കുളിപ്പിച്ചാൽ വെളുക്കുമോ സൂഫിസത്തിന്റെ കറുപ്പ്?

മൂസ സ്വലാഹി കാര

2026 ജനുവരി 10, 1447 റജബ് 21

പ്രമാണങ്ങളെ പരിഹസിച്ചും ഭൗതികതയെ പ്രണയിച്ചും ആചാരാനുഷ്ഠാനങ്ങളില്‍ പുതുവഴി സ്വീകരിച്ചും വ്യത്യസ്തമായ ആശയധാര പിന്തുടരുന്ന വികല ദര്‍ശനമാണ് സൂഫിസം. ഹല്ലാജും ഇബ്‌നു അറബിയും ചിട്ടപ്പെടുത്തിയ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് പ്രാസ്ഥാനിക അടിത്തറ നല്‍കിയവരില്‍ കേരളത്തിലെ സമസ്തയുമുണ്ട് എന്നത് വിസ്മരിച്ചുകൂടാ..!

മതത്തിന്റെ ആദർശം മാറ്റിമറിച്ചും പ്രമാണങ്ങളിലില്ലാത്ത ആചാരങ്ങൾ കെട്ടിപ്പടുത്തും കുമിഞ്ഞു കൂടി വന്ന ഇരുളടഞ്ഞൊരു ആശയ സംഹിതയാണ് സൂഫിസം. ശരീഅത്ത്, ത്വരീക്വത്ത്, ഹക്വീക്വത്ത്, മഅ്‌രിഫത്ത് തുടങ്ങിയ സാങ്കേതികപദങ്ങൾ കോർത്തിണക്കി ഇസ്‌ലാമിന് തികച്ചും അന്യമായ, പുതിയൊരു തൗഹീദുമായി മുന്നോട്ടു പോകുന്ന സൂഫിസം ഭ്രാന്തൻ കഥകളുടെ കലവറ കൂടിയാണ്.

നബിﷺയുടെയോ ഉത്തമ തലമുറയിൽ പെട്ടവരുടെയോ കാലത്ത് ഇത്തരമൊരു ചിന്താഗതിക്ക് മുളപൊട്ടിയതായോ, അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരിൽ ആരെങ്കിലും ഇതിനെ അംഗീകരിച്ചതായോ യാതൊരു തെളിവുമില്ല. പൂർണമായും ശിയായിസത്തിന്റെ മാതൃത്വത്തിൽ വളർന്ന സൂഫികൾ വിശ്വാസികളുടെ ഗുണമായി പഠിപ്പിച്ച ഭൗതിക വിരക്തിയുടെയും ദരിദ്രരായി നബിﷺയുടെ പള്ളിയിൽ കഴിഞ്ഞിരുന്ന സ്വഹാബികളുടെയും പേരിലാണ് ലോകത്ത് പേരെടുക്കാൻ ശ്രമിച്ചത്.

നബിﷺയെയും അനുചരന്മാരെയും കൂട്ടുപിടിച്ചല്ലാതെ ഏത് വ്യതിയാന വിഭാഗത്തിനും അവരുടെ നിർമിത ആശയങ്ങളിലേക്ക് സമൂഹത്തെ വല വീശിപ്പിടിക്കാൻ കഴിയില്ല. ആദ്യ നൂറ്റാണ്ടിൽനിന്നുള്ള വിശ്വാസങ്ങളാണ് ഞങ്ങളുടേതെന്ന് ഓരോന്നിന്റെയും വക്താക്കൾ പ്രഖ്യാപിക്കും. സൂഫികളും അതിൽനിന്ന് വിഭിന്നരല്ല. സൂഫിസത്തിൽ സായൂജ്യമടയുന്ന സമസ്തയുടെ മുസ്‌ലിയാക്കന്മാർ എഴുതി പ്രചരിപ്പിച്ചത് കാണുക:

“തസവ്വുഫിന്റെ ആവിർഭാവം പ്രവാചകരിൽ നിന്നു തന്നെ ആയതിനാൽ സർവ സൽസ്വഭാവങ്ങളും പ്രവാചകരിൽ സമ്മേളിച്ചിരുന്നു’’ (വസന്തം തസവ്വുഫ് പതിപ്പ്, പേജ് 17).

“പക്ഷേ, സ്വഹാബികൾ സൂഫികളായി അറിയപ്പെടാതിരിക്കാൻ കാരണം സ്വഹാബി എന്ന മഹത്ത്വ സ്ഥാനത്തെക്കാൾ വലുതല്ല സൂഫി എന്നതുകൊണ്ടാണ്’’ (വസന്തം തസവ്വുഫ് പതിപ്പ്, പേജ് 17).

ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമയാണെന്ന് വിശേഷിപ്പിക്കപ്പെട്ട നബിﷺയുടെ ജീവിതത്തെയും അതിൽ അണുഅളവ് അയവ് വരുത്താതെ പിൻപറ്റിയ സ്വഹാബത്തിന്റെ നിലപാടുകളെയുമാണ് തലതിരിഞ്ഞ സൂഫിസത്തിന്റെ ആലയിൽ കെട്ടാൻ ഇവർ ശ്രമിക്കുന്നത്. വ്യാജ ഔലിയാക്കന്മാരെ സൂഫികൾ കയറ്റിയിരുത്തിയ സ്ഥാനങ്ങളിൽ ഇവരാരെങ്കിലും ഉണ്ടായിരുന്നോ? ഞാൻ അല്ലാഹുവാണെന്നോ അല്ലെങ്കിൽ അവനിലേക്ക് ലയിച്ചവനാണെന്നോ നബിﷺ തന്റെ പ്രത്യേകതയായി പറഞ്ഞിട്ടുണ്ടോ? ഞങ്ങൾ ലോകം നിയന്ത്രിക്കുന്ന അഖ്താബുകൾ ആണെന്നും എപ്പോൾ എവിടെയും ഹാജറാകാൻ ഞങ്ങൾക്ക് സാധിക്കുമെന്നും സ്വഹാബിമാർ ആരെങ്കിലും വ്യംഗ്യമായെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ?

സൂഫിസമെന്ന ‘കറുപ്പ്’; ദർശനവും വസ്തുതയും

പ്രമുഖ സൂഫീ നേതാക്കന്മാരായ ഹല്ലാജും ഇബ്‌നു അറബിയും നെയ്തുണ്ടാക്കിയ ‘അവതാരവാദം’ അടിസ്ഥാനമാക്കി പുരോഹിതന്മാർ സൂഫിസത്തെ പരിചയപ്പെടുത്തുന്നത് കാണുക: “മരണത്തോടെ ആത്മാവ് എന്ന മണവാട്ടി അല്ലാഹു എന്ന മണവാളനുമായി സന്ധിക്കുന്നുവെന്നാണ് സൂഫിദർശനം’’ (രിസാല, 2004 ഫെബ്രുവരി 27, പേജ് 18).

സൂഫിസം യാഥാർഥ്യമാകുന്നത് എങ്ങനെയാണെന്നും അവർ എഴുതുന്നു: ‘‘യഥാർഥ ആത്മീയ സൂഫിവര്യന്മാർ ബാഹ്യമായ വസ്ത്രധാരണത്തിലോ രൂപത്തിലോ നമ്മൾ കാണുന്നത്ര ശ്രദ്ധ പുലർത്തണമെന്നില്ല. കാരണം, അവർക്ക് അതൊന്നുമല്ല ശ്രദ്ധ. അവർക്ക് റബ്ബുമായുള്ള നേർക്കാഴ്ചയും ആത്മീയബന്ധവും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലാണ് ശ്രദ്ധയും ലക്ഷ്യവുമെല്ലാം. ശരീഅത്ത് നിയമങ്ങളെ പൂർണമായി ഉൾക്കൊണ്ടുകൊണ്ട്, അതിലൂടെ ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവവുമായി പൂർണമായി ലയിക്കുന്നതാണ് യഥാർഥ സൂഫിസം’’ (രിസാല വാരിക, 2025 ജൂലൈ 30, പേജ് 23).

വിശ്വാസത്തിൽ മണ്ണ് വാരിയിട്ട് അടിമയെ ഉടമയിലേക്ക് സംയോജിപ്പിക്കുന്ന ഈ പുരോഹിത സിദ്ധാന്തം അല്ലാഹുവിന്റെ മഹത്ത്വത്തിനും പരിശുദ്ധിക്കും നിരക്കാത്തതും അഹ്‌ലുസ്സുന്ന വൽ ജമാഅയുടെ നിലപാടിന് അന്യമായതുമാണ്. അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോടു കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ’’ (ക്വുർആൻ 12:108).

അല്ലാഹുവിനെ സ്‌നേഹിക്കുക എന്നതിനെ ‘അനുരാഗം,’ ‘പ്രേമം’ എന്നൊക്കെയാക്കി സൂഫികൾ അവതരിപ്പിച്ചതിനും മുസ്‌ലിയാക്കന്മാർ ഹാരമണിയിച്ച് കൊടുത്തിട്ടുണ്ട്. അവർ എഴുതിയത് നോക്കൂ: “ഇലാഹിനോടുള്ള പ്രേമവും അനുരാഗവും ഐഹികതയെ വിസ്മരിപ്പിക്കുകയും ഭൗതികതയും ഈ ലോകവും വ്യർഥ രൂപങ്ങളായി അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കാണുന്നതെല്ലാം പ്രേമഭാജനമായ ദൈവമായി അവർക്ക് മുന്നിൽ പരിണമിക്കുന്നു. യഥാർത്ഥത്തിൽ അവർ ദർശിക്കുന്നതെല്ലാം അവരുടെ ദൈവത്തെയാണ്. ഈ പ്രപഞ്ച രഹസ്യങ്ങളെ അറിയും തോറും അവർ ഇലാഹിലേക്ക് അടുക്കുകയാണ്’’ (അൽമുനീർ, സൂഫിസം, പേജ് 37).

‘ഞാൻ എന്റെ ഉമ്മയെ പ്രേമിക്കുന്നു’ എന്നോ ‘പ്രണയിക്കുന്നു’ എന്നോ ‘എന്റെ ഉമ്മയോട് എനിക്ക് അനുരാഗമുണ്ടെ’ന്നോ ആരെങ്കിലും പറയുമോ? അങ്ങനെ പറയുന്നവനെ ഏതു ഗണത്തിലാണ് സമൂഹം പെടുത്തുക? എങ്കിൽ സ്രഷ്ടാവായ അല്ലാഹുവുമായി ബന്ധപ്പെടുത്തി അങ്ങനെ പറയാമോ?

‘കാണുന്നതെല്ലാം പ്രേമഭാജനമായ ദൈവമാണെന്ന്’ നബി ﷺയോ അനുചരന്മാരോ കരുതിയിരുന്നോ? ഒരു ആനയെയോ പോത്തിനോയോ കണ്ടാൽ പ്രേമഭാജനമായ ദൈവമാണെന്ന് സൂഫികളും സമസ്തക്കാരും കരുതിയേക്കാം എന്നല്ലേ ഇതിൽനിന്നും മനസ്സിലാകുന്നത്? ഏതായാലും തൗഹീദനുസരിച്ച് ജീവിക്കുന്ന യഥാർഥ മുസ്‌ലിംകൾ ഈ തലതിരിഞ്ഞ ചിന്തയുമായി നടക്കുന്നവരല്ല. അല്ലാഹുവിലേക്ക് അടുക്കേണ്ടത് ഇങ്ങനെയാണെന്നുള്ള ഒരു നിർദേശവും പ്രമാണങ്ങളിൽ എവിടെയുമില്ല. അല്ലാഹുവിന്റെ ഇഷ്ടം സൽകർമ നൈരന്തര്യത്തിലൂടെയാണ് വിശ്വാസിക്ക് നേടാൻ കഴിയുക. അല്ലാഹു പറയുന്നു:

“ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതനുസരിച്ചുള്ള പദവികളുണ്ട്. അവർക്ക് അവരുടെ കർമങ്ങൾക്ക് ഫലം പൂർത്തിയാക്കികൊടുക്കാനുമാണത്. അവരോട് അനീതി കാണിക്കപ്പെടുകയില്ല’’ (46:19).

വിശ്വാസത്തിന്റെ വിശുദ്ധിയെ മലീമസമാക്കിയും അതിരുവിട്ട വാദങ്ങളിൽ അഭിരമിച്ചും അവന്റെ ഇഷ്ടം കൊതിക്കുന്നവർ വാസ്തവത്തിൽ അതർഹിക്കുന്നില്ല. ക്വുർആൻ പറയുന്നു: “ശുദ്ധികൈവരിക്കു ന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’’ (9:108).

കള്ള നാണയങ്ങൾക്കിടയിൽ നല്ല നാണയമോ?

സൂഫിസത്തോട് കൂടുതൽ ആകർഷണീയത ഉളവാക്കാനോ അതല്ല, സമസ്ത ആദർശത്തിൽ ഊട്ടപ്പെട്ട, സൂഫിസത്തിൽ മുങ്ങി പിടുത്തം വിട്ട പലരെയും ഭീഷണിപ്പെടുത്താനോ എന്നറിയില്ല; ചില മുസ്‌ലിയാക്കന്മാർ രംഗത്തിറങ്ങിയിട്ടുണ്ട്. സൂഫിസത്തെ കൂടുതൽ വിരിയിച്ചെടുക്കുക, അതിന്റെ കറുപ്പിനെ വെളുപ്പിച്ചെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് തോന്നുന്നു. അവരുടെ പ്രസിദ്ധീകരണങ്ങളായ ‘സുപ്രഭാത’ത്തിലും ‘സുന്നിവോയ്‌സി’ലും ചില ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘സൂഫിയിലെ വ്യാജനും രാജനും,’ ‘നാട്യക്കാരും തെറ്റിദ്ധരിച്ചവരും പഠിക്കേണ്ടതാണ് തസ്വവ്വുഫ്,’ ‘സൂഫീ ബോർഡും തസ്വവ്വുഫും തമ്മിലെ ന്ത്?’എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വന്ന ലേഖനങ്ങൾ കാണുമ്പോൾ ‘കള്ള നാണയങ്ങൾക്കിടയിൽ നല്ല നാണയം തിരയുന്നതിൽ എന്ത് ഔചിത്യമാണുള്ളത്’എന്ന് ചോദിക്കാനാണ് തോന്നുന്നത്. സൂഫിസമെന്ന വിഴുപ്പുഭാണ്ഡത്തെ മതത്തിന്റെ മേൽ കെട്ടിവച്ച് വലിക്കാനാണ് മുസ്‌ലിയാക്കന്മാർ ശ്രമിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവ് കൂടിയാണിത്.

വീണ്ടും വായിക്കാം: “നുബുവ്വത്തിന്റെ വിളക്കുമാടത്തിൽനിന്ന് പകർന്നുകിട്ടിയ വെട്ടം പരമാവധി മാറ്റുകുറയാതെ തലമുറകളിലേക്ക് പടർത്താൻ ആത്മജ്ഞാനികളായ അല്ലാഹുവിന്റെ ഔലിയാക്കൾ കാലാന്തരങ്ങളിൽ ആവിഷ്‌കരിച്ചതാണ് തസ്വവ്വുഫും സ്വൂഫീസരണികളും. തിരുനബിﷺയും സ്വഹാബത്തും ജീവിച്ചു കാണിച്ച, സ്രഷ്ടാവിനോടുള്ള അഗാധമായ അനുരാഗത്തോടൊപ്പം സൃഷ്ടികളിലേക്ക് വ്യാപിക്കുന്ന കാരുണ്യത്തിന്റെ ദർശനമാണ് അവർ മുന്നോട്ടുവെച്ചത്’’ (സുന്നിവോയ്‌സ്, 2025 ഡിസംബർ 1-15, പേജ് 14).

ഏതു നുബുവ്വത്തിന്റെ വിളക്കുമാടത്തിൽ നിന്നാണ് സൃഷ്ടികൾ അല്ലാഹുവിൽ ലയിച്ചു ചേരുമെന്ന ‘ലയന സിദ്ധാന്തം’ കിട്ടിയതാവോ? നബിﷺക്കും സ്വഹാബത്തിനും ഉത്തമ തലമുറയിൽ പെട്ട മറ്റുള്ളവർക്കും മനസ്സിലാകാത്ത കാര്യം വ്യാജ വലിയ്യുകൾക്ക് കിട്ടി എന്നു വിശ്വസിക്കാൻ പ്രമാ ണങ്ങൾക്കൊപ്പം നിൽക്കുന്നവർക്കാവില്ല. ഉത്തമ തലമുറയിൽനിന്ന് സൂഫീസരണിയെ കണ്ടവരും അതിൽ ഇടം പിടിച്ചവരും ആരൊക്കെയായിരിക്കും?

അല്ലാഹുവിന്റെ പ്രകാശം സൂഫികളിൽ അവതരിക്കുമെന്നും അതിനുള്ള പരിശീലനം നടത്തുന്നതിലൂടെ അവർക്കത് സാധിച്ച് കിട്ടുമെന്ന അവരുടെ വഴിപിഴച്ച വാദത്തിന് പുരോഹിതന്മാർ കൈയൊപ്പ് ചാർത്തുന്നത് കാണുക: “അല്ലാഹുവിന്റെ സവിധത്തിലേക്കുള്ള സഞ്ചാരമാരംഭിച്ചവന് സാലിക്, മുറാദ്, ഫഖീർ എന്നൊക്കെയുള്ള സാങ്കേതിക പ്രയോഗങ്ങൾ കാണാം. യാത്രക്കൊടുവിൽ ലക്ഷ്യം പുൽകിയവനാണ് സൂഫി. അവൻ ഇരുലോകത്തും അല്ലാഹുവിനെയല്ലാതെ കാണുന്നില്ല. അതിലുള്ളതിലെയെല്ലാം കീഴ്‌പ്പെടുത്തിയിരിക്കുന്നു. അവൻ അല്ലാഹുവിനല്ലാതെ മറ്റൊന്നിനും കീഴ്‌പ്പെട്ടിട്ടുമില്ല’’ (സുപ്രഭാതം, 2025 നവംബർ 28, വെള്ളി, പേജ് 6).

ത്വരീഖത്തുകൾക്ക് അടിമപ്പെട്ട് ജീവിക്കുന്നവർക്ക് അല്ലാഹുവിന്റെ ഏകത്വത്തെ വെല്ലുവിളിക്കലും അതിനെ കളങ്കപ്പെടുത്തലുമൊന്നും അത്ര ഗൗരവനുള്ള കാര്യമായി തോന്നണമെന്നില്ല. അല്ലാഹു പറയുന്നു: “എന്നാൽ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്, സിംഹാസനത്തിന്റെ നാഥൻ അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് എത്രയോ പരിശുദ്ധനത്രെ’’ (43:82).

സൂഫികളുടെ സിദ്ധാന്തം അതേപടി സമസ്തയുടെ മുസ്‌ലിയാക്കന്മാരും ജനങ്ങളെ പഠിപ്പിക്കുന്നു: “അതുകൊണ്ട് തന്നെ ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിവ പരസ്പര വിരുദ്ധങ്ങളായ വഴികളല്ല. ശരീഅത്തിലൂടെ ബാഹ്യം ശുദ്ധീകരിച്ച് വേണം ത്വരീഖത്തിലെത്താൻ. ശരീഅത്തിലൂടെയും ത്വരീഖത്തിലൂടെയുമാണ് ഹഖീഖത്ത് കരഗതമാവുക’’ (സുന്നിവോയ്‌സ്, 2025 ഡിസംബർ 1-15, പേജ് 17).

നേർമാർഗമായി അല്ലാഹു പൂർത്തിയാക്കിത്തന്ന ‘സ്വിറാത്തി’ന്റെയും ‘ശരീഅത്തി’ന്റെയും അകമോ പുറമോ അല്ലയിത്. മറിച്ച് അതിൽനിന്നെല്ലാം പാടെ അകറ്റിക്കളയുന്ന വഴിതെറ്റിയ ആശയങ്ങളാണ്.

കാവി സൂഫികളെ കശക്കാൻ സമസ്തക്ക് കഴിയുമോ?

സമസ്ത സ്വീകരിച്ച് പോരുന്ന തസ്വവ്വുഫിന്റെ അടിസ്ഥാന വിശ്വാസം ഏതാണോ അതുതന്നെയാണ് കാവിവത്ക്കരിക്കപ്പെട്ട സൂഫി ബോർഡിന്റെ വക്താക്കളും അവരുടെതായി വാദിക്കുന്നത്. ഒരേ ആശയം വ്യത്യസ്ത ആകൃതിയിലുള്ള പാത്രങ്ങളിൽ പാകം ചെയ്ത് വിതരണം ചെയ്യുന്നു എന്ന് മാത്രം. സൂഫിസത്തിന്റെ യഥാർഥ കോലം മറനീക്കി അവർ തുറന്നുകാണിച്ചത് നിനച്ചിരിക്കാതെ മുസ്‌ലിയാക്കന്മാർക്ക് കിട്ടിയൊരു അടിയായിരുന്നു. സമസ്തക്കാർ കൈവശപ്പെടുത്തിവച്ചിരിക്കുന്ന സൂഫിസം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സൂഫിസമാണല്ലോ! പിന്നെ എങ്ങനെയാണ് സൂഫീ ബോർഡ് മാത്രം കൊള്ളരുതാത്തതാകുന്നത്?

മുസ്‌ലിയാർ എഴുതുന്നു: “സൂഫികളുടെ വഴിയിൽ നിന്ന് ബഹുദൂരം അകന്ന് സൂഫീ ബോർഡുകളുണ്ടാക്കി മതനിരാസത്തെ പ്രമോട്ട് ചെയ്യുന്ന വികല സംഘങ്ങളെ കരുതിയിരിക്കണം’’ (സുന്നിവോയ്‌സ്, 2025 ഡിസംബർ 16-31, പേജ് 30).

കാവി സൂഫികൾ പ്രഖ്യാപിച്ചു എന്ന് പറഞ്ഞ് ഉയർത്തിക്കാണിക്കുന്ന അതേ ആശയം സമസ്ത പലവട്ടം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറാം വാർഷിക പ്രചരണാർഥം പ്രസിദ്ധീകരിച്ച ‘കേരളം: സ്വത്വം, സംസ് കാരം, സൗഹാർദം’ എന്ന പുസ്തകം സമസ്തയുടെ കീഴിലുള്ള ജാറം ബന്ധിപ്പിച്ച പള്ളികളിലെയും മറ്റു ചൂഷണ കേന്ദ്രങ്ങളിലെയും മതമൈത്രി-സൗഹൃദ തട്ടിപ്പുകൾ വ്യാപിപ്പിക്കുവാൻ വേണ്ടി തന്നെയല്ലേ? നാദാപുരം പള്ളി, മാടായിപ്പള്ളി, മഖ്ദൂമുമാർ, മമ്പുറം, പൊന്നാനി വലിയ ജാറം, ചേരമാൻ മസ്ജിദ്, പെരുമ്പടപ്പ് എല്ലാം അതിൽ ചേർത്തിട്ടുണ്ട്. സൂഫീ ബോർഡ് അംഗങ്ങൾ അവരുടെ സംസാരത്തിൽ പ്രത്യേകം എടുത്തുപറഞ്ഞതാണ് മഅ്‌രിഫത്ത് (ആന്തരികജ്ഞാനം, പരമാത്മജ്ഞാനം). ഇതേ വീക്ഷണത്തിലല്ലേ വിമർശകരുമുള്ളത്?

“മറ്റൊന്ന് ലക്ഷ്യത്തിലുള്ള നിശ്ചയദാർഢ്യമാണ് (ഹിമ്മത്ത്). അവന്റെ ലക്ഷ്യം ദുനിയാവിനെയോ ആഖിറത്തിനെയോ തേടുന്നതാവരുത്. തീർത്തും ഉദ്ദേശം അവന്റെ യജമാനന്റെ മഅ്‌രിഫത്ത് മാത്രമായിരിക്കണം. അതുപോലെ ലക്ഷ്യത്തിലെത്തുന്നതു വരെ ഈ യാത്ര തുടരുമെന്ന് അചഞ്ചലമായ ഉറപ്പും നിബന്ധനയാണ്’’ (സുപ്രഭാതം, 2025 നവംബർ 28, പേജ് 6).

കറുപ്പിനെ വെളുപ്പിക്കാൻ പ്രമാണങ്ങളോടും ക്രൂരത!

ജിബ്‌രീൽ(അ) മനുഷ്യരൂപത്തിൽ നബിﷺയുടെ സദസ്സിൽ വന്ന് ചോദ്യത്തിലൂടെ സ്വഹാബത്തിന് മതം പഠിപ്പിച്ച് കൊടുത്ത സംഭവത്തെ സൂഫിസത്തിന് മുസ്‌ലിയാർ തെളിവാക്കുന്നത് കാണുക: ‘‘ബുഖാരി, മുസ്‌ലിം രേഖപ്പെടുത്തിയ ഉമർ(റ) റിപ്പോർട്ട് ചെയ്ത, ജിബ്‌രീൽ വന്ന ഹദീസിന്റെ ആകെത്തുക ദീൻ എന്നാൽ ഇസ്‌ലാം-ഈമാൻ-ഇഹ്‌സാൻ എന്നതിന്റെ സംയോജനമാണെന്ന് മനസിലാക്കാം. അതിന്റെ മറ്റൊരു പ്രയോഗമാണ് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത്’’ (സുപ്രഭാതം, 2025 നവംബർ 28, പേജ് 6).

ലോകത്ത് സൂഫികളും സമസ്തക്കാരും മാത്രമാണോ ഈ ഹദീസ് ആദ്യമായി കണ്ടവരും അതിനെ വിശദീകരിച്ചവരും? അഹ്‌ലുസ്സുന്നയുടെ നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇത് ഉൾപ്പെടുത്തുകയും കൃത്യമായി വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി(റഹി)യും ഇമാം മുസ്‌ലിമും(റഹി) അവരിൽ പ്രധാനികളാണ്. ലയനസിദ്ധാത്തെ ചുട്ടെടുക്കാനുള്ള ചേരുവകളായി അവരാരും ഇതിനെ ഉപയോഗിച്ചിട്ടില്ല.

വിശ്വാസത്തെയും അതിൽ വ്യതിചലിച്ചവരെയും സംബന്ധിച്ചുള്ള ചർച്ചയിൽ കൂടുതലായും കൊടുത്തിട്ടുള്ള ഈ ഹദീസ് ഒരു വിശ്വാസിയുടെ പ്രവർത്തനങ്ങളുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥ എന്തായിരിക്കണമെന്നും അയാളുടെ മനഃസാനിധ്യം എപ്രകാരമാകണമെന്നും മനസ്സിലാക്കിത്തരുന്നതാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ പൊരുൾ എന്തെന്ന് പകർന്ന് നൽകുന്ന ഇത് സത്യത്തിൽ സൂഫിസത്തിന്റെ അസ്തിത്വത്തെതന്നെ അറുക്കുന്ന ഹദീസ് കൂടിയാണ്.

മുസ്‌ലിയാരുടെ മറ്റൊരു പൊയ്‌വാദം വായിക്കാം: “അല്ലാഹുവിലേക്ക് ചേരാനുള്ള എല്ലാ ശൈഖുമാരുടെയും വഴികൾ അടിസ്ഥാനപരമായി ഖുർആനിനോടും ഹദീസിനോടും ബന്ധിക്കപ്പെട്ടിരി ക്കുന്നു’’ (സുന്നിവോയ്‌സ്, 2025 ഡിസംബർ 16-31, പേജ് 36).

എത്ര വലിയ മണ്ടത്തരമാണിത്! അല്ലാഹുവിന്റെ ഏകത്വം ഖണ്ഡിതമായി പഠിപ്പിച്ച പ്രമാണങ്ങൾ സൃഷ്ടികൾ അവനിലേക്ക് ചേർന്ന് പങ്കാളികളെ ഉണ്ടാക്കുന്ന ഏറ്റവും വലിയ അക്രമമാകുന്ന ആശയം പ്രചരിപ്പിക്കുകയോ? എന്തിനുമേതിനും വ്യാജ തെളിവുണ്ടാക്കാനുള്ള ഇവരുടെ സാമർഥ്യം സമ്മതിച്ചു കൊടുക്കേണ്ടതുതന്നെയാണ്!

ജൂത വിഭാഗങ്ങളെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറഞ്ഞതാണ് ഇവരെ ഓർമപ്പെടുത്താനുള്ളത്: “എന്നാൽ സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽനിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം. അത് മുഖേന വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്കുന്ന വകയിലും അവർക്ക് നാശം’’ (2:79).

സൂഫീ ആഭാസങ്ങൾ കണ്ട് കരയുന്നുവോ?

മുസ്‌ലിയാർ എഴുതുന്നു: ‘തസ്വവ്വുഫ്, സൂഫിസം, ത്വരീഖത്ത് എന്നിവയിലെ പൊതുമുസ്‌ലിമിന്റെ അൽപജ്ഞാനം ചൂഷണം ചെയ്ത് പി. ആർ വർക്കും ബി.ജി.എം റീൽസുമായി ശൈഖ് ചമയുന്ന ഉള്ളതും ഇല്ലാത്തതുമായ കറാമത്ത് കഥകൊണ്ട് സൂഫീ കോട്ടകെട്ടുന്ന സൂഫിയുടെ കട്ടെടുത്ത പാട്ടുകൊണ്ട് മതകലാലയങ്ങളിൽവരെ സൂഫിസം വിളമ്പുന്ന ശത്രുവിന്റെ അച്ചാരം പറ്റി സൂഫിസത്തിന്റെ പേരിൽ സർവമത സത്യവാദം പ്രചരിപ്പിക്കുന്ന വ്യാജരുടെ വർത്തമാന വിഹാരത്തിൽ സത്യം തിരിച്ചറിയാനുള്ള സർവ കൂട്ടുകളും ഈ ചരിത്രത്തിലുണ്ട്’’ (സുപ്രഭാതം, 2025 നവംമ്പർ 28, പേജ് 6).

അറിവുള്ളവരായി നടിച്ച് സമൂഹത്തിന്റെ ആത്മീയതയെ വാണിഭ വിഭവമാക്കിയർക്ക് ഇങ്ങനെയെക്കെ പരിഭവിക്കാൻ സാധിക്കുമോ? സർവ ആശയങ്ങളും ശരിയാണെന്ന സൂഫീ സങ്കൽപം സമുദായത്തിൽ പെട്ടവരെ സ്വാധീനിക്കാൻ ഹേതുവായത് സമസ്ത പ്രശംസിച്ച പിഴച്ച ത്വരീഖത്തുകൾ തന്നെയല്ലേ? ഒരു നൂറ്റാണ്ട് കാലമായി ഇത്തരം ആശയങ്ങളിലേക്ക് നയിക്കുന്ന മാലപ്പാട്ടുകൾ, കുപ്പിപ്പാട്ടുകൾ, തട്ടിപ്പു സ്വപ്ന കഥകൾ... എല്ലാം ഇവിടെ വിറ്റ് വിതരണം നടത്തിയതും ഇവർ തന്നെയല്ലെ? ഏറ്റവും പഴക്കമുള്ളതെന്ന് കൊട്ടിഘോഷിക്കുന്ന മുഹ്‌യിദ്ദീൻ മാല പെരുത്ത അന്ധവിശ്വാസങ്ങൾ കോർത്തുണ്ടാക്കിയ മാലയാണല്ലോ! സമസ്തക്കാർ എത്ര പവിത്രമായിട്ടാണ് ഇന്നും അതിനെ കാണുന്നത്. അല്ലാഹുവിന്റെ മാത്രമായ വിശേഷണങ്ങളെ മാലയിലെ ഓരോ വരിയിലൂടെയും ശൈഖിൽ ചാർത്തുന്നു. ശിർക്ക് കലർന്ന വരികൾ സമുദായത്തെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്യുന്നു.

ശൈഖിന്റെ പേരിൽ എഴുതിവച്ച ചില വരികൾ കാണുക:

‘ഇരുന്നെ ഇരുഫിന്നേൾ ആകാശം കണ്ടോവർ, ഏറും മലക്കൂത്തിൽ രാജാളിയെന്നോവർ.’

(ശൈഖ് അവർകൾ ഇരുന്ന ഇരുപ്പിൽ ഏഴ് ആകാശവും കണ്ടു. അദ്ദേഹം അദൃശ്യലോകത്ത് ഉയരത്തിൽ പറക്കുന്ന രാജകിളിയാണ്).

‘ബലത്ത് ശരീഅത്തെന്നും കടലുള്ളോവർ, ഇടത്ത് ഹഖീഖത്തെന്നും കടലുള്ളോവർ.’

(ശൈഖ് അവർകളുടെ വലത്ത് ശരീഅത്തെന്ന കടലും ഇടത്ത് ഹഖീഖത്തെന്ന കടലുമുണ്ട്).

‘ആകാശത്തിൻമേലും ഭൂമിക്ക് താഴെയും അവരെ കൊടിനീളം അത്തിരെയുള്ളോവർ.’

(ആകാശത്തും ഭൂമിയിലും ശൈഖ് അവർകൾക്ക് ഒരു പോലെ സ്ഥാനമുണ്ട്).

‘ഞാൻ എല്ലാ സിർറിന്നും സിർറെന്ന് ചൊന്നോവർ, ഞാൻ അല്ലാതന്നൂടെ അംറെന്ന് ചൊന്നോവർ.’

(ഞാൻ എല്ലാ രഹസ്യത്തിലും രഹസ്യമാണെന്നും ഞാൻ അല്ലാഹുവിന്റെ അംറാണെന്നും ശൈഖവർകൾ പറഞ്ഞു).

സമസ്തക്കാർ എത്ര പവിത്രമായിട്ടാണ് ഇന്നും ഇതിനെ കാണുന്നത്. ഖുതുബിയ്യത്തിലും പുതിയ മുഹ്‌യിദ്ദീൻ മാലയും വേണ്ടുവോളം വേറെയുമുണ്ട്.

‘പ്രശംസ’ എന്ന പേരിൽ എന്തും എഴുതിവിടാമെന്നോ?

ക്വുർആൻ ഉണർത്തുന്നത് കാണുക: “അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിർത്തെഴുന്നേൽപിന്റെ നാളിൽ എന്തായിരിക്കും? തീർച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷേ, അവരിൽ അധികപേരും നന്ദികാണിക്കുന്നില്ല’’ (10:60).

മുസ്‌ലിയാക്കന്മാർ കൂട്ടമായും അല്ലാതെയും പരിധി വിട്ട സൂഫീ പാട്ടുകൾക്ക് ഇപ്പോഴും വേദിയൊരുക്കിക്കൊണ്ടിരിക്കുന്നുണ്ട്. കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി വ്യാജ ഔലിയാക്കളെ അണികൾ കേൾക്കെ വാഴ്ത്തിപ്പറയുന്നതും പുരോഹിതന്മാർ തന്നെയാണ്. സമസ്ത മുശാവറക്ക് നേരെ വിമർശനമുയരുമ്പോൾ ആരെയെങ്കിലും ചൂണ്ടിക്കാട്ടി കണ്ണീർ പൊഴിക്കുന്നതിന് പകരം മുഴുവൻ മുസ്‌ലിയാക്കന്മാരും ഒരു പുനർ വിചിന്തനത്തിന് ഒരുങ്ങുകയാണ് വേണ്ടത്.

അല്ലാഹു പറയുന്നു: “വിശ്വാസത്തിന് ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും? അവരാകട്ടെ (അല്ലാഹുവിന്റെ) ദൂതൻ സത്യവാനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവർക്ക് വ്യക്തമായ തെളിവുകൾ വന്നുകിട്ടിയിട്ടുമുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല’’ (3:86).

ഇബ്‌നു കസീർ(റഹി) പറഞ്ഞു: “റസൂൽﷺ അവർക്ക് കൊണ്ടുവന്നതിന്റെ സത്യസന്ധതക്കുള്ള തെളിവുകൾ നിലനിൽക്കുകയും കാര്യം അവർക്ക് വ്യക്തമാവുകയും ചെയ്തതിന് ശേഷം അവർ ശിർക്കിലേക്കും അന്ധകാരത്തിലേക്കും തിരിച്ചുപോയി. അന്ധകാരത്തിൽ കൂടിക്കലർന്നവർക്ക് സന്മാർഗത്തിന് എങ്ങനെ അർഹത കിട്ടാനാണ്?’’