിവ കൈകാര്യം ചെയ്യാൻ അറിയണം. ഒരു കൊമേഴ്‌സ് വിദ്യാർഥിക്ക് ന്യൂറൽ നെറ്റ്‌വർക്ക് സമവാക്യങ്ങൾ പഠിക്കേണ്ടതില്ല. പക്ഷേ, എഐ ടൂളുകൾ ഉപയോഗിച്ച് സാമ്പത്തിക വിശകലനം, ഓഡിറ്റ് റിസ്‌ക്, ഡാറ്റാ വിഷ്വലൈസേഷൻ എന്നിവ ചെയ്യാൻ അറിയണം.

എഐ സാക്ഷരത എന്നത് കോഡിങ് സാക്ഷരത മാത്രമല്ല; അത് ടൂൾ ഫ്‌ളൂവൻസി + വിമർശനാത്മക ചിന്ത + ധാർമികത + മേഖലയിലെ പ്രയോഗം എന്നിവയാണ്.

4) പരീക്ഷകളിൽ എഐ കൊണ്ടുവരുന്നതിന് മുമ്പ് പരീക്ഷാ സംവിധാനം ഡിജിറ്റൈസ് ചെയ്യണം:

എഐ സഹായത്തോടെയുള്ള മൂല്യനിർണയം നല്ല ആശയമാണ്. ചോദ്യപ്പേപ്പർ നിർമാണത്തിൽ എഐ ഉപയോഗിക്കാം. പ്ലേജിയറിസം കണ്ടെത്തുന്നതിൽ എഐ സഹായിക്കും. പക്ഷേ, പേപ്പർ അധിഷ്ഠിതവും വിഘടിതവുമായ മാനുവൽ വർക്ക്ഫ്‌ളോയുടെ മുകളിൽ എഐ കൊണ്ടുവന്നാൽ ഇരട്ടി പണിയാകാനാണ് സാധ്യത!

• ആദ്യം ചെയ്യേണ്ടത്:

• ഡിജിറ്റൽ ചോദ്യ ബാങ്ക്.

• സുരക്ഷിതമായ ചോദ്യപ്പേപ്പർ നിർമാണ വർക്ക്ഫ്‌ളോ.

• ഡിജിറ്റൽ മൂല്യനിർണയ പൈപ്പ്ലൈൻ.

• പരീക്ഷാഫല പ്രക്രിയയുടെ ഓട്ടോമേഷൻ.

• പ്ലേജിയറിസം കണ്ടെത്തൽ.

• ഓഡിറ്റ് ട്രയൽ.

• ഡാറ്റാ സംരക്ഷണ ചട്ടക്കൂട്.

ഇവ വന്നതിനുശേഷം എഐ മൂല്യനിർണയം സ്വാഭാവികമായി വരാം.

5) ടൈംലൈനും മെട്രിക്‌സും വേണം:

വാഗ്ദാനം മാത്രം പോരാ. പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം വേണം.

വർഷം 1: എഐ സാക്ഷരതാ പൈലറ്റ് പ്രോജക്ട് കുറഞ്ഞത് 50 കോളേജുകളിൽ തുടങ്ങണം. KAIR-ന് വ്യക്തമായ അധികാരം, ഡയറക്ടർ, പ്രാഥമിക ബജറ്റ് എന്നിവ വേണം.

വർഷം 2: കുറഞ്ഞത് 5 ജില്ലകളിൽ എഐ ഹബ്ബ്-ആൻഡ്-സ്‌പോക്ക് മാതൃക പ്രവർത്തിക്കണം. സ്റ്റെം/സ്റ്റെം ഇതര ഘടകങ്ങൾ തയ്യാറാകണം.

വർഷം 3: എല്ലാ സംസ്ഥാന സർവകലാശാലകളിലും എഐ സാക്ഷരത നിർബന്ധമാക്കണം. കുറഞ്ഞത് 200 വ്യവസായ പ്രൊ

ഫഷണലുകൾ അഡ്ജങ്ക്റ്റ് ഫാക്കൽറ്റി ശൃംഖലയിൽ വരണം.

വർഷം 5: കേരളത്തിലെ ഓരോ കോളേജ് ബിരുദധാരിക്കും സാക്ഷ്യപ്പെടുത്തിയ എഐ വൈദഗ്ധ്യം ലഭിക്കണം. എഐ സഹായത്തോടെയുള്ള സംവിധാനങ്ങൾ പരീക്ഷാഫല താമസം കുറയ്ക്കുന്നതിൽ അളക്കാവുന്ന സ്വാധീനം കാണിക്കണം.

UDF-ന്റെ വിദ്യാഭ്യാസത്തിലെ എഐ കാഴ്ചപ്പാട് ഗൗരവമുള്ളതാണ്. പക്ഷേ, അധ്യാപകർ, ഇൻ ഫ്രാസ്ട്രക്ചർ, സ്ഥാപനങ്ങൾ തമ്മിലുള്ള ആവർത്തനം തുടങ്ങിയവ മുന്നിൽ കണ്ട് പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കിൽ കോളേജുകളിൽ സൈൻബോർഡുകൾ മാത്രം ബാക്കിയാവും!

(തുടരും)

(UDF-മാനിഫെസ്റ്റോയിലെ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പരീക്ഷാ പരിഷ്‌കരണം, കോളേജ് സ്വയംഭരണം, തൊഴിൽക്ഷമത, ഗവേഷണം, അധ്യാപക പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ നിർദേശങ്ങൾ ഓരോന്നായി അടുത്ത കുറിപ്പുകളിൽ പരിശോധിക്കാം).