ലിപ്‌സ്റ്റിക്: ചുണ്ടുകളെ ചതിക്കുന്ന ചായങ്ങൾ
ഡോ. ഷഹബാസ് കെ അബ്ബാസ്
2026 ജൂൺ 27, 1448 മുഹർറം 12

ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പണ്ടു മുതലേ എന്ത് വിലകൊടുത്തും സൗന്ദര്യവും ആകർഷണീയതയും നേടുക എന്നത് പൊതുവെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമായ ഒന്നായിരുന്നു. അതിനായി വളരെ വിചിത്രമെന്ന് തോന്നാവുന്ന പല രീതികളും അവർ സ്വീകരി ച്ചിരുന്നു. തിളങ്ങുന്ന കണ്ണുകളും തേജസ്സുള്ള ചർമനിറവും ലഭിക്കാനായി ‘ആർസെനിക്’ എന്ന കൊടിയ വിഷം ഓസ്‌ട്രേലിയയിലെ ചില സ്ത്രീകൾ വിഴുങ്ങിയിരുന്നതായി 1850കളിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മൾ കഴിക്കുന്ന പോഷകങ്ങളെല്ലാം ശരീരത്തിൽനിന്ന് വലിച്ചെടുത്ത്, മെലിഞ്ഞ് കൂടുതൽ സുന്ദരിയാവാം എന്ന ഭ്രാന്തമായ ലക്ഷ്യത്തോടെ ‘ടേപ്‌വേം’ എന്ന ഒരിനം വിരകളുടെ മുട്ടകൾ വിഴുങ്ങുന്നവർ വരെ അക്കാലത്തുണ്ടായിരുന്നു. രൂപവും ഭാവവും മാറിയെങ്കിലും, അത്തരം മാരകമായ സൗന്ദര്യഭ്രമം ഇന്നും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ ഭീകരമായി മാറിയിരിക്കുകയാണ്.
കമ്പോളങ്ങൾ സൃഷ്ടിക്കുന്ന ‘പുതിയ നോർമൽ!’
ഇന്ന് ലിപ്‌സ്റ്റിക് ഉപയോഗിക്കുക എന്നത് വസ്ത്രം ധരിക്കുന്നതുപോലെ നോർമലായ ഒന്നായി മാറിയിരിക്കുന്നു; അല്ല, വിപണി അതിനെ അങ്ങനെ മാറ്റിത്തീർത്തിരിക്കുന്നു. നമ്മുടെ സൗന്ദര്യബോധം നമ്മെ കാണുന്നവരുടെ കണ്ണുകളിലാണ് എന്ന മിഥ്യാധാരണയെ വളരെ വിജയകരമായി സ്ത്രീജനങ്ങളുടെ മനസ്സിൽ സന്നിവേശിപ്പിക്കാൻ സൗന്ദര്യവർധക വസ്തുക്കളുടെ കമ്പോളങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പാർട്ടികളിലും വിവാഹാഘോഷങ്ങളിലും മാത്രമല്ല, മരണവീടുകളിൽ ഏറ്റവും വേണ്ടപ്പെട്ടവരുടെ മൃതദേഹത്തിന് അടുത്തിരുന്ന് കരയുമ്പോൾ പോലും ചുണ്ടിൽ ചായമില്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് പലരും മാറിയിരിക്കുന്നു. ചെറിയ മക്കളെ അണിയിച്ചൊരുക്കുന്ന അമ്മമാർ മുതൽ കുട്ടികൾ അവരുടെ വളർച്ചയിൽ മാതൃകയാക്കുന്ന ‘മോഡേൺ’ വയോധികമാർ വരെ ഈ സംസ്കാരത്തെ സ്വാഭാവികവത്കരിക്കുന്നതിൽ പങ്കാളികളാണ്.
ഇത്തരം സൗന്ദര്യ സങ്കൽപങ്ങളുടെ മായിക വലയങ്ങളിൽപ്പെട്ട്, വിപണി സൃഷ്ടിക്കുന്ന പുതിയ ശീലങ്ങളിലേക്ക് എത്തിപ്പെടാൻ നെട്ടോട്ടമോടുന്ന പുതിയ തലമുറയുടെ മനോഗതിയിൽ നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു സാമൂഹിക വശമുണ്ട്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരും ഭിന്നശേഷി വിഭാഗത്തിലുള്ളവരുമെല്ലാം ഈ പറയപ്പെടുന്ന കൃത്രിമ സൗന്ദര്യത്തിന്റെ ‘നോർമൽ’ മാനദണ്ഡങ്ങൾ പാലിക്കാൻ പല കാരണങ്ങളാൽ കഴിയാത്തവരാകുമല്ലോ. ഇത്തരം വികലമായ സൗന്ദര്യ സങ്കൽപങ്ങൾ, ദുരിതങ്ങൾ പേറി ജീവിക്കുന്ന അവർ സമൂഹത്തിൽ കൂടുതൽ പാർശ്വവത്കരിക്കപ്പെടാനും മുഖ്യധാരയിൽ നിന്നും അകന്നുപോകാനും കാരണമാകുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.
ലിപ്‌സ്റ്റിക്കിന്റെ വ്യാപനം ഒട്ടും നിഷ്‌കളങ്കമല്ല
വാനിറ്റി ബാഗിൽനിന്ന് സ്‌കൂൾ ബാഗിലേക്കും അവിടെനിന്ന് കൊച്ചു വിദ്യാർഥിനികളുടെ പോക്കറ്റുകളിലേക്കുമുള്ള ലിപ്‌സ്റ്റിക് ഉൽപന്നങ്ങളുടെ യാത്ര ഒരിക്കലും യാദൃച്ഛികമല്ല. കേവലം സൗന്ദര്യ പ്രദർശനത്തിനപ്പുറം ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വന്തം അസ്തിത്വത്തിന്റെയുംവരെ പ്രതീകമായി അതിനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള മാർക്കറ്റിങ് തന്ത്രം ഒട്ടും നിഷ്‌കളങ്കവു മല്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായാണ് ഈ മേഖലയിൽ ഇത്രമേൽ സജീവമാകുന്നത്.
ഇന്ന് എൽ.പി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ലിപ്‌സ്റ്റിക്കിന്റെ വിവിധ ഷേഡുകൾ മനഃപാഠമാണ്. അവർ കാണുന്ന സെലിബ്രിറ്റികളുടെ മുഖത്തെ ചായങ്ങളും സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് റീലുകളും "Get Ready With Me’ (GRWM) വീഡിയോകളുമൊക്കെ ഓരോ ദിവസവും താൻ എങ്ങനെയായിത്തീരണമെന്ന് നമ്മുടെ മക്കളെ അക്ഷരാർഥത്തിൽ മസ്തിഷ്‌കപ്രക്ഷാളനം നടത്തുകയാണ്. അതുകൊണ്ടാണല്ലോ ഈയിടെ ഒന്നാം ക്ലാസിലെ ഒരു ടീച്ചർ തന്റെ അനുഭവം പങ്കുവെച്ചപ്പോൾ ‘ഓരോ തവണ ബോർഡിൽ എന്തെങ്കിലും എഴുതാൻ ഞാൻ തിരിയുമ്പോഴേക്കും കുട്ടികൾ ഡെസ്‌കിനടിയിലേക്ക് തലതാഴ്ത്തുകയും പിന്നീട് തല പൊക്കുമ്പോൾ അവരുടെ ചുണ്ടുകൾ ചുവന്ന് തുടുത്തിരിക്കുന്നതും കാണാനായി’ എന്നു പറഞ്ഞത്.
കോവിഡും ‘ലിപ്‌സ്റ്റിക് എഫക്റ്റും’
കോവിഡിന്റെ സമയത്ത് നടന്ന രസകരവും എന്നാൽ പേടിപ്പിക്കുന്നതുമായ ഒരു പഠനം ‘ലിപ്‌സ്റ്റിക് എഫക്റ്റിനെ’ (lipstick effect) കുറിച്ച് പറയുന്നുണ്ട്. ലോക്ക്ഡൗൺ കാലത്തെ ഏകാന്തതയിലും മാസ്‌ക് ധരിക്കേണ്ടിവന്ന സാഹചര്യത്തിലും പോലും, ഡിജിറ്റൽ സ്‌ക്രീനുകളിൽ സ്വന്തം മുഖം നിരന്തരം കണ്ട് തങ്ങളുടെ സ്വാഭാവിക ശരീരപ്രകൃതിയോട് വിരക്തി തോന്നുന്ന ‘ബോഡി ഡിസ്‌മോർഫിയ’ (body dysmorphic disorder) മറികടക്കാൻ സ്ത്രീകൾ ലിപ്‌സ്റ്റിക് പോലുള്ള താൽക്കാലിക ആഡംബരങ്ങളെ അമിതമായി ആശ്രയിച്ചിരുന്നു എന്നാണ് ഈ മനഃശാസ്ത്ര പ്രതിഭാസം വ്യക്തമാക്കുന്നത്. ബാഹ്യസൗന്ദര്യത്തിന് വേണ്ടിയുള്ള ഈ അന്ധമായ ഓട്ടം, ഒടുവിൽ ചുണ്ടുകൾക്ക് നിറം നൽകിയില്ലെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു കടുത്ത മാനസിക അഡിക്ഷനിലേക്കാണ് (cosmetic addiction) മഹാമാരിയുടെ സമയത്ത് പോലും സ്ത്രീസമൂഹത്തെ കൊണ്ടെത്തിച്ചത്.
ലോക്ക്ഡൗൺ കാലത്ത് 30%ത്തോളം വലിയ നഷ്ടമാണ്

സൗന്ദര്യവർധക വസ്തുക്കളുടെ കമ്പോളങ്ങൾക്ക് ആഗോളതലത്തിൽ ഉണ്ടായത്. നഗ്‌നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസും, വെറും അഞ്ചു രൂപ വില വരുന്ന മാസ്‌കുകളും സർവവ്യാപികളായപ്പോൾ കോർപ്പറേറ്റുകൾക്ക് മുഖംപൊത്തി ഓടേണ്ടിവന്നു. എന്നാൽ, തുടർച്ചയായി മാസ്‌ക് ധരിച്ചതുമൂലം ചുണ്ടിന് ചുറ്റും താടിയിലും ഉണ്ടാകുന്ന മുഖക്കുരുവും (maskne) അലർജിയും കോവിഡ് കാലത്ത് വ്യാപകമായിരുന്നു. ഇതിനെ കൂടുതൽ കെമിക്കലുകൾ അടങ്ങിയ ‘മാസ്‌ക്-പ്രൂഫ് ലിപ്‌സ്റ്റിക്കുകളും’ ‘ആന്റി-ആക്‌നെ ഫൗണ്ടേഷനുകളും’ വിപണിയിലിറക്കിക്കൊണ്ടാണ് കോസ്‌മെറ്റിക് ഇന്റസ്ട്രി അന്ന് നേരിട്ടത്. എന്നിരുന്നാലും കോവിഡ് കാലത്തെ വലിയ നഷ്ടത്തിൽനിന്ന് കരകയറാനുള്ള വ്യത്യസ്ത വിപണന തന്ത്രങ്ങൾ ഇന്നും മെനഞ്ഞുകൊണ്ടേയിരിക്കുകയാണവർ.
അറിഞ്ഞു വിഴുങ്ങുന്ന അർബുദകാരികൾ
നിങ്ങളാരെങ്കിലും ഒരു ഫേസ്‌ക്രീമോ മോയിസ്ച്ചറൈസറോ അല്ലെങ്കിൽ ഒരു പുതിയ സോപ്പോ പേസ്റ്റോ വാങ്ങുമ്പോൾ അതിലടങ്ങിയിരിക്കുന്ന ഉള്ളടക്കം എന്താണെന്ന് നോക്കാറുണ്ടോ? നോക്കാറില്ല എന്ന് മാത്രമല്ല, നമ്മുടെ ഈ അജ്ഞതയെ മുതലെടുക്കുന്ന കോസ്‌മെറ്റിക് ഇൻഡസ്ട്രികളുടെ കെണികളിൽ കുടുങ്ങുന്നവരാണ് 90 ശതമാനത്തിലധികം ആളുകളും.
അമേരിക്കയിലെ പ്രശസ്തമായ ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറി നടത്തിയ പഠനമനുസരിച്ച്, ലിപ്‌സ്റ്റിക്കുകൾ സാധാരണ രീതിയിൽ ഉപയോഗിക്കുന്നവർ (average use) ദിവസേന ഏകദേശം 24 മില്ലിഗ്രാം പ്രൊഡക്ട് അറിയാതെ വിഴുങ്ങുന്നുണ്ട്. എന്നാൽ അമിതമായി അല്ലെങ്കിൽ കൂടുതൽ തവണ ഉപയോഗിക്കുന്നവർ (high use) ദിവസേന ഏകദേശം 87 മില്ലിഗ്രാം വരെയാണ് ഉള്ളിലാക്കുന്നത്. ഒരു സ്ത്രീ തന്റെ ജീവിത കാലയളവിൽ ശരാശരി 1.5 മുതൽ 3 കിലോഗ്രാം വരെ ലിപ്‌സ്റ്റിക് (അറിയാതെയെങ്കിലും) ഭക്ഷണത്തോടൊപ്പം വിഴുങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷങ്ങൾ നീളുന്ന ഉപയോഗത്തിലൂടെ കിലോഗ്രാം കണക്കിന് മാരക വിഷാംശങ്ങൾ വൃക്കയടക്കമുള്ള ശരീരത്തിലെ ഓരോ അവയവത്തിലേക്കുമെത്തുന്നു.
സ്ഥിരമായി ലിപ്‌സ്റ്റിക് ഉൾപ്പെടെയുള്ള മേക്കപ്പ് ഉപയോഗിക്കുന്നവരിൽ ഒട്ടനേകം ഗുരുതരമായ ശാരീരിക പാർശ്വഫലങ്ങളാണ് കണ്ടുവരുന്നത്. ഉൽപന്നങ്ങളുടെ നിലവാരം ഉറപ്പാക്കാതെ, സ്വന്തം സ്‌കിൻ ടൈപ്പ് ഏതാണെന്ന് ശ്രദ്ധിക്കാതെ, ബ്രഷുകളും ബ്ലെൻഡറുകളും വൃത്തിയാക്കാതെ, ഉറങ്ങുമ്പോൾ പോലും അവയെ നീക്കം ചെയ്യാതെ വൃത്തിഹീനമായി നടക്കുന്നവരെല്ലാം വിവിധ അർബുദ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ഇനി ഈ പറഞ്ഞ മുൻകരുതലുകളെല്ലാം സ്വീകരിച്ച് ഉപയോഗിച്ചെങ്കിലോ? ലിപ്‌സ്റ്റിക്കിലും മേക്കപ്പിലുമടങ്ങിയ അതിമാരകമായ കെമിക്കലുകൾ അതിനുള്ള ഉത്തരം നൽകും.
മെർക്കുറി, ലെഡ്, കാഡ്മിയം, ക്രോമിയം, അലുമിനിയം തുടങ്ങിയ ഹെവി മെറ്റലുകളാണ് ഇതിലെ പ്രധാന വില്ലന്മാർ. ലിപ്‌സ്റ്റിക്കുകൾ കേടുകൂടാതിരിക്കാനും മൃദുത്വം നൽകാനും ഉപയോഗിക്കുന്ന പാരബെൻസ്, ഫ്താലേറ്റ്‌സ് (parabens, phthalates) പോലുള്ള പ്രിസെർവേറ്റീവുകൾ ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയെ തെറ്റിക്കാൻ (endocrine disruptors) കെൽപ്പുള്ളവയാണ്. ഈ രാസവസ്തുക്കൾ ശരീരത്തിലെ ഇസ്ട്രജൻ അടക്കമുള്ള ഹോർമോണുകളുടെ അളവിൽ വലിയ വ്യതിയാനം വരുത്തുന്നു. ഇത് സ്ത്രീകളിൽ പി.സി.ഒ.ഡി
(PCOD), വന്ധ്യത, സ്തനാർബുദം (breast cancer)എന്നിവയ്ക്കുള്ള സാധ്യത വൻതോതിൽ വർധിപ്പിക്കുന്നു. മാത്രമല്ല, ലിപ്‌സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന സിന്തറ്റിക് ഡൈകളും (synthetic dyes) പെട്രോളിയം ഉപോൽപന്നങ്ങളും ചുണ്ടുകളിലെ മെലാനിൻ ഉൽപാദനം വർധിപ്പിക്കുകയും ഹൈപ്പർപിഗ്മെന്റേഷന് കാരണമാവുകയും ചെയ്യും. ചുരുക്കത്തിൽ, ചുണ്ടുകൾ ചുവപ്പിക്കാൻ തേക്കുന്ന ചായം ഒടുവിൽ അവയുടെ സ്വാഭാവിക നിറം കെടുത്തുന്ന ‘പാണ്ടായി’ മാറുമെന്നാണ് ആധുനികമായ ചില പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
ലിപ്‌സ്റ്റിക്ക് നൽകുന്ന സ്യൂഡോ കോൺഫിഡൻസ്
അമേരിക്കയിൽ ഈയിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്, ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നവരിൽ 49% വനിതകളും ആത്മവിശ്വാസത്തിന് വേണ്ടിയാണ് ഇത് വാരിത്തേക്കുന്നത് എന്നാണ്; 20% പേർ പ്രായമാകുന്നത് മറച്ചുവെക്കാനും. ലിപ്‌സ്റ്റിക്കുകൾ ചുണ്ടുകൾക്ക് നൽകുന്ന ഈ വിവിധ നിറങ്ങൾ, യഥാർഥത്തിൽ സ്ത്രീകൾക്ക് ഒരു ‘സ്യൂഡോ കോൺഫിഡൻസ്’ (വ്യാജ ആത്മവിശ്വാസം) മാത്രമാണ് നൽകുന്നത്. സ്വന്തം സ്വാഭാവിക ശരീരപ്രകൃതിക്കപ്പുറം വിപണി നിശ്ചയിക്കുന്ന കൃത്രിമ സൗന്ദര്യ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമെ തനിക്ക് സമൂഹത്തെ അഭിമുഖീകരിക്കാനാകൂ എന്ന തരത്തിലുള്ള ഒരു താൽക്കാലിക പ്രതിരോധ കവചമാണി(temporary defense mechanism). ഇത് ഉപയോഗിച്ചില്ലെങ്കിൽ എന്റെ കൂട്ടുകാരികൾക്കിടയിൽ ഞാൻ മോശക്കാരിയാകുമോ, എന്നെ കാണുന്ന പുരുഷന്മാർക്കിടയിൽ എനിക്ക് ശ്രദ്ധ ലഭിക്കാതെ പോകുമോ, ലിപ്‌സ്റ്റിക്ക് ഇടാത്ത സമയത്തെങ്ങാനും ആരുടെയെങ്കി ലും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടേണ്ടിവരുമോ എന്നെല്ലാമുള്ള ഭയമാണ് യഥാർഥത്തിൽ അവരെ വേട്ടയാടുന്നത്.
കേവലം ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ കഴുകിയാൽ ഒലിച്ചുപോകുന്ന ഈ വ്യാജ ആത്മവിശ്വാസത്തിന് വേണ്ടി മാരകമായ രാസവസ്തുക്കളെ ദിവസേന ഉള്ളിലാക്കിക്കൊണ്ട് സ്വന്തം ആരോഗ്യം പണയപ്പെടുത്തണോ എന്ന് ഓരോരുത്തരും ഗൗരവമായി ചിന്തിക്കണം. സ്വന്തം ശരീരത്തെയും വർണത്തെയും പ്രകൃത്യാലുള്ള നിമ്‌നോന്നതികളെയും അതിന്റെ സ്വാഭാവികതയിൽ ഉൾക്കൊള്ളാൻ പഠിക്കുകയും, ഇതാണ് എന്റെ നോർമൽ എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ആത്മവിശ്വാസം പാരമ്യത്തിലെത്തുക.

പുരുഷൻമാരും ഇന്ന് സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല. കുറച്ചു മുടി കൊഴിയുമ്പോഴേക്കും എവിടെയെങ്കിലും നരക്കുമ്പോഴേക്കും, പേടിച്ച് ടെൻഷനടിച്ച് ‘എല്ലാം തീർന്നു’ എന്ന് ചിന്തിക്കുകയും എത്ര പണം ചെലവഴിച്ചും അതിനുള്ള പരിഹാരം തേടി അലയുകയും ചെയ്യുന്ന യുവാക്കളും ഈ കമ്പോള സംസ്‌കാരത്തിന്റെ ഇരകളാണ്.
ലിപ്‌സ്റ്റിക്കും മത-ധാർമിക മൂല്യങ്ങളും
വ്യക്തിത്വത്തിന്റെ വിശുദ്ധിയെ കെടുത്തിക്കളയുന്ന ഇത്തരം അമിത മേക്കപ്പ് സംസ്‌കാരം മതപരമായ മൂല്യങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്നതിൽ സംശയമില്ല. സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കുവാനുള്ള അവകാശം, സമൂഹമധ്യെ അവളുടെ രക്ഷകർത്താവിൽ നിന്ന് കരാറിൽ ഏർപ്പെട്ട് അവളെ വിവാഹം കഴിക്കുന്ന ഭർത്താവിന് മാത്രമേയുള്ളൂ എന്നതാണ് മതത്തിന്റെ കാഴ്ചപ്പാട്. സ്വന്തം ഭർത്താവിന് മുന്നിൽ അണിഞ്ഞൊരുങ്ങുന്നതും അതിനായി ശരീരത്തിന് ഹാനികരമല്ലാത്ത സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നതും മതം വിലക്കുന്നില്ല.
ഒരു മുസ്‌ലിം സ്ത്രീയുടെ സൗന്ദര്യം അവൾ പരപുരുഷന്മാർക്ക് മുന്നിൽ കാണിക്കുവാൻ പാടില്ല, മറ്റുള്ളവർക്ക് അങ്ങനെ അവളെ നോക്കാനും മതത്തിൽ അനുവാദമില്ല. ഇസ്‌ലാമിലെ സ്ത്രീയുടെ വസ്ത്രധാരണരീതി പോലും, അവളുടെ സൗന്ദര്യത്തെ കേവലം കച്ചവടച്ചരക്കാക്കി മാറ്റുന്ന പുതിയകാല ഫാഷൻ ഇൻഡസ്ട്രികൾക്കുള്ള മികച്ച മറുപടിയാണ്. ഈ മതനിയമങ്ങൾ അവൾക്കു നൽകുന്ന സംരക്ഷണവും സുരക്ഷിതത്വവും തിരിച്ചറിയാൻ, മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും സ്ത്രീ പീഡനങ്ങളുടെ കണക്കുകളിലെ വ്യത്യാസം മാത്രം പരിശോധിച്ചാൽ മതി.
ബാഹ്യ സൗന്ദര്യത്തിനായി കൃത്രിമ ചായങ്ങളിലൂടെ ശ്രദ്ധനേടാൻ ശ്രമിക്കുന്ന പ്രവണത, വ്യക്തികൾക്ക് സമൂഹത്തിൽ അർഹമായ ബഹുമാനവും അന്തസ്സും ഇല്ലാതാക്കുകയേ ഉള്ളൂ എന്നും തിരിച്ചറിയേണ്ടതുണ്ട്. പല മോശം പേരുകളിലും വിളിക്കപ്പെട്ട്, സ്വന്തം മാന്യത കൈവിട്ടുപോകുന്ന അവസ്ഥ ഒടുവിൽ ആ വ്യക്തിക്ക് മാത്രമല്ല, അവർ ഉൾപ്പെടുന്ന കുടുംബത്തിന് തന്നെയും വലിയ അപമാനം വരുത്തിവെക്കാനിടയാക്കുകയും ചെയ്യും.
പരിഹാരങ്ങൾക്കായി ഒന്നിക്കാം
കൊല്ലം ജില്ലയിൽ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഈയിടെ നടപ്പിലാക്കിയ മാതൃകാപരമായ ‘ലിപ്‌സ്റ്റിക് ഫ്രീ സ്‌കൂൾ’ പ്രഖ്യാപനം ദേശീയ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതു പോലെ, ഇന്ത്യയൊട്ടാകെ കേരളത്തെ മാതൃകയാക്കുന്ന രീതിയിൽ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും ഇത്തരം പ്രതിരോധ പരിപാടികൾ ഏറ്റെടുക്കേണ്ടതുണ്ട്. കേരളത്തിൽ വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയ്ക്കെതിരെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടത്തി വരുന്ന പരിശോധനയായ ‘ഓപ്പറേഷൻ സൗന്ദര്യ’ പോലുള്ള പദ്ധതികൾ ഇനിയുള്ള നാളുകളിൽ കൂടുതൽ കാര്യക്ഷമവും ഊർജിതവുമായി മുന്നോട്ട് കൊണ്ടുപോകേണ്ടതും അനിവാ ര്യമാണ്. ഇതിനോടൊപ്പം തന്നെ വിദ്യാലയങ്ങളിലും വിപണികളിലും ഡ്രഗ്‌സ് കൺട്രോൾ ബ്യൂറോയുമെല്ലാം ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ കൃത്രിമ സൗന്ദര്യ ഭ്രമത്തിന്റെ ഈ കടന്നുകയറ്റത്തെ നമുക്ക് ഒരു പരിധിവരെയെങ്കിലും തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂ.
ഒരു വിദ്യാലയത്തെ ‘ലിപ്‌സ്റ്റിക് ഫ്രീ’ ആയി പ്രഖ്യാപിച്ച ഒരു പ്രധാനാധ്യാപികയുടെ അനുഭവം ഈയിടെ കേൾക്കുകയുണ്ടായി. ആ നിയമം നിലവിൽ വന്നതിന്റെ തൊട്ടടുത്ത ദിവസം ഇതറിയാതെ ‘ടീച്ചർ ട്രെയിനിംഗി’നായി വന്ന ഒരു പെൺകുട്ടി ലിപ്‌സ്റ്റിക്കിട്ട് ക്ലാസിലെത്തിയപ്പോൾ, ഒന്നാം ക്ലാസിലെ കൊച്ചുകുട്ടികൾ വലിയ പ്രതിഷേധവുമായി പ്രധാനാധ്യാപികയുടെ മുറി വളഞ്ഞുവത്രെ! ഈ സംഭവം, നിയമങ്ങൾ കുട്ടികൾ എത്രമാത്രം ഗൗരവത്തോടെയാണ് ഉൾക്കൊള്ളുന്നത് എന്നതിന്റെ തെളിവാണ്. അതുകൊണ്ടുതന്നെ അധ്യാപകർ മാത്രമല്ല, വീട്ടിൽ കുട്ടികൾ ഏറ്റവും കൂടുതൽ അനുകരിക്കുന്ന മാതാക്കളും മൂത്ത സഹോദരിമാരും ഈ സംസ്‌കാരത്തിൽനിന്ന് സ്വയം മാറിനിൽക്കേണ്ടതുണ്ട്; കാരണം, കുട്ടികളിലേക്ക് ഇത്തരം ഉൽപന്നങ്ങളെത്തുന്നത് സ്വന്തം വീടുകളിൽനിന്ന് തന്നെയാണല്ലോ.
അടിസ്ഥാനപരമായി ഓരോ പെൺകുട്ടിയും തിരിച്ചറിയേണ്ട മറ്റൊരു കാര്യമുണ്ട്; നാളെ മണ്ണോട് ചേരേണ്ട നമ്മുടെ ഈ ശരീരത്തെ നാം എത്രമാത്രം തേച്ചുമിനുക്കിയാലും, അപ്രതീക്ഷിതമായി കടന്നുവരുന്ന മരണംവരെയുള്ള ആയുസ്സ് മാത്രമെ അതിനുള്ളൂ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മണ്ണിനടിയിലെ പുഴുക്കൾക്ക് ഭക്ഷണമായി മാറേണ്ട വെറുമൊരു ഭൗതികശരീരത്തെ വൃത്തിയാക്കി നടക്കുക എന്നതിനപ്പുറം, വെളുപ്പിക്കാനും ചുവപ്പിക്കാനും വേണ്ടി പണം ധൂർത്തടിക്കുമ്പോൾ, ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരെ കൂടി നാം ഓർക്കണം. കമ്പോളങ്ങൾ ചുണ്ടിൽ പുരട്ടിത്തരുന്നത് വെറുമൊരു നിറമല്ല എന്നും വരുംതലമുറയുടെ, സ്വാഭാവിക സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം കൂടിയാണ് എന്നും നാം തിരിച്ചറിയണം. സൗന്ദര്യവർധക വസ്തുക്കളോടുള്ള ഈ ഭ്രമത്തിന് വിരാമം കുറിക്കാനും നമ്മുടെ മക്കളെ അതിൽനിന്ന് രക്ഷപ്പെടുത്താനും നമുക്കൊന്നിച്ച് കൈകോർക്കാം.

