സൈബർ തട്ടിപ്പും പ്രബുദ്ധ കേരളവും
നൗഫൽ ചെറുമുക്ക്
2026 മാർച്ച് 14, 1447 റമദാൻ 24

ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും വ്യാപകമായ ഉപയോഗം സൈബർ കുറ്റവാളികൾക്ക് മുമ്പിൽ തട്ടിപ്പിന്റെ പുതിയ വഴികൾ തുറന്നിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ അറിവില്ലായ്മയും ഭയവും അത്യാഗ്രഹവുമാണ് തട്ടിപ്പുകളുടെ വലയിൽ അവർ അകപ്പെടാനുള്ള കാരണം. സാധാരണ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ കഴിയുന്ന നിരവധി തന്ത്രങ്ങളാണ് സൈബർ കുറ്റവാളികൾ അനുദിനം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. പണം നഷ്ടപ്പെടാൻ പല വഴികൾ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
സാധാരണക്കാർ വിവരമില്ലായ്മകൊണ്ട് തട്ടിപ്പിനിരകളാകുമ്പോൾ ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവർ തട്ടിപ്പിനിരകളാകുന്നത് പണത്തോടുള്ള അമിതമായ ആർത്തികൊണ്ടാണ്. ഡോക്ടർമാർ, ബാങ്ക് ഉദ്യോഗസ്ഥർ, നിയമപാലകർ പോലുള്ളവർ തന്നെ സൈബർ തട്ടിപ്പിന് ഇരകളായതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. സൈബർ തട്ടിപ്പുകാർ അതിസമർഥരാണെന്നതും എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ഓരോ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നത്.
സൈബർ തട്ടിപ്പ് എന്നത് ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റും ഉപയോഗിച്ച് വ്യക്തികളെ വഞ്ചിച്ചു പണമോ സ്വകാര്യവിവരങ്ങളോ കൈക്കലാക്കുന്ന കുറ്റകൃത്യമാണ്. നമ്മുടെ സമ്പാദ്യവും സമാധാനവും സ്വസ്ഥതയും തട്ടിയെടുത്തു കടന്നുകളയാൻ പാകത്തിലുള്ള സൈബർ തട്ടിപ്പുകളെ കുറിച്ച് നേരത്തെ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞാൽ പലവിധ ദുരന്തങ്ങളിൽനിന്നും ചതിക്കുഴികളിൽനിന്നും രക്ഷപ്പെടാനും പലരെയും രക്ഷപ്പെടുത്താനും ഒരു പരിധിവരെ സാധിക്കും എന്ന് നാം തിരിച്ചറിയണം. 2025ൽ മാത്രം കേരളത്തിൽ 42504 സൈബർ തട്ടിപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ബോധവത്കരണ പരിപാടികൾ ശക്തമായി നടക്കുമ്പോഴും ഉയർന്ന വരുമാനക്കാർ, കമ്പനി ജീവനക്കാർ, പെൻഷൻകാർ, വീട്ടമ്മമാർ, വ്യാപാരികൾ തുടങ്ങി എല്ലാ വിഭാഗത്തിൽപെട്ട മലയാളികളും ദിനേന കെണിയിൽ വീഴുന്നു എന്നത് തീർത്തും ആശങ്കാജനകമാണ്.
സൈബർ തട്ടിപ്പുകളുടെ വിവിധ രൂപങ്ങൾ
1) ഫിഷിങ് (Phishing)
തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ നൽകി ബാങ്ക് അക്കൗണ്ടുകൾ, സ്വകാര്യവിവരങ്ങൾ ഉൾപ്പെടെ കൈവശപ്പെടുത്തി അക്കൗണ്ടിലുള്ള പണം തട്ടുന്ന രീതിയാണിത്. സാധാരണയായി വ്യാജ ഇ-മെയിലുകൾ, സന്ദേശങ്ങൾ അല്ലെങ്കിൽ വെബ്‌സൈറ്റുകൾ വഴിയാണ് ഇത് നടക്കുന്നത്. ഒറ്റ നോട്ടത്തിൽ യഥാർഥ ബാങ്കുകൾ, കമ്പനികൾ എന്ന് തോന്നിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്നായിരിക്കും ഇത്തരം സന്ദേശങ്ങൾ വരിക.

ഉപഭോക്താക്കളെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനും സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാനും അവർ പലതരത്തിൽ ശ്രമിക്കും. ബാങ്ക് അക്കൗണ്ടിലെ പണം സംരക്ഷിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള വ്യാജസന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കാതെ വിവരങ്ങൾ കൈമാറിയാൽ വലിയ സാമ്പത്തിക നഷ്ടവും വ്യക്തി വിവരങ്ങളുടെ ദുരുപയോഗവും നടക്കാൻ അത് കാരണമാകും.
2) OTP/ഫോൺ കോളുകൾ വഴിയുള്ള തട്ടിപ്പ്
ബാങ്ക് ഉദ്യാഗസ്ഥനാണ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവാണ് എന്നൊക്കെ പരിചയപ്പെടുത്തി ഫോൺ വഴി ഒടിപി നമ്പർ ചോദിക്കും. അത് പറഞ്ഞു കൊടുക്കുക വഴി നമ്മുടെ അക്കൗണ്ടിൽനിന്നും പണം നഷ്ടമാകുകയും ചെയ്യും.
3) KYC അപ്‌ഡേറ്റ് തട്ടിപ്പ്
നിങ്ങളുടെ KYC expired ആണ് എന്ന വ്യാജ സന്ദേശം അയച്ചു APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിപ്പിക്കുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യിക്കുകയോ ചെയ്യുന്നു. അതുവഴി മൊബൈലിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാവുകയും പണം, ഡാറ്റ എന്നിവ അപഹരിക്കപ്പെടുകയും ചെയ്യുന്നു.
4) സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്കിംഗ്
വ്യാജ ലിങ്കുകൾ വഴിയോ OTP തട്ടിയെടുത്തോ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്ര ണാവകാശം കൈവശപ്പെടുത്തി; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവ ഹാക്ക് ചെയ്ത് സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം ആവശ്യപ്പെടുക എന്നതാണ് ഇന്ന് വ്യാപകമായ ഈ തട്ടിപ്പിന്റെ രീതി. വിശ്വസിക്കുന്ന ആളുകളിൽനിന്നും യഥേഷ്ടം പണം ലഭ്യമാകുന്നു എന്നതാണ് തട്ടിപ്പുകാർ കാണുന്ന ആകർഷകത്വം.
5) ഡിജിറ്റൽ അറസ്റ്റ്
പോലീസ്, CBI, ED, കസ്റ്റംസ് ഉദ്യാഗസ്ഥർ എന്ന നിലയ്ക്ക്
വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് കേസുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്നും ഭീക്ഷണിപ്പെടുത്തുന്നു. ഇങ്ങനെ ഭയം സൃഷ്ടിച്ച് പണം തട്ടുന്ന രീതിയാണിത്.
6) ലോട്ടറി/ജോലി തട്ടിപ്പ്
വിദേശത്തോ പ്രമുഖ കമ്പനികളിലോ ജോലി വാഗ്ദാനം ചെയ്തും, വലിയ തുക സമ്മാനമായി ലഭിച്ചു എന്ന് വിശ്വസിപ്പിച്ചും പ്രോസസ്സിംഗ് ഫീ, നികുതി തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുന്നു.
7) ഓൺലൈൻ ജോബ് & പാർട്ട് ടൈം തട്ടിപ്പുകൾ
ലൈക് ചെയ്താൽ പണം, സ്റ്റാറ്റസ് ഇട്ടും കൂടുതൽ ആളുകളെ കാണിച്ചും ഷെയർ ചെയ്തും കാശുണ്ടാക്കാം, വീട്ടിലിരുന്നു ജോലി ചെയ്ത് സമ്പാദിക്കാം എന്നിങ്ങനെ വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിപ്പിച്ച് ആദ്യം ചെറിയ തുക നൽകി വിശ്വാസ്യത നേടിയെടുക്കുന്നു. പിന്നീട് വലിയ തുക വാഗ്ദാനം ചെയ്യുന്നു. വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി ആദ്യം രജിസ്‌ട്രേഷൻ ഫീസ് വാങ്ങി ടാസ്‌കുകൾ പൂർത്തിയാകുന്നതിലൂടെ ഘട്ടം ഘട്ടമായി വരുമാനം കിട്ടുമെന്നും കൂടുതൽ ആളുകളെ ചേർക്കുക വഴി അധിക വരുമാനം കിട്ടുമെന്നും ബോധ്യപ്പെടുത്തി ധാരാളം പേരുകളിൽ തട്ടിപ്പുകൾ നടന്നു കൊണ്ടിരിക്കുന്നു. ഒരു നിശ്ചിത ഘട്ടം എത്തിയാൽ ടാസ്‌കുകളുടെ കാഠിന്യം കൂട്ടി സ്വയം ഒഴിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് ആളുകളെ നിർബന്ധിതരാക്കുന്നു. അങ്ങനെ വലിയ സംഖ്യ രജിസ്‌ട്രേഷൻ ഫീസ് വഴി അവർ കൈക്കലാക്കുന്നു. ധാരാളം ഒഴിവുസമയം ലഭിക്കുന്ന കുടുംബിനികളാണ് ഇത്തരക്കാരുടെ വലയിൽ കൂടുതലും അകപ്പെടുന്നത്.
8) QR കോഡ് സ്‌കാം
പണം സ്വീകരിക്കാനാണെന്ന വ്യജേന QR കോഡ് അയച്ചു ഉപയോക്താവിനെ സ്‌കാൻ ചെയ്യിച്ചു അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്ന രീതിയാണിത്. പണം ലഭിക്കാൻ QR കോഡ് സ്‌കാൻ ചെയ്യേണ്ട കാര്യമില്ലെന്നത് മറന്നുപോകുന്നു.
9) ഇൻവെസ്റ്റ്‌മെന്റ് /ട്രേഡിങ്ങ് തട്ടിപ്പ്
വിദേശനാണയ എക്‌സ്‌ചേഞ്ച് ഉൾപ്പെടെ ലാഭം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്ന രീതിയാണിത്. സൗജന്യ ട്രേഡിങ്ങ് ടിപ്സുകൾ നൽകി അവരുടെ ഗ്രൂപ്പുകളിലും കമ്യൂണിറ്റികളിലും അംഗങ്ങളാക്കി, പ്രമുഖരുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു വിശ്വാസം നേടിയെടുക്കും. വ്യാജ വാലറ്റിൽ നിക്ഷേപ തുക, പെരുപ്പിച്ച ലാഭം എന്നിവ കാണിക്കും. ഈ അമിതലാഭ വാഗ്ദാനം കണ്ടു പെട്ടെന്ന് പണമുണ്ടാക്കാം എന്ന ലക്ഷ്യത്തിൽ ആളുകൾ ചെന്നു ചാടി പണം നഷ്ടപ്പെടുത്തുന്നു.
10) പാർസൽ സ്‌കാം
നിങ്ങൾക്ക് വന്ന കൊറിയർ കൃത്യമായ വിലാസം നൽകാത്തതുകൊണ്ട് തിരികെ അയക്കുകയാണ് എന്ന നിലയിൽ മൊബൈലിൽ വരുന്ന മെസ്സേജ് ലിങ്കുവഴി ആളുകൽ വിവരം അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നു. (വിവരങ്ങൾ ലഭ്യമാകുന്നതുവരെ വിശ്വസനീയമായ കാര്യങ്ങൾ പറഞ്ഞു നമ്മളെ അവർ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കും). അവസാനം പലതവണയായുള്ള കമ്യൂണിക്കേഷൻ വഴി നമ്മുടെ കൂടുതൽ വിവരങ്ങൾ തട്ടിപ്പ് സംഘം ശേഖരിക്കുന്നു.

പരിശീലിതവും വശ്യവുമായ സംസാരവും ഇടപെടലും ആധികാരികതയിൽ അശേഷം സംശയം ജനിപ്പിക്കുകയില്ല. ഏറ്റവും അവസാനമാണ് തട്ടിപ്പുകാരുടെ പണികൾ ആരംഭിക്കുക. താങ്കളുടെ പാഴ്സലിൽ നിരോധിതമായ വസ്തുക്കൾ അടങ്ങിയത് കാരണം നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള നിർദേശങ്ങൾ പോയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ആളുകളെ പരിഭ്രാന്തരാക്കും. ഒടുവിൽ മാനുഷികമായ പരിഗണനയും നിസ്സഹായാവസ്ഥയും കണക്കിലെടുത്തു ഒരു പരിഹാര ഫോർമുല നിർദേശിച്ച് അവർ തന്നെ മധ്യസ്ഥത ചമഞ്ഞു രംഗപ്രവേശം ചെയ്യും. അങ്ങനെ പല തവണകളായി പല ഫോർമാലിറ്റിയും പേപ്പർ വർക്കും പറഞ്ഞു പണം തട്ടിയെടുത്തുകൊണ്ടിരിക്കും. മുടക്കം വന്നാൽ ബ്ലാക്ക് മെയിലിംഗ് തുടർന്നുകൊണ്ടിരിക്കും.
11) ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ
അപേക്ഷിച്ച ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻസ്റ്റന്റ് വായ്പകൾ ഒറ്റ ക്ലിക്കിൽ അനുവദിക്കുന്ന ആപ്പുകളാണിത്. വായ്പാ നടപടിയുടെ ഭാഗമായി ആപ്പ് ഉപയോക്താവിനോട് തന്റെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ്, ലൊക്കേഷൻ, ക്യാമറ, മൈക്രോ
ഫോൺ, ഫയലുകൾ, ഇമേജ് ഗാലറി, ടെക്സ്റ്റ് മെസ്സേജുകൾ തുടങ്ങിയവയെല്ലാം ആക്‌സസ് ചെയ്യാൻ അനുമതി ചോദിക്കുന്നു. വായ്പാ നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ ഈ പെർമിഷൻ നൽകൽ നിർബന്ധമാണ്, അതുകൊണ്ട് ‘നോ’ എന്നൊരു ഓപ്ഷൻ ഇല്ല.
ലോൺ പ്രോസസ്സിംഗിനായി ബന്ധപ്പെട്ട് എല്ലാ വ്യക്തിഗത രേഖകളും (ഐഡന്റിറ്റി/പാൻ) അപ്ലോഡ് ചെയ്യുകയും പരിശോധനയുടെ നടപടിക്രമത്തിന്റെ ഭാഗമായി ഫോട്ടോ എടുക്കുകയും എല്ലാ നിബന്ധനകളും വ്യവസ്ഥകളും (Terms & Conditions)ഒപ്പിട്ടു നൽകുകയും ചെയ്യുന്നു. ചെറിയ സംഖ്യ ലോൺ ആയി ഉടനെ ക്രെഡിറ്റായി വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അൽപ ദിവസങ്ങൾക്ക് ശേഷമാണ് വായ്പയുടെ പേരിലുള്ള പീഡനവും മുതലെടുപ്പുകളും ആരംഭിക്കുക.
നേരത്തെ പ്രോസസ്സിംഗ് സമയത്തു ലഭിച്ച ഫോട്ടോകൾ ദുരുപയോഗം ചെയ്യുകയും അപകീർ ത്തിപ്പെടുത്തുന്നതും അശ്ലീലവുമായ ചിത്രങ്ങൾ രൂപപ്പെടുത്തുകയും അത് കോണ്ടാക്ട് ലിസ്റ്റിലെ ആളുകൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിമുഴക്കി ബ്ലാക്ക് മെയിലിംഗ് വഴി പണം അപഹരിച്ചു കൊണ്ടിരിക്കും.
പണം നൽകാതെ വരുമ്പോൾ കോണ്ടാക്ടിലെ ആർക്കെങ്കിലും അത്തരം ചിത്രങ്ങളും തലമാറ്റിയ വീഡിയോയും അയച്ചു കൊടുത്ത സ്‌ക്രീൻഷോട്ട് കാണിച്ചു ഭീഷണി കടുപ്പിക്കും. അശ്ലീല വീഡിയോകളിൽ അഭിനയിക്കാൻ തയ്യാറാണ് എന്ന അടിക്കുറിപ്പോടെ ഫോട്ടോയടക്കം വിവിധ സൈറ്റുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കും.
ഇത്തരത്തിലുള്ള വിവിധ തട്ടിപ്പുകളുടെ പേരിൽ അഭിമാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവരും വിവാഹമോചനം നേടിയവരും ധാരാളമുണ്ട്.
12) സിം സ്വാപ്പ് തട്ടിപ്പ് (SIM SWAP)
മൊബൈൽ നമ്പറുകൾ സ്വന്തം പേരിൽ മാറ്റി OTPകളും ബാങ്ക് അലേർട്ടുകളും കൈപ്പറ്റി അക്കൗണ്ടുകൾ നിയന്ത്രണത്തിൽ എടുക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.
13) ഐഡന്റിറ്റി തെഫ്റ്റ് (Identity Theft):
ആധാർ, പാൻ, ബാങ്ക് രേഖകൾ തുടങ്ങിയവ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ തുറക്കുകയോ വായ്പകൾ എടുക്കുകയോ ചെയ്യുന്നു.
14) ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്
വളരെ കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളിലൂടെ പണം കൈപ്പറ്റി സാധനം അയയ്ക്കാതെ വഞ്ചിക്കുന്ന രീതിയാണിത്. അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ നൽകുന്നു.
15) ഓൺലൈൻ കോഴ്‌സ് തട്ടിപ്പുകൾ

UGC നിർത്തലാക്കിയതും അപ്രൂവൽ ഇല്ലാത്തതുമായ പല ഓൺലൈൻ കോഴ്‌സുകൾക്കും ഇന്നും വ്യാപകമായി അഡ്മിഷൻ നൽകിവരുന്ന പല സ്ഥാപനങ്ങളും കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആകർഷകമായ ക്യാപ്ഷനുകളിലും സെലിബ്രിറ്റികളുടെ പരസ്യവാചകങ്ങളിലും വഞ്ചിതരായി ഒരു അഡ്രസ്സുമില്ലാത്ത സ്ഥാപനങ്ങളിൽ കൊണ്ടുപോയി പണം നൽകുന്ന ധാരാളം വിദ്യാർഥികളുണ്ട്. അതുപോലെ പല യൂണിവേഴ്‌സിറ്റികളുടെയും ഇടനിലക്കാരായി ഏജൻസികൾ ചമഞ്ഞ് പ്രവർത്തിച്ച് ഫീസ് ശേഖരിക്കന്നവരുണ്ട്. അവർ അത് യൂണിവേഴ്‌സിറ്റിയിൽ അടക്കുകയുമില്ല.
16) കസ്റ്റമർ കെയർ തട്ടിപ്പുകൾ
ഗൂഗിളിൽ നിന്നും ലഭിക്കുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കുമ്പോൾ സ്‌ക്രീൻ ഷെയർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് വിവരങ്ങൾ അടക്കം ചോർത്തുകയും ചെയ്യുന്നു.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നിലയിൽ സൈബർ തട്ടിപ്പുകൾ നിരന്തരം പുതിയ രൂപങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സൈബർ തട്ടിപ്പുകളുടെ രൂപങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഓരോ വ്യക്തിയുടെയും ജോലിയുടെ സ്വഭാവവും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കി അതനുസരിച്ചുള്ള പുതിയ രൂപഭാവങ്ങളിൽ തട്ടിപ്പുകൾ ഉയർന്നുവരുന്നു.
സൈബർ തട്ടിപ്പിൽ നിന്നും രക്ഷ നേടാൻ ചില മുൻകരുതലുകൾ
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. അതിലൂടെ ലഭിക്കുന്ന അറ്റാച്ച്‌മെന്റുകൾ തുറക്കാതിരിക്കുക. സന്ദേശം അയച്ച വ്യക്തിയുടെ വിശ്വാസ്യത പരിശോധിക്കുക.
പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ വിശ്വസനീയമായ VPN ഉപയോഗിക്കുക. സുരക്ഷിതമല്ലാത്ത പബ്ലിക് വൈഫൈ വഴിയുള്ള വിവരങ്ങൾ ചോരുന്നത് ഒരു പ്രധാന വെല്ലുവിളിയാണ് എന്നോർക്കണം.
ആധികാരികമല്ലാത്ത വെബ്‌സൈറ്റുകളിൽനിന്നോ ലിങ്കിൽനിന്നോ യാതൊരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യാതിരിക്കുക.
മറ്റുള്ളവർക്ക് ഊഹിച്ചെടുക്കാൻ സാധിക്കാത്ത ശക്തമായ പാസ്‌വേർഡുകൾ ഉപയോഗിക്കുക. അത് ഇടക്കിടക്ക് മാറ്റുക. ആവശ്യപ്പെടാതെ വരുന്ന പാസ്‌വേർഡ് റീസെറ്റ് മെസ്സേജുകളിൽ ക്ലിക്ക് ചെയ്യരുത്.
വമ്പിച്ച ഡിസ്‌കൗണ്ടുകൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റുകളിലൂടെ കണ്ണുമടച്ച് സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക. വലിയ വില വരുന്ന ബ്രാൻഡഡ് സാധനങ്ങൾ അതിനെക്കാൾ പത്തും ഇരുപതും ഇരട്ടി കിഴിവിൽ ലഭിക്കുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ കെണിയാണെന്ന് തിരിച്ചറിയുക.
അപരിചിതർക്ക് ഒരു കാരണവശാലും OTP, വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക.

സൈബർ സെക്യൂരിറ്റി പോളിസികൾ സമയബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുക. ഫോണിലെയും കമ്പ്യൂട്ടറിലെയും സോഫ്റ്റ്‌വെയർ കൃത്യസമയത്ത് അപ്‌ഡേറ്റ് ചെയ്യുക.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ ഷോപ്പിംഗ് സൈറ്റുകളിൽ സേവ് ചെയ്യാതിരിക്കുക. ഓരോ തവണയും കാർഡ് വിവരങ്ങൾ നൽകുന്നതാകും അഭികാമ്യം. എന്നാൽ സ്ഥിരമായി ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർക്ക് ടോക്കണൈസേഷൻ ചെയ്യുന്നത് ഗുണകരമാകും.
പ്രൊമോഷനുകൾ, പരസ്യങ്ങൾ, പ്രൊഡക്ട് സെർച്ച് തുടങ്ങിയവയ്ക്ക് ഒരു സെക്കന്ററി ഇ-മെയിൽ ഐഡി സെറ്റ് ചെയ്യുന്നത് നന്നായിരിക്കും. അത് അത്തരം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക.
ഒന്നിലധികം അക്കൗണ്ടുള്ളവർ ഓൺലൈൻ ഇടപാടുകൾക്കായി ഒരു അക്കൗണ്ട് മാറ്റിവെക്കുന്നത് തട്ടിപ്പുകൾ ഒരു പരിധി വരെ തടയാൻ സാധിക്കും. ഓൺലൈൻ ഇടപാടുകൾക്കായി ഒരു നിശ്ചിത തുക മാത്രം ഇതിൽ സൂക്ഷിക്കുക വഴി തട്ടിപ്പിനിരയായാലും നഷ്ടം പരിമിതപ്പെടുത്താൻ ഉപകരിക്കും.
ബാങ്ക് കാർഡുകളിൽ എമൗണ്ട് ലിമിറ്റ് സെറ്റ് ചെയ്യുക. വൈഫൈ എനേബിൾഡ് കാർഡുകൾ (Contactless Payment) കൈമാറാതിരിക്കാൻ ശ്രദ്ധിക്കുക. ഉപയോഗമനുസരിച്ചുള്ള തുക കാർഡിൽ ലിമിറ്റ് ചെയ്ത് സൂക്ഷിക്കുന്നത് വൻ നഷ്ടങ്ങളിൽനിന്ന് രക്ഷിച്ചേക്കാം. ഇത്തരം കാർഡുകൾ നഷ്ടപ്പെട്ടാൽ ബാങ്ക് ആപ്പ് വഴി ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ വേഗത്തിൽ ഉപയോഗപ്പെടുത്തണം.
ബാങ്ക്, സോഷ്യൽ മീഡിയ തുടങ്ങിയ അക്കൗണ്ടുകളിൽ TWO FACTOR Authentication (2FA) ഓൺ ചെയ്തു വെക്കുക വഴി കൂടുതൽ സുരക്ഷ ഉറപ്പുവരുത്താവുന്നതാണ്.
സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളുടെ വ്യാജ പ്രൊഫൈൽ, കവർ ഫോട്ടോ നിർമിച്ച് നടത്തുന്ന തട്ടിപ്പുകൾക്ക് പണം നൽകുന്നതിന് മുന്നേ സുഹൃത്തിനോട് നേരിട്ട് പരിശോധിച്ച് ശ്രമിക്കുക.
ബൈ ആൻഡ് സെൽ വെബ്‌സൈറ്റുകളിലെ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണം. കളക്ഷൻ റിക്വസ്റ്റ് തട്ടിപ്പിന്റെ പുതിയ പതിപ്പുകൾ ഇന്ന് ധാരാളമുണ്ട്.
SIM Card ഡയറക്ട് കോൺഫിഗറേഷൻ ലഭ്യമാകും എന്നതിനാൽ ആധികാരികമായ വിതരണക്കാരിൽനിന്ന് മാത്രം സ്വീകരിക്കുക.
പുതിയ വേഷത്തിലും ഭാവങ്ങളിലും വരുന്ന തട്ടിപ്പുകളെക്കുറിച്ച് സദാസമയം ജാഗ്രതരായിരിക്കുക. അതുമായി ബന്ധപ്പെട്ട് പുലർത്തുന്ന സർക്കാർ തലത്തിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിക്കുകയും പാലിക്കുകയും ചെയ്യുക. സാങ്കേതിക തകരാറുകളെക്കാൾ മനുഷ്യരുടെ അശ്രദ്ധയോ പിഴവുകളോ മുതലെടുത്താണ് 98% സൈബർ തട്ടിപ്പുകളും നടക്കുന്നത് എന്ന് തിരിച്ചറിയണം.
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ അടിക്കടി പരിശോധിക്കുകയും ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകളോ അറിയാത്ത ഇടപാടുകളോ നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കുകയും അത്തരം സബ്‌സ്‌ക്രിപ്ഷൻ ക്യാൻസൽ ചെയ്യുകയും വേണം.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിലോ നാഷണൽ ക്രൈം പോർട്ടലിലോ വിവരം അറിയിക്കേണ്ടത് അനിവാര്യമാണ്. പണം നഷ്ടപ്പെട്ട ആദ്യത്തെ മണിക്കൂറുകളിൽ (GOLDEN HOUR) പരാതി നൽകിയാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതൽ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

