മരണത്തോടെ അവസാനിക്കുമെങ്കിൽ, നാം എന്തിന് ഇവിടെ...
റൈഹാൻ ഷഹീദ്
2026 മെയ് 16, 1447 ദുൽഖഅദ് 27

മനുഷ്യൻ ജനിച്ച നിമിഷം മുതൽ അവനെ ഉറപ്പായും കാത്തിരിക്കുന്ന സത്യമാണ് മരണം. എന്നാൽഏറ്റവും ഉറപ്പുള്ള ഈ സത്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കാനാണ് മനുഷ്യൻ പലപ്പോഴും ശ്രമിക്കാറുള്ളത്. ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും ആഴമേറിയ ചോദ്യങ്ങൾ ഉണർത്തുന്ന മരണം എന്ന സത്യത്തെ പലരും മറക്കുന്നു. അതുകൊണ്ട് തന്നെ ‘മരണത്തോടെ അവസാനിക്കുമെങ്കിൽ, നാം എന്തിന് ഇവിടെ?’ എന്ന ചോദ്യം മനുഷ്യനിലനിൽപിന്റെ അടിസ്ഥാന ചോദ്യമാണ്.
നാസ്തിക ചിന്ത പലപ്പോഴും ജീവിതത്തെ വസ്തുശാസ്ത്രത്തിന്റെ കണ്ണുകൊണ്ട് മാത്രം വായിക്കാൻ ശ്രമിക്കുന്നു. മനുഷ്യൻ രാസപ്രവർത്തനങ്ങളുടെ ഒരു സങ്കീർണ കൂട്ടായ്മ മാത്രമാണെന്നും മരണം ആ പ്രവർത്തനങ്ങളുടെ അവസാനമാണെന്നുമാണ് പൊതുവായ വാദം. എന്നാൽ ഇവിടെ ഒരു അടിസ്ഥാന പ്രശ്‌നമുണ്ട്; മരണം വെറും ജൈവപ്രവർത്തനങ്ങളുടെ സ്വാഭാവിക നിലച്ചുപോക്കാണെങ്കിൽ, ‘ജീവൻ’ എന്ന അത്ഭുതം എന്തായിരുന്നു എന്ന ചോദ്യത്തിന് അതുകൊണ്ട് മറുപടി ലഭിക്കുന്നില്ല.
മരണത്തെ നിർവചിക്കുമ്പോൾ
ശാസ്ത്രം മരണത്തെ നിർവചിക്കുന്നത് ഹൃദയമിടിപ്പ് നിലയ്ക്കൽ, മസ്തിഷ്‌കപ്രവർത്തനം അവ സാനിക്കൽ, ശരീര താപനില താഴൽ, കോശങ്ങളുടെ ചിതറൽ എന്നിങ്ങനെയൊക്കെയാണ്. എന്നാൽ ഇവ മരണത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ്, മരണത്തിന്റെ സാരമല്ല. ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ ശരീരത്തിലെ ഘടകങ്ങളെല്ലാം അവിടെത്തന്നെയുണ്ട്. പക്ഷേ, എന്തോ ഒന്നില്ലാതായിരിക്കുന്നു. അതിനെയാണ് മനുഷ്യർ ‘ജീവൻ’ എന്നും മതങ്ങൾ ‘ആത്മാവ്’ എന്നും വിശേഷിപ്പിക്കുന്നത്.
ഇവിടെയാണ് മതം ഒരു നിർണായക ചോദ്യം ഉയർത്തുന്നത്: മനുഷ്യൻ ശരീരം മാത്രമാണോ? അങ്ങനെയാണെങ്കിൽ, ഒരു മൃതദേഹത്തിന്റെയും ജീവനുള്ള മനുഷ്യന്റെയും ഇടയിലുള്ള വ്യത്യാസം എന്ത്? ഒരാൾ മരിക്കുമ്പോൾ നാം ‘അവൻ പോയി’ എന്നു പറയുന്നു. ശരീരം ഇവിടെത്തന്നെയിരിക്കെ പോയ ‘അവൻ’ ആരാണ്? ഈ സാധാരണ ഭാഷാപ്രയോഗം പോലും മനുഷ്യൻ ശരീരത്തിനപ്പുറമുള്ള ഏതോ സത്തയെ സ്വാഭാവികമായി തിരിച്ചറിയുന്നുവെന്നതിന് സാക്ഷിയാണ്.
ആത്മാവിനെക്കുറിച്ചുള്ള ചർച്ചയെ ചിലർ അശാസ്ത്രീയമെന്നു പറഞ്ഞ് തള്ളാറുണ്ട്. എന്നാൽ ബോധം, മനഃസാക്ഷി, സ്വപ്നം, സ്‌നേഹം, സൗന്ദര്യാനുഭവം, ധാർമികബോധം എന്നിവയെയെല്ലാം വെറും ന്യൂറോണുകളുടെ രാസപ്രവർത്തനങ്ങളായി ചുരുക്കുന്നത് വിശദീകരണമെന്ന പേരിലുള്ള ചുരുക്കലാണ്; സംഗീതത്തെ സ്പീക്കറിന്റെ വിറയലായി മാത്രം നിർവചിക്കുന്നതുപോലെ.
ഇവിടെയാണ് നാസ്തികതയ്ക്ക് മറുപടി പറയേണ്ടിവരുന്നത്. ‘മരണത്തോടെ എല്ലാം അവ സാനിക്കുന്നു’ എന്നത് ഒരു പ്രസ്താവന മാത്രമാണ്; ജീവിതത്തിന്റെ അർഥത്തിന് അതൊന്നും മറുപടി നൽകുന്നില്ല. ഒടുവിൽ എല്ലാം ശൂന്യതയിൽ ലയിക്കുന്നതാണെങ്കിൽ സ്‌നേഹത്തിന് അർഥമെന്ത്? നീതിക്കുവേണ്ടി പോരാടേണ്ടതെന്തിന്? സത്യത്തിനുവേണ്ടി ജീവൻ സമർപ്പിക്കുന്നതിനെ എന്തിന് മഹിതമായി കണക്കാക്കണം? മരണത്തോടെ എല്ലാം തീരുന്നുവെങ്കിൽ ത്യാഗവും ധാർമികതയും വീര്യവും വെറും ജൈവഭ്രമങ്ങളായി ചുരുങ്ങുകയല്ലേ?
മരണത്തെ വെറും ‘സ്വാഭാവിക പ്രക്രിയ’ എന്നു വിളിക്കുന്നത് പലപ്പോഴും ചോദ്യത്തെ അവഗണിക്കലാണ്. ‘സ്വാഭാവികം’ എന്നത് ‘അർഥശൂന്യം’ എന്നല്ല. വിത്ത് മണ്ണിൽ വീണ് മുളച്ച് വൃക്ഷമാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതിന് ലക്ഷ്യമില്ലെന്നല്ല.
ഉറക്കത്തെ ചെറു മരണമായി (ക്വുർആൻ 39:42), വരണ്ട ഭൂമിയുടെ പുനർജീവനത്തെ പുനരുത്ഥാനത്തിന്റെ ഉപമയായി (ക്വുർആൻ 50:11), വിത്തിന്റെ ചിതറലിനെ മരണാനന്തര ജീവിതത്തിന്റെ സൂചനയായി (ക്വുർആൻ 6:95) ക്വുർആൻ അവതരിപ്പിക്കുന്നു.
ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു: ജീവിതം യാദൃച്ഛിക പ്രക്രിയകളുടെ ഫലമാണോ അതോ ഉദ്ദേശ്യത്തോടെ രൂപപ്പെട്ടതോ? ഒരു പുസ്തകം കണ്ടാൽ അതിന് ഒരു രചയിതാവുണ്ടെന്ന് നാം ഉറപ്പിക്കുന്നു; ഒരു ശിൽപം കണ്ടാൽ ശിൽപിയെയും. എന്നാൽ അതിനെക്കാൾ അത്ഭുതകരമായ ബ്രഹ്‌മാണ്ഡത്തെയും മനുഷ്യബോധത്തെയും കണ്ടിട്ടും ചിലർ സ്രഷ്ടാവില്ലെന്നും ലക്ഷ്യമില്ലെന്നും പറയുന്നത് ശ്രദ്ധേയമായ വൈരുധ്യവും ബുദ്ധിശൂന്യതയുമാണ്.
മരണത്തെക്കുറിച്ചുള്ള ചർച്ച വെറും മതവിഷയമല്ല; അത് നീതിയുടെയും ജീവിതലക്ഷ്യത്തിന്റയും ചോദ്യമാണ്. അനീതിക്കിരയായി കരഞ്ഞുപോയവരുടെ ചരിത്രം, ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട അക്രമികൾ, സത്യത്തിനുവേണ്ടി ജീവൻ ത്യജിച്ച മഹാത്മാക്കൾ... ഇതെല്ലാം ഒരു അന്തിമ കണക്കെടുപ്പിന്റെ സാധ്യതയിലേക്കും അനിവാര്യതയിലേക്കും വിരൽചൂണ്ടുന്നു. മരണത്തോടെ എല്ലാം അവസാനിക്കു മെങ്കിൽ നീതിയുടെ അന്തിമവിജയം എവിടെ?
പരലോക നിഷേധികളോടൊരു ചോദ്യം
മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്: മരണത്തോടെ എല്ലാം അവസാനിക്കുന്നതാണെങ്കിൽ, മനുഷ്യൻ എന്തുകൊണ്ട് മരണത്തെ സ്വാഭാവികമായി ആഗ്രഹിക്കുന്നില്ല?
ജീവിതം വേദനയുടെയും നഷ്ടത്തിന്റെയും രോഗത്തിന്റെയും അനീതിയുടെയും ഭാരമാണെന്ന് പറയുന്നവരാണ് പലപ്പോഴും ‘മരണം ഒരു അന്തിമ നിശ്ശബ്ദതയാണ്’ എന്ന് വാദിക്കുന്നത്. എന്നാൽ അതേ മനുഷ്യൻ മരിക്കാൻ ആഗ്രഹിക്കുന്നില്ല. ജീവൻ നിലനിർത്താൻ അവൻ പൊരുതുന്നു. ഒരു ശ്വാസം കൂടി കിട്ടാൻ ആശുപത്രികളിൽ പോരാടുന്നു. അപകടത്തിന്റെ വക്കിൽ നിൽക്കുമ്പോൾ അവന്റെയുള്ളിൽ ജീവൻ രക്ഷിക്കാനുള്ള സഹജപ്രേരണ പ്രവർത്തിക്കുന്നു. എന്തുകൊണ്ട്? എല്ലാം ശൂന്യതയിൽ അവസാനിക്കുന്നതാണെങ്കിൽ, ഈ ജീവൻ പിടിച്ചുനിറുത്താനുള്ള മോഹം എവിടെനിന്നാണ് വരുന്നത്? ഇത് ഒരു സാധാരണ മനശ്ശാസ്ത്രപ്രവണതയല്ല; മനുഷ്യന്റെ ഉള്ളിൽ പതിഞ്ഞ ഒരു ആഴത്തിലുള്ള സാക്ഷ്യമാണ്. ഇത് ഇന്നും ഭൗതികവാദികളെ അലട്ടുന്ന ചോദ്യമാണ്. കാരണം, മരണാനന്തര ജീവിതമില്ലെന്ന വിശ്വാസം പൂർണസത്യമാണെങ്കിൽ, മരണത്തെ ഭയപ്പെടേണ്ടതില്ല. അതൊരു മോചനമാകണം. എന്നാൽ മനുഷ്യൻ എന്തുകൊണ്ട് അതിനെ സ്വാഭാവികമായി സ്വാഗതം ചെയ്യുന്നില്ല?
ചിലർ അതിനെക്കുറിച്ച് പറയുന്നത് ‘ജീവിക്കാനുള്ള പരിണാമപരമായ സഹജാവബോധമാണ്’ (evolutionary instinct)എന്നാണ്. പക്ഷേ, അതൊരു തൃപ്തികരമായ മറുപടിയല്ല. ആ സഹജാവബോധം (instinct) തന്നെ എന്തുകൊണ്ട് ഉണ്ട്? ജീവൻ നിലനിറുത്താനുള്ള ഈ അടങ്ങാത്ത പ്രേരണ, ജീവന് വെറും ജൈവമൂല്യം മാത്രമല്ല, ഒരു ആഴമുള്ള അർഥവുമുണ്ടെന്ന സൂചനയല്ലേ?

ഇവിടെ മറ്റൊരു വൈരുധ്യവും ശ്രദ്ധിക്കണം.’ജീവിതത്തിന് അന്തിമ അർഥമില്ല’ എന്ന് പറയുന്നവരും ജീവിതത്തിന്റെ അർഥത്തെക്കുറിച്ച് അസാധാരണമായ ആകാംക്ഷ പുലർത്തുന്നു. അവർ സ്‌നേഹിക്കുന്നു. നീതിക്കുവേണ്ടി സംസാരിക്കുന്നു. അവകാശങ്ങൾ ആവശ്യപ്പെടുന്നു. മരണത്തെ ഭയക്കുന്നു. അർഥമില്ലെന്ന് പ്രഖ്യാപിക്കുന്നവരും അർഥമുള്ളവരെപ്പോലെ ജീവിക്കുന്നു. ഇത് വെറും വൈരുധ്യമല്ല. മനുഷ്യ പ്രകൃതി (ഫിത്‌റത്ത്)യുടെ സാക്ഷ്യമാണ്.
മരണഭയം വെറും അജ്ഞാതത്തെക്കുറിച്ചുള്ള ഭയം മാത്രമല്ല; ഒരു അന്തിമ കണക്കെടുപ്പിന്റെ സാധ്യത മനുഷ്യൻ ഉൾക്കരളിൽ തിരിച്ചറിയുന്നതിന്റെ സൂചനയുമാകാം. മനുഷ്യൻ സ്വയം വഞ്ചിച്ചേക്കാം. പക്ഷേ ഫിത്‌റത്തിനെ പൂർണമായി നിശ്ശബ്ദമാക്കാൻ കഴിയില്ല. ‘മരണം വന്നാൽ നിങ്ങൾ പൂർണമായും ഇല്ലാതാകും. ഓർമയില്ല. ബോധമില്ല. കണക്കെടുപ്പില്ല. വെറും ശൂന്യം’ എന്നാണ് വാദമെങ്കിൽ മനുഷ്യൻ മരണത്തെ ഇത്രയും ഭയക്കുന്നത് എന്തുകൊണ്ട്? ശൂന്യതയിൽ ലയിക്കുന്നതിനെ എന്തിന് ഭയക്കണം?
ഇസ്‌ലാം മരണത്തെ കൊതിക്കാൻ പഠിപ്പിക്കുന്നില്ല. കാരണം അത് പരീക്ഷണത്തിൽനിന്ന് ഒഴിഞ്ഞോടലാണ്. എന്നാൽ മരണം ഒരു അനിവാര്യതയാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
പരലോകത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
പരലോകവിശ്വാസത്തിനെതിരായ വിമർശനങ്ങൾ പുതിയതല്ല. പ്രവാചകന്മാരുടെ കാലം മുതൽ തന്നെ മനുഷ്യൻ അദൃശ്യ യാഥാർഥ്യത്തെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്നത്തെ നാസ്തിക - സെക്യുലർ വിമർശനങ്ങൾക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. അവ പലപ്പോഴും പരലോകത്തെ ഒരു ഗൗരവമുള്ള ദാർശനിക ആശയമായി സമീപിക്കുന്നില്ല; മറിച്ച് അതിനെ ലളിതവൽക്കരിച്ച് പരിഹാസത്തിന്റെ വിഷയമാക്കുകയാണ് പതിവ്. ‘പാൽ ഒഴുകുന്ന പുഴകൾ,’ ‘ഹൂറിമാർ,’ ‘നിത്യനരകം,’ ‘ഭൂമിയിൽ ഹറാം, അവിടെ ഹലാൽ’ എന്നിങ്ങനെ ചില കാര്യങ്ങളിൽ ചുരുക്കപ്പെടുന്ന വിമർശനങ്ങളാണ് ആവർത്തിക്കപ്പെടുന്നത്. പരിഹസിക്കൽ മാത്രമാണ് ലക്ഷ്യം. വിഷയത്തിന്റെ ആഴത്തെയും സങ്കീർണതയെയും സ്പർശിക്കാൻ ഇവർ തയ്യാറാകുന്നില്ല.
സ്വർഗത്തെക്കുറിച്ചുള്ള വിമർശനത്തെ പരിഗണിക്കാം. ‘പാലൊഴുകുന്ന പുഴകളല്ല വേണ്ടത്, കുപ്പിയിലാണ് വേണ്ടത്’ പോലുള്ള പരിഹാസങ്ങൾ കേൾക്കാറുണ്ട്. ക്വുർആൻ ഉപയോഗിക്കുന്ന ഭാഷയുടെ സ്വഭാവം മനസ്സിലാക്കാത്തതിൽ നിന്നാണ് ഈ പരിഹാസം ഉയരുന്നത്. മനുഷ്യന് പൂർണമായി ഉൾക്കൊള്ളാനാവാത്ത യാഥാർഥ്യങ്ങളെ, അവൻ അറിയുന്ന അനുഭവങ്ങളുടെ ഉപമകളിലൂടെ വിവരിക്കുകയാണ് ക്വുർആൻ ചെയ്യുന്നത്. സ്വർഗം ഭൂമിയിലെ ഒരു ആഡംബര വിനോദകേന്ദ്രമല്ല. മനുഷ്യബോധത്തിന് സമീപിക്കാവുന്ന ഭാഷയിൽ, അവന്റെ അറിവിന് അതീതമായ യാഥാർഥ്യത്തെ സൂചിപ്പിക്കുന്ന വിവരണങ്ങളാണ് അവ.
ഹൂറിമാരെക്കുറിച്ചുള്ള വിമർശനവും ഇതേ തെറ്റിദ്ധാരണയിൽനിന്നാണ് വളരുന്നത്. ചില വിമർശകർ അതിനെ പുരുഷകാമനയുടെ മതപരമായ പാക്കേജായി ചിത്രീകരിക്കുന്നു. എന്നാൽ അത് വിമർശകന്റെ വായനയാണ്, മതത്തിന്റെതല്ല. ക്വുർആൻ സ്വർഗത്തെ സമാധാനം, ദുഃഖമില്ലായ്മ, നഷ്ടമില്ലാത്ത അവസ്ഥ, ദൈവസാന്നിധ്യം, ഹൃദയശാന്തി, പൂർണത എന്നീ ഉയർന്ന ആത്മീയ പ്രതിഫലങ്ങളിലൂടെയും അവതരിപ്പിക്കുന്നുണ്ട്. ഹൂറിമാരെ കേന്ദ്രീകരിച്ച് സ്വർഗത്തെ മുഴുവനായി വായിക്കുന്നത്, ചില യാഥാർഥ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കലാണ്. സ്വർഗത്തിൽ പുരുഷന്മാർക്ക് മാത്രമാണ് ഇണകളുള്ളത് എന്നു ക്വുർആൻ പറയുന്നില്ല.
മറ്റൊരു വിമർശനം ഇങ്ങനെ: “ഭൂമിയിലെ ആസ്വാദനങ്ങൾ തടഞ്ഞുവച്ച് പരലോകത്ത് അവ നൽകുന്നതിൽ എന്ത് യുക്തിയാണുള്ളത്?’’ ഇതും ഒരു തെറ്റായ മുൻധാരണയിലുള്ള ചോദ്യമാണ്. ഇസ്‌ലാം ആസ്വാദനവിരുദ്ധ മതമല്ല; നിയന്ത്രണമില്ലാത്ത ആസ്വാദനത്തിനെതിരായ മതമാണ്. ചില കാര്യങ്ങൾ ഹറാമാക്കിയിരിക്കുന്നത് ആസ്വാദനങ്ങൾ തടയാനല്ല; അവയുടെ ദോഷങ്ങൾ ബാധിക്കാതിരിക്കാനാണ്, ധാർമികവും ആത്മീയവുമായ ലക്ഷ്യങ്ങളാലാണ്. പരീക്ഷണത്തിന്റെ ലോകത്തെ നിയന്ത്രിതമായ ജീവിതം, പ്രതിഫലത്തിന്റെ ലോകത്ത് പരിമിതികളില്ലാത്ത അനുഭവമായി മാറുന്നു.
‘നരകശിക്ഷ നൽകുന്ന സ്രഷ്ടാവ് ക്രൂരനല്ലേ?’ എന്നതാണ് മറ്റൊരു വിമർശന ചോദ്യം. എന്നാൽ ഇവിടെ പലപ്പോഴും നീതിയും കരുണയും പരസ്പരവിരുദ്ധങ്ങളായി ചിത്രീകരിക്കപ്പെടുന്നു. ശിക്ഷ എന്ന ആശയം തന്നെ ക്രൂരതയാണെങ്കിൽ, മനുഷ്യസമൂഹത്തിലെ നീതിന്യായ സംവിധാനങ്ങളെ എന്ത് വിളിക്കണം? അനീതിക്ക് ഒരിക്കലും കണക്കെടുപ്പില്ലാത്ത ലോകമോ കൂടുതൽ ക്രൂരമായത്, അതോ ഉത്തരവാദിത്തമുള്ള ലോകമോ?
നരകത്തെ മനസ്സിലാക്കേണ്ടത് പ്രതികാരത്തിന്റെ സാഡിസ്റ്റിക് രൂപമായിട്ടല്ല; നീതിയുടെ ലോകമായിട്ടാണ്. അതേസമയം ഇസ്‌ലാമിൽ കരുണക്കും പശ്ചാത്താപത്തിനും മാപ്പിനും മാന്യമായ ഇടപെടലിനുമുള്ള സ്ഥാനം വിമർശകർ അവഗണിക്കുന്നു. ക്വുർആനിൽ ശിക്ഷയുടെ ഭാഷയെക്കാൾ കരുണയുടെ ഭാഷയുമുണ്ട്.
‘മരിച്ചവർ എപ്പോൾ ഉയിർത്തെഴുന്നേൽക്കും, അവിടെ സമയം എങ്ങനെ പ്രവർത്തിക്കും’ എന്നും ചോദിക്കുന്ന വിമർശകരുണ്ട്. ഇവിടെ പ്രശ്‌നം മനുഷ്യൻ സമയത്തെ ഭൂമിയിലെ അനുഭവത്തിന്റെ മാനദണ്ഡത്തിൽ മാത്രം ചിന്തിക്കുന്നതിലാണ്. മതം പറയുന്ന പരലോകം ഈ ലോകത്തിന്റെ സമയഘടനയുള്ള ഒന്നല്ല.
ചിലർ ചോദിക്കുന്നു: ‘മനുഷ്യന് ഉൾക്കൊള്ളാനാവാത്ത ശിക്ഷകളും പ്രതിഫലങ്ങളും പറഞ്ഞാൽ അതെങ്ങനെ അർഥവത്താകും?’ പരിമിതമായ മനസ്സിന് അതീതമായ യാഥാർഥ്യത്തെ പൂർണമായി ഉൾ ക്കൊള്ളാനാവാത്തത്, ആ യാഥാർഥ്യം അസംബന്ധമാണെന്ന് തെളിയിക്കുന്നില്ല; ഗർഭസ്ഥ ശിശുവിന് പുറംലോകത്തെ അറിയാനാവാത്തതുപോലെ.
യഥാർത്ഥത്തിൽ ഈ വിമർശനങ്ങളിൽ പലതും പരലോകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ളതല്ല; മനുഷ്യന്റെ അസ്വസ്ഥതകളെക്കുറിച്ചുള്ളതാണ്. അനന്തതയെക്കുറിച്ചുള്ള അസ്വസ്ഥത, ഉത്തരവാദിത്ത ത്തെക്കുറിച്ചുള്ള അസ്വസ്ഥത, വിധിയെക്കുറിച്ചുള്ള അസ്വസ്ഥത...
അതിനാൽ യഥാർഥ ചോദ്യം ഇതാണ്: ‘പരലോകവിശ്വാസം യുക്തിരഹിതമാണോ? നമുക്കു പരിചിതമായ അനുഭവങ്ങളുടെ പരിധി കടന്നതിനാൽ അത് നമ്മെ അസ്വസ്ഥരാക്കുകയാണോ?
എല്ലാം സ്രഷ്ടാവിന് അറിയുമെങ്കിൽ പരീക്ഷണമെന്തിന്?
പരലോകവിശ്വാസത്തിനെതിരായ വിമർശനങ്ങളിൽ ഒന്നാണിത്: ‘ആരാണ് സ്വർഗത്തിൽ പോകുക, ആരാണ് നരകത്തിൽ പോകുക എന്ന് അല്ലാഹുവിന് മുമ്പേ അറിയാമെങ്കിൽ പിന്നെ ഇഹലോകജീവിതം എന്ന പരീക്ഷണം എന്തിനാണ്?’’
‘മുൻകൂട്ടിയറിവ് നിർബന്ധിപ്പിക്കലാണ്’ എന്ന ധാരണയിലാണ് ഈ ചോദ്യം. അല്ലാഹുവിന്റെ അറിവ് ഒരാളെ നിർബന്ധിപ്പിക്കുന്നില്ല. അവൻ അറിയുന്നു എന്നത്, അവൻ നിർബന്ധിച്ചു എന്നല്ല. ഇത് മനസ്സിലാക്കാൻ ലളിതമായ ഒരു ഉപമ മതി. ഒരു പരിചയസമ്പന്ന അധ്യാപകന് തന്റെ വിദ്യാർഥികളിൽ ആരൊക്കെ വിജയിക്കാനും ആരൊക്കെ പരാജയപ്പെടാനും സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിയാം. പക്ഷേ, ആ അറിവ് വിദ്യാർഥിയെ പരാജയപ്പെടുത്തുന്നില്ല. വിദ്യാർഥി സ്വന്തം തിരഞ്ഞെടുപ്പിലൂടെയാണ് അതിലേക്കെത്തുന്നത്. അറിവും നിർബന്ധവും തമ്മിൽ വ്യത്യാസമുണ്ട്. മനുഷ്യൻ പലപ്പോഴും ഈ രണ്ടിനെയും കൂട്ടികുഴയ്ക്കുന്നു. ദൈവത്തിന്റെ സർവജ്ഞത മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ല; മറിച്ച് അതിനെ ഉൾക്കൊള്ളുന്നു.

“മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേൽ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് തീർച്ചയായും നാം മനുഷ്യനെ സൃ ഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (ക്വുർആൻ 76:1-൩).
ക്വുർആൻ ജീവിതത്തെ പരീക്ഷണം എന്ന് വിളിക്കുമ്പോൾ, അല്ലാഹു തനിക്ക് അറിവ് നേടാൻ പരീക്ഷിക്കുന്നുവെന്നല്ല അർഥം. അവന് അറിയാത്തത് അറിയാനല്ല പരീക്ഷണം. മറിച്ച് പരീക്ഷണം മനുഷ്യർക്കാണ്. അതിനാണ് അല്ലാഹു മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം നൽകിയിരിക്കുന്നത്. നന്മയുടെ വഴിയും തിന്മയുടെ വഴിയും അവന് തിരഞ്ഞെടുക്കാം. അല്ലാഹു മനുഷ്യന് തിരഞ്ഞെടുപ്പിന് അവസരം നൽകാതെ ഇന്നയിന്നയാൾ നരകത്തിലാണ് എന്നു വിധിച്ചാൽ മനുഷ്യൻ പറയുക ‘എനിക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നെങ്കിൽ ഞാൻ സ്വർഗാവകാശിയായിരുന്നേനെ, ഇത് അനീതിയാണ്’ എന്നായിരിക്കില്ലേ?
ഒരു എഴുത്തുകാരന് നോവലിന്റെ അവസാനം അറിയാം എന്നതുകൊണ്ട് കഥ അനാവശ്യമാകുന്നില്ല. കഥയിലെ കഥാപാത്രങ്ങൾ അവരുടെ യാത്രയിലൂടെ തന്നെയാണ് രൂപം കൊള്ളുന്നത്. മനുഷ്യൻ ഈ ലോകത്തിൽ വെറും വിധിക്കായി കാത്തിരിക്കുകയല്ല; രൂപപ്പെടുകയാണ്. ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നു. സ്വഭാവം നിർമിക്കപ്പെടുന്നു. വിശ്വാസം, ക്ഷമ, നീതി, ത്യാഗം, സ്‌നേഹം, ഇവ പരീക്ഷണമില്ലാതെ സാർഥകമാകില്ല.
ചിലർ ‘വിധി’ എന്നത് മനുഷ്യന്റെ തിരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുന്നു എന്ന് കരുതുന്നു. ‘എല്ലാം എഴുതപ്പെട്ടതാണെങ്കിൽ ഞാൻ എന്തിന് ശ്രമിക്കണം’ എന്ന് ചോദിക്കുന്നു. നിങ്ങൾ ജനിച്ചത് നിങ്ങളുടെ തിരഞ്ഞെടുപ്പല്ല. മരണം നിങ്ങളുടെ തിരഞ്ഞെടുപ്പല്ല. പക്ഷേ ആ രണ്ട് അതിരുകൾക്കിടയിൽ നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് നിങ്ങളുടെ തെരഞ്ഞെടുപ്പാണ്.
“സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഉദ്ദേശിക്കുന്നവർ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവർ അവിശ്വസിക്കട്ടെ’’ (ക്വുർആൻ 18:29).
‘അല്ലാഹുവിന് അറിയാമെങ്കിൽ നരകത്തിൽ പോകുന്നവരെ സൃഷ്ടിച്ചതെന്തിന്’ എന്ന ചോദ്യവും ഇതുമായി ബന്ധപ്പെട്ടതാണ്. മനുഷ്യൻ നിർബന്ധിത ശിക്ഷയുടെ ഇരയല്ല; തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിയാണ് എന്ന യാഥാർഥ്യമാണ് പലരും അറിയാതെ പോകുന്നത്.
മരണത്തിനപ്പുറം വിളിക്കുന്ന സത്യം
ലേഖനത്തിന്റെ തുടക്കത്തിൽ ചോദിച്ച ചോദ്യത്തിലേക്കുതന്നെ തിരിച്ചുവരാം. ‘മരണത്തോടെ എല്ലാം അവസാനിക്കുമെങ്കിൽ, നാം എന്തിന് ഇവിടെ?’ മനുഷ്യമനസ്സിനെ വേട്ടയാടുന്ന ചോദ്യമാണിത്. നാം എവിടെനിന്നു വന്നു, എന്തിനാണ് ജീവിക്കുന്നത്, എവിടേക്കാണ് മടങ്ങുന്നത് എന്നീ മൂന്ന് ചോദ്യങ്ങളെയും ഒരുമിച്ചുണർത്തുന്ന ചോദ്യം. ഒരു കാര്യം വ്യക്തമാണ്; മരണത്തെ വെറും ജൈവസംഭവമായി മാത്രം വായിച്ചാൽ ജീവിതത്തിന്റെ അർഥം തകർന്നുപോകുന്നു. എന്നാൽ മരണത്തെ ഒരു കവാടമായി വായിക്കുമ്പോൾ ജീവിതം പുതിയ അർഥം പ്രാപിക്കുന്നു. കാരണം, മനുഷ്യൻ മരിക്കാനായി മാത്രം ജീവിക്കുന്നില്ല. അവൻ അർഥം തേടിയാണ് ജീവിക്കുന്നത്.
ഈ ലോകം പരീക്ഷണമാണെന്ന് ക്വുർആൻ പറയുമ്പോൾ അതൊരു കേവലം ദൈവശാസ്ത്ര പ്രസ്താവനയല്ല; മനുഷ്യജീവിതത്തെ വ്യാഖ്യാനിക്കുന്ന താക്കോലാണ്: “നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃത്തി ചെയ്യുന്നവൻ എന്ന് പരീക്ഷിക്കാനായി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാകുന്നു അവൻ’’ (ക്വുർആൻ 67:2).
ജീവിതം മാത്രമല്ല, മരണവും സൃഷ്ടിക്കപ്പെട്ടതാണ്. അതിന് ലക്ഷ്യമുണ്ട്. അതിന് അർഥമുണ്ട്. അത് യാദൃച്ഛികമല്ല. ഈ ലോകം മാത്രമാണ് എല്ലാമെങ്കിൽ മനഃസാക്ഷി എന്തിന്? അനീതി കണ്ടാൽ ഉള്ളിൽ കത്തുന്ന നീതിബോധം എന്തിന്? എന്തുകൊണ്ട് മനുഷ്യൻ ശാശ്വതതയെ കൊതിക്കുന്നു?
ഈ ചോദ്യങ്ങൾ തന്നെ ഒരിടത്തേക്ക് വിരൽചൂണ്ടുന്നില്ലേ? മനുഷ്യൻ ഈ ലോകത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനല്ലെന്നതിലേക്ക്? ക്വുർആൻ ചോദിക്കുന്നു: “അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?’’(ക്വുർആൻ 23:115).
അത്ഭുതകരമായ ബോധവും ബുദ്ധിയും സ്‌നേഹവും ധാർമികതയും സുഖദുഃഖങ്ങളും ത്യാഗവുമൊക്കെ നിറഞ്ഞ ജീവിതം ഒടുവിൽ ശൂന്യതയിൽ വീണു അവസാനിക്കുമെന്ന് കരുതുകയാണെങ്കിൽ ജീവിതം അർഥശൂന്യമല്ലേ? ക്വുർആൻ പറയുന്നു: “ആകാശത്തെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ള തിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല’’(ക്വുർആൻ 21:16).
അതായത് ഈ ജീവിതത്തിന് അർഥമുണ്ട്, ലക്ഷ്യമുണ്ട് മടക്കമുണ്ട്, കണക്കെടുപ്പുണ്ട്, പ്രതിഫലമുണ്ട്. അതുകൊണ്ടുതന്നെ മരണം നീതിയിലേക്കുള്ള കവാടമാണ്. അനീതിയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കരച്ചിൽ വെറുതെയല്ലെന്ന് പറയുന്ന സാക്ഷ്യം. അന്യായം ചെയ്ത അക്രമി രക്ഷപ്പെടില്ലെന്ന് പറയുന്ന ഉറപ്പ്. നന്മ പാഴാവില്ലെന്ന് പറയുന്ന വാഗ്ദാനം: “അണുവോളം നന്മ ചെയ്തവൻ അത് കാണും. അണുവോളം തിന്മ ചെയ്തവനും അത് കാണും’’(ക്വുർആൻ 99:7-8).
നബിﷺ പറഞ്ഞു:’’സുഖങ്ങളെ മുറിച്ചുകളയുന്ന മരണത്തെ കൂടുതലായി ഓർക്കുക’’ (തിർമിദി).
മരണസ്മരണ ജീവിതത്തെ ശുദ്ധീകരിക്കുന്നു. അഹങ്കാരത്തെ കുറക്കുന്നു. പാപത്തെ ഗൗരവത്തോടെ കാണാൻ പ്രേരിപ്പിക്കുന്നു. അല്ലാഹു സത്യനിഷേധികൾക്ക് മുന്നറിയിപ്പ് നൽകുന്നു:
“(അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീർച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാൽ ഇപ്പോൾ നിന്നിൽനിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ ദൃഷ്ടി ഇന്ന് മൂർച്ചയുള്ളതാകുന്നു’’(ക്വുർആൻ 50:22).
ഒരു ദിവസം ഈ മറ നീങ്ങും. അന്ന് സംശയങ്ങങ്ങൾ അവസാനിക്കും.

