വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ആഗസ്ത് 21 1442 മുഹര്‍റം 12

(ഭാഗം: 02)

മാതാപിതാക്കള്‍ക്ക് നന്മചെയ്യലും അവരോടുള്ള കടപ്പാടുകളും സംബന്ധിച്ചുള്ള ഏതാനും ക്വുര്‍ആന്‍ വചനങ്ങള്‍ നാം കണ്ടു. ഈ വിഷയത്തില്‍ ധാരാളം നബിവചനങ്ങളും കാണാവുന്നതാണ്. അവയില്‍ ചിലത് കാണുക:

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ''മാതാപിതാക്കളെ (അന്യരുടെ) അടിമകളായി കണ്ടിട്ട് അവരെ വിലകൊടുത്തുവാങ്ങി മോചിപ്പിച്ചാലല്ലാതെ ഒരു സന്താനത്തിന് അവരോട് പ്രത്യുപകാരം ചെയ്യാന്‍ സാധിക്കുന്നതല്ല'' (മുസ്‌ലിം).

അത്രമാത്രം കടപ്പാട് മക്കള്‍ക്ക് മാതാപിതാക്കളോടുണ്ട് എന്നാണ് ഈ വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) വീണ്ടും ഉദ്ധരിക്കുന്നു: ''തന്റെ മാതാപിതാക്കളെ ഒരാളെയോ രണ്ടാളെയും തന്നെയോ (അവരുടെ) വാര്‍ധക്യകാലത്ത് തനിക്ക് കിട്ടിയിട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍ നിന്ദ്യനാണ്! നിന്ദ്യനാണ്! നിന്ദ്യനാണ്!'' (മുസ്‌ലിം).

വൃദ്ധമാതാപിതാക്കളെ പരിചരിക്കാന്‍ അവസരം ലഭിച്ചിട്ടും അത് നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിച്ചവര്‍ വലിയ ഭാഗ്യഹീനരാണെന്ന് ഈ നബിവചനം വ്യക്തമാക്കുന്നു.

മാതാപിതാക്കളെ വെറുപ്പിക്കല്‍ മഹാപാപങ്ങളില്‍ പെട്ടതാണ്. നബി ﷺ പറഞ്ഞതായി അബ്ദുല്ലാഹിബ്‌നുഅംറുബ്‌നുല്‍ ആസ്വ്(റ) ഉദ്ധരിക്കുന്നു: ''മഹാപാപങ്ങള്‍ എന്നാല്‍, അല്ലാഹുവിനോട് പങ്കുചേര്‍ക്കലും മാതാപിതാക്കളെ വെറുപ്പിക്കലും ആളെ കൊലപ്പെടുത്തലും കള്ളസത്യം ചെയ്യലുമാകുന്നു'' (ബുഖാരി, മുസ്‌ലിം).

പിതാക്കളെക്കാള്‍ മാതാക്കളോടാണ് മക്കള്‍ക്ക് കൂടുതല്‍ കടപ്പാടുള്ളതെന്നും ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാക്കാം. ഗര്‍ഭകാലത്തും പ്രസവിച്ചശേഷം മുലകുടിപ്രായം കഴിയുന്നതുവരെയും മക്കള്‍ക്കുവേണ്ടി ഏറ്റവുമധികം ബുദ്ധിമുട്ടും കഷ്ടപ്പാടും അനുഭവിക്കുന്നത് മാതാക്കളാണല്ലോ.

സത്യവിശ്വാസികളായ ആളുകള്‍ തങ്ങളുടെ മാതാപിതാക്കളോട് എത്രമാത്രം സൗമ്യമായും സ്‌നേഹത്തിലും പെരുമാറേണ്ടതുണ്ടെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ധാര്‍മികമൂല്യങ്ങളും മാനുഷികഗുണങ്ങളും ഓരോന്നോരോന്നായി ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, മീതെയുള്ളവരോടു ബഹുമാനവും സമന്‍മാരോട് സ്‌നേഹവും താഴെയുള്ളവരോട് കൃപയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, മാതാപിതാക്കളോട് മക്കള്‍ക്ക് പ്രത്യേക കടമകളൊന്നുമില്ലെന്നുവരെ പറയാന്‍ മടികാണിക്കാത്തവരുള്ള ഇക്കാലത്ത് ഇസ്‌ലാമികപ്രമാണങ്ങളെ അംഗീകരിക്കുന്ന ഓരോ മുസ്ലിമും ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.

വിവരവും വിദ്യാഭ്യാസവുമുള്ളവരില്‍ പോലും വൃദ്ധരായ മാതാപിതാക്കളുടെ നേരെ അനാദരവും അവഗണനയും കാണിക്കുന്നവര്‍ ധാരാളമുണ്ടെന്നുള്ളത് വളരെ ഖേദകരവും ലജ്ജാവഹവുമത്രെ! വാര്‍ധക്യത്തിലെത്തിയവര്‍ റോഡരികിലും മറ്റുമൊക്കെയായി ഉപേക്ഷിക്കപ്പെട്ടതിനെ സംബന്ധിച്ച് വന്ന ചില വാര്‍ത്തകള്‍ കാണുക:

''24 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നവരെ പലസമയങ്ങളിലായി ബന്ധുക്കള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ചിലരെ സന്നദ്ധപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പലരും മാസങ്ങളായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്. പ്രായാധിക്യംമൂലമുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരും. വീടുകളില്‍ വിവരമറിയിച്ചിട്ടും ആരും വരാത്ത സാഹചര്യത്തില്‍ പ്രശ്നം ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രദ്ധയിലുള്‍പ്പെടുത്തിയിരിക്കുകയാണ്.''

''വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു: തിരുവനന്തപുരം തിരുമലയില്‍ വൃദ്ധയായ അമ്മയെ മക്കള്‍ വഴിയില്‍ ഉപേക്ഷിച്ചു. കണ്ണേറ്റുമുക്ക് സരസ്വതി അമ്മയെ(95)യാണ് തിരുമല മഹാദേവ ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചത്. ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുവന്ന് റോഡരികില്‍ കസേരയിട്ട്  ഇരുത്തിയശേഷം മക്കള്‍ കടന്നുകളയുകയായിരുന്നു.''

''കോതമംഗലം: കോട്ടപ്പടിയില്‍ വൃദ്ധമാതാവിനെ ഉപേക്ഷിച്ച് മകന്‍ വീട് വിട്ടുപോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കോട്ടപ്പടിയിലെ എഴുപതുകാരി സാറാ മത്തായിയെയാണ് മകന്‍ വീട്ടില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാകമ്മീഷന്‍ അംഗം ഷിജി ശിവജി, സാറാ മത്തായിയെ സന്ദര്‍ശിക്കും. മകന്‍ അടുക്കള ഉള്‍പ്പെടെ പൂട്ടി വീടുവിട്ട് പോയതിനാല്‍ ശുചിമുറിയില്‍നിന്ന് വെള്ളമെടുത്താണ് സാറ ഇപ്പോള്‍ ഭക്ഷണം ഉണ്ടാക്കുന്നത്.''

അനേകം വാര്‍ത്തകളില്‍ രണ്ടുമൂന്നെണ്ണം ഉദാഹരണമായി നല്‍കിയതാണ് മുകളില്‍ വായിച്ചത്. ഇവിടെയാണ് വൃദ്ധരായ മാതാപിതാക്കളോടും വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നവരോടും എങ്ങനെ പെരുമാറണമെന്ന ഇസ്‌ലാമിക പാഠങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്.

അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരായിരിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 17:25).

മനുഷ്യമനസ്സുകളിലെ വിചാരവികാരങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ വ്യക്തമായി അറിയുന്നവനാണ് അല്ലാഹു. മനുഷ്യന്‍ സല്‍കര്‍മങ്ങള്‍ മുഖേന നല്ലവനായിത്തീരുന്നപക്ഷം സ്വന്തം പാകപ്പിഴവുകളെയും തെറ്റുകുറ്റങ്ങളെയും സംബന്ധിച്ച് ഖേദവും പശ്ചാത്താപവുമുണ്ടായിരിക്കുക എന്നത് അതിന്റെ അനിവാര്യ ഫലമാണ്. ഈ സൂക്തം ചില സൂചനകള്‍ നല്‍കുന്നുണ്ട്:

1. മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും നയത്തിലും നിങ്ങളുടെ യഥാര്‍ഥ മനഃസ്ഥിതി എന്താണെന്ന്അല്ലാഹുവിനു നല്ലപോലെ അറിയാം. അതുകൊണ്ട് ഹൃദയം തീണ്ടാത്ത ബാഹ്യപ്രകടനങ്ങളൊന്നും അവന്റെയടുക്കല്‍ സ്വീകാര്യമായിരിക്കുകയില്ല.

2. സദുദ്ദേശ്യത്തോടു കൂടിയും ആത്മാര്‍ഥതയോടുകൂടിയും നിങ്ങളാല്‍ കഴിയുന്നവിധം നല്ല നിലയ്ക്ക് നിങ്ങള്‍ അവരോടു പെരുമാറുന്നതായാല്‍, നിങ്ങള്‍ അറിയാതെയോ നിങ്ങള്‍ക്കു കഴിയാതെയോ വരുന്ന പോരായ്മകളെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരും.

കേരളത്തിലെ പ്രഗത്ഭരായ ചില കവികളുടെ കവിതാശലകങ്ങള്‍ സന്ദര്‍ഭോചിതമെന്ന നിലയില്‍ താഴെ കൊടുക്കുന്നു:

മാതാവിനെക്കുറിച്ച് 'സാഹിത്യമഞ്ജരി'യില്‍ വള്ളത്തോള്‍ എഴുതി:

''മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മാതാവിന്‍ വാത്സല്യദുഗ്ധം നുകര്‍ന്നാലേ

പൈതങ്ങള്‍ പൂര്‍ണവളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ...''

രമണനില്‍ ചങ്ങമ്പുഴയുടെ വരികള്‍ നമുക്കിങ്ങനെ കാണാം:

''ഒക്കെശ്ശരിതന്നെയെങ്കിലും

നിന്നച്ഛനുമമ്മയും ഓര്‍ത്തുനോക്കൂ

പാകതയില്ലാത്ത നമ്മളെക്കാള്‍

ലോകപരിചയം നേടി നേടി,

നന്മയും തിന്മയും വേര്‍ത്തിരിക്കാന്‍

നമ്മളെക്കാളും മനസ്സിലാക്കി,

എന്തു ചെയ്യാനുമഗാധമായി-

ച്ചിന്തിച്ചു ചിന്തിച്ചു മൂര്‍ച്ചകൂട്ടി

ഉല്ലസിക്കുന്ന ഗുരുക്കളാണേ

വെള്ളിത്തലമുടിയുള്ള കൂട്ടര്‍

അമ്മഹാത്മാക്കള്‍ക്കഹിതമായി

നമ്മളൊരിക്കലും ചെയ്തുകൂടാ''

'അല്‍മവാഹിബുല്‍ജലിയ്യ'യില്‍ തഴവ കുഞ്ഞുമുഹമ്മദ് മൗലവി എഴുതുന്നു:

''നിനക്കായവര്‍ ക്ലേശങ്ങളെന്തു സഹിച്ചതാ

അതുപോലെതന്നവരെന്ത് ദുഃഖം തിന്നതാ

കരയാത്ത കണ്ണും കവിഞ്ഞൊഴുകുന്നതാ

നീ രോഗിയായാല്‍ നൊമ്പരം അവര്‍ക്കുള്ളതാ

കൈത്തണ്ടിലിട്ടവരെന്തു താരാട്ടുന്നതാ

നിനക്കുള്ള  പുഞ്ചിരി കണ്ടവര്‍ രസിക്കുന്നതാ

ഒലിക്കുന്ന ചുണ്ടില്‍തന്നവര്‍ മുത്തുന്നതാ

അവര്‍ക്കുള്ള നെഞ്ചും മെത്തപോല്‍ വിരിച്ചിട്ടതാ

നീ എത്രകാലമതില്‍ കിടന്നു സുഖിച്ചതാ

കാണേണ്ട സമയം തെറ്റിയാല്‍ ക്ഷമയറ്റതാ

ഹബ്‌സില്‍ (തടവറ) അവര്‍ അകപ്പെട്ടപോല്‍ തോന്നുന്നതാ

അവരെത്ര രാത്രി നിനക്കുറക്കമൊഴിഞ്ഞതാ

വിശപ്പെത്രയോ സഹിച്ചിട്ട് നിന്നെ നിറച്ചതാ

തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്ന തത്വം സത്യമാ

അത് കാക്കയില്‍ നീ നോക്കിയാലും വ്യക്തമാ.''

യുദ്ധത്തിന് പോകാന്‍ അനുവാദം തേടിച്ചെന്ന സ്വഹാബിയോട് താങ്കള്‍ക്ക് വയസ്സായ മാതാപിതാക്കളുണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെന്ന് മറുപടി പറഞ്ഞപ്പോള്‍ അവരെ പരിചരിക്കാന്‍ തിരിച്ചുപോകുവാന്‍ പറയുകയുമാണ് നബി ﷺ ചെയ്തത്. പ്രായമായ മാതാപിതാക്കളെ പരിചരിക്കല്‍ ജിഹാദിനെക്കാള്‍ നന്മയുള്ളതാണെന്ന് ഇതിലൂടെ നബി ﷺ സമൂഹത്തെ പഠിപ്പിച്ചു.

നബി ﷺ അരുളി: ''ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരുടെ മഹത്ത്വം മനസ്സിലാക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പെട്ടവരല്ല'' (തിര്‍മിദി).

ഇസ്‌ലാമിക കര്‍മങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള നമസ്‌കാരം സംഘമായി (ജമാഅത്തായി) നിര്‍വഹിക്കുമ്പോള്‍ പോലും ദുര്‍ബലരെ പ്രയാസപ്പെടുത്തുംവിധം ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്ത് നീട്ടരുതെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. പ്രായമായവര്‍ ആരാണെങ്കിലും ദുര്‍ബലരായിരിക്കുമല്ലോ.

പ്രായമായ പിതാവിനെയുംകൊണ്ട് നബി ﷺ യുടെ അടുക്കല്‍ വന്ന അബൂബക്കര്‍ സിദ്ദീക്വി(റ)നോട് നബി ﷺ പറഞ്ഞു: ''...പിതാവിനെ വീട്ടില്‍ നിര്‍ത്തിക്കൂടായിരുന്നോ; ഞാന്‍ അങ്ങോട്ട് വരുമായിരുന്നല്ലോ...'' (അഹ്മദ്).

പ്രായമായ പിതാവിനെ തന്റെ അടുത്തേക്ക് കൊണ്ടുവന്നതിനെ നബി ﷺ തിരുത്തുകയാണ്. ഞാന്‍ അങ്ങോട്ട് വന്നുകാണുമായിരുന്നല്ലോ എന്നു നബി ﷺ പറഞ്ഞതില്‍നിന്നും അദ്ദേഹത്തിന്റെ വിനയവും പ്രായമായവരെ ബഹുമാനിക്കേണ്ടതിന്റെയും പ്രയാസപ്പെടുത്താതിരിക്കേണ്ടതിന്റെയും അനിവാര്യതയും വ്യക്തമാകുന്നു.

പ്രായമായവരെ ബഹുമാനിക്കല്‍ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്.

അബൂമൂസല്‍ അശ്അരി(റ) നിവേദനം; നബി ﷺ പറഞ്ഞു: ''മുസ്‌ലിമായ പ്രായംചെന്നവരെ ആദരിക്കല്‍ അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നതില്‍ പെട്ടതാണ്...'' (അബൂദാവൂദ്).

അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ നബി ﷺ യുടെ തശഹ്ഹുദിലെ പ്രാര്‍ഥനകളില്‍ ഒന്ന് ഇപ്രകാരമാണ്:

''അല്ലാഹുവേ പിശുക്കില്‍നിന്നും, ഉദാസീനതയില്‍ നിന്നും, അവശപ്രായത്തില്‍ നിന്നും, ക്വബ്‌റിലെ ശിക്ഷയില്‍നിന്നും, ദജ്ജാലിന്റെ കുഴപ്പത്തില്‍ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പത്തില്‍ നിന്നും ഞാന്‍ നിന്നോടു രക്ഷ തേടുന്നു'' (ബുഖാരി).

അതെ, അവശപ്രായത്തിലേക്ക് എത്തിയാല്‍ വളരെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും. ദൈനംദിന പ്രാഥമിക കര്‍മങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിയാത്ത, കാഴ്ചയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവസ്ഥ വല്ലാത്തൊരു പരീക്ഷണം തന്നെയാണ്. സ്വന്തക്കാര്‍ക്കുപോലും അത്തരക്കാര്‍ ഭാരമായി മാറും. അല്ലാഹു അത്തരം അവസ്ഥയില്‍നിന്ന് നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ. വൃദ്ധമാതാപിതാക്കളോട് കാരുണ്യം കാണിച്ചും അവരെ ശുശ്രൂഷിച്ചും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുവാന്‍ ശ്രമിക്കുക.