'പരിഗണന'യെ പരിഗണിക്കുക

അബൂതന്‍വീല്‍

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

സാമൂഹ്യജീവിയായ മനുഷ്യന്‍ പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തിത്വം അനിവാര്യമാണ്. അത്തരത്തിലുള്ള പെരുമാറ്റരീതിയും ജീവിതശൈലിയും വിശ്വാസികള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു,

മാതാപിതാക്കളോടുള്ള ബാധ്യതകളെ സംബന്ധിച്ച ക്വുര്‍ആനിക അധ്യാപനം ഇതിന് ഉത്തമോദാഹരണമാണ്. പ്രായമുള്ളവരെയും പാണ്ഡിത്യമുള്ളവരെയും ഉന്നത സ്ഥാനീയരെയും അര്‍ഹിക്കുന്ന ആദരവോടെ കാണേണ്ടതുണ്ട്. പ്രായത്തില്‍ ഇളയവരോട് കരുണ കാണിക്കുവാനും അനാഥര്‍, അഗതികള്‍, ദുര്‍ബലര്‍ തുടങ്ങിയവരോട് അനുകമ്പ കാണിക്കുവാനും നബി ﷺ കല്‍പിച്ചതിലൂടെ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നു.

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ  'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക'' (ക്വുര്‍ആന്‍ 17:23).

നബി ﷺ പറഞ്ഞു: ''നമ്മിലെ ഇളയവരോട് കാരുണ്യം കാണിക്കാത്തവരും മുതിര്‍ന്നവരോട് ബഹുമാനം കാണിക്കാത്തവരും നമ്മില്‍പെട്ടവരല്ല'' (തിര്‍മിദി).

അവശതയുടെ ഘട്ടമായ വാര്‍ധക്യത്തില്‍ അര്‍ഹമായ പരിഗണനയും ആദരവും വൃദ്ധര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

നബി ﷺ പറഞ്ഞു: ''ഒരു യുവാവ് ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ആദരിച്ചാല്‍ ഈ യുവാവ് വൃദ്ധനാകുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹു ഉണ്ടാക്കുന്നതാണ്'' (തിര്‍മിദി).

ജാബിറി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ യാത്രയ്ക്കിടയില്‍ പലപ്പോഴും പിന്തിച്ചുനില്‍ക്കുന്നത് കാണാം. എന്നിട്ട് ശക്തികുറഞ്ഞവരെ (ക്ഷീണിച്ച് കുഴഞ്ഞ് ഒപ്പമെത്താന്‍ കഴിയാത്തവരെ) അവിടുന്ന് ഒപ്പം കൂട്ടും. അത്തരക്കാരെ തന്റെ വാഹനപ്പുറത്ത് പിന്നില്‍ കയറ്റിയിരുത്തുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു അവിടുന്ന്'' (അബൂദാവൂദ്).

ഉപരിസൂചിത പ്രവാചക വചനങ്ങളില്‍നിന്ന് 'പരിഗണന' എന്നതിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം നമുക്ക് ദര്‍ശിക്കാനാകും. 'പരിഗണന'യുടെ അഭാവത്തിന് നിലവിലെ അണുകുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടും ആക്കംകൂട്ടുന്നുവെന്നത് ഒരു വസ്തുതയാണ്. ഇവിടെയാണ് പ്രവാചകാധ്യാപനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടത്.

എത്രത്തോളമെന്നാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവരോട് ദുര്‍ബലരായ ആളുകളെയും പ്രായം ചെന്നവരെയും ചെറിയ കുട്ടികളെയും പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്ന് നബി ﷺ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെ ങ്കിലും വേണം.

നബി ﷺ പറഞ്ഞു: ''നിങ്ങള്‍ അസ്ത്രവുമായി പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ നടക്കുക യാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതുകാരണം അപകടം പിണയാതിരിക്കാന്‍ അതൊഴിവാക്കുക. അല്ലെങ്കില്‍ അതിന്റെ മുന പിടിച്ചുവയ്ക്കുക'' (ബുഖാരി, മുസ്‌ലിം).

വളരെ നിസ്സാരമാണു കാര്യം. പക്ഷേ, സാമൂഹിക ജീവതത്തില്‍ ഈ നിസ്സാര കാര്യം പോലുമുണ്ടാക്കുന്ന പ്രതിഫലനം മൂന്‍കൂട്ടി കണ്ടുകൊണ്ടുള്ള അധ്യാപനങ്ങളാണ് ഇസ്‌ലാമിന്റെത്. ഇന്ന് അതിരാവിലെ ബസ്സില്‍ കയറിയാല്‍ പണിയായുധങ്ങളുമായി തിക്കിത്തിരക്കി പാഞ്ഞുകയറുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാണാം. അവരുടെ പക്കല്‍ മൂര്‍ച്ചയുള്ളതും അല്ലാത്തതുമായ പല ആയുധങ്ങളുമുണ്ടാകും. ബസ്സിലെ മറ്റു യാത്രക്കാര്‍ക്ക് അപകടം പിണയാതിരിക്കാന്‍ ഇത്തരത്തില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നവരെല്ലാം ശ്രദ്ധിേക്കണ്ടതുണ്ട്.  

നബി ﷺ പറഞ്ഞു: ''ജനങ്ങളോടു കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).

വിശ്വാസികള്‍ പരസ്പരമുളള ബാധ്യതകള്‍ എണ്ണിപ്പറഞ്ഞേടത്തും പരിഗണനയുടെ പ്രാധാന്യം വ്യക്തമാകും. 'സലാം ചൊല്ലിയാല്‍ മടക്കുക, രോഗിയായല്‍ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ അനുഗമിക്കുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക. തുമ്മിയാല്‍ തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക; അതിന് പ്രതിവചിക്കുക...' സാമൂഹിക ബന്ധം സുദൃഢമാക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വന്ന പ്രവാചക വചനങ്ങളില്‍ പരിഗണനയുമായി ബന്ധപ്പെട്ട് വന്ന ധാരാളം നിര്‍ദേശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

ഒരിക്കല്‍ പ്രവാചകന്‍ ﷺ ഒരു സദസ്സില്‍ ഇരിക്കെ കുടിക്കാനായി ലഭിച്ച പാല്‍ അല്‍പം ബാക്കിയായി. പ്രവാചകന്റെ വലതുഭാഗത്ത് ഒരു ചെറിയ കുട്ടിയായിരുന്നു ഇരുന്നിരുന്നത്. പ്രവാചകന്‍ ﷺ ആ കുട്ടിയോട് ചോദിച്ചു: 'ഇത് ഞാന്‍ വലിയവര്‍ക്ക് നല്‍കട്ടെ?' ആ കുട്ടി പറഞ്ഞു: 'ഇല്ല പ്രവാചകരേ, അതിന് ഞാന്‍ തന്നെയാണ് അര്‍ഹന്‍.' അങ്ങനെ പ്രവാചകന്‍ ﷺ ആ കുട്ടിക്കുതന്നെ അത് കൊടുത്തു.

ഈ സംഭവത്തില്‍നിന്നും രണ്ട് കാര്യം മനസ്സിലാക്കാം: 'അതൊരു കുട്ടിയല്ലേ' എന്ന ചിന്തയില്‍ നബി ﷺ ആ കുട്ടിയെ പരിഗണിക്കാതെ വിട്ടില്ല, അവനോട് അനുവാദം ചോദിച്ചു. ഏതൊരു കാര്യത്തിലും വലതുഭാഗത്തെ മുന്തിക്കണം.  

പ്രവാചകന്‍ ﷺ നമസ്‌കാരത്തിലായിരിക്കെ പേരക്കിടാങ്ങള്‍ മുതുകില്‍ കയറി കളിക്കുകയും അവിടുന്ന് അവര്‍ക്കുവേണ്ടി സാവകാശം കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ നമ്മുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരുമായി നാം സംസാരിക്കുന്ന സമയത്ത് നമ്മുടെ മക്കളോ പേരക്കുട്ടികളോ അവിടേക്ക് വന്നാല്‍ അവരെ പരിഗണിക്കാതിരിക്കുകയും ഒരുപക്ഷേ, ഒച്ചവെച്ച് അവരെ ഭയപ്പെടുത്തി പറഞ്ഞയക്കുകയുമാണ് ചെയ്യാറുള്ളത്.

സ്‌നേഹം, ആദരവ്, ദയ, അംഗീകാരം ഇവയൊക്കെ വിശ്വാസിയുടെ ജീവിതത്തില്‍ നില നിര്‍ത്തിപ്പോരേണ്ട സദ്ഗുണങ്ങളാണ്. ഔപചാരികമായ നാട്യങ്ങള്‍ക്ക് ആത്മാര്‍ഥ ബന്ധത്തില്‍ ഒരു സ്ഥാനവുമില്ല. നാട്യങ്ങളല്ല പ്രധാനം; വ്യക്തികള്‍ക്കിടയിലെ രൂഢമൂലമായ സ്‌നേഹമാണ്.

തന്റെ കൂടെ ജോലി ചെയ്യുന്നവരോടാണെങ്കിലും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടായാലും ഓരോരുത്തരും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ആദരവും അനുവദിച്ചുകൊടുക്കുന്നിടത്താണ് വിശ്വാസിയുടെ വിജയം.

ആത്മാര്‍ഥമായ സ്‌നേഹം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കതീതമാണ്. വ്യക്തിപരമായ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പ്രകടമാക്കുന്ന സ്‌നേഹം അധികവും കപടമായിരിക്കും. വിശ്വാസിയുടെ സ്‌നേഹം ആത്മാര്‍ഥമായിരിക്കണം. മാനവസ്‌നേഹത്തിന്റെ ഉദാത്തതലങ്ങളിലാണു സാമൂഹിക ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. ഇസ്‌ലാം വിശാലമായ സ്‌നേഹ സാമ്രാജ്യത്തിലേക്കു മനുഷ്യ സമൂഹത്തെ നയിക്കുന്നു.

സത്യവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ സാധിക്കുക മൂന്നു ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാകുമ്പോഴാണ് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്:  

ഒന്ന്, മറ്റെല്ലാവരെക്കാളും അല്ലാഹുവിനോടും പ്രവാചകനോടും സ്‌നേഹമുണ്ടാവുക. രണ്ട്, അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിക്കുക. മൂന്ന്, നരകത്തിലെറിയപ്പെടും പ്രകാരം-അല്ലാഹു അവനെ രക്ഷപ്പെടുത്തിയിട്ടും-സത്യനിഷേധത്തിലേക്ക് മടങ്ങുന്നതില്‍ വെറുപ്പ് തോന്നുക. (ബുഖാരി, മുസ്‌ലിം).

ജീവിതം സൗകര്യപ്രദവും പ്രയാസരഹിതവുമാക്കിത്തീര്‍ക്കുന്നത് സാമ്പത്തികമോ കായികമോ ആയ സഹായംകൊണ്ട് മാത്രമല്ല, ജീവിതത്തിന്റെ സുഗമമായ നിലനില്‍പിനാവശ്യമായ എന്തും -അത് മാനസിക പിന്തുണയാണെങ്കിലും- സഹായമാണ്. സാമൂഹികബന്ധത്തിന്റെ തേട്ടമാണത്. ആളുകള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലും നന്മ ഉപദേശിക്കലും തിന്മ തടയലും വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കലും നല്ലവാക്കു പറഞ്ഞു സന്തോഷിപ്പിക്കലുമെല്ലാം സഹായമാണ്. ആവശ്യക്കാരന്റെ ആവശ്യം എന്താണോ അത് നല്‍കലാണ് അവനുള്ള സഹായം.

പ്രവാചകന്‍ ﷺ പറഞ്ഞു: ''ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക സങ്കടം തീര്‍ത്തുകൊടുത്താല്‍ അല്ലാഹു അവന്റെ പാരത്രിക സങ്കടങ്ങളിലൊന്നു തീര്‍ത്തുകൊടുക്കും. നിര്‍ധനനെ ആരെങ്കിലും ആശ്വസിപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന് ആശ്വാസം നല്‍കുന്നതാണ്. ആരെങ്കിലും മുസ്‌ലിമിന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതകളും മറച്ചു വയ്ക്കും. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും'''(മുസ്‌ലിം).