ആരോപണങ്ങളില്‍ അഭിരമിക്കുന്നവര്‍

മൂസ സ്വലാഹി, കാര

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 19)

വിശ്വാസശുദ്ധിയും പ്രമാണബദ്ധമായ നിലപാടുകളും ഉത്തമതലമുറയെ മാതൃകയാക്കി പ്രവര്‍ത്തിക്കലുമാണ് വ്യതിയാന കക്ഷികളില്‍നിന്ന് അഹ്‌ലുസ്സുന്നയെ വ്യതിരിക്തമാക്കുന്നത്.

വിജയിച്ചകക്ഷി, സഹായിക്കപ്പെട്ട വിഭാഗം, അഹ്‌ലുല്‍ഹദീഥ്, അഹ്‌ലുല്‍ഇല്‍മ്, അഹ്‌ലുല്‍ അഥര്‍, അഹ്‌ലുല്‍ ജമാഅത്ത്, അസ്സലഫുസ്സ്വാലിഹ് എന്നീ നാമങ്ങളിലെല്ലാം അഹ്‌ലുസ്സുന്ന അറിയപ്പെടുന്നു. മതത്തിന്റെപേരില്‍ ഉടലെടുത്തിട്ടുള്ള പിഴച്ച വിഭാഗങ്ങള്‍ എത്രതന്നെ ഉണ്ടെങ്കിലും അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് അവന്‍ നല്‍കുന്ന സൗഭാഗ്യമാണ് അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ മാര്‍ഗം.

അല്ലാഹു പറയുന്നു: ''അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 5:16).

ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''അതായത്, അപകടകരമായ കാര്യങ്ങളെതൊട്ട് (അവന്‍) അവരെ രക്ഷപ്പെടുത്തുകയും വ്യക്തമായവഴി അവര്‍ക്ക് വെളിവാക്കി കൊടുക്കുകയും വിലക്കപ്പെട്ട കാര്യങ്ങളില്‍നിന്ന് അവരെ തിരിച്ചുകളയുകയും കാര്യങ്ങളില്‍ ഏറ്റവും ഇഷ്ടമായതിനെ അവര്‍ക്ക് കരഗതമാക്കി കൊടുക്കുകയും വഴികേടില്‍നിന്ന്് അവരെ തടയുകയും ഏറ്റവും നല്ല അവസ്ഥയിലേക്ക് അവരെ വഴിനടത്തുകയും ചെയ്തു'' (ഇബ്‌നു കഥീര്‍/ വാള്യം 2).

ആദര്‍ശനിഷ്ഠ കാത്തുസൂക്ഷിക്കുന്ന അഹ്‌ലുസ്സുന്ന വല്‍ജമാഅയെയും അതിന്റെ ആളുകളെയും എതിരാളികള്‍ രൂക്ഷമായി വിമര്‍ശിച്ച സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ അതിനെ നേരിട്ടത് പ്രാമാണിക നിലപാടെടുത്തുകൊണ്ടായിരുന്നു എന്നതിന് അതത് കാലഘട്ടങ്ങളിലെ പണ്ഡിതന്മാരുടെ ജീവിതം തന്നെ തെളിവാണ്.

വഹ്‌യിന്റെ (ദിവ്യബോധനത്തിന്റെ) വെളിച്ചത്തില്‍ നബി ﷺ നടത്തിയ പ്രഖ്യാപനം കാണുക:

മുആവിയ(റ)യില്‍നിന്ന് നിവേദനം; നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ''എന്റെ സമുദായത്തില്‍നിന്നും ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പനകളുമായി നിലകൊള്ളുകതന്നെ ചെയ്യും. അവരെ നിന്ദിക്കുന്നവര്‍ക്കോ അവരോട് എതിര്‍ക്കുന്നവര്‍ക്കോ അന്ത്യനാള്‍വരെ അവരെ ഉപദ്രവിക്കാന്‍ ആവുകയില്ല'' (ബുഖാരി, മുസ്‌ലിം).

ഇനി വിഷയത്തിലേക്കു വരാം. അഹ്‌ലുസ്സുന്നയുടെ ആളുകള്‍ എന്ന് സ്വയം അവകാശപ്പെടുകയും എന്നാല്‍ അതിനെതിരായ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ് സമസ്തക്കാര്‍. മമ്പീതി മുസ്‌ലിയാരെ പുകഴ്ത്തിക്കൊണ്ട് 'സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ല്യാര്‍ എഴുതിയത് കാണുക: ''നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ വ്യാപകമല്ലാത്ത കാലത്ത് സുന്നത്ത് ജമാഅത്തിന്റെ വിരോധികള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഈമാന്‍ കവര്‍ന്നെടുക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തുമായിരുന്നു'' (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ്,37).

മുസ്‌ലിം സമൂഹത്തെ ബാധിച്ചിരുന്ന വിശ്വാസ, കര്‍മ രംഗങ്ങളിലെ ജീര്‍ണതകളില്‍നിന്ന് അവരെ മോചിപ്പിച്ചവരും ശരിയായ പാതയിലേക്ക് വഴി നടത്തിയവരും വഴിനടത്തിക്കൊണ്ടിരിക്കുന്നവരുമാണ് സലഫികള്‍. അവരെയാണ് ലേഖകന്‍ 'സുന്നത്ത് ജമാഅത്തിന്റെ വിരോധികള്‍' എന്നും 'ഈമാന്‍ കവര്‍ന്നെടുക്കുന്നവര്‍' എന്നും വിശേഷിപ്പിച്ചിരിക്കുന്നത്.

നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

 ''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു''(ക്വുര്‍ആന്‍ 62:2).

ലേഖകന്റെ അഭിപ്രായപ്രകാരം ഇതും ഈമാന്‍ കവര്‍ന്നെടുക്കലാണോ? ഇൗ സംസ്‌കരണ പ്രവര്‍ത്തനവും വഴികേടില്‍നിന്ന് മോചിപ്പിക്കലുമാണ് സലഫികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രമാണങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇക്കൂട്ടരുടെ അതിരുകടന്ന വിമര്‍ശനങ്ങള്‍ക്കു കാരണം.

ലേഖകന്‍ തുടരുന്നു: ''പല നാടുകളില്‍നിന്നും ഫറോക്ക് കോളേജില്‍ പഠിക്കാനെത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികളില്‍ പലരും വെള്ളിയാഴ്ച ജുമുഅ നിസ്‌കരിച്ചിരുന്നത് കോളേജിന്റെ തൊട്ടടുത്തുള്ള വഹാബി പള്ളിയിലായിരുന്നു. വഞ്ചനയിലൂടെയും കബളിപ്പിക്കലിലൂടെയും കടന്നുവന്ന പ്രസ്ഥാനമാണല്ലോ വഹാബിസം'' (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 37).

1926 മുതല്‍ മതത്തിന്റെ മറവില്‍ മുസ്‌ലിം സമൂഹത്തെ ആത്മീയമായി ചൂഷണം ചെയ്തുവരുന്ന പ്രസ്ഥാനമാണ് സമസ്ത. തങ്ങള്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അന്യായങ്ങളെ തുറന്നുകാട്ടുന്നവരെ ആക്ഷേപിക്കുകയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുുത്തുകയും ചെയ്യല്‍ ഇക്കൂട്ടരുടെ പണ്ടുമുതലേയുള്ള സ്വഭാവമാണ്.

അല്ലാഹുവില്‍നിന്ന് നബി ﷺ കൊണ്ടുവന്ന സുവ്യക്തവും സംശയരഹിതവുമായ മാര്‍ഗം വെടിഞ്ഞ്, അത് സത്യസന്ധമായി കൊണ്ടുനടക്കുന്നവര്‍ക്ക് നേരെ ആക്ഷേപശരങ്ങള്‍ എയ്തുവിടുന്നത് അന്ത്യനാളില്‍ ഖേദത്തിനും നഷ്ടത്തിനും മാത്രമെ കാരണമാകൂ എന്ന് ഓര്‍മപ്പെടുത്തുകയാണ്.

പ്രവാചകമാര്‍ഗത്തെ അവഗണിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹു നല്‍കിയ മുന്നറിയിപ്പ് കാണുക:

''അക്രമം ചെയ്തവന്‍ തന്റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും: റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 25:27-29).

ലേഖകന്‍ എഴുതുന്നു: ''വഹാബി കുതന്ത്രങ്ങളില്‍പെട്ട് സുന്നി മക്കളുടെ വിശ്വാസം അപകടപ്പെടുന്നത് കണ്ട് സംഘര്‍ഷഭരിതമായ അദ്ദേഹത്തിന്റെ മനസ്സ് തരളിതമാക്കാന്‍ പ്രാപ്തമായിരുന്നു ആ ഗ്രന്ഥം. അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ പ്രമാണങ്ങളുടെ അകമ്പടിയോടെ വസ്തുനിഷ്ഠമായി സ്ഥാപിക്കുന്നതോടൊപ്പം, വികലമായ വഹാബി ആശയത്തെ ശക്തമായി ഖണ്ഡിക്കുന്നതുമായ പ്രസ്തുത ഗ്രന്ഥം ഉസ്താദിനെ ഹഠാദാകര്‍ഷിച്ചു'' (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 37).

ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശത്തിന് ഒട്ടും വിലകല്‍പിക്കാത്തവര്‍ക്കേ ഈവിധത്തില്‍ സലഫികളെ പരിഹസിക്കാന്‍ കഴിയൂ. അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങള്‍ക്ക് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ അഹ്‌ലുസ്സുന്നയുടെ വക്താക്കളായി സ്വയം വിശേഷിപ്പിക്കുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്തു പറയാന്‍!

ബഹുദൈവാരാധകരില്‍നിന്ന് വിശ്വാസികള്‍ക്ക് ഉപദ്രവമുണ്ടായപ്പോള്‍ അല്ലാഹു അവരെ ആശ്വസിപ്പിച്ചത് ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. സത്യമതപ്രബോധകര്‍ക്ക് അത് വല്ലാത്ത ആശ്വാസം നല്‍കുന്നതാണ്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നും ബഹുദൈവാരാധകരില്‍നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു'' (ക്വുര്‍ആന്‍ 3:186).

ലേഖകന്‍ തുടരുന്നു: ''അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിരോധികളെ കൈകാര്യം ചെയ്യുന്ന മലയാള കൃതികള്‍ ഇത്രമേല്‍ വ്യാപകമായിരുന്നില്ല അക്കാലത്ത്. അഹ്‌ലുസ്സുന്നയുടെ പ്രാമാണികതയും പുത്തന്‍വാദത്തിന്റെ നിരര്‍ഥകതയും സവിസ്തരം പ്രതിപാദിച്ച് ഉസ്താദ് 'സുന്നി' രചിച്ചു. വഹാബിസത്തിന്റെ വികൃതാശയങ്ങളെ പ്രമാണബദ്ധമായി കൈകാര്യം ചെയ്യുന്ന ഈ ഗ്രന്ഥം കേരളീയ സമൂഹത്തിന് ആദര്‍ശരംഗത്ത് വലിയ സഹായകമായി''(സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 38).

1924ല്‍ ഔദ്യേഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട പണ്ഡിത സംഘടനയാണ് 'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.' ഈ പണ്ഡിതസഭയില്‍ നിന്നുകൊണ്ട് ആത്മീയ ചൂഷണം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതില്‍നിന്ന് പുറത്തുപോയവര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഇന്നത്തെ 'സമസ്ത.' ഇവര്‍ പിന്നീട് പലവിഭാഗങ്ങളായി വേര്‍പിരിഞ്ഞെങ്കിലും ആദര്‍ശത്തില്‍ വ്യത്യാസമൊന്നുമില്ല. അഹ്‌ലുസ്സുന്നയെന്ന പേരില്‍ അറിയപ്പെടാന്‍ എല്ലാവരും മത്സരിക്കുന്നു; സലഫികളെ എതിര്‍ക്കുന്നതിലും വിമര്‍ശിക്കുന്നതിലും എല്ലാവരും സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)പറയുന്നു:

''അവര്‍(അഹ്‌ലുസ്സുന്ന) അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ പ്രവാചകന്റെ സുന്നത്തിനെയും ഏതൊന്നിലാണോ സ്വഹാബത്തും അവരെ നല്ലരൂപത്തില്‍ പിന്‍പറ്റിയവരും ഏകോപിച്ചിട്ടുള്ളത് അതിനെയും മുറുകെപിടിക്കുന്നവരാണ്'' (മജ്മൂഉല്‍ ഫതാവാ/വാള്യം 3/പേജ് 375).

ഇബ്‌നു കഥീര്‍(റഹി)പറയുന്നു: ''ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യതലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയാണവര്‍'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍/വാള്യം 3/പേജ് 574).

ഇമാം ശാത്വിബി(റഹി), ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റഹി), ഇബ്‌നു റജബ്(റഹി) എന്നിവരെല്ലാം ഇതിനെ സംബന്ധിച്ച് വിശദീകരിച്ചുണ്ട്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യതലമുറയെയും താബിഉകളെയും പിന്‍പറ്റാത്തവര്‍ക്ക് ഞങ്ങള്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണെന്ന് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്?

വിമര്‍ശകന്‍ തുടരുന്നു: ''സമൂഹത്തിന്റെ പ്രതീക്ഷകളായ ചെറുപ്പക്കാരുടെ ആദര്‍ശം സംരക്ഷിക്കാന്‍ എന്തുണ്ട് വഴി എന്ന് അദ്ദേഹം ഗഹനമായി ചിന്തിച്ചു. ചെറുപ്പക്കാരെ ബന്ധപ്പെട്ട് അവര്‍ക്ക് വ്യക്തിപരമായി അഹ്‌ലുസ്സുന്നയുടെ വിശ്വാസം സമര്‍ഥിച്ച് കൊടുക്കലും ബിദ്അത്തിന്റെ വൈകല്യം ബോധ്യപ്പെടുത്തലുമാണ് ഉത്തമ മാര്‍ഗമെന്ന് ബോധ്യപ്പെട്ടു''(സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 38).

യുവാക്കളെ മാത്രമല്ല, സമൂഹത്തെ മൊത്തത്തില്‍ അന്ധവിശ്വാസങ്ങളില്‍ തളച്ചിടുന്ന തീരുമാനങ്ങളാണല്ലോ സമസ്ത ഇതപര്യന്തം എടുത്തിട്ടുള്ളത്. ആരാധനകള്‍ പോലും അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിച്ച് ഇസ്‌ലാമിന്റെ ആദര്‍ശത്തോട് തീരെ പ്രതിബദ്ധത കാണിക്കാത്തവരില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം. തങ്ങളുടെ പിഴച്ചവഴികളെ പിശാച് ഭംഗിയാക്കി തോന്നിച്ചാല്‍ പിന്നെ നേര്‍മാര്‍ഗം പ്രാപിക്കല്‍ അത്ര എളുപ്പമാകില്ല.

അല്ലാഹു പറയുന്നു: ''ആദ്, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി). അവരുടെ വാസസ്ഥലങ്ങളില്‍നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു'' (ക്വുര്‍ആന്‍ 29:38).

ലേഖകന്‍ എഴുതുന്നു: ''ആദര്‍ശ രംഗത്ത് ഇത്രയും ദൃഢതയോടെ നിലപാടെടുക്കാന്‍ ഉസ്താദിന്റെ പിന്‍ബലം മഹാനായ സി.എം വലിയ്യുല്ലാഹി മടവൂര്‍(ഖ.സി)വാണ്. വഹാബി ശല്യം മൂലം പേടിയാവുന്നു വെന്ന് ഒരിക്കല്‍ അദ്ദേഹം സിഎമ്മിനോട് പരാതിപ്പെട്ടു. പേടിക്കേണ്ട എന്നായിരുന്നു മറുപടി. പിന്നീട് ഭയന്നിട്ടില്ല. ധീരതയോടെ മുന്നോട്ടുതന്നെ'' (സുന്നിവോയ്‌സ്/2020 ജൂലൈ 16-31/പേജ് 39).

തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക, ശിര്‍ക്കിന്റെ ഗൗരവം ഉണര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ക്ക് 'വഹാബികള്‍' ചെയ്യുന്ന ശല്യം. അതിനെ മമ്പീതിയും പേടിച്ചിരുന്നുവെന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. സലഫികള്‍ ഇന്നേവരെ കായികമായി ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല. യഥാര്‍ഥ വിശ്വാസികള്‍ പേടിക്കേണ്ടതില്ല എന്ന് അല്ലാഹു പറയുന്നുണ്ട്. എന്നാല്‍ സിഎമ്മിനെ പോലുള്ളവരില്‍ തവക്കുല്‍ ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ ആശ്വാസവചനങ്ങളില്‍ അഭയം കണ്ടെത്താന്‍ കഴിയില്ലല്ലോ.

ഇമാം അബൂശാമ അല്‍മക്വ്ദിസി(റഹി) പറഞ്ഞു: ''ജമാഅത്തിനെ മുറുകെപിടിക്കണം എന്ന കല്‍പനയുടെ ഉദ്ദേശ്യം സത്യത്തെ മുറുകെപിടിക്കണമെന്നും പിന്‍പറ്റണമെന്നുമാണ്. അതിനെ മുറുകെപിടിക്കുന്നവര്‍ എത്ര കുറച്ചാണെങ്കിലും, അതിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ വളരെ കൂടുതലാണെങ്കിലും ശരി. കാരണം സത്യമെന്നു പറയുന്നത് പ്രവാചകനും ﷺ അദ്ദേഹത്തിന്റെ അനുചരന്മാരായ സ്വഹാബത്തും അടങ്ങുന്ന ഒന്നാമത്തെ ജമാഅത്ത് ഏതൊന്നില്‍ നിലകൊണ്ടോ അതാണ്. അതിനുശേഷം വന്ന ബാത്വിലിന്റെ (അസത്യത്തിന്റെ) ആളുകളുടെ ആധിക്യത്തിലേക്ക് നോക്കേണ്ടതില്ല'' (അല്‍ബാഇസ്/പേജ് 22).