‘ജെൻഡർ’ വിഷയത്തിലെ ഭേദഗതി ബില്ലും പുരോഗമനവാദികളുടെ നിലവിളിയും
ടി.കെ അശ്‌റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
2026 മാർച്ച് 28, 1447 ശവ്വാൽ 06

ട്രാൻസ്ജെൻഡർ നിർണയം മെഡിക്കൽ ബോർഡിന്’ എന്ന തലക്കെട്ടിൽ ‘മാതൃഭൂമി’ പത്രത്തിൽ (14/03/2026) വന്ന ഒരു വാർത്ത വായിക്കാം:
“ന്യൂഡൽഹി: ‘ട്രാൻസ്‌ജെൻഡർ’ നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തിയും ട്രാൻസ്‌ജെൻഡറുകൾക്ക് നേരേയുള്ള അതിക്രമങ്ങൾക്ക് ശിക്ഷാവ്യവസ്ഥകൾ കർശനമാക്കിയുമുള്ള ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ.
പുതുക്കിയ നിർവചനപ്രകാരം വൃത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളും ‘സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളും’ ഉള്ളവരെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഗണത്തിൽ ഉൾപ്പെടുത്തില്ല. പകരം മെഡിക്കൽ ബോർഡ് തീരുമാനിക്കണം. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്രകുമാറാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകപരമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയുമാണ് ഇനി മുതൽ ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ ഉൾപ്പെടുത്തുക.
‘സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വങ്ങളെ’ ഇതിൽനിന്ന് പൂർണമായും ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം.
ഈ നിർവചനപ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തിയായി അംഗീകാരം നൽകുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിന് പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രഭരണ പ്രദേശങ്ങൾക്കോ കീഴിലുള്ള ചീഫ് മെഡിക്കൽ ഓഫീസറുടെയോ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറുടെയോ നേതൃത്വത്തിൽ ഒരു മെഡിക്കൽ ബോർഡിനെ അതോറിറ്റിയായി ചുമതലപ്പെടുത്തും.
നിലവിലുള്ള ബില്ലിലെ സെക്ഷൻ ആറിലാണ് ഇതിനായി ഭേദഗതി വരുത്തിയത്. സെക്ഷൻ 6(4) പ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വ്യക്തിക്ക് ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ ഔദ്യോഗിക രേഖകളിലും ആദ്യനാമത്തിൽ മാറ്റം വരുത്താനാകും.
ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റത്തിന് മെഡിക്കൽ സ്ഥാപനങ്ങൾ നിർബന്ധമായും വിശദാംശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറണമെന്ന് ഭേദഗതിയിൽ നിർദേശിക്കുന്നു.
ഒരു വ്യക്തിയുടെ സ്വത്വത്തെ ആ വ്യക്തിതന്നെ തീരുമാനിക്കുകയെന്ന ആധുനിക, പുരോഗമന കാഴ്‌ചപ്പാടിൽനിന്നുള്ള പുറകോട്ടു പോക്കായാണ് പുതിയ ബില്ലിലെ വ്യവസ്ഥ വ്യാഖ്യാനിക്കപ്പെടുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തിത്വത്തിനു മേലുള്ള കടന്നുകയറ്റമാകുമെന്നും വിമർശനമുണ്ട്.’’
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആദ്യമേ പറയുന്ന കാര്യമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുതിയ ബില്ലിലൂടെ പറഞ്ഞിരിക്കുന്നത്. ജെൻഡർ എന്നത് കേവലം ഒരു ‘സാമൂഹിക നിർമിതി’ മാത്രമാണെന്നും ഒരാൾക്ക് താൻ ആരാണെന്ന് സ്വയം തോന്നുന്നതിനനുസരിച്ച് അത് നിശ്ചയിക്കാമെന്നുമുള്ള വിചിത്രമായ വാദമാണ് കുറച്ചു കാലമായി നമ്മുടെ നാട്ടിൽ ‘പുരോഗമനം’ എന്ന പേരിൽ എഴുന്നള്ളിക്കപ്പെടുന്നത്. ഇത് പറയാൻ എളുപ്പമാണ്, കൗതുകകരമാണ്; എന്നാൽ അതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ അത്രമേൽ വലുതാണ്.
ആണിന് യാതൊരു മാനദണ്ഡവുമില്ലാതെ പെണ്ണാണെന്നും തിരിച്ചും അവകാശപ്പെടാനും അത് അവരുടെ ലിംഗസ്വത്വമായി പരിഗണിക്കാനും തുടങ്ങിയാൽ സമൂഹം തകരും. ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെയുമായിരിക്കും. ഇത് നാം ഏറെക്കാലമായി പറയുന്ന ഒരു വിഷയമാണ്. പ്രായോഗിക തലത്തിൽ ഓരോരുത്തർക്കും തോന്നുന്നത് അവരുടെ ജെൻഡർ ആക്കി അംഗീകരിക്കൽ സാധ്യമല്ല എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ബിൽ. ഗവണ്മെന്റിന് ഇതിന്റെ പ്രത്യാഘാതങ്ങൾ തടയാൻ ഇത്തരമൊരു ഭേദഗതി കൊണ്ടുവരേണ്ടി വന്നു എന്നത് നാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എത്രത്തോളം പ്രസക്തമാണ് എന്നതിന്റെ തെളിവ് കൂടിയാണ്.
ഒരാൾക്ക് ഞാൻ ട്രാൻസ്ജെൻഡർ ആണെന്ന് വെറുതെ തോന്നിയാൽ പോരാ, മറിച്ച് മെഡിക്കൽ ബോർഡിന്റെ ശാസ്ത്രീയമായ പരിശോധനയും സർട്ടിഫിക്കറ്റും ഇനി മുതൽ നിർബന്ധമാണ്. ജെൻഡർ എന്നത് ഓരോരുത്തരുടെ തോന്നലുകൾക്കനുസരിച്ച് മാറുന്ന ഒന്നല്ല എന്ന യാഥാർഥ്യത്തെയാണ് ഈ മാറ്റം അടിവരയിടുന്നത്.
നിയമസഭയിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിലെ യുക്തിശൂന്യത ചൂണ്ടിക്കാണിച്ചപ്പോഴും ‘ജെൻഡർ സാമൂഹിക നിർമിതി തന്നെയാണ്’ എന്ന പിടിവാശിയിലായിരുന്നു നമ്മുടെ സർക്കാർ. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ തലത്തിൽ തന്നെ ശാസ്ത്രീയമായ പരിശോധന വേണമെന്ന നിരീക്ഷണം വന്നപ്പോൾ നമുക്ക് എന്ത് പറയാനുണ്ട് എന്നത് പ്രധാനമാണ്.

ഈ വിഷയത്തിൽ നമ്മുടെ നിലപാട് വളരെ മുമ്പേ വ്യക്തമാക്കിയതാണെന്ന് സൂചിപ്പിച്ചു. ട്രാൻസ്ജെൻഡർ എന്നത് പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കിൽ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവരാണ്. ഇവരെ അവരുടെ മനസ്സിന്റെ തോന്നലുകൾക്കനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാക്കുകയല്ല വേണ്ടത്, മറിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവർത്തിപ്പിക്കാനാവശ്യമായ ചികിത്സയും കൗൺസിലിംഗും നൽകുകയാണ് വേണ്ടത്. ശസ്ത്രക്രിയകൾ പലപ്പോഴും അവരെ കൂടുതൽ മാനസിക സംഘർഷങ്ങളിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുകയാണ് ചെയ്യുന്നത്.
ശാരീരികമായി രണ്ട് ലിംഗാവയവങ്ങളുമായി ജനിക്കുന്ന ‘ഇന്റർസെക്‌സ്’ വിഭാഗത്തിനാണ് യഥാർഥത്തിൽ ശസ്ത്രക്രിയകൾ ആവശ്യമായി വരുന്നത്. അല്ലാതെ സ്വന്തം തോന്നലുകൾക്കനുസരിച്ച് ലിംഗത്വം മാറുന്നവർക്കല്ല. പരിഗണന അർഹിക്കുന്ന ഇത്തരം വിഭാഗങ്ങളെ മുൻനിർത്തി സ്വവർഗരതി പോലുള്ള അരാജകത്വ അജണ്ടകൾ സമൂഹത്തിൽ നോർമലൈസ് ചെയ്യാനാണ് എൽ.ജി.ബി.ടി.ക്യു ആക്ടിവിസം ശ്രമിക്കുന്നത്.
വിവിധ വേദികളിലും എഴുത്തുകളിലും നമ്മൾ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ അതിനെതിരെ ‘ആറാം നൂറ്റാണ്ടുകാർ’ എന്ന് വിളിച്ച് ആക്ഷേപിക്കാനാണ് മാധ്യമപ്പടയും ചില രാഷ്ട്രീയ നേതാക്കളും മത്സരിച്ചത്.
പുരോഗമനമാണെന്ന് കരുതി എന്തും വിളിച്ചു പറയുന്നതിന് മുമ്പ്, അത് നമ്മുടെ കുടുംബ സംവിധാനത്തെയും വരുംതലമുറയെയും എങ്ങനെ ബാധിക്കുമെന്ന് ഭരണാധികാരികൾ ആലോചിക്കണം. ജെൻഡർ ന്യൂട്രാലിറ്റി എന്ന ലേബലിൽ ഒളിച്ചുകടത്തുന്ന ഇത്തരം അജണ്ടകളെ സമൂഹം തിരിച്ചറിയണം. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഇനിയെങ്കിലും ഈ വിഷയത്തെ വിവേകത്തോടും സമചി ത്തതയോടും കൂടി സമീപിക്കണം. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഇത്തരം കാര്യങ്ങൾ കൊണ്ടുവരുമ്പോൾ അതീവ ജാഗ്രത അനിവാര്യമാണ്.
പഠനങ്ങളെ ഭയക്കുന്നത് ആരാണ്?
ട്രാൻസ് ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെപ്പെട്ട കേന്ദ്ര ഭേദഗതി ബിൽ പാർലമെമെന്റിലെത്തിയതോടെ, ലിംഗസ്വത്വത്തെ (Gender Identity) സംബന്ധിച്ച ചർച്ചകൾ നമ്മുടെ രാജ്യത്ത് പുതിയയൊരു വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത്. വ്യക്തികൾക്ക് തങ്ങളുടെ ലിംഗപദവി സ്വയം പ്രഖ്യാപിക്കാനുള്ള (Self identification) അവകാശത്തെ മാറ്റിനിർത്തി, ഒരു മെഡിക്കൽ ബോർഡിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ട്രാൻസ്‌ജെൻഡർ സ്വത്വം അംഗീകരിക്കാവൂ എന്ന സുപ്രധാന നിർദേശമാണ് ബില്ലിന്റെ അന്തഃസത്ത. ഈ നീക്കം ശാസ്ത്രീയവും സാമൂഹിക സുരക്ഷ മുൻനിർത്തിയുള്ളതുമാണ്. എന്നാൽ, ലിംഗനീതിയുടെ പേരിൽ ഇതിനെതിരെ ഉയരുന്ന ‘മനുഷ്യാവകാശ’ മുറവിളികൾ വിഷയത്തിന്റെ ശാസ്ത്രീയ വശങ്ങളെളെയും വരാനിരിക്കുന്ന വലിയയൊരു സാമൂഹിക ദുരന്തത്തെയും കണ്ടില്ലെന്ന് നടിക്കുന്നതാണ്.
‘ജെൻഡർ ഫ്‌ളൂയിഡിറ്റി’ എന്ന സിദ്ധാന്ത പ്രകാരം ഒരാൾക്ക് ഏതുസമയത്തും തന്റെ ലിംഗം തീരുമാനിക്കാം, അത് സ്‌പെക്ട്രം പോലെ അനന്തമാണ്. എന്നാൽ ഈ തോന്നലുകൾക്ക് നിയമസാധുത നൽകിയാൽ അത് സമൂഹത്തിന്റെ അടിത്തറ തകർക്കും. ഒരു പുരുഷന് യാതൊരു മാനദണ്ഡവുമില്ലാതെ താൻ സ്ത്രീയാണെണെന്ന് അവകാശപ്പെടാൻ അവസരം ലഭിച്ചാൽ അത് സ്ത്രീകളുടെ സ്വകാര്യതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കും. പാശ്ചാത്യ രാജ്യങ്ങളിൽ ‘ട്രാൻസ് വുമൺ’ എന്ന പേരിൽ ജൈവിക പുരുഷന്മാർ സ്ത്രീകളുടെ ജയിലുകളിലും സ്‌പോർട്‌സ് മത്സരങ്ങളിലും ശൗചാലയങ്ങളിലും പ്രവേശിക്കുന്നതും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതും വലിയ വിവാദമായിരുന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നയത്തിന്റെ പ്രത്യാഘാതങ്ങൾ കണ്ട് ഇപ്പോൾ തിരുത്തൽ നടപടികൾ ആലോചിക്കുകയാണ്.
മനുഷ്യൻ ജൈവികമായി സ്ത്രീ-പുരുഷ ദ്വന്ദത്തിലാണ് ജനിക്കുന്നത്. ലോകജനസംഖ്യയുടെ ചെറിയൊരു ശതമാനം വരുന്ന ‘ഇന്റർസെക്‌സ്’ (Intersex) വിഭാഗക്കാർ ശാരീരികമായ ചില സങ്കീർണതകളോടെയാണ് ജനിക്കുന്നത്. ഇവരെയും, പുരുഷ ശരീരത്തിൽ സ്ത്രീയുടെ മനസ്സും തിരിച്ചും തോന്നുന്ന ട്രാൻസ്‌ജെൻഡറുകളെയും ശാസ്ത്രീയമായി തന്നെ പരിഗണിക്കണം. ഇത്തരക്കാർക്ക് അർഹമായ ചികിത്സയും കൗൺസിലിംഗുമാണ് നൽകേണ്ടത്. മറിച്ച്, വൈകാരികമായ തോന്നലുകൾക്കനുസരിച്ച് ശരീരത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന ‘ലിംഗമാറ്റ ശസ്ത്രക്രിയകൾ’ (Sex Reassignment Surgery) വിനാശകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയരായവരിൽ പിന്നീട് വലിയ മാനസിക സംഘർഷങ്ങളും കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും കാണപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കയിലെ ‘ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി’ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ ഈ ശസ്ത്രക്രിയകളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഗൗരവമേറിയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

കേരള നിയമസഭയിൽ ചില എം.എൽ.എമാർ ഈ വിഷയത്തിലെ യുക്തിശൂന്യത ചൂണ്ടിക്കാണിച്ചപ്പോൾ ‘ജെൻഡർ ന്യൂട്രാലിറ്റി’ എന്ന പിടിവാശിയിലായിരുന്നു നമ്മുടെ സർക്കാർ. സ്‌കൂൾ കരിക്കുലത്തിൽ ലിംഗഭേദമില്ലാത്ത വസ്ത്രധാരണവും പാഠപുസ്തകങ്ങളിൽ ജെൻഡർ രാഷ്ട്രീയവും കുത്തിനിറയ്ക്കുന്നത് കുട്ടികളിൽ കടുത്ത ‘ജെൻഡർ കൺഫ്യൂഷൻ’ സൃഷ്ടിക്കും. സ്വഭാവികമായ കുടുംബ രീതിയെ (Heteronormativity) ഒരു ഭാരമായി കാണാൻ വരുംതലമുറയെ പഠിപ്പിക്കുന്നത് വരാനിരിക്കുന്ന ലൈംഗിക അരാജകത്വത്തിന് വിത്തുപാകലാവുകയേയുള്ളൂ. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഇത്തരം പരീക്ഷണങ്ങൾ കുട്ടികളുടെ സ്വാഭാവിക വികാസത്തെ തടസ്സപ്പെടുത്തുകയും അവരെ മാനസിക സംഘർഷങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും.
LGBTQIA+ ആക്ടിവിസം എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെടുന്ന സ്വവർഗാനുരാഗം പോലു ള്ളവ ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ഇത്തരം വിഭാഗങ്ങളിൽ എച്ച്.ഐ.വി, എയ്ഡ്‌സ് രോഗങ്ങൾ മറ്റുള്ളവരെക്കാൾ വളരെ കൂടുതലാണ്. അമേരിക്കയിലെ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങളുടെ (CDC) റിപ്പോർട്ടുകൾ പ്രകാരം യുവാക്കളിലെ സ്വവർഗാനുരാഗികളിൽ ഒരു വലിയ ശതമാനം 30 വയസ്സിനു മുമ്പ് എയ്ഡ്‌സ് ബാധിതരാകുന്നുണ്ട്. മങ്കി പോക്‌സ് (Monkey Pox) പോലുള്ള പകർച്ചവ്യാധികൾ ഇത്തരം ലൈംഗിക അരാജകത്വത്തിലൂടെയാണ് പടരുന്നതെന്ന് ലോകം തിരിച്ചറിഞ്ഞതാണ്.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ യഥാർഥ ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മെഡിക്കൽ ബോർഡ് പരിശോധനകൾ സഹായിക്കുക. ഇതിനെ വൈകാരികമായല്ല, മറിച്ച് വിവേകത്തോടും സമചിത്തതയോടും കൂടി സമീപിക്കണം. നമ്മുടെ സംസ്‌കാരവും ധാർമിക മൂല്യങ്ങളും വരുംതലമുറയുടെ സുരക്ഷിതത്വവും സംരക്ഷിക്കപ്പെടാൻ ഇത്തരം ശാസ്ത്രീയ ഇടപെടലുകൾ അനിവാര്യമാണ്. ശാസ്ത്രത്തെ ഭയപ്പെടാതെ, യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
‘മാതൃഭൂമി’ കണ്ട പുരോഗമന വിരുദ്ധതയെന്ത്?
ട്രാൻസ് ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ബില്ലിലെ പുതിയ ഭേദഗതികളെ പുരോഗമനവിരുദ്ധമെമെന്ന് വിശേഷിപ്പിച്ചുകൊണ്ട് മാതൃഭൂമി മുഖപ്രസംഗം എഴുതുകയുണ്ടായി (2026 മാർച്ച് 15). വിഷയത്തെ വസ്തുനിഷ്ഠമായി സമീപിക്കുവാൻ അവർ തയ്യാറായിട്ടില്ല. ‘അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്’ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ പുതിയ ഭേദഗതികൾ ഏത് അർഥത്തിലാണ് യഥാർഥ ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ അന്തസ്സ് കെടുത്തുന്നത് എന്ന് തെളിയിക്കേക്കേണ്ട ബാധ്യത ബില്ലിനെ എതിർക്കുന്നവർക്കുണ്ട്. ലിംഗസ്വത്വത്തെ സംബന്ധിച്ച ചർച്ചകളിൽ ശാസ്ത്രത്തെയും ആഗോള പഠനങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെ, വ്യക്തിസ്വാതന്ത്ര്യം എന്ന പല്ലവി പാടി ഗൗരവകരമായ ഈ വിഷയത്തെ വഴിതിരിച്ചുവിടുന്നത് നിർഭാഗ്യകരമാണ്
ലിംഗസ്വത്വം എന്നത് ഓരോരുത്തരുടെയും തോന്നലുകൾക്കനുസരിച്ച് മാറാവുന്ന ഒന്നാണെന്ന വാദം ആധുനിക ശാസ്ത്രീയ നിഗമനങ്ങൾക്ക് വിരുദ്ധമാണ്. ‘സ്വയം ഐഡന്റിഫൈ’ ചെയ്യുന്നത് ലിംഗസ്വത്വമായി അംഗീകരിച്ച പാശ്ചാത്യ രാജ്യങ്ങൾ ഇന്ന് അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ച് നിയമങ്ങൾ തിരുത്തുകയാണ്. യുകെയിലെ പ്രശസ്തമായ ‘കാസ് റിപ്പോർട്ട്’ (Cass Review), സ്വീഡനിലെയും ഫിൻലൻഡിലെയും ആരോഗ്യ മന്ത്രാലയങ്ങളുടെ പുതിയ പഠനങ്ങൾ എന്നിവ ഇതിന് തെളിവാണ്. കുട്ടികളിലെ ജെൻഡർ ക്ലിനിക്കുകൾ നിർത്തലാക്കാനും ഹോർമോൺ ചികിത്സകളിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനും ഈ രാജ്യങ്ങൾ നിർബന്ധിതരായിരിക്കുന്നു. ജെൻഡർ ഡിസ്ഫോറിയ (Gender Dysphoria) മൂലം കുട്ടികളിൽ കണ്ടുവരുന്ന കനത്ത മാനസിക സംഘർഷങ്ങൾക്കും ശാരീരിക വെല്ലുവിളികൾക്കും ‘അഫർമേഷൻ’ (Affirmation) എന്ന ഒറ്റമൂലി പരിഹാരമല്ലെന്ന് ലോകം തിരിച്ചറി യുകയാണ്. ഇതിനിടയിലാണ് വിഷയത്തെ ‘വ്യക്തിസ്വാതന്ത്ര്യം’ എന്നു പറഞ്ഞ് നിസ്സാരവത്കരിക്കുന്നത്.
ജൈവിക പുരുഷന്മാർ തങ്ങൾ സ്ത്രീകളാണെന്ന് സ്വയം പ്രഖ്യാപിച്ച് സ്ത്രീകളുടെ സുരക്ഷിത ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്‌കോട്ട്‌ലൻഡിലെ ജയിലുകളിൽ ഉണ്ടായ സുരക്ഷാ വീഴ്ചകളും കായിക രംഗത്ത് ലിംഗ സ്വയം നിർണയാവകാശം വഴി സ്ത്രീകൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതും ഇന്ന് ആഗോള ചർച്ചയാണ്. സ്ത്രീകളുടെ കായിക മത്സരങ്ങൾ, സംവരണ ആനുകൂല്യങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇത് പ്രതിസന്ധിയുണ്ടാക്കുന്നു. ഇത്തരം ‘കള്ളനാണയങ്ങളെ’ തിരിച്ചറിയാൻ എന്ത് മാനദണ്ഡമാണ് ഭേദഗതിയെ എതിർക്കുന്നവർ മുന്നോട്ടു വെക്കുന്നത്?
ഇവിടെയാണ് മെഡിക്കൽ ബോർഡിന്റെ ശാസ്ത്രീയ പരിശോധന എന്ന നിർദേശം പ്രസക്തമാകുന്നത്. ജൈവികമായ വ്യത്യാസങ്ങളുള്ള ഇന്റർസെക്‌സ് വിഭാഗത്തെയോ അവർ അനുഭവിക്കുന്ന പ്രയാസങ്ങളെയോ നാം തള്ളിക്കളയുന്നില്ല. ജൈവികമായിത്തന്നെ വ്യത്യാസമുള്ള അവരെ ട്രാൻസ് ജെൻഡർ എന്ന കുടക്കീഴിലാണ് പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുപിടിക്കുകയും അവർക്ക് ആവശ്യമായ ചികിത്സയും കൗൺസിലിംഗും നൽകുകയുമാണ് വേണ്ടത്. എന്നാൽ കേവലം ‘തോന്നലുകളെ’ അടിസ്ഥാനപ്പെടുത്തി ലിംഗം നിശ്ചയിക്കണമെമെന്ന വാദം അപകടകരമാണ്. ഏതൊരാൾക്കും സ്വയം തോന്നുന്നു എന്ന കാരണത്താൽ ലിംഗമാറ്റം നടത്താൻ സാധിക്കുന്നത് സമൂഹത്തിൽ വലിയ അരാജകത്വമുണ്ടാക്കും. ഇത്തരം തോന്നലുകൾക്കനുസരിച്ച് നടത്തുന്ന ശസ്ത്രക്രിയകൾ വ്യക്തികളെ കൂടുതൽ മാനസിക-ശാരീരിക തകർച്ചയിലേക്കാണ് നയിക്കുക.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ പശ്ചാത്താപം കൂടുന്നതായും മാനസികാരോഗ്യം മെച്ചപ്പെപ്പെടുന്നില്ലെന്നും ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. യഥാർഥത്തിൽ ശാരീരികമായി രണ്ട് ലൈംഗികാവയവങ്ങളുമായോ മറ്റോ ജനിക്കുന്ന ‘ഇന്റർസെക്‌സ്’ വ്യക്തികൾക്കാണ് ശസ്ത്രക്രിയകൾ അനിവാര്യമായി വരുന്നത്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് എല്ലാവരെയും ഒരേ ഗണത്തിൽപ്പെപ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയകൾക്കായി ആക്ടിവിസം നടക്കുന്നത്.
പരിഗണനയർഹിക്കുന്ന ഇന്റർസെക്‌സ് വ്യക്തികളെ മുൻനിറുത്തി, കുടുംബം എന്ന സുദൃഢമായ സാമൂഹിക സംവിധാനത്തെ തകർക്കാനും ലൈംഗിക അരാജകത്വം കൊണ്ടുവരാനും ചില സ്വാർഥ താൽപര്യക്കാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ലിംഗനീതി എന്ന ലേബലിൽ ഒളിച്ചുകടത്തുന്ന ഇത്തരം ആശയം നൂറ്റാണ്ടുകൾ കൊണ്ട് നാം പണിതുയർത്തിയ സുരക്ഷാ മതിലുകളെയാണ് തകർക്കുന്നത്. ‘സ്വയം നിർണയാവകാശം’ എന്ന പേരിൽ പുരുഷൻമാർക്ക് സ്ത്രീകളുടെ ഇടങ്ങളിലേക്ക് കടന്നുകയറാനുള്ള ലൈസൻസ് നൽകുന്നത് സ്ത്രീവിരുദ്ധമാണ്.
ഒരുകാലത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനെ വലിയ പുരോഗമനമായി കണ്ടവർ ഇന്ന് അതിന്റെ പ്രത്യാഘാതം അനുഭവിച്ച് നയങ്ങൾ തിരുത്തുകയാണ്. സമാനമായ ഒരു അവസ്ഥയിലേക്കാണ് ലിംഗ സ്വയംനിർണയാവകാശം എന്ന വാദവും വിരൽ ചൂണ്ടുന്നത്. മനുഷ്യന്റെ നൈമിഷിക വികാരങ്ങൾക്കല്ല, മറിച്ച് വരുംതലമുറയുടെ സുരക്ഷയ്ക്കും ധാർമിക മൂല്യങ്ങൾക്കുമാണ് പുരോഗമനത്തിൽ മുൻഗണന നൽകേണ്ടത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിലെ യാഥാർഥ്യങ്ങളെ പോസിറ്റീവായി കണ്ട് ക്രിയാത്മകമായ ചർച്ചകളിലൂടെ നിയമത്തെ പരിഷ്‌കരിക്കുകയാണ് വേണ്ടത്. യാഥാർഥ്യബോധത്തോടെയുള്ള ഇടപെടലുകളെ ഉൾക്കൊള്ളാൻ മാതൃഭൂമിയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു.

