അവയവ ദാനം; ചില ചിന്തകള്‍

ഡോ. ടി.കെ യൂസുഫ്

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

ജീവിതകാലത്തുതന്നെ മനുഷ്യന്റെ ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍ എന്നീ സുപ്രധാന അവയവങ്ങള്‍ തകരാറിലാവുകയും തന്നിമിത്തം നിരവധിപേര്‍ മരണമടയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. പ്രസ്തുത അവയവങ്ങള്‍ മറ്റൊരാളില്‍നിന്ന് എടുത്ത് മാറ്റിവെക്കാന്‍ കഴിയുകയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും ആയുസ്സുണ്ടെങ്കില്‍ (അല്ലാഹുവിന്റെ തീരുമാനമനുസരിച്ച്) കുറച്ചുകാലംകൂടി ജീവിക്കാന്‍ കഴിഞ്ഞേക്കും. ഇവിടെയാണ് അവയവദാനത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യം നിലനിര്‍ത്തലും ശരീരം സംരക്ഷിക്കലും മതപരമായി ഒരു ബാധ്യതയാണ്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ പ്രവാചകന്‍ ﷺ ആജ്ഞാപിച്ച സ്ഥിതിക്ക് ഒരാളുടെ ശരീരത്തിന്റെ അവയവങ്ങളില്‍ വല്ലതും പ്രവര്‍ത്തനരഹിതമാകുമ്പോള്‍ പകരം മറ്റുളളവരില്‍നിന്ന് എടുത്ത് മാറ്റിവെക്കുന്നതിന്റെ മതവിധി എന്താണ്?

ഇസ്‌ലാം വ്യക്തികളുടെയും സമൂഹത്തിന്റെയും ആത്യന്തിക നന്മയാണ് കാംക്ഷിക്കുന്നത്. അതു കൊണ്ട് ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ടി ചില്ലറ തെറ്റുകള്‍ പോലും നീതീകരിക്കാനാവും. ഖിദ്ര്‍(അ) ഒരു നല്ല കപ്പല്‍ കേടുവരുത്തിയതും ഒരു പിഞ്ചു പൈതലിനെ കൊന്നതും ഇതിനുദാഹരണമാണ്. രണ്ടാളുകള്‍ക്കിടയില്‍ രഞ്ജിപ്പിണ്ടാക്കുന്നതിന് വേണ്ടി അനിവാര്യമെങ്കില്‍ കളവ് പറയാമെന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മതത്തിന്റെ ദൃഷ്ടിയില്‍ തെറ്റായിരുന്നിട്ട് കൂടി അവയ്ക്ക് പിന്നിലെ മഹത്തായ ലക്ഷ്യം പരിഗണിച്ച് അവ അനുവദനീയമാകുകയാണ്. മനുഷ്യന്റെ ജീവന്‍ രക്ഷിക്കുക എന്ന അനിവാര്യതക്ക് വേണ്ടിയും ഇത്തരത്തിലുള്ള ചില നീക്കുപോക്കുകള്‍ ആകാവുന്നതാണ്.

പ്രവാചകന്റെ കാലത്ത് അറഫത് ബിന്‍ അസ്‌വദ് എന്ന വ്യക്തിയുടെ മൂക്ക് മുറിയുകയും അദ്ദേഹം തല്‍സ്ഥാനത്ത് വെളളിയുടെ ഒരു മൂക്ക് വെക്കുകയും ചെയ്തു. ഇത് പഴുത്ത് വൃണമായപ്പോള്‍ തല്‍സ്ഥാനത് സ്വര്‍ണത്തിന്റെ മൂക്ക് വെക്കാനാണ് നബി ﷺ  ഉപദേശിച്ചത്. സ്വര്‍ണം പുരുഷന്മാര്‍ക്ക് വിലക്കപ്പെട്ടതാണെങ്കിലും ഇവിടെ അത് ഉപയോഗിക്കാന്‍ കല്‍പിച്ചതും രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായതിനെ എടുത്ത് ഗൗരവമായതിനെ ത്യജിക്കുക എന്ന തത്ത്വവും അവയവമാറ്റത്തിന് തെളിവായി സ്വീകരിക്കാവുന്നതാണ്.

കര്‍മശാസ്ത്ര കൗണ്‍സില്‍ തീരുമാനങ്ങള്‍:

1995ല്‍ ചേര്‍ന്ന ഇസ്‌ലാമിക് ഫിക്വ്ഹ് കൗണ്‍സില്‍ അവയവദാനം അനുവദിക്കുകയും അതിന് താഴെ പറയുന്ന നിബന്ധനകള്‍ അനിവാര്യമാണന്ന് പറയുകയും ചെയ്തിട്ടുണ്ട്:

1. അവയവദാനം അത് നല്‍കുന്നവന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കരുത്.

2. അവയവം ദാനം ചെയ്യുന്നവര്‍ മറ്റുളളവരുടെ സമ്മര്‍ദത്തിനോ പീഡനത്തിനോ വിധേയമാവാതെ സ്വമേധയാ തയ്യാറുളളവരായിരിക്കണം.

3. രോഗിക്ക് അവയവ മാറ്റം അല്ലാതെ മറ്റു ചികിത്സാമാര്‍ഗങ്ങളൊന്നുമില്ലാത്ത വിധം അനിവാര്യതയുണ്ടാകണം.

4. അവയവ മാറ്റം നല്ലൊരു ശതമാനം വിജയപ്രദമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തണം.

5. ഒരാളുടെ സുപ്രധാന അവയവങ്ങള്‍ അയാള്‍ക്ക് ജീവഹാനി സംഭവിക്കും വിധം ജീവിച്ചിരിക്കെ മറ്റൊരാള്‍ക്ക് ദാനം നല്‍കുവാന്‍ പാടില്ല. ഒരാളുടെ രണ്ട് കണ്ണുകളും അയാള്‍ ജീവിച്ചിരിക്കെ ദാനം ചെയ്യുന്നതും ഇപ്രകാരം തന്നെയാണ്.

വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും പരാമര്‍ശിക്കപ്പെടാത്തതും മദ്ഹബിന്റെ ഇമാമുകളുടെ ചര്‍ച്ചക്ക് വിഷയീഭവിച്ചിട്ടില്ലാത്തതുമായ അവയവദാനം കാലഘട്ടത്തിന്റെ അനിവാര്യത എന്ന നിലയ്ക്ക് ഒരുപറ്റം പണ്ഡിതന്മാര്‍ അനുവദനീയമായി കാണുന്നുണ്ടെങ്കിലും യാഥാസ്ഥിതികര്‍ താഴെ പറയുന്ന കാരണങ്ങളാല്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്:

1. ഒരാളുടെ ശരീരഭാഗം മുറിച്ചെടുക്കുന്നത് അയാളെ നിന്ദിക്കലാണ്.

2. ശരീരഭാഗം മുറിച്ചെടുക്കലും അംഗവിഛേദം നടത്തലും നബി ﷺ വിരോധിച്ചതാണ്.

3. അവയവം നല്‍കുന്നവന് ഇത് വേദനയും പീഡനവുമായിരിക്കും.

4. ശരീരത്തില്‍നിന്നും മുറിച്ചെടുക്കുന്ന ഭാഗം മറവു ചെയ്യണമെന്നാണ് പ്രവാചക കല്‍പന.

5. സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നത് പൈശാചിക പ്രവര്‍ത്തനമാണ്.

6. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഒരാളുടെ ശരീരഭാഗങ്ങള്‍ അയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാക്ഷിപറയുമെന്നാണല്ലോ. ആ സ്ഥിതിക്ക് അവയവമാറ്റം നടന്നാല്‍ ഒരംഗത്തിന് ഒന്നിലേറെ വ്യക്തികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സാക്ഷിപറയേണ്ടിവരും.

7. മനുഷ്യശരീരം അവന്റെ ഉടമാവകാശത്തില്‍ പെട്ടതല്ലാത്തതുകൊണ്ട് ശരീരത്തിലെ കൈകടത്തലുകള്‍ക്കും അവന് അവകാശമില്ല.

8. അവയവമാറ്റം അനുവദിക്കുകയാണെങ്കില്‍ ക്രമേണ അത് ഒരു കച്ചവടമായിത്തീരാന്‍ സാധ്യതയുണ്ട്.

9. ജീവിച്ചിരിക്കുന്ന ഒരാളുടെ അവയവം എടുത്തുകഴിഞ്ഞാല്‍ കാലാന്തരത്തില്‍ അത് അവനുതന്നെ വിനയായിത്തീരും. ഒരു വൈകല്യം തീര്‍ക്കുന്നതിന് മറ്റൊരു വൈകല്യം വരുത്തിവെക്കുന്നത് എങ്ങനെയാണ് നീതികരിക്കപ്പെടുക?

10. സര്‍വോപരി അവയവമാറ്റത്തിന്റെ ഫലം തികച്ചും സാങ്കല്‍പികം മാത്രമാണ്.

മതവിഷയങ്ങളിലും വൈദ്യശാസ്ത്രത്തിലും അവഗാഹമുളള പണ്ഡിതന്മാര്‍ യാഥാസ്ഥിതികരുടെ ഇത്തരം എതിര്‍ന്യായങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ട് അവയെ ഇപ്രകാരം ഖണ്ഡിക്കുന്നുണ്ട്:

1. ഒരു വ്യക്തിയുടെ അനുവാദപ്രകാരമാണ് അവന്റെ ശരീരത്തിലെ അവയവം എടുക്കുന്നതെങ്കില്‍ അത് എങ്ങനെയാണ് അവനെ നിന്ദിക്കലാകുക?

2. യുദ്ധവൈരത്തോടെ കൊല്ലപ്പെട്ടവന്റെ ശരീരം വികൃതമാക്കുന്നതാണ് പ്രവാചകന്‍ വിലക്കിയിട്ടുളളത്.

3. അനസ്‌തേഷ്യ നല്‍കിയതിന് ശേഷം അവയവം എടുക്കുകയാണെങ്കില്‍ ദാതാവിന് വേദനയോ പീഡനനോ ആവുകയില്ല.

4. ശരീരത്തില്‍നിന്നും മുറിച്ചെടുക്കുന്ന ഭാഗം മറവുചെയ്തതിന് ശേഷം പുഴു തിന്ന് ജീര്‍ണിക്കുന്നതിലും ഭേദം അവ മറ്റൊരാളുടെ ശരീരത്തില്‍ സജീവമായി നില്‍ക്കുന്നതല്ലേ?

5. സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്നത് തെറ്റാണെങ്കിലും അതുമൂലം ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ അതല്ലേ കൂടുതല്‍ പുണ്യകരം?

6. സര്‍വശക്തനായ അല്ലാഹുവിന് വേണമെങ്കില്‍ പരലോകത്തുവെച്ച് ഒരു അവയവത്തെക്കൊണ്ട് ഒന്നിലധികം ആളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സാക്ഷി പറയിപ്പിക്കാനാകുമല്ലോ.

7. മനുഷ്യന് തന്റെ ശരീരത്തില്‍ ഉടമാവകാശമില്ലെങ്കിലും അതിന്റെ പ്രയോജനം മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ അവനാകുമല്ലോ.

8. അവയവമാറ്റം ഒരു കച്ചവടമാകാതിരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍തന്നെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവയവമാറ്റം അടുത്ത ബന്ധുക്കളില്‍നിന്നേ ആകാവൂ എന്ന് നിബന്ധനയും വെക്കുന്നുണ്ട്.

9. അവയവം നല്‍കുന്നവന്റെ ആരോഗ്യനില പരിശോധിച്ച ശേഷം അവന് അപകടം വരില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വൈദ്യശാസ്ത്രം ഇതിനൊരുമ്പെടാറുളളത്.

10. അവയവദാനം നിമിത്തം രണ്ടാള്‍ക്ക് കുഴപ്പമില്ലാതെ ജീവിക്കാന്‍ അവസരമുണ്ടായാല്‍ അതൊരു വലിയ അനുഗ്രഹമല്ലേ?

തങ്ങളുടെ അവയവങ്ങള്‍ മറ്റാര്‍ക്കെങ്കിലും നല്‍കിയാല്‍ പരലോകത്ത് തന്റെ ഗതിയെന്താകും എന്ന ആശങ്കയില്‍ കഴിയുന്ന യാഥാസ്ഥിതിക മുസ്‌ലിംകളെ പരിഹസിച്ചുകൊണ്ട് ക്രിസ്റ്റഫര്‍ പാലീസ് എന്ന പാശ്ചാത്യന്‍ ഡോക്ടര്‍ പറഞ്ഞത് മുസ്‌ലിംകള്‍ക്ക് എന്തായാലും കിഡ്‌നി ദാനം ചെയ്യാം എന്നാണ്. കാരണം അവരുടെ വിശ്വാസ പ്രകാരം സ്വര്‍ഗത്തില്‍ മലമൂത്ര വിസര്‍ജനം ഇല്ലാത്തതുകൊണ്ട് അവ ശുദ്ധീകരിക്കുന്നതിനുളള അവയവം ആവശ്യമായി വരികയില്ലല്ലോ!

മരിച്ചവരില്‍നിന്നും അവയവം എടുക്കല്‍

സ്വാഭാവികമരണം സംഭവിച്ച ഒരു വ്യക്തിയുടെ ശരീരത്തില്‍നിന്നും അയാളുടെ കണ്ണിന്റെ കോര്‍ണിയ മാത്രമെ മറ്റൊരാള്‍ക്ക് എടുത്ത് ഉപയോഗിക്കാന്‍ പറ്റുകയുളളൂ. കാരണം മറ്റു അവയവങ്ങളല്ലാം മരണത്തെത്തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാകും. ഒരാള്‍ മരണപ്പെട്ട് 45 മിനുട്ടുകള്‍ക്കകം അയാളുടെ കിഡ്‌നിയും 8 മിനുട്ടിന് ശേഷം ഹൃദയവും 20 മിനുട്ടിന് ശേഷം ശ്വാസകോശവും പ്രവര്‍ത്തനരഹിതമാകും. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയം, ശ്വാസകോശം, കിഡ്‌നി, കരള്‍, പാന്‍ക്രിയാസ് എന്നിവയെല്ലാം സജീവമായിരിക്കും. അതുകൊണ്ട്തന്നെ ഈ അവസരത്തില്‍ ഇവ മറ്റാര്‍ക്കെങ്കിലും മാറ്റിവെക്കാനാവും. സര്‍വോപരി മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തി പിന്നീട് ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാത്തതുകൊണ്ട് അയാളില്‍നിന്നും പ്രസ്തുത അവയവം എടുത്തുമാറ്റുന്നത് കൊണ്ട് അയാള്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കുകയില്ല. തന്നെയുമല്ല ഒരു മൃതശരീരത്തില്‍നിന്ന് തന്നെ ഒന്നിലേറെ അവയവങ്ങള്‍ എടുത്ത് അത് പലര്‍ക്കായി നല്‍കി അവരുടെയെല്ലാം ജീവന്‍ രക്ഷിക്കാനാകും.

വാഹനാപകടങ്ങളില്‍ പെട്ട് ഇക്കാലത്ത് ഒട്ടേറെ പേരുടെ മസ്തിഷ്‌കത്തിന് ആഘാതം സംഭവിക്കാറുണ്ട്. എന്നാല്‍ ഇവരുടെ മറ്റ് ആന്തരിക അവയവങ്ങള്‍ക്കൊന്നും കാര്യമായ തകരാറ് സംഭവിക്കാറില്ല. അവരുടെ മസ്തിഷ്‌കത്തിന്റെ മരണം ഉറപ്പാക്കി അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് അറിഞ്ഞാല്‍ അവരുടെ അവയവങ്ങള്‍ മറ്റുളളവര്‍ക്ക് പ്രയോജനപ്പെടുത്താനാകും. ഇക്കാരണംകൊണ്ട് തന്നെ ഇസ്‌ലാമിക സമ്മേളന സംഘടനയുടെ കീഴിലുളള ഫിക്വ്ഹ് കൗണ്‍സില്‍, താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ മരണപ്പെട്ടവരുടെ അവയവം എടുക്കുന്നത് അനുവദനീയമണെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്.

1. മരണപ്പെട്ട വ്യക്തി താന്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ അവയവം എടുക്കുന്നതിന് അനുമതി നല്‍കിയിരിക്കണം.

2. മയ്യിത്തിന്റെ ബന്ധുക്കള്‍ ഇത് അംഗീകരിക്കണം.

3. ഭരണകൂടത്തിന്റെ അംഗീകാരം വേണം.

4. അനിവാര്യ ഘട്ടങ്ങളിലായിരിക്കണം.

5. സാമ്പത്തിക നേട്ടത്തിനാകരുത്.

അവയവമാറ്റം അനിവാര്യഘട്ടങ്ങളില്‍ അനുവദനീയമായി ഗണിക്കാമെങ്കിലും ഈ രംഗത്ത് കച്ചവട മനഃസ്ഥിതിയും ദുഷ്ടലാക്കും കടന്നുവരാന്‍ ഏറെ സാധ്യതയുണ്ട്. കിഡ്‌നിയും മറ്റും അടുത്തബന്ധുക്കളില്‍നിന്നാണ് എടുക്കുന്നതാണെങ്കില്‍ അതിന് 90 ശതമാനം വരെ വിജയസാധ്യതയുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ ആളുകളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്‌നി കവര്‍ന്നെടുത്ത് മാറ്റിവെക്കുന്ന കേസുകളില്‍ പലതും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോയി ചില രഹസ്യ സങ്കേതങ്ങളില്‍വെച്ച് അവരെ വളര്‍ത്തി വലുതാക്കി കിഡ്‌നി അപഹരിക്കുന്നതായും പറയപ്പെടുന്നുണ്ട്. ക്ലോണിംഗിലൂടെ മനുഷ്യനെ സൃഷ്ടിച്ച് അവന്റെ ശരീരഭാഗങ്ങള്‍ സ്‌പെയര്‍ പാര്‍ട്‌സുകളാക്കി ഉണ്ടാക്കിയെടുക്കാന്‍ ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നുണ്ട്. അപകടത്തില്‍ പെട്ടവര്‍ ജീവിക്കാന്‍ സാധ്യതയുണ്ടെങ്കിലും അവരുടെ മസ്തിഷ്‌കം മരിച്ചിട്ടുണ്ടെന്ന് വിധിയെഴുതി അവരുടെ അവയവമെടുക്കാനും സ്വാര്‍ഥരായ ചില ഡോക്ടര്‍മാര്‍ ശ്രമിച്ചെന്നിരിക്കും. അവയവമാറ്റം ഒരു വിനയാകാതിരിക്കാന്‍ ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.