കേരളം ജയിക്കണം വർഗീയത തുലയണം
സുഫ്‌യാൻ അബ്‌ദുസ്സലാം
2026 മെയ് 09, 1447 ദുൽഖഅദ് 21

ഏപ്രിൽ 9ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഏകദേശം ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം പുറത്തുവന്നിരിക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി തകർന്നു തരിപ്പണമായിരിക്കുകയാണ്. 99 അംഗങ്ങളുണ്ടായിരുന്ന അവർക്ക് ഇപ്പോൾ ലഭിച്ചത് കേവലം 35 മാത്രമാണ്. 102 സീറ്റുകളാണ് ഐക്യജനാധിപത്യമുന്നണി നേടിയത്. കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സീറ്റുകൾ ഒരു മുന്നണി നേടുന്നത്. അതോടൊപ്പം കേരളത്തിനൊട്ടും പരിചിതമല്ലാത്ത വിധത്തിൽ ഹിന്ദുത്വ വർഗീയ പാർട്ടിയായ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്.
എന്തുകൊണ്ട് തോറ്റു?
പത്തു വർഷം തുടർഭരണം നടത്തിവന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് എന്തുകൊ ണ്ടാണ് ഇത്രയും കനത്ത പരാജയം സംഭവിച്ചത് എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. കേരളത്തിൽ മുന്ന ണികൾ മാറിമാറി ഭരിച്ച ചരിത്രമാണുള്ളത്. എന്നാൽ മുന്നണികൾ മാറുമ്പോൾ കേവല ഭൂരിപക്ഷത്തിൽ നിന്നും ഏതാനും സീറ്റുകൾ മാത്രമാണ് കൂടുതലായി ജയിക്കുന്ന മുന്നണിക്ക് ലഭിക്കാറുള്ളത്. 29 സീറ്റുവരെ കൂടുതൽ ലഭിച്ച അപൂർവം സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ അടിച്ചുവീശിയത് ഭരണ വിരുദ്ധ കൊടുങ്കാറ്റായിരുന്നു എന്നത് മനസ്സിലാക്കാൻ അധികം ഗവേഷണങ്ങളൊന്നും വേണ്ടതില്ല. സ്വന്തം അംഗങ്ങൾ പോലും മുന്നണിക്കെതിരെ വോട്ടു ചെയ്തു എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമാകുന്നുണ്ട്.
വർഗീയതയോടുള്ള മൃദുഭാവം, അഹന്തയും അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ സമീപനങ്ങൾ, അഴിമതിയോടുള്ള അയഞ്ഞ നിലപാട്, ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള കാർക്കശ്യം, അവകാശ സമരങ്ങളോടുള്ള അടിച്ചമർത്തൽ മനോഭാവം, മതനിരാസ ലിബറൽ ആശയങ്ങളെ അടിച്ചേൽപിക്കാനുള്ള കുത്സിത ശ്രമങ്ങൾ തുടങ്ങി നിരവധി കാരണങ്ങളാണ് ഇടതുമുന്നണിയുടെ തകർച്ചക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇത്തരത്തിലുള്ള കാരണങ്ങളെ കുറിച്ചൊന്നും യഥാവിധി പഠനം നടത്താതെ തങ്ങൾക്ക് യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്ന അഭിപ്രായപ്രകടനങ്ങൾ നടത്താനാണ് മുന്നണി നേതാക്കൾ ഇപ്പോഴും ശ്രമിക്കുന്നത് എന്നത് അങ്ങേയറ്റം ഖേദകരമാണ്. ‘തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്’ തുടങ്ങിയ, ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് മുതിർന്ന നേതാക്കളിൽനിന്നും വന്നിട്ടുള്ളത്.
ജനങ്ങളെ വെല്ലുവിളിക്കരുത്
ഏതൊരു സർക്കാരും കുറെ ‘ശരികൾ’ ചെയ്തുകാണുമെന്ന കാര്യത്തിൽ സംശയമില്ല. ഓരോ സർക്കാരിന്റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ് അത്. എന്നാൽ തങ്ങൾ ചെയ്യുന്ന തെന്തും ജനങ്ങൾക്കുള്ള തങ്ങളുടെ ഔദാര്യമായിട്ടാണ് ഇടതുമുന്നണി അവതരിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം എതിരായി വന്നപ്പോൾ ‘പെൻഷനും ആനുകൂല്യങ്ങളും വാങ്ങി ശാപ്പാടും കഴിച്ച് തങ്ങൾക്കെതിരെ വോട്ട് ചെയ്തത് നന്ദികേടാണ്’ എന്ന് മുന്നണിയുടെ ഒരു പ്രമുഖ നേതാവ് പ്രസ്താവിച്ചത് ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിയതിന്റെ മകുടോദാഹരണമാണ്. ജനാധിപ ത്യസംവിധാനത്തിൽ ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശം, ഭക്ഷണം, പാർപ്പിടം തുടങ്ങി ഓരോ വ്യക്തിക്കും ലഭിക്കേണ്ട അവകാശങ്ങൾ തുടങ്ങിയവയൊന്നും സർക്കാരിന്റെ ആനുകൂല്യങ്ങളല്ല. മറിച്ച് സർക്കാർ ചെയ്തുകൊടുക്കേണ്ട കടമകളാണത്. കടമ നിർവഹിക്കുന്നില്ലെങ്കിൽ പിടിച്ച് വാങ്ങാനുള്ള അവകാശം പൗരന്മാർക്കുണ്ട്. എന്നാൽ തങ്ങളുടെ തിണ്ണ നിരങ്ങുന്നവർക്ക് എന്തെങ്കിലുമൊക്കെ എറി ഞ്ഞുകൊടുക്കുന്ന പഴയ ഫ്യുഡലിസ്റ്റ് വ്യവസ്ഥിതിയിലെ ജന്മിമാരെ പോലെയാണ് കഴിഞ്ഞ കുറെ വർ ഷങ്ങളായി കേരള സർക്കാർ പെരുമാറിക്കൊണ്ടിരുന്നത്.
ഏകാധിപത്യ പ്രവണത
ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമായിട്ടുള്ളതും മറ്റൊരാളെയും പരിഗണിക്കാത്തതുമായ രാഷ്ട്രീയം ഫാസിസത്തിന് തുല്യമാണ്. പിണറായി സർക്കാരിന്റെ മുഖമുദ്രയായി പ്രധാനമായും വിമർശകർ ഉന്നയിച്ചിരുന്നത് പിണറായി എന്ന ബിംബത്തിലേക്ക് പാർട്ടിയെയും സർക്കാരിനെയും ഒതുക്കിക്കെട്ടി എന്നതാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടെ പ്രവർത്തിച്ചിരുന്ന മന്ത്രിമാരുടെ പോലും മുഖങ്ങൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിലുടനീളം മുഖ്യമന്ത്രിയുടെ തലയും ഫിഗറുമല്ലാതെ മറ്റൊരു മുഖവും കണ്ടില്ല എന്നത് എത്രമാത്രം ഏകാധിപത്യപരമായ സമീപനമാണ് സ്വീകരിക്കപ്പെട്ടിരുന്നത് എന്നത് വ്യക്തമാണ്. ഒരു ടീം എന്ന നിലക്ക് പ്രവർത്തിക്കേണ്ടിയിരുന്ന മന്ത്രിസഭയും സർക്കാരും ഒരു രാജസഭയുടെ അവസ്ഥയിലേക്ക് മാറി. മന്ത്രിസഭ ചേർന്ന് തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ പോലും ഒറ്റക്ക് തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് മാറി. ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന തരത്തിൽ പിഎം ശ്രീ പോലുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചത് മന്ത്രിസഭയോ ബന്ധപ്പെട്ട മന്ത്രിയോ പോലും അറിയാതെയായിരുന്നു എന്നത് എത്രമാത്രം ഞെട്ടിപ്പി ക്കുന്നതാണ്.
വർഗീയതയെ പേറി നടക്കരുത്
കേരളത്തിൽ വർഗീയത ഇത്രമാത്രം കൊടിയുയർത്തി പാറിപ്പറന്ന കാലം വേറെ ഉണ്ടായിട്ടില്ല. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നീതി നടപ്പാക്കുക എന്നതാണ് ഒരു സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കടമ. ന്യൂനപക്ഷ വോട്ടുകൾ കിട്ടാൻ ഭൂരിപക്ഷത്തെയോ ഭൂരിപക്ഷ വോട്ടുകൾ കിട്ടാൻ ന്യൂനപക്ഷത്തെയോ എതിർപക്ഷത്ത് നിർത്തുന്ന സമീപനം സംസ്ഥാന ത്തിന്റെ സാമൂഹിക ഘടനയിൽ (Social fabric) എത്രമാത്രം വിള്ളലുകൾ ഉണ്ടാക്കുമെന്ന ബോധം സർ ക്കാരുകൾക്കുണ്ടാവണം. മുസ്‌ലിം സമുദായത്തെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും മുസ്‌ലിം സംഘടനകളെയും നേതാക്കളെയുമെല്ലാം വർഗീയത പറഞ്ഞ് വിമർശിച്ചുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലെയുള്ളവർക്കെതിരെ ചെറുവിരൽ അനക്കാൻ സാധിക്കാതിരുന്നതിന്റെ പിന്നിൽ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കൽ അല്ലാതെ മറ്റെന്താണുണ്ടായിരുന്നത്? വെള്ളാപ്പള്ളിയെ ശ്രീനാരായണഗുരുവിനോട് ഉപമിച്ചുകൊണ്ട് ‘ഗുരുനിന്ദ’ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശ്രീനാരയണീയരുടെ കൂടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.
ഹൈന്ദവജനതയുടെ മതേതര നിലപാട്
കേരളത്തിലെ ഹൈന്ദവഭൂരിപക്ഷത്തെ വർഗീയതകൊണ്ട് കൂട്ടിപ്പിടിക്കാമെന്ന് വിചാരിച്ചവർക്കുള്ള ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ്. മതനിരപേക്ഷതയെയും മതസൗഹാർദത്തെയും ഉയർത്തിപ്പിടിച്ച പാരമ്പര്യമുള്ള കേരളത്തിലെ ഹൈന്ദവജനത സർക്കാർ ഉയർത്തിപ്പിടിച്ച ഹൈന്ദവ പ്രീണനത്തെ അറപ്പോടും വെറുപ്പോടുമാണ് കണ്ടത്. രാജ്യത്ത് ബിജെപിയും സംഘപരിവാർ സംഘടനയും ഉയർത്തിപ്പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പാരമ്പര്യമാണ് കേരളത്തിലെ ഭൂരിപക്ഷം ഹൈന്ദവകുടുംബങ്ങൾക്കുമുള്ളത്. അവർക്കിടയിൽ മുസ്‌ലിം വിരുദ്ധ മനോഭാവം സൃഷ്ടിച്ച് അതിലൂടെ വോട്ട് നേടി വീണ്ടും അധികാരത്തിലെത്താമെന്ന് വിചാരിച്ചവർക്കുള്ള മറുപടികൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സർ ക്കാരിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കിയ അവരുടെ മറുപടി കൂടിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
കാര്യം തിരിച്ചറിഞ്ഞ ക്രൈസ്തവ സമൂഹം

ക്രൈസ്തവ ജനവിഭാഗങ്ങൾക്കിടയിൽ സംഘപരിവാർ സൃഷ്ടിച്ച മുസ്‌ലിം ഭീതിയെയും ഈ തെരഞ്ഞെടുപ്പ് മറികടന്നു. മധ്യകേരളത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ആട്ടിൻ തോലണിഞ്ഞ ചെന്നായപോലെ കടന്നുവന്ന ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷം കൃത്യമായ മറുപടി നൽകി. മതേതര മുഖത്തോടെ രാഷ്ട്രീയത്തിൽ ആവിർഭാവം നടത്തിയ ട്വന്റി ട്വന്റി, ക്രൈസ്തവ ന്യൂനപക്ഷത്തെ ബിജെപിയുടെ ആലയിൽ എത്തിക്കാൻ ശ്രമിച്ചത് വലിയ ഭീതിയോടെയാണ് കേരളം കണ്ടിരുന്നത്. ഒരു സുപ്രഭാതത്തിൽ എൻ.ഡി.എ യുടെ ഭാഗമായ അവർക്കും കേരളത്തിലെ മതേതര ക്രൈസ്തവ സമൂഹം കൃത്യമായി മറുപടി നൽകി. ക്രൈസ്തവ സഭകൾക്കുള്ളിൽ പിസി ജോർജും മകൻ ഷോണും കിണഞ്ഞു ശ്രമിച്ചുനോക്കിയെങ്കിലും അവരുടെ ഉദ്ദേശ്യത്തെ തിരിച്ചറിയാൻ സഭകൾക്കും കുഞ്ഞാടുകൾക്കും സാധിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ക്രൈസ്തവ മിഷനറിമാർക്കെതിരെയും കന്യാസ്ത്രീകൾക്കെതിരെയും സംഘപരിവാർ നടത്തിയ സമാനതകളില്ലാത്ത ക്രൂരതകളെ തിരിച്ചറിഞ്ഞ അവർ ബിജെപിയെ അകറ്റി നിറുത്തി. ക്രൈസ്തവമേഖലകളിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്തുക എന്ന ബിജെപിയുടെ മോഹം അങ്ങനെ പൊലിഞ്ഞു.
ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
വർഗീയതയെ കുഴിച്ചുമൂടാൻ ഈ തെരഞ്ഞെടുപ്പിന് സാധിച്ചുവെന്ന് വിലയിരുത്തുമ്പോൾ തന്നെയും കേരളത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന വിധത്തിൽ മൂന്ന് സംഘ്പരിവാറുകാർ നിയമസഭയിൽ ഇടംപിടിച്ചിരിക്കുന്നു. വിജയിച്ച മൂന്നിടങ്ങളിലും നേരിയ ഭൂരിപക്ഷമാണ് അവർക്ക് ലഭിച്ചിട്ടുള്ളതെങ്കിലും മൂന്നെന്ന അക്കം ആശങ്കപ്പെടുത്തുന്നതാണ്. മൂന്നിടങ്ങളിലെയും അവരുടെ വിജയം മതനിരപേക്ഷ കക്ഷികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജാഗ്രതക്കുറവ് കൊണ്ടുമാത്രം സംഭവിച്ചതാണ്. ബിജെ പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ വിജയിച്ച നേമം മണ്ഡലം നേരത്തെ 2016ൽ ഒ രാജഗോപാൽ വിജയിച്ച മണ്ഡലമാണെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചില്ലായിരുന്നുവെങ്കിൽ അവർക്കവിടെ വിജയിക്കാൻ സാധിക്കുമായിരുന്നില്ല. 2001 മുതൽ 2011 വരെ കോൺഗ്രസ് കൈപിടിയിലൊതുക്കിയിരുന്ന മണ്ഡലം അവരുടെ ജാഗ്രതക്കുറവ് കൊണ്ടുമാത്രമാണ് ബിജെപിയുടെ കരങ്ങളിൽ എത്തിച്ചത്. മതനിരപേക്ഷ കക്ഷികളിൽ ഏതെങ്കിലുമൊന്ന് വിജയിക്കട്ടെ എന്ന നിലക്കുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ വലിയ പരാജയമാണ് അവിടെ സംഭവിച്ചിട്ടുള്ളത്. കഴക്കൂട്ടം നേരത്തെ ബിജെ പിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ്. പക്ഷെ പല തവണ ശ്രമിച്ചിട്ടും അവിടെ വിജയിക്കാൻ സാധിച്ചില്ല. എന്നാൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ഭൂരിപക്ഷം നേടി അവർ ജയിച്ചുകയറിയിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാർഥിയുടെ പേരിൽ ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെ അതേ വ്യക്തിയെ തന്നെ അവിടെ സ്ഥാനാർഥിയാക്കിയത് എന്തിനുവേണ്ടിയായിരുന്നു എന്നറിയില്ല.
ചാത്തന്നൂരിലെ പാഠം
ചാത്തന്നൂരിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 54170 വോട്ടുകൾ ഇടതുമുന്നണി നേടിയപ്പോൾ 37075 വോട്ടുകൾ മാത്രമാണ് മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപിക്ക് ഉണ്ടായിരുന്നത്. 42181 വോട്ടുകൾ യുഡിഎഫ് നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇടതുമുന്നണി 47525 വോട്ടുകളും യുഡിഎഫ് 35276 വോട്ടുകൾക്കാണ് നേടിയിരിക്കുന്നത് എന്ന കാര്യം എല്ലാ മുന്നണികളും പരിശോധിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (2021) 17206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്. എന്നാൽ 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 15571 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് ഇവിടെ നേടിയിട്ടുണ്ട്. നാല് മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 11989 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുമുന്നണി നേടിയത്. ഇങ്ങനെയുള്ള ഒരു മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിൽ 4398 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചത് എന്ന് പരിശോധിക്കാനുള്ള ബാധ്യത യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെയുണ്ട്. വീതംവെപ്പുകളും ഡീലുകളും ആരോപണങ്ങളായി മാത്രം നിലനിന്നാൽ പോരാ, മറിച്ച് കൃത്യമായ പ്രതിവിധികൾ കണ്ടെത്തി അതിനെ പ്രതിരോധിക്കുകയും വേണം.
ബംഗാൾ പാഠമാവട്ടെ
ബിജെപി കേവലം മൂന്ന് സീറ്റല്ലേ നേടിയിട്ടുള്ളൂ എന്ന ആശ്വാസത്തിൽ നിൽക്കുന്നത് ഭൂഷണമല്ല. 2016 ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മൂന്ന് സീറ്റ് നേടിക്കൊണ്ടാണ് ബിജെപി അവിടെ അക്കൗണ്ട് തുറന്നത്. എന്നാൽ 2021 ആയപ്പോൾ അത് 77 ആക്കി വർധിപ്പിക്കാൻ അവർക്ക് സാധിച്ചു. 2026ൽ അത് 206 സീറ്റാക്കി മൂന്നിൽ രണ്ടാക്കി ഉയർത്താൻ ബിജെപിക്ക് സാധിച്ചുവെങ്കിൽ കേരളത്തിലെ അവരുടെ മൂന്ന് സീറ്റിനെ കുറിച്ച് പഠിക്കുകയും വരുംനാളുകളിലെ അവരുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ആവ ശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ കേരളം ബിജെപിക്ക് അസാധ്യം എന്ന ധാരണ പിഴുതെറിയപ്പെടും.
ഇടതുമുന്നണി നിലനിൽക്കണം
ഇടതുമുന്നണി തകരാൻ പാടില്ല. കേരളത്തിലെ നിലവിലുള്ള ഏതെങ്കിലും ഒരു മുന്നണിയുടെ സമ്പൂർണ തകർച്ച വർഗീയ വിധ്വംസക വിഭാഗങ്ങൾക്ക് തലപൊക്കാനുള്ള അവസരം സൃഷ്ടിക്കും. ഭൂരിപക്ഷ വർഗീയതയുടെ വക്താക്കളായ ബിജെപി കേരളത്തിലെ ഏതെങ്കിലുമൊരു മുന്നണിയുടെ തകർച്ച പ്രതീക്ഷിച്ചിരിക്കുകയാണ്. അവരുടെ ഉജ്ജീവനം സാധ്യമാവണമെങ്കിൽ മുന്നണികൾ തകരണം. അതുകൊണ്ടുതന്നെ ഇടതുമുന്നണി തെറ്റുകൾ തിരുത്തി കേരള രാഷ്ട്രീയത്തിൽ പക്വമായ ഇടപെടലുകളോടെ സജീവമായി നിലനിൽക്കണം. സാമ്പ്രദായികമായ പ്രതിപക്ഷ സമരങ്ങളെക്കാൾ സംസ്ഥാനം നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ പുതിയ സർക്കാരുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കണം. ക്രിയാത്മക പ്രതിപക്ഷമായി ജനപക്ഷത്ത് നിന്നുകൊണ്ട് അവർ സജീവ രാഷ്ട്രീയത്തിൽ ഇടപെടണം. അരാഷ്ട്രീയത സംസഥാനത്ത് വർഗീയ സംഘടനകൾക്ക് ആക്കംകൂട്ടും.
യുഡിഎഫ് ജനഹിതമനുസരിക്കണം
സംസ്ഥാനത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിൽ വന്നിട്ടുള്ളത്. ജനം നൽകിയ അധികാരമാണത്. സംസ്ഥാനത്തെ സത്യസന്ധമായും, നീതിയുക്തമായും, പക്ഷപാതമില്ലാതെയും ഭരിക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ ഈ അധികാരം അവർക്ക് നൽകിയിട്ടുള്ളത്. ഇടതുപക്ഷ സർക്കാരിന് ഉണ്ടായിരുന്ന മേൽസൂചിപ്പിച്ച നിരവധി അപചയങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് സർക്കാരും തയ്യാറാവേണ്ടതുണ്ട്. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ പൊതുവിൽ ഉണ്ടാകുന്ന പ്രശ്‌നം പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകളും താൻപോരിമകളുമാണ്. ആരായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി എന്നതിനെ സംബന്ധിച്ചുള്ള പരസ്യമായ ചർച്ചകൾ തെരഞ്ഞെടുപ്പ് വിജയത്തിന് മങ്ങലേൽപിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ജനങ്ങളാണ് അധികാരം നൽകിയത് എന്ന തിരിച്ചറിവ് യുഡിഎഫിന് നഷ്ടപ്പെട്ടുകൂടാ. വികസനം, ധനസ്ഥിതിയുടെ കെട്ടുറപ്പ്, ആഭ്യന്തര സുരക്ഷിതത്വം, വിദ്യാ ഭ്യാസ വികാസത്തിന് കൃത്യമായ കാഴ്ചപ്പാട്, ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിലുള്ള കണിശത തുടങ്ങിയ സർക്കാർ പ്രതിബദ്ധമായിട്ടുള്ള കാര്യങ്ങളിൽ ഉദാസീനതകളില്ലാതെ പ്രവർത്തിക്കാൻ സാധിക്കേണ്ടതുണ്ട്.
വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല
യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തെ ഏതെങ്കിലും മതവിഭാഗത്തിന്റെയോ ന്യൂനപക്ഷ സമുദായങ്ങളുടെയോ വിജയമായി കാണുന്നവരുണ്ട്. അത് ഒട്ടും ശരിയല്ല. ഇത് കേരള ജനത ഒറ്റക്കെട്ടായി കൈകോർത്തുപിടിച്ച വിജയമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളും മതവിശ്വാസികളും മതബോധമില്ലാത്തവരും ഇടതുരാഷ്ട്രീയത്തെ നെഞ്ചേറ്റിയവരുമെല്ലാം ഒരുമിച്ച് നേടിയ വിജയമാണ്. ഭൂരിപക്ഷ വർഗീയതയോട് സന്ധിചേരില്ലെന്ന് ഉറപ്പിച്ചു പറയുമ്പോഴും ന്യൂനപക്ഷ വർഗീയതയോടും രാജിയാവില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആർജവവും കാണിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പല അഭിമുഖങ്ങളിലും ആവർത്തിച്ചു പറഞ്ഞ പോലെ ‘ഞാനും മുഖ്യമന്ത്രിയുമെല്ലാം ഈ ലോകത്തോട് വിടപറഞ്ഞുപോകും. ഞങ്ങൾ പോയാലും ഈ നാട് നിലനിൽക്കേണ്ടതുണ്ട്. ജനങ്ങൾ മതത്തിന്റെ പേരിൽ പരസ്പരം കഴുത്തറുക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവാൻ പാടില്ല’ എന്ന ബോധം കേരളീയ സമൂഹത്തിന് പകർന്നു നൽകുന്ന തരത്തിലുള്ള സഹിഷ്ണുതയുടെ ഉന്നതമൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പുതിയ യുഡിഎഫ് സർക്കാരിന് സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

