ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഗുണവും ദോഷവും

സൈതലവി വിളയൂര്‍

2021 ജൂൺ 26 1442 ദുല്‍ക്വഅ്ദ 16

അപ്രതീക്ഷിതമായി വന്നുപെട്ട കോവിഡ് എന്ന മഹാമാരിയില്‍ ലോകം ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഇടതടവില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന ലോകഗതി ഈ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ നിഖില മേഖലകളെയും സാരമായിത്തന്നെ ബാധിക്കുകയുണ്ടായി. മഹാമാരിയുടെ തിക്തഫലം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്ന് വിദ്യാഭ്യാസ രംഗമാണ്. െ്രെപമറിതലം മുതല്‍ ഉന്നതതലംവരെ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്ക് നിലച്ചുപോയത്. എന്നാല്‍ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും അഴിച്ചുപണി അനിവാര്യമാണെന്ന തിരിച്ചറിവ് ഒട്ടും അന്തിച്ചുനില്‍ക്കാതെതന്നെ പുതിയൊരു വിപ്ലവത്തിലേക്ക് വിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ കോവിഡ് സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളില്‍ ഏറ്റവും സുപ്രധാനം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തന്നെയായിരുന്നു എന്ന് തറപ്പിച്ചു പറയാനാവും. ആധുനികതയും സാങ്കേതികതയും എല്ലാ രംഗത്തും കാതലായ മാറ്റങ്ങള്‍ വരുത്തിയപ്പോഴും മാറാന്‍ മടിച്ചുനിന്ന വിദ്യാഭ്യാസ മേഖലയിലാണ് പൊടുന്നനെയുള്ള ഈ മാറ്റം എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

അടിയന്തിരമായ ബദല്‍ നടപടി എന്ന രീതിയിലാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. അതിനാല്‍തന്നെ അതിന്റെതായ നേട്ടങ്ങളും കോട്ടങ്ങളും തീര്‍ച്ചയായും ഉണ്ടായിരിക്കും. പാടെ നിലച്ചുപോയ ഒന്നിനെ ഭാഗികമായെങ്കിലും പുനര്‍നിര്‍മിക്കാനാവുക എന്നത് തന്നെ ഏറ്റവും വലിയ നേട്ടമാണല്ലൊ. പെട്ടെന്നുള്ള ഒരു നടപടിയെന്നതിനാല്‍ ധാരാളം കോട്ടങ്ങളുണ്ടാവുക സ്വാഭാവികമാണ്. അനിവാര്യ മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയേ ഇപ്പോള്‍ നിര്‍വാഹമുള്ളൂ. ഇനിയും പ്രതീക്ഷക്ക് പോലും വകനല്‍കാതെ ഔപചാരിക വിദ്യാഭ്യാസം അനന്തമായി നീണ്ടുപോകുന്ന ഈ അവസരത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള വിശകലനം നല്ലതു തന്നെ.

അധ്യാപനരംഗത്ത് ആകര്‍ഷകവും സവിശേഷവുമായ ഒട്ടേറെ രീതികള്‍ പരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴിയൊരുക്കിയിട്ടുണ്ട്. ക്ലാസ്മുറികളില്‍നിന്നും വിഭിന്നമായി ഏറ്റവും മികച്ച അധ്യാപകരെയാണ് ഓരോ വിഷയത്തിലും വിദ്യാര്‍ഥികള്‍ക്ക് അനുഭവിക്കാനാവുന്നത് എന്നതും ചെറിയ കാര്യമല്ല. ക്ലാസ്മുറികളില്‍ ഒരുതവണ മാത്രം ശ്രവിക്കാനാവുന്ന പാഠഭാഗങ്ങള്‍ മനസ്സിലുറക്കുംവരെ ആവര്‍ത്തിച്ചുകേള്‍ക്കാനുള്ള സൗകര്യവും ഓണ്‍ലൈന്‍ പഠന സംവിധാനത്തിന്റെ പ്രത്യേകതയാണ്. എന്തെങ്കിലും പ്രതിബന്ധംമൂലം ക്ലാസില്‍ ഹാജരാവാന്‍ സാധിക്കാതെവരുമ്പോള്‍ അന്നത്തെ ക്ലാസ് പൂര്‍ണമായി നഷ്ടപ്പെടുകയും അതുവഴി പരീക്ഷകളില്‍ പിന്തള്ളപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷവും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഇല്ലാതാവുന്നുണ്ട്. എത്ര ദിവസങ്ങളിലെ ക്ലാസ് നഷ്ടപ്പെട്ടാലും അതൊക്കെ വീണ്ടെടുക്കാനും മനസ്സിലാക്കാനുമുള്ള അവസരം പ്രധാനം തന്നെ.

ഓണ്‍ലൈന്‍ വിദ്യാഭ്യാസംകൊണ്ടുള്ള മറ്റൊരു പ്രധാനനേട്ടം പഠന ചെലവുകളില്‍ വരുന്ന ഗണ്യമായ കുറവാണ്. സാധാരണക്കാരെയും അവശവിഭാഗങ്ങളെയും സംബന്ധിച്ച് ഇത് വലിയൊരു നേട്ടം തന്നെയാണ്. കലാലയങ്ങളിലേക്കുള്ള യാത്രാചെലവ്, ഹോസ്റ്റലുകളിലെ താമസ, ഭക്ഷണ ചെലവ് തുടങ്ങി ഭീമമായൊരു തുക പല കുടുംബങ്ങള്‍ക്കും താങ്ങാനാവുന്നതിലുമപ്പുറമാണ്. ഉന്നത വിദ്യാഭ്യാസം ഓണ്‍ലൈനാവുമ്പോള്‍ ഒന്ന് മനസ്സ് വെക്കുകയാണെങ്കില്‍ െ്രെപമറി തലങ്ങളെക്കാള്‍ സാര്‍വത്രികവും ചെലവുകുറഞ്ഞതുമാക്കാന്‍ സാധിക്കുമെന്നതും സുപ്രധാന ഗുണം തന്നെ. അതുപോലെ തന്നെ കലാലയങ്ങളിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകള്‍, സുരക്ഷ എന്നിത്യാദി  കാര്യങ്ങള്‍ ആലോചിക്കുമ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളാവും കൂടുതല്‍. എല്ലാറ്റിനുമപ്പുറം ജീവിത സാഹചര്യങ്ങള്‍മൂലം നേടാനാവാതെ പോയ വിദ്യാഭ്യാസം അനൗദേ്യാഗികമായെങ്കിലും കുടുംബാംഗങ്ങള്‍ക്കും എത്തിപ്പിടിക്കാനാവുമെന്നത് ഓണ്‍ലൈന്‍ സംവിധാനം നല്‍കുന്ന സവിശേഷമായ ഒരു ഗുണമാണ്.

ഗുണങ്ങളോടൊപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അതിലേറെ ദോഷങ്ങളുമുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരിക്കലും ഔപചാരിക വിദ്യാഭ്യാസത്തിന് പകരമാവില്ല. സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍നിന്ന് പൊടുന്നനെയുള്ള ഈ ചുവടുമാറ്റം പലര്‍ക്കും ഇപ്പോഴും വേണ്ടത്ര ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് സത്യം. നേരിട്ടുള്ള ബോധനമില്ലാതെ ഒരു വിദ്യാഭ്യാസവും പൂര്‍ണമാകുന്നില്ല എന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വലിയ പോരായ്മ തന്നെയാണ്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള പരസ്പര കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് യഥാര്‍ഥത്തില്‍ വിദ്യ അഭ്യസിക്കപ്പെടുന്നത്. ക്ലാസ്മുറികളില്‍നിന്നും ഒരു വിദ്യാര്‍ഥിക്ക് ഒട്ടനവധി അനുഭവപാഠങ്ങള്‍ നേടിയെടുക്കാനുണ്ട്. ക്ലാസ് മുറി, സഹവിദ്യാര്‍ഥികള്‍, അധ്യാപകര്‍, കലാലയ അന്തരീക്ഷം, പാരസ്പര്യം, പ്രായോഗിക പാഠങ്ങള്‍ ഇവയെല്ലാം കൂടി ചേരുമ്പോഴാണ് പഠനമെന്ന പ്രക്രിയ പൂര്‍ണമാകുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വെറും പരീക്ഷാ പഠനമെന്നതിലേക്ക് പരിമിതപ്പെടുമ്പോള്‍ ക്ലാസ്മുറികള്‍ നല്‍കുന്ന സാംസ്‌കാരിക കൈമാറ്റവും മാനവിക മൂല്യങ്ങളും നന്മകളും തുല്യതയില്ലാത്തതാണ്. ഗുരുശിഷ്യ ബന്ധങ്ങളുടെ അനിര്‍വചനീയമായ നിര്‍വൃതിയും നിഷ്‌കളങ്കതയും സ്‌നേഹോഷ്മളതയും ഓണ്‍ലൈന്‍ അധ്യാപക, വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നുണ്ട്. സഹവാസത്തിനും ശിക്ഷണത്തിനും പ്രാധാന്യമുള്ള വിദ്യാഭ്യാസ മേഖലയില്‍ വിദൂര വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രിക വിദ്യാഭ്യാസം സാധ്യമാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ക്ലാസ് അറ്റന്റ് ചെയ്യാന്‍ കഴിയാത്തവരുടെ പരാതിക്ക് ഒട്ടും കുറവില്ല. ഇത്തരത്തിലുള്ള രണ്ടര ലക്ഷം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് തന്നെ നിലവിലുണ്ടെന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വലിയ കുറവ് തന്നെയാണ്. ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യവരെ നടന്നു നമ്മുടെ കൊച്ചു കേരളത്തില്‍! സ്മാര്‍ട്ട് ഫോണിന്റെ അഭാവവും നെറ്റ്‌വര്‍ക്കിന്റെ കുറവും മൂലമാണ് പല വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പങ്കുകൊള്ളാനാവാത്തത്. കൂടുതല്‍ വിദ്യാര്‍ഥികളുള്ള കുടുംബത്തിലെ രക്ഷിതാവിന്റെ സംഘര്‍ഷഭരിതമായ മാനസികാവസ്ഥയും കാണാതിരിക്കാനാവില്ല.

കൂടുതല്‍ വിദ്യാര്‍ഥികളും കൗമാരക്കാരാണെന്നതിനാല്‍ നേരിയ ജാഗ്രതക്കുറവ് വന്നാല്‍ പോലും അത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കും. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഏറെ ദുരുപയോഗ സാധ്യത നിലനില്‍ക്കുന്ന ഉപകരണമാണ്. പഠനത്തിന്റെ പേരില്‍ കൂടുതല്‍സമയം ഇവ സ്വന്തമായി ലഭ്യമാകുന്നുവെന്നത് അപകടത്തിന് ആക്കം കൂട്ടുന്നുണ്ട്. മൊബൈല്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. അടുത്തിടെ നടന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ നല്ലൊരുപങ്ക് വിദ്യാര്‍ഥികളുടെതായിരുന്നുവെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നുണ്ട്. മൊബൈലിന്റെ അമിതോപയോഗവും അപകടം തന്നെ. ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് അത് കാരണമാകും. വിഷാദം, അലസത, ദേഷ്യം, നിഷ്‌ക്രിയത്വം, പൊണ്ണത്തടി, ഉറക്കക്കുറവ് തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും അതുണ്ടാക്കും.

ഓണ്‍ലൈന്‍ സമ്പ്രദായം പഠനത്തിലെ വിമര്‍ശനാത്മകതയെ ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പല വികസിത രാജ്യങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി എന്നതും വിസ്മരിക്കാവതല്ല. ഏതായാലും നിലവിലെ വെല്ലുവിളികള്‍, സാധ്യതകള്‍ എന്നിവ പുനഃപരിശോധിച്ച് ആവശ്യമായ ഉടച്ചുവാര്‍ക്കലോടുകൂടിയുള്ള അര്‍ഥവത്തായ ഇടപെടലുകള്‍ ഇനിയും ഈ രംഗത്ത് ആവശ്യമുണ്ട് എന്നു തന്നെയാണ് സാഹചര്യങ്ങള്‍ വിളിച്ചുപറയുന്നത്.