ആദർശ പിതാവിന്റെ ധർമസമര പാത

മെഹബൂബ് മദനി ഒറ്റപ്പാലം

2026 മെയ് 23, 1447 ദുൽഹിജ്ജ 07

ജീവിതത്തിന്റെ വ്യത്യസ്ത ദശാസന്ധികളിൽ, അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും അതിൽ ഒന്നിൽപോലും കാലിടറാതെ അതിജയിക്കുകയും ചെയ്ത ത്യാഗത്തിന്റെ ചരിത്രമാണ് ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)ക്ക് പറയാനുള്ളത്. ലോകാവസാനം വരെയുള്ള വിശ്വാസികൾക്കിടയിൽ, ആദർശപിതാവെന്ന വിശേഷണത്തിന് അദ്ദേഹത്തെ അർഹനാക്കുന്നതും മറ്റൊന്നല്ല.

വിശുദ്ധ ക്വുർആനിനനുസൃതമായി ജീവിതത്തെ വിമലീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികൾക്ക് ഒരിക്കലും അവഗണിക്കാൻ കഴിയാത്ത ചരിത്രമാണ് ആദർശ പിതാവായി അറിയപ്പെടുന്ന ഇബ്‌റാഹീം നബി(അ)യുടെത്.

ലോകമുസ്‌ലിംകൾ അവരുടെ അഞ്ചുനേര നിർബന്ധ നമസ്‌കാരങ്ങളിലും അല്ലാതെയും ഓർത്തുകൊണ്ടിരിക്കുന്ന ഈ മഹാനുഭാവന്റെ പേര് വിശുദ്ധ ക്വുർആനിൽ 25 അധ്യായങ്ങളിലായി 69 തവണ പരാമർശിച്ചിരിക്കുന്നു. മുഹമ്മദ് നബിﷺയോട് പോലും പിൻപറ്റുവാൻ പറയപ്പെട്ട ഇബ്‌റാഹീം നബി(അ)യുടെ മില്ലത്തിനെ-മാർഗത്തെ-കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും പാഠം ഉൾക്കൊള്ളുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

ജീവിതത്തിൽ സർവസ്വവും എങ്ങനെ ദൈവഹിതത്തിനായി സമർപ്പിക്കണം എന്നതിന്റെ മഹനീയമായ മാതൃക ആദർശപിതാവിന്റെ ജീവിതത്തിൽ നമുക്ക് കാണാനാകും. പ്രപഞ്ചസ്രഷ്ടാവിന് മാത്രം ആരാധനകളർപ്പിക്കുക, അവനോട് മാത്രം വിളിച്ചു പ്രാർഥിക്കുക എന്ന, ആദർശ രംഗത്തെ ധർമസമര പാതയിൽ അചഞ്ചലമായി നിലകൊണ്ട ഇബ്‌റാഹീം നബി(അ)യെ ഒരു ഉമ്മത്ത് (സമുദായം) എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്.

“തീർച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല’’ (16:120).

മനുഷ്യരുടെ കൂട്ടത്തിൽനിന്ന് അല്ലാഹു തന്റെ ഖലീൽ (ചങ്ങാതി) എന്ന് വിശേഷിപ്പിച്ചതും ഇബ്‌റാ ഹീം നബി(അ)യെയാണ്: “സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും, നേർമാർഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനെക്കാൾ ഉത്തമ മതക്കാരൻ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു’’ (4:125).

സത്യസന്ധമായ ഏകദൈവാരാധനയുടെ നേർപാതയിൽനിന്നും ബഹുദൂരം തെറ്റിപ്പോയ യഹൂദ-ക്രൈസ്തവ മതക്കാർ തങ്ങളുടെ പ്രവാചകനായി ഇബ്‌റാഹീം നബി(അ)യെ പരിചയപ്പെടുത്താറുണ്ട്. എന്നാൽ ഇബ്‌റാഹീം നബി(അ) ഒരിക്കലും ബഹുദൈവാരാധകനായിരുന്നില്ല എന്നും ഏകദൈവാരാധനയുടെ ശക്തനായ ധ്വജവാഹകനായിരുന്നുവെന്നും ക്വുർആൻ വ്യക്തമാക്കുന്നു:

“ഇബ്‌റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധമനഃസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നിട്ടുമില്ല’’ (3:67).

ജനിച്ച വീടും താമസിച്ച നാടും സഹവസിച്ച സമൂഹവും അധികാരം കയ്യാളുന്ന ഭരണകർത്താക്കളും തീർത്തും ബഹുദൈവാരാധനയിൽ അധിഷ്ഠിതമായിരുന്നിട്ടും ഒരിക്കലും അതിനോട് സമരസപ്പെടാതെ, സർവശക്തനായ ഏകദൈവത്തെ മാത്രം വിളിച്ചു പ്രാർഥിക്കണമെന്ന് ആ സമൂഹത്തോട് നിരന്തരം ആർജവത്തോടുകൂടി വിളിച്ചുപറയാൻ കാണിച്ച ധൈര്യമാണ് ആദർശപിതാവ് എന്ന മഹിതമായ സ്ഥാനത്തേക്ക് ആ പ്രവാചകനെ ഉയർത്തിയത്. അല്ലാഹു നമുക്ക് മുന്നിൽ ആ മാതൃക എടുത്തുകാണിക്കുന്നത് ഇങ്ങനെയാണ്:

“നിങ്ങൾക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവർ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: ‘നിങ്ങളുമായും അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽനിന്നു തീർച്ചയായും ഞങ്ങൾ ഒഴിവായവരാ കുന്നു. നിങ്ങളിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നതു വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ് തിരിക്കുന്നു.’ ‘തീർച്ചയായും ഞാൻ താങ്കൾക്കുവേണ്ടി പാപമോചനം തേടാം, താങ്കൾക്കുവേണ്ടി അല്ലാഹുവിങ്കൽനിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല’ എന്ന് ഇബ്‌റാഹീം തന്റെ പിതാ വിനോട് പറഞ്ഞ വാക്കൊഴികെ. (അവർ ഇപ്രകാരം പ്രാർഥിച്ചിരുന്നു:) ‘ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും നിങ്കലേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്’’(60:4).

“സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും. നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ്അദ്ദേഹത്തോട് പറഞ്ഞപ്പോൾ സർവലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു’’ (2:130,131).

ശിർക്കിന്റെ ഒരു ലാഞ്ചന പോലും വന്നുചേർന്നിട്ടില്ലാത്ത മാർഗമാണ് ഇബ്‌റാഹീം നബി(അ)യുടെത്. ഇതിനെക്കുറിച്ച് യൂസുഫ് നബി(അ) പറഞ്ഞ വാക്കുകൾ ക്വുർആൻ ഉദ്ധരിക്കുന്നു:

“എന്റെ പിതാക്കളായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരുടെ മാർഗം ഞാൻ പിന്തുടർന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കുവാൻ ഞങ്ങൾക്ക് പാടുള്ളതല്ല. ഞങ്ങൾക്കും മനുഷ്യർക്കും അല്ലാഹു നൽകിയ അനുഗ്രഹത്തിൽപെട്ടതത്രെ അത് (സൻമാർഗദർശനം). പക്ഷേ, മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല’’ (12:38).

ലോകാവസാനം വരെ വരാനിരിക്കുന്ന മുഹമ്മദ് നബിﷺയുടെ ഉമ്മത്തിലെ ഓരോരുത്തരോടും തൗഹീദിന്റെ ആദർശ പ്രബോധന മേഖലയിൽ ഇബ്‌റാഹീം നബിയുടെ മില്ലത്തിനെ പിന്തുടരാനാണ് അല്ലാഹു കൽപിക്കുന്നത്:

“(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാൽ ശുദ്ധമനസ്‌കനായ ഇബ്‌റാഹീമിന്റെ മാർഗം നിങ്ങൾ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല’’ (3:95).

“പിന്നീട്, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാർഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ നാം ബോധനം നൽകിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദി കളിൽ പെട്ടവനായിരുന്നില്ല’’ (16:123).

“അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക. അവൻ നിങ്ങളെ ഉൽകൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാർഗമത്രെ അത്. മുമ്പും (മുൻവേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവൻ (അല്ലാഹു) നിങ്ങൾക്ക് മുസ്‌ലിംകളെന്ന് പേര് നൽകിയിരി ക്കുന്നു. റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാൽ നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!’’ (22:78).

ആദർശ പ്രബോധനം

യുവത്വത്തിന്റെ തുടക്കത്തിൽ തന്നെ ഇബ്‌റാഹീം നബിക്ക് അല്ലാഹുവിന്റെ അടുക്കൽനിന്നുള്ള വഹ്‌യ് ലഭിച്ചു. വിഗ്രഹങ്ങളെ നിർമിക്കുകയും അത് കച്ചവടയും ചെയ്യുകയും ചെയ്തിരുന്ന, തന്റെ പിതാവിനോടുതന്നെ ആദ്യം ഇബ്‌റാഹീം നബി ആദർശരംഗത്തെ തന്റെ നയം സ്‌നേഹത്തോടുകൂടി വ്യക്തമാക്കുകയും അദ്ദേഹത്തെ ശുദ്ധമായ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഏതൊരാൾക്കും വിഗ്രഹാരാധനയുടെ നിരർഥകത ബോധ്യപ്പെടുമാറുള്ള ആ സദുപദേശം അല്ലാഹു വിശുദ്ധ ക്വുർആനിൽ വിവരിക്കുന്നത് ഇപ്രകാരമാണ്:

“വേദഗ്രന്ഥത്തിൽ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) ‘എന്റെ പിതാവേ, കേൾക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കൾ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീർച്ചയായും താങ്കൾക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാൽ താങ്കൾ എന്നെ പിന്തുടരൂ. ഞാൻ താങ്കൾക്ക് ശരിയായ മാർഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കൾ പിശാചിനെ ആരാധിക്കരുത്. തീർച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീർച്ചയായും പരമകാരുണികനിൽ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അപ്പോൾ താങ്കൾ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്.’ അയാൾ പറഞ്ഞു: ‘ഹേ, ഇബ്‌റാഹീം! നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതിൽനിന്ന്) വിരമിക്കുന്നില്ലെങ്കിൽ ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുകതന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നിൽനിന്ന് വിട്ടുമാറിക്കൊള്ളണം’’ (19:41-46).

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് അവയെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ എന്ന് ആ സമൂഹത്തോട് ബുദ്ധിപരമായി ഇബ്‌റാഹീം നബി(അ) സംവദിച്ച ചരിത്രവും ക്വുർആൻ വിവരിക്കുന്നുണ്ട്:

“അപ്രകാരം ഇബ്‌റാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങൾ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയും കൂടിയാണത്. അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ടുകൊണ്ട്) മൂടിയപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ‘ഇതാ, എന്റെ രക്ഷിതാവ്!’ എന്നിട്ട് അത് അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘അസ്തമിച്ച് പോകുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല.’ അനന്തരം ചന്ദ്രൻ ഉദിച്ചുയരുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇതാ, എന്റെ രക്ഷിതാവ്!’ എന്നിട്ട് അതും അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്റെ രക്ഷിതാവ് എനിക്ക് നേർവഴി കാണിച്ചുതന്നില്ലെങ്കിൽ തീർച്ചയായും ഞാൻ വഴിപിഴച്ച ജനവിഭാഗ ത്തിൽ പെട്ടവനായിത്തീരും.’ അനന്തരം സൂര്യൻ ഉദിച്ചുയരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഇതാ, എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്.’ അങ്ങനെ അതും അസ്തമിച്ചുപോയപ്പോൾ അദ്ദേ ഹം പറഞ്ഞു: ‘എന്റെ സമുദായമേ, നിങ്ങൾ (ദൈവത്തോട്) പങ്കുചേർക്കുന്നതിൽനിന്നെല്ലാം തീർച്ചയായും ഞാൻ ഒഴിവാകുന്നു. തീർച്ചയായും ഞാൻ നേർമാർഗത്തിൽ ഉറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശ ങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാൻ ബഹുദൈവവാദികളിൽ പെട്ടവനേ അല്ല. അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തർക്കത്തിൽ ഏർപ്പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെന്നോട് തർക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേർവഴിയിലാക്കിയിരിക്കുകയാണ്. നിങ്ങൾ അവനോട് പങ്കുചേർക്കുന്ന യാതൊന്നിനെയും ഞാൻ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്റെ രക്ഷിതാവിന്റെ ജ്ഞാനം സർവകാര്യങ്ങളെയും ഉൾകൊള്ളാൻ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്? നിങ്ങൾ (അല്ലാഹുവിനോട്) പങ്കുചേർത്തതിനെ ഞാൻ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങൾക്ക് യാതൊരു പ്രമാണവും നൽകിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേർക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോൾ രണ്ടു കക്ഷികളിൽ ആരാണ് നിർഭയരായിരിക്കാൻ കൂടുതൽ അർഹതയുള്ളവർ? (പറയൂ;) നിങ്ങൾക്കറിയാമെങ്കിൽ. വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ. ഇബ്‌റാഹീമിന് തന്റെ ജനതയ്‌ക്കെതിരായി നാം നൽകിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവർക്ക് നാം പദവികൾ ഉയർത്തിക്കൊടുക്കുന്നു. തീർച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സർവജ്ഞനുമത്രെ’’ (6:75-83).

മനുഷ്യർ സ്വന്തം കരങ്ങൾകൊണ്ട് നിർമിച്ചുണ്ടാക്കിയ വിഗ്രഹങ്ങളോട് പ്രാർഥിക്കുക എന്നത് ഏറ്റവും വലിയ വിവേകരാഹിത്യമാണ്. ജനങ്ങൾ പ്രാർഥന നടത്തുന്നത് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ലഭിക്കുവാനും പ്രയാസങ്ങൾ നീങ്ങിക്കിട്ടുവാനും ആവശ്യങ്ങൾ നിർവഹിക്കപ്പെടുവാനുമൊക്കെയാണ്. എന്നാൽ കാണുകയോ കേൾക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്ത വിഗ്രഹങ്ങൾ എങ്ങനെ മനുഷ്യരെ ഈ രംഗത്ത് സഹായിക്കും? ഒരുപാട് തവണ പറഞ്ഞുകൊടുത്തിട്ടും ഈ യാഥാർഥ്യം അവർക്ക് ബോധ്യപ്പെടാതിരുന്നപ്പോൾ അത് അവർക്ക് മനസ്സിലാകുവാൻ വേണ്ടി ഇബ്‌റാഹീം നബി(അ) ഒരു തന്ത്രം പ്രയോഗിച്ചു. ജനങ്ങൾ പുറത്തു പോയ സമയത്ത് അദ്ദേഹം ഒരായുധമെടുത്ത് അവർ ആരാധിക്കുന്ന വലിയ വിഗ്രഹത്തെ ഒഴികെ ബാക്കിയുള്ളതിനെയെല്ലാം തകർത്തു. ആ ആയുധം വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ ബന്ധിക്കുകയും ചെയ്തു. അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ക്വുർആനിലൂടെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ആ ചരിത്രം വിവരിക്കുന്നത് നമുക്ക് ഇപ്രകാരം വായിക്കാം:

“അല്ലാഹുവെ തന്നെയാണ, തീർച്ചയായും നിങ്ങൾ പിന്നിട്ട് പോയതിനുശേഷം ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്. അങ്ങനെ അദ്ദേഹം അവരെ (ദൈവ ങ്ങളെ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരിൽ വലിയ ഒരാളെ ഒഴികെ. അവർക്ക് (വിവരമറിയാനായി) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ? അവർ പറഞ്ഞു: ‘നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവൻ ആരാണ്? തീർച്ചയായും അവൻ അക്രമികളിൽ പെട്ടവൻ തന്നെയാണ്.’ ചിലർ പറഞ്ഞു: ‘ഇബ്‌റാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ ആ ദൈവങ്ങളെപ്പറ്റി പരാമർശിക്കുന്നത് ഞങ്ങൾ കേട്ടിണ്ട്.’ അവർ പറഞ്ഞു: ‘എന്നാൽ നിങ്ങൾ അവനെ ജനങ്ങളുടെ കൺമുമ്പിൽ കൊണ്ടുവരൂ. അവർ സാക്ഷ്യം വഹിച്ചേക്കാം.’ അവർ ചോദിച്ചു: ‘ഇബ്‌റാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട്ഇതു ചെയ്തത്?’ അദ്ദേഹം പറഞ്ഞു: ‘എന്നാൽ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അതു ചെയ്തത്. അവർ സംസാരിക്കുമെങ്കിൽ നിങ്ങൾ അവരോട് ചോദിച്ച് നോക്കൂ.’ അപ്പോൾ അവർ സ്വമനസ്സകളിലേക്ക്തന്നെ മടങ്ങി. എന്നിട്ടവർ (അന്യോന്യം) പറഞ്ഞു: ‘തീർച്ചയായും നിങ്ങൾ തന്നെയാണ് അക്രമകാരി കൾ.’ പിന്നെ അവർ തലകുത്തനെ മറിഞ്ഞു. (അവർ പറഞ്ഞു:) ‘ഇവർ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ.’ അദ്ദേഹം പറഞ്ഞു: ‘അപ്പോൾ നിങ്ങൾക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങൾ ചിന്തിക്കുന്നില്ലേ?’’ (21:57-67).

ഏതൊരു ജനതക്കും തൗഹീദിലേക്ക് കടന്നുവരാൻ വേണ്ട അടിസ്ഥാന ഘടകം അല്ലാഹുവിനെക്കുറിച്ചുള്ള കൃത്യമായ അറിവാണ്. ഇബ്‌റാഹീം നബി എത്ര സുന്ദരമായാണ് പ്രപഞ്ചസ്രഷ്ടാവിന്റെ അനുഗ്രഹങ്ങളിലൂടെ അവനെക്കുറിച്ചുള്ള കൃത്യമായ ബോധം അവരിൽ ഉണ്ടാക്കാൻ ശ്രമിച്ചത് എന്ന കാര്യം ക്വുർആനിലൂടെ നമുക്ക് വായിച്ചറിയാനാകും:

“എന്നാൽ അവർ (ദൈവങ്ങൾ) എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാർഗദർശനം നൽകിക്കൊണ്ടിരിക്കുന്നവൻ. എനിക്ക് ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ. പ്രതിഫലത്തിന്റെ നാളിൽ ഏതൊരുവൻ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാൻ ആശിക്കുന്നുവോ അവൻ’’ (26:77-82).

ഇബ്‌റാഹീം(അ) താമസിച്ച നാട്ടിലെ ഭരണാധികാരിയോടും ശക്തമായ ആശയസംവാദമാണ് നട ത്തിയത്: “ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തിൽ തർക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നൽകിയതിനാലാണ് (അവനതിന് മുതിർന്നത്). എന്റെ നാഥൻ ജീവിപ്പിക്കു കയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോൾ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവൻ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: ‘എന്നാൽ അല്ലാഹു സൂര്യനെ കിഴക്കുനിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറുനിന്ന് കൊണ്ടുവരിക.’ അപ്പോൾ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേർവഴിയിലാക്കുകയില്ല’’ (2:258).

അവസാനം ആ ആദർശധീരനെ ഈ ഭൂമുഖത്തുനിന്ന് തീയിലെറിഞ്ഞ് ഇല്ലാതാക്കാൻ ശത്രുക്കൾ ഒന്നിച്ചു. പക്ഷേ, ഒരു രോമകൂപത്തിന് പോലും പോറലേൽക്കാതെ ആദർശപിതാവിനെ അല്ലാഹു സംരക്ഷിച്ചു:

“അവർ പറഞ്ഞു: ‘നിങ്ങൾക്ക് (വല്ലതും) ചെയ്യാനാകുമെങ്കിൽ നിങ്ങൾ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.’ നാം പറഞ്ഞു: ‘തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക’’ (21: 68-69).

പരീക്ഷണങ്ങളുടെ പിന്തുടർച്ച

തൗഹീദിന്റെ ആദർശ പ്രബോധനത്തിനായി അഗ്‌നിപരീക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ആ പ്രവാചകൻ കുടുംബജീവിതത്തിലും വലിയ പരീക്ഷണങ്ങളാണ് നേരിട്ടത്. ഇബ്‌റാഹീം നബിയുടെ ആദ്യഭാര്യ വന്ധ്യയായിരുന്നു. അവർക്ക് ഈജിപ്തിൽവച്ച് ലഭിച്ച അടിമ സ്ത്രീയായിരുന്നു ഹാജർ. തങ്ങൾക്ക് ഒരു ഓമന പുത്രനെ കാണുവാൻ കഴിഞ്ഞെങ്കിലോ എന്ന ആഗ്രഹത്തോടെ അവർ ഹാജറിനെ ഭാര്യയാക്കാൻ പ്രവാചകനോടാവശ്യപ്പെട്ടു. അങ്ങനെ ഇബ്‌റാഹീം നബിയുടെ രണ്ടാമത്തെ ഭാര്യയായ ഇവരിൽനിന്നാണ് മൂത്ത പുത്രനായ ഇസ്മാഈൽ(അ) ജനിക്കുന്നത്. പ്രായം ഏറെ ചെന്ന് ജരാനരകൾ ബാധിച്ചിട്ടുകൂടി പ്രതീക്ഷ കൈവിടാതെ ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ടിരുന്നു:

“എന്റെ രക്ഷിതാവേ, സദ്‌വൃത്തരിൽ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോൾ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു’’ (37: 100, 101).

മലക്കുകൾ മനുഷ്യരൂപത്തിൽ ഇബ്‌റാഹീം നബി(അ)യുടെ അടുക്കൽ വന്ന സന്ദർഭവും ക്വുർആൻ വിവരിക്കുന്നുണ്ട്: “നമ്മുടെ ദൂതൻമാർ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാർത്തയും കൊണ്ട് വരികയു ണ്ടായി. അവർ പറഞ്ഞു: ‘സലാം.’ അദ്ദേഹം പ്രതിവചിച്ചു: ‘സലാം.’ വൈകിയില്ല; അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു. എന്നിട്ട് അവരുടെ കൈകൾ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് അവരുടെ കാര്യത്തിൽ പന്തികേട് തോന്നുകയും അവരെപ്പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവർ പറഞ്ഞു: ‘ഭയപ്പെടേണ്ട; ഞങ്ങൾ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.’ അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബിയുടെ) ഭാര്യ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ചിരിച്ചു. അപ്പോൾ നാം (അല്ലാഹു) അവർക്ക് ഇസ്ഹാക്വിനെപ്പറ്റിയും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വൂബി നെപ്പറ്റിയും നാം സന്തോഷവാർത്ത അറിയിച്ചു. അവൾ പറഞ്ഞു: ‘കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്റെ ഭർത്താവ് ഇതാ ഒരു വൃദ്ധൻ! തീർച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.’ അവർ (ദൂതൻമാർ) പറഞ്ഞു: ‘അല്ലാഹുവിന്റെ കൽപനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീർച്ചയായും അവൻ സ്തുത്യർഹനും മഹത്ത്വമേറിയവനും ആകുന്നു’’ (11:69 -73).

അങ്ങനെ കഠിനമായ പരീക്ഷണ കാലയളവിനൊടുവിൽ വർധക്യത്തിൽ ആ പ്രവാചകന് ഇസ്മാഈൽ എന്ന സന്താനമുണ്ടായി. പക്ഷേ, അവിടംകൊണ്ടും പരീക്ഷണം അവസാനിച്ചില്ല. ആ മകനെ ബലിയറുക്കാൻ റബ്ബിന്റെ കൽപനയുണ്ടായി. സന്താന സൗഭാഗ്യത്തിന് വാർധക്യം വരെ കാത്തിരിക്കേണ്ടി വന്ന ഇബ്‌റഹീം നബിക്ക് അത് വലിയൊരു ത്യാഗം തന്നെയായിരുന്നു. പക്ഷേ, അതിലും ആ മഹാനു ഭാവൻ പരാജയപ്പെട്ടില്ല.

അല്ലാഹു പറയുന്നു: “എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തി യപ്പോൾ അദ്ദേഹം പറഞ്ഞു: ‘എന്റെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു. അതുകൊണ്ട ് നോക്കൂ; നീ എന്താണ് അഭിപ്രായപ്പെടുന്നത്?’ അവൻ പറഞ്ഞു: ‘എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരു ടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്.’ അങ്ങനെ അവർ ഇരുവരും (കൽപനക്ക്) കീഴ്‌പെടുകയും, അവനെ നെറ്റി(ചെന്നി)മേൽ ചെരിച്ചുകിടത്തുകയും ചെയ്ത സന്ദർഭം! നാം അദ്ദേഹത്തെ വിളി ച്ചുപറഞ്ഞു: ‘ഹേ, ഇബ്‌റാഹീം! തീർച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീർച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്. തീർച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. അവന്ന് പകരം ബലിയർപ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നൽകുകയും ചെയ്തു. പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സൽകീർത്തി നാം അവശേഷിപ്പിക്കുക യും ചെയ്തു. പിൽക്കാലക്കാരിൽ അദ്ദേഹത്തിന്റെ (ഇബ്‌റാഹീമിന്റെ) സൽകീർത്തി നാം അവശേഷിപ്പിക്കു കയും ചെയ്തു. ഇബ്‌റാഹീമിന് സമാധാനം! അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്. തീർച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസൻമാരിൽ പെട്ടവനാകുന്നു’’ (37:102-111).

കഅ്ബയുടെ പുനർനിർമാണം

ലോക മുസ്‌ലിംകളുടെ ക്വിബ്‌ലയായ മക്കയിലുള്ള കഅ്ബയുടെ പുനർനിർമാണവും നടന്നത് ആ പ്രവാചക ശ്രേഷ്ഠന്റെ കരങ്ങളിലൂടെയാണ്: “തീർച്ചയായും മനുഷ്യർക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമ ത്തെ ആരാധനാമന്ദിരം ബക്കയിൽ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകർക്ക് മാർഗദർശകമായും (നിലകൊള്ളുന്നു)’’ (3:96).

“ആ ഭവനത്തെ (കഅ്ബയെ) ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓർക്കുക). ഇബ്‌റാഹീം നിന്ന് പ്രാർഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര (പ്രാർഥന) വേദിയായി സ്വീകരിക്കുക. ഇബ്‌റാഹീമിന്നും ഇസ്മാഈലിന്നും നാം കൽപന നൽകിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്ന(പ്രാർഥിക്കുന്ന)വർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കി വെക്കുക എന്നായിരുന്നു. എന്റെ രക്ഷിതാവേ, നീ ഇതൊരു നിർഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരിൽനിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാർഥിച്ച സന്ദർഭവും (ഓർക്കുക). അല്ലാഹു പറഞ്ഞു: ‘അവിശ്വസിച്ചവന്നും (ഞാൻ ആഹാരം നൽകുന്നതാണ്). പക്ഷേ, അൽപകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാൻ നൽകുക. പിന്നീട് നരകശിക്ഷ ഏൽക്കാൻ ഞാൻ അവനെ നിർബന്ധിതനാക്കുന്നതാണ്. (അവന്ന് ) ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ. ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടിയുയർത്തിക്കൊണ്ടിരുന്ന സന്ദർഭവും (അനു സ്മരിക്കുക). (അവർ ഇപ്രകാരം പ്രാർഥിച്ചിരുന്നു:) ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്ക്കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ അത്യ ധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക്(ഞങ്ങളുടെ സന്താനങ്ങൾക്ക്) നിന്റെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽനിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു’’ (2:125-129).