ഇസ്‌ലാമിക കർമശാസ്ത്രം; മഹത്തായ വിജ്ഞാനസരണി

മെഹബൂബ് മദനി ഒറ്റപ്പാലം

2026 മെയ് 02, 1447 ദുൽഖഅദ് 14

പരിശുദ്ധ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കർമങ്ങൾ ക്രമപ്പെടുത്തുന്ന ഉന്നതമായ വിജ്ഞാനശാഖയാണ് ഇസ്‌ലാമിക കർമശാസ്ത്രം. പണ്ഡിതന്മാരെ അർഹിക്കുന്ന വിധം ആദരിക്കുകയും എന്നാൽ, അന്ധമായ അനുകരണത്തിന് പകരം തെളിവുകൾ പിൻപറ്റുകയും ചെയ്യുന്നതാണ് വിശ്വാസികളുടെ മാതൃക. മഹാമനീഷികൾ നിസ്തുലമായ സേവനങ്ങൾ നൽകിയ കർമശാസ്ത്ര വിജ്ഞാനസരണിയെയും അതിനോട് വിശ്വാസികൾ പുലർത്തേണ്ട നിലപാടിനെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നു.

സർവലോക പരിപാലകനായ അല്ലാഹുവിൽനിന്നും അവതീർണമായ മതമാണ് ഇസ്‌ലാം. സുവ്യക്തമായ ദൈവിക പ്രമാണങ്ങളുടെ അടിത്തറയിലാണ് ലോകത്ത് ഈ മതം നിലനിൽക്കുന്നത്. വിശ്വാസകാര്യങ്ങളും കർമകാര്യങ്ങളും അതിന്റെ അടിസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ മരണാനന്തര ജീവിതത്തിൽ സ്വർഗം ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക കർമശാസ്ത്രത്തിൽ വേണ്ടത്ര അവഗാഹം നേടൽ അവന്റെ ബാധ്യതയാണ്.

‘ഫിക്വ‌്‌ഹ്’ (فقه) എന്ന അറബി പദത്തെയാണ് മലയാളത്തിൽ നാം ‘കർമശാസ്ത്രം’ എന്ന് പരിഭാഷപ്പെടുത്തുന്നത്. വിശാലമായ ആശയതലങ്ങൾ ഈ വിജ്ഞാന ശാഖയ്ക്കുണ്ട്. വിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ, ഈ തെളിവുകളിൽനിന്ന് നിർധാരണം ചെയ്തെടുക്കുന്ന കർമപരമായ മതവിധികളും ഈ വിജ്ഞാനശാഖയുടെ ഭാഗമാണ്.

ഇസ്‌ലാമിക വിധിവിലക്കുകളെക്കുറിച്ചുള്ള ജ്ഞാന ശാഖയാണ് ഫിക്വ‌്‌ഹ് എന്ന് ചുരുക്കിപ്പറയാം. ഇസ്‌ലാമിക ശരീഅത്തിനെ അംഗീകരിക്കുന്ന, ബുദ്ധിയും പ്രായപൂർത്തിയുമെത്തിയ വ്യക്തികളുടെ കർമങ്ങൾ എങ്ങനെയാകണം, ആകരുത് എന്നതാണ് ഫിക്വ‌്‌ഹിന്റെ പ്രധാന പ്രതിപാദ്യവിഷയം.

അല്ലാഹുവിന്റെ കൽപനകൾ അംഗീകരിക്കുക വഴിയും അവൻ നിർദേശിച്ച കാര്യങ്ങൾ സ്വീകരിക്കുക വഴിയും വിരോധിച്ച കാര്യങ്ങൾ ത്യജിക്കുന്നതിലൂടെയും തക്വ്‌വ (സൂക്ഷ്മത) ഉറപ്പുവരുത്തുകയാണ് അതിന്റെ ലക്ഷ്യം. ഇക്കാര്യങ്ങൾ അറിയണമെങ്കിൽ ഫിക്വ‌്‌ഹിനെ മനസ്സിലാക്കിയേ തീരൂ. ക്വുർആനും സുന്നത്തുമാണ് ഈ വിജ്ഞാനശാഖയുടെയും അടിസ്ഥാന സ്രോതസ്സ്.

ഒരാൾക്ക് ഇസ്‌ലാമിക കർമശാസ്ത്രത്തിൽ വേണ്ടത്ര അറിവുണ്ടായാൽ അല്ലാഹു അവനിൽ നന്മ ഉദ്ദേശിച്ചിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. നബിﷺ പറഞ്ഞു: “അല്ലാഹു ആർക്കെങ്കിലും നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവനെ ദീനിൽ അവഗാഹമുള്ളവനാക്കും.’’

ഇസ്‌ലാമിൽ ഒരാൾക്കുള്ള മഹത്ത്വം അവന്റെ ദീനിലുള്ള വിജ്ഞാനത്തിലും അതനുസരിച്ചുള്ള സൂക്ഷ്മതയോടെയുള്ള ജീവിതത്തിലുമാണ് കുടികൊള്ളുന്നത്. നബിﷺയോട് ചോദിക്കപ്പെട്ടു: “പ്രവാചകരേ, ജനങ്ങളിൽവച്ച് ഏറ്റവും ആദരണീയർ ആരാണ്?’’ നബിﷺ പറഞ്ഞു: “അവരുടെ കൂട്ടത്തിൽ ഏറ്റവും തക്വ്‌വയുള്ളവർ.’’ സ്വഹാബത്ത് പറഞ്ഞു: “അതല്ല ഞങ്ങൾ ഉദ്ദേശിച്ചത്.’’ അപ്പോൾ നബിﷺ പറഞ്ഞു: “ഒരു പ്രവാചകന്റെ മകനും പ്രവാചകനും കൂടിയായ യൂസുഫ്(അ).’’ അപ്പോഴും അവർ പറഞ്ഞു; “ഞങ്ങൾ അതല്ല ഉദ്ദേശിച്ചത്.’’ അപ്പോൾ നബിﷺ ഒരു വിഭാഗത്തെയാണ് അവർ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി തിരിച്ചു ചോദിച്ചു: “അറബികളുടെ തറവാടും അതിന്റെ മഹിമയും അനുസരിച്ചിട്ടുള്ളവരെക്കുറിച്ചാണോ നിങ്ങൾ എന്നോട് ചോദിക്കുന്നത്?’’ തുടർന്ന് നബിﷺ പറഞ്ഞു: “ജാഹിലിയ്യത്തിലെ ഉത്തമർ ഇസ്‌ലാമിലും ഉത്തമരാണ്; അവർ ദീനിൽ അവഗാഹം നേടിയിട്ടുണ്ടെങ്കി ൽ’’(മുസ്‌ലിം).

പ്രവാചകാനുയായികൾക്കിടയിൽ അറിവുള്ളവർക്ക് വലിയ മഹത്ത്വവും സ്ഥാനവുമാണ് ഉണ്ടായിരുന്നത്. ഉമർ ബിൻ ഖത്ത്വാബ്(റ) തന്റെ ഭരണകാലത്ത്, കുട്ടിയായിരുന്ന ഇബ്‌നു അബ്ബാസി(റ)നെ തന്റെ കൂടിയാലോചനാസദസ്സുകളിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന് നല്ല സ്ഥാനവും ആദരവും നൽകുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് ചെറുപ്പക്കാരനായ ഇദ്ദേഹത്തിന് ഇത്ര വലിയ സ്ഥാനം നൽകുന്നതെന്ന് മറ്റുള്ളവർക്കിടയിൽ ചില സംസാരങ്ങളും അഭിപ്രായങ്ങളും ഉണ്ട് എന്ന് ഉമർ(റ) മനസ്സിലാക്കി. പ്രായം കുറവാണെങ്കിലും അദ്ദേഹത്തിന്റെ അറിവിന്റെ ആഴം മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടുത്തുവാൻ ഉമർ(റ) അവരെ എല്ലാവരെയും ഒരുമിച്ചുകൂട്ടി ‘അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാൽ’ എന്ന് തുടങ്ങുന്ന സൂറതുന്നസ്വ്‌റിനെ (അധ്യായം 110) കുറിച്ച് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് എന്ന് ചോദിച്ചു. അവർ വ്യത്യസ്തങ്ങളായ മറുപടി പറഞ്ഞു. അല്ലാഹു ഞങ്ങൾക്ക് പ്രത്യേകമായ സഹായവും വിജയവും നൽകുമ്പോൾ അതിന് പ്രത്യുപകാരമായും നന്ദിസൂചകമായും റബ്ബിനെ സ്തുതിക്കുവാനും പാപമോചനം തേടുവാനും ഞങ്ങളോട് കൽപിക്കുന്ന സൂറത്താണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റുചിലർ പറഞ്ഞത് ‘ഞങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേകമായി ഒന്നും അറിയില്ല’ എന്നായിരുന്നു. ഈ സന്ദർഭത്തിൽ ഉമർ(റ) കൂട്ടത്തിലുണ്ടായിരുന്ന ഇബ്‌നു അബ്ബാസി(റ)നോട് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളതെന്ന് അന്വേഷിച്ചു. ‘ഈ സൂറത്ത് മക്കാവിജയത്തെ സംബന്ധിച്ചുള്ളതാണ്. നബിﷺയുടെ ദൗത്യം ഏകദേശം പൂർത്തിയായി, അദ്ദേഹത്തിന്റെ മരണം അടുത്തിരിക്കുന്നു എന്ന സൂചനയാണ് ഇതിലുള്ളത്’ എന്ന് ഇബ്‌നു അബ്ബാസ്(റ) മറുപടി നൽകി. യഥാർഥത്തിലുള്ള ഈ വിശദീകരണത്തിലൂടെ അദ്ദേത്തിന്റെ ആഴത്തിലുള്ള അറിവ് അവിടെയുള്ളവർക്കെല്ലാം ബോധ്യപ്പെടാൻ അത് കാരണമായി.

ഇഹലോകത്ത് കൂടുതൽ കിട്ടുവാൻ വേണ്ടി പ്രാർഥിക്കുവാൻ അല്ലാഹു ആവശ്യപ്പെട്ടിട്ടുള്ളത് വിജ്ഞാനത്തെ കുറിച്ചാണ്: ‘പറയുക: രക്ഷിതാവേ, നീ എനിക്ക് അറിവ് വർധിപ്പിച്ചുതരേണമേ’ (ക്വുർആൻ 20:114).

അറിവിന്റെ മഹത്ത്വം മനസ്സിലാക്കാൻ ഇതുതന്നെ മതിയായതാണ്. വിജ്ഞാനത്തോടുള്ള മനുഷ്യരുടെ സമീപനം വ്യത്യസ്തമാണ്. പ്രധാനമായും മൂന്നു തരത്തിലാണ് ജനങ്ങൾ അറിവിനോടുള്ള നിലപാട് വച്ചുപുലർത്തുന്നത്. ഒന്നാമത്തെ വിഭാഗം ധാരാളം അറിവുകൾ നേടുകയും അതെല്ലാം കർമപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ്. ഇവരാണ് ഏറ്റവും ശ്രേഷ്ഠതയുള്ളവർ. രണ്ടാമത്തെ വിഭാഗം അറിവുകൾ നേടി അതൊന്നും ജീവിതത്തിൽ പകർത്താത്തവരാണ്. മൂന്നാമത്തെ വിഭാഗമാകട്ടെ അറിവോ അടിസ്ഥാനമോ ഇല്ലാതെ കർമങ്ങൾ ചെയ്തുകൂട്ടുന്നവരുമാണ്. ഇതിൽ പരാമർശിച്ച ഒന്നാമത്തെ വിഭാഗത്തിൽ പെടാനാണ് നാം നിരന്തര പരിശ്രമം നടത്തേണ്ടത്.

മനുഷ്യർ നേടുന്ന വിജ്ഞാനത്തിൽ ഏറ്റവും ശ്രേഷ്ഠമായത് വിശുദ്ധ ക്വുർആനും നബിﷺയുടെ സുന്നത്തുമാണ്. ഒരാൾക്ക് സന്മാർഗത്തിൽ എത്തിച്ചേരുവാൻ ഈ രണ്ട് അടിസ്ഥാനപ്രമാണങ്ങളെ കൃത്യമായ സ്രോതസ്സുകളിൽനിന്ന് ശരിയായ വിധം പഠിച്ചറിയൽ അനിവാര്യമാണ്. നാം ചെയ്യുന്ന കർമങ്ങൾ സ്വീകരിക്കപ്പെടുവാൻ അത് പ്രവാചകൻ പഠിപ്പിച്ച രൂപത്തിൽ അനുഷ്ഠിക്കണം എന്നത് നിർബന്ധമാണ്. മതകാര്യങ്ങളിൽ അറിവുള്ളവരും അറിവില്ലാത്തവരും ഒരിക്കലും സമമാവുകയില്ലെന്ന് ക്വുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാർ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ’’(39:9).

ഫിക്വ‌്‌ഹിന്റെ ഇനങ്ങൾ

ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ രണ്ടുതരം ഫിക്വ‌്‌ഹിനെ കുറിച്ച് ചർച്ച ചെയ്യുന്നത് കാണാനാകും. ഇതിൽ ഒന്നാമത്തെത് മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചുള്ളതാണ്. ‘ഫിക്വ‌്‌ഹുൽ അക്ബർ’ എന്നാണ് സാധാരണയായി ഇതിന് പ്രയോഗിക്കാറുള്ളത്. വിശുദ്ധ ക്വുർആനിൽനിന്നും ഹദീസുകളിൽനിന്നും നേർക്കുനേരെ സ്വീകരിക്കുകയില്ലാതെ അതിനെക്കുറിച്ച് മനസ്സിലാക്കുവാൻ മറ്റു വഴികളില്ല.

രണ്ടാമത്തെ ഫിക്വ‌്‌ഹ് മനുഷ്യന്റെ കർമകാര്യങ്ങളുമായും ഇടപാടുകളുമായും ബന്ധപ്പെട്ടവയാണ്. ഇതിന്റെ അടിസ്ഥാനം വിശുദ്ധ ക്വുർആനും തിരുസുന്നത്തും തന്നെയാണ്. നേർക്കുനേരെ പ്രമാണങ്ങളിൽ കാണുന്ന കർമകാര്യങ്ങൾ അങ്ങനെ തന്നെ സ്വീകരിക്കുകയും, നേർക്കുനേരെ കാണാത്തവയെ ക്വുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനങ്ങൾ മാനദണ്ഡമാക്കി നിർധാരണം ചെയ്‌തെടുക്കുകയും ചെയ്യുന്നു.

സ്വഹാബിമാരിൽ ധാരാളം പേർ കർമശാസ്ത്രത്തിൽ ഏറെ കഴിവുറ്റവരായിരുന്നു. ഖലീഫമാരായ അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവർ ഈ രംഗത്ത് പ്രമുഖരാണ്.

ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), മുആദ് ബ്‌നു ജബൽ(റ), ആഇശ(റ) തുടങ്ങിയവർ കർമശാസ്ത്രത്തിൽ അവഗാഹമുള്ള സ്വഹാബിമാരിലെ പ്രധാനികളാണ്. വ്യത്യസ്ത കർമശാസ്ത്ര വിഷയങ്ങളിൽ ക്വുർആനിൽനിന്നും സുന്നത്തിൽനിന്നും തെളിവുപിടിച്ച് സമൂഹത്തെ പഠിപ്പിച്ച ഒട്ടനവധി സംഭവങ്ങൾ നമുക്ക് ഈ മഹാന്മാരുടെ ജീവിതത്തിൽ കാണാനാകും. താബിഈ പണ്ഡിതർ സ്വഹാബത്തിന്റെ കാലശേഷം ഈ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുകയും ചെയ്തു.

കർമശാസ്ത്ര സരണികൾ

താബിഉകളുടെ കാലശേഷം കടന്നുവന്ന തലമുറയിൽ അറിയപ്പെട്ട കർമശാസ്ത്ര പണ്ഡിതരെ നമുക്ക് കാണാനാകും. ലോകത്ത് അറിയപ്പെട്ട നാല് പ്രധാന കർമശാസ്ത്ര സരണികൾ പ്രസിദ്ധമാണല്ലോ. ഇതിൽ ഒന്നാമത്തെത് ഇമാം അബൂഹനീഫ(റഹി)യിലേക്ക് ചേർത്തിപ്പറയുന്ന ഹനഫി മദ്ഹബാണ്. ഹിജ്‌റ 150ലാണ് ഇമാം അബു ഹനീഫ(റഹി) മരണപ്പെടുന്നത്. നുഅ്മാനുബ്‌നു സാബിത്ത് എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. രണ്ടാമത്തെത് ഇമാം മാലിക് ബിൻ അനസി(റഹി)ലേക്ക് ചേർത്തിപ്പറയുന്ന മാലികി മദ്ഹബാണ്. ഹിജ്‌റ 179ലാണ് അദ്ദേഹം മരണപ്പെടുന്നത്. മൂന്നാമത്തെത് ഇമാം മുഹമ്മദുബ്‌നു ഇദിരീസ് അശ്ശാഫിഈ(റഹി)യിലേക്ക് ചേർത്തിപ്പറയുന്ന ശാഫിഈ മദ്ഹബാണ്. നാലാമത്തെത് ഇമാം അഹ്‌മദുബ്‌നു ഹമ്പലി(റ)ലേക്ക് ചേർത്തപ്പറയുന്ന ഹമ്പലി മദ്ഹബാണ്. ഹിജ്‌റ 241ലാണ് ഇമാം അഹ്‌മദ്(റഹി) മരണപ്പെടുന്നത്.

ഇവിടെ നാം മനസ്സിലാക്കേണ്ട പ്രത്യേകമായ ഒരു കാര്യമുണ്ട്. ഈ നാല് കർമശാസ്ത്ര പണ്ഡിതന്മാരും പ്രത്യേകമായ കർമശാസ്ത്രസരണി സ്വയം ഉണ്ടാക്കിയവരല്ല. കർമശാസ്ത്ര രംഗത്തെ ഈ പണ്ഡിതന്മാരുടെ കഴിവും സമൂഹത്തിൽ അവർക്കുണ്ടായിരുന്ന സ്വീകാര്യതയും ഭരണകർത്താക്കൾ അവർക്ക് നൽകിയ സ്ഥാനവും ശിഷ്യന്മാർക്കിടയിൽ ഇവർക്കുണ്ടായിരുന്ന സ്വാധീനവുമെല്ലാമാണ് അവരുടെ മദ്ഹബുകൾ പ്രത്യേകം അറിയപ്പെടുവാൻ കാരണമായത്.

ഈ നാല് പണ്ഡിതന്മാർ മാത്രമെ ഇസ്‌ലാമിക കർമശാസ്ത്രത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ളൂ എന്ന് മനസ്സിലാക്കിക്കൂടാ. മഹാന്മാരായ ഈ നാലു കർമശാസ്ത്ര പണ്ഡിതന്മാരുടെ കാലത്തുതന്നെ ഇസ്‌ലാമിക ചരിത്രത്തിൽ നിസ്തുലമായ കർമശാസ്ത്ര സംഭാവനകൾ നൽകിയ മറ്റു പണ്ഡിതന്മാരും ഉണ്ടായിട്ടുണ്ട് എന്നത് നമുക്ക് ചരിത്രത്തിൽ കാണാനാകും.

ഹിജ്‌റ 157ൽ മരണപ്പെട്ട ഇമാം‌ ഔസാഈ(റഹി) ശാമിലെ വലിയ പണ്ഡിതനായിരുന്നു. ഇമാം സുഫ്‌യാനുസ്സൗരി(റഹി) കൂഫയിൽവച്ച് ഹിജ്‌റ 161 ൽ മരണപ്പെട്ട മുഹദ്ദിസും കർമശാസ്ത്ര പണ്ഡിതനുമാണ്. ഹിജ്‌റ 175ൽ മരണപ്പെട്ട ഇമാം ലൈസ് ബ്‌നു സഅദ്(റഹി) ഇക്കാലഘട്ടത്തിൽ മിസ്‌റിൽ ജീവിച്ച മഹാനായ കർമശാസ്ത്ര പണ്ഡിതനായിരുന്നു.

മദ്ഹബുകളോടുള്ള സമീപനം

ഇസ്‌ലാമിക ലോകത്ത് മുകളിൽ സൂചിപ്പിച്ചതും അല്ലാത്തതുമായ ഒരുപാട് മദ്ഹബുകളെ അഥവാ കർമശാസ്ത്ര സരണികളെ നമുക്ക് കാണാനാകും. ഇവയോടെല്ലാമുള്ള ഒരു വിശ്വാസിയുടെ സമീപനം കൃത്യമായി മനസ്സിലാക്കൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. കർമശാസ്ത്ര പണ്ഡിതന്മാർ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുള്ളവർ ആയിരുന്നെങ്കിലും എല്ലാവരും പരസ്പരം ആദരവും ബഹുമാനവും വച്ചുപുലർത്തിയിരുന്നു.

ഇമാം മാലികി(റ)ന്റെ ശിഷ്യനാണ് ഇമാം ശാഫിഈ(റ). ഇമാം ശാഫിഈയുടെ ശിഷ്യനാണ് ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റഹി). ഈ പണ്ഡിതന്മാർ പരസ്പരം ഹദീസുകൾ റിപ്പോർട്ട് ചെയ്തതായും നമുക്ക് വായിക്കാനാകും. പണ്ഡിതന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള കർമശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ പ്രമാണങ്ങളോട് യോജിച്ച നിലപാടിനെ സ്വീകരിക്കുന്ന സമീപനമാണ് വിശ്വാസികൾക്ക് ഉണ്ടാവേണ്ടത്.

ഇമാം ശൻക്വീത്വി(റഹി) തന്റെ ‘ഔദാഉൽ ബയാൻ’ എന്ന ഗ്രന്ഥത്തിൽ ഈ വിഷയത്തിൽ പറഞ്ഞത് ഇപ്രകാരമാണ്:

“നാലു കർമശാസ്ത്ര മദ്ഹബുകളോടും അതല്ലാത്ത കർമശാസ്ത്ര സരണികളോടുമുള്ള നമ്മുടെ സമീപനം എക്കാലഘട്ടത്തിലും ലോക മുസ്‌ലിംകൾ പുലർത്തിപ്പോന്ന നീതിയുക്തമായ നിലപാടാണ്. അത് അവരോട് സ്‌നേഹബന്ധം പുലർത്തുകയും അവരെ ബഹുമാനിക്കുകയും ആദരിക്കുകയും അവരുടെ നന്മകളെ പുകഴ്ത്തിപ്പറയുകയും ചെയ്തുകൊണ്ടുള്ള രീതിയാണ്. അവരുടെ അറിവിനെയും ഭയഭക്തിയും നാം ആദരിക്കുകയും ചെയ്യുന്നു. അവരൊക്കെ വിശുദ്ധ ക്വുർആനിനെയും നബിﷺയുടെ സുന്നത്തിനെയും കർമശാസ്ത്ര രംഗങ്ങളിൽ എത്രകണ്ട് പിൻപറ്റിയോ അതേരൂപത്തിൽ അവരെ പിൻപ റ്റുകയും അവ രണ്ടിനും സ്വന്തം അനുഭവങ്ങളെക്കാളും ബുദ്ധിയെക്കാളും പ്രാധാന്യം കൽപിക്കുകയും, അതോടൊപ്പം ഈ കർമശാസ്ത്ര പണ്ഡിതന്മാരുടെ ഓരോ വിഷയത്തിലുമുള്ള അഭിപ്രായങ്ങളെ പഠിക്കു കയും അതിലൂടെ സത്യം കണ്ടെത്തുവാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുക എന്നതാണ്. ക്വുർആനിനും സുന്നത്തിനും എതിരായിട്ടുള്ള പണ്ഡിതാഭിപ്രായങ്ങളെ നാം ഒഴിവാക്കുകയും വേണം.’’

ഇസ്‌ലാമിക കർമശാസ്ത്ര രംഗത്ത് മഹിതമായ സംഭാവനകളർപ്പിച്ചവരാണ് മദ്ഹബുകളുടെ ഇമാമുകളായി അറിയപ്പെട്ടവരും അല്ലാത്തവരുമായ കർമശാസ്ത്ര പണ്ഡിതന്മാർ. അവരുടെ മഹത്ത്വത്തെ വിലകുറച്ചു കാണുകയും അവരുടെ സേവനങ്ങളെ ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന രൂപത്തിലുള്ള സംസാരങ്ങളും പ്രവർത്തനങ്ങളും ഒരിക്കലും വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. എന്നാൽ അന്ധമായി അവർ പറയുന്നതിനെയെല്ലാം സ്വീകരിക്കുന്ന നിലപാടും ശരിയല്ല. അവർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ പ്രമാണങ്ങളോട് യോജിച്ചതാണെങ്കിൽ സ്വീകരിക്കുകയും അല്ലാത്തതാണെങ്കിൽ തള്ളിക്കളയുകയുമാണ് വേണ്ടത്. ഇസ്‌ലാമിക വിഷയങ്ങളിൽ വിശുദ്ധ ക്വുർആനും പ്രവാചകന്റെ ഹദീസു കളും മുമ്പിൽ വച്ച് അതിൽനിന്ന് തെളിവ് സ്വീകരിക്കുവാൻ പാണ്ഡിത്യമുള്ളവർ അങ്ങനെ ചെയ്യുകയും അതിന് വൈജ്ഞാനികമായി സാധിക്കാത്തവർ അറിവുള്ളവരോട് ചോദിച്ച് തെളിവുകളെ മനസ്സിലാക്കി അത് അനുസരിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടത്. ഇതൊന്നുമല്ലാതെ കേവലം ഒരു പണ്ഡിതനെയോ മറ്റോ അന്ധമായി മതവിഷയത്തിൽ അനുകരിക്കുക എന്ന നിലപാട് ശരിയല്ല. വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു പറഞ്ഞത് ഏറെ പ്രസക്തമാണ്: “നിങ്ങൾക്ക് അറിഞ്ഞുകൂടെങ്കിൽ (വേദംകോണ്ട്) ഉൽബോധനം ലഭിച്ചവരോട് നിങ്ങൾ ചോദിച്ചു നോക്കുക’’ (16:43).

ഹദീസുകൾ സ്വീകാര്യയോഗ്യമായി വന്നാൽ അതാണ് എന്റെ മദ്ഹബ് എന്ന് പ്രഖ്യാപിച്ചവരാണ് കർമശാസ്ത്ര പണ്ഡിതന്മാരെല്ലാം എന്ന വസ്തുതയും ഇതുമായി ബന്ധപ്പെട്ട് നാം ചേർത്തു മനസ്സിലാ ക്കേണ്ടതാണ്. പ്രമാണങ്ങൾ നോക്കാതെയുള്ള അന്ധമായ അനുകരണത്തെ എതിർത്തവരായിരുന്നു അവരെല്ലാവരും.

ഈ രംഗത്തുള്ള അവരുടെ പ്രതികരണങ്ങൾ നമുക്ക് ഇപ്രകാരം വായിക്കാം:

ഇമാം അബൂ ഹനീഫ(റഹി): ‘ഹദീസ് സ്വഹീഹായി വന്നാൽ അതാണ് എന്റെ മദ്ഹബ്.’ ‘അല്ലാഹുവിന്റെ ഗ്രന്ഥത്തിനും റസൂലിന്റെ വാക്കുകൾക്കും എതിരായി ഒരു വാക്ക് ഞാൻ പറഞ്ഞാൽ എന്റെ വാക്കിനെ നിങ്ങൾ ഉപേക്ഷിച്ചു കളയുക.’

ഇമാം മാലിക്(റഹി): ‘നിശ്ചയമായും ഞാനൊരു മനുഷ്യൻ മാത്രമാണ്. എനിക്ക് അബദ്ധം പറ്റും, ശരിയാവുകയും ചെയ്യും. അതിനാൽ എന്റെ അഭിപ്രായങ്ങളിലേക്ക് നോക്കുക, കിതാബും സുന്നത്തുമായി യോജിച്ചുവരുന്നതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. കിതാബും സുന്നത്തുമായി യോജിച്ചുവരാത്തത് നിങ്ങൾ അവഗണിച്ചു കളയുകയും ചെയ്യുക.’

ഇമാം ശാഫിഈ(റഹി): ‘എന്റെ ഗ്രന്ഥങ്ങളിൽ റസൂലി ﷺന്റെ ചര്യക്കെതിരായി വല്ലതും നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, റസൂലിന്റെ ചര്യയുടെ അടിസ്ഥാനത്തിൽ നിങ്ങൾ സംസാരിക്കുക; ഞാൻ പറഞ്ഞത് അവഗണിക്കുകയും ചെയ്യുക.’

ഒരു പണ്ഡിതന്റെയും വാക്കുകളെ അന്ധമായി അനുകരിക്കാതെ, വിശുദ്ധ ക്വുർആനിൽനിന്നും തിരുസുന്നത്തിൽനിന്നും തെളിവുകൾ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ കർമങ്ങളെ ശരിയാക്കുകയാണ് വിശ്വാസികൾ ഈ രംഗത്ത് സ്വീകരിക്കേണ്ടുന്ന ശരിയായ നിലപാട്. പ്രമാണങ്ങളിൽ തെളിവില്ലാതെ ആരു പറഞ്ഞാലും അത് സ്വീകരിക്കേണ്ട ബാധ്യത വിശ്വാസികൾക്കില്ല.