ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ പുകിലുണ്ടാക്കുന്നവരോട്

ഹാഷിം കാക്കയങ്ങാട്

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

ഹലാല്‍ ബോര്‍ഡ് വെച്ച ബേക്കറി പൂട്ടാന്‍ സംഘ്പരിവാറുകാര്‍ താക്കീത് നല്‍കിയ വാര്‍ത്ത കണ്ടു. ഈയിടെയായി ഹലാല്‍ ഭക്ഷണമാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചാവിഷയം. 'ലൗ ജിഹാദ്' പോലെ (അങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അന്വേഷണ ഉദേ്യാഗസ്ഥര്‍ പറഞ്ഞതും കോടതി വ്യക്തമാക്കിയതും എന്നത് വേറെക്കാര്യം) കേരളത്തില്‍ 'ഹലാല്‍ ജിഹാദും' പിടിമുറുക്കുന്നുവെന്ന് പറഞ്ഞ്, എന്തോ ആപത്ത് വരാനിരിക്കുന്നു എന്ന ഭീതി പരത്തുകയാണ് സംഘ് പരിവാര്‍ സംഘടനകളും ചില ക്രസ്ത്യന്‍ മിഷണറിമാരും.

എന്താണ് ഹലാല്‍?

'ഹലാല്‍' എന്ന അറബി വാക്കിന്റെ അര്‍ഥം 'അനുവദനീയമായത്' എന്നാണ്. മതപരമായ വിധി വിലക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ ഹലാല്‍, ഹറാം, വാജിബ്, സുന്നത്ത് എന്നിങ്ങനെ വിവിധ   പദപ്രയോഗങ്ങള്‍ കാണാം. ഇതൊക്കെയും വിശ്വാസികളെ മാത്രം ബാധിക്കുന്ന വിധികളാണെന്നാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്.

ഹലാല്‍ = അനുവദിക്കപ്പെട്ടത്.

ഹറാം = നിഷിദ്ധമായത്.

ഹറാം എന്നതിന്റെ നേര്‍ വിപരീതമാണ് ഹലാല്‍.

ഒരു വിശ്വാസിക്ക് കച്ചവടം ഹലാല്‍ ആണ്. എന്നാല്‍ പലിശ ഹറാമാണ്. വിവാഹബന്ധത്തിലൂടെയുള്ള രതി ഹലാലാണ്. എന്നാല്‍ വ്യഭിചാരം ഹറാമാണ്.

ആഹാരത്തിന്റെ വിഷയത്തിലും ഇസ്‌ലാം  ഈ ഹലാല്‍, ഹറാം നിയമം നിര്‍ണയിച്ചിട്ടുണ്ട്.

വിശുദ്ധ ക്വുര്‍ആന്‍ ഭക്ഷണത്തെക്കുറിച്ച് പറയുന്നത് കാണുക:

''മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക...'' (2:168).

ഒരു വിശ്വാസി കഴിക്കുന്ന ഭക്ഷണത്തിനുണ്ടാകേണ്ട രണ്ട് നിബന്ധനകളാണിവ. അത് 'ഹലാല്‍' അഥവാ അനുവദനീയമാകണം, അതോടൊപ്പം വിശിഷ്ടമായതും ആകണം. ഇതാണ് ക്വുര്‍ആനികാധ്യാപനം. അനുവദനീയമെന്ന് അറിയിക്കപ്പെട്ടവയെല്ലാം വിശിഷ്ടമായതാണ്.

നിഷിദ്ധമായ വസ്തുക്കളെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു:

''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു...'' (ക്വുര്‍ആന്‍ 5:3).

ഇങ്ങനെയുള്ള ഭക്ഷണം ഇവിടെയില്ല എന്നാണ് ഒരു ഹോട്ടലിനു മുന്നില്‍ ഹലാല്‍ ഭക്ഷണം എന്ന് എഴുതിവെച്ചതിന്റെ ഉദ്ദേശ്യം. ഇതിനെ ഹലാല്‍ ജിഹാദ് എന്നു വിശേഷിപ്പിച്ച് വര്‍ഗീയത വളര്‍ത്തുന്നവര്‍ ഒന്നുകില്‍ വിവരമില്ലാത്തവരാണ്, അല്ലെങ്കില്‍ മനസ്സില്‍ കടുത്ത വിഷംപേറി നടക്കുന്നവരാണ്.

മാംസാഹാരത്തിന്റെ വിഷയത്തിലും ഇസ്‌ലാം ഈ അതിര്‍വരമ്പ് വെച്ചിട്ടുണ്ട്. ദൈവനാമം ഉച്ചരിച്ച് അറുക്കപ്പെട്ടത് മാത്രമെ ഭക്ഷിക്കാന്‍ പാടുള്ളൂ എന്നത് അതില്‍ പെട്ടതാണ്. പരമാവധി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പെട്ടെന്ന് അറവ് നടത്തുക, ഒരു മൃഗത്തെ അറുക്കുമ്പോള്‍ മറ്റു മൃഗങ്ങളുടെ മുന്നില്‍ വെച്ച് ആകാതിരിക്കുക തുടങ്ങിയ മര്യാദകളും അറവിന്റെ വിഷയത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

ഇതൊരു വര്‍ഗീയതയായി ഇതുവരെ ആര്‍ക്കും തോന്നിയിട്ടില്ല. ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ചുള്ള ഭക്ഷണക്രമം പാലിക്കുന്നതില്‍ എതിര്‍പ്പുണ്ടാകേണ്ട കാര്യമെന്താണുള്ളത്? ശബരിമലയിലേക്ക് പോകാന്‍ വ്രതമെടുത്ത ഒരാള്‍ ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാറില്ല. അങ്ങനെയുള്ള ഒരാളെ ആരെങ്കിലും നിര്‍ബന്ധിച്ച് അത് കഴിപ്പിക്കാറുണ്ടോ? ക്രിസ്ത്യന്‍ സഹോദരങ്ങളുടെ 40 നോമ്പിനും ചില ഭക്ഷണങ്ങള്‍ അവര്‍ ഉപേക്ഷിക്കാറുണ്ട്. അതൊക്കെ അവരുടെ വിശ്വാസവും സ്വാതന്ത്ര്യവുമായി വകവെച്ചകൊടുക്കുന്നുവെന്നിരിക്കെ, എന്തേ ഹലാല്‍ എന്ന് കേള്‍ക്കുമ്പോഴേക്കും മറ്റെന്തൊക്കെയോ തോന്നിപ്പോകുന്നത്?

ഇനി, വിഷയം ഹോട്ടലുകളിലും മറ്റും ഹലാല്‍ ബോര്‍ഡ് വെക്കുന്നതാണെങ്കില്‍ അറിയുക; ആ ബോര്‍ഡിലൂടെ ഉദ്ദേശിക്കുന്നത് 'മുസ്‌ലിംകള്‍ക്ക് കഴിക്കല്‍ അനുവദനീയമായ മാംസാഹാരം ഇവിടെ ലഭ്യമാണ്' എന്നു മാത്രമാണ്. അതല്ലാതെ ഹൈന്ദവര്‍ക്കും ക്രൈസ്തവര്‍ക്കും ഇവിടെ പ്രവേശനമില്ലെന്നോ അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമില്ലെന്നോ അതിനര്‍ഥമില്ല. ഇതിലെന്തിന് മറ്റുള്ളവര്‍ ദേഷ്യപ്പെടണം?

ചില ന്യൂജന്‍ ക്രൈസ്തവ പ്രബോധകരാണ് ഈ ഹലാല്‍ വിവാദം ഇളക്കിവിട്ടത് എന്നതിനാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ബൈബിളിലെ ചില ഹലാല്‍, ഹറാം നിയമങ്ങള്‍ കൂടി നാം മനസ്സിലാക്കുന്നത് നന്നാകും.

''നിങ്ങള്‍ രക്തത്തോടുകൂടെയുള്ള മാംസം കഴിക്കരുത്'' (ലേവ്യപുസ്തകം 19: 26).

''വന്യമൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കണം'' (പുറപ്പാട് 22:31).

മൃഗങ്ങള്‍  

''ഭൂമുഖത്തെ മൃഗങ്ങളില്‍ ഭക്ഷിക്കാവുന്നത് ഇവയാണ്: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങള്‍. എന്നാല്‍ ഒട്ടകം, കുഴിമുയല്‍, മുയല്‍ എന്നിവ നിങ്ങള്‍ കഴിക്കരുത്. അവ അയവിറക്കുന്നതാണെങ്കിലും ഇരട്ടക്കുളമ്പുള്ളതല്ല. അത് നിങ്ങള്‍ക്ക് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അവ അയവിറക്കുന്നില്ല. അത് നിങ്ങള്‍ക്ക് അശുദ്ധമാണ്. അതിന്റെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അതിന്റെ പിണം നിങ്ങള്‍ക്ക് അശുദ്ധമാണ്'' (ലേവ്യപുസ്തകം 11:18).  

''നാല്‍ക്കാലികളില്‍ നഖമുള്ള പാദങ്ങളോടുകൂടിയവ നിങ്ങള്‍ക്ക് അശുദ്ധമാണ്'' (ലേവ്യപുസ്തകം 11:27).  

''ചത്തുപോയ മൃഗങ്ങളെ ഭക്ഷിക്കുന്നവന്‍ അശുദ്ധനായിരിക്കും'' (ലേവ്യപുസ്തകം 11:39,40).    

ജല ജീവികള്‍

''ജല ജീവികളില്‍ നിങ്ങള്‍ക്ക് ഭക്ഷിക്കാവുന്നത് ഇവയാണ്: കടലിലും നദിയിലും ഒറ്റയായും കൂട്ടായും  ജീവിക്കുന്ന ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്ക് ഭക്ഷിക്കാം. ചിറകും ചിതമ്പലും ഇല്ലാത്ത ജലജീവികള്‍ എല്ലാം നിങ്ങള്‍ക്ക് അശുദ്ധമാണ്. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്'' (ലേവ്യപുസ്തകം 11:9-12).

പക്ഷികള്‍

''പക്ഷികളില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവയാണ്; അവ നിങ്ങള്‍ ഭക്ഷിക്കരുത്. എല്ലാ തരത്തിലും പെട്ട കഴുകന്‍, ചെമ്പരുന്ത്, കരിമ്പരുന്ത്, പരുന്ത്, പ്രാപ്പിടിയന്‍, കാക്ക, ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പാത്ത, ചെങ്ങാലിപ്പരുന്ത്, മൂങ്ങ, നീര്‍കാക്ക, കൂമന്‍, അരയന്നം, ഞാരപ്പക്ഷി, കരിങ്കഴുകന്‍, കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍'' (ലേവ്യപുസ്തകം 11:13-19).    

കീടങ്ങള്‍

''ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം അശുദ്ധമാണ്. എന്നാല്‍ ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ കുതിച്ചു ചാടുന്നവയെ ഭക്ഷിക്കാം. അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വീട്ടില്‍ ഇവയുടെ എല്ലാ വര്‍ഗങ്ങളും നിങ്ങള്‍ക്ക് ഭക്ഷിക്കാം'' (ലേവ്യപുസ്തകം 11:20-23).

ഇഴജന്തുക്കള്‍

 ''നിലത്തു ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്കു അശുദ്ധമായതു ഇവ: പെരിച്ചാഴി, എലി, അതതുവിധം ഉടുമ്പു, അളുക, ഓന്ത്, പല്ലി, അരണ, തുരവന്‍, എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം'' (ലേവ്യപുസ്തകം 11:29,30).

''ഉരസ്സുകൊണ്ട് ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുത്. അവ അറപ്പാകുന്നു''(ലേവ്യപുസ്തകം 11:42).  

മദ്യം

''യഹോവ അഹരോനോട് അരുളിച്ചെയ്തു: നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍  വീഞ്ഞും മദ്യവും കുടിക്കരുത്. അത് നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം'' (ലേവ്യപുസ്തകം 10:8,9).

ക്രൈസ്തവര്‍ക്ക് ഹലാലും ഹറാമുമായ കാര്യങ്ങളാണ് മേല്‍വചനങ്ങളില്‍ നാം കണ്ടത്. ഇതനുസരിച്ച്  ക്രിസ്ത്യാനികള്‍ ജീവിക്കുന്നുവെങ്കില്‍ അവര്‍ വര്‍ഗീയവാദികളാണോ? അവര്‍ ഹലാല്‍ ജിഹാദികളാകുമോ? ഇല്ലെങ്കില്‍ ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളെ ക്രൂശിക്കുന്നത് വിവരക്കേടും അക്രമവുമല്ലേ?

നാട്ടില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തെ തകിടംമറിക്കാന്‍ കാത്തുനില്‍ക്കുന്ന ഫാഷിസ്റ്റുകള്‍ എറിഞ്ഞുതരുന്ന ചൂണ്ടയില്‍ കൊത്തിയാല്‍ തല്‍ക്കാലം വിജയിച്ചേക്കാം. എന്നാല്‍ആത്യന്തികമായി നമ്മുടെ നാടിന്റെ ബഹുസ്വരതയെയും സമാധാനത്തെയുമാണ് അത് ഇല്ലാതാക്കുകയെന്ന് തിരിച്ചറിഞ്ഞെങ്കില്‍ നല്ലത്.