സുരക്ഷിത സമൂഹത്തിന്‍റെ ഇസ്ലാമിക പാഠങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

(നിര്‍ഭയജീവിതം, സുരക്ഷിത സമൂഹം)

നിര്‍ഭയജീവിതമാണ് മനുഷ്യരെല്ലാം ആഗ്രഹിക്കുന്നത്. ഒരു സമൂഹത്തില്‍ ജീവിക്കുന്നവരെല്ലാം നിര്‍ഭയരാണെങ്കില്‍ ആ സമൂഹത്തെ സുരക്ഷിത സമൂഹം എന്നു വിശേഷിപ്പിക്കാം. സുരക്ഷിത സമൂഹം എന്നത് വിശാലമായ ഒരു വിഷയമാണ്. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ, വ്യക്തിപരവും സാമൂഹ്യവുമായ എല്ലാവിഷയങ്ങളെയും അത് ചൂഴ്ന്നുനില്‍ക്കുന്നു.

ഭയത്തിന്‍റെ വിപരീതമാണ് നിര്‍ഭയത്വം. ശാന്തിയും സമാധാനവും നിറഞ്ഞ അവസ്ഥയാണ് നിര്‍ഭയത്വം. ഭയത്തിനു നിമിത്തമായ കാര്യങ്ങളില്‍നിന്നുള്ള മോചനമില്ലാതെ നിര്‍ഭയത്വം സാധ്യമല്ല.

യുദ്ധവേളയില്‍ ഭയത്തിന്‍റെ കാരണം നിലനില്‍ക്കെത്തന്നെ വിശ്വാസികളുടെ മനസ്സിന് അല്ലാഹു നിര്‍ഭയത്വം നല്‍കിയതായി ക്വുര്‍ആനില്‍ കാണാം:

"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി. ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിനുവേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്. അല്ലാഹുവിങ്കല്‍നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹു തന്‍റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, നിങ്ങളില്‍നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കികളയുന്നതിനും, നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും, പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെമേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)" (ക്വുര്‍ആന്‍ 8:9-11).

സത്യവിശ്വാസവും സല്‍കര്‍മങ്ങളുമായി മുന്നോട്ടുപോകുന്ന, അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് അല്ലാഹു നിര്‍ഭയത്വം വാഗ്ദാനം ചെയ്യുന്നു:

"നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍" (ക്വുര്‍ആന്‍ 24:55).

"സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു . നിങ്ങളുടെമേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു" (ക്വുര്‍ആന്‍ 4:83).

വിധിയിലുള്ള വിശ്വാസവും നിര്‍ഭയത്വവും

വിധിയിലുള്ള വിശ്വാസം മനുഷ്യന് നിര്‍ഭയത്വം നല്‍കും. ഇബ്റാഹീം നബി(അ)യുടെ വാക്കുകള്‍ കാണുക: "അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്?" (ക്വുര്‍ആന്‍ 6:80).

തൗഹീദും നിര്‍ഭയത്വവും

സൃഷ്ടിപൂജകരല്ലാത്ത; സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നവരാണ് നിര്‍ഭയരായിരിക്കുവാന്‍ കൂടുതല്‍ അര്‍ഹര്‍ എന്ന് ഇബ്റാഹീം നബി(അ) പറയുന്നു: "നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍" (ക്വുര്‍ആന്‍ 6:81).

 "വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍" (ക്വുര്‍ആന്‍ 6:82).

ക്വുര്‍ആനില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ നിര്‍യത്വം (അംന്) എന്നതിന്‍റെ എതിരായി ഭയം (ഖൗഫ്, ഫസഅ്) പോലുള്ള പദങ്ങള്‍ ഉപയോഗിച്ചതായി കാണാം:

"ആര്‍ നന്‍മയും കൊണ്ട് വന്നോ അവന് (അന്ന്) അതിനെക്കാള്‍ ഉത്തമമായത് ഉണ്ടായിരിക്കും. അന്ന് ഭയവിഹ്വലതയില്‍നിന്ന് അവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യും" (ക്വുര്‍ആന്‍ 27:89).

ബുഖാരിയില്‍ 'ബാബുല്‍അംന് വ ദിഹാബുര്‍റൗഅ്' (നിര്‍ഭയത്വവും ഭയംനീങ്ങലും) എന്ന അധ്യായംതന്നെ ഉള്ളതായി കാണാം.

നിര്‍ഭയത്വം മഹത്തായ അനുഗ്രഹം

നിര്‍ഭയത്വം സമൂഹത്തിന് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ്. ക്വുറൈശികള്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹത്തെ ക്വുര്‍ആനില്‍ പരാമര്‍ശിക്കുന്നത് കാണുക:  

"ക്വുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍. ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ" (ക്വുര്‍ആന്‍ 106:1-4).

നിര്‍ഭയത്വം നല്‍കപ്പെട്ട സ്ഥലങ്ങള്‍

ചില സ്ഥലങ്ങളെയും അല്ലാഹു നിര്‍ഭയത്വമുള്ളതാക്കി മാറ്റിയിട്ടുണ്ട്. വിശുദ്ധ കഅ്ബയെയും അനുബന്ധ സ്ഥലങ്ങളെയും കുറിച്ച് അല്ലാഹു പറയുന്നു:

"ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക)..." (ക്വുര്‍ആന്‍ 2:125).

"തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാമന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു). അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്റാഹീം നിന്ന സ്ഥലം- ഉണ്ട്. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്..." (ക്വുര്‍ആന്‍ 3:96,97).

"നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ?..." (ക്വുര്‍ആന്‍ 29:67).

നന്ദികേട് നിര്‍ഭയത്വമില്ലാതാക്കും

സുഭിക്ഷതയിലും നിര്‍ഭയത്വത്തിലും കഴിഞ്ഞുകൂടിയ ഒരു ഗ്രാമത്തെക്കുറിച്ചും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിച്ചപ്പോള്‍ അവരുടെ നിര്‍ഭയത്വം നീക്കി ഭയം അണിയിച്ചതും അല്ലാഹു എടുത്തു പറയുന്നു:

"അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം വിശപ്പിന്‍റെയും ഭയത്തിന്‍റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി" (ക്വുര്‍ആന്‍ 16:112).

സമൂഹത്തിന്‍റെ നിര്‍ഭയത്വം രാജ്യപുരോഗതിക്കും നാഗരികതക്കും ആവശ്യമാണ്. സ്വാലിഹ് നബി(അ) തന്‍റെ ജനതയോട് പറയുന്നു:  

"ഇവിടെയുള്ളതില്‍ (സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ? അതായത് തോട്ടങ്ങളിലും അരുവികളിലും. വയലുകളിലും കുല ഭാരംതൂങ്ങുന്ന ഈന്തപ്പനകളിലും. നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍" (26:146-50).

അന്ത്യനാനാളിലെ നിര്‍ഭയത്വവും നരകത്തില്‍നിന്നുള്ള നിര്‍ഭയത്വവും

"നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞുപോകുകയില്ല; തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിര്‍ഭയനായിട്ട് വരുന്നവനോ? നിങ്ങള്‍ ഉദ്ദേശിച്ചത് നിങ്ങള്‍ ചെയ്തുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടിയുന്നവനാകുന്നു" (41:40).

"നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല് ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ ഉന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്" (34:37).

"സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു. തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍. നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ). വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക് ഇണകളായി നല്‍കുകയും ചെയ്യും. സുരക്ഷിതത്വ ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെവെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഔദാര്യമത്രെ അത്. അത് തന്നെയാണ് മഹത്തായ ഭാഗ്യം" (ക്വുര്‍ആന്‍ 44:51-57).

വ്യക്തികള്‍ക്കും അവര്‍ അടങ്ങുന്ന സമൂഹത്തിനും ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഐഹികമായ എല്ലാ മേഖലകളിലും പരലോകത്തും ഉണ്ടാവുക. ഇതാണ് അംനിന്‍റെ ഇസ്ലാമിക വീക്ഷണം. മനുഷ്യ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും ഈ സുരക്ഷയുടെ ചക്രവാളങ്ങള്‍ വ്യാപിക്കുന്നു. കാരണം ഇസ്ലാം സാമൂഹ്യമതമാണ്. അതോടൊപ്പം വ്യക്തിനിഷ്ഠവുമാണ്. അവനവന്‍റെ കര്‍മഫലമാണ് അവനവന്‍ അനുഭവിക്കുക.  

"...ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല..." (ക്വുര്‍ആന്‍ 6:164).

"കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല. ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല."(ക്വുര്‍ ആന്‍ 4:123,124).

ബാധ്യതകളില്‍ വീഴ്ചവരുത്തരുത്

വ്യക്തിബാധ്യതകളും സമൂഹബാധ്യതകളുമുണ്ട്. വ്യക്തികളും വ്യക്തികളടങ്ങുന്ന സമൂഹവും ബാധ്യതകള്‍ നിര്‍വഹിക്കുമ്പോള്‍ സമൂഹം സുരക്ഷിതമാകും. നേരെമറിച്ച് വ്യക്തികള്‍ തങ്ങളുടെ ബാധ്യതകളില്‍ ഉപേക്ഷ വരുത്തുകയും സ്രഷ്ടാവിന്‍റെയും പ്രവാചകന്‍റെയും കല്‍പനാനിര്‍ദേശങ്ങള്‍ക്ക് എതിരുപ്രവര്‍ത്തിക്കുകയും നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ മുഴുകുകയും ചെയ്താല്‍ ഇഹപര നിര്‍ഭയത്വം വ്യക്തികള്‍ക്ക് നഷ്ടമാകും. സമൂഹത്തിലും അത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

"പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ഥനയും എന്‍റെ ആരാധനാകര്‍മങ്ങളും എന്‍റെ ജീവിതവും എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്" (ക്വുര്‍ആന്‍ 6:162,163).

അല്ലാഹുവിന്‍റെ മതത്തിന്‍റെ സംരക്ഷണം അവന്‍തന്നെ ഏറ്റെടുത്തിരിക്കുന്നു.

"തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്" (ക്വുര്‍ആന്‍ 15:9).

മനുഷ്യന്‍റ ബാധ്യത എന്താണെന്ന് അല്ലാഹു വ്യക്തമാക്കുന്നു: "...നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക..." (ക്വുര്‍ആന്‍ 42:13).

വ്യക്തികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാതെ മതത്തെ നിലനിര്‍ത്തല്‍ സംഭവ്യമല്ല. മതത്തെ നിലനിര്‍ത്താത്തപക്ഷം നിര്‍ഭയത്വവും ഉണ്ടാകില്ല.

അല്ലാഹു സൃഷ്ടികളുടെ ആശ്രയം ആവശ്യമല്ലാത്തവനാണ്.

"വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു" (ക്വുര്‍ആന്‍ 3:97).

ഇങ്ങനെയുള്ള അല്ലാഹുവാണ് മാനവരാശിയുടെ ഇഹപര വിജയത്തിനായുള്ള നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക ശരീഅത്ത് എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്നതാണ്. എല്ലാ തിന്മകളെയും നിരാകരിക്കുന്നതുമാണ്.

നീതിയില്‍ നിലകൊള്ളുക

ജനങ്ങള്‍ നീതിയില്‍ നിലകൊള്ളുവാന്‍ വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചതും വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും:

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി യെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു" (ക്വുര്‍ആന്‍ 4:135).

നമ്മുടെ നാട്ടില്‍ കോടികള്‍ കട്ടവര്‍ മന്ത്രിമാരായി പോലീസ് അകമ്പടിയില്‍ സഞ്ചരിക്കുന്നു. രാജ്യത്തിന് ആയിരക്കണക്കിനു കോടികളുടെ കടംവരുത്തി വിദേശരാജ്യങ്ങളില്‍ ചിലര്‍ ചേക്കേറുന്നു. അവര്‍ക്ക് രാജ്യംവിടാനുള്ള ഒത്താശകള്‍ ചെയ്തുകൊടുക്കാന്‍ ഉന്നതങ്ങളില്‍ ആളുകളുണ്ട്. എന്നാല്‍ വിശപ്പടക്കാന്‍ റൊട്ടി മോഷ്ടിച്ചവര്‍ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നു. ചിലര്‍ അക്കാരണത്താല്‍ ക്രൂരമായി മര്‍ദിക്കപ്പെടുന്നു, പലരും കൊല്ലപ്പെടുന്നു. നീതിസമത്വം പ്രഖ്യാപനത്തിലേയുള്ളൂ; പ്രായോഗിക തലത്തിലില്ല എന്നര്‍ഥം. ഇത് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സാമ്പത്തികശേഷിയില്ലാത്തവര്‍ക് ക് ഒരു രംഗത്തും സുരക്ഷിതത്വമില്ലാത്ത അവസ്ഥ!

അധികാരം കയ്യില്‍ കിട്ടിയാല്‍ സ്വജനപക്ഷപാതിത്വം കാണിക്കുക എന്നത് ഇന്നൊരു ശീലമായി മാറിയിരിക്കുന്നു. എന്നാല്‍ ഇസ്ലാം പഠിപ്പിക്കുന്നത് കാണുക:

"...(കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ. ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി യെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു" (ക്വുര്‍ആന്‍ 4:135).

മാതാപിതാക്കളോടും ഇണകളോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും എന്നുവേണ്ട എല്ലാവരോടും നീതിപാലിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. വ്യക്തികളെ നോക്കി നിലപാടെടുക്കുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. നബി ﷺ യെ കഠിനമായി വിമര്‍ശിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നവരായിരുന്നു ജൂതന്മാര്‍. അവരോട് കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ച് അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന ഉത്തരവില്‍ ഇപ്രകാരം കാണാം:

"...എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു" (ക്വുര്‍ആന്‍ 5:42).

വിഷയാധിഷ്ഠിതമായ തുറന്ന മനസ്സായിരിക്കണം ഓരോ പ്രശ്നത്തോടും മുസ്ലിംകള്‍ക്കുണ്ടായിരിക്കേണ് ടത്. ശത്രുക്കളോടുപോലും അനീതി കാണിച്ചുകൂടാ.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ടഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച് ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു" (ക്വുര്‍ആന്‍ 5:8).

(അവസാനിച്ചില്ല)