നോമ്പ് വിധികളും വിലക്കുകളും

ഹംസ ജമാലി

2026 ഫെബ്രുവരി 14, 1447 ശഅ്ബാൻ 26

ആരാധനകളിൽ അനുഗൃഹീത സ്ഥാനത്താണ്‌ നോമ്പ്; വിശ്വാസികൾക്ക് കിട്ടിയ അമൂല്യ സമ്മാനമാണത്. പക്ഷെ, അറിവില്ലായ്മ മൂലം അതിന്റെ ആത്മാവ് ചോർത്തിക്കളയുന്ന രൂപത്തിലാണ്‌ പലരും നോമ്പനുഷ്ഠിക്കാറുള്ളത്. നോമ്പിന്റെ വിധികളോടൊപ്പം വിലക്കുകളും കൃത്യമായി മനസ്സിലാക്കുമ്പോൾ മാത്രമെ കുറ്റമറ്റ രൂപത്തിൽ ആരാധന നിർവഹിക്കാനാവൂ.

അനുഗൃഹീതവും മഹത്ത്വമേറിയതും സൽകർമങ്ങൾക്ക് വർധിച്ച പ്രതിഫലം ലഭിക്കുന്നതുമായ മാസമാണ് റമദാൻ. വിശ്വാസികൾക്ക് പുണ്യം ചെയ്ത് പ്രതിഫലം വാരിക്കൂട്ടാനായി അല്ലാഹു അനുഗ്രഹിച്ചു നൽകിയ മാസം. വിശുദ്ധി നേടിയ മനസ്സുകൾക്ക് കുളിരും സന്തോഷവും നൽകുന്ന, നോമ്പ് നിർബന്ധമാക്കപ്പെട്ട മാസം; ലോക രക്ഷിതാവിന്റെ ദാനം. ആ പുണ്യമാസം ആഗതമാവുകയായി. ഈ മാസം മുഴുവൻ നിർബന്ധമായും നോമ്പ് നോൽക്കുന്നവരാണ് മുസ്‌ലിംകൾ. നോമ്പിന്റെ വിധികളും വിലക്കുകളുമൊക്കെ മനസ്സിലാക്കി, ഏറ്റവും നന്നായി ആ ആരാധന നിർവഹിക്കാൻ നമുക്ക് സാധിക്കണം. അതിന് സഹായിക്കുന്ന അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ ഉൾപെടുത്തി യിട്ടുള്ളത്. സത്യവിശ്വാസികൾ വിശുദ്ധ റമദാനിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് മനസ്സിലാക്കുകയും അത് കഴിയുന്നത്ര പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്.

റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കാൻ സത്യവിശ്വാസികളോട് അല്ലാഹു കൽപിച്ചിരിക്കുന്നു:

“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്...’’ (2:183,184).

മുഹമ്മദ് നബിﷺ പറഞ്ഞു: “ഇസ്‌ലാം അഞ്ച് കാര്യങ്ങളിന്മേൽ സ്ഥാപിതമായിരിക്കുന്നു. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ്ﷺ അല്ലാഹുവിന്റെ ദൂതനുണെന്നും സാക്ഷ്യം വഹിക്കൽ, നമസ്‌കാരം മുറപ്രകാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കൽ, കഅ്ബയിലേക്കുള്ള തീർഥാടനം’’ (ബുഖാരി: 7, മുസ്‌ലിം: 20).

ത്വൽഹതുബ്‌നു ഉബൈദില്ല(റ) നിവേദനം, ഒരാൾ റസൂലി(ന്റെ) അടുക്കൽ വന്ന് ആവശ്യപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേ, എന്റെ മേൽ നിർബന്ധമാക്കിയ നോമ്പിനെക്കുറിച്ച് എനിക്കു പറഞ്ഞുതന്നാലും. നബിﷺ പ്രതിവചിച്ചു: ‘റമദാൻ മാസത്തിലെ വ്രതം.’ അദ്ദേഹം ചോദിച്ചു: ‘അതല്ലാത്ത മറ്റുവല്ല നോമ്പും എന്റെ മേൽ നിർബന്ധമുണ്ടോ?’ നബിﷺ പറഞ്ഞു: ‘ഇല്ല, നീ ഐച്ഛികമായി ചെയ്യുന്നതൊഴികെ’’ (ബുഖാരി: 1891, മുസ്‌ലിം 100).

വിശുദ്ധ റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കൽ നിർബന്ധവും ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങിലൊന്നും അതിനെ നിഷേധിക്കുന്നവൻ മതത്തിൽനിന്ന് പുറത്തുമാണെന്നതിൽ മുസ്‌ലിം ലോകം ഏകാഭിപ്രായ ത്തിലാണ്.

തന്റെ രക്ഷിതാവിന്റെ തൃപ്തികൊണ്ടും സ്വർഗഭവനം കൊണ്ടും വിജയം കൈവരിക്കുന്നതിന് വേണ്ടി പ്രക്യതിദത്തമായ ലൈംഗികത, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കൽ തുടങ്ങിയവ ഉപേക്ഷിച്ചുകൊണ്ട് രക്ഷിതാവിലേക്ക് അടുക്കുവാനുതകുന്ന ഒരാരാധനയാണ് നോമ്പ്.

ഇതിലൂടെ തന്റെ വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ രക്ഷിതാവിന്റെ ആഗ്രഹങ്ങൾക്കും ഇഹലോകത്തെക്കാൾ പരലോകത്തിനും നോമ്പുകാരൻ പ്രധാന്യം നൽകുന്നു. അതിലൂടെ അവനിൽ തക്വ്‌വ(ഭയഭക്തി)യുണ്ടാകാൻ കാരണമാകുന്നു.

ആർക്കാണ് നിർബന്ധം?

ബുദ്ധിയും ആരോഗ്യവുമുള്ള, നാട്ടിൽ താമസിക്കുന്ന പ്രായപൂർത്തിയായ എല്ലാ മുസ്‌ലിമിന്നും നോമ്പ് നിർബന്ധമാണ്. ബുദ്ധിയില്ലാത്ത ഭ്രാന്തനും ബുദ്ധി നഷ്ടപെട്ടവർക്കും പ്രായാധിക്യംകൊണ്ട് കാര്യബോധമില്ലാത്തവിധം ബുദ്ധിമറിഞ്ഞവർക്കും നോമ്പ് നിർബന്ധമില്ല. അവർ പ്രായച്ഛിത്തം നൽകേണ്ടതുമില്ല.

ന്യായമായ കാരണങ്ങളില്ലാതെ നോമ്പ് ഉപേക്ഷിക്കൽ വലിയ കുറ്റമാണ്. അത്തരക്കാർ നിഷ്‌കളങ്കമായി അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ഉപേക്ഷിച്ച നോമ്പുകളെടുത്തു വീട്ടുകയും ചെയ്യേണ്ടതാണ്.

കുട്ടികളുടെ നോമ്പ്

കുട്ടികൾക്ക് നോമ്പ് നിർബന്ധമില്ല. എന്നാൽ രക്ഷിതാക്കൾ അവരെ നമസ്‌കരിക്കാൻ കൽപിക്കുന്നതു പോലെത്തന്നെ നോമ്പെടുക്കുന്നതിനും അവരെ പരിശീലിപ്പിക്കേണ്ടത് കടമയാണ്.

നോമ്പ് നമ്മുടെ മുൻഗാമികൾക്കും നിർബന്ധമാക്കിയ താണെന്നും, അത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽപ്പെട്ടതാണെന്നും, ശേഷിയുള്ളവരെല്ലാം അത് അനുഷ്ഠിച്ച് പരിചയിക്കേണ്ടതാണെന്നും അവരെ മനസ്സിലാക്കികൊടുക്കുകയും അതിനവരെ പ്രേൽസാഹിപ്പിക്കുകയും വേണ്ടതാകുന്നു.

മക്കളോടുള്ള കാരുണ്യവും വാൽസല്യവുമാണെന്ന് പറഞ്ഞ് തങ്ങളുടെ മക്കളെ നോമ്പെടുക്കുന്നതിൽനിന്നും വിലക്കുന്ന ചില മാതാപിതാക്കളെക്കാണാം. യഥാർഥത്തിൽ കുട്ടികളോട് ഇസ്‌ലാമിന്റെ നിയമങ്ങൾ കൽപിക്കുകയും അതിന്നവരെ ശീലിപ്പിക്കുകയും ഇണക്കമുണ്ടാക്കുകയും ചെയ്യലാണ് അവരോടുള്ള കാരുണ്യം.

എന്നാൽ അവർക്ക് ക്ലേശമോ ഉപദ്രവമോ ആകുകയാണെങ്കിൽ അവരെ നോമ്പെടുക്കാൻ നിർബ ന്ധിക്കാവതല്ലെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു.

പ്രായപൂർത്തിയാകുന്നത് എപ്പോൾ ?

ഇസ്‌ലാമിലെ നിയമങ്ങൾ നിർബന്ധമായും അനുഷ്ഠിച്ചു തുടങ്ങേണ്ട പ്രായമെത്തി(പ്രായ പൂർത്തിയാ)യാൽ നോമ്പ് നിർബന്ധമായിത്തീരുന്നു.

പതിനഞ്ച് വയസ്സ് പൂർത്തിയാവുകയോ ഗുഹ്യരോമം മുളക്കുകയോ ഇന്ദ്രിയം പുറപ്പെടുകയോ ചെയ്താൽ പ്രായപൂർത്തിയായി കണക്കാക്കുന്നു. പെൺകുട്ടികളും ഇക്കാര്യത്തിൽ ആൺകുട്ടികളെ പ്പോലെ തുല്യരാണ്. പക്ഷേ, മേൽ പറഞ്ഞവയല്ലാതെ അവൾക്ക് പ്രായപൂർത്തിയാകാൻ ആർത്തവമുണ്ടാവുക എന്ന നാലമതൊരു കാര്യംകൂടിയുണ്ടെന്ന് മാത്രം.

ഇവയിലേതെങ്കിലുമൊന്ന് സംഭവിച്ചാൽ അത് പെൺകുട്ടി പത്ത് വയസ്സിനു താഴെയാണെങ്കിലും ശരി അവൾക്ക് നോമ്പ് നിർബന്ധമായിത്തീരുന്നതാണ്.

സ്ത്രീകളിലധികപേർക്കും പത്തോ പതിനൊന്നോ വയസ്സാകുമ്പോഴാണ് സാധാരണ ആർത്തവമുണ്ടാവാറുള്ളത്

എന്നതിനാൽ അവൾ കുട്ടിയാണെന്ന ധാരണയിൽ നോമ്പെടുക്കാൻ നിർബന്ധിക്കാതെ വീട്ടുകാർ വിട്ടുവീഴ്ച ചെയ്യാറുണ്ട്. ഇത് തെറ്റായ നടപടിയാകുന്നു. കാരണം പെൺകുട്ടികൾക്ക് ആർത്തവമുണ്ടായാൽ പിന്നെ അവർ പ്രായപൂർത്തിയെത്തിയ സ്ത്രീയാവുകയും ഇസ്‌ലാമിലെ നിയമങ്ങൾ അവൾക്ക് ബാധകമാകുന്നതുമാണ്.

രോഗികളും നോമ്പും

അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ കാരുണ്യമാണ് രോഗികൾക്ക് റമദാനിൽ നോമ്പ് ഉപേക്ഷിക്കാൻ ഇളവുനൽകിയിരിക്കുന്നുവെന്നത്. അല്ലാഹു പറഞ്ഞു :

“നിങ്ങളിൽ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആകുന്ന പക്ഷം മറ്റുദിവസങ്ങളിൽ നിശ്ചിത എണ്ണം പൂർത്തീകരിച്ചുകൊള്ളട്ടെ’’ (2: 185).

രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിന്റെ കാഠിന്യത്തെക്കുറിച്ചും വിശുദ്ധ ക്വുർആനോ സുന്നത്തോ വ്യക്തമാക്കിയിട്ടില്ല. മനസ്സാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടത്.

നോമ്പെടുക്കുന്നത്‌കൊണ്ട് രോഗം മൂർഛിക്കുമെന്നോ നാശമുണ്ടാകുമെന്നോ വിശ്വസ്തനായ ഡോക്ടർ ഉപദേശിക്കുകയാണെങ്കിൽ നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്.

രോഗികളെ രണ്ടായി തിരിക്കാം:

ഒന്ന്) താത്കാലിക രോഗികൾ

സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ള രോഗി. ഉദാഹരണത്തിന് നോമ്പുദിനങ്ങളിൽ ഒരാഴ്ച പനി ബാധിച്ചു. ഇവർ രോഗസമയത്ത് നോമ്പ് ഒഴിവാക്കി അത്രയും ദിവസങ്ങൾ പിന്നീട് നോറ്റ് വീട്ടേണ്ടതാണ് .

രണ്ട്) നിത്യരോഗികൾ

തളർവാതം പോലെയുള്ള രോഗങ്ങൾ മുഖേന ശയ്യാവലംബികളായവർ: ഇവർക്ക് നോമ്പുപിടിക്കാൻ സാധിക്കുകയില്ല. പിന്നീട് നോറ്റുവീട്ടലും സാധാരണ ഗതിയിൽ വിഷമകരമായതിനാൽ പ്രായച്ഛിത്തം നൽകാവുന്നതാണ്.

ഗർഭിണികൾ, മുലയൂട്ടുന്നവർ

സ്വന്തം ആരോഗ്യത്തിനോ കുട്ടികളുടെ ആരോഗ്യത്തിനോ ദോഷം ചെയ്യുമെന്ന് ഭയപ്പെട്ടാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന ഉമ്മമാർക്കും നോമ്പിന്റെ നിർബന്ധത്തിൽ ഇളവനുവദിച്ചിട്ടുണ്ട്.

ഇവിടെ രണ്ട് വിഭാഗം സ്ത്രീകളെകാണാം. ഒന്നുകിൽ ഇളവ് ഉപയോഗപ്പെടുത്താതെ പ്രയാസ മനുഭവിച്ചും ബുദ്ധിമുട്ടിയും നോമ്പെടുക്കുന്ന വിഭാഗം. മറ്റൊന്ന് ഗർഭിണികളോ മുലയൂട്ടുന്നവരോ ആണ് എന്ന ഒറ്റക്കാരണത്താൽ നോമ്പ് ഒഴിവാക്കുന്നവർ. ഈ രണ്ടു നിലപാടുകളും തെറ്റാണ്. ഇത്തരം പ്രശ്‌നങ്ങളിൽ ഡോക്ടർമാരുടെയോ മതപണ്ഡിതരുടെയോ സഹായം തേടൽ ആവശ്യമാണ്.

ഇതിൽ ഏതായാലും ശരി, മുലയൂട്ടുന്ന സ്ത്രീ നോമ്പെടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ നോമ്പു തുറന്നതിന്റെയും അത്താഴത്തിനുമിടയിൽ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളുമടങ്ങിയ നല്ല ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യേണ്ടതാകുന്നു. നോമ്പുകാരിയായിരിക്കുകയാണെങ്കിലും കുട്ടിക്ക് മുലകൊടുത്തുകൊണ്ടിരിക്കേണ്ടതാണ്. ഇനി നോമ്പെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുകയാണെ ങ്കിൽ ഡോക്ടറുടെ നിർദേശം തേടുകയും ചെയ്യേണ്ടതുണ്ട്.

ഗർഭിണിയെ സംബന്ധിച്ചിടത്തോളം അവൾക്ക് നോമ്പെടുക്കാവുന്നതാണ്. പ്രാതലും അത്താഴ വുമായി രണ്ട്‌സമയം ശരിയാവണ്ണം ആഹാരം കഴിക്കുന്നത് അവൾക്കും ഗർഭസ്ഥശിശുവിനും മതിയാകുന്നതാണ്. എന്നാൽ വിദഗ്ധനായ ഡോക്ടർ മാതാവിനോ ഗർഭസ്ഥ ശിശുവിനോ ദോഷം ചെയ്യുമെന്ന് നിർദേശിച്ചാൽ നോമ്പ് ഒഴിവാക്കേണ്ടതാണ്.

ചുരുക്കത്തിൽ സ്ത്രീകൾ ഗർഭിണികളോ മുലയൂട്ടുന്നവരോ ആരായാലും അവർ റമദാനിലെ നോമ്പെടുക്കാൻ കഴിയുമോ ഇല്ലേ എന്ന് അവരെ പരിശോധിക്കുന്ന ഡോക്ടറോട് അന്വേഷിച്ച് തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ നോമ്പെടുക്കാനുള്ള ആരോഗ്യമില്ലാത്ത സ്ഥിതിക്ക് ഇവർ നോമ്പ് ഒഴിവാക്കി പിന്നീട് നോറ്റു വീട്ടുകയാണ് വേണ്ടത്. പ്രായച്ഛിത്തം നൽകേണ്ടതില്ല.

യാത്രക്കാർ

രോഗികളേപോലെ യാത്രക്കാരെയും അല്ലാഹു നോമ്പിന്റെ നിർബന്ധത്തിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. നഷ്ടപ്പെട്ട നോമ്പുകൾ പിന്നീട് നോറ്റുവീട്ടുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു :

“നിങ്ങളിൽ ആരെങ്കിലും രോഗിയോ യാത്രക്കാരനോ ആകുന്നപക്ഷം മറ്റുദിവസങ്ങളിൽ നിശ്ചിത എണ്ണം പൂർത്തീകരിച്ചുകൊള്ളട്ടെ’’ (2:185).

ഒരിക്കൽ ഹംസത്തുൽ അസ്‌ലമി(റ) നബിﷺയോട് ചോദിച്ചു: “പ്രവാചകരേ, യാത്രയിൽ നോമ്പെടുക്കാനുള്ള കഴിവുണ്ടായിരിക്കെ, ഞാൻ നോമ്പെടുക്കുന്നതിന് വിരോധമുണ്ടോ?’’ നബിﷺ പറഞ്ഞു: ‘യാത്രയിൽ നോമ്പുപേക്ഷിക്കാമെന്നത് അല്ലാഹുവിങ്കൽ നിന്നുള്ള ഒരിളവാണ്. ആരെങ്കിലും അത് സ്വീകരിക്കുന്നുവെങ്കിൽ അത്രയും നല്ലത്. ആരെങ്കിലും നോമ്പനുഷ്ഠിക്കുന്നുവെങ്കിൽ അവന് കുറ്റമില്ല’’ (മുസ്‌ലിം: 1121).

അബൂസഈദുൽ ഖുദ്‌രിയ്യ്(റ) പറയുന്നു: “ഞങ്ങൾ റമദാനിൽ റസൂലിﷺന്റെ കൂടെ യുദ്ധത്തിന് പോകാറുണ്ടായിരുന്നു. ഞങ്ങളിൽ വ്രതമെടുക്കുന്നവരും വ്രതമെടുക്കാത്തവരുമുണ്ടായിരുന്നു. എന്നാൽ വ്രതമെടുക്കാത്തവർ എടുത്തവരെയോ നോമ്പെടുത്തവർ എടുക്കാത്തവരെയോ ആക്ഷേപിച്ചിരുന്നില്ല. ശക്തിയുണ്ടെന്ന് തോന്നുന്നവർ നോമ്പെടുക്കുന്നപക്ഷം അത് നല്ലതുതന്നെ. ദൗർബല്യം അനുഭവപ്പെടു ന്നവർ നോമ്പുപേക്ഷിക്കുന്നപക്ഷം അതും നല്ലതുതന്നെ (എന്നായിരുന്നു അവരുടെ നിലാട്).’’

ചുരുക്കത്തിൽ, യാത്രക്കാർക്ക് നോമ്പുപേക്ഷിക്കാൻ ഇളവുണ്ട്. അതോടൊപ്പം വ്രതം വിഷമമാ വുകയും ബുദ്ധിമുട്ടാവുകയും ചെയ്യുന്ന പക്ഷം നോമ്പുപേക്ഷിക്കുകയും അല്ലാത്തപക്ഷം നോമ്പു ടുക്കുന്നതുമാകും ഉത്തമം. കാരണം യാത്ര വളരെ ക്ലേശകരമായിട്ടും നോമ്പെടുത്തവരെക്കുറിച്ച് റസൂൽ ﷺ പറഞ്ഞത്; ‘അവരാണ് ധിക്കാരം പ്രവർത്തിച്ചവർ, അവരാണ് ധിക്കാരം പ്രവർത്തിച്ചവർ (എന്നായിരുന്നു)’’ (മുസ്‌ലിം: 1114).

യാത്രാ ദൈർഘ്യത്തെക്കുറിച്ച് പ്രമാണങ്ങളിൽ വ്യക്തമായി പറയപ്പെടാത്തതിനാൽ നമസ്‌കാരം ചുരുക്കി (ഖസ്വ്‌റാക്കി) നമസ്‌കരിക്കാവുന്ന, പതിവനുസരിച്ച് ‘യാത്രക്കാരൻ’ എന്ന് പറയാവുന്ന ദൂരം യാത്രയ്ക്കുണ്ടെങ്കിൽ ഈ ഇളവ് എടുക്കാവുന്നതാണ്.

ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നു: “നോമ്പ് ഉപേക്ഷിക്കാവുന്ന യാത്രയുടെ ദൂരപരിധി പ്രവാചകചര്യയിൽ നിശ്ചയിക്കപ്പെട്ടിട്ടില്ല. ദൂരം നർണയിക്കുന്ന വിഷയത്തിൽ ഒരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല’’ (സാദുൽമആദ് 2:52).

ഋതുമതിയും പ്രസവരക്തക്കാരിയും

ആർത്തവകാരിയും പ്രസവരക്തക്കാരിയും നോമ്പെടുക്കൽ ഹറാമാണ്. അവർക്ക് നഷ്ടപ്പെട്ട അത്രയും നോമ്പ് പിന്നീട് നോറ്റുവീട്ടുകയാണ് വേണ്ടത്. ആഇശ(റ) നിവേദനം: “റസൂലിﷺന്റെ കാലത്ത് ഋതുമതികളാകുമ്പോഴുള്ള നോമ്പ് പിന്നീട് നോറ്റുവീട്ടാൻ ഞങ്ങളോട് കൽപിക്കുമായിരുന്നു. എന്നാൽ നഷ്ടപ്പെട്ട നമസ്‌കാരം ചെയ്തുവീട്ടാൻ ഞങ്ങളോട് കൽപിക്കാറുണ്ടായിരുന്നില്ല’’ (ബുഖാരി: 321, മുസ്‌ലിം : 335).

പ്രായച്ഛിത്തം നൽകേണ്ടവർ

നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടാൻ കഴിവുള്ളവർ കഴിയുന്നത്ര എത്രയും പെട്ടെന്ന് നോറ്റു വീട്ടുകയാണ് വേണ്ടത്. അതല്ലാതെ പ്രായച്ഛിത്തം കൊണ്ട് മതിയാവുകയില്ല. നോറ്റു വീട്ടാൻ കഴിയാത്ത പ്രായാധിക്യമുള്ളവരും ശമനം പ്രതീക്ഷയില്ലാത്ത നിത്യരോഗികളുമാണ് പ്രായച്ഛിത്തം നൽകേണ്ടത്. അല്ലാഹു പറയുന്നു :

“ഞെരുങ്ങിക്കൊണ്ട് മാത്രം അതിന് (നോമ്പിന്) സാധിക്കുന്നവർ ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നൽകേണ്ടതാണ്’’(2:184).

ഇവർ ഓരോ നോമ്പിനും ഒരു സാധുവിന് എന്ന തോതിൽ ഭക്ഷണം പ്രായച്ഛിത്തമായി നൽകുകയാണ് വേണ്ടത്. റമദാനിലെ ഓരോ ദിവത്തിനും ഒരു സാധുവിനെ ഭക്ഷിപ്പിക്കുകയോ, അതല്ലെങ്കിൽ ഒരു നോമ്പിനു പകരം ഒരു സാധുവിനുള്ള ഭക്ഷണമെന്ന നിലയ്ക്ക് ഏകദേശം 750 ഗ്രാം അരി ദാനം നൽകുകയോ വേണം. ഓരോ നോമ്പിനുള്ളതും അന്നന്നോ അതല്ലെങ്കിൽ റമദാനിന്റെ അവസാനം ഒന്നിച്ചോ വിതരണം ചെയ്യാവുന്നതാണ് .

നോമ്പിന്റെ മര്യാദകൾ

1. നിയ്യത്ത്

ഇസ്‌ലാമിലെ എല്ലാ കർമങ്ങൾക്കും നിയ്യത്ത് ആവശ്യമാണെന്നപോലെ നോമ്പിനും നിയ്യത്ത് നിർബന്ധമാണ്. നബിﷺ പറഞ്ഞു:

“കർമങ്ങൾ ഉദ്ദേശ്യങ്ങളനുസരിച്ച് മാത്രമാണ്. ഏതൊരാൾക്കും (തന്റെ കർമം കൊണ്ട്) അയാൾ ഉദ്ദേശിച്ചതെന്തോ അതു മാത്രമാണുണ്ടാകുക’’ (ബുഖാരി:1, മുസ്‌ലിം: 3530).

ഞാൻ നാളെ നോമ്പെടുക്കുന്നവെന്ന് മനസ്സിൽ കരുതലാണ് നിയ്യത്ത്; അതാണ് നബിചര്യ. നാവുകൊണ്ട് പറയേണ്ടതില്ല. ഇമാം നവവി(റഹി) പറഞ്ഞതായി ഇബിനു ഹജർ(റഹി) പറയുന്നു: “നിയ്യത്ത് എന്നാൽ ഉദ്ദേശിക്കലാണ്; അത് മനസ്സിന്റെ ഉറപ്പാണ്’’ (ഫത്ഹുൽബാരി: 1/152).

എന്നാൽ ‘നവയ്തു സൗമ ഗദിൻ’ എന്ന് തുടങ്ങുന്ന വരികൾ തറാവീഹ് നമസ്‌കാരശേഷം ഇമാം ചൊല്ലിപ്പറയുകയും മറ്റുള്ളവർ ഏറ്റുപറയുകയും ചെയ്യുന്ന സമ്പ്രദായം ഉത്തമരായ സഹാബികളിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഉപേക്ഷിക്കൽ നിർബന്ധമാണ്. അങ്ങനെയൊരു നിയ്യത്തിന്റെ പദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിർബന്ധ നോമ്പിന് പ്രഭാതത്തിനു മുമ്പുതന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. നബിﷺ പറഞ്ഞു : “നോമ്പെടുക്കാൻ പ്രഭാതത്തിനു മുമ്പായി തീരുമാനമെടുക്കാത്തവന് നോമ്പില്ല’’ (തിർമിദി: 662).

ഇബ്‌നു ഉമർ(റ) നിവേദനം; നബിﷺ പറഞ്ഞു: “നോമ്പെടുക്കാൻ രാത്രിയിൽ തീരുമാനമെടുക്കാ ത്തവന് നോമ്പില്ല’’ (അബൂദാവൂദ്: 2454).

2) അത്താഴം.

അത്താഴം കഴിക്കൽ സുന്നത്താകുന്നു. അത് ഉപേക്ഷിക്കുന്നതുകൊണ്ട് കുറ്റക്കാരനാകുകയില്ല. എന്നാൽ നബിﷺ അതിന് ഏറെ പ്രേരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: “നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയമായും അത്താഴത്തിൽ അനുഗ്രഹമുണ്ട്’’ (ബുഖാരി: 183, മുസ്‌ലിം: 1095).

മറ്റൊരിക്കൽ പ്രവാചകൻﷺ പറയുകയുണ്ടായി: “നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയമായും അത് അനുഗൃഹീത ഭക്ഷണമാകുന്നു’’ (സ്വഹീഹുൽ ജാമിഅ്: 4081).

അത്താഴം നോമ്പുകാരന് ശക്തിയും ഉന്മേഷവും നൽകുന്നു. അത്താഴം കഴിക്കുന്നതിലൂടെ പ്രവാചകനെ പിൻപറ്റുകയും കൂടിയാണ് നാം ചെയ്യുന്നത്.

നബിﷺ പറയുകയുണ്ടായി: “അത്താഴം ഒരു അനുഗ്രഹമാകുന്നു. അതിനാൽ ഒരിറക്ക് വെള്ളം ഇറക്കിയിട്ടെങ്കിലും നിങ്ങൾ അത് ഉപേക്ഷിക്കാതിരിക്കുക. എന്തുകൊണ്ടെന്നാൽ അത്താഴം കഴിക്കുന്നവർക്ക് അല്ലാഹുവിന്റെ കാരുണ്യവും മലക്കുകളുടെ പ്രാർഥനയും ഉണ്ടാകുന്നതാണ്’’ (സ്വഹീഹുൽ ജാമിഅ് : 3683).

നബിﷺ പറയുകയുണ്ടായി: “ഒരുവിശ്വാസിയുടെ അത്താഴം ഈത്തപ്പഴമായിരിക്കൽ എത്ര നല്ലതാകുന്നു’’ (അബൂദവൂദ്: 2345).

അത്താഴ സമയം: അർധരാത്രി മുതൽ പ്രഭാതോദയത്തിന് മുമ്പു വരെയുള്ളതാണ് അത്താഴം കഴിക്കേണ്ട സമയം. കഴിയുമെങ്കിൽ രാത്രിയുടെ അവസാന സമയത്തേക്ക് പിന്തിപ്പിക്കുന്നതാകും കൂടുതൽ ഉത്തമം. പ്രവാചകന്റെ അനുചരന്മാർ സമയമായാൽ ഉടനെ നോമ്പു തുറക്കുന്നവരും അത്താഴത്തെ അവസാന സമയത്തേക്ക് പിന്തിപ്പിക്കുന്നവരുമായിരുന്നു (ബൈഹക്വി: 4/238).

പ്രഭാതോദയമായെന്ന് ഉറപ്പായാൽ പിന്നെ തിന്നുകയോ കുടിക്കുകയോ പാടില്ല. അല്ലാഹു പറയുന്നു : “പ്രഭാതത്തിന്റെ വെള്ളനൂൽ രാത്രിയുടെ കറുത്തനൂലിൽനിന്ന് നിങ്ങൾക്ക് വേർതിരിഞ്ഞ് കാണാറാകുന്നതുവരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക’’ (ക്വുർആൻ: 2:187).

ബാങ്കുവിളി കേട്ടാലും ഇല്ലെങ്കിലും സമയാവുക എന്നതാണ് മാനദണ്ഡം. പ്രഭാതോദയ സമയം ഇന്ന് വളരെ കൃത്യവും വ്യക്തവുമാണെന്ന നിലയിൽ പള്ളികളിൽനിന്നും ബാങ്കു വിളിക്കുന്നത് സമയ മായതിന് ശേഷവുമാണ് എന്നിരിക്കെ ബാങ്കുവിളിച്ച ശേഷവും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം പാടില്ലാത്തതാകുന്നു. ബാങ്കുവിളിക്കുന്നതിന്റെ അൽപം നേരത്തെ തന്നെ കഴിക്കുന്നതാണ് നബിചര്യ.

അനസ്ബ്‌നു മാലിക്(റ) നിവേദനം; സൈദ്ബ്‌നു സാബിത്(റ) പറയുകയുണ്ടായി: ‘ഞങ്ങൾ റസൂലിﷺന്റെ കൂടെ അത്താഴം കഴിച്ചു. പിന്നീട് നമസ്‌കരിക്കാൻ എഴുന്നേറ്റു. ഞാൻ ചോദിച്ചു: ‘അവ രണ്ടിനുമിടക്ക് എത്ര സമയമുണ്ടായിരുന്നു?’ അദ്ദേഹം പറഞ്ഞു: ‘അമ്പത് ആയത്ത് ഓതുന്ന സമയം’ ( ബുഖാരി: 575, മുസ്‌ലിം: 1097).

3. നോമ്പുതുറക്കൽ

സൂര്യാസ്തമയം ഉറപ്പായാൽ ഉടനെ നോമ്പ് തുറക്കലാണ് നബിചര്യ. നബിﷺ പറഞ്ഞു: “നോമ്പുതുറക്കുവാൻ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങൾ നന്മയിലായിരിക്കും’’ (ബുഖാരി: 1957, മുസ്‌ലിം: 1098).

ജൂത ക്രൈസ്തവർ നോമ്പുതുറക്കുന്നത് പിന്തിക്കലാണ് പതിവ്. അതിനാൽ പ്രവാചകൻ ﷺ നമ്മോട് ധൃതിയിൽ നോമ്പു തുറന്ന് അവർക്കെതിര് പ്രവർത്തിക്കാൻ കൽപിക്കുകയുണ്ടായി. മറ്റൊരിക്കൽ നബിﷺ പറഞ്ഞു: “മൂന്ന് കാര്യങ്ങൾ പ്രവാചകത്വത്തിന്റെ സ്വഭാവങ്ങളിൽ പെട്ടതാണ്. നോമ്പുതുറക്കുവാൻ ധ്യതികാണിക്കൽ, അത്താഴം പിന്തിപ്പിക്കൽ, നമസ്‌കാരത്തിൽ വലതുകൈ ഇടത്തേ കയ്യിന്മേൽ വെക്കൽ’’ (സ്വഹീഹുൽ ജാമിഅ്: 3038).

എങ്ങനെ തുറക്കണം

കഴിയുമെങ്കിൽ ഈത്തപ്പഴംകൊണ്ടാണ് നോമ്പ് തുറക്കേണ്ടത്. അല്ലെങ്കിൽ കാരക്കകൊണ്ടോ അതുമില്ലെങ്കിൽ വെള്ളംകൊണ്ടോ തുറക്കൽ സുന്നത്താകുന്നു. അനസ്(റ) നിവേദനം: “റസൂൽﷺ നമസ്‌കരിക്കുന്നതിന് മുമ്പായി ഏതാനും ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. അതില്ലെങ്കിൽ ഏതാനും ഉണങ്ങിയ കാരക്കകൊണ്ട്. അതുമല്ലെങ്കിൽ അവിടുന്ന് ഏതാനും ഇറക്ക് വെള്ളം കുടിക്കുമായിരുന്നു’’ (അബൂദാവൂദ്: 2356).

പ്രാർഥന

നോമ്പുകാരന്റെ പ്രാർഥന പ്രത്യേകം ഉത്തരം ലഭിക്കപ്പെടുന്നതാണ്. നബിﷺ പറഞ്ഞു: “മൂന്നാളുകളുടെ പ്രാർഥനകൾ തിരസ്‌കരിക്കപ്പെടാത്തതാണ്; പിതാവിന്റെ പ്രാർഥന, നോമ്പുകാരന്റെ പ്രാർഥന, യാത്രക്കാരന്റെ പ്രാർഥന’’ (സിൽസിലതുസ്സ്വഹീഹ: 1797).

നോമ്പുതുറക്കുന്ന സന്ദർഭത്തിലുള്ള പ്രാർഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കപ്പെടുമെന്നതിന് പ്രമാണമില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്ധരണികളും ദുർബലമാകുന്നു. നോമ്പു തുറക്കുമ്പോൾ തനിച്ചോ സംഘടിതമായോ കൈകൾ ഉയർത്തിക്കൊണ്ടുള്ള പ്രാർഥനയും തെളിവില്ലാത്തതാകുന്നു. എന്നാൽ നോമ്പുതുറന്നാൽ താഴെ പറയും പ്രകാരം പ്രാർഥിക്കൽ സുന്നത്താണ്.

ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأجْرُ إن شَاء ٱللّٰهُ

“ദാഹം ശമിച്ചു, ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു’’ (അബൂദാവൂദ്: 2010).

നോമ്പിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ:

1) സംഭോഗം

റമദാനിന്റെ പകലിൽ സംഭോഗം ചെയ്യുന്നതുകൊണ്ട് നോമ്പ് മുറിയുന്നതാകുന്നു. ഇങ്ങനെയുള്ളവർക്ക് അഞ്ചു കാര്യങ്ങളാണുള്ളത്:

1. റമദാനിന്റെ പകലിൽ സംഭോഗം ചെയ്തതിന്റെ കുറ്റം. അതിന് തൗബ ചെയ്യേണ്ടതാകുന്നു.

2. അന്നത്തെ നോമ്പ് മുറിയുന്നു,

3. പകലിലെ ബാക്കി സമയം നോമ്പ് പൂർത്തിയാക്കേണ്ടതാണ്.

4. അന്നത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതാകുന്നു.

5. പ്രായച്ഛിത്തമായി ഒരു അടിമയെ മോചിപ്പിക്കുക. അതിനു കഴിയില്ലെങ്കിൽ രണ്ടുമാസം തുടർച്ചയായി നോമ്പനുഷ്ഠിക്കുക. അതിനും കഴിയാത്തപക്ഷം അറുപത് സാധുക്കൾക്ക് ഭക്ഷണം ദാനം ചെയ്യേണ്ടതാകുന്നു. തന്റെ സമ്മതത്തോടെ സംഭോഗത്തിലേർപ്പെട്ട സ്ത്രീക്കും പ്രായച്ഛിത്തം നിർബന്ധമാണ്. അതല്ല അവൾ നിർബന്ധിക്കപ്പെടുകയാണുണ്ടായതെങ്കിൽ അവൾ പ്രായച്ഛിത്തം നൽകേണ്ടതില്ല.

2) ഇന്ദ്രിയ സ്ഖലനം

ചുംബനം, സ്വയംഭോഗം എന്നിവ നിമിത്തം അറിഞ്ഞുകൊണ്ട് സ്ഖലനമുണ്ടായാൽ നോമ്പു മുറിയും. പിന്നീട് നോറ്റുവീട്ടേണ്ടതാകുന്നു. ഒരാൾ സ്വയംഭോഗം നടത്തി സ്ഖലനമുണ്ടായാൽ അയാൾ അയാളുടെ കാമാസക്തിക്ക് വഴങ്ങുകയാണിവിടെ ചെയ്യുന്നത്.

3) തിന്നുക, കുടിക്കുക.

മനുഷ്യന് ഉപകാരമുള്ളതോ അല്ലാത്തതോ ആയ ഭക്ഷണപാനീയങ്ങളിൽ വല്ലതും അൽപമോ അനൽപമോ ആയാലും ശരി വായയിലൂടെയോ മൂക്കിലൂടെയോ അകത്ത് പ്രവേശിക്കുന്നതുകൊണ്ട് നോമ്പ് മുറിയുന്നതാണ്; അത് അനുവദനീയമായ ഭക്ഷണമാണെങ്കിലും അല്ലെങ്കിലും. പുകവലിക്കുന്നത് നിഷിദ്ധവും ഉപദ്രവമുള്ളതും നോമ്പ് മുറിയുന്നതുമാണ്. അപ്രകാരം ശരീരത്തിന് യാതൊരു ഉപകാരവുമില്ലാത്ത മറ്റുവല്ലതും വിഴുങ്ങുകയാണെങ്കിലും നോമ്പു മുറിയുന്നതാണ്. ഭക്ഷണപാനീയങ്ങൾക്ക് പകരം സ്വീകരിക്കുന്ന ഗ്‌ളൂക്കോസ് പോലുള്ളത് നോമ്പുമുറിക്കുന്നതാണ്.

4) കരുതിക്കൂട്ടിയുള്ള ഛർദി

നബിﷺ പറഞ്ഞു: “വല്ലവനും ഛർദിയുണ്ടായാൽ അവൻ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. എന്നാൽ അറിഞ്ഞുകൊണ്ടു (ഉദ്ദേശ്യപൂർവം) ഛർദിയുണ്ടാക്കുകയാണെങ്കിൽ അവൻ അതു നോറ്റു വീട്ടേണ്ടതാകുന്നു’’ (അബൂദാവൂദ്: 2380, തിർമുദി 716).

5) ഋതുരക്തവും പ്രസവരക്തവും

നോമ്പുകാരിയായിരിക്കെ ഋതുരക്തമോ പ്രസവരക്തമോ ഉണ്ടാവുകയാണെങ്കിൽ അത് അസ്തമയത്തിന്റെ തൊട്ടു മുമ്പാണെങ്കിലും നോമ്പ് മുറിയുന്നതാണ്. അത്രയും ദിവസങ്ങൾ അവർ പിന്നീട് നോറ്റുവീട്ടേണ്ടതാകുന്നു. രാത്രി സമയത്ത് രക്തം നിലയ്ക്കുകയുണെങ്കിൽ പ്രഭാതത്തിൽ കുളിക്കുന്നതുകൊണ്ട് നോമ്പിനെ ബാധിക്കുകയില്ല. എന്നാൽ ഇവരും ജനാബത്തുള്ളവരും അവരുടെ കുളി സൂര്യനുദിച്ച ശേഷം നിർവഹിക്കുന്നതിലേക്ക് പിന്തിപ്പിക്കാവതല്ല. മറിച്ച് അതിന് മുമ്പായിത്തന്നെ കുളിച്ച് സുബ്ഹി നമസ്‌കരിക്കൽ നിർബന്ധമാണ്.

6) അബോധവസ്ഥയുണ്ടാകൽ

പ്രഭാതംമുതൽ പ്രദോഷംവരെ നോമ്പുകാരന് അബോധാവസ്ഥ അനുഭവപ്പെട്ടാൽ അയാളുടെ നോമ്പ് ശരിയാകുകയില്ല അത് പിന്നീട് നോറ്റുവീട്ടേണ്ടതാകുന്നു.