വ്യര്‍ഥവാദങ്ങളുടെ തണലില്‍ ശിര്‍ക്കിനെ പരിപോഷിപ്പിക്കുന്നവര്‍

മൂസ സ്വലാഹി, കാര

2021 സെപ്തംബര്‍ 25 1442 സഫര്‍ 18

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍  26)

ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അതിന്റെ ആദര്‍ശം വ്യക്തവും സമ്പൂര്‍ണവുമാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കണമെന്നതാണ് അതിന്റെ അടിസ്ഥാനം. അജ്ഞതയില്‍നിന്നും വഴികേടില്‍നിന്നും മാനവരാശിയെ മോചിപ്പിക്കാനും നേര്‍മാര്‍ഗം എന്തെന്ന് അവരെ പഠിപ്പിക്കാനുമായി അല്ലാഹു മുഹമ്മദ് നബി ﷺ യെ നിയോഗിക്കുകയും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുകയും  ചെയ്തു. നിഷ്‌കളങ്കമായി ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമെ ഈ സന്ദേശത്തിന്റെ വാഹകരാകാന്‍ സാധിക്കുകയുള്ളൂ.

അല്ലാഹു പറയുന്നു: ''അല്ലാഹു തന്റെ പൊരുത്തംതേടിയവരെ അത് മുഖേന സമാധാനത്തിന്റ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരത്തില്‍നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 5:16).

ഭൗതികവും അഭൗതികവുമായ കാര്യങ്ങള്‍ സാധിച്ച് കിട്ടുന്നതിനായി സൃഷ്ടികളില്‍ അഭയംതേടലും അവരെ വിളിച്ച് സഹായം ചോദിക്കലും  വലിയ പുണ്യപ്രവൃത്തിയായിട്ടാണ് പുരോഹിതന്മാര്‍ അണികളെ ധരിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ കല്‍പനകളെ വിസ്മരിച്ചും പ്രമാണങ്ങളെ അവഗണിച്ചുമല്ലാതെ ഈ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ് ക്വുര്‍ആന്‍ ചോദിച്ചത് കാണുക:

''അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക'' (ക്വുര്‍ആന്‍ 27:64).

ആരാധനയാകുന്ന കാര്യങ്ങളെ  അല്ലാഹുവല്ലാത്തവരിലേക്ക് തിരിച്ചുവിടുക എന്നത് സമസ്തയുടെ പ്രഖ്യാപിത നയമാണ്. 'ലാഇലാഹ ഇല്ലല്ലാഹ്' പറഞ്ഞവരിലേക്ക് ശിര്‍ക്ക് വരില്ലെന്നു പ്രചരിപ്പിച്ച് ഇക്കൂട്ടര്‍ അണികളെ കബളിപ്പിച്ചുവരികയാണ്.

നബി ﷺ യോട് അല്ലാഹു നല്‍കിയ താക്കീത് കാണുക: ''ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 26:213).

2021 ജൂലൈ മാസത്തിലെ രണ്ടാം ലക്കം 'സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''ഖബര്‍ സിയാറത്ത് സുന്നത്താണ്. അത് പക്ഷേ, പുത്തന്‍വാദികള്‍ പറയുംപോലെ മരണത്തെയും പരലോകത്തെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമല്ല. മരണപ്പെട്ടവര്‍ക്ക് സലാം പറയലും അവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കലും സന്ദര്‍ശകന് വേണ്ടി അവിടെ വെച്ച് പ്രാര്‍ത്ഥിക്കലുമെല്ലാം ഖബര്‍ സിയാറത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. കൂടാതെ മഹാന്മാരെ സന്ദര്‍ശിക്കുന്നതിലൂടെ അവരോട് ശിപാര്‍ശ ആവശ്യപ്പെടലും അവരോട് ഇസ്തിഗാസ ചെയ്യലും ബറകത്തെടുക്കലും ലക്ഷ്യമാണ്. ഇക്കാര്യങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ട വസ്തുതകളാണ്'' (പേജ് 17).

വിപല്‍ഘട്ടങ്ങളിലും അല്ലാത്തപ്പോഴും പാമരജനങ്ങള്‍ മക്വ്ബറകളില്‍നിന്ന് അകലാതിരിക്കാനും അതുവഴി സാമ്പത്തിക ചൂഷണം നടത്തുവാനുമുള്ള വ്യഗ്രതയാണ് ഇതില്‍ തെളിഞ്ഞുകാണുന്നത്.

വിശ്വാസികള്‍ക്ക് പ്രവാചകന്മാരുടെ ജീവിതമാണ് വഴികാട്ടി. യഅ്ക്വൂബ് നബി(അ) പരീക്ഷിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞതായി അല്ലാഹു പറയുന്നു: ''...നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ'' (ക്വുര്‍ആന്‍ 12:18).

തെറ്റായ വിശ്വാസത്തെ സ്ഥാപിക്കാന്‍ മുസ്‌ലിയാര്‍ കൂട്ടുപിടിച്ചിരിക്കുന്നത് സുന്നത്താക്കപ്പെട്ട കാര്യത്തെയാണ്. ഇത് ഇവരുടെ സ്ഥിരം ശൈലിയാണ്. സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്ന ഈ പരിപാടി ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. അല്ലാഹു പറയുന്നു:

''നിങ്ങള്‍ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 2:42).

നബിചര്യയില്‍പെട്ട ക്വബ്ര്‍ സിയാറത്തില്‍ ക്വബ്‌റാളിയോട് ശുപാര്‍ശ തേടലും ഇസ്തിഗാസ നടത്തലും അവരെക്കൊണ്ട് പുണ്യമെടുക്കലും കാണുവാന്‍ സാധ്യമല്ല. ക്വബ്‌റുകള്‍ സന്ദര്‍ശിച്ച വേളയില്‍ നബി ﷺ യോ അനുചരന്മാരോ ഇങ്ങനെ ചെയ്തതായി കാണുകയില്ല. ക്വബ്‌റുകള്‍ ആരാധിക്കപ്പെടുന്നത് ശക്തമായിത്തന്നെ എതിര്‍ക്കുകയാണ് നബി ﷺ ചെയ്തിട്ടുള്ളത്.

ഇത്തരം ശിര്‍ക്കന്‍ പ്രവണതകളെ പുരോഹിതന്മാര്‍ മതമാക്കി അവതരിപ്പിക്കുന്നത് അവരുടെ താല്‍ പര്യം നേടാനാണ്. മരണചിന്ത, പരലോകത്തെ ഓര്‍ക്കല്‍, മരണപ്പെട്ടയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കല്‍ തുടങ്ങിയ, സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളെ നിസ്സാരമാക്കലും ലക്ഷ്യങ്ങളില്‍ പെടാത്തവയെ ശ്രേഷ്ഠമാക്കി കാണിക്കലുമാണ് ലേഖകന്‍ നടത്തുന്നത്.  

അല്ലാഹു പറയുന്നു: ''(നബിയേ)പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കു. നിങ്ങളില്‍നിന്ന് ഉപദ്രവം നീക്കുവാനോ(നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല'' (ക്വുര്‍ആന്‍ 17:56).

ദൈവമെന്ന് വാദിക്കുന്നില്ലെങ്കിലും അല്ലാഹുവിനോട് മാത്രം നടത്തേണ്ട പ്രാര്‍ഥന ആരോട്, എന്തിനോട് നടത്തിയാലും അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ തന്നെയാണ്.

ഉമറി(റ)ന്റെ കാലഘട്ടത്തില്‍ തുസ്ത്തര്‍ പ്രദേശം വിജയിക്കപ്പെട്ടപ്പോള്‍ ദാനിയാല്‍ എന്നവരുടെ ക്വബ്ര്‍ തുറക്കപ്പെടുകയുണ്ടായി. ജനങ്ങള്‍ അതുമുഖേന പരീക്ഷിക്കപ്പെട്ട് ശിര്‍ക്കിലകപ്പെടുമോ എന്ന ഭയത്താല്‍ അവരത് തിരിച്ചറിയാതിരിക്കാന്‍വേണ്ടി പകലില്‍ വ്യത്യസ്തങ്ങളായ പത്ത് കുഴികള്‍ എടുക്കാനും രാത്രി അതിലൊന്നിലിട്ട് മൂടാനും എല്ലാ ക്വബ്‌റുകളും ഒരേ നിരപ്പാക്കാനും നിര്‍ദേശിക്കപ്പെടുകയുണ്ടായി. ഇമാം ബൈഹക്വി(റഹി) 'ദലാഇലുന്നുബൂഅ'യിലും ഇബ്‌നു കഥീര്‍(റഹി) 'അല്‍ബിദായ വന്നിഹായ'യിലും ഇബ്‌നു തൈമിയ്യ(റഹി) 'അല്‍ ഇസ്തിഗാസ ഫി റദ്ദി അലല്‍ബക്‌രി' എന്ന ഗ്രന്ഥത്തിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

പ്രമാണങ്ങള്‍ വിലക്കുകയും ഗൗരവമായി കാണുകയും ചെയ്ത വിഷയത്തിന് അവയെത്തന്നെ തെളിവാക്കാന്‍ ലേഖകന്‍ ഇവിടെ പെടാപാട് പെടുകയാണ്. കളവ് കെട്ടിച്ചമക്കലും ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തലും വലിയ അക്രമമാണ്.

അല്ലാഹു പറയുന്നു: ''അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? തീര്‍ച്ചയായും കുറ്റവാളികള്‍ വിജയം പ്രാപിക്കുകയില്ല'' (ക്വുര്‍ആന്‍ 10:17).

സ്വൂഫീ പണ്ഡിതനായ അബുല്‍ഹസന്‍ നൂറുദ്ദീന്‍ അല്‍ബക്‌രിയുടെ ഇത്തരം ജല്‍പനങ്ങള്‍ക്ക് ഇബ്‌നു തൈമിയ്യ(റഹി) നല്‍കിയ മറുപടി ഇവിടെ ഏറെ പ്രസക്തമാണ്: ''മരണപ്പെട്ടതും മറഞ്ഞുകിടക്കുന്നതും- അത് നബിയാകട്ടെ, അല്ലാത്തവരാകട്ടെ; അവരോട് ചോദിക്കുക (ഇസ്തിഗാസ നടത്തുക) എന്നത് വിരോധിക്കപ്പെട്ട കാര്യമാകുന്നു എന്നതില്‍  പണ്ഡിതന്മാര്‍  ഏകോപിച്ചിട്ടുണ്ട്.''

''അല്ലാഹുവും റസൂലും കല്‍പിക്കാത്തതും, സ്വഹാബത്തില്‍നിന്നും താബിഉകളില്‍നിന്നും ആരും തന്നെ അനുവര്‍ത്തിക്കാത്തതും പ്രഗത്ഭരായ ഇമാമുമാരില്‍ ഒരാള്‍പോലും നല്ലതാണെന്ന്  പറഞ്ഞിട്ടില്ലാത്തതുമായ കാര്യമാണിതെന്ന് ദീനില്‍ അറിയപ്പെട്ടതാണ്.''

''വല്ല ആവശ്യമോ പ്രതിസന്ധിയോ ഉണ്ടായാല്‍ മുശ്‌രിക്കുകള്‍ മരിച്ചവരോടും മറഞ്ഞവരോടും 'എന്റെ നേതാവേ, ഞാന്‍ നിങ്ങളിലേക്ക് ആവശ്യക്കാരനാണ്,' അല്ലെങ്കില്‍ 'എന്റെ ആവശ്യം നിറവേറ്റിത്തരണേ' എന്നൊക്കെ പറഞ്ഞിരുന്നതുപോലെ സ്വഹാബത്തും താബിഉകളും  പറഞ്ഞിരുന്നില്ല.''

''നബി ﷺ യുടെ മരണശേഷം സ്വഹാബത്തില്‍നിന്ന് ആരുംതന്നെ അദ്ദേഹത്തോടോ മറ്റു നബിമാരോടോ ക്വബ്‌റിലുള്ളവരോടോ വിദൂരതയിലുള്ളവരോടോ ഇസ്തിഗാസ ചെയ്തിട്ടില്ല. മുശ്‌രിക്കുകളോടുള്ള യുദ്ധ സന്ദര്‍ഭങ്ങളില്‍ ഒരുപാട് പ്രയാസങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുപോലും അവര്‍ നബിയോടോ മറ്റു സൃഷിടികളോടൊ ഇസ്തിഗാസ നടത്തിയില്ല. അല്ലാഹുവിന് പുറമെ മറ്റുള്ള ആളുകളെക്കൊണ്ട്  സത്യം ചെയ്തിട്ടുമില്ല. അമ്പിയാക്കളുടെ ക്വബ്‌റിങ്ങല്‍ ചെന്ന്  പ്രാര്‍ഥിക്കുകയോ നമസ്‌കരിക്കുകയോ പോലും  ചെയ്തിട്ടില്ല'' (അല്‍ ഇസ്തിഗാസഃ ഫീ റദ്ദി അലല്‍ ബക്‌രി/പേജ് 222,223).

ലേഖകന്‍ വീണ്ടും എഴുതുന്നു: ''മഹാന്മാരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നതിലൂടെ ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പാപികളുടെ ദോഷം പൊറുക്കപ്പെടാന്‍ നബി ﷺ യെ സമീപിക്കല്‍ അല്ലാഹു പ്രത്യേകം കല്‍പിക്കുന്നുണ്ട്. പാപമോചനത്തിനായി അല്ലാഹുവോട് ശിപാര്‍ശ പറയാന്‍ തിരുനബി ﷺ യോട് ആവശ്യപ്പെടുന്നതും അവിടുന്ന് അവര്‍ക്ക് വേണ്ടി ശിപാര്‍ശ പറയുന്നതും പാപം പൊറുത്തുകിട്ടാനുള്ള കാരണങ്ങളാണ്. അല്ലാഹു പറയുന്നു: 'അവര്‍ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തില്‍ അവര്‍ അങ്ങയുടെ സന്നിധിയില്‍ വന്ന് അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂല്‍ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഏറ്റവും തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ അവര്‍ എത്തിക്കുമായിരുന്നു' (നിസാഅ് 64). വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണെന്നത് അവിതര്‍ക്കിതമാണല്ലോ. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കുക എന്നതാണല്ലോ പുത്തന്‍ വാദികളുടെ നയം. അതുകൊണ്ട് ഈ ആയത്തിനെതിരെയും ചില ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്''(പേജ് 17,18).

ഒരു ദിവസം നൂറിലധികം തവണ അല്ലാഹുവിന്റെ മുമ്പില്‍ പാപമോചനം നടത്തിയ നബി ﷺ യുടെ പേരിലാണ് ഈ ദുഷ്പ്രചാരണം എന്നറിയുക. എത്ര സമര്‍ഥമായാണ് ഇദ്ദേഹം സത്യം മറച്ചുവെക്കുന്നത്! പാപമോചനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവര്‍ത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 3:135).

മൂസാനബി(അ)യുടെ പ്രാര്‍ഥന ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 28:16).

ലേഖകന്‍ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലത്തെ മറച്ചുവെച്ചു എന്നത് ശ്രദ്ധേയമാണ്. അന്‍സ്വാരിയായ ഒരു സ്വഹാബിയും ഒരു ജൂതനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ നബി ﷺ ജീവിച്ചിരിക്കെ ജൂതനായ കഅബ്ബ്‌നു അശ്‌റഫിലേക്ക് വിധിതേടി പോയതിലെ അപകടത്തെ ബോധ്യപ്പെടുത്തിക്കൊടുത്തതാണ് സംഭവം. ഇത് സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുന്നവരെ 'ആയത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍' എന്ന് കുറ്റപ്പെടുത്തുന്നത് അക്രമമല്ലേ? ദുര്‍വ്യാഖ്യാന മികവ് ഒന്നുകൂടി തെളിയിച്ചു എന്നല്ലാതെ ഈ ആയത്തിന് ഇസ്തിഗാസയുമായി യാതൊരു ബന്ധവുമില്ല. തങ്ങളുടെ പിഴച്ചവാദം സ്ഥാപിച്ചെടുക്കാന്‍ ഈ ആയത്തിനെ തിരുത്തുകവരെ ചെയ്തവരാണിവര്‍.

നബി ﷺ ജീവിച്ചിരിപ്പുള്ളതിനാല്‍ അനിവാര്യമായും ചെയ്യേണ്ടിയിരുന്ന ഈ കാര്യമാണ് ഇവര്‍ക്ക് തെളിവെങ്കില്‍ അതനുസരിച്ച് മരണപ്പെട്ടവരോട് സഹായം തേടലിന്റെയും വിധി നിര്‍ബന്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ?  

ഈ ആയത്തിനെ വിശദീകരിച്ച അഹ്‌ലുസ്സുന്നയുടെ ഇമാമുമാര്‍ ആരും കണ്ടെത്താത്ത ഒരു തെളിവ് ലേഖകന്‍ കണ്ടെത്തി എന്നത് വിചിത്രം തന്നെ. ഇമാമുമാരായ നവവി(റഹി), ഇബ്‌നു ഖുദാമ(റഹി), ഇബ്‌നു കഥീര്‍(റഹി) എന്നിവര്‍ ഒരു 'സംഘം പറഞ്ഞു,' 'ഉദ്ധരിക്കപ്പെട്ടു'എന്നീ അസ്വീകാര്യതയെ അറീയിക്കുന്ന രൂപത്തില്‍ പറഞ്ഞ, തീര്‍ത്തും ദുര്‍ബലമായ സംഭവത്തെയാണ് ഈ ആയത്തിന്റെ കൂടെ ഇവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. അവരാരുംതന്നെ അതിനെ ആധാരമാക്കി ഇത് നബി ﷺ യോടുള്ള ഇസ്തിഗാസയാണ് എന്ന് വിശ്വസിപ്പിക്കാന്‍ ഒരു വാക്കുകൊണ്ട് പോലും ശ്രമിച്ചിട്ടില്ല. അവരാരും ഈ ശിര്‍ക്ക് ചുമക്കുന്നവരുമല്ല.

ഉദ്ധരിച്ചവര്‍ തന്നെയും സ്വീകാര്യത ഉറപ്പിക്കാത്ത ഒരു കഥയെ മുന്‍നിര്‍ത്തി ജനങ്ങളെ സത്യനിഷേധത്തിലേക്കും വഴികേടിലേക്കും നയിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? പ്രമാണങ്ങളില്‍ സ്ഥിരപ്പെടാത്തത് ആരുടെ വാക്കിലുണ്ടെങ്കിലും അത് എടുക്കേണ്ടതില്ലെന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമില്ലല്ലോ.

ഇമാം അബൂഹനീഫ(റഹി) പറയുന്നു: ''പ്രവാചകനില്‍നിന്നും സ്വഹാബത്തില്‍നിന്നും ഹദീഥ് വന്നെത്തിയാല്‍ അതിനെ നിങ്ങള്‍ (നിസ്സംശയം) കണ്ണടച്ച് സ്വീകരിച്ചുകൊള്ളുക. താബിഉകളില്‍നിന്ന് നിങ്ങള്‍ക്ക് വല്ലതും വന്നെത്തിയാല്‍ (അപ്രകാരം പാടില്ല), കാരണം അവര്‍ നമ്മെപോലെയുള്ളവര്‍ തന്നെയാകുന്നു.''

ഇമാം മാലിക്(റഹി) നബി ﷺ യുടെ ക്വബ്ര്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു: ''ഈ ക്വബ്‌റിന്റെ ഉടമയുടെതല്ലാതെ മറ്റാരുടെ അഭിപ്രായങ്ങളിലും  തള്ളപ്പെടേണ്ടതുണ്ടാകും.''

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ''ഒരാള്‍ക്ക് പ്രവാചകന്റെ സുന്നത്ത്  വ്യക്തമായാല്‍  മറ്റൊരാളുടെ അഭിപ്രായത്തിന് വഴങ്ങി ആ സുന്നത്തിനെ ഒഴിവാക്കല്‍ അയാള്‍ക്ക് അനുവദനീയമല്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.''

ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ)പറഞ്ഞു: ''പരമ്പരയും സ്വീകാര്യതയും വ്യക്തമായിട്ടും സുഫ്‌യാന്‍ എന്ത് പറഞ്ഞു എന്ന് നോക്കുന്നവരുടെ കാര്യം അത്ഭുതകരം തന്നെ! അല്ലാഹു പറയുന്നു:

''ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും (ഫിത്‌ന) വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ'' (ക്വുര്‍ആന്‍ 24:63). ഇവിടെ 'ഫിത്‌ന' എന്നത് ശിര്‍ക്കാകുന്നു. പ്രവാചക വചനത്തെ ആരെങ്കിലും നിരാകരിച്ചാല്‍ അതുമൂലം അവന്റെ ഹൃദയത്തില്‍ വ്യതിചലനത്തിന്റ ഒരംശം സംഭവിക്കുകയും അത് അവനെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.''

സ്വഹാബത്തിന്റെയും താബിഉകളുടെയും പേരില്‍ ലേഖകന്‍ അവാസ്തവം എഴുതിടുന്നത് കാണുക: ''ആവശ്യനിര്‍വഹണത്തിനു വേണ്ടി സ്വഹാബത്തും താബിഉകളും ഖബര്‍ സിയാറത്ത് നടത്തിയിരുന്നതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്'' (പേജ്,18)

 ഉത്തമ തലമുറയില്‍പെട്ടവരെ ആക്ഷേപിച്ചതുകൊണ്ടോ തെൡവില്ലാത്ത കാര്യം പറയുന്നതുകൊണ്ടോ ശിര്‍ക്ക് തൗഹീദാവില്ല. സ്വീകരിക്കപ്പെടാവുന്ന ഒരു സംഭവം പോലും ഇതിന് തെളിവായി ഉദ്ധരിക്കാന്‍ സാധ്യമല്ല.

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍'' (ക്വുര്‍ആന്‍ 16:105).

ലേഖകന്‍ തുടരുന്നു: ''ഇമാം ശാഫിഈ(റ) തന്റെ ആവശ്യനിര്‍വഹണത്തിനായി ഇമാം അബൂഹനീഫ(റ)യുടെ ഖബ്‌റിങ്കല്‍ വന്ന് അവിടുത്തെ മധ്യവര്‍ത്തിയാക്കി പ്രാര്‍ഥിക്കാറുണ്ടായിരുന്നു'' (പേജ് 18).

ഈ കഥ മുക്‌റം ഇബ്‌നു അഹ്മദ് തന്റെ 'മനാഫക്വിബു അബീഹനീഫ' എന്ന ഗ്രന്ഥത്തിലും (ഇത് ധാരാളം കളവുകള്‍ നിറഞ്ഞ ഗ്രന്ഥമാണെന്ന് ഇമാം ബൈഹക്വി പറഞ്ഞിട്ടുണ്ട്) ഖതീബുല്‍ ബാഗ്ദാദി അദേഹത്തിന്റെ താരീഖു ബാഗ്ദാദിലും ഉദ്ധരിച്ചതാണ്. ഇതിന്റെ പരമ്പരയിലുള്ള ഉമര്‍ ഇബ്‌നു ഇസ്ഹാക്വ്അറിയപ്പെടാത്ത വ്യക്തിയാണ്. അലിയ്യുബ്‌നു മൈമൂന്‍ ഇമാം ശാഫിഈ(റ)യില്‍നിന്ന് ഇത് കേട്ടു എന്ന് ആരും സ്ഥിരപ്പെടുത്തിയിട്ടില്ല.

മാത്രവുമല്ല; ഹിജാസ്, യമന്‍, മിസ്വ്ര്‍, ശാം, ഇറാക്വ് എന്നീ നാടുകളില്‍ ഇമാം അബൂ ഹനീഫ(റഹി)യെക്കാള്‍ ശ്രേഷ്ഠരായവരുടെ ക്വബ്‌റുകള്‍ ഇമാം ശാഫിഈ(റഹി) കണ്ടിട്ടുണ്ട്. അവരെയൊന്നും അദ്ദേഹം മധ്യവര്‍ത്തികളാക്കി തേടിയതിന് തെളിവൊന്നുമില്ല. ഇബ്‌നു തൈമിയ്യ(റ)തന്റെ ഇക്വ്ത്തിദാഇല്‍ പറഞ്ഞു: ''നിശ്ചയം, ഇതുപോലുള്ളത് ഉദ്ധരിക്കുക ദീനും അറിവും കുറഞ്ഞവരാണ്.''

ലേഖകന്‍ തന്റെ എഴുത്ത് അവസാനിപ്പിക്കുന്നത് ഇങ്ങെനയാണ്: ''ഇങ്ങനെ സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ഖബ്‌റിടം സന്ദര്‍ശിച്ചത് ഇസ്‌ലാമിക ചരിത്രത്തില്‍ അനേകം കാണാന്‍ കഴിയും. പ്രമാണങ്ങള്‍ അതിന് പ്രചോദനം നല്‍കിയിട്ടേയുള്ളൂ'' (പേജ് 18).

ആരാണ് സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ക്വബ്‌റിടം സന്ദര്‍ശിച്ചത്? പ്രവാചകനോ അനുചരന്മാരോ ചെയ്തിട്ടില്ല. 'ആരെങ്കിലും' ചെയ്തിട്ടുണ്ടെങ്കില്‍ അതെങ്ങനെ ഇസ്‌ലാമികമാകും? ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രചോദനം നല്‍കുന്നു എന്നത് തികച്ചും വ്യാജമാണ്. ശിയാ, സ്വൂഫി ചരിത്രത്തെയും വിശ്വാസങ്ങളെയും മതമാക്കാനും പരിശുദ്ധമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

അല്ലാഹു പറയുന്നു: ''...പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ (അവനോട്) പങ്ക് ചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല'' (ക്വുര്‍ആന്‍ 6:19).