സഹനത്തിലൂടെ സ്വർഗത്തിലേക്ക്

മെഹബൂബ് മദനി ഒറ്റപ്പാലം

2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

പലപ്പോഴും കുറ്റബോധത്തിന്റെ അകമ്പടിയോടെ മാത്രം പറയുന്ന വാക്കാണ് ക്ഷമ. ‘ക്ഷമ ആദ്യ ഘട്ടത്തിലാണ് വേണ്ടത്’ എന്ന പ്രവാചക വചനം സാർഥകമാവുന്നത് അതുകൊണ്ട് തന്നെയാണ്. ആന്തരിക ശക്തിയായും ജേതാക്കളുടെ ലക്ഷണമായും മതം പരിചയപ്പെടുത്തുന്ന ക്ഷമയിലൂടെ പാരത്രിക ജീവിതത്തിലെ ഉന്നത വിജയമാണ് സത്യവിശ്വാസികൾക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്...

മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും മഹത്തരവുമായ ഒരു ഗുണമാണ് ക്ഷമ. പ്രതികൂല സാഹചര്യങ്ങളിലും പ്രകോപനങ്ങളിലും സ്വയം നിയന്ത്രിക്കാനും ശാന്തത പാലിക്കാനുമുള്ള കഴിവാണ് ക്ഷമ. ശാസ്ത്ര-സാങ്കേതിക വിദ്യയിൽ മികച്ചു നിൽക്കുന്ന വർത്തമാനകാല മനുഷ്യരിൽനിന്ന് വിനഷ്ടമായിക്കൊണ്ടുരിക്കുന്ന ഒന്നാണിത്.

ക്ഷമ എന്നത് കേവലം കാത്തിരിക്കൽ മാത്രമല്ല, കാത്തിരിക്കുമ്പോൾ നമ്മൾ പുലർത്തുന്ന നല്ല മനോഭാവം കൂടിയാണ്.

വ്യക്തിബന്ധങ്ങളുടെ ദൃഢത: കുടുംബത്തിലായാലും സൗഹൃദങ്ങളിലായാലും ചെറിയ തെറ്റുധാരണകളുടെ പേരിൽ ബന്ധങ്ങൾ തകരാൻ നിമിഷങ്ങൾ മതി. എന്നാൽ ക്ഷമയോടെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിച്ചാൽ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാൻ സാധിക്കും.

മാനസികാരോഗ്യം: ദേഷ്യവും അക്ഷമയും മാനസിക സമ്മർദവും ബിപി പോലെയുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. കാര്യങ്ങളെ ക്ഷമയോടെ സമീപിക്കുന്നവർക്ക് മികച്ച മാനസികാരോഗ്യവും സമാധാനവും നിലനിർത്താൻ കഴിയുന്നു.

വിജയത്തിലേക്കുള്ള വഴി: ലക്ഷ്യങ്ങൾ ഒറ്റദിവസംകൊണ്ട് നേടിയെടുക്കാൻ കഴിയില്ല. കഠിനാധ്വാനത്തോടൊപ്പം ക്ഷമയോടെയുള്ള കാത്തിരിപ്പും ഉണ്ടെങ്കിൽ മാത്രമെ ഏതൊരു മേഖലയിലും സ്ഥിരതയാർന്ന വിജയം സ്വന്തമാക്കാൻ സാധിക്കൂ. വിത്തുപാകി അത് വൃക്ഷമായി ഫലം തരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.

അക്ഷമ വരുത്തിവയ്ക്കുന്ന വിനകൾ

ഇന്നത്തെ തലമുറയ്ക്ക് എല്ലാം പെട്ടെന്ന് വേണം. ഈ അക്ഷമ പലപ്പോഴും റോഡപകടങ്ങൾ, പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ, ആലോചനയില്ലാത്ത തീരുമാനങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. ഒരു നിമിഷത്തെ അക്ഷമ ജീവിതകാലം മുഴുവൻ നീളുന്ന കണ്ണീരിന് കാരണമായേക്കാം.

ക്ഷമ എങ്ങനെ വളർത്തിയെടുക്കാം?

ചിന്തിച്ചതിനു ശേഷം പ്രതികരിക്കുക: ഏതൊരു പ്രകോപനപരമായ സാഹചര്യത്തിലും പെട്ടെന്ന് മറുപടി കൊടുക്കാതെ കുറച്ച് നിമിഷങ്ങൾ ശാന്തമായിരിക്കുക.

സാഹചര്യങ്ങളെ ഉൾക്കൊള്ളുക: നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് ആകുലപ്പെടാതിരിക്കുക (ഉദാഹരണത്തിന്: ട്രാഫിക് ബ്ലോക്ക്).

ആശയവിനിമയം: മറ്റുള്ളവരുടെ ഭാഗം കൂടി കേൾക്കാനുള്ള മനസ്സ് കാണിക്കുക.

ക്ഷമയും സത്യവിശ്വാസികളും

മരണാനന്തര ജീവിതത്തിൽ സ്വർഗം ലഭിക്കുവാൻ വിശ്വാസികൾ ഒരുക്കിവയ്‌ക്കേണ്ടുന്ന പാഥേയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സഹനം അഥവാ ക്ഷമ എന്ന സൽഗുണം. ക്ഷമ കൈക്കൊള്ളുന്നവർക്കാണ് ആത്യന്തികമായ വിജയം എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഭൗതിക ജീവിതത്തിൽ അൽപമൊക്കെ സഹിക്കുവാനും ക്ഷമിക്കുവാനും കഴിയാത്തവർക്ക് എവിടെയും എത്തിച്ചേരുവാൻ സാധിക്കുകയില്ലെന്നത് യാഥാർഥ്യമാണ്. അതിന് നമ്മുടെ മുമ്പിൽ എത്രയോ ഉദാഹരണങ്ങളുണ്ട്. എങ്കിൽ പിന്നെ സ്വർഗം നേടണമെങ്കിൽ ക്ഷമിക്കാതെ കഴിയുമോ? ഒരിക്കലുമില്ല! സ്രഷ്ടാവ് അക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

“അതല്ല, നിങ്ങളിൽനിന്ന് ധർമസമരത്തിൽ ഏർപ്പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിച്ചുകളയാമെന്ന് നിങ്ങൾ വിചാരിച്ചിരിക്കുകയാണോ?’’ (ക്വുർആൻ 3:142).

ഇഹലോക ജീവിതത്തിൽ നാം ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയരാകും. അതൊരുപക്ഷേ, ശാരീരികമോ മാനസികമോ ആയിരിക്കാം. അത്തരം സന്ദർഭങ്ങളിലെല്ലാം വിശ്വാസികൾ ക്ഷമയവലംബിക്കണം എന്നാണ് റബ്ബിന്റെ കൽപന:

“തീർച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങൾക്കു മുമ്പ് വേദം നൽകപ്പെട്ടവരിൽനിന്നും ബഹുദൈവാരാധകരിൽനിന്നും നിങ്ങൾ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടിവരികയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ടുന്ന കാര്യങ്ങളിൽ പെട്ടതാകുന്നു’’ (3:186).

ക്ഷമ മുഴുവൻ പ്രവാചകന്മാരുടെയും മഹിതമായ സദ്ഗുണമാണ്. നബിﷺ പീഡിപ്പിക്കപ്പെട്ടപ്പോൾ മുൻകാല പ്രവാചകൻമാരുടെ സഹനത്തിന്റെ ചരിത്രം ഓർമിപ്പിച്ചുകൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ സമാശ്വസിപ്പിച്ചത്.

“അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവർ(വിശ്വാസികൾ)ക്കുണ്ടായതു പോലുള്ള അനുഭവങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവർ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്’’ (2:214).

സഹനത്തെക്കാൾ വലിയൊരു സമ്പത്ത് ആർക്കും ലഭിക്കാനില്ലെന്നാണ് തിരുദൂതരുടെ വാക്കുകൾ. അബൂസഈദി(റ)ൽനിന്ന്: “ചില അൻസ്വാരികൾ നബിﷺ യോട് യാചിച്ചു. നബിﷺ അവർക്ക് കൊടുത്തു. പിന്നെയും യാചിച്ചു. കൈയിലുള്ളത് കൊടുത്തുതീർന്നപ്പോൾ നബിﷺ പറഞ്ഞു: ‘നിങ്ങൾക്കു തരാതെ ഞാനൊന്നും സംഭരിച്ചു വെക്കുന്നതല്ല. ആരെങ്കിലും യാചന ഉപേക്ഷിച്ചാൽ അല്ലാഹു അവനെ പരാശ്രയരഹിതനാക്കും. ഐശ്വര്യം പ്രകടിപ്പിച്ചാൽ അല്ലാഹു അവനെ ധന്യനാക്കും. ക്ഷമ കൈക്കൊണ്ടാൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ആർക്കും സഹനത്തെക്കാൾ വലുതായി യാതൊന്നും ലഭിച്ചിട്ടില്ല’’ (ബുഖാരി, മുസ്‌ലിം).

ജീവിതത്തിന്റെ ഏത് വിഷമാനുഭവങ്ങളെയും പ്രതിഫലാർഹമായി മാറ്റിയെടുക്കുവാനുള്ള അമൂല്യമായ സൗഭാഗ്യം കൂടിയാണ് ക്ഷമയിലൂടെ വിശ്വാസികൾ നേടിയെടുക്കുന്നത്. സുഹൈബി(റ)ൽനിന്ന്; നബിﷺ പറഞ്ഞു: “സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെയാണ്! എല്ലാം അവന് ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കുമില്ല. അവനൊരു സന്തോഷകരമായ കാര്യം വന്നുഭവിച്ചാൽ അവൻ നന്ദി കാണിക്കും. അത് അവന് നന്മയാണ്. അവന് ഒരു പ്രയാസം ബാധിച്ചാൽ അതിൽ ക്ഷമിക്കും. അതും അവന് നന്മയാണ്’’ (മുസ്‌ലിം).

കഠിനമായ പ്രയാസങ്ങൾ അനുഭവപ്പെട്ട സന്ദർഭങ്ങളിൽ നബിﷺ ക്ഷമിച്ചതായാണ് ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നത്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം: “നബിﷺയുടെ അടുത്തേക്ക് മകൾ സൈനബ്(റ) ഒരാളെ അയച്ചുകൊണ്ട് പറഞ്ഞു: ‘എന്റെ കുഞ്ഞ് മരണാസന്നനാണ്. അങ്ങ് ഉടനെ എത്തിച്ചേരണം.’ മകളോട് സലാം പറയാനും അതോടൊപ്പം ‘തീർച്ചയായും അല്ലാഹുവിന്നുള്ളതാണ് അവൻ പിടിച്ചെടുക്കുന്നത്. അവൻ നൽകിയിട്ടുള്ളതും അവന്റെതുതന്നെ. അവന്റെ അടുക്കൽ കാലാവധി നിർണയിക്കപ്പെട്ടതാണ് സർവതും. അതുകൊണ്ട് അവൾ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ’ എന്നു പറയാനും നബിﷺ ആളെ പറഞ്ഞയച്ചു. പിതാവ് തന്റെ അടുക്കൽ വരികതന്നെ വേണമെന്ന് മകൾ സത്യം ചെയ്തു പറഞ്ഞു. ദൂതൻ അക്കാര്യം നബിﷺയെ അറിയിച്ചു. ഉടനെ നബിﷺ സഅദ്ബ്‌നു ഉബാദ(റ), മുആദ്ബ്‌നു ജബൽ(റ) എന്നിവരോടൊപ്പം പുറപ്പെട്ടു. അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ആ പിഞ്ചു കുഞ്ഞിനെ തന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ നബിﷺ അവനെ മടിയിലിരുത്തി. നബിﷺയുടെ ഇരുകണ്ണുകളും കവിഞ്ഞൊഴുകാൻ തുടങ്ങി. സഅദ്(റ) ചോദിച്ചു: ‘ഇതെന്താണ് പ്രവാചകരേ?’ നബിﷺ മറുപടി നൽകി: ‘ഇത് അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയങ്ങളിൽ ഇട്ടുകൊടുത്ത കാരുണ്യമാണ്. തീർച്ചയായും അല്ലാഹു തന്റെ ദാസന്മാരിൽ കരുണയുള്ളവരോടാണ് കാരുണ്യം കാണിക്കുക.’’

രോഗാവസ്ഥയിലും മറ്റു പ്രയാസങ്ങൾ വരുമ്പോഴും ചികിത്സിക്കാതെയും പരിഹാരം കാണാതെയും സഹനത്തിന്റെ മഹത്ത്വവും പറഞ്ഞിരിക്കണമെന്ന് നമ്മൾ മനസ്സിലാക്കരുത്. അല്ലാഹു നമുക്ക് നൽകിയ കഴിവിന്റെ പരമാവധി അനുവദനീയമായ മാർഗങ്ങളിലൂടെ നാം പ്രയാസങ്ങളിൽനിന്നും മുക്തി നേടുവാനും രോഗങ്ങൾക്ക് ചികിത്സിക്കുവാനും പരിശ്രമിക്കേണ്ടതുണ്ട്. ശേഷം റബ്ബിൽ ഭരമേൽപിക്കുകയും പ്രാർഥിക്കുകയും ക്ഷമയവലംബിക്കുകയും വേണം; ഇതാണ് പ്രതിസന്ധികളോടുള്ള ശരിയായ സമീപനരീതി.

പ്രവാചകാധ്യാപനങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച സ്വഹാബിമാർ കഠിനമായ ജീവിത സാഹചര്യങ്ങളെ കരുത്തോടെ നേരിടുകയും ക്ഷമയവലംബിക്കുകയും ചെയ്തവരായിരുന്നു. ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്ന ഒരു സംഭവമുണ്ട്: അബൂ ത്വൽഹ(റ)യുടെ ഉമ്മുസുലൈമി(റ)ലുള്ള ഒരു മകൻ പിതാവ് വീട്ടിലില്ലാത്ത അവസരത്തിൽ മരണപ്പെട്ടു. തൽസമയം ആ മഹതി തന്റെ കുടുംബാംഗങ്ങളോട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ പറയുന്നതുവരെ മരണവാർത്ത അബുത്വൽഹയോട് നിങ്ങളാരും പറയരുത്.’ അബൂത്വൽഹ തിരിച്ചുവന്നപ്പോൾ ആ മഹതി അദ്ദേഹത്തിന് ഭക്ഷണപാനീയങ്ങൾ കൊണ്ടുവന്നു കൊടുത്തു. അദ്ദേഹം അത് കഴിച്ചു സംതൃപ്തനായി. ഉമ്മുസുലൈം അണിഞ്ഞൊരുങ്ങി. അവർ രാത്രി കഴിച്ചുകൂട്ടി. ഉമ്മു സുലൈം അദ്ദേഹത്തോട് ചോദിച്ചു: ‘തങ്ങളുടെ വീട്ടുപകരണങ്ങൾ ബന്ധുക്കൾക്ക് കടം കൊടുത്തിട്ട് തിരിച്ചു ചോദിക്കുമ്പോൾ അതവർക്ക് തടഞ്ഞുവെക്കാൻ പാടുണ്ടോ?’ ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവർ പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ മകനിൽനിന്ന് നിങ്ങൾ പ്രതിഫലം മോഹിച്ചുകൊള്ളുക.’ ‘ഞാൻ ജനാബത്തുകാരനാകുന്നതുവരെ മിണ്ടാതിരുന്നിട്ട് ഇപ്പോഴാണോ മരണവാർത്ത അറിയിക്കുന്നത്?’ അദ്ദേഹത്തിന് സ്വാഭാവികമായ ദേഷ്യം വന്നു. താമസിയാതെ പ്രവാചകന്റെ അടുത്തു ചെന്ന് കാര്യങ്ങളെല്ലാം വിശദീകരിച്ചു. നബിﷺ അവർക്ക് അനുഗ്രഹത്തിനായി പ്രാർഥിച്ചു.

ആദർശ പ്രബോധന രംഗത്തും ക്ഷമ അനിവാര്യമാണ്. നന്മ കൽപിക്കൽ മുസ്‌ലിമിന്റെ ബാധ്യതയാണെന്ന് പഠിപ്പിക്കുന്നതിന്റെ കൂടെ ക്ഷമയെക്കുറിച്ച് പറയുന്ന സൂക്തങ്ങളും ക്വുർആനിൽ കാണാം.

“കാലം തന്നെയാണ് സത്യം. തീർച്ചയായും മനുഷ്യർ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ പരസ്പരം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളുവാൻ പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ’’ (103:14).

“എന്റെ കുഞ്ഞുമകനേ, നീ നിസ്‌കാരം മുറപോലെ നിർവഹിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും നിനക്ക് ബാധിച്ച വിഷയങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഖണ്ഡിതമായി നിർദേശിക്കപ്പെട്ട കാര്യങ്ങളിൽ പെട്ടതത്രെ അത്’’ (31:17).

സഹനത്തിന്റെ ഉന്നത തലങ്ങളിൽ എത്തിയവർക്ക് ശത്രുക്കളെ പോലും മിത്രങ്ങളാക്കുവാൻ കഴിയുമെന്നാണ് ക്വുർആനിന്റെ അധ്യാപനം:

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു’’ (41:34).

ക്ഷമയോടുകൂടിയുള്ള പെരുമാറ്റം നിമിത്തം ശത്രുവായി വന്നയാൾ മിത്രമായി തിരിച്ചുപോകുന്ന കാഴ്ച ഇസ്‌ലാമിക ചരിത്രത്തിൽ ഒരുപാട് നമുക്ക് കാണുവാൻ കഴിയും. സത്യമതത്തിന്റെ ദൗത്യവാഹകനായി റസൂൽﷺ മിസ്അബി(റ)നെ മദീനയിലേക്ക് പറഞ്ഞയക്കുന്നു. ചരിത്രപ്രസിദ്ധമായ ഉടമ്പടിയിൽ നബിﷺയുമായി കരാർ ചെയ്ത സത്യവിശ്വാസികളായ അൻസ്വാരികൾക്ക് ഇസ്‌ലാമിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തു. വ്യത്യസ്ത ഗോത്രങ്ങളിലൂടെ കയറിയിറങ്ങി. ദൗത്യവുമായി മുന്നോട്ടുപോയി. ഒരു ദിവസം ബനൂ അബ്ദിൽ അശ്ഹൽ ഗോത്രക്കാരിൽ പ്രബോധനം നടത്തിക്കൊണ്ടിരിക്കെ കോപത്തോടുകൂടി അവരുടെ ഗോത്ര നേതാവ് ഊരിപ്പിടിച്ച വാളുമായി പാഞ്ഞടുത്തു. പരമ്പരാഗതമായി കൊണ്ടുനടക്കുന്ന ബഹുദൈവ വിശ്വാസത്തെ നിരാകരിക്കുന്ന പുതിയ മതക്കാരെ വെറുതെ വിടുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അയാൾ പറഞ്ഞു: “നിങ്ങൾക്ക് എന്താണ് ഇവിടെ കാര്യം; ഈ പാവങ്ങളെ വഴിതെറ്റിക്കാൻ? ജീവനിൽ കൊതിയുണ്ടെങ്കിൽ ഇവിടെനിന്ന് പോകുന്നതാണ് നല്ലത്.’’ അവിടെയുണ്ടായിരുന്നവർ ഭയന്നുവിറച്ചു. എന്ത് സംഭവിക്കും എന്നറിയില്ല. മിസ്അബ്(റ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “സഹോദരാ, കുറച്ചൊന്നു ശ്രദ്ധിച്ചാലും. ഞങ്ങൾ പറയുന്ന കാര്യം നിങ്ങളൊന്നു കേൾക്കൂ. നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ ഞങ്ങൾ ഉടനെ സ്ഥലം വിടാം.’’ അതോടെ അയാളുടെ കോപം തണുത്തു. ബുദ്ധിമാനായ ആ ഗോത്രത്തലവൻ ആയുധം താഴെ വെച്ച് ശ്രദ്ധിച്ച് ഇരുന്നു. ക്വുർആൻ വചനങ്ങൾ ഓതി മിസ്അബ്(റ) വിശദീകരിച്ചു. അത് ദൈവവചനങ്ങൾ തന്നെയാണെന്ന് മനസ്സിലായി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. ക്ഷമാപൂർവമായ പെരുമാറ്റം മുഖേന ശത്രുഭവായി വന്നയാൾ മിത്രമായി തിരിച്ചു പോകുന്ന കാഴ്ചയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.

ക്ഷമാശീലർക്ക് സന്തോഷവാർത്ത അറിയിക്കുവാനാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും’’ (2:155-156).

അല്ലാഹു ക്ഷമാശീലരെ സ്‌നേഹിക്കുന്നതാണ്: “എത്രയെത്ര പ്രവാചകൻമാരോടൊപ്പം അനേകം ദൈവദാസൻമാർ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നുകൊണ്ടും അവർ തളർന്നില്ല. അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു. അവർ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും സത്യനിഷേധികളായ ജനതക്കെതിരെ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ’’ (3:146,147).

ക്ഷമക്ക് വേണ്ടിയുള്ള പ്രാർഥനയും വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട്: “ഞങ്ങളുടെ നാഥാ, ഞങ്ങളുടെമേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും സത്യനിഷേധികളായ ജനങ്ങൾക്കെതിരെ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ’’ (2:250).

ജീവിതത്തിൽ വലിയ പരീക്ഷണമായ സന്താനങ്ങൾ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ മരിച്ചാൽ അവർ അല്ലാഹുവിനെ സ്തുതിക്കുകയും ക്ഷമയോടുകൂടി നിലകൊള്ളുകയുമാണെങ്കിൽ വമ്പിച്ച പ്രതിഫലം പരലോകത്ത് ലഭിക്കുമെന്ന് നബിﷺ പഠിപ്പിച്ചത് ഇതുമായി നാം ചേർത്തു വായിക്കേണ്ടതാണ്.

നബിﷺ പറയുന്നു: “ഒരാളുടെ കുട്ടി മരിച്ചാൽ അല്ലാഹു മലക്കുകളോട് ചേദിക്കും: ‘നിങ്ങൾ എന്റെ അടിമയുടെ കരളിന്റെ കഷ്ണമായ കുട്ടിയുടെ ആത്മാവ് പിടിച്ചിരിക്കുകയാണല്ലോ. എന്റെ അടിമ എന്ത് പറയുന്നു?’ അവർ പറയും: ‘അയാൾ നിനക്ക് ‘ഹംദ്’ (സ്തുതി) പറഞ്ഞു; ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊനെന്നും.’ അപ്പോൾ അല്ലാഹു പറയും: ‘നിങ്ങൾ എന്റെ അടിമക്ക് സ്വർഗത്തിൽ ഒരു വീട് പണിയണം, അതിന് ബൈത്തുൽ ഹംദ് എന്നു പേരിടണം’’ (തുർമുദി).

ചുരുക്കിപ്പറഞ്ഞാൽ, ക്ഷമ എന്നത് ബലഹീനതയല്ല; ഒരു വ്യക്തിയുടെ ഏറ്റവും വലിയ ആന്തരിക ശക്തിയാണ്. പ്രതിസന്ധികളിൽ തളരാതെ, പ്രതികൂല സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുന്നവനാണ് യഥാര്‍ത്ഥ ജേതാവ്. ശാന്തവും സമാധാനപരവുമായ ഒരു സമൂഹസൃഷ്ടിക്കും വ്യക്തിപരമായ ഉന്നതിക്കും നമ്മളിൽ ഓരോരുത്തരിലും ക്ഷമ എന്ന ഗുണം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. സർവോപരി ഒരു മുസ്‌ലിമിന്റെ ഉദാത്തമായ ഗുണമാണത്.