ഒളിച്ചുകടത്തപ്പെടുന്ന അപരവത്കരണം

നബീല്‍ പയ്യോളി

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

സാക്ഷരതാമിഷന്‍ നടത്തിയ പരീക്ഷയിലെ ഒരു ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പറിലെ ചോദ്യമാണ് വിവാദത്തിലായിരിക്കുന്നത്. 2021 ഓഗസ്റ്റ് ഒന്‍പതാം തീയതി നടന്ന പരീക്ഷയിലെ നാല്‍പത്തിയാറാം നമ്പര്‍ ചോദ്യം ഇങ്ങനെയാണ്: ''ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ന്യൂനപക്ഷങ്ങള്‍ ഭീഷണിയോ? വിശദീകരിക്കുക.'' രണ്ട് പുറത്തില്‍ ഉത്തരം എഴുതാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് മാര്‍ക്കിന്റെതാണ് ചോദ്യം.

ചോദ്യം തങ്ങള്‍ തയ്യാറാക്കിയല്ലെന്നാണ് സാക്ഷരതാ മിഷന്‍ വിശദീകരിക്കുന്നത്. അതേസമയം ഹയര്‍ സെക്കന്ററി വകുപ്പ് പറയുന്നത് പരീക്ഷയുടെ നടത്തിപ്പ് ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളത് എന്നാണ്. വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാരിനും എതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. തുല്യത കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷന്‍ ആണെങ്കിലും പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്ററി പരീക്ഷ ബോര്‍ഡ് തന്നെയാണ്. സാക്ഷരതാ മിഷന്‍ നല്‍കുന്ന ഹയര്‍സെക്കന്ററി അധ്യാപകരുടെ പാനലില്‍നിന്ന് ഹയര്‍സെക്കന്ററി വിഭാഗം ചോദ്യപ്പേപ്പര്‍ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തുനിന്ന് മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.

സംഘപരിവാര്‍ രാജ്യം ഭരിക്കുന്ന സമകാലിക സാഹചര്യത്തോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ഈ ചോദ്യത്തിന്റെ അപകടം ബോധ്യമാവുക. ഉത്തരസൂചിക പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്ന ആവശ്യം ഇതിനകം തന്നെ പലകോണുകളില്‍നിന്നും ഉയര്‍ന്നകഴിഞ്ഞു. എന്ത് ഉത്തരം എഴുതിയാലായിരിക്കും മാര്‍ക്ക് ലഭിക്കുക എന്നത് അറിയാനുള്ള അവകാശം കേരളീയ പൊതു സമൂഹത്തിനുണ്ട്. ഉത്തരസൂചിക പുറത്ത് വരുന്നതോടുകൂടി അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടും. എന്തായാലും ന്യുനപക്ഷങ്ങള്‍ക്കെതിരെ വാളോങ്ങി നില്‍ക്കുന്ന സംഘപരിവാരം രാജ്യത്തിന്റെ ഭരണം കയ്യാളുമ്പോള്‍, പ്രത്യേകിച്ച് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള കുത്സിതശ്രമം നടക്കുന്ന സാഹചര്യത്തില്‍ ന്യുനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണെന്ന് പൊതുബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തരം ഒരു ചോദ്യത്തിന് പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രയാഥാര്‍ഥ്യങ്ങളെപ്പോലും തിരുത്തിയെഴുതാന്‍ ഭഗീരഥപ്രയത്‌നം നടക്കുന്ന ഇന്നിന്റെ സവിശേഷ സാഹചര്യത്തില്‍ അസത്യവും ഭീതിജനകവുമായ പൊതുബോധനിര്‍മിതിക്ക് വേണ്ടിയുള്ള ഇത്തരം ശ്രമങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

സാക്ഷരകേരളത്തിലാണ് ഇത് നടന്നത്; സംഘപരിവാറിന്റെ യുപിയിലല്ല എന്നോര്‍ക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണ് മലയാളികള്‍. ന്യുനപക്ഷങ്ങളെ അപരവത്കരിച്ച് സവര്‍ണ രാജ്യം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനാധിപത്യത്തിന്റെ സര്‍വ്വ സാധ്യതകളും ഉപയോഗിച്ച് ചെറുത്തതോല്‍പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശവും ഊര്‍ജവും കരുത്തും പകര്‍ന്ന് നല്‍കുകയും ചെയ്ത മലയാളമണ്ണില്‍ ഇത്തരം വിഭാഗീയ വിഷയങ്ങള്‍ക്ക് തലപൊക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നത് ചിന്തനീയമാണ്. സത്യാനന്തര കാലത്തെ പൊതുബോധനിര്‍മിതി ഇരുട്ടിന്റെ ശക്തികള്‍ക്ക് എളുപ്പമാണ് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഔദേ്യാഗിക പരിവേഷം കൂടി ഇത്തരം വിഷജല്‍പനങ്ങള്‍ക്ക് ലഭിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. 'ഞാനറിയില്ല' എന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോ സാക്ഷരതാ മിഷനോ സര്‍ക്കാരിന് പൊതുവിലോ സാധ്യമല്ല. ജനങ്ങള്‍ ഭരണം ഏല്‍പിച്ചിരിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തെയാണ്. അതുകൊണ്ട് അവര്‍ക്ക് തന്നെയാണ് ഭരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.

കേരള പോലീസില്‍ സംഘപരിവാര്‍ ഗ്യാങ് പ്രവര്‍ത്തിക്കുന്നു എന്ന് ഭരണകക്ഷിയിലെ രണ്ടാമത്തെ ഏറ്റവും വലിയകക്ഷിയായ സിപിഐ ദേശീയ നേതാവും മലയാളിയും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ ആരോപിച്ചത് കഴിഞ്ഞയാഴ്ചയാണ്.

ഈ പ്രസ്താവന സിപിഐ കേരള ഘടകം നിഷേധിച്ചിട്ടുണ്ടെങ്കിലും മേല്‍ഘടകം നിഷേധിച്ചിട്ടില്ല. ഏതെങ്കിലും വിവരം കിട്ടിയിട്ടായിരിക്കാം ആനിരാജ പ്രതികരിച്ചതെന്നും എന്താണ് വിവരം കിട്ടിയതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാമെന്നുമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. സംഘപരിവാര്‍ നടത്തുന്ന നിയമവിരുദ്ധവും സാമൂഹിക ദ്രോഹപരവുമായ നടപടികളോട് പോലീസിന്റെ സമീപനം അനവധി സംഭവങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. സംഘപരിവാര്‍ ശക്തികളോട് കാണിക്കുന്ന ഇത്തരം സമീപനം കേരളീയ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതും നമ്മുടെ അനുഭവമാണ്. വ്‌ളോഗര്‍മാര്‍ നടത്തിയ നിയമലംഘനം അന്യസംസ്ഥാനത്താണെങ്കില്‍ പോലും നിയമനടപടി സ്വീകരിക്കാന്‍ വ്യഗ്രത കാണിക്കുന്ന കേരളപോലീസ് തന്നെ സഘ്പരിവാറുകാരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയുധപ്രദര്‍ശനം നടത്തിയത് 'നോട്ട് ഇന്‍ കേരള' എന്ന് പറഞ്ഞു കൈകഴുകുന്ന 'നിഷ്‌കളങ്കത' കാണാതെപോവരുത്. സംസ്ഥാന ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നവരും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പോലീസും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്ന ഇത്തരം നിലപാടുകളെ ഒരേപോലെ നിശിതമായി വിമര്‍ശിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്.

ന്യൂനപക്ഷങ്ങള്‍ അനാവശ്യമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു എന്നും അവര്‍ അനര്‍ഹമായത് തട്ടിയെടുക്കുന്നു എന്നുമൊക്കെയുള്ള സംഘപരിവാര്‍ വിഷപ്രചാരണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്, അല്ലെങ്കില്‍ മൗനം പാലിച്ചത് കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവുണക്കാന്‍ ഇന്നും സാധിച്ചിട്ടില്ല. പ്രസ്തുത സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയാണ് ജനാധിപത്യ ബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.

ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനും അവരുടെ നേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനും മനഃസാക്ഷിയുള്ളവര്‍ക്ക് സാധിക്കുകയില്ല. രാജ്യത്ത് ഉണ്ടാവുന്ന ഏതൊരു പ്രതിസന്ധിയും ഏതെങ്കിലും ചെറുസംഘത്തെ മാത്രമെ ബാധിക്കുകയുള്ളൂ എന്ന് കരുതുന്നത് മൗഢ്യമാണ്. വര്‍ഗീയവും വംശീയവുമായ ഉന്മൂലനങ്ങളുടെ ചരിത്രത്താളുകള്‍ നമ്മോട് പറയുന്ന യാഥാര്‍ഥ്യം മറിച്ചാണ്. രാജ്യത്തുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും തീര്‍ച്ചയായും ഓരോ പൗരനെയും നേരിട്ടോ അല്ലാതെയോ ബാധിക്കുകതന്നെ ചെയ്യും.

സംഘര്‍ഷഭരിതമായ സാമൂഹിക അന്തരീക്ഷം, അനാരോഗ്യകരമായ സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ എല്ലാവരുടെയും ഉറക്കം കെടുത്തും. താല്‍ക്കാലിക ലാഭങ്ങള്‍ക്കപ്പുറം ഭാവിയില്‍ അതുണ്ടാക്കിയേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറത്തേക്കായിരിക്കാം എന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം വിഷവിത്തുകളെ മുളയിലേ നുള്ളുകയാണ് വിവേകമതികളായ ഭരണാധികാരികള്‍ ചെയ്യേണ്ടത്. അതിനുള്ള ആര്‍ജവം കേരള സര്‍ക്കാര്‍ കാണിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.