ഭക്ഷണം; ഹലാലും ഹറാമും, ഒരു പഠനം

ശമീര്‍ മുണ്ടേരി

2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചുമുള്ള ചര്‍ച്ച വല്ലാതെ നടന്നുകൊണ്ടിരിക്കുകയാണിന്ന്. മുസ്‌ലിം സമൂഹത്തിന് 'ഹലാല്‍' ആയ ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളു. അതനുസരിച്ച് അവര്‍ ജീവിക്കുന്നു. എന്നാല്‍ എന്താണ് ഹലാല്‍ ഫുഡ് എന്ന് അറിയാത്തവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നുവേണം കരുതാന്‍.

ലോകത്തേക്ക് പ്രവാചകന്മാര്‍ കടന്നുവന്നത് ജനങ്ങളെ നന്മയിലേക്ക് നയിക്കുവാനും തിന്മകളില്‍നിന്നു തടയുവാനുമാണ്. മുഹമ്മദ് നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

''...അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ലവസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയുംചെയ്യുന്നു...'' (ക്വുര്‍ആന്‍ 7:157).

ഒരു മനുഷ്യന് പരലോകത്ത് രക്ഷപ്പെടാനുള്ള എല്ലാ നന്മകളും മുഹമ്മദ് നബി ﷺ പഠിപ്പിച്ചു. നരകത്തിലേക്ക് അവനെ എത്തിക്കുന്ന എല്ലാ തിന്മകളും വിലക്കുകയും ചെയ്തു. വിശ്വാസികള്‍ക്ക് സുപരിചിതമായ രണ്ടു പദങ്ങളാണ് ഹലാലും ഹറാമും. അല്ലാഹു നിശ്ചയിച്ച പരിധികളാണ് അവ. വിശ്വാസികള്‍ ആ പരിധികള്‍ ലംഘിക്കുവാന്‍ പാടില്ല.

അല്ലാഹു പറഞ്ഞു: ''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്'' (ക്വുര്‍ആന്‍ 4:14).

അതുകൊണ്ടുതന്നെ എന്തെല്ലാമാണ് നിഷിദ്ധമായത് എന്നു പഠിക്കല്‍ നമ്മുടെ കടമയാണ്. മനുഷ്യന് ആവശ്യമുള്ളതും ഉപയോഗമുള്ളതുമെല്ലാം അനുവദിച്ച മതമാണ് ഇസ്‌ലാം. ശ്രദ്ധയില്ലായ്മകൊണ്ടും അറിവില്ലായ്മകൊണ്ടും നിഷിദ്ധങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം. ഭക്ഷണ, പാനീയ മേഖലകളില്‍ പലപ്പോഴും പലരിലും ഹറാമുകള്‍ കടന്നുവരുന്നു.

ഹലാലും ഹറാമും വ്യക്തം

ഹലാലും ഹറാമും വ്യക്തമാണ്. ഇവ രണ്ടിനുമിടയില്‍ (ഹറാമിനും ഹലാലിനുമിടയില്‍) അവ്യക്തമായ ചിലതുണ്ട്. അതിനെക്കുറിച്ച് (അവ്യക്തമായത്) ജനങ്ങളില്‍ അധികമാളുകളും അജ്ഞരായിരിക്കും. സംശയാസ്പദമായ കാര്യങ്ങളെ ഒരുവന്‍ സൂക്ഷിച്ചാല്‍ അവന്റെ മതത്തെയും അഭിമാനത്തെയും അവന്‍ കാത്തു. സംശയാസ്പദമായ മേഖലയില്‍ പെട്ടുപോയവന്‍ നിരോധിത മേഖലക്ക് ചുറ്റും മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവനതില്‍ (നിരോധിത മേഖലയില്‍) കടന്നുപോകാനിടയുണ്ട്...'' (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:''നിശ്ചയം, അല്ലാഹു നിര്‍ബന്ധകര്‍മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്; അവ നിങ്ങള്‍ പാഴാക്കരുത്. അവന്‍ അതിരുകള്‍ നിശ്ചയിട്ടുണ്ട്; അവ നിങ്ങള്‍ അതിക്രമിക്കരുത്. ചില വസ്തുക്കളെ അവന്‍ പവിത്രമാക്കി; അവ നിങ്ങള്‍ കളങ്കപ്പെടുത്തരുത്. നിങ്ങളോടുള്ള കാരുണ്യത്താല്‍ ചില വസ്തുക്കളെ കുറിച്ച് മറവി ബാധിക്കാതെ അവന്‍ മൗനംദീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അവയെ നിങ്ങള്‍ ചികഞ്ഞന്വേഷിക്കരുത്'' (ബൈഹക്വി).

ഹലാല്‍ഫുഡ് എന്നു പറഞ്ഞാല്‍ അനുവദനീയമായ ഭക്ഷണം എന്നര്‍ഥം. ഹറാം(വിരോധിക്കപ്പെട്ടത്) അല്ലാത്തവയാണ് ഹലാല്‍.

വിശിഷ്ടമായത് ഭക്ഷിക്കുക

അല്ലാഹു അവന്റെ ദൂതന്മാരോട് കല്‍പിക്കുന്നത് കാണുക: ''ഹേ; ദൂതന്‍മാരേ, വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 23:51).

ലോകത്തുള്ള എല്ലാ മനുഷ്യരോടുമായി അല്ലാഹു ഇപ്രകാരം പറഞ്ഞു: ''മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുതന്നെയാകുന്നു'' (ക്വുര്‍ആന്‍ 2:168).

ഹലാലായ ഭക്ഷണം കഴിക്കണം എന്നുള്ളത് എല്ലാ മനുഷ്യരോടുമുള്ള ക്വുര്‍ആനിലെ ആഹ്വാനമാണ്. 'അല്ലയോ മനുഷ്യരേ' എന്നാണ് ക്വുര്‍ആന്‍ ഇവിടെ അഭിസംബോധന ചെയ്യുന്നത്. അഥവാ ലോകത്തുള്ള സകല മനുഷ്യരോടുമുള്ള ഉല്‍ബോധനമാണിത്.

അപ്പോള്‍ ഒരു വിശ്വാസി ഹലാലും (അനുവദനീയം) ത്വയ്യിബും (വിശിഷ്ടമായത്) മാത്രമെ കഴിക്കാന്‍ പാടുള്ളൂ. ഉദാഹരണം; നമ്മുടെ പറമ്പില്‍ നാം ഒരു വാഴനട്ടു. അതില്‍ ഉണ്ടായ പഴം നമുക്ക് ഹലാലും ത്വയ്യിബുമാണ്. എന്നാല്‍ മറ്റൊരാള്‍ നമ്മുടെ അനവദാമില്ലാതെ അത് കഴിച്ചാല്‍ അത് അയാള്‍ക്ക് ത്വയ്യിബ് ആണ്. എന്നാല്‍ ഹലാല്‍ അല്ല. എന്നാല്‍ പഴം കേടുവന്നു. അപ്പോള്‍ അത് ഹലാല്‍ ആണ്. പക്ഷേ, ത്വയ്യിബ് അല്ല.

അതുകൊണ്ടുതന്നെ ഭക്ഷണ, പാനീയ മേഖലയില്‍ ഏതെല്ലാമാണ് ഹലാല്‍ എന്നും ഹറാം എന്നും പഠിച്ചു വേണം മുന്നോട്ടുപോകാന്‍. ഒരു മനുഷ്യന്റെ ശരീരത്തിന് പോഷണം നല്‍കുന്ന എല്ലാ ഭക്ഷണവും അല്ലാഹു അനുവദിച്ചുതന്നിട്ടുണ്ട്. അവന്റെ ശരീരത്തിന് ദോഷംവരുത്തുന്ന ഭക്ഷണപാനീയങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയത് നന്മയാണെന്ന് പറയാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു അനുവദിച്ചത് ശരിയായില്ലെന്നു പറയാനും കഴിയില്ല.

ഏറ്റവും വിശിഷ്ടമായ ഭക്ഷണം ഏതാണ് എന്ന് നബി ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്: മിഖ്ദാദില്‍(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ''സ്വന്തം കൈകൊണ്ട് തൊഴില്‍ ചെയ്ത് ഭക്ഷിക്കുന്നതിനെക്കാള്‍ വിശിഷ്ടമായ ആഹാരം ഒരാളും കഴിച്ചിട്ടില്ല'' (ബുഖാരി).

നമ്മുടെ ജീവന്റെ നില നില്‍പിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്ന മേഖലകളില്‍ അല്ലാഹു പ്രത്യേകം കല്‍പിച്ച ചില കാര്യങ്ങളുണ്ട്. അവ വിസ്മരിക്കാന്‍ പാടില്ല. അടിസ്ഥാനപരമായി അല്ലാഹു മിക്ക ഭക്ഷണവും അനുവദിച്ചിട്ടുണ്ട്. ചിലതു മാത്രമാണ് വിരോധിച്ചത്. കൂടുതലും അനുവദിക്കുകയും കുറച്ചു വിരോധിക്കുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അനുവദനീയമായ ഭക്ഷണത്തെക്കുറിച്ചും ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റിയും ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കുന്നുണ്ട്.

നിഷിദ്ധമായവ സൂക്ഷിക്കണം

നബി ﷺ പറഞ്ഞു: ''നാലു ഗുണങ്ങള്‍ ആരിലുണ്ടോ, ഇഹലോകത്തില്‍നിന്ന് എന്തു നഷ്ടപ്പെട്ടാലും അവനത് പ്രശ്‌നമല്ല; അമാനത്ത് സൂക്ഷിക്കല്‍, സംസാരത്തിലെ സത്യസന്ധത, സല്‍സ്വഭാവം, ഭക്ഷണത്തില്‍ നിഷിദ്ധമായത് കലരാതിരിക്കല്‍ (എന്നിവയാണവ)'' (അഹ്മദ്).

'തക്വ്‌വ എന്നാല്‍ അല്ലാഹു ഹറാമാക്കിയത് ഉപേക്ഷിക്കലും കല്‍പിച്ചത് പ്രവര്‍ത്തിക്കലുമാണ്' (ഇബ്‌നു അബിദ്ദുന്‍യാ, ജാമിഉല്‍ ഉലൂമി വല്‍ഹികം).

അല്ലാഹു അനുവദിച്ച ഭക്ഷണങ്ങള്‍

1. കാലികള്‍ (ആട്, മാട്, ഒട്ടകം)

''കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍നിന്നുതന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 16:5).

2. കുതിര

ജാബിറി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ ഖൈബര്‍യുദ്ധ ദിവസം (നാടന്‍) കഴുതകളുടെ മാംസം ഭക്ഷിക്കുന്നത് വിരോധിക്കുകയും കുതിരമാംസം ഭക്ഷിക്കുന്നതിന് ഇളവ് നല്‍കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).

3. ഉടുമ്പ്

ഇബ്‌നുഅബ്ബാസി(റ)ല്‍നിന്നുള്ള റിപ്പോര്‍ട്ട്: ''നബി ﷺ യുടെ ഭക്ഷണത്തളികയില്‍വച്ച് ഉടുമ്പ് ഭക്ഷിക്കപ്പെട്ടിട്ടുണ്ട്'' (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ''നിങ്ങള്‍ ഭക്ഷിക്കുക. കാരണം അത്ഹലാലാകുന്നു. എന്നാല്‍ അത് എന്റെ ഭക്ഷണമല്ല'' (ബുഖാരി, മുസ്‌ലിം).

നബി ﷺ ക്ക് ഉടുമ്പിന്റെ മാംസം ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം അത് ഭക്ഷിക്കാതിരുന്നത്.

4. കാട്ടുകഴുത

അബൂക്വതാദ(റ)യില്‍നിന്നും നിവേദനം. അദ്ദേഹം ഒരു കാട്ടുകഴുതയെ കാണുകയും അതിനെ അറുക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: 'നിങ്ങളുടെ പക്കല്‍ അതിന്റെ മാംസത്തില്‍ വല്ലതും ശേഷിക്കുന്നുണ്ടോ?' ഞങ്ങള്‍ പറഞ്ഞു: 'ഞങ്ങളുടെ അടുക്കല്‍ അതിന്റെ കാലുണ്ട്.' നബി ﷺ അത് സ്വീകരിക്കുകയും അതില്‍നിന്ന് ഭക്ഷിക്കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).

5. മുയല്‍

അനസി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം ഒരു മുയലിനെ പിടികൂടി. അപ്പോള്‍ അബൂത്വല്‍ഹ(റ) അതിനെ അറുക്കുകയും അതിന്റെ കാല്‍വണ്ണ അദ്ദേഹം നബി ﷺ ക്കു കൊടുത്തയക്കുകയും ചെയ്തു. നബി ﷺ അതു സ്വീകരിച്ചു'' (ബുഖാരി, മുസ്‌ലിം).

6. കോഴി

അബൂമൂസ(റ)യില്‍നിന്നും നിവേദനം: ''നബി ﷺ കോഴിമാംസം ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്'' (ബുഖാരി, മുസ്‌ലിം).

7. വെട്ടുകിളി

ഇബ്‌നുഅബീഔഫി(റ)ല്‍നിന്നും നിവേദനം:''ഞങ്ങള്‍നബി ﷺ യുടെ കൂടെ ആറ്അല്ലെങ്കില്‍ ഏഴുയുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു'' (ബുഖാരി, മുസ്‌ലിം).

മുകളില്‍ കൊടുത്ത തെളിവുകള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു പൊതു തത്ത്വമുണ്ട്. നല്ലതെല്ലാം അല്ലാഹു നമുക്ക് അനുവദിച്ചുതന്നിരിക്കുന്നു. ക്വുര്‍ആനില്‍ അല്ലാഹു തന്നെ ഇതു പറയുന്നുണ്ട്: ''നല്ലവസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു'' (5:4).

ഏതെല്ലാമാണ് നിഷിദ്ധമായ ഭക്ഷണം?

മനുഷ്യശരീരത്തിന് ഉപദ്രവകരവും മ്ലേച്ഛവുമായ എല്ലാ വസ്തുക്കളും ഭക്ഷണപദാര്‍ഥങ്ങളില്‍ ഹറാമാണ്. അത് ഭക്ഷിക്കല്‍ അനുവദനീയമല്ല.

1. പത്തു നിഷിദ്ധ ഭക്ഷണങ്ങള്‍

നിഷിദ്ധമായ ഭക്ഷണങ്ങളെക്കുറിച്ചു അല്ലാഹു വിവരിക്കുന്നത് കാണുക: ''ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു'' (ക്വുര്‍ആന്‍ 5:3).

അനുവദനീയമായ ജീവികളില്‍ പെട്ടവയാണെങ്കിലും ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് തടങ്ങിയവയാണെങ്കില്‍ അവ നമുക്ക് നിഷിദ്ധമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ അവ ഇസ്‌ലാം പഠിപ്പിക്കുന്ന രൂപത്തില്‍ അറുക്കപ്പെട്ടവയാണെങ്കില്‍ ഭക്ഷിക്കുന്നത് ഹലാലാകുന്നു.

2. ജീവനുള്ള മൃഗത്തില്‍നിന്ന് മുറിച്ചെടുക്കപ്പെട്ടത്

അബൂവാക്വിദ് അല്ലയ്ഥിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ നബി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ''ജീവനുള്ള മൃഗത്തില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ടത് ഫലത്തില്‍ ശവംതന്നെയാണ്.''

3. വന്യമൃഗങ്ങള്‍

സിംഹം, ചെന്നായ, പുലി, ചീറ്റ, നായ പോലുള്ള, ദംഷ്ട്രങ്ങള്‍കൊണ്ട് വേട്ടയാടുന്ന, കരയിലെ ജന്തുക്കള്‍ നമുക്ക് നിഷിദ്ധമാണ്. നബി ﷺ പറഞ്ഞു: ''വന്യമൃഗങ്ങളില്‍നിന്ന് ദംഷ്ട്രങ്ങളുള്ളവയെ നബി ﷺ നിരോധിച്ചിരിക്കുന്നു'' (ബുഖാരി).

4. പക്ഷികളില്‍ വന്യമായവ

കഴുകന്‍, പരുന്ത്, പോലുള്ള; നഖങ്ങള്‍കൊണ്ടു വേട്ടയാടുന്ന പക്ഷികള്‍.

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ''വന്യമൃഗങ്ങളില്‍നിന്ന് ദംഷ്ട്രങ്ങളുള്ളവയെയും പക്ഷികളില്‍ നിന്ന് വളഞ്ഞനഖങ്ങളുള്ളവയെയും നബി ﷺ വിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം).

അതുപോലെ മ്ലേച്ഛവസ്തുക്കള്‍ ആഹാരമായി സ്വീകരിക്കുന്നവയെയും നബി ﷺ വിരോധിച്ചതു കാണാം. കാക്ക ഒരു ഉദാഹരണം.

5. വധിക്കുവാന്‍ കല്‍പനയുള്ള എല്ലാമൃഗങ്ങളും ഹറാമാകുന്നു

പാമ്പ്, തേള്‍, എലി, കഴുകന്‍ പോലെ മനുഷ്യന് അപകടം വരുത്തുന്നതും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമായ ജീവികളെ കൊല്ലാന്‍ നബി ﷺ കല്‍പിച്ചതു കാണാം. അവയെ ഭക്ഷിക്കുന്നതും നിഷിദ്ധമാണ്.

നബി ﷺ പറഞ്ഞു: ''അഞ്ചു ജീവികള്‍ കുഴപ്പകാരികളാകുന്നു. ഹറമിലും (പവിത്രമാക്കട്ടെ സ്ഥലം) അവയെ കൊല്ലാന്‍ അനുവാദമുണ്ട്. തേള്‍, കഴുകന്‍, കാക്ക, എലി, ഉപദ്രവകാരിയായ നായ എന്നിവയാകുന്നു അവ. അവ മലിനവും മ്ലേച്ഛവുമായതിനാലാണത്'' (ബുഖാരി).

6. നാടന്‍കഴുതകള്‍

ജാബിറി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ ഖൈബര്‍യുദ്ധദിവസം (നാടന്‍) കഴുതകളുടെ മാംസം വിരോധിച്ചു'' (ബുഖാരി).

7. നജസ് തിന്നുന്ന ജീവികള്‍

ഇബ്‌നുഉമറി(റ)ല്‍നിന്നു നിവേദനം: ''ജല്ലാലയെ (കാഷ്ഠവും മലിനവസ്തുക്കളും ഭക്ഷിക്കുന്ന ജീവികള്‍) തിന്നുന്നത് നബി ﷺ വിരോധിച്ചു'' (അബൂദാവൂദ്).

8. വിഷം, മദ്യം

ലഹരിയും തളര്‍ച്ചയുമുണ്ടാക്കുന്ന, ശരീരത്തിന് ഹാനികരമായവ നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവുചെയ്യുക. (പിശുക്കും ഉദാസീനതയുംമൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യും'' (ക്വുര്‍ആന്‍ 2:195).

നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത് എന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം; നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കണം എന്നാണ്. മറ്റൊരു ആയത്തില്‍ അല്ലാഹു 'നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്' (4:23) എന്നു പഠിപ്പിക്കുന്നുണ്ട്.

വിവാദങ്ങളുണ്ടാക്കുന്നവരോട്...

വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ പരസ്പരം സ്‌നേഹിച്ചും അറിഞ്ഞും ജീവിക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ പ്രത്യകത. ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു മുന്നോട്ടുപോകാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ഇഷ്ടമുള്ളത് ഭക്ഷിക്കാനും ഭക്ഷിക്കാതിരിക്കാനും അവകാശമുണ്ട്.

മുസ്‌ലിംകള്‍ക്ക് മാത്രമായി ഇവിടെ ഒരു ഭക്ഷണവും ഇല്ല. എന്നാല്‍ ഏതുകാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി മുസ്‌ലിമിന് പ്രധാനമാണ്. അത് ഭക്ഷണത്തിലും ഉണ്ട്. അല്ലാഹു നിഷിദ്ധമാക്കിയതിനാലാണ് മുസ്‌ലിം വര്‍ജിക്കുന്നത്. അത് അന്യമത വിഭാഗങ്ങളോടുള്ള വിദ്വേഷത്തിന്റെ ഭാഗമേഅല്ല. മുസ്‌ലിമായ ഒരാള്‍ ഉണ്ടാക്കി എന്നതുകൊണ്ട് എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ഹലാല്‍ ആകില്ല. അമുസ്‌ലിം ഉണ്ടാക്കി എന്നതുകൊണ്ട് ഹറാമും ആകില്ല. ഹലാല്‍ ഫുഡ് എന്ന പുതിയചര്‍ച്ചക്ക് മൂര്‍ച്ചകൂട്ടുന്നവര്‍ തങ്ങളുടെ മതമൂല്യങ്ങളെ മുറുകെപിടിക്കുന്നവരല്ല. മറിച്ച് വര്‍ഗീയധ്രുവീകരണം ലക്ഷ്യമാക്കി അജണ്ടകള്‍ മെനയുന്നവരാണ്.