നബിദിനാഘോഷക്കാരുടെ ‘തെളിവുകൾ’ പാഴായ ചെറുവാടി സംവാദം!
മൂസ സ്വലാഹി കാര
2026 ജനുവരി 17, 1447 റജബ് 28

അഹ്‌ലുസ്സുന്ന വൽജമാഅയുടെ ആദർശം പ്രമാണങ്ങളുടെ വെളിച്ചത്തിൽ മാറ്റുരക്കുന്നതിന് വേണ്ടിയുള്ള വൈജ്ഞാനിക സംവാദങ്ങൾ സ്വഹാബത്തിന്റെ കാലം മുതൽക്കേ നടന്നുവന്നിട്ടുള്ളതാണ്. ആദ്യത്തെ വ്യതിയാന കക്ഷിയായ ഖവാരിജുകളിൽനിന്ന് ആറായിരത്തോളമാളുകളോട് ഇബ്‌നു അബ്ബാസ്(റ) സംവദിക്കുകയും രണ്ടായിരത്തോളം പേർ ആ പിഴവിൽനിന്ന് തൗബ ചെയ്ത് മടങ്ങുകയുമുണ്ടായി. അലി(റ)വും ജാബിർ(റ)വും ഖവാരിജുകളുമായി സംസാരിച്ചതും പലരും മാറി വന്നതുമായ സംഭവങ്ങൾ ചരിത്രത്തിൽ കാണാം. ഇമാം അബൂ ഹനീഫ(റഹി) മതനിഷേധികളോടും ഇമാംശാഫിഈ (റഹി) ശിയാക്കളോടും ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റഹി) മുഅ്തസിലികളോടും നടത്തിയ സംവാദങ്ങളും ചരിത്രപ്രസിദ്ധമാണ്.
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസം പല ശിഥില ശക്തികളുടെയും പിടിയിലമർന്ന് വികലമായപ്പോൾ ശരിയായ വഴി അവർക്ക് കാണിച്ച് കൊടുക്കുന്നതിൽ വ്യത്യസ്ത വിഷയങ്ങളിലുണ്ടായ സംവാദങ്ങളും ചർച്ചകളും വലിയ സംഭാവനകളർപ്പിച്ചിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും കാരണമായ ഒട്ടേറെ സംവാദങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്.
ഏറ്റവും ഒടുവിൽ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്ത് ചെറുവാടിയിൽ (2026 ജനുവരി 3, ശനിയാഴ്ച) ഒരു വൈജ്ഞാനിക സംവാദത്തിന് വേദിയൊരുങ്ങി. റബീഉൽ അവ്വൽ മാസം സമസ്ത മുസ്‌ലിയാക്കന്മാർ ആചരിച്ച് വരാറുള്ള നബിദിനാഘോഷം ദുരാചാരമാണെന്ന് പ്രാമാണികമായി തെളിയിച്ചതും ആഘോഷക്കാരുടെ അടുക്കലുള്ള തെളിവുകൾ അടിവേരില്ലാത്തതാണെന്നു തുറന്ന് കാണിച്ചതുമായ ഈ സംവാദം സത്യാന്വേഷികൾക്ക് വെളിച്ചം നൽകുന്നൊരു വൈജ്ഞാനിക വിളക്കായി ജ്വലിച്ച് നിൽക്കുമെന്നതിൽ സംശയമില്ല.
സംവാദത്തിലേക്ക് നയിക്കപ്പെട്ട സാഹചര്യം
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ചെറുവാടിയിൽ ‘നബിദിനാഘോഷം പ്രമാണങ്ങളിൽ’ എന്ന വിഷയത്തിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച പഠനാർഹമായൊരു മുഖാമുഖം നടത്തി. പ്രാദേശികമായി പലർക്കും നിലപാടിൽ ഇളക്കം വരാൻ മുഖാമുഖം നിമിത്തമായതിനാൽ സമസ്ത ഇ.കെ വിഭാഗം ‘നബിദിനം ഇസ്‌ലാമികം തന്നെ’ എന്ന പേരിൽ 2025 ആഗസ്റ്റ് 24 ഞായറാഴ്ച അതിന് മറുപടി വെച്ചു. ഖണ്ഡനം തുടരുന്നത് കൂടുതൽ ക്ഷീണമാകുമെന്ന ഉൾഭയത്താൽ ബിദ്അത്ത് വിഷയത്തിൽ ഒരു സംവാദം നടത്താൻ ധൈര്യമുണ്ടോ എന്ന് പരിഹാസ ഭാവത്തിൽ മുസ്‌ലിയാക്കന്മാർ ഇങ്ങോട്ട് വെല്ലുവിളി ഉയർത്തി. പിന്നീട് ‘നബിദിനാഘോഷം ഇസ്‌ലാമികമാണെന്നോ’എന്ന പേരിൽ 2025 ആഗസ്റ്റ് 30, ശനിയാഴ്ച മറുപടി വെച്ചപ്പോൾ അവർ കത്തുമായി സദസ്സിലേക്ക് വന്നു. സംവാദ വെല്ലുവിളി പരിഗണിച്ചുകൊണ്ട് പ്രസംഗിക്കവെ നമുക്ക് ഖണ്ഡനവുമായി കുറച്ച് മുന്നോട്ട് പോകാം, അനിവാര്യമെങ്കിൽ സംവാദമാകാം എന്നു മറുപടി കാടുത്തു. അല്ലെങ്കിൽ ‘നബിദിനാഘോഷം ഇസ്‌ലാമികമോ അനിസ്‌ലാമികമോ’ എന്ന വിഷയത്തിൽ 24/1/2016 ഞായർ കണ്ണൂർ കമ്പിൽ നമ്മൾ തന്നെ നടത്തിയ സംവാദം ഇരു കൂട്ടർക്കും തൃപ്തികരമല്ലേ, അത് നമുക്കൊരുമിച്ച് ചെറുവാടിയിൽ പ്രദർശിപ്പിച്ചാലും മതിയല്ലോ എന്നും ചോദിച്ചു. ആ സംവാദത്തിൽ പ്രമാണങ്ങൾക്ക് മുമ്പിൽ പതറിപ്പോയ പേടി വിട്ടുപോകാത്തതുകൊണ്ടാകാം അത് ഗൗനിക്കാതെ സംവാദത്തിന് എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്നും പറഞ്ഞ് 2025 സെപ്തംബർ 1 തിങ്കളാഴ്ച അവർ വീണ്ടും മറുപടിയുമായി വന്നു. 2025 സെപ്തംബർ 14, ഞായറാഴ്ച ‘അഹ്‌ലുസ്സുന്നത്തി വൽജമാഅ’ എന്ന വിഷയം മുൻനിറുത്തി അതിനുള്ള മറുപടി കൊടുക്കവെ, കഴിഞ്ഞ പ്രസംഗത്തിൽ നിർദേശിച്ചത് നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ ‘വ്യവസ്ഥ എഴുതുക’ എന്നൊരു ഇടയിരുത്തമില്ലാതെ രണ്ടുഭാഗത്തുനിന്നും നിയമിക്കപ്പെടുന്നവർ വ്യവസ്ഥകൾ പൂർത്തിയാക്കുന്ന മുറക്ക് നേരിട്ട് സംവാദത്തിനായി നമുക്കിരിക്കാം എന്ന് മറുപടി നൽകി.
സമസ്തയിൽ കുഴപ്പം വിതക്കുന്ന ശജറകളും സംഘടനാപക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങൾ കൊഴുത്ത് മൂത്ത് നിൽക്കുന്നതുകൊണ്ടാകാം സംവാദ ചർച്ചകൾക്കുള്ള ആദ്യ മൂന്ന് കത്തുകൾ ചെറുവാടി റെയ്ഞ്ച് സമസ്ത 100-ാം വാർഷിക സമ്മേളന സ്വാഗത സംഘം ലെറ്റർഹെഡിലും നാലാമത്തെ കത്ത് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ലെറ്ററിലുമാണ് നൽകിയത്. ഒരു സംവാദമാകുമ്പോൾ അതിനൊരു ഔദ്യോഗികത വേണ്ടതിനാൽ താത്ക്കാലിക സംവിധാനങ്ങൾ ഉപയോഗിക്കാതെ സമസ്ത മുശാവറയുടെയോ എസ്.കെ.എസ്.എസ്.എഫിന്റെയോ ലെറ്ററിൽ കത്ത് നൽകണമെന്ന് അവരോട് മാന്യമായി ആവശ്യപ്പെട്ടു. നിർബന്ധിതാവസ്ഥയിൽ അവസാനം രണ്ട് കത്തുകൾ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ ലെറ്ററിൽ നൽകുകയുണ്ടായി. അങ്ങനെ വിസ്ഡം നാല് കത്തുകളും സമസ്ത ആറ് കത്തുകളും കൈമാറിയത് പ്രകാരമാണ് സംവാദത്തിന് വേദിയൊരുങ്ങിയത്.
വാദങ്ങളും അവതരണങ്ങളും
മുജാഹിദുകളുടെ വാദം: ‘നബിദിനാഘോഷം എന്ന ഇബാദത്ത്, ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കാത്തതും സ്വഹാബത്തോ താബിഉകളോ മാതൃക കാണിക്കാത്തതുമാണ്. മദ്ഹബിന്റെ ഇമാമുമാർക്ക് പോലും നബിദിനാഘോഷം എന്ന ഇബാദത്ത് പരിചയമില്ല. അതിനാൽ നബിദിനാഘോഷം ബിദ്അത്താണ് (ദുരാചാരമാണ്).’

സമസ്തയുടെ വാദം: ‘നബിദിനാഘോഷം പുണ്യകർമമാണ്. ശിർക്കാണെന്നും ദുരാചാരമാണെന്നുമുള്ള വാദം തെറ്റാണ്.’
ഇരു ഭാഗത്തുനിന്നും ഏഴ് വീതം പണ്ഡിതന്മാരും നൂറ് വീതം ശ്രോതാക്കളും പങ്കെടുത്തുകൊണ്ടായിരുന്നു സംവാദം.
ആദ്യം വിഷയാവതരണം നടത്തിയത് ഫൈസൽ മൗലവിയാണ്. ‘അല്ലാഹുവേ, നിന്റെ അടിമകൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായതിൽ വിധിക്കുന്നവൻ നീയാണ്. സത്യത്തിലേക്ക് തുറവി നൽകണേ’ എന്ന പ്രാർഥനയോടെ അദ്ദേഹം വിഷയാവതരണം ആരംഭിച്ചു. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് ക്വുർആനിലേക്കും സുന്നത്തിലേക്കും മടക്കിക്കൊണ്ടാകണമെന്ന് പ്രത്യേകം ഉണർത്തി, വാദത്തിൽ ഒതുങ്ങിനിന്നുകൊണ്ട് അദ്ദേഹം സംസാരിച്ചു. അടിസ്ഥാനപരമായി പ്രമാണങ്ങളിൽ ഇല്ലാത്തതും ഉത്തമതലമുറക്കോ അഹ്‌ലുസ്സുന്നയുടെ ആദ്യകാല പണ്ഡിതന്മാർക്കോ പരിചയമില്ലാത്തതുമായ ഈ ആഘോഷം ദുരാചാരം തന്നെയാണെന്നതിൽ ഒട്ടും സംശയമില്ലെന്ന് തെളിവുകൾ നിരത്തി സമർഥിച്ചു.
ശിയാക്കളിലെ ഫാത്വിമിയാക്കൾ തുടങ്ങുകയും സൂഫിയായ മുല്ല ഉമർ ആചരിക്കുകയും പിന്നീട് ഹിജ്‌റ ഏഴാം നൂറ്റാണ്ടിൽ മുളഫ്ഫർ എന്ന രാജാവ് പൊലിപ്പിക്കുകയും ചെയ്ത ഒരാഘോഷമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോരുത്തരും പുതുതായി ഉണ്ടാക്കുന്ന ആശയങ്ങൾക്ക് വേണ്ടി ആയത്തുകളും ഹദീസുകളും ദുർവ്യാഖ്യാനിച്ചൊപ്പിക്കുന്നത് പൂർവികരുടെ പ്രമാണ വ്യാഖ്യാന രീതിക്ക് നിരക്കാത്തതാണെന്നും വ്യാജ ഔലിയാക്കന്മാരെ അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്താൻ പോലും പൗരോഹിത്യം ആയത്തുകളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
നബിദിനാഘോഷത്തിന് ആയത്തുണ്ടെന്ന് വാദിക്കുമ്പോൾ അത് നബിﷺക്കും സ്വഹാബത്തിനും താബിഉകൾക്കും മനസ്സിലായില്ലെന്നും അല്ലെങ്കിൽ ആയത്തിലുള്ളതിനെ അവർ അനുഷ്ഠിച്ചില്ലെന്നുമുള്ള മാരക ജൽപനങ്ങളുടെ അപകടവും അടിവരയിട്ടുണർത്തി. ‘നല്ല ബിദ്അത്ത്’ എന്ന് പൊലിപ്പിച്ച് അവതരിപ്പിച്ചാൽ അത് ദുരാചാരത്തിന് ന്യായമാകില്ല, കാരണം നബിﷺ ആയിരം പ്രാവശ്യമെങ്കിലും മുന്നറിയിപ്പ് നൽകിയതാണ് ‘പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം, നിശ്ചയം പുതുതായി ഉണ്ടാക്കപ്പെട്ടതെല്ലാം ബിദ്അത്താണ്, എല്ലാ ബിദ്അത്തും വഴികേടാണ്’ എന്ന കാര്യം. ലൈലത്തുൽ ക്വദ്‌റിനെക്കാൾ പുണ്യമുള്ള രാത്രി, ബലിപെരുന്നാളിനെക്കാൾ വലിയ ആഘോഷം, മൂന്നാമത്തെ ആഘോഷം, മൂല്യമുള്ള ഇബാദത്ത് എന്നിങ്ങനെയെല്ലാം മീലാദാഘോഷം വിശേഷിപ്പിക്കപ്പെട്ടത് എത്രമാത്രം ഗുരുതരമാണെന്നും ഇതിന്റെ ഭംഗിക്കായി ചൊല്ലിക്കൊണ്ടിരിക്കുന്ന മാല മൗലിദുകളിലുള്ള ശിർക്കും അതിരുവിട്ട വാദങ്ങളും കള്ളക്കഥകളും കാരണം പരലോകമാണ് നഷ്ടമാവുക എന്നും അദ്ദേഹം ഉണർത്തി.
സമസ്ത മുസ്‌ലിയാർ ഒന്നാമത്തെ വിഷയാവതരണം കേട്ടത് മൂലമുണ്ടായ അന്ധാളിപ്പ് കാരണം തന്റെ അവതരണത്തിൽ ‘നബിദിനാഘോഷം പുണ്യകർമമാണ്’ എന്ന സ്വന്തം വിശ്വാസത്തെ സ്ഥാപിക്കാൻ പോലും മറന്നുപോയി. മാത്രവുമല്ല, തന്റെ വാദത്തെ വെട്ടിപ്പൊളിച്ചുകൊണ്ടാണ്അവസാനംവരെയും മുസ്‌ലിയാർ സംസാരിച്ചത്. മതനിയമത്തിലുള്ള നിർദേശങ്ങളിൽ ഒതുങ്ങിനിന്നുകൊണ്ട് നിർവഹിക്കപ്പെടുന്ന ചെറുതും വലുതുമായ കാര്യങ്ങൾക്ക് വമ്പിച്ച പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച, സൂറത്തു യാസീനിലെ ‘...അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു...’ എന്ന ആയത്തും വ്യത്യസ്ത ഇമാമുമാർ ഉദ്ധരിച്ച ‘ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ’ എന്ന ഹദീസുമാണ് തുടക്കത്തിൽ പറഞ്ഞുവെച്ചത്. ഇവ രണ്ടും മതത്തിലുള്ള കാര്യങ്ങളെ കുറിച്ചുള്ളതായതിനാൽ ദുരാചാരത്തെ പുണ്യകർമമാക്കാൻ ഇത് മതിയാവുകയില്ല! ഒരു കാര്യം അനാചാരമാകണമെങ്കിൽ അത് പുതുതായി ഉണ്ടാക്കിയതോ ദീനിൽ പെടാത്തതോ ആയിരിക്കണമെന്നായിരുന്നു മുസ്‌ലിയാരുടെ കണ്ടെത്തൽ. നബിദിനാഘോഷം നിർമിത ആഘോഷമാണ്, മതത്തിലുള്ളതല്ലെന്ന് ഇതിലൂടെ മുസ്‌ലിയാർക്കും സമ്മതിക്കേണ്ടി വന്നു. പല പണ്ഡിതന്മാരും ഭാഷാപരമായി ‘ബിദ്അത്ത്’ എന്ന് പ്രയോഗിച്ചത് മുസ്‌ലിയാർ വലിയ കാര്യമായി പറഞ്ഞുപോയെങ്കിലും അതൊന്നും മതപരമായ ബിദ്അത്ത് എന്ന അർഥത്തിലല്ലാത്തതിനാൽ വാദത്തെ സ്ഥിരീകരിക്കാൻ ഇതെങ്ങനെയാണ് പ്രാപ്തമാവുക? ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യുടെ ‘പ്രമാണങ്ങൾക്ക് എതിരായത് ബിദ്അത്താണ്’എന്ന പ്രസ്താവന മുസ്‌ലിയാർ ഉദ്ധരിച്ചത് പോലും അസ്ഥാനത്താണെന്ന് തിരിയാതെ പോയി. മുസ്‌ലിയാർ അവതരണം അവസാനിപ്പിക്കുമ്പോൾ പതിവ് പോലെ തന്നെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പഴയകാല നേതാക്കളെ സ്മരിക്കാനും മറന്നുപോയില്ല.
മുസ്‌ലിയാക്കന്മാരുടെ 9 ചോദ്യങ്ങൾ
പത്തുവീതം ചോദ്യങ്ങൾ തീരുമാനിക്കപ്പെട്ടതിൽ സമസ്തക്കാർ ഒമ്പത് ചോദ്യങ്ങളാണ് ഉന്നയിച്ചത്.
1. സൂറതുന്നിസാഇലെ ‘ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ’ എന്ന ആയത്തോതി സംഘടനയുണ്ടാക്കാൻ ഏത് സ്വഹാബിയാണ്, താബിഇയാണ് പറഞ്ഞത് എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം.
വിഷയം സംഘടനയല്ല, അതുകൊണ്ട് ചെയ്ത് കൂട്ടുന്ന ശിർക്കും ഖുറാഫാത്തുമാണ്. സംഘടനയുണ്ടാക്കൽ ഇബാദത്താണെന്ന് ആരും വാദിച്ചിട്ടില്ല. നിങ്ങളുടെ വാദം നബിദിനാഘോഷം ഇബാദത്താണെന്നാണ്. ഈ ആയത്ത് പൊതുവായ നിർദേശമാണ്. ആർക്കും സംഘടനയുണ്ടാക്കാം. മതവും ഭൗതികവും കൂട്ടിക്കെട്ടി ആയത്തുകൾക്ക് സ്വന്തമായി അർഥം വെച്ചതാണ് നിങ്ങൾക്ക് പറ്റിയ അബദ്ധമെന്നുമാണ് പ്രതികരിച്ചത്.
2. നബിﷺയുടെ ജനനം ലോകത്തിന് അനുഗ്രഹമല്ലയോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ഞാൻ ജനിച്ച ദിവസമാണ് തിങ്കളാഴ്ച, അന്ന് നോമ്പെടുത്തോളൂ എന്ന് നബിﷺ പറഞ്ഞതിനാൽ തിരുപ്പിറവി കാരുണ്യമാണ്, അതിൽ സംശയമയോ തർക്കമോ ഇല്ല. ആ കാരുണ്യത്തെ ആഘോഷദിനമാക്കുന്നതാണ് പ്രശ്‌നം, അതിനു തെളിവുണ്ടോ എന്ന് മറുപടി നൽകി.
3. നബിദിനാഘോഷം തന്നെ ശിർക്കാണെന്ന നിങ്ങളുടെ വാദം ഏതെങ്കിലും ആയത്തുകൊണ്ട് തെളിക്കാമോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം. ശിർക്കായത് ശിർക്കാണെന്ന് പറയാനും ശിർക്കല്ലാത്തത് ശിർക്കല്ലെന്ന് പറയാനും ഒരു മടിയുമില്ലെന്നതാണ് മുജാഹിദുകളുടെ പ്രത്യേകത. നബിദിനാഘോഷം നിരുപാധികം ശിർക്കാണെന്ന് മുജാഹിദ് പ്രസ്ഥാനം എവിടെയും എഴുതിയിട്ടില്ല. കമ്പിൽ സംവാദത്തിലും ഇതുതന്നെ പറഞ്ഞു പറ്റിച്ചത് ഓർമയിൽ ഉണ്ടാകുമല്ലോ എന്നുമാണ് പ്രതികരിച്ചത്.
4. സൂറഃ മുജാദലയിലെ ‘സത്യവിശ്വാസികളേ, നിങ്ങൾ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കിൽ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങൾ അർപ്പിക്കുക’ എന്ന ആയത്തിനെ മുൻനിർത്തി ഒരാൾ എല്ലാ വെള്ളിയാഴ്ചയും ജുമുഅക്ക് പോകും മുമ്പ് ഒരു സ്വദക്വ ചെയ്യാൻ തീരുമാനിച്ചാൽ അത് ബിദ്അത്താണോ അല്ലയോ എന്നതാണ് നാലാമത്തെ ചോദ്യം.
നബിദിനാഘോഷം ഇസ്‌ലാമികമോ അല്ലയോ എന്ന് തീരുമാനമായിട്ടല്ലേ സ്വദക്വ കൊടുക്കൽ? ഉത്തമ തലമുറക്ക് പരിചയമില്ലാത്തതെന്ന് ഖണ്ഡിതമായതാണ് ഈ കാര്യം. അല്ല, അവർക്കത് പരിചിതമായിരുന്നുവെന്ന് ഒരു വാക്ക് കൊണ്ടുപോലും പറയാൻ നിങ്ങൾ ധൈര്യപ്പെടാത്തതെന്താണ്? ശേഷമുള്ള ആയത്തുകൊണ്ട് ഇതിലെ വിധി മൻസൂഖ് (മായ്ക്കപ്പെട്ടത്) ചെയ്യപ്പെട്ടതിനാൽ ചോദിക്കപ്പെട്ട ആയത്തിലെ വിധി നിലനിൽക്കുന്നുമില്ല. മതനിയമത്തിലേക്ക് ചേർത്തും പ്രത്യേകത കൽപിച്ചും ആരാധനയാക്കിയുമൊക്കെ അങ്ങനെ ആരെങ്കിലും ചെയ്താൽ അത് ബിദ്അത്താകുമെന്നും പ്രതികരിച്ചു.
5. ഇമാം ബുഖാരി(റഹി) ഓരോ ഹദീസ് എഴുതുമ്പോഴും നബി(സസ്വ)യുടെ റൗള ശരീഫിന്റെ അടുത്തിരുന്ന് എഴുതിയിരുന്നു, ആ പതിവ് പണി ബിദ്അത്താണോ എന്നതായിരുന്നു അഞ്ചാമത്തെ ചോദ്യം.

നബിദിനാഘോഷമെന്ന വിഷയത്തിലേക്ക് എന്താണ് നിങ്ങൾ വരാത്തത്? അത് ക്വുർആനിലോ സുന്നത്തിലോ ഉത്തമതലമുറയിലോ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരിലോ ഇല്ലെന്ന മുജാഹിദുകളുടെ വാദത്തെ ‘ഇല്ലാത്ത’ വാദമെഴുതിയ നിങ്ങൾക്ക് പൊളിക്കാൻ കഴിയാത്തതെന്താണ്? ഇമാം ബുഖാരി നിർവഹിച്ച നമസ്‌കാരം ഹദീസിൽ വന്ന സ്വലാത്തുൽ ഇസ്തിഖാറയാണ.് അത് ബിദ്അത്തല്ല. അദ്ദേഹം ഇരുന്നത് നബിﷺ റൗളയെന്ന് വിശേഷിപ്പിച്ച സ്ഥലത്തുമാണ്. ഹദീസുകളോടുള്ള ആദരവ് മൂലം ഇമാം മാലിക്(റഹി) അടക്കം ചെയ്തത് മാതൃകയാക്കി ഇമാം ബുഖാരി(റഹി) ഈ ചെയ്തതിൽ നബിദിനാഘോഷം എവിടെയാണുള്ളത്? അങ്ങനെയാണെങ്കിൽ ഇമാം ബുഖാരി ആഘോഷിക്കാതിരിക്കുമോ?
6. ഒരാൾ നമസ്‌കാരത്തിന്റെ നിറുത്തത്തിൽ ലാഇലാഹ ഇല്ലല്ലാഹുവെന്ന് ആവർത്തിച്ച് ചൊല്ലിയാൽ കുറ്റകരമാണെന്ന് നിങ്ങൾ എഴുതിയിട്ടുണ്ട്. അങ്ങനെ പറയൽ അനുവദനീയമാണെന്ന് ഇബ്‌നു ഹജർ അസ്ഖലാനി പറഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഈ തെളിവെടുക്കൽ ബിദ്അത്താണോ എന്നതാണ് ആറാമത്തെ ചോദ്യം.
ഒരു ആയത്തിൽനിന്നോ ഹദീസിൽനിന്നോ തെളിവ് കണ്ടെത്തൽ ഒന്നുകിൽ ശരിയാകാം അല്ലെങ്കിൽ തെറ്റാകാം. അത് ബിദ്അത്താവുകയില്ല എന്ന അടിസ്ഥാന തത്ത്വം പോലും തിരിയാത്തവരാണോ നിങ്ങൾ? ലക്ഷകണക്കിന് ഹദീസുകൾ മനഃപാഠമാക്കുകയും അവയെ ആദരിക്കുകയും ചെയ്ത ഒരു ഇമാമും നബിദിനമാഘോഷിച്ചതിന് തെളിവില്ല. ഗവേഷണത്തിന് കഴിവുള്ള ഇമാമുമാർ ഗവേഷണം നടത്തുമ്പോൾ അത് ശരിയായാൽ രണ്ട് കൂലിയും തെറ്റിയാൽ ഒരു കൂലിയുമാണ്. ഇതൊന്നും ഈ ദുരാചാരത്തിന് രേഖയാകില്ല.
7. റബീഉൽ അവ്വലിൽ നബിﷺ മരണപ്പെട്ടു എന്നത് ആധികാരികമായി ഏത് ഇമാമിന്റെ ഗ്രന്ഥത്തിലാണ് തർക്കമില്ലാതെ വന്നിട്ടുള്ളത് എന്നതായിരുന്നു ഏഴാമത്തെ ചോദ്യം.
മരണ ദിവസത്തിലുള്ള തർക്കങ്ങളൊന്നും പരിഗണനീയമായവല്ല. റബീഉൽ അവ്വൽ പന്ത്രണ്ട് തന്നെയാണ് പ്രബലമായ അഭിപ്രായം. കമ്പിൽ സംവാദത്തിലും ഇത് പറഞ്ഞിട്ടുണ്ട്. പ്രവാചകത്വവാദികളായ ഖാദിയാനികൾക്കുവരെ ശിയാക്കളാണ് ഇത് തുടങ്ങിയതെന്ന് തിരിഞ്ഞിട്ടും നിങ്ങൾക്ക് തിരിയുന്നില്ല! സമസ്ത തന്നെ സ്വന്തം പ്രസിദ്ധീകരണമായ അൽമുബാറകിൽ ഇതാചരിക്കുന്നവർ ശിയാക്കളും സുന്നികളുമാണെന്ന് എഴുതിയത് വായിച്ചു കേൾപ്പിച്ച് മറുപടി നൽകി.
8. നബിദിനാഘോഷം പുണ്യകർമവും സുന്നത്തുമാണെന്ന് പറഞ്ഞ ഇമാമുമാരെ പുത്തൻവാദികളാക്കി വിധിച്ച് സമുദായത്തെ ഭിന്നിപ്പിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത് എന്നതാണ് എട്ടാമത്തെ ചോദ്യം.
മുളഫ്ഫർ രാജാവും ആത്മീയ ചൂഷകൻ ഇബ്‌നുദിഹിയ്യയും തുടങ്ങിയതിന് ശേഷം ഇത് നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടവരുടെ പേരുകൾ മാത്രമാണ് വായിച്ചത്. എന്നാൽ അവരാരും അതിനെ ആരാധനയോ സുന്നത്തോ ആക്കിയിട്ടില്ല. ഉത്തമ തലമുറയുടെയോ നാല് ഇമാമുമാരുടെയോ പേര് വായിക്കാനും നിങ്ങൾക്ക് കഴിയുന്നില്ല. ഇമാം ശാത്വിബി(റഹി), ഇമാം ഫാകിഹാനി(റഹി), ഇബ്‌നു തൈമിയ്യ(റഹി), ഇമാം ശൗകാനി(റഹി), ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്(റഹി) തുടങ്ങിയവരെല്ലാം ഇത് ബിദ്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഒരുപാട് ഗ്രന്ഥങ്ങളിൽ ഉണ്ടായതിനാൽ ഒരു കാര്യം ഇസ്‌ലാമാകില്ല, മറിച്ച് അത് അടിസ്ഥാനപരമായിരിക്കണം. ഇബ്‌നു റജബ്(റഹി) പറഞ്ഞ ‘ചില ബിദ്അത്തുകളെ നല്ലതാക്കി പൂർവികർ സംസാരിച്ചത് മതപരമായത് എന്നർഥത്തിലല്ല മറിച്ച് ഭാഷപരമാണ്’ എന്ന ഉദ്ധരണി വായിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
9. മുജാഹിദ് പണ്ഡിതന്മാരായ കെ.എം മൗലവി, ഇ.കെ മൗലവി എന്നിവർ പണ്ട് ഇതാഘോഷിച്ചിരിക്കെ ഏത് തീയതിയിലാണ് അത് പാടില്ലെന്ന വഹ്‌യ് നിങ്ങൾക്കിറങ്ങിയത് എന്നതായിരുന്നു ഒമ്പതാമത്തെ ചോദ്യം.
ഞങ്ങൾക്ക് വഹ്‌യ് ഇറങ്ങിയിട്ടില്ല, ഇറങ്ങുകയുമില്ല. നബിﷺക്ക് നൽകപ്പെട്ട വഹ്‌യ് തന്നെ ധാരാളമാണ്. വഹ്‌യിലൂടെ കിട്ടിയതിനെ മറികടന്നത് സമസ്തക്കാർ തന്നെയാണ്! പ്രമാണങ്ങളിലുള്ളതിന് എതിരായി ആര് പറഞ്ഞാലും അത് സ്വീകരിക്കുകയില്ല. പഴയകാല പ്രസിദ്ധീകരണങ്ങളായ അൽഇർശാദിലും അൽമുർശിദിലും വന്ന പരാമർശങ്ങളുടെ വ്യക്തത വരുത്തിയുള്ള നിരവധി പ്രഭാഷണങ്ങളും എഴുത്തുകളുമുണ്ട്. അതൊന്നും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യില്ല. ചോദ്യത്തിന് വേണ്ടി പൊക്കിയെടുത്ത പുസ്തകത്തിലെ ഒന്നാമത്തെ ലേഖനം തന്നെ ‘അൽഇർശാദും അൽമുർശിദും ഖുറാഫി കുപ്രചരണങ്ങളും’എന്നതാണ്. സൂഫീ ശൈഖ് രചിച്ച ‘താരീഖുൽ ഇഹ്തിഫാൽ ബിൽ മൗലിദ് അന്നബവി’ എന്ന ഗ്രന്ഥത്തിൽ ഫാത്വിമിയാക്കളിലെ ശിയാക്കളാണ് ഇത് തുടങ്ങിയതെന്ന് തറപ്പിച്ച് പറഞ്ഞ വരികളും വായിച്ചു കൊടുത്തു.
൧൦. ഉത്തമ തലമുറയിൽ ഇല്ലാത്ത ഒന്നാണ് ഈ ആഘോഷമെന്ന് നമ്മൾ രണ്ട് കൂട്ടരും ഐക്യപ്പെട്ടതിലേക്ക് മടങ്ങുക എന്നതാണ് അഹ്‌ലുസ്സുന്ന വൽജമാഅയെന്ന് ഊന്നി പ്പറഞ്ഞുകൊണ്ടായിരുന്നു അവസാന പ്രതികരണം.
ഒമ്പത് ചോദ്യങ്ങൾക്ക് മുസ്‌ലിയാക്കന്മാർക്ക് അവസരമുണ്ടായിട്ട് ഒരവസരത്തിൽ പോലും മുജാഹിദുകൾ പ്രാമാണികമായി എടുത്ത ‘ദുരാചാരമാണ്’എന്ന നിലപാടിനെ ഖണ്ഡിക്കാൻ അവർക്ക് കഴിഞ്ഞില്ല.
മുജാഹിദുകളുടെ പത്ത് ചോദ്യങ്ങളും മുസ്‌ലിയാക്കന്മാരുടെ പത്തി മടക്കലും
മുസ്‌ലിയാക്കന്മാർ ഗംഭീരമായി കൊണ്ടാടുന്ന ഈ പുത്തനാഘോഷം ദുരാചാരമാണെന്ന് അവരെ തന്നെ ബോധ്യപ്പെടുത്തുന്ന തരത്തിൽ വിഷയത്തിന്റെ മർമം കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരുന്നു മുജാഹിദുകളുടെത്. പ്രമാണങ്ങളുണ്ടെന്ന പത്രാസ്സിൽ ഇത്രയും കാലം നടന്നവർക്ക് അവർ ശേഖരിച്ച് വെച്ചതിനെ സംബന്ധിച്ച് ചോദിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ കഴിയാതെ വിയർക്കേണ്ടിവന്നു.
1. സ്വഹാബത്ത് നബിദിനാഘോഷം നടത്തിയെന്ന് അവരുടെ പേരിൽ നാടുനീളെ ബോർഡുകൾ വെച്ച് പ്രചരിപ്പിക്കുന്ന നിങ്ങൾക്ക് ഞങ്ങളുടെ വാദത്തിലെ പ്രസ്താവനയോടുള്ള നിലപാടെന്ത് എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം.
‘നിഅ്മത്തുൽ കുബ്‌റ’യെന്ന ഗ്രന്ഥത്തിലും പള്ളി ദർസിൽ പഠിപ്പിക്കുന്ന ‘ഇആനതുത്ത്വാലിബീനി’ലു മൊക്കെ കുമിഞ്ഞ് കൂടിക്കിടക്കുന്ന ഇത്തരം കളവുകൾ പുറത്താകുമെന്ന പേടിയാലാകാം അതിനെ കുറിച്ച് കേട്ട ഭാവം പോലും നടിച്ചില്ല. അനാചാര മാനദണ്ഡം ഞങ്ങളുടെ ചോദ്യങ്ങളിലൂടെ പൊളിച്ചിട്ടു ണ്ടെന്നും ഈ വാദം ഇമാമുമാരുടെ അംഗീകാരം ഇല്ലാത്തതാണെന്നുമുള്ള ഒഴിഞ്ഞുമാറ്റ മറുപടി പറഞ്ഞ് നീണ്ട പ്രസംഗം നടത്തുകയായിരുന്നു.
2. ഉത്തമ തലമുറക്ക് പരിചയമില്ല എന്നതിന് ‘ഉണ്ട്’ അല്ലെങ്കിൽ ‘ഇല്ല’ എന്ന ഉത്തരമാണ് നൽകേണ്ടത്. അത് നൽകിയേ തീരൂ എന്ന് സൂചിപ്പിക്കുകയുണ്ടായി. ഈ ആഘോഷത്തിന്
തുടക്കമിട്ടത് ശപിക്കപ്പെട്ട അബൂലഹബാണെന്ന് പറഞ്ഞ് 1985 ഡിസംബർ സുന്നത്ത് മാസികയിൽ നിങ്ങൾ എഴുതിയത് ഇങ്ങനെയാണ്:’നബിﷺയുടെ പിതൃവ്യൻ ഇതിന് തുടക്കം കുറിച്ചു.’ ഇതിന്റെ അടിസ്ഥാനമായി കാണുന്ന, അബൂലഹബിന് നരകത്തിൽ ഇളവുണ്ടെന്ന സംഭവം അബൂലഹബല്ലാത്ത മറ്റാരെങ്കിലും പറഞ്ഞോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ആ സംഭവം പറയപ്പെട്ട ചില ഗ്രന്ഥങ്ങൾ പറഞ്ഞൊപ്പിച്ചു എന്നല്ലാതെ രണ്ടാമതൊരാളെ പറയാൻ മുസ്‌ലിയാക്കന്മാർക്ക് കഴിഞ്ഞില്ല. നരകത്തിൽ അബൂലഹബിന് ഇളവ് കിട്ടുമെങ്കിൽ അത് അദൃശ്യ ജ്ഞാനത്തിൽപ്പെട്ടതും വിശ്വാസപരവുമാണല്ലോ! വഹ്‌യിലൂടെ വന്നതാണെ ങ്കിൽ നബിﷺ അത് പറയും. ഒരു ശപിക്കപ്പെട്ടവന്റെ വാക്കാണോ നമുക്ക് വിശ്വസിക്കാനുള്ള പ്രമാണം?
അബൂലഹബല്ലാത്ത ആരെങ്കിലും പറഞ്ഞോ എന്നതിന് അയാളുടെ വാചകം എടുത്തു പറഞ്ഞവരെ പറഞ്ഞിട്ടെന്ത് കാര്യം! ‘ഞാൻ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു’ എന്ന് ഫിർഔൻ പറഞ്ഞത് ക്വുർആനിലുണ്ട്. അതുകൊണ്ട് അവൻ റബ്ബാണെന്ന് നിങ്ങൾ പറയുമോ എന്ന് തിരിച്ചു ചോദിച്ചു.
3. ഈ ആഘോഷം തുടങ്ങിയത് ശിയാക്കളാണോ? അല്ലെങ്കിൽ അവർക്ക് മുമ്പ് ഏതെങ്കിലും വ്യക്തികളോ, ഭരണാധികാരികളോ ആരാണ് ഇത് ആഘോഷിച്ചത് എന്നതാണ് മൂന്നാമത്തെ ചോദ്യം.
കൂട്ടാളികളെ തക്ബീർ മുഴക്കാൻ പ്രേരിപ്പിച്ചു എന്നല്ലാതെ ഇതിന് ഉത്തരമായി ഒരക്ഷരം പോലും മുസ്‌ലിയാർ ഉരിയാടിയില്ല.
4. നബിദിനാഘോഷത്തിന് നിങ്ങൾ വ്യാപകമായി തെളിവാക്കുന്ന സൂറഃ യൂനുസിലെ ‘അതുകൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ’ എന്ന ആയത്തിലുള്ള കൽപന നിർബന്ധമാണോ? അല്ലെങ്കിൽ സുന്നത്തിലേക്കും അനുവദനീയത്തിലേക്കും അതിനെ മാറ്റുന്ന ഖരീനത്ത് (അനുമാനം) എന്താണ് എന്നതാണ് നാലാമത്തെ ചോദ്യം.
സംഘടന ഉണ്ടാക്കാൻ തെളിവ് കിട്ടിയത് എവിടെ നിന്നാണോ അതുതന്നെ എന്ന കുരുട്ട് മറുപടി മാത്രം പഠിച്ചുവെച്ച മുസ്‌ലിയാർക്ക് അതുതന്നെ പാടേണ്ടിവന്നു. കുറിക്ക് കൊണ്ട ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാത്തതുകൊണ്ട് ഇത് പൂർവികർക്ക് തീരെ പരിചയമില്ലെന്ന വസ്തുത ശ്രോതാക്കൾക്ക് കൂടുതൽ ബോധ്യമായി.
5. നബിﷺയുടെ ജന്മദിനത്തെ സംബന്ധിച്ച് നിങ്ങൾ പറഞ്ഞ് പരത്താറുള്ള ‘നബിദിനം മുസ്‌ലിംകൾക്ക് ആഘോഷമാണ്, പെരുന്നാളിനെക്കാൾ വലിയ ആഘോഷം,’ ‘ലൈലത്തുൽ ഖദ്‌റിനെക്കാൾ പുണ്യമുള്ള രാവ്,’ ‘ആനന്ദദായകമായ മറ്റൊരാഘോഷമില്ല’ തുടങ്ങിയ അവകാശവാദങ്ങൾക്ക് ക്വുർആനിലോ, സ്വഹീഹായ ഹദീസിലോ, സ്ഥിരപ്പെട്ട ഇജ്മാഇലോ, വ്യക്തമായ ക്വിയാസിലോ തെളിവുള്ളതായി കാണിക്കാമോ എന്നതാണ് അഞ്ചാമത്തെ ചോദ്യം
സുവ്യക്തമായ പ്രമാണങ്ങളിൽനിന്ന് ഏതെങ്കിലും തെളിവ് കാണിക്കാമോ എന്നതിന് ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുൽ ഖയ്യിം(റഹി), കെ.എം മൗലവി(റഹി) എന്നീ പണ്ഡിതന്മാരുടെ പ്രശംസാഗീതം ആലപിക്കലായിരുന്നു മറുപടി. അവരാരും എവിടെയും ഇപ്രകാരമൊരു വിശ്വാസം എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല.
6. ആഘോഷമെന്ന തലത്തിൽ നബിദിനാഘോഷം ശിർക്കാണെന്ന് മുജാഹിദ് പ്രസ്ഥാനം എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നതായിരുന്നു ആറാമത്തെ ചോദ്യം.
അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കാൻ വേണ്ടി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്ന മുസ്‌ലിയാക്കന്മാരെ പൊളിക്കാൻ വേണ്ടി തന്നെയായിരുന്നു ഈ ചോദ്യം. കെ. ഉമർ മൗലവി(റഹി) അദ്ദേഹത്തിന്റെ ‘സൽസബീലി’ലും ‘ഓർമകളുടെ തീരത്ത്’ എന്ന പുസ്തകത്തിലും മാലമൗലീദുകൾ പാരായണം ചെയ്യുന്നതിലൂടെ അല്ലാഹുവല്ലാത്തവരുടെ പൊരുത്തം കാംക്ഷിക്കുന്നത് കാരണമായി ശിർക് സംഭവിക്കുന്നുവെന്ന് നിബന്ധന പ്രകാരം പറഞ്ഞത് വായിച്ചുകൊണ്ടാണ് മുസ്‌ലിയാർ മാനം കാക്കാൻ നോക്കിയത്. നബിദിനാഘോഷം നിരുപാധികം ശിർക്കാണെന്ന് പറഞ്ഞതോ, എഴുതിയതോ കാണിക്കാൻ അവർക്ക് കഴിഞ്ഞില്ല. കമ്പിൽ സംവാദത്തിലും പുസ്തകം കട്ട് വായിച്ച പണി ഇവിടെയും ആവർത്തിച്ചെന്ന് മാത്രം!
7. സി.കെ മുഹമ്മദ് അബ്ദുറഹ്‌മാൻ ഫൈസി തന്റെ ‘മജ്മഉൽ അൻവാർ’ എന്ന ഗ്രന്ഥത്തിൽ എഴുതിയ ‘ഏത് നബിയുടെ ജനനം സ്ഥിരപ്പെട്ട സമയത്തെയും മഹത്വപ്പെടുത്തൽ’ എന്നത് ചൂണ്ടിക്കാണിച്ച്, കാരുണ്യം കൊണ്ട് സന്തോഷിക്കണമെന്ന നിങ്ങളുടെ വാദപ്രകാരം ഈസാ നബി(അ) കാരുണ്യമാണെന്നും ക്വുർആനിലുണ്ടല്ലോ, അതുകൊണ്ട് ഒരു സമസ്തക്കാരൻ ക്രിസ്മസ് ആഘോഷി ച്ചാൽ അവന്റെ വിധിയെന്താണ്? അതു പോലെ തന്നെ ഫള്‌ലിനും റഹ്‌മത്തിനും അലി(റ), ക്വുർആൻ, ഇസ്‌ലാം എന്നെല്ലാം വ്യാഖ്യാനങ്ങൾ നൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ആഘോഷിക്കാമോ? ഇതായിരുന്നു ഏഴാമത്തെ ചോദ്യം.
ഈസാ നബി(അ)യും ക്രിസ്മസ്സും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ച് സമയം കളയാനേ മുസ്‌ലിയാർക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. നബിദിനാഘോഷവും മുഹമ്മദ് നബിﷺയും എപ്രകാരമാണോ ബന്ധം അതാണല്ലോ ഈസാ നബിയുടെ കാര്യത്തിലുമുള്ളതെന്ന സാമാന്യവിവരം പോലും അവർക്കില്ലാതെ പോയി. ഫൈസിയുടെ അഭിപ്രായം നെഞ്ചിൽ തറച്ചതുകൊണ്ടാകാം അതിനെപ്പറ്റി ഒരു മിണ്ടാട്ടവുമുണ്ടായില്ല. പൊതുവായ റഹ്‌മത്തിൽ ഈസാ നബി(അ) പെടും എന്നറിയാത്ത മുസ്‌ലിയാർക്ക് ‘അവനെ (ആ കുട്ടിയെ) മനുഷ്യർക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും’ എന്ന സൂറഃ മർയമിലെ ആയത്തോതി ആ അജ്ഞത തീർത്ത് കൊടുക്കുകയും ചെയ്തു. കാരുണ്യത്തിന്റെ താൽപര്യം അലി(റ)യാണെന്ന് പറയപ്പെട്ടത് ഗരീബായ ഒന്നാണെന്ന് മുസ്‌ലിയാർ തട്ടിവിട്ടപ്പോൾ അതേ ഉദ്ധരണിയിൽ ഫള്ൽ എന്നത് നബിﷺയാണെന്ന് എഴുതിയത് മുസ്‌ലിയാർ അറിഞ്ഞില്ല!
8. നബിദിനാഘോഷത്തെ നല്ല ബിദ്അത്താക്കാനുള്ള കാരണങ്ങൾ കൊണ്ട് റഗാഇബ് നമസ്‌കാരം പോലുള്ളവ നല്ലതാക്കാൻ പറ്റുന്നതായിട്ടും പണ്ഡിതന്മാർ അത് ബിദ്അത്തുൻ മുൻകറയായി പഠിപ്പിച്ചു. എങ്കിൽ നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും വ്യവഛേദിക്കാനുള്ള നിബന്ധനകൾ പണ്ഡിതന്മാരുടെ വാക്കുകൾകൊണ്ട് തെളിയിക്കാമോ എന്നതാണ് എട്ടാമത്തെ ചോദ്യം.
പുത്തനാചരങ്ങൾ പലരും കടത്തിക്കൂട്ടിയിട്ടുണ്ട്. ഇമാമുമാർ അതിനെ എതിർട്ടുണ്ട്. ഞങ്ങളും എതിർക്കുന്നു. അതെല്ലാം ബിദ്അത്തായത് ശറഇന് എതിരായതുകൊണ്ടാണ് എന്നായിരുന്നു മറുപടി. മീലാദാഘോഷമെന്ന പുത്തനാചാരത്തിൽ പറ്റിപ്പിടിച്ച ഇവർക്ക് അത് മതത്തിനെതിരാണെന്ന് ഒരിക്കലും തിരിയുകയില്ല! എത്രയോ പണ്ഡിതന്മാർ അനാചാരമാകാൻ പരിധിയായി വെച്ച ‘പൂർവികർ അത് ചെയ്തിട്ടില്ല’ എന്ന കാരണം അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
9. സുന്നി അഫ്കാറിൽ സമസ്തക്കാർ എഴുതിയ ‘നബിദിനാഘോഷം ശറഇൽ പെടും,’ ‘മൗലിദ് ആഘോഷം മൂല്യമുള്ള ഇബാദത്ത്’ തുടങ്ങിയ പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ ശറഇയ്യായ കാര്യത്തിൽ നല്ലതും ചീത്തയുമുണ്ടെന്ന് ആര് പറഞ്ഞു എന്നതായിരുന്നു ഒമ്പതാമത്തെ ചോദ്യം.
ഭാഷാപരമായി ബിദ്അത്തെന്ന് പറഞ്ഞവരുടെ പേര് വായിച്ച് മുസ്‌ലിയാർ സ്വയം ചൂളുകയായിരുന്നു. അവരുടെ പ്രിയപ്പെട്ട ഇമാമായ ഇബ്‌നു ഹജർ ഹൈതമി ‘ഫതാവൽ ഹദീസിയ്യ’യിൽ ‘ശറഇയ്യായ എല്ലാ ബിദ്അത്തും ആക്ഷേപാർഹമാണ്’ എന്ന് എഴുതിയത് വായിച്ചു കേൾപിച്ചു..
10. ഉത്തമ തലമുറയിൽപ്പെട്ട ആരെങ്കിലും നബിദിനം ആഘോഷിച്ചതോ അതിന് നിർദേശിച്ചതോ ആയ വല്ല തെളിവുമുണ്ടോ എന്ന നിസ്സാരമായ ചോദ്യമായിരുന്നു പത്താമത്തെത്
അഹ്‌മദ് സർഹിന്ദിയും ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയും നബിദിനമാഘോഷിച്ചു എന്ന് പറഞ്ഞ് മുസ്‌ലിയാർ സ്വയം അഭിമാനിതനാവുകയായിരുന്നു. ആധുനിക സാമൂഹ്യ പരിഷ്‌കർത്താക്കളെ ഉത്തമ തലമുറയുടെ കണ്ണിയിൽ ചേർക്കുന്ന കോമാളിത്തരമാണ് അവസാനം കാണേണ്ടി വന്നത്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ പ്രമാണ നിലപാട് നിലയുറക്കുകയും വ്യാജ തെളിവുകൾ തപ്പിയെടുത്ത് ഈ ദുരാചാരത്തെ താങ്ങി നടക്കുന്നവരുടെ നിലപാട് തകരുകയും ചെയ്ത കാഴ്ചയാണ് സംവാദ വേദിയിൽ കണ്ടത്.

