ഇസ്‌റാഈല്‍ രാഷ്ട്രം: മുഹമ്മദ് അമാനി മൗലവി

ക്രോഡീകരണം: അന്‍വര്‍ അബൂബക്കര്‍

2021 മെയ് 22 1442 ശവ്വാല്‍ 10

(അവലംബം: വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൗലവി. അല്‍ബക്വറ 61, ആലു ഇംറാന്‍ 112, നിസാഅ് 55, അഅ്‌റാഫ് 168, ഇസ്‌റാഅ് 8 വചനങ്ങളുടെ വിവരണത്തില്‍ നിന്ന്)

നിന്ദ്യരും ഹീനരുമായിട്ടല്ലാതെ അന്തസ്സും അഭിമാനവുമുള്ള ഒരു സമുദായമായിക്കൊണ്ട് ലോകത്ത് കഴിഞ്ഞുകൂടിയ ഒരു ചരിത്രം യഹൂദ സമുദായത്തിനുണ്ടായിട്ടില്ല. ഇതിന് പ്രത്യക്ഷത്തില്‍ ഒരപവാദമായി പറയുവാനുള്ളത് അല്‍പവര്‍ഷങ്ങള്‍ക്ക് മുമ്പ് ഫലസ്തീനില്‍ അവര്‍ സ്ഥാപിച്ച ഇസ്‌റാഈല്‍ രാഷ്ട്രം മാത്രമാണുള്ളത്. ലോകരാഷ്ട്രങ്ങളില്‍വെച്ച് ഒരു രാഷ്ട്രമെന്ന നിലയ്ക്ക് ഏറ്റവും വെറുക്കപ്പെട്ട അതിന്റെ സ്ഥാപനവും അതിന്റെ നിലനില്‍പും വാസ്തവത്തില്‍ അതിന്റെ സ്വന്തം കാലുകളിലല്ല സ്ഥിതിചെയ്യുന്നത്, ചില വന്‍കോയ്മകളുടെ സ്വാര്‍ഥ താല്‍പര്യങ്ങളും സഹായങ്ങളുമാണ് അതിന്റെ പിന്നിലുള്ളത്.

കഴിഞ്ഞ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ക്രിസ്താബ്ദം 1947ല്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ നാടിനെ അറബികള്‍ക്കും യഹൂദികള്‍ക്കുമായി രണ്ടാക്കി വിഭജിച്ചു. 1948 മെയ് മാസത്തില്‍ യഹൂദികളുടെ ഭാഗത്തില്‍ ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിതവുമായി. ലോകത്തില്‍ അവിടവിടെയായി ചിന്നിച്ചിതറിയും പലേടങ്ങളിലും വിശേഷിച്ച് നാസികളുടെ കീഴില്‍ മര്‍ദിതരായും കഴിഞ്ഞുകൂടിയിരുന്ന യഹൂദികളെ ഒന്നിച്ച് കുടിയിരുത്തിക്കൊണ്ടായിരുന്നു അത്. സിയോണിസ്റ്റ് പ്രസ്ഥാനം യുറോപ്യന്‍ നാടുകളില്‍ വരുത്തിയ സ്വാധീനവും, നാസികള്‍ക്കെതിരെ രാണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അമേരിക്ക, ഇംഗ്ലണ്ട് മുതലായ വന്‍ശക്തികളടങ്ങിയ സഖ്യകക്ഷികളുടെ സ്ഥാപിത താല്‍പര്യങ്ങളുമാണ് ഇതിന് കളമൊരുക്കിയത്. അതിന്റെ ജനയിതാക്കളായ വന്‍കോയ്മകള്‍ തന്നെ അതിനെ പാലൂട്ടി വളര്‍ത്തിക്കൊണ്ടിരുന്നു. ഇന്നും അവരുടെ സഹായവും അനുഭാവവും തന്നെയാണ് ഇസ്‌റാഈലിനെ നിലനിറുത്തുന്നത്. അറബിരാഷ്ട്രങ്ങളുമായി അനേകം സംഘട്ടനങ്ങള്‍ നടന്നു. ഇപ്പോഴും നടക്കുന്നു. കൂട്ടത്തില്‍ ക്രി. 1967ലും 1973ലും നടന്ന യുദ്ധങ്ങള്‍ പ്രധാനങ്ങളാകുന്നു.

ഇസ്‌റാഈല്യരുടെ ചരിത്രം പരിശോധിച്ചാല്‍, അവര്‍ എന്നുതൊട്ട് അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നുവോ അന്നുമുതല്‍ അവരില്‍ നിന്ദ്യതയും പതിതത്വവും കുടിയേറുകയും ചെയ്തിട്ടുള്ളതായി വ്യക്തമാകും. ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പും അതിനുശേഷം ഇന്നോളവും അവരില്‍ പ്രകടമായി കാണാവുന്നതാണത്. ഇസ്‌ലാമിന് മുമ്പ് ഇറാക്വിലെയും റോമായിലെയും സാമ്രാജ്യശക്തികള്‍ക്കടിമപ്പെട്ടും അവരുടെ മര്‍ദനമേറ്റും അവര്‍ക്ക് കപ്പം കൊടുത്തും ദീര്‍ഘകാലം കഴിയേണ്ടിവന്നു. ഇസ്‌ലാമിക ഭരണം നിലവില്‍ വന്നപ്പോള്‍ അതിന്റെ കീഴില്‍ കപ്പം കൊടുത്തും സമാധാന ഉടമ്പടികള്‍ ചെയ്തും ജീവിക്കേണ്ടിവന്നു. മുസ്‌ലിം ഭരണം ചിന്നിച്ചിതറിയ ശേഷവും പലേടങ്ങളിലും പല രാഷ്ട്രങ്ങളിലുമായി ഹീനരും പതിതരുമായിട്ടേ അവര്‍ക്ക് ജീവിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍, മറ്റൊരു കൂട്ടരുടെ ഔദാര്യമോ സഹായമോ കൂടാതെ, സ്വന്തം നിലക്ക് മാന്യവും സ്വതന്ത്രവുമായ ഒരു സമുദായമായി നിലകൊള്ളുവാനോ സ്വന്തമായ ഭരണാധികാരം സ്ഥാപിക്കുവാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മുപ്പതില്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇസ്‌റാഈല്‍ രാഷ്ട്രം എന്ന പേരില്‍ ഫലസ്തീനില്‍ ഒരു രാഷ്ട്രം യഹൂദികള്‍ സ്ഥാപിച്ചിട്ടുള്ളത് ശരിയാണ്. പക്ഷേ, അതിന്റെ ഉത്ഭവവും നിലനില്‍പുമെല്ലാം തന്നെ അമേരിക്ക മുതലായ വന്‍കോയ്മകളുടെ കൈക്കാണുള്ളതെന്ന പരമാര്‍ഥം പരക്കെ അറിയപ്പെട്ടതാണ്. അല്ലാഹുവിന്റെയും മനുഷ്യരുടെയും കയറുസഹിതമല്ലാതെ നിന്ദ്യതയില്‍നിന്ന് അവര്‍ക്ക് രക്ഷയില്ല എന്ന് അല്ലാഹു പ്രസ്താവിച്ചതിന് ഇതൊരു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു. പല രാഷ്ട്രങ്ങളും ഇന്നുവരെ അതിനെ ഒരു രാഷ്ട്രമായി അംഗീകരിച്ച് കഴിഞ്ഞിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ മുഴുവനും അതിനോട് അങ്ങേയറ്റം ശത്രുതയിലും വൈരാഗ്യത്തിലുമാണുള്ളതെന്നതിരിക്കട്ടെ, അമുസ്‌ലിം രാഷ്ട്രങ്ങളില്‍ തന്നെ പലതും അതിന്റെ നേരെ അനുഭാവത്തിലല്ല കഴിയുന്നതെന്നുള്ളതും ശ്രദ്ധേയമാകുന്നു. പൊതുവെ പറഞ്ഞാല്‍. ഇത്രയും വെറുക്കപ്പെട്ട ഒരു രാഷ്ട്രം ലോകത്ത് മറ്റെവിടെയും കാണപ്പെടുകയില്ലതന്നെ.

വേറൊരു വശംകൂടി ഓര്‍മിക്കേണ്ടിയിരിക്കുന്നു: ഇസ്‌റാഈല്‍ രാഷ്ട്രമോ യഹൂദ സമുദായമോ എത്ര ശപിക്കപ്പെട്ടതായിരുന്നാലും, കേവലം വലുപ്പംകൊണ്ടും ജനസംഖ്യകൊണ്ടും വളരെ ചെറുതായ ആ രാഷ്ട്രത്തെ തുടച്ചുനീക്കുന്നത് പോകട്ടെ, അടക്കി നിറുത്തുവാനും മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിന്റെനീക്കങ്ങളെ പരാജയെപ്പടുത്തുവാനും ദശക്കണക്കിലുള്ള അറബി മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കോ, അറബികളല്ലാത്ത മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. (രാഷ്ട്രം സ്ഥാപിച്ചശേഷം പലപ്പോഴായി അവര്‍ പിടിച്ചടക്കി കയ്യേറിയ സ്ഥലങ്ങള്‍ ഒഴിവാക്കിയാല്‍, ഒരു ജില്ലയോളം വരുന്ന ആ രാഷ്ട്രത്തില്‍ ആകെയുള്ള ജനസംഖ്യ 25 ലക്ഷത്തില്‍പരം വരും. ഇവരില്‍ രണ്ട് ലക്ഷത്തോളം മുസ്‌ലിംകളും അരലക്ഷത്തോളം ക്രിസ്ത്യാനികളും ഉള്‍പ്പെടുമെന്ന് പറയപ്പെടുന്നു. (24-11-77ലെ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന്). അടുത്തകാലത്ത് കഴിഞ്ഞേക്കുമെന്ന പ്രതീക്ഷക്കും വഴികാണുന്നില്ല. അറബി രാഷ്ട്രങ്ങളാണെങ്കില്‍, സമ്പത്തുകൊണ്ടും അഭിവൃദ്ധികൊണ്ടും എന്നത്തെക്കാളുമധികം മുന്‍പന്തിയിലുമാണ് ഇന്നുള്ളത്. എന്താണതിന് കാരണം? മുസ്‌ലിം രാഷ്ട്രങ്ങളെന്ന നിലക്കാണ് അവ അറിയപ്പെടുന്നതെങ്കിലും യഥാര്‍ഥ ഇസ്‌ലാമിക ചൈതന്യം അവിടങ്ങളില്‍ വിരളമായിരിക്കുന്നു. സമ്പല്‍സമൃദ്ധിയുടെ പെരുപ്പത്തോടൊപ്പം ഇസ്‌ലാമിക ജീവിതത്തില്‍നിന്നുള്ള അകല്‍ച്ചയും ഭൗതിക സുഖാഢംബരങ്ങളിലുള്ള താല്‍പര്യവുമാണ് അവിടങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അറബി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലവിലുള്ള അനൈക്യവും പരസ്പര ശത്രുതയും അതിന്റെ അനിവാര്യഫലങ്ങളുമാകുന്നു.

സ്വാര്‍ഥതാല്‍പര്യം, വര്‍ഗീയ പക്ഷപാതം, മുസ്‌ലിംകളോടുള്ള ശത്രുത, എന്ത് അക്രമം നടത്തിയും സ്വന്തം ശക്തി വര്‍ധിപ്പിക്കുവാനുള്ള വ്യഗ്രത ആദിയായ വിഷയങ്ങളില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുകയാണ് ആ രാഷ്ട്രം. എന്നാല്‍, ഏത് ധിക്കാരികളെയും അവരുടെ പേക്കൂത്തില്‍ വിഹരിക്കുവാന്‍ കുറച്ചുകാലം അല്ലാഹു വിട്ടുകൊടുത്തെന്നുവരും. അവസാനം അവരെ ഒതുക്കുവാന്‍ മതിയായ ശിക്ഷ അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്. അതെ, കത്തിജ്ജ്വലിക്കുന്ന നരകം! ഏത് കെങ്കേമന്‍മാരെയും ഒതുക്കുവാന്‍ അത് മതി!

വളരെയധികം പ്രവാചകന്‍മാരുടെയും രാജാക്കളുടെയും പാരമ്പര്യം സിദ്ധിച്ച ഒരു സമുദായമാണ് യഹൂദികള്‍. എന്നിട്ടും സ്വതന്ത്രമായ ഒരു നിലനില്‍പ് ആ സമുദായത്തിനുണ്ടായിട്ടില്ല. ഇത്രയധികം അന്യാധീനപ്പെട്ടും അടിമപ്പെട്ടും മര്‍ദനം സഹിച്ചും കൊണ്ടിരിക്കേണ്ടുന്ന ഗതികേടും മറ്റു സമുദായങ്ങളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ആദ്യകാലങ്ങളില്‍ വിഗ്രഹാരാധകരുടെയും പിന്നീടു ക്രിസ്ത്യാനികളുടെയും അനന്തരം മുസ്‌ലിംകളുടെയും ഭരണത്തിന്‍ കീഴില്‍ അവര്‍ക്ക് നിന്ദ്യരായി കഴിയേണ്ടിവന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അവര്‍ അറേബ്യയില്‍ പലേടങ്ങളിലായി കുടിയേറിപ്പാര്‍ത്തു വരുകയായിരുന്നു. അധികം താമസിയാതെ പല സ്ഥലങ്ങളില്‍നിന്നും ഓരോ കാരണത്താല്‍ പിന്നീട് അവര്‍ കുടിയൊഴിച്ചു പോകുവാന്‍ നിര്‍ബന്ധിതരായി. ചില യുറോപ്യന്‍ രാഷ്ട്രങ്ങളില്‍വെച്ചു കൂട്ടക്കൊലക്കും ബഹിഷ്‌കരണത്തിനും വിധേയരായി. അങ്ങനെ, (ഭൂമിയില്‍ നാം അവരെ പല സമൂഹങ്ങളായി കഷ്ണിച്ചു) എന്ന് അല്ലാഹു പറഞ്ഞതുപോലെ, ഭൂമിയുടെ നാനാഭാഗങ്ങളിലുമായി അവര്‍ ചിന്നിച്ചിതറി. അവസാനം ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്കു ശേഷം ക്രിസ്താബ്ദം 1918ല്‍ ഫലസ്തീന്റെ ഏതാനും ഭാഗം കയ്യേറിക്കൊണ്ട് ഒരു ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും, തങ്ങള്‍ക്കൊരു സങ്കേതം അവര്‍ കണ്ടെത്തുകയും ചെയ്തതു ശരിയാണ്. പക്ഷേ, അതു യഹൂദികളുടെ സ്വന്തം പ്രതാപം കൊണ്ടോ നന്മകൊണ്ടോ അല്ല. അവരെക്കൊണ്ടു പൊറുതിമുട്ടിയ ചില വന്‍കിട ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ കൊണ്ടും പരിശ്രമം കൊണ്ടും മാത്രം സ്ഥാപിതമായതും നിലനിന്നു പോരുന്നതുമാകുന്നു. ആ വന്‍കോയ്മകളുടെ താങ്ങും തണലും എപ്പോള്‍ ഇല്ലാതാകുന്നുവോ, അതോടെ അതിന്റെ നിലനില്‍പും അസാധ്യമായിത്തീരും. ഇത്രയധികം ശത്രുക്കളാല്‍ പൊതിയപ്പെട്ടതും, അനുനിമിഷവും ചുറ്റുപുറത്തുനിന്നും ശത്രുക്കളെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു രാഷ്ട്രം ലോകത്തില്ല.

കൃഷ്ണചൈതന്യ എഴുതിയതും കോട്ടയം നാഷണല്‍ ബുക്ക്സ്റ്റാള്‍ ക്രി. 1963ല്‍ പ്രസിദ്ധികരിച്ചതുമായ 'യഹൂദ സാഹിത്യ ചരിത്രം' എന്ന ഗ്രന്ഥത്തിലെ ഏതാനും വരികള്‍ ഇവിടെ ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമായി തോന്നുന്നു. ക്രിസ്താബ്ദം നാലാം നൂറ്റാണ്ടുവരെ യഹൂദികള്‍ അനുഭവിച്ച മര്‍ദനങ്ങളും കഷ്ടപ്പാടുകളും അവരുടെ ദേശാടനങ്ങളും സവിസ്തരം വിവരിച്ചശേഷം ഗ്രന്ഥകര്‍ത്താവ് പറയുന്നു: ''ഇവരുടെ ഈ ദേശാടനം പരിതാപരകമായ ഒരു കഥയാണ്. ലോകം മുഴുവന്‍ അവരെ കഷ്ടത്തിലാക്കുവാന്‍ ഗൂഢാലോചന ചെയ്തപോലെ തോന്നും. നാലാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിയാസ് ജൂതമത പുരോഹിതരെ സാമ്രാജ്യത്തിലെങ്ങും ഭ്രഷ്ടരാക്കി. ഒരു ജൂതന്‍ ഒരു െ്രെകസ്തവ സ്ത്രീയെ വിവാഹം ചെയ്താല്‍ മരണ ശിക്ഷക്കു വിധേയനായിത്തീര്‍ന്നു. മധ്യകാലങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളൊത്തുചേര്‍ന്നു സാരസന്‍മാരില്‍നിന്നു പുണ്യസ്ഥലമായ ഫലസ്തീന്‍ വീണ്ടെടുക്കുവാന്‍ സേനകളെ അയച്ചപ്പോള്‍, രാജാക്കന്‍മാര്‍ കുരിശു യുദ്ധത്തിനുള്ള ചെലവിനുവേണ്ടി ജൂതന്‍മാരെ ഊറ്റിവാര്‍ത്തു; പട്ടാളങ്ങള്‍ വഴിനീളെ ജൂതന്‍മാരെ പിടിച്ചുപറിച്ചു. ഓരോ രാജ്യത്തും, പ്രത്യേകിച്ചും പോളണ്ടിലും ചക്രവര്‍ത്തി ഭരണകാലത്തെ റഷ്യയിലും ജൂതന്‍മാര്‍ ക്രൈസ്തവ ശിശുക്കളെ മതാരാധനകളില്‍ ബലികഴിച്ചിരുന്നുവെന്ന അസംബന്ധമായ കെട്ടുകഥകള്‍ വിശ്വസിച്ച് ക്രൂദ്ധരായ ജനക്കൂട്ടം പലപ്പോഴും അവരെ കൂട്ടക്കൊല ചെയ്തു. ഈ തുടര്‍ന്ന ഉപദ്രവം പത്തൊമ്പതാം നൂറ്റാണ്ടില്‍ ജൂതരുടെ ഇടയില്‍ രണ്ടു വിപരീതാഭിപ്രായങ്ങള്‍ ഉന്നയിപ്പിച്ചു. ഒരു വിഭാഗം തങ്ങളുടെ പ്രത്യേക സംസ്‌കാരം കൈവിട്ട് തങ്ങള്‍ വന്ന നാട്ടിലെ ആചാരങ്ങള്‍ അതേപടി സ്വീകരിച്ച് ജീവിച്ചെങ്കില്‍ മാത്രമെ രക്ഷയുള്ളുവെന്നു വിശ്വസിച്ചു. മറ്റേ പ്രസ്ഥാനം സയോണിസം ആയിരുന്നു.'' (ഗ്രന്ഥകര്‍ത്താവ് തുടരുന്നു:) ''സയോണ്‍ എന്നതു ജറുശലത്തില്‍ പൗരാണിക ക്ഷേത്രവും ഡേവിഡിന്റെ കൊട്ടാരവും സ്ഥിതിചെയ്യുന്ന കുന്നിന്റെ പേരാണ്. ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഒരു ജൂതരാഷ്ട്രം ഉണ്ടാക്കുകയെന്നതായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്തു സഖ്യശക്തികള്‍ ഈ അഭിലാഷം സാധിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ജൂതന്‍മാരുടെ സഹകരണം നേടിയിരുന്നു. 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഈ കരാറുമുള്‍പ്പെട്ടിരുന്നു. അതനുസരിച്ചു ജൂതന്‍മാര്‍ യുദ്ധം കഴിഞ്ഞയുടന്‍ ഫലസ്തീനിലേക്കു മാറിത്താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഹിബ്രു സര്‍വകലാശാല സ്ഥാപിച്ചതു 1925ലാണ്. ജര്‍മന്‍ നിവാസികള്‍ നടത്തിയ നിഷ്ഠൂര കൂട്ടക്കൊല ജൂതരുടെ സയോണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കിത്തീര്‍ത്തു. അങ്ങനെ, 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇസ്രായേലും ചുറ്റുമുള്ള അറബി രാഷ്ട്രങ്ങളുമായി ഇപ്പോള്‍ അസുഖകരമായ വടംവലികലുണ്ട്. ഈ ജനതയുടെ ശോകലിപ്തമായ കഥയറിയുന്നവരാരും ഇസ്രായേലും അയല്‍രാജ്യങ്ങളുമായി കഴിയും വേഗം ശാന്തിയും സമാധാനവും സ്ഥാപിക്കണമെന്നു പ്രാര്‍ഥിക്കാതിരിക്കയില്ല'' (പേജ്: 32,23).

മധേ്യഷയിലെ സമാധാനത്തിന് എക്കാലത്തും ഒരു ഭീഷണിയായിക്കൊണ്ടും, ലോകരാഷ്ട്ര സംഘടനക്കു എന്നും ഒരു തീരാപ്രശ്‌നമായിക്കൊണ്ടുമാണ് ഇസ്‌റാഈല്‍ രാഷ്ട്രം അതിന്റെ സ്ഥാപനംതൊട്ട് ഇന്നോളം സ്ഥിതി ചെയ്യുന്നതെന്നും, ചില വന്‍കോയ്മകളാണിതിന്റെ പിന്നിലുള്ളതെന്നും എല്ലാവര്‍ക്കും അറിയാം.

യഹൂദ സമുദായത്തെ ഇത്രയൊക്കെ ആക്ഷേപിക്കുകയും ശപിച്ചു പറയുകയും ചെയ്യുന്നതിനിടക്കുപോലും അല്ലാഹു പറയുന്നതു നോക്കുക:  (അവരില്‍ നല്ല സദ്‌വൃത്തരുണ്ട്; അവരില്‍ അതല്ലാത്ത അഥവാ അതിന്റെ താഴെക്കിടയിലുള്ളവരും ഉണ്ട്). യഹൂദികളെക്കുറിച്ചു മൊത്തത്തില്‍ ഇങ്ങനെയെല്ലാമാണു പറയുവാനുള്ളതെങ്കിലും ആ സമുദായത്തില്‍തന്നെ വളരെ നല്ലവരായ ചില വ്യക്തികളും പൂര്‍ണമല്ലെങ്കിലും കുറെയൊക്കെ നല്ലവരായ വ്യക്തികളും ഉണ്ടെന്നു സാരം. ക്വുര്‍ആന്റെ നിഷ്പക്ഷതയും സത്യസന്ധതയുമാണിതു കാണിക്കുന്നതെന്നു പറയേണ്ടതില്ല.

ഇസ്‌ലാമിക ഭരണത്തിന്റെ ആദ്യകാലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടുകൊണ്ട് കുറെയൊക്കെ ശാന്തമായി കഴിഞ്ഞുകൂടിയശേഷം ദുസ്വാര്‍ഥങ്ങള്‍മൂലം ഇസ്‌ലാമിനെതിരെയുള്ള ഗൂഢപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. അടുത്തകാലംവരെ അവഹേളിക്കപ്പെട്ട ഒരധമ സമൂഹമായിക്കൊണ്ടല്ലാതെ ലോകത്ത് ജീവിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നാലു ദശകങ്ങള്‍ക്കപ്പുറം ജര്‍മനിയിലെ സര്‍വാധിപതിയായിരുന്ന ഹിറ്റ്‌ലറുടെ കൈക്ക് അവര്‍ അനുഭവിക്കേണ്ടിവന്ന കൂട്ടക്കൊലകളുടെയും കഷ്ടതകളുടെയും കഥ പ്രസിദ്ധമാകുന്നു. ഇപ്പോള്‍, ഹിറ്റ്‌ലറുടെ എതിരാളികളായിരുന്ന വന്‍കോയ്മകളുടെ ഇടപെടല്‍ നിമിത്തം അവരുടെ വകയായി ഫലസ്തീനില്‍ ഒരു ഇസ്‌റാഈല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടതോടെ മുസ്‌ലിംകള്‍ക്കെതിരില്‍ അവരുടെ ധിക്കാരവും വൈരവും പൂര്‍വാധികം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുത ഇന്നാരെയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇതിന്റെ ഫലം ഇന്നല്ലെങ്കില്‍ നാളെ, ഒരു കൂട്ടരുടെ കൈക്കല്ലെങ്കില്‍ മറ്റൊരു കൈക്ക് അവര്‍ അനുഭവിക്കാതിരിക്കുകയില്ലെന്നുള്ളതില്‍ സംശയമില്ല. 'നിങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാമും ആവര്‍ത്തിക്കു'മെന്ന് അല്ലാഹു പറഞ്ഞ വാക്ക് പുലരാതിരിക്കുകയില്ല.

''നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്കു കരുണ ചെയ്യുമാറായേക്കാം. നിങ്ങള്‍ (വീണ്ടും) ആവര്‍ത്തിച്ചുവെങ്കില്‍, നാമും ആവര്‍ത്തിക്കുന്നതാണ്. അവിശ്വാസികള്‍ക്ക് 'ജഹന്നമി'നെ (നരകത്തെ) നാം തടങ്കല്‍സ്ഥാനമാക്കുകയും ചെയ്തിരിക്കുന്നു'' (ഇസ്‌റാഅ്: 8).