വാലന്റൈൻസ് ഡേ; ചരിത്രവും ഇസ്‌ലാമിക വീക്ഷണവും
റൈഹാൻ ഷഹീദ്
2026 ഫെബ്രുവരി 07, 1447 ശഅ്ബാൻ 19

എല്ലാ വർഷവും ചുവന്ന റോസാപ്പൂക്കളുടെയും ഹൃദയാകൃതിയിലുള്ള ചിഹ്നങ്ങളുടെയും പ്രണയവാഗ്ദാനങ്ങളുടെയും അലങ്കാരത്തോടെ ‘വാലന്റൈൻസ് ദിനം’ എത്തുന്നു. ഇത് പ്രണയത്തിന്റെ മഹത്തായ ആഘോഷമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ ഇവിടെ ചില അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കാതെ വയ്യ; ഏത് തരത്തിലുള്ള പ്രണയമാണ് ഇതിലൂടെ ആഘോഷിക്കപ്പെടുന്നത്? ഈ ആചാരം ഉത്ഭവിച്ചത് എവിടെനിന്നാണ്? യഥാർഥത്തിൽ ഇത് മനുഷ്യന്റെ അന്തസ്സിനെയും മാനസിക ക്ഷേമത്തെയും സംരക്ഷിക്കുകയാണോ ചെയ്യുന്നത്, അതോ അവയെ ക്ഷയിപ്പിക്കുകയോ?
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രണയം നിഷേധിക്കേണ്ടതോ ഭയപ്പെടേണ്ടതോ അടിച്ചമർത്തേണ്ടതോ ആയ ഒന്നല്ല. ഇസ്‌ലാം പ്രണയത്തെ ആഴത്തിലും സുന്ദരമായും സമീപിക്കുന്നു. എന്നാൽ പ്രണയം ആരോടായിരിക്കണം, എങ്ങനെ പ്രകടിപ്പിക്കണം, എങ്ങനെ സംരക്ഷിക്കണം എന്ന കാര്യത്തിൽ വ്യക്തവും ഉറച്ചതുമായ ധാർമിക അതിരുകൾ ഇസ്‌ലാം നിർണയിക്കുന്നു. വാലന്റൈൻസ് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെ ഇസ്‌ലാം എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നും, വിവാഹത്തിനു മുമ്പുള്ളതും വിവാഹബാഹ്യവുമായ ബന്ധങ്ങൾ എന്തുകൊണ്ട് അനുവദനീയമല്ല എന്നും മനസ്സിലാക്കാൻ, ചരിത്രത്തിലേക്കും മനുഷ്യഹൃദയത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ ധാർമിക കാഴ്ചപ്പാടിലേക്കും നോക്കേണ്ടതുണ്ട്.
വാലന്റൈൻസ് ദിനത്തിന്റെ സംക്ഷിപ്ത ചരിത്രം
വാലന്റൈൻസ് ദിനത്തിന്റെ ചരിത്രം സങ്കീർണവും പല വശങ്ങളുള്ളതുമാണ്. ‘വിശുദ്ധ വാലന്റൈനി’ന്റെ (Saint Valentine) പേരിലാണ് ഈ ദിനം അറിയപ്പെടുന്നത്. എന്നാൽ ആദ്യകാലത്ത് വാലന്റൈനിന്റെ അനുസ്മരണങ്ങൾക്ക് പ്രണയവുമായി നേരിട്ടൊരു ബന്ധം ഉണ്ടായിരുന്നില്ല.
പൊതുവെ പരാമർശിക്കപ്പെടുന്ന ഒരു പശ്ചാത്തലം പുരാതന റോമിലെ ലുപ്പർ കാലിയ എന്ന ഉത്സവമാണ്. ഫെബ്രുവരി മാസത്തിന്റെ മധ്യത്തിൽ ആഘോഷിക്കപ്പെട്ടിരുന്ന ഈ ഉത്സവം പ്രത്യുൽപാദന ശേഷിയുമായി ബന്ധപ്പെട്ട ഒരു ആചാരമായിരുന്നു. സന്താനോത്പാദനം പ്രോത്സാഹിപ്പിക്കാനും ദുഷ്ടാത്മാക്കളിൽനിന്ന് രക്ഷ നേടാനും ലക്ഷ്യമിട്ട വിവിധ ആചാരങ്ങൾ ഇതിന്റെ ഭാഗമായിരുന്നു. ചരിത്രപരമായി ഇത് ശരിയാണോ അല്ലേ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ഫെബ്രുവരി മധ്യത്തിന് റോമൻ സംസ്‌കാരത്തിൽ പ്രതീകാത്മകമായൊരു പ്രാധാന്യമുണ്ടായിരുന്നുവെന്നത് വ്യക്തമാണ്.
പ്രണയവുമായി വാലന്റൈൻസ് ദിനം ബന്ധിപ്പിക്കപ്പെട്ടത് പിന്നീടാണ്. മധ്യകാല യൂറോപ്പിലാണ് ഈ ആശയം ശക്തമായി രൂപപ്പെട്ടത്. ഫെബ്രുവരി 14, പക്ഷികൾ അവയുടെ ഇണകളെ തിരഞ്ഞെടുത്തു തുടങ്ങുന്ന ദിവസമാണെന്ന ധാരണ ജനകീയമാക്കുന്നതിൽ ഇംഗ്ലീഷ് കവി ജെഫ്രി ചോസർ നിർണായക പങ്ക് വഹിച്ചതായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. കാലക്രമേണ, ഈ കാവ്യാത്മക സങ്കൽപം പ്രണയക്കുറിപ്പുകൾ കൈമാറുന്ന സാമൂഹിക ആചാരങ്ങളായി മാറി. ഒടുവിൽ ഇന്ന് നമ്മൾ കാണുന്ന വാണിജ്യവൽകരിക്കപ്പെട്ട പ്രണയദിനമായി പരിണമിച്ചു.
19, 20 നൂറ്റാണ്ടുകളിൽ ഗ്രീറ്റിംഗ് കാർഡ് കമ്പനികളും പുഷ്പവ്യാപാരികളും സമ്മാന വ്യവസായികളും വാലന്റൈൻസ് ദിനത്തെ ശക്തമായി വാണിജ്യവൽകരിച്ചു. ഇന്ന് കാലാതീതമായ പ്രണയത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്ന ഈ ദിനം, യഥാർഥത്തിൽ യൂറോപ്യൻ ചരിത്രവും ക്രിസ്ത്യൻ പ്രതീകാത്മകതയും മുതലാളിത്ത മാർക്കറ്റിംഗും ചേർന്ന് രൂപപ്പെടുത്തിയ ഒരു ആധുനിക സാംസ്‌കാരിക നിർമിതിയാണ്.
ഓരോ ആഘോഷവും അതിന്റെ പിന്നിൽ നിലകൊള്ളുന്ന വിശ്വാസങ്ങളെയും മൂല്യങ്ങളെയും ധാർമിക ധാരണകളെയും പ്രതിഫലിപ്പിക്കുന്നതാണ്. വിവാഹം, കുടുംബ ഉത്തരവാദിത്തം, ധാർമികത തുടങ്ങിയവയിൽനിന്ന് വേർപെടുത്തപ്പെട്ട പ്രണയത്തെയാണ് വാലന്റൈൻസ് ദിനം പ്രോത്സാഹിപ്പിക്കുന്നത്.
ഇസ്‌ലാം പ്രണയത്തെ നിഷേധിക്കുന്നില്ല; മറിച്ച് പ്രണയത്തെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം ഇണയെയാണ് പ്രണയിക്കേണ്ടത് എന്ന് ഇസ്‌ലാം നിഷ്‌കർശിക്കുന്നു.
“നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 30:21).
ക്വുർആൻ വിവാഹത്തെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി അവതരിപ്പിക്കുന്നു. ഇണകളുടെ ഇടയിൽ സ്‌നേഹവും കാരുണ്യവും നിലനിൽക്കുന്നതിനാൽ പരസ്പരം സമാധാനം കണ്ടെത്താൻ കഴിയുന്ന തരത്തിലാണ് ഈ ബന്ധം രൂപപ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിൽ സ്‌നേഹം പ്രശ്‌നങ്ങളുടെ ഉറവിടമല്ല. അത് ഹൃദയത്തെ കലുഷിതമാക്കുന്ന ഒന്നല്ല, മറിച്ച് അതിനെ ശാന്തമാക്കുന്നതാണ്.
ആധുനിക പ്രണയ സംസ്‌കാരം വികാരങ്ങളുടെ അതിരുകടന്ന പ്രകടനത്തെയും രഹസ്യബന്ധങ്ങളെയും മഹത്ത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇസ്‌ലാം വിലമതിക്കുന്നത് ഉത്തരവാദിത്തത്തിലൂടെ, ക്ഷമയിലൂടെ, ഒരുമിച്ചുള്ള ലക്ഷ്യബോധത്തിലൂടെ വളരുന്ന സ്‌നേഹത്തെയാണ്. വികാരങ്ങൾ അംഗീകരിക്കപ്പെടുന്നു; പക്ഷേ, അവയ്ക്ക് സ്വതന്ത്രമായ ധാർമിക അധികാരം നൽകുന്നില്ല. ആകർഷണം മാത്രം ഒരു പ്രവൃത്തിക്ക് ന്യായീകരണമാകുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, ഇസ്‌ലാമിലെ പ്രണയം വിവാഹത്തിന്റെ പരിധിക്കുള്ളിലാണ് അർഥം കണ്ടെത്തുന്നത്.
വിശ്വാസികൾ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് രഹസ്യമായ അടുപ്പത്തിലൂടെയല്ല, പ്രതിബദ്ധതയിലൂടെയും ഉത്തരവാദിത്തത്തിലൂടെയും അല്ലാഹുവോടുള്ള ഭയവും ബോധവുമുള്ള ജീവിതത്തിലൂടെയുമാണ്.
വിവാഹപൂർവ പ്രണയബന്ധങ്ങൾ എന്തുകൊണ്ട് നിരോധിക്കപ്പെട്ടു?
ഇതിന്റെ ഉത്തരം അല്ലാഹുവിന്റെ വ്യക്തമായ കല്പനയിലും മനുഷ്യന്റെ ദുർബല സ്വഭാവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിലുമാണ്. ഈ വിഷയത്തിൽ ക്വുർആനും പ്രവാചകവചനങ്ങളും വളരെ വ്യക്തമായ മാർഗനിർദേശങ്ങളാണ് നൽകുന്നത്.
ക്വുർആൻ വ്യഭിചാരത്തെക്കുറിച്ച് ശക്തമായി മുന്നറിയിപ്പ് നൽകുന്നു:’’നിങ്ങൾ വ്യഭിചാരത്തോട് അടുത്തുപോകരുത്. തീർച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു’’ (ക്വുർആൻ 17:32)
ഇവിടെ അല്ലാഹു വ്യഭിചാരത്തെ മാത്രമല്ല നിരോധിക്കുന്നത്, അതിലേക്ക് എത്തുന്ന ചെറിയ സമീപനത്തെ പോലും വിലക്കുന്നു. അതായത് ഇസ്‌ലാം അന്തിമമായ പാപത്തിൽ എത്തുന്നതിന് മുമ്പേ ഇടപെടുന്നു. ഹൃദയത്തെയും മനസ്സിനെയും ശരീരത്തെയും അനധികൃതമായ അടുപ്പത്തിലേക്ക് നയിക്കുന്ന ഏതൊരു കാര്യവും അപകടകരമാണെന്ന് പഠിപ്പിക്കുന്നു. വൈകാരിക അടുപ്പങ്ങളും രഹസ്യ സംഭാഷണങ്ങളും സ്വകാര്യ കൂടിക്കാഴ്ചകളുമെല്ലാം ആ വഴിയിലേക്കുള്ള പടികളായി കണക്കാക്കപ്പെടുന്നു. മനുഷ്യഹൃദയം സൃഷ്ടിച്ച അല്ലാഹുവിന്, ആഗ്രഹങ്ങൾ സാധാരണവൽകരിക്കപ്പെടുമ്പോൾ അതിരുകൾ എത്ര വേഗത്തിൽ മങ്ങിപ്പോകുമെന്ന് നന്നായി അറിയാം.
ധാർമികത നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ദൈനംദിന പെരുമാറ്റങ്ങളെ അഭിസംബോധന ചെയ്യുന്ന വേറെയും വചനങ്ങൾ ക്വുർആനിൽ നമുക്ക് കാണാം. വിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോടും അവരുടെ നോട്ടം താഴ്ത്തി അവരുടെ പവിത്രത സംരക്ഷിക്കാൻ അല്ലാഹു കൽപിക്കുന്നു:
“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു’’(ക്വുർആൻ 24:30).
പലപ്പോഴും വ്യഭിചാരത്തിന്റെ തുടക്കം കണ്ണുകൾകൊണ്ടായിരിക്കും. പിന്നീടാകും ഖേദത്തിനിടയാക്കുന്ന പ്രവൃത്തിയിലേക്ക് എത്തിപ്പെടുന്നത്. അതുപോലെ തന്നെ, ദേഹേച്ഛകളെ പിൻപറ്റി ദുർമാർഗത്തിൽ ജീവിക്കുന്നതിനെതിരെയും ക്വുർആൻ ശക്തമായ മുന്നറിയിപ്പ് നൽകുന്നു:
“എന്നാൽ തന്റെ ആരാധ്യനെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിനു മേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹുവിനു പുറമെ ആരാണ് അവനെ നേർവഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?’’ (ക്വുർആൻ 45:23).
ബന്ധങ്ങളുടെ കാര്യത്തിൽ ഇത് ഏറെ പ്രസക്തമാണ്. വികാരങ്ങൾ മാത്രം പെരുമാറ്റത്തിന് ന്യായീകരണമാകുമ്പോൾ, ധാർമികത വ്യക്തിപരമായ ഇഷ്ടമായി മാറുകയും ഉത്തരവാദിത്തബോധം ഇല്ലാതാകുകയും ചെയ്യുന്നു. ഇസ്‌ലാം ഈ സമീപനത്തെ പൂർണമായും നിരസിക്കുന്നു.

ഈ സന്ദേശം പ്രവാചകൻﷺ പ്രായോഗികമായ മാർഗനിർദേശങ്ങളിലൂടെ കൂടുതൽ ശക്തമാക്കി. അന്യപുരുഷനും സ്ത്രീയും ഒറ്റയ്ക്കായിരിക്കുമ്പോൾ പിശാച് അവരിൽ മൂന്നാമനായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇമാം തിർമിദി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ ഹദീസ്, മനുഷ്യന്റെ ദുർബലതയെ അംഗീകരിച്ചുകൊണ്ടാണ് ഏകാന്തതയിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ ഊന്നിപ്പറയുന്നത്.
മറ്റൊരു ഹദീസ് ഇങ്ങനെയാണ്. നബിﷺ അരുളിച്ചെയ്തതായി അബൂഹുറയ്‌റ(റ) ഇപ്രകാരം ഉദ്ധരിക്കുന്നു: “...കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കൈയിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്. ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാർഥമാക്കിത്തീർക്കുകയോ അല്ലെങ്കിൽ കളവാക്കുകയോ ചെയ്യുന്നു’’ (മുസ്‌ലിം: 2657).
അതായത്, ശാരീരിക ബന്ധത്തിൽ മാത്രമല്ല വ്യഭിചാരം നടക്കുന്നത്. കണ്ണുകൾ നോക്കുന്നതിലൂടെയും കൈകൾ സ്പർശിക്കുന്നതിലൂടെയും ഹൃദ യം ആഗ്രഹിക്കുന്നതിലൂടെയും അത് ചെയ്യുന്നു. സ്വകാര്യ ഭാഗങ്ങൾ പിന്നീടത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ഓൺലൈൻ ബന്ധങ്ങൾ ശാരീരികമല്ലാത്തതിനാൽ അവ നിരുപദ്രവകരമാണെന്ന ആധുനിക വാദത്തെ ഇത് പൊളിച്ചെഴുതുന്നു.
വിവാഹബാഹ്യ ബന്ധങ്ങളുടെ ഗൗരവം ക്വുർആൻ അത്യന്തം വ്യക്തമായി അവതരിപ്പിക്കുന്നു. ഏറെ ഗുരുതരമായ പാപങ്ങളിൽ അതിനെ ഇസ്‌ലാം ഉൾപ്പെടുത്തി. അല്ലാഹുവിൽ പങ്കുചേർക്കുന്നതും അന്യായ കൊലപാതകവും പോലുള്ള മഹാപാപങ്ങളോടൊപ്പം ക്വുർആൻ അതിനെ പരാമർശിക്കുന്നു. ഇഹലോകത്ത് അപമാനവും പരലോകത്ത് കടുത്ത ശിക്ഷയും ക്ഷണിച്ചുവരുത്തുന്ന ഒരു വഞ്ചനയായി അല്ലാഹു ഇതിനെ വിശേഷിപ്പിക്കുന്നു:
“അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാർഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായിക്കൊണ്ട് അവൻ അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും’’(25:68-69).
വ്യഭിചാരം ഇണകളെ മാത്രമല്ല, കുട്ടികളെയും കുടുംബങ്ങളെയും സമൂഹത്തിന്റെ മുഴുവൻ ധാർമിക ഘടനയെയും തന്നെ ഗുരുതരമായി ബാധിക്കുന്നു. ലജ്ജയുടെ അഭാവം ധാർമികാധഃപതനത്തിന്റെ അടയാളമാണെന്ന് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. അശ്ലീലത സമൂഹത്തിൽ വ്യാപകമാകുകയും പരസ്യമായി ചെയ്യുകയും ചെയ്താൽ അത് സമൂഹത്തെ മുഴുവനായി ബാധിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് നബിﷺ മുന്നറിയിപ്പ് നൽകി. ഇത് ദൈവിക ശിക്ഷയായും ധാർമിക ക്രമം തകരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന അനിവാര്യമായ ഫലമായും പഠിപ്പിക്കപ്പെടുന്നു.
ഇസ്‌ലാം എന്തിനാണ് ഇത്ര ശക്തമായി സംസാരിക്കുന്നത്?
നിഷിദ്ധമായ ബന്ധങ്ങളെ ആത്മീയവും സാമൂഹികവുമായ ഗുരുതര ഭീഷണിയായി ഇസ്‌ലാം കണക്കാക്കുന്നുവെന്ന് ഇതിനകം നാം മനസ്സിലാക്കി. കാരണം അവ വിശ്വാസത്തെയും അന്തസ്സിനെയും ഉത്തരവാദിത്തത്തെയും ദുർബലപ്പെടുത്തുന്നു. ഉത്തരവാദിത്തമില്ലാതെ അടുപ്പവും പ്രതിബദ്ധതയില്ലാതെ ആനന്ദവും തേടാൻ അവ ഹൃദയത്തെ പരിശീലിപ്പിക്കുന്നു. കാലക്രമേണ സ്ഥിരതയുള്ള വിവാഹബന്ധങ്ങൾ രൂപപ്പെടുത്താനും നൽകിയ വാഗ്ദാനങ്ങൾ നിലനിർത്താനുമുള്ള ശേഷി ഇതിലൂടെ തകരാറിലാകുന്നു.
അതിനാൽ ഇസ്‌ലാമിന്റെ ഉറച്ച നിലപാട് അമിതമല്ല. വഞ്ചനയെ നിസ്സാരവൽകരിക്കുന്ന ഒരു സമൂഹത്തിന് കുടുംബങ്ങളെ നിലനിർത്താൻ കഴിയില്ല. അച്ചടക്കമില്ലാതെ ദേഹേച്ഛകൾ ആഘോഷിക്കുന്ന ഒരു സംസ്‌കാരം ഒടുവിൽ ഏകാന്തത, തകർന്ന വീടകങ്ങൾ, വിഷാദരോഗം എന്നിവയിൽ അവസാനിക്കുന്നു. ഇസ്‌ലാം തിന്മകളുടെ വാതിലുകൾ നേരത്തെ തന്നെ അടയ്ക്കുന്നതിലൂടെ ധാർമികത, കുടുംബഭദ്രത, വിശ്വാസം, ലജ്ജ എന്നിവയെ സംരക്ഷിക്കുന്നു.
വിവാഹത്തിനു മുമ്പുള്ള ബന്ധങ്ങൾ സ്വകാര്യ ആശയവിനിമയം, വൈകാരിക ആശ്രയത്വം എന്നിവ സാധാരണമാക്കുന്നു. അത്തരം ബന്ധങ്ങൾ ഉത്തരവാദിത്തമില്ലാത്ത അടുപ്പം സൃഷ്ടിക്കുന്നു. നിയമപരമായ സംരക്ഷണമില്ല, പ്രതിബദ്ധതയില്ല, സാമൂഹിക ഉത്തരവാദിത്തവുമില്ല. ഇത് ഉയർന്ന അപകടസാധ്യതയുള്ള ഒരു സാഹചര്യം സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള അധഃപതനത്തിലേക്ക് പോകുന്നതിനെ ഇസ്‌ലാം തടയിടുന്നു. മനുഷ്യഹൃദയം ദുർബലണ്, നിയമസംഹിതകളില്ലാതെ സ്വയം നിയന്ത്രിക്കുവാൻ മനുഷ്യന് സാധ്യമല്ല.
വഴിവിട്ട ബന്ധങ്ങൾക്ക് പേരിടുന്നതിൽ ആധുനിക തലമുറ ശ്രദ്ധേയമായ ‘സർഗാത്മകത’ പുലർത്തുന്നതായി നമുക്ക് കാണാം. ഒരുകാലത്ത് ബോയ്ഫ്രന്റ് അല്ലെങ്കിൽ ഗേൾഫ്രന്റ് എന്നൊക്കെ വ്യക്തമായി വിളിച്ചിരുന്ന ബന്ധങ്ങൾ, ഇന്ന് ബെസ്റ്റി, സിറ്റുവേഷൻഷിപ്പ്, ഒരു വൈബ് എന്നിങ്ങനെ വ്യത്യസ്ത ലേബലുകളിലൂടെ സങ്കീർണമാക്കപ്പെടുന്നു. ഈ പദങ്ങൾ നിഷ്‌കളങ്കമായതല്ല. ബന്ധങ്ങളുടെ പേര് മാറ്റുന്നതിലൂടെ, ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയുന്നു. വ്യക്തമായി നിർവചിക്കപ്പെടാത്തതിനാൽ തങ്ങളുടെ പെരുമാറ്റം നിരുപദ്രവകരമാണെന്ന് വരുത്തിത്തീർക്കാനും സ്വയം വിശ്വസിക്കാനും ശ്രമിക്കുന്നു.
ഇസ്‌ലാം പ്രവണതകളുടെയോ പദാവലികളുടെയോ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളെ വിലയിരുത്തുന്നില്ല. അത് യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിൽ അവയെ വിലയിരുത്തുന്നു. വിവാഹത്തിന് പുറത്തുള്ള സ്വകാര്യ വൈകാരിക അടുപ്പം, അടുപ്പമുള്ള സംഭാഷണം, സ്പർശനം എന്നിവ അനുവദനീയമല്ല. സാധാരണവൽകരണം ഹറാമിനെ ഹലാലാക്കി മാറ്റുന്നില്ല. എന്തു പേരിട്ട് എങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങിയാലും ഇസ്‌ലാമിക അതിരുകൾ ലംഘിക്കുന്ന ബന്ധം പാടില്ലാത്തതുതന്നെ.
വിവാഹേതര ബന്ധങ്ങളും വിശ്വാസത്തിന്റെ നാശവും
വിവാഹത്തിനു മുമ്പുള്ള ബന്ധങ്ങൾ കുടുംബത്തിലേക്കുള്ള പാതയെ അസ്ഥിരപ്പെടുത്തുന്നുവെങ്കിൽ, വിവാഹേതര ബന്ധങ്ങൾ കുടുംബങ്ങളെ പൂർണമായും നശിപ്പിക്കുന്നു. ഇസ്‌ലാം വ്യഭിചാരത്തെ ഒരു വലിയ പാപമായി കണക്കാക്കുന്നു, കാരണം ഇസ്‌ലാമിൽ വിവാഹം വെറുമൊരു സ്വകാര്യ ക്രമീകരണമല്ല; അത് സാമൂഹിക പ്രത്യാഘാതങ്ങളുള്ള ഒരു പൊതു ഉടമ്പടിയാണ്.
വിവാഹേതര ബന്ധങ്ങൾ വിശ്വാസത്തെ തകർക്കുന്നു, ഇണകളെ വേദനിപ്പിക്കുന്നു, വംശപരമ്പരയെ ആശയക്കുഴപ്പത്തിലാക്കുന്നു, കുട്ടികളെ ദ്രോഹിക്കുന്നു. ആധുനിക സംസ്‌കാരം ഇത്തരത്തിലുള്ള നിഷിദ്ധമായ ബന്ധങ്ങളെ ‘സ്വയം കണ്ടെത്തൽ’ (self discovery) അല്ലെങ്കിൽ ‘വൈകാരിക സത്യസന്ധത’ (emotional honesty) എന്നൊക്കെ പേരിട്ട് മഹത്ത്വവൽകരിക്കുന്നു. എന്നാൽ ഇസ്‌ലാം അവയെ വ്യക്തിഗത സ്വഭാവത്തെയും സാമൂഹിക സ്ഥിരതയെയും നശിപ്പിക്കുന്ന വഞ്ചനകളായി തുറന്നുകാട്ടുന്നു.
വിശ്വസ്തത ഐച്ഛികവും പ്രതിജ്ഞകൾ ഉപയോഗശൂന്യവുമാകുമ്പോൾ ഒരു സമൂഹത്തിന് ആരോഗ്യകരമായി തുടരാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ കർശനമായ നിലപാട് കാഠിന്യമല്ല; അത് ധാർമിക വ്യക്തതയാണ്.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളുടെ സാധാരണവൽകരണത്തിലേക്ക് പാശ്ചാത്യ സമൂഹം യാദൃച്ഛികമായി എത്തിയതല്ല. 20ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിവാഹം, പ്രതിബദ്ധത, കുടുംബം എന്നിവയിൽനിന്ന് ലൈംഗികതയെ മനഃപൂർവം വേർപെടുത്തിയ ലൈംഗിക വിപ്ലവത്തിന്റെ (sexual revolution) ഫലമായിരുന്നു അത്. ലൈംഗികതയെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ അടയാളമായി പുനർനിർമിച്ചു.
ഇത് വിമോചനമായി അവതരിപ്പിക്കപ്പെട്ടെങ്കിലും, അതിന്റെ ദീർഘകാല സാമൂഹിക ഫലങ്ങൾ ഏറെ ദുരന്തമയമാണെന്ന് വ്യക്തമായിരിക്കുന്നു. അത് പരമ്പരാഗത കുടുംബഘടനയുടെ തകർച്ചയിലേക്കും ഒറ്റ രക്ഷിതാവുള്ള കുടുംബങ്ങളുടെ വർധനവിലേക്കും കുട്ടികളിലെ വൈകാരിക അസ്ഥിരതയിലേക്കും സമൂഹമാകെ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥയിലേക്കും നയിച്ചു. ഇതോടൊപ്പം ലൈംഗികമായി പകരുന്ന രോഗങ്ങളും ഗർഭച്ഛിദ്രങ്ങളും കുത്തനെ വർധിച്ചു.
1994ൽ ഡേവിഡ് ബ്ലാങ്കെൻഹോൺ രചിച്ച ‘ഫാദർലസ് അമേരിക്ക’ എന്ന പുസ്തകം ഈ പ്രതിസന്ധിയുടെ ഗൗരവം ശക്തമായി ചൂണ്ടിക്കാണിക്കുന്നു. അത് വെറും സാമൂഹിക വിവരണം മാത്രമായിരുന്നില്ല. സാമൂഹികാരോഗ്യത്തിന്റെ അടിത്തറയായി സ്ഥിരതയുള്ളതും പ്രതിബദ്ധതയുള്ളതുമായ രണ്ട് രക്ഷിതാക്കൾ ഉൾപ്പെട്ട കുടുംബഘടനയിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരു ശക്തമായ ധാർമിക മുന്നറിയിപ്പായിരുന്നു അത്.
ഈ പശ്ചാത്തലത്തിൽ, ലൈംഗികബന്ധങ്ങളെ വിവാഹത്തിന്റെ പരിധിക്കുള്ളിൽ മാത്രം നിലനിർത്തണമെന്ന ഇസ്‌ലാമിന്റെ നിലപാട് ഏറെ പ്രസക്തമാണ്. കുട്ടികളെ സംരക്ഷിക്കുകയും ഉത്തരവാദിത്തബോധം നിലനിർത്തുകയും ലൈംഗിക വിപ്ലവം തുറന്നുകാട്ടിയ ദോഷങ്ങളിൽനിന്ന് സമൂഹത്തെ കാക്കുകയും ചെയ്യുന്ന ഒരു പ്രതിരോധ ചട്ടക്കൂടായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്.
സ്‌നേഹം, ആഗ്രഹം, അച്ചടക്കം
പ്രണയത്തിനും ആഗ്രഹത്തിനും (desire) ഇടയിൽ ഇസ്‌ലാം കൃത്യമായ വേർതിരിവ് കാണുന്നു. ആഗ്രഹം ഉടനടിയും ഉപഭോഗവും തേടുന്നു. സ്‌നേഹം തുടർച്ചയും വളർച്ചയും തേടുന്നു. ആധുനിക സംസ്‌കാരത്തിൽ പ്രണയമായി വിപണനം ചെയ്യപ്പെടുന്ന പലതും കാവ്യാത്മക ഭാഷയിൽ ആഗ്രഹത്തോട് അടുത്താണ്. ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ ദേഹേച്ഛയെ പിൻപറ്റലാണ്.
വിവാഹം സംരക്ഷണമാണ്
വിവാഹം സംരക്ഷണവും സുരക്ഷിതത്വവും നൽകുന്നു, വൈകാരിക ക്ഷേമം സംരക്ഷിക്കുന്നു, അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുന്നു, സ്‌നേഹത്തിന് സ്ഥിരതയുള്ള ഒരു ഭവനം നൽകുന്നു. ഇത് വ്യക്തികൾ ദുരുപയോഗിക്കപ്പെടുന്നതിൽനിന്നും ഉപേക്ഷിക്കുപ്പെടുന്നതിൽനിന്നും സംരക്ഷണം നൽകുന്നു. കുട്ടികളെ അസ്ഥിരതയിൽനിന്നും സമൂഹത്തെ ധാർമികാധഃപതനത്തിൽനിന്നും സംരക്ഷിക്കുന്നു.
ഇസ്‌ലാം വിവാഹമാകുന്ന കരാറിനു മുമ്പ് വധൂവരൻമാർ തമ്മിൽ കാണുവാനും കുടുംബങ്ങൾ തമ്മിൽ പരിചയപ്പെടാനും കാര്യങ്ങൾ പരസ്പരം അന്വേഷിച്ചറഞ്ഞതിനു ശേഷം മാത്രം വിവാഹവുമായി മുന്നോട്ട് പോകുവാനും പ്രോത്സാഹിപ്പിക്കുന്നു.
വാലന്റൈൻസ് ദിനം വാണിജ്യവൽക്കകരിക്കപ്പെട്ടതും ദീർഘകാല ഉത്തരവാദിത്തത്തിൽനിന്ന് വിച്ഛേദിക്കപ്പെട്ടതുമായ പ്രണയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇസ്‌ലാം ഉത്തരവാദിത്തമുള്ളതും ശാന്തവും ആഴമേറിയതുമായ പ്രണയത്തിലേക്കുള്ള കവാടമായി വിവാഹത്തെ കാണുന്നു. ക്ഷമ, കരുണ, വിശ്വസ്തത എന്നിവയിലൂടെ വളരുന്ന ആഴമേറിയ സ്‌നേഹം. അതിന്റെ അടിത്തറയാകട്ടെ ശക്തമായ ദൈവവിശ്വാസമാണ്.
ഭൗതികവാദികളുടെ പ്രണയം രഹസ്യ ബന്ധങ്ങളിലും പ്രതീകാത്മകമായ ചില തീയതികളിലും ഒതുങ്ങുമ്പോൾ നിയമപ്രകാരമുള്ള വിവാഹത്തിലൂടെ മരണംവരെയുള്ള പ്രണയമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അത് ആഴത്തിലുള്ള ആത്മബന്ധമാണ്.
പ്രണയത്തെ ഉച്ചത്തിൽ ആഘോഷിക്കുകയും എന്നാൽ എളുപ്പത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ യഥാർഥ പ്രണയം സംരക്ഷണത്തിലും പവിത്രതയിലും അധിഷ്ഠിതമാണെന്ന് ഇസ്‌ലാം ഓർമിപ്പിക്കുന്നു.
വിവാഹം സ്ത്രീയും പുരുഷനും തമ്മിൽ കുറ്റമറ്റതും അനുവദനീയവുമായ ബന്ധം സ്ഥാപിക്കാനുള്ള ശരിയായ മാർഗമാണ്. ഇത് പാതിവ്രത്യം നിലനിർത്താനും വ്യഭിചാരത്തിന്റെയും ബന്ധപ്പെട്ട മറ്റു തിന്മകളുടെയും ചളിക്കുണ്ടിലേക്ക് വഴുതിവീഴുന്നതിൽനിന്നും വ്യക്തികളെ സംരക്ഷിക്കാനും സഹായിക്കുന്നു. അങ്ങനെ, സമൂഹങ്ങളുടെ സർവനാശത്തിന് പ്രധാന കാരണമായിത്തീരുന്ന സദാചാരഭ്രംശത്തിന്റെയും അധോഗതിയുടെയും വാതിലുകൾ വിവാഹത്തിലൂടെ വഴികൊട്ടിയടക്കപ്പെടുന്നു.

