മതനിരപേക്ഷ ഇന്ത്യയോട് സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്
മുജീബ് ഒട്ടുമ്മൽ
2026 ജനുവരി 03, 1447 റജബ് 14

ഹിന്ദു സംസ്‌കാരം ഹിന്ദുസ്ഥാന്റെ ജീവാംശമാണ്. അതിനാൽ ഹിന്ദുസ്ഥാനെ സംരക്ഷിക്കണമെങ്കിൽ ആദ്യം നാം ഹിന്ദു സംസ്‌കാരത്തെ പരിപോഷിപ്പിക്കണമെന്ന് വ്യക്തമാണ്. ഹിന്ദുസ്ഥാനിൽ തന്നെ ഹിന്ദു സംസ്കാരം നശിച്ചാൽ, ഹിന്ദുസമൂഹം ഇല്ലാതായാൽ, ഹിന്ദുസ്ഥാനായി അവശേഷിക്കുന്ന വെറും ഭൂമിശാസ്ത്രപരമായ അസ്തിത്വത്തെ പരാമർശിക്കുന്നത് ഉചിതമല്ല. വെറും ഭൂമിശാസ്ത്രപരമായ പിണ്ഡങ്ങൾകൊണ്ട് രാഷ്ട്രം രൂപപ്പെടില്ല. നമ്മുടെ ഒരു ബഹുമതിയിലും ആരും ദുഷ്ട ദൃഷ്ടി പതിപ്പിക്കാൻ ധൈര്യപ്പെടാത്ത വിധം മുഴുവൻ സമൂഹവും ജാഗ്രതയോടെയും സംഘടിതമായും ആയിരിക്കണം. സംഘടനയിലൂടെ മാത്രമെ ശക്തി ലഭിക്കൂ എന്നത് എല്ലാവരും ഓർമിക്കേണ്ടതാണ്. അതിനാൽ ഹിന്ദു സമൂഹത്തെ ഏകീകരിക്കാൻ പരമാവധി ശ്രമിക്കേണ്ടത് ഓരോ ഹിന്ദുവിന്റെയും കടമയാണ്. സംഘം ഈ പരമോന്നത ദൗത്യം നിർവഹിക്കുകയാണ്. ലക്ഷക്കണക്കിന് യുവാക്കൾ തങ്ങളുടെ മുഴുവൻ ജീവിതവും ആ ലക്ഷ്യത്തിനായി സമർപ്പിക്കുന്നില്ലെങ്കിൽ രാജ്യത്തിന്റെ ഇന്നത്തെ വിധി മാറ്റാൻ കഴിയില്ല. നമ്മുടെ യുവാക്കളുടെ മനസ്സിനെ ആ ലക്ഷ്യത്തിലേക്ക് വാർത്തെടുക്കുക എന്നതാണ് സംഘത്തിന്റെ പരമോന്നത ലക്ഷ്യം.’’
ആർഎസ്എസ് സ്ഥാപകനായ ഡോ.കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ഒരു സുപ്രധാനമായ പ്രസ്താവനയാണ് ഇത്. ആർഎസ്എസിന്റെ രാഷ്ട്രസങ്കൽപം ഈ പ്രസ്താവനയിലൂടെ വ്യക്തമാവുകയാണ്. ഹിന്ദുസംസ്‌കാരവും സമൂഹം നശിച്ചാൽ രാഷ്ട്രം കേവലം ഭൂമിശാസ്ത്രപരമായ പിണ്ഡമായി അവശേഷിക്കും, അതുകൊണ്ട് ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ നിലനിറുത്തണമെന്ന് വാദിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇന്ത്യയുടെ സൗന്ദര്യമായ ബഹുസ്വരതയെ നിരാകരിക്കാനാണിദ്ദേഹം ശ്രമിക്കുന്നത്.
എന്നാൽ ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ മൂപ്പെത്തും മുമ്പ് തന്നെ അധികാരം ലഭിച്ച ആർഎസ് എസ് അച്ചുതണ്ടിന് ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് ഇന്ത്യയെ പറിച്ചുനടാൻ അൽപം പ്രയാസപ്പെടുമെന്ന
ബോധ്യമുണ്ട്. ഇന്ത്യയുടെ പ്രൗഢമായ ഭരണഘടനയും ദീർഘ വീക്ഷണത്തോടെയുള്ള അതിന്റെ ആർട്ടിക്കിളുകളും കാവിരാഷ്ട്രത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ടെന്നാണ് സമീപകാലാനുഭവം. ബഹുസ്വരതയിൽനിന്ന് ഏകാത്മകതയിലേക്ക് പറിച്ചുനടാൻ പെട്ടെന്ന് കഴിയില്ല എന്ന തിരിച്ചറിവാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റ നാഗ്പുരിലെ പ്രഭാഷണം ബോധ്യപ്പെടുത്തുന്നത്.
രാഷ്ട്രം എന്ന ആശയം; പാശ്ചാത്യ രാഷ്ട്രസങ്കൽപത്തിന് മുമ്പുള്ളതാണ് ആർഎസ്എസിന് സ്വീകാര്യം. സംഘർഷത്തിനോ ആക്രമണാത്മക ദേശീയതയ്‌ക്കോ അല്ല, ഐക്യം, കൂട്ടായ പുരോഗതി സഹോദര്യം എന്നിവയാണ് ഇന്ത്യ വിലമതിക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. തർക്കങ്ങളിൽ ഏർപ്പെടുന്നത് ഇന്ത്യയുടെ സ്വഭാവമല്ലെന്നും രാജ്യത്തിന്റെ പാരമ്പര്യം എല്ലായ്‌പ്പോഴും സാഹോദര്യത്തിനും കൂട്ടായ ഐക്യത്തിനും ഊന്നൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചേർത്തു പറയുന്നുണ്ട്. നിഷ്‌കളങ്കമായ ഇന്ത്യൻ മനസ്സുകളെ അപകടകരമായ ബഹുസ്വര നിരാകരണത്തിലേക്കും കാവിരാഷ്ട്രീയത്തിലേക്കും ചേർത്തു പിടിക്കാൻ അദ്ദേഹം അധരങ്ങളിൽ മധുരിക്കുന്ന അക്ഷരങ്ങൾകൊണ്ട് വാചാലമാകുന്നതും ഏറെ കൗതുകം ഉളവാക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് നോക്കൂ:
“ഞങ്ങൾക്ക് ആരുമായും തർക്കങ്ങളില്ല. അത് ഞങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമല്ല. നമ്മുടെ പ്രകൃതിയും സംസ്‌കാരവും ഒരുമിച്ച് പുരോഗമിക്കണം. പല വിദേശ രാജ്യങ്ങളുടെയും സ്ഥിതി ഇതല്ല.’’
സേവാഭാരതി, പഞ്ച് പരിവർത്തൻ പോലെയുള്ള പദ്ധതികൾ മുന്നോട്ട് വെച്ച് സമൂഹത്തിൽ സ്ഥിരപ്രതിഷ്ഠ നേടാനും നുഴഞ്ഞ് കയറാനും ആർഎസ്എസ് ശ്രമിക്കുമ്പോഴും അവരുടെ ഒളിയജണ്ടകൾ പകൽ പോലെ വ്യക്തമാണ്. ആദിവാസികൾക്കിടയിൽ വനവാസി കല്യാൺ ആശ്രം, ചേരിനിവാസികളുടെ സേവാഭാരതി, ഹിന്ദു സേവാ പ്രതിഷ്ഠൻ, കുഷ്ഠരോഗികൾക്കായി ഭാരതീയ കുഷ്ഠ നിവാരക് സംഘ് എന്നീ കൂട്ടായ്മകളിലൂടെ സേവനമുഖമൂടിയണിഞ്ഞാണ് സമൂഹത്തിൽ കയറിയിരിക്കാൻ ശ്രമിക്കുന്നത്. ഹിന്ദുത്വരാഷ്ട്രവും അതിന്റെ ഘടനയും എങ്ങനെയായിരിക്കണമെന്ന് ഹെഗ്‌ഡേവാറിന്റെയും ഗോൾ വാൾക്കറിന്റെയും ദാർശനികതയെ ചുമലിലേറ്റിയാണ് ഇവർ പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവില്ലാത്തവരാണ് ഇവരുടെ കെണിയിൽ അകപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രമാണ് ലക്ഷ്യം

“ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ ഒന്നുകിൽ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരവോടെ നിലനിർത്താനും പഠിക്കണം. ഹൈന്ദവ വംശത്തിന്റെയും സംസ്‌കാരത്തിന്റെയും മഹത്ത്വവൽക്കരണം ഒഴികെ മറ്റൊരു ആശയവും സ്വീകരിക്കരുത്. അതായത് ഈ ദേശത്തോടും അതിന്റെ കാലാകാലങ്ങളായുള്ള പാരമ്പര്യങ്ങളോടും ഉള്ള അസഹിഷ്ണുതയുടെ മനോഭാവവും നന്ദികേടും ഉപേക്ഷിക്കുക മാത്രമല്ല, സ്‌നേഹത്തിന്റെയും ഭക്തിയുടെയും പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കുകയും വേണം. ഒറ്റവാക്കിൽ പറഞ്ഞാൽ അവർ വിദേശികളാകുന്നത് അവസാനിപ്പിക്കണം, അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും കീഴ്‌പ്പെട്ട് ഒന്നും അവകാശപ്പെടാതെ, ഒരു പ്രത്യേക അവകാശവും അർഹിക്കാതെ, പ്രത്യേക പരിഗണനയ്ക്ക് അർഹതയില്ലാത്ത, പൗരാവകാശ ങ്ങൾ പോലും അർഹിക്കാത്ത വിഭാഗമായി രാജ്യത്ത് തുടരാം’’-ഗോൾവാൾക്കറുടെ വചനങ്ങളാണിത്.
ഇന്ത്യൻ രാഷ്ട്രത്തെ പുനർനിർവചിക്കാനുള്ള ആർഎസ്എസിന്റെ രാഷ്ട്രീയപദ്ധതി ഒരു നൂറ്റാണ്ടായി തുടരുന്നു. ചരിത്രത്തിന്റെ വ്യാജവൽക്കരണം ഈ പദ്ധതിയുടെ അവിഭാജ്യഘടകമാണ്. രാഷ്ട്രത്തെ സംബന്ധിച്ച് അവരുടെതായ ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘ് പ്രത്യയശാസ്ത്രക്കാർ നിരന്തരം ചരിത്രത്തെ വളച്ചൊടിക്കുന്നു. അത്തരമൊരു പദ്ധതിയുടെ അനിവാര്യഘടകം പ്രഥമവും പ്രധാനവുമായ ഈ പ്രദേശത്തെ ആദിമ നിവാസികളുടെ പിന്മുറക്കാരാണ് ഈ രാഷ്ട്രം എന്ന വാദമാണ്. ഈ പൊതുപൂർവികരെ ഉപഭൂഖണ്ഡത്തിലെ ആദിമനിവാസികൾ എന്ന് കരുതപ്പെടുന്ന ആര്യന്മാരുമായി തുലനം ചെയ്യുന്നു. ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദിമ നിവാസികളാണെന്നും ഈ രാഷ്ട്രം യഥാർഥത്തിൽ അവരുടെ പിന്മുറക്കാർക്ക് അവകാശപ്പെട്ടതാെണന്നുമുള്ള വീക്ഷണമാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രം എന്ന പരിപ്രേക്ഷ്യത്തിന്റ കേന്ദ്രബിന്ദു. ഈ ഹിന്ദു രാഷ്ട്രത്തിന്റെ സംസ്ഥാപനമാണ് അവരുടെ ആത്യന്തിക ലക്ഷ്യവും.
കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രവർത്തിച്ചുവരികയാണ്. ഇത് രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ പുരോഗമനാശയങ്ങൾക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്നു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് അംഗങ്ങളും ആർഎസ്എസിനെ മഹത്ത്വവൽക്കരിച്ചത് പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഈ സർക്കാറിന്റെ പ്രേരക ശക്തിയായി വർത്തിക്കുന്നത് ആർഎസ്എസ് ആണെന്ന് മുമ്പ് സംശയം ഉണ്ടായിരുന്നവർക്ക് പോലും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളല്ലാത്തവരെല്ലാം വിദേശികളാണെന്ന ആഖ്യാനവും സംഘപരിവാര രാഷ്ട്രീയം മുന്നോട്ടുവെക്കുന്നുണ്ട്.
‘നമ്മുടെ ചരിത്രത്തിൽ, ആയിരത്തിലധികം വർഷത്തെ വിദേശ ഭരണത്തിന്റെ ശേഷവും, ഇന്ത്യ ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുകയാണ്. ഒരു തുറന്ന, സജീവമായ, ചലനാത്മക ജനാധിപത്യ രാജ്യമായി ഇന്ത്യ നിലകൊള്ളുന്നു. ജനാധിപത്യം ഇന്ത്യക്കാർക്ക് ഒരു സമ്മാനമല്ല, അതൊരു പാരമ്പര്യമാണ്.’
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കൻ സന്ദർശനവേളയിൽ യുഎസ് കോൺഗ്രസിന്റ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ഒരു പരാമർശമാണിത്. മുഗളൻമാരിലെ മുസ്‌ലിം ഭരണാധികാരികൾ വിദേശികളാണെന്ന് ധ്വനിപ്പിക്കും വിധമാണ് ഈ സംസാരമെന്നത് അവിതർക്കിതമാണ്. ബ്രിട്ടീഷ് കാലത്തിനു മുമ്പുള്ള ഇന്ത്യയുടെ ചരിത്രത്തെ മതപരമായ സ്വത്വ ലേബലുകൾ ഉപയോഗിച്ച് കാലാനുസൃതമാക്കുകയും ഈ ചരിത്രത്തെ ഹിന്ദു കാലഘട്ടമെന്നും മുസ്‌ലിം കാലഘട്ടമെന്നും വേർതിരിക്കുകയും ചെയ്തത് 19ാം നൂറ്റാണ്ടിലെ കൊളോണിയൽ ചരിത്രരചനയുടെ ഫലമായിട്ടാണ് വിലയിരുത്തുന്നു. ചരിത്രത്തെക്കുറിച്ചുള്ള വർഗീയ രചനകളിൽ പുരാതന ഇന്ത്യയെ ഹിന്ദു നാഗരികതയുമായി തുലനം ചെയ്യുന്നു. മധ്യകാല ഇന്ത്യയെ മുസ്‌ലിം പിടിച്ചടക്കലുകളുടെയും അല്ലെങ്കിൽ അധിനിവേശങ്ങളുടെയും മുസ്‌ലിംകൾക്ക് കീഴ്‌പ്പെട്ടതിന്റെയും കാലഘട്ടമായി ചിത്രീകരിക്കുന്നു. ഇന്ത്യയുടെ പുരാതന ഹിന്ദു നാഗരികതയെ തകർക്കുന്ന ഒരു ഇരുണ്ട യുഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എല്ലാറ്റിലുമുപരി ഇത്തരം ആവിഷ്‌കാരങ്ങളിൽ ബ്രിട്ടീഷ് ഭരണത്തെ സംബന്ധിക്കുന്ന യാതൊരു വിമർശനവും ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഇസ്‌ലാമിക അധിനിവേശക്കാരും ഭരണാധികാരികളും ഹിന്ദുക്കളും തമ്മിലുള്ള സംഘർഷങ്ങൾ മാത്രമാണ് എടുത്തു കാണിച്ചിരിക്കുന്നത്. കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പിന് ഈ ആഖ്യാനത്തിൽ സ്ഥാനമേ ഇല്ല. വർഗീയ രചനയുടെ പതിവ് സവിശേഷതയായി ഈ കാഴ്ചപ്പാടുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം
സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യം ഇന്ത്യയുടെ സൗന്ദര്യമാണ്. ചരിത്രത്തിന്റെ വിവിധ സന്ധികളിൽ പല നാടുകളിൽ നിന്നും ചേക്കേറിയ സമൂഹവും സംസ്‌കാരവും ഇന്ത്യയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ക്രിസ്തുവിന്റ ശിശ്യനായിരുന്ന സെന്റ് തോമസ് എഡി 52ൽ കേരളത്തിലെത്തിയത് മുതൽ ക്രിസ്ത്യാനികൾ ഇന്ത്യയിലുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ട്. പേർഷ്യക്കാരുടെ അതിക്രമം മൂലം വളരെ മുമ്പുതന്നെ ‘സൊറോസ്‌ട്രിയൻസ്’ ഇന്ത്യയിലെത്തിയതായി കരുതപ്പെടുന്നുണ്ട്. 19-20 നൂറ്റാണ്ടുകളിൽ ഇറാനിൽ നടന്ന സംഘർഷങ്ങളെ തുടർന്നാണ് ഇറാനികൾ ഇന്ത്യയിൽ എത്തിയതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. സോളമൻ രാജാവിന്റെ കച്ചവട സംഘത്തോടൊപ്പമായിരുന്നു കൊച്ചിയിലെ ജൂതന്മാരുടെ കടന്നുവരവ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഐബീരിയൻ നാടുകടത്തൽ കാരണമാണ് ജൂതന്മാർ ചെന്നൈയിലേക്ക് കുടിയേറിയത്. എഡി 52ൽ തന്നെ നാഗർകോവിലിലെ ജൂതന്മാർ സെന്റ് തോമസിനോടൊപ്പം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പോർച്ചുഗൽ, ഇറാഖ്, ഇറാൻ, അഫ്ഗാൻ തുടങ്ങിയ
രാജ്യങ്ങളിൽ നിന്നെല്ലാം ജൂതന്മാർ വന്നുചേർന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു. ബെനിമെനാഷകൾ പിൽക്കാലത്ത് ജൂതവിശ്വാസം സ്വീകരിച്ച ഇസ്രായേൽ കൂഖി-മിസോ ഗോത്ര വർഗക്കാരായിരുന്നു. മിസോറാം മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിവാസികൾ കൂടിയാണ് ഈ ഗോത്രവർഗം.

ബഹായി സ്ഥാപകനായ ബഹാഉല്ലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹായി മതം സ്വീകരിച്ച ഹാജി സയ്യിദ് മിർസയുടെയും സയ്യിദ് മുഹമ്മദിന്റെയും കാലഘട്ടത്തിലാണ് ബഹായി മതം ഇന്ത്യയിൽ വേരുറച്ചത്.
ഏഴാം നൂറ്റാണ്ടിൽ തന്നെ ഇസ്‌ലാം കേരളക്കരയിൽ സമാധാനത്തോടെ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്. പ്രവാചകന്റെ കാലത്തുതന്നെ ഇന്ത്യയിൽ ഇസ്‌ലാമിന്റെ വേരോട്ടമുണ്ടായിരുന്നതായും ചരിത്രം വിശകലനം ചെയ്യുന്നുണ്ട്. മധ്യപൗരസ്ത്യ രാജ്യങ്ങൾ റോമക്കാരുടെ ആധിപത്യത്തിൽനിന്ന് വിമോചനം നേടിയപ്പോൾതന്നെ അറബ് സംസ്‌കാരത്തിന്റെ നാമ്പുകൾ പ്രദേശത്ത് തലയുയർത്തി തുടങ്ങിയിട്ടുണ്ട്. അറേബ്യൻ കച്ചവടക്കാരിലൂടെയാണ് കൊടുങ്ങല്ലൂരിലും കൊങ്കണിലും ഗുജറാത്തിന്റെ തീര പ്രദേശങ്ങളിലും ഇസ്‌ലാം വളർന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് മിഷണറികളിലൂടെ ശിയാധാര സാന്നിധ്യം അറിയിച്ചുതുടങ്ങിയത്. ഇവർക്ക് ആരാധനാലയങ്ങൾ നിർമിക്കാനും ഇന്ത്യൻ വനിതകളെ വിവാഹം ചെയ്യാനും അവസരമൊരുങ്ങി. തത്ഫലമായി ഇവിടെ ഒരു ഇന്തോ-അറബ് സമൂഹം രൂപപ്പെട്ടുവന്നു. ബാലം നാഥ് എന്ന പേരിൽ പ്രശസ്തനായ മൗലാ അബ്ദുല്ലയും റുപ്നാഥ് എന്ന മൗലാ നൂറുദ്ദീനും മുൻതസിർ രാജാവിന്റെ കോടതിയിലെത്തുകയും ഇസ്‌ലാം സ്വീകരിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചെത്തി പ്രബോധനം നടത്തുകയും ചെയ്തതോടെയാണ് ബൊഹ്‌റ ധാര ഇവിടെ വേരുപിടിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ തുർക്കി അധിനിവേശത്തോടെ ഇസ്‌ലാം ഉത്തരേന്ത്യയിൽ വ്യാപകമാവുകയും ചെയ്തു.
സിന്ധുനദീതീരം കയ്യേറി ആര്യന്മാർ കൊണ്ടുവന്നതാണ് ഹിന്ദുയിസമെന്ന വാദവും നിലനിൽക്കുന്നുണ്ട്. തീർത്തും പ്രകൃതിപരമായ ആചാരാനുഷ്ഠാനങ്ങളിൽ നിന്നാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാന നിയമങ്ങൾ രൂപപ്പെട്ടതെന്നും പിൽക്കാലത്ത് ബാഹ്യമായ സ്വാധീനങ്ങൾക്ക് വിധേയപ്പെട്ടുവെന്നും നിർവചിക്കാവുന്ന സങ്കരയിനം വാദവും ഹിന്ദുയിസത്തെ കുറിച്ച് ഉന്നയിക്കപ്പെടുന്നു. യഥാർഥത്തിൽ, വ്യത്യസ്ത സ്രോതസ്സുകളോടും പല കാലങ്ങളോടും ബന്ധിക്കുന്ന നിരവധി തത്ത്വസംഹിതകളുടെ സംയോജനമാണ് ഹിന്ദുയിസം. ദ്രാവിഡ മതമെന്ന പേരിൽ പ്രസിദ്ധമായ പ്രകൃതി ആരാധനകൾ അടങ്ങിയ പൂർവവേദാന്ത ഹിന്ദുയിസത്തിന് ആര്യന്മാരുടെ ആഗമനത്തിന് മുമ്പേ ദക്ഷിണേഷ്യയിൽ ഉണ്ടായിരുന്ന ശിലായുഗാനന്തര സംസ്‌കൃതിയുമായി സാമ്യതയുണ്ട്. ബുദ്ധൻ, മഹാവീര തുടങ്ങിയ ചിന്തകരുടെ ആധ്യാത്മിക പാഠങ്ങളിൽനിന്ന് പ്രചോദിതമായാണ് ബി.സി 500 കളിൽ ബുദ്ധമതവും ജൈനമതവും രൂപംകൊണ്ടത്. ഹിന്ദു-മുസ്‌ലിം ഐക്യം പ്രസംഗിച്ച് നടന്ന ഗുരുനാനാക്ക് മുന്നോട്ട് വെച്ച ആശയമായ സിഖ് മതവും ഇവിടെ രൂപം കൊണ്ടിട്ടുണ്ട്. നിരീശ്വരവാദത്തിനും ഇന്ത്യയുടെ മണ്ണിൽ വേരുണ്ട്. ക്‌നാനായ ക്രിസ്ത്യാനികൾ നാലാം നൂറ്റാണ്ടിൽ തന്നെ പേർഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. പ്രകൃതി വിശ്വാസത്തിന്റെ ഭാഗമായി ഗണിച്ചിരുന്ന വിവിധ സമൂഹങ്ങൾവ രെ രാജ്യത്തിന്റെ നാനാതുറകളിലുണ്ടായിരുന്നു. അതിനാൽ കലർപ്പില്ലാത്ത ഇന്ത്യൻ വംശജരെ തിരഞ്ഞിറങ്ങുന്നവർക്ക് ഒരു സമൂഹത്തെ പോലും കണ്ടെത്താൻ സാധിക്കുകയില്ലെന്നതാണ് വസ്തുത. കാരണം ഈ രാജ്യം എല്ലാ മതങ്ങളുടെതുമാണ്. ഒരു പ്രത്യയശാസ്ത്രവും പുറന്തള്ളപ്പെടുന്നില്ല. നിരവധി കുടിയേറ്റങ്ങളുടെ കൂടി ഫലമാണ് ഈ രാജ്യമെന്ന് പഴയകാല സംഭവങ്ങൾ നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഹിന്ദുമതക്കാരല്ലാത്തവരെല്ലാം വിദേശികളാണെന്നും തങ്ങൾ മാത്രമാണ് സ്വദേശികളെന്നും ആണയിടുന്ന ആർഎസ്എസ് സംഘപരിവാര സംഘടനകൾക്ക് ആര്യൻമാരുടെ ആഗമന വാദത്തെ നിരാകരിക്കാനാവില്ല. കാരണം അതാണ് ചരിത്രം. എന്നാൽ ഇത് ബ്രിട്ടീഷുകാരന്റെ ജൽപനങ്ങളാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നവർ വസ്തുനിഷ്ഠമായ ചരിത്രത്തെ ഉൾകൊള്ളാൻ തയ്യാറാവുകയാണ് വേണ്ടത്.
ആര്യൻമാരും വിദേശികൾ തന്നെ
1912ൽ ഇംഗ്ലണ്ടിലെ പിൽട്ട് ഡൗൺ എന്ന സ്ഥലത്ത് മനുഷ്യന്റെയും കുരങ്ങിന്റെയും സവിശേഷതകളുള്ള ഒരു ഫോസിൽ കണ്ടെത്തിയതായി അവകാശപ്പെട്ടു. ഇത് മനുഷ്യപരിണാമത്തിലെ കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള ‘മിസ്സിംഗ് ലിങ്ക്’ (Missing Link) ആണെന്ന് പല ശാസ്ത്രജ്ഞരും അന്ന് വിശ്വസിച്ചു. എന്നാൽ 1953ൽ നടന്ന ആധുനിക പരിശോധനകളിൽ ഇത് ഒരു വ്യാജ ഫോസിലാണെന്ന് തെളിയിക്കപ്പെട്ടു.
പിൽട്ട് ഡൗൺ തട്ടിപ്പ് (Pilt down forgery) എന്ന പേരിൽ ഇത് ദുർഖ്യാതി നേടി. ഏകദേശം 600 വർഷം പഴക്കമുള്ള ഒരു മനുഷ്യന്റെ തലയോട്ടിയും ഒരു ഒറാങ്ങുട്ടാന്റെ താടിയെല്ലും കൂട്ടിച്ചേർത്താണ് ഇത് നിർമിച്ചത്. താടിയെല്ലിലെ പല്ലുകൾ മനുഷ്യന്റെതിന് സമാനമായി തോന്നിക്കാൻ ഫയൽ ഉപയോഗിച്ച് തേച്ചുമിനുക്കിയിരുന്നു. ഈ എല്ലുകൾക്ക് പഴക്കം തോന്നിക്കാനായി പൊട്ടാസ്യം ഡൈക്രോമേറ്റ് (Potassium bichromate) പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് നിറം പിടിപ്പിച്ചിരുന്നു. 40 വർഷത്തോളം ശാസ്ത്രലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ഈ തട്ടിപ്പിന് സാധിച്ചു എന്നത് ഇതിനെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ വ്യാജ രേഖകളിൽ ഒന്നായി കണക്കാക്കുന്നുണ്ട്.
ഇത് പോലെയാണ് ആര്യൻമാർ തദ്ദേശിയരാണെന്ന് തെളിയിക്കാൻ പുരാവസ്തുഗവേഷണങ്ങളിലും മറ്റും ശാസ്ത്രീയമായ തെളിവുകൾ നൽകുന്നിടത്ത് ധാരാളം തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരം ശ്രമങ്ങളും വ്യാജ പ്രവൃത്തികളും ആര്യൻമാർ വിദേശികളാണെന്നും ഇതര ജനവിഭാഗങ്ങളുടെ മേൽ അവർ നടത്തിയ അധിനിവേശങ്ങളുടെ പാപക്കറ കഴുകിക്കളയാനുള്ള ശ്രമങ്ങൾ അവർ വിദേശികളാണെന്ന വസ്തുതയെ കൂടുതൽ ശക്തമാക്കുന്നുവെന്നും വ്യക്തമാകുന്നു. ആര്യസംസ്‌കാരത്തിൻ മഹത്ത്വവൽക്കരണം ലക്ഷ്യമായി ഏറ്റെടുത്തവരാണ് ആര്യൻമാർ തദ്ദേശീയരാണെന്ന വീക്ഷണം മുന്നോട്ട് വെക്കുന്നത്. ശാസ്ത്രമോ മറ്റേതെങ്കിലും വിജ്ഞാനശാഖയോ അൽപം പോലും ഇത്തരം വാദങ്ങളെ പിന്തുണക്കുന്നില്ല.
യഥാർഥത്തിൽ 1922ൽ നടന്ന ഭൂമി ഉൽഖനനത്തിൽനിന്ന് ക്രിസ്തുവിനു 2000 വർഷം മുമ്പ് സിന്ധു നദി തീരങ്ങളിൽ ഉണ്ടായിരുന്ന നാഗരികതയുടെ നിരവധി തെളിവുകൾ പുറത്തുകൊണ്ടുവന്നിരു ന്നു. ആര്യാഗമനത്തിനു മുമ്പ് ജനവിഭാഗങ്ങൾ ഇന്ത്യയിലുണ്ടായിരുന്നു എന്നതിന് തെളിവാണിത്. മോഹൻജദാരോ, ലാഹോർ തുടങ്ങിയ നിരവധി സമാന സ്വഭാവമുള്ള മനുഷ്യ സംസ്‌കാരത്തിന്റെ അടയാളങ്ങൾ ലഭിക്കുകയുണ്ടായി. ഹാരപ്പൻ മുദ്രകൾ സംസ്‌കൃത ഭാഷയിലായിരുന്നില്ല. ആദി ദ്രാവിഡ മുദ്രകളായിരുന്നു അവരുടെത്. ചുടുകട്ടയും ചെമ്പുലോഹവും പരുത്തിത്തുണിയും ഉപയോഗിച്ച സമ്പന്നമായ ഒരു നാഗരിക സമൂഹമായിരുന്നു ഹാരപ്പയിലേതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ലഭിച്ചത്. ക്രിസ്തുവിന് 1500 വർഷങ്ങൾക്കു മുമ്പ് രൂപംകൊണ്ട വൈദിക സംസ്‌കാരം ഭാരതീയ പൈതൃകമല്ല എന്നതിന്റെ തെളിവാണ് സിന്ധുനദീതട സമൂഹങ്ങളെ കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകൾ. പ്രാചീനതയാണ് പൈതൃകത്തിന്റെ മാനദണ്ഡമെങ്കിൽ ഭാരതീയ പൈതൃകം സിന്ധു നദീതടത്തിലെ ദ്രാവിഡ സംസ്‌കാരമാണെന്ന് ഉറപ്പിക്കാൻ ഇത് പര്യാപ്തമൊണ്. ബിസി 1500നടുത്ത് സിന്ധൂ നദീതടത്തിൽ എത്തിയ ആര്യന്മാർ ഒരു സാമൂഹ്യജീവിതക്രമത്തിന് രൂപം നൽകിയതിന്റെ വിവരങ്ങൾ ഋഗ്വേദത്തിലെ വ്യത്യസ്ത മണ്ഡലങ്ങളിൽനിന്ന് ലഭ്യമാണ്. ദേവതകളിൽ പലരും പേർഷ്യൻ പുരാണങ്ങളിൽ സമാനരൂപത്തിൽ പ്രത്യക്ഷമാവുന്നുവെന്നത് തന്നെ ആര്യാഗമനത്തിന്റെ പ്രധാന തെളിവുകളിൽ ഒന്നാണ്. ചരിത്രത്തെയും ശാസ്ത്രത്തെയും ദുർവ്യാഖ്യാനിക്കാതെയും കൃത്രിമത്വം കാണിക്കാതെയും ആര്യമഹത്ത്വം സ്ഥാപിക്കാനാവില്ലെന്ന് അതിന്റെ വക്താക്കളുടെ വാദങ്ങളിലും രചനകളിലൂടെയും വ്യക്തമാകും. മാന്യവും സത്യസന്ധവുമായ സമീപനമാണ് ചരിത്രനിർമിതിക്ക് അനിവാര്യമെന്ന് ഇവർക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതിനു പകരമായി ചരിത്രത്തെ അപനിർമിക്കാനും ദുർവ്യാഖ്യാനിക്കാനും ചരിത്ര കൗൺസിലുകളിൽ ആധിപത്യം പുലർത്തി അധിനിവേശത്തിന്റെ ആവിഷ്‌കാരത്തിനുമാണ് ഇവർ ശ്രമിച്ചത്.
ആര്യന്മാർ പുറത്തുനിന്ന് വന്നവരാണെന്ന ‘ആര്യൻ അധിനിവേശ സിദ്ധാന്തത്തെ’ (Aryan Invasion Theory) ആർഎസ്എസ് പൂർണമായും തള്ളിക്കളയുന്നു. ആര്യന്മാർ ഭാരതത്തിന്റെ ആദിമ നിവാസികളാ ണെന്നും ഭാരതമാണ് അവരുടെ ജന്മദേശമെന്നുമാണ് ഔദ്യോഗിക നിലപാട് സ്വീകരിക്കുന്ന ആർഎസ് എസ് ഇതര വിഭാഗത്തിൽപെട്ടവരെല്ലാം വിദേശികളാണെന്ന് സ്ഥാപിക്കാനാണ് ഇത്തരം വാദങ്ങളുന്നയി ക്കുന്നത്. അസഹിഷ്ണുതയുടെ പ്രചാരണമാണ് പ്രധാനമായും ആര്യ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത്. സംഘപരിവാരങ്ങളുടെ വേരും ആഴ്ന്നിറങ്ങിയത് വിദ്വേഷ രാഷ്ട്രീയത്തിലാണ്. അതിന് വില നൽകേണ്ടി വന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിലെ സംഘടിതവും വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചതുമായ ബുദ്ധമതത്തിനേറ്റ ക്ഷയവും അതിന്റെ പ്രതിഫലനമാണ്. ബ്രാഹ്‌മണ്യ അധികാരവ്യവസ്ഥ ബുദ്ധഭിക്ഷുക്കളെയും അവരുടെ ആവാസ വ്യവസ്ഥകളെയും തകർത്തത് പലപ്പോഴും മുഖ്യധാരയിൽ വിസ്മരിക്കുകയും ദുർവ്യാഖ്യാനം നൽകുകയുമാണ്. മൗര്യ കാലത്തിന് ശേഷം ബ്രാഹ്‌മണാധിപത്യം ഏൽപിച്ച പരിക്കുകളേറെയും ബുദ്ധമത്തിനായിരുന്നു. ബ്രാഹ്‌മണഭരണാധികാരിയായി
രുന്ന പുഷ്യമിത്ര ശുംഖന്റെ നേതൃത്വത്തിൽ വലിയ പട്ടാളം ഇന്നത്തെ സിയാൽകോട്ട് വരെ പ്രകടനമായി ചെന്ന് ബുദ്ധമൊണാസ്റ്ററികളും സ്തൂപങ്ങളും തല്ലിത്തകർത്തത് ‘ദിവ്യാ വാദന’ എന്ന സംസ്‌കൃത കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധഗയയിൽ ബോധിവൃക്ഷം പോലും തകർത്തുകൊണ്ടാണ് ബുദ്ധമതത്തിന്റ അടയാളങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നത്. ആര്യൻമാരുടെ ആഗമനത്തിന് ശേഷമുണ്ടായ വിനാശകരമായ ഗതിക്ക് ഉദാഹരണമാണത്.

