ജമാഅത്തെഇസ്‌ലാമി: പേജിലും വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും നല്‍കുന്ന സന്ദേശം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

(ഭാഗം 3)

വര്‍ഷങ്ങള്‍ പിന്നിട്ടു; സിമിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അഭിനവ അബ്ബാസികള്‍ ജമാഅത്തിന്റെ അമരത്ത് ഇരിപ്പുറപ്പിച്ചു.' സിനിമയും പാട്ടും കൂത്തും വാദ്യോപകരണങ്ങളും നടീനടന്മാരും നടനങ്ങളും അഭിനവ ജമാഅത്തുകാര്‍ക്ക് ദീനിന്റെ 'റുക്ന്‍' ആയിത്തീര്‍ന്നു. ഇതിനിടയിലാണ് (2014ല്‍) ബംഗ്ലാദേശില്‍ ആ സംഭവം ഉണ്ടായത്. 1971ല്‍ നടന്ന ബംഗ്ലാദേശ്-പാകിസ്ഥാന്‍ യുദ്ധത്തിലെ കുറ്റവാളികളായിബംഗ്ലാദേശ് ജമാഅത്ത് നേതാവ് മൗലാനാ അബ്ദുല്‍ഖാദര്‍ മുല്ലയെയും സഹപ്രവര്‍ത്തകരെയും കണ്ടെത്തി. ജമാഅത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകളെ പരിഗണിക്കുകപോലും ചെയ്യാതെ' അവരിലെ പല പ്രമുഖന്മാരെയും ഒന്നിനുപിറകെ ഒന്നായി ബംഗ്ലാദേശ് സര്‍ക്കാര്‍ തൂക്കിലേറ്റി.

ഈ സമയം അങ്ങകലെ അറേബ്യന്‍ ഗള്‍ഫില്‍ അത്തറിന്റെ മണമുള്ള അന്തരീക്ഷത്തില്‍ 'അഭിനവ അബ്ബാസി ഖലീഫമാര്‍ക്ക്' എന്തായിരുന്നു പണിയെന്ന് ആരും ചോദിക്കരുത്. ആദരണീയ ഇമാറത്തിന്റെ ആശിര്‍വാദത്തോടെ സിനിമാരംഗത്തെ 'നക്ഷത്രതുല്യരെ' കെട്ടിപ്പിടിക്കലൂം മുത്തംകൊടുക്കലും ആദരിക്കലും പൊന്നാടയണിയിക്കലുമായിരുന്നു പണി. ബംഗ്ലാദേശിലെ 'സമാദരണീയരായ' നേതാക്കള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ദിനരാത്രങ്ങളില്‍ ഏഴാം കടലിനക്കരെ അത്തറിന്റെ മണമുള്ള മണ്ണില്‍ ഇങ്ങനെയൊരു തട്ടുപൊളിയന്‍ പരിപാടിക്ക് ചുക്കാന്‍ പിടിച്ച ജമാഅത്ത് ഇമാറത്തും മീഡിയയും സമൂഹത്തിന് കൈമാറിയ സന്ദേശമെന്തായിരുന്നുവെന്ന് 'ചോദ്യം ചോദിപ്പിച്ച്' പോലും 'മുജീബ്' ഉത്തരം പറഞ്ഞുകണ്ടില്ല.

സ്ത്രീസമൂഹത്തെ സംരക്ഷിക്കാനും അവര്‍ക്ക് സുരക്ഷിതത്വം നല്‍കാനും സാധിക്കാത്ത സമൂഹങ്ങള്‍ക്ക് പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ ശക്തി നഷ്ടപ്പെടുമെന്ന വിഷയത്തില്‍ ഇരുപക്ഷമില്ല. മൂല്യവത്തായ സംവിധാനത്തിലൂടെ മാത്രമെ അതിന് സാധ്യമാകൂ. സീരിയലുകള്‍, സിനിമകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ സ്ത്രീസമൂഹത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ശരിയോ തെറ്റോ ആയ പങ്കുവഹിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സമഗ്രത അവകാശപ്പെടുന്ന സംഘടനയുടെ ചാനല്‍ നടത്തുന്ന കോമാളിത്തരങ്ങള്‍ സ്ത്രീസമൂഹത്തിന്റെ നിലയും വിലയും ഇടിച്ചുതാഴ്ത്താനേ ഉപകരിച്ചിട്ടുള്ളു.

സകലനിയന്ത്രണങ്ങളും പരിധികളും വിലക്കുകളും ലംഘിച്ചുകൊണ്ട് ഒറ്റയാനെപ്പോലെ എല്ലാം തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് സ്ത്രീകളുടെ പിന്നാക്കാവസ്ഥക്കു പരിഹാരമെന്ന 'കേരള ജമാഅത്ത് വീക്ഷണം' പൊടിപിടിച്ചുകിടക്കുന്ന ഫെമിനിസ്റ്റ് വാദങ്ങളെ പൊടിതട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ കാണാനാവൂ. ഫെമിനിസത്തെയും ട്രാന്‍സ് ജെന്‍ഡര്‍ അവകാശങ്ങളെയും ഉയര്‍ത്തിക്കാട്ടിയുള്ള കേരള ജമാഅത്തുകാരുടെ തുര്‍ക്കിമോഡല്‍ ചുവടുവയ്പുകള്‍ ഇതിലേക്കാണ് വെളിച്ചം വീശുന്നത്.

മഹല്ല് ശാക്തീകരണത്തിലെ സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടി വാദിച്ചും കലഹിച്ചും വിലപിച്ചും ജമാഅത്ത് വനിതാവിഭാഗം പ്രതിനിധി എഴുതിയ ലേഖനത്തില്‍ വിവാദനായകനായ ഒരു മുസ്‌ലിം ശൈഖുനായെ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മുസ്‌ലിം പെണ്ണിന്റെ ശിരസ്സിനെ വീണ്ടും താഴ്ത്തികളഞ്ഞുവെന്നാണ് അവരുടെ അഭിപ്രായം.(13) വാസ്തവത്തില്‍ ഇസ്‌ലാമിനെ പ്രഹരിക്കാന്‍ ശത്രുക്കള്‍ക്ക് ഇടം നല്‍കുന്ന ജമാഅത്ത് ചാനല്‍/പേജുകള്‍ കൊണ്ടുള്ള അപകടം ഇതിന്റെ എത്രയോ പതിന്മടങ്ങാണെന്ന് വകതിരിവുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.

ചാനലിനും സിനിമാനിര്‍മാണത്തിനും പണമെറിയുന്നതിന് മുമ്പേതന്നെ ജമാഅത്ത് മീഡിയ പ്രതിനിധികള്‍ സാരിയുടുത്ത സുന്ദരിമാരുടെ പിന്നാലെ പായുന്ന കാഴ്ച വ്യാപകമായി കാണാനായി. പ്രബോധനവും ആരാമവും ഇതിനായി പരസ്പരം മത്സരിക്കുകയായിരുന്നോ എന്ന് തോന്നിപ്പോയത് സ്വാഭാവികം. സാരിയുടുക്കുന്നതിന്റെ ഫളാഇലും പുണ്യവും പറയിക്കുക, പര്‍ദയുടെ കറുപ്പില്‍ മുഴച്ചുനില്‍ക്കുന്ന അപരിചിതത്വം ചികഞ്ഞുമാന്തി പുറത്തിടുക, സാരിയുടുക്കുമ്പോഴുണ്ടാകുന്ന സമഗ്രദേശീയതക്ക് 'ലൈക്ക്' നല്‍കുക തുടങ്ങിയ വിശാല അജണ്ടകളുമായുള്ള ലേഖകന്മാരുടെ പ്രയാണം കണ്ടപ്പോള്‍ ജമാഅത്തുകാര്‍ സാരി/ബ്ലൗസ് ഫാക്ടറി തുടങ്ങിയോ, അതിലും മുതലിറക്കിയോ എന്ന് സംശയിച്ചിരുന്നു.

ജമാഅത്ത് ബിനാമികള്‍ മുതലിറക്കി സിനിമ നിര്‍മിക്കുമ്പോള്‍ പര്‍ദയണിഞ്ഞ ബീവിമാര്‍ സ്വാഭാവികമായും തിയേറ്ററില്‍ എത്തി ഇതു കാണാനുള്ള സന്മനസ്സ് കാണിക്കില്ലന്ന് അവര്‍ക്ക് അറിയാം. അതിനാല്‍ തല്‍ക്കാലം പര്‍ദയില്‍നിന്നും 'മോചിപ്പിച്ച്' 'അപരിചിതത്വം' മാറ്റിവച്ചിട്ടെങ്കിലും തങ്ങളുടെ മുത്തായ സിനിമ അവര്‍ കണ്ട് സായൂജ്യമടഞ്ഞ് ഇറക്കിയ മുതല് തിരികെപിടിക്കാന്‍ സാധിക്കട്ടെയെന്ന ലക്ഷ്യത്തിലാണ് ഈ പ്രയാണമെന്നൊക്കെ ആര്‍ക്കാണ് തിരിച്ചറിയാന്‍ കഴിവില്ലാത്തത്.

സിനിമയെക്കുറിച്ചുള്ള വ്യാപകമായ ചര്‍ച്ചകളും നിര്‍മാണവും അഭിനയവും പാട്ടും കൂത്താട്ടവുമൊക്കെ മൗദൂദി സാഹിബ് വഫാത്തായതോടെ പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി(കയറ്റി)യെന്ന് അനുമാനിക്കാം. സ്ത്രീ വിമോചനമെന്നാല്‍ പെണ്ണ് പുരുഷനെപ്പോലെ എല്ലാരംഗത്തും സ്ഥാനം കയ്യാളലാണെന്ന് ആദ്യമായി ഗവേഷണം നടത്തി ഗ്രന്ഥരചന നടത്തിയത് അറബ് സോഷ്യലിസ്റ്റ് ആയിരുന്ന സഖാവ് ക്വാസിം അമീനായിരുന്നു. അദ്ദേഹത്തിന്റെ വിവാദരചന 'അല്‍മര്‍അതുല്‍ജദീദ' ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് സയ്യിദ് മൗദൂദി കടന്നുവരുന്നത്. ഒരുകാലത്ത് സോഷ്യലിസ്റ്റ് വികല ചിന്തകള്‍ സ്വാധീനിക്കപ്പെട്ട സയ്യിദ് മൗദൂദിയില്‍ പിന്നീട് മാറ്റങ്ങളുണ്ടായി. തന്റെ 'പര്‍ദ'യെന്ന രചനയിലൂടെ സോഷ്യലിസ്റ്റുകളുടെ ഫെമിനിയന്‍ വാദങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടിയും നല്‍കി. 'പര്‍ദ'യെ എവിടെയെങ്കിലും പ്രാവര്‍ത്തികമാക്കിയാല്‍ ചാനല്‍, അഭിനയം, സിനിമാനിര്‍മാണം, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ എണ്ണമറ്റ സംരംഭങ്ങള്‍ക്ക് താഴിടേണ്ടിവരുമെന്ന് ജമാഅത്തുകാര്‍ക്ക് നന്നായറിയാം. അതിനാല്‍ ഈ വിഷയത്തില്‍ മൗനം പിന്നെയും ബാക്കിയാണ്. ക്വാസിം അമീന്‍ തുടക്കമിട്ടതും മൗദൂദി സാഹിബ് കുഴിച്ചുമൂടിയതുമായ ഫെമിനിസത്തെ പുതിയ കുപ്പിയില്‍ ഇറക്കുമതി ചെയ്യലാണ് പുതിയ ഇമാറത്തിന്റെ ദൗത്യം.

കേരള സംസ്ഥാനത്ത് 13 മതതീവ്രവാദി സംഘടനകള്‍ ഉണ്ടെന്നും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദികളുടെ പട്ടികയിലാണെന്നും കേരളത്തിലെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവുമായ എ.കെ. ആന്റണി ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. കെ.കെ.ജയചന്ദ്രന്‍, വി.കെ.ചന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചതാണിക്കാര്യം.(14)

 പൂര്‍വകാല ശത്രുവിന്റെ കയ്യും കാലും പിടിച്ചിട്ടെങ്കിലും എങ്ങനെയും ഭരണസിരാകേന്ദ്രത്തിലെത്തി കൊടിവച്ച കാറില്‍ പായണമെന്ന വ്യാമോഹം കാലങ്ങളായി മനസ്സില്‍ താലോലിച്ചിരുന്നത് വീണ്ടും പൊടിതട്ടി പുറത്തെടുത്തിരിക്കുകയാണ് ജമാഅത്തെ ഇസ്‌ലാമി. ഒരുകാലത്ത് ത്വാഗൂത്തും ശിര്‍ക്കും മഹാ അപരാധവുമായിരുന്ന അധികാര സ്ഥാനമാനങ്ങള്‍ എങ്ങനെയും കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണ് കേരളത്തിലെ ജമാഅത്ത് നേതാക്കള്‍. ഒളിഞ്ഞും തെളിഞ്ഞും സ്വതന്ത്രരായും അതിനുള്ള നീക്കുപോക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ജമാഅത്തുകാരുടെ നിര്‍ദേശങ്ങളെ അനുസരിക്കുകയും അതനുസരിച്ച് സമ്മതിദായകാവകാശം വിനിയോഗിക്കുകയും ചെയ്യുന്ന എത്രപേര്‍ ഓരോ വാര്‍ഡിലുമുണ്ടെന്ന് വോട്ടര്‍പട്ടിക കാണിച്ച് തെളിയിക്കാനുള്ള എതിര്‍മുഖങ്ങളുടെ വെല്ലുവിളികള്‍ ജമാഅത്തുകാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരുകാലത്ത് വോട്ടുചെയ്യല്‍ കുഫ്‌റും ശിര്‍ക്കും ത്വാഗൂത്തുമായിരുന്നതിനാല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുചേര്‍ക്കാനോ, വോട്ട് ഉറപ്പാക്കാനോ ഉള്ള മനഃസ്ഥിതിയൊന്നും പല ജമാഅത്തുകാര്‍ക്കും ഉണ്ടായിരുന്നില്ല. ഇന്നും അതേനില തുടര്‍ന്നുവരുന്നവരാണ് പ്രമുഖന്മാരായ പല ജമാഅത്തുകാരും. അവരാണ് ഈ രാഷ്ട്രീയ പ്രവേശനത്തിന് അംഗശുദ്ധിവരുത്തി മുസ്വല്ലയുമായി ലീഗ്-കോണ്‍ഗ്രസ് ആസ്ഥാനങ്ങളില്‍ കയറിയിറങ്ങുന്നത്.  

മൗദൂദി സാഹിബ് വ്യാഖ്യാനിച്ച് വികലമാക്കിയ ചിന്തകളിലൂടെ കേരളത്തിലെ ചില മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ക്വബ്‌റടക്കം നടത്തിക്കാണാമെന്ന ജമാഅത്തുകാരുടെ വ്യാമോഹങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മൗദൂദി സാഹിബ് ആവിഷ്‌ക്കരിച്ചെടുത്ത ചിന്തകള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇന്ത്യയിലെയോ പാകിസ്ഥാനിലെയോ ഒരു ഗ്രാമപഞ്ചായത്തില്‍ പോയിട്ട് ഒരു വാര്‍ഡില്‍ പോലും പ്രാവര്‍ത്തികമാകുന്നത് കണ്ട് സായൂജ്യമടയാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. മാത്രമല്ല എന്നും കലാപകലുഷിതമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമെ അദ്ദേഹത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളും വീക്ഷണങ്ങളും ഉപകരിച്ചിട്ടുള്ളു. വിഭജത്തിനുമുമ്പും അതിനുശേഷവും ഒരുദിവസമെങ്കിലും സമാധാനത്തോടെ കണ്ണടക്കാന്‍ അവസരം ലഭിക്കാത്ത സാധുക്കളാണ് അതിര്‍ത്തിക്കപ്പുറത്തുള്ളതെന്ന് തിരിച്ചറിയുന്നിടത്താണ് ഈ വികലചിന്തകള്‍ പരാജയപ്പെടുന്നത്.

മൗദൂദി സാഹിബിന്റെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഇവിടംവിട്ട് 'ഹിജ്‌റ' ചെയ്യേണ്ടിവരുമെന്ന് മൗദൂദി സാഹിബിന്റെ വീക്ഷണങ്ങളെ അടുത്തറിഞ്ഞ ഖര്‍ളാവി ശിഷ്യന്‍ ഒ.അബ്ദുള്ള പറഞ്ഞത് അതിന്റെ മുഖ്യാര്‍ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. കേവലം ഉട്ടോപ്യന്‍ വീക്ഷണങ്ങള്‍ മാത്രം ആവിഷ്‌ക്കരിച്ചും അവതരിപ്പിച്ചും പരിശീലിച്ച ജമാഅത്തുകാര്‍ക്ക് സമഗ്രരാഷ്ട്രീയ സംവിധാനത്തില്‍ എന്തു സംഭാവനകളാണ് നിര്‍വഹിക്കാനുള്ളതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

കോടമ്പാക്കത്തെ ഡാന്‍സറായിരുന്ന ഫിലിംസ്റ്റാര്‍ സീമയുടെ 'മഹനീയ ജീവചരിത്രം' മലയാളികള്‍ക്ക് വായിക്കാനും സീമയുടെ 'മഹത്ത്വപൂര്‍ണമായ ജീവിതസൗരഭ്യം' മലയാളി കുടുംബങ്ങള്‍ക്ക് ഒപ്പിയെടുത്ത് ജീവിതത്തില്‍ പകര്‍ത്താനുമുള്ള 'മഹനീയ സൗഭാഗ്യം' സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം സ്വദക്വയുടെയും സകാത്തിന്റെയും പിന്‍ബലത്തില്‍ നിര്‍വഹിച്ചതുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന 'ഇസ്‌ലാം: സമഗ്ര ജീവിതപദ്ധതി'യെന്ന ആശയം പൂര്‍ണമാകുന്നത്.

താന്‍ കോടമ്പാക്കത്തെ കേവലമൊരു ഡാന്‍സര്‍ മാത്രമായിരുന്നുവെന്ന് സീമ തന്നെ സമ്മതിച്ച വിവരം ജമാഅത്ത് മാധ്യമം തുറന്നുപറഞ്ഞത് ഭാഗ്യമായി കരുതാം! അവളുടെ രാവുകളെന്ന മസാല ചിത്രത്തിന്റെ കഥ 'മാധ്യമം' വീക്കിലിയിലൂടെ മലയാളികളെക്കൊണ്ട് വായിപ്പിച്ച് സായൂജ്യമടയാന്‍ കുതന്ത്രശാലികളായ ജമാഅത്തുകാര്‍ സിനിമയുടെ പേരിലും അട്ടിമറിനടത്തിയത് ഏറെ കൗതുകകരമാണ്. ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതാനുഭവമാണ് സിനിമയുടെ പശ്ചാത്തലമെന്ന ആരോപണത്തെ പ്രതിരോധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് 'സീമയുടെ ആത്മഭാഷണം; എന്റെ രാവുകളും പുലരികളും' എന്ന പേരുമാറ്റമെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

'നല്ല വശങ്ങളില്‍ സംതൃപ്തരാകുന്നതിനുപകരം ന്യൂനതകള്‍ മനസ്സിലാക്കുകയും അസ്വസ്ഥരാവുകയും ചെയ്യാനുള്ള' മൗദൂദി സാഹിബിന്റെ റുദാദിലെ ഉപദേശത്തെ മെമ്പര്‍ഷിപ്പിന് വേണ്ടി വായിച്ച അനുഭവമുള്ളതിനാലാകും അവിടെയും ഇവിടെയുമൊക്കെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലും പ്രതികരണങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു.

മുന്‍ അഖിലേന്ത്യാ യുവജനസംഘടനാ നേതാവുമുതല്‍ സാമ്പത്തിക രംഗത്തെ അഴിമതിക്കഥ പരസ്യമാക്കിയ ഖാലിദ് മൂസാ നദ്‌വി വരെയുള്ളവര്‍ 'സീമാനുഭവങ്ങളെ'പ്പറ്റി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 'പരസ്യമായി' ചെയ്യുന്ന ഇത്തരം നാറ്റക്കേസുകളെ പരസ്യമായി വിമര്‍ശിക്കരുതെന്നും അത് 'രഹസ്യമായി' ഇമാറത്തിന്റെ ബഹുമാനപ്പെട്ട കാതില്‍ എത്തിച്ച് പരിഹാരം തേടണമെന്നും ഉപദേശിക്കുന്ന സ്‌നേഹമയികള്‍ അവിടെയും പ്രത്യക്ഷപ്പെട്ടു. മര്യാദക്ക് തുണിയുടുക്കാതെ വിപണിയില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാതാരത്തെ പാവാട ഉടുപ്പിച്ച ജമാഅത്ത് മീഡിയയുടെ ബിസിനസ് തന്ത്രവും ഇവിടെ പ്രത്യേകം ശ്രദ്ധേയമായി. കടലില്‍ കായം കലക്കിയ മാതിരി, മുരുക്കുംപെട്ടിയില്‍നിന്നും കോര്‍പ്പറേറ്റുകളിലേക്ക് പറിച്ചുനടാനുള്ള തിരക്കേറിയ പ്രയാണത്തിനിടയില്‍ 'സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന് അണികളുടെ പരിഭവവും വിലാപങ്ങളും ശ്രവിക്കാന്‍ സമയം തികയാതെ പോകുന്നത്' സ്വാഭാവികമാണല്ലോ.

അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലും തുടര്‍ന്ന് ജയില്‍മോചനത്തിന് ശേഷവും ജമാഅത്തും സംഘപരിവാരങ്ങളും ഭായി-ഭായിയാണെന്ന് പ്രബോധനം വീക്കിലിയില്‍ പലതവണ സമ്മതിച്ചതാണ്. ഇരുവരും മാപ്പപേക്ഷ നല്‍കി ജയില്‍മോചനം നേടിയവരെന്ന നിലയില്‍ ആ ബന്ധത്തിന് കൂടുതല്‍ സുദൃഢത സ്വാഭാവികമാണ്.

കേരളത്തിലെ ജമാഅത്തുകാര്‍ ചാനലിനും പത്രത്തിനും പിന്നെ സിനിമക്കും പണംവാരി വിതറുന്നതിനും മുമ്പേ സയ്യിദ് മൗദൂദി സാഹിബ് തനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യങ്ങള്‍ ചോദിപ്പിക്കുന്ന 'മുജീബു'മാരും ദാവൂദ് നബി(അ)യുടെ മസാമീറിനെ വാദ്യോപകരണമായി ദുര്‍വ്യാഖ്യാനിക്കുന്നവരും ചാനലില്‍നിന്നും ലാഭംപ്രതീക്ഷിച്ച് കഴിയുന്നവരും ഹറാമുകളെ ഹലാലുകളാക്കി മാറ്റാനുള്ള ചെപ്പടിവിദ്യകള്‍ കൈവശമുള്ള മൗലവി/അമീര്‍മാരുമൊന്നും അന്ന് ഇല്ലാതിരുന്നതുകൊണ്ട് മൗദൂദി സാഹിബിന്റെ പല അഭിപ്രായങ്ങളും അപ്പാക്രിഫക്ക് വിധേയമാകാതെ മലയാളികള്‍ വായിച്ചു.

മൗദൂദി സാഹിബിന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ സാമ്പത്തികരംഗം ദുഷിച്ചുപോകാന്‍ കാരണമായ വ്യക്തമായ വഴികേടുകളാണ് ഇസ്‌ലാമിക പ്രചാരണമെന്ന ഓമനപ്പേരില്‍ ജമാഅത്തെ ഇസ്‌ലാമി ഇന്നിവിടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മൗദൂദി സാഹിബ് എഴുതി: ''വേശ്യാസ്ത്രീകള്‍, ഭാര്യമാരെ കൂലിക്കുവെക്കുന്നവര്‍, കൂട്ടിക്കൊടുക്കുന്നവര്‍ എന്നിവരുടെ ഒരുസൈന്യം രൂപീകരിക്കപ്പെട്ടു. അവര്‍ക്ക് സംഗീതവും ഒരാവശ്യമായിരുന്നു. അതിനായി പാട്ടുകാര്‍ നര്‍ത്തക, നര്‍ത്തകിമാര്‍, വീണവലിക്കാര്‍, മ്യൂസിക്ക് ഉപകരണങ്ങള്‍ തയ്യാറാക്കുന്നവര്‍ എന്നിവരുടെ മറ്റൊരു സൈന്യവും തയ്യാറാക്കപ്പെട്ടു. അവര്‍ക്ക് കണക്കില്ലാത്തവിധത്തിലുള്ള ആനന്ദോല്ലാസങ്ങളും കളിതമാശകളും ആവശ്യമായിരുന്നു. അതിനായി വിദൂഷകന്മാര്‍, അഭിനയക്കാര്‍, നടീനടന്മാര്‍, കാഥികന്മാര്‍, ചിത്രകാരന്മാര്‍, കൊത്തുപണിക്കാര്‍ എന്നിങ്ങനെ നിരവധി അനാവശ്യതൊഴിലാളികളുടെ ഒരുവലിയ സംഘവും ഒരുക്കപ്പെട്ടു. അവര്‍ക്ക് വേട്ടയും ആവശ്യമായിരുന്നു. അതിനായി വളരെയധികമാളുകള്‍ വല്ല ഫലപ്രഥമായ ജോലിയും നിര്‍വഹിക്കുന്നതിനുപകരം വനങ്ങളില്‍ കാട്ടുമൃഗങ്ങളെ ആട്ടിത്തെളിക്കുന്ന ജോലിയില്‍ നിശ്ചയിക്കപ്പെട്ടു. അവര്‍ക്ക് ലഹരിപിടിച്ച് മത്തുമറിയലും ഒരാവശ്യമായിരുന്നു. അതിനായി കള്ള്, ബ്രാണ്ടി, അവീന്‍, കഞ്ചാവ് മുതലായ ലഹരിപദാര്‍ഥങ്ങള്‍ ശേഖരിക്കാനായി വളരെയാളുകള്‍ നിയമിക്കപ്പെട്ടു. ചുരുക്കത്തില്‍ പിശാചിന്റെ ഈ സഹോദരന്മാര്‍ സൊസൈറ്റിയിലെ ഒരു വന്‍വിഭാഗത്തെ ധാര്‍മികവും അത്മീയവും ശാരീരികവുമായി നാശഗര്‍ത്തത്തില്‍ ആപതിക്കാന്‍ നിര്‍ദയം വിട്ടുകളഞ്ഞു. മാത്രമല്ല, മറ്റൊരു വലിയവിഭാഗത്തെ ശരിയും ഫലപ്രദവുമായ പ്രവൃത്തികളില്‍നിന്നും തെറ്റിച്ചു നിരര്‍ഥവും നിന്ദ്യവും നീചവും ദോഷകരവുമായ ജോലികളില്‍ ഏര്‍പ്പെടുത്തുകയും നാഗരികതയുടെ ഗതിയെ നേര്‍മാര്‍ഗത്തില്‍നിന്നും തെറ്റിച്ച് മനുഷ്യനെ ആപത്തിലേക്കും നാശത്തിലേക്കും കൊണ്ടുപോകുന്ന ദുര്‍മാര്‍ഗങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്യുകവഴി കൂടുതല്‍ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു...''(15)

ഈ വരികള്‍കൊണ്ടുമാത്രം സയ്യിദ് മൗദൂദിസാഹിബിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും അവസാനിക്കുന്നില്ല. നിഷിദ്ധമായ ഇത്തരം മാര്‍ഗങ്ങളിലൂടെ അവിഹിതമായി സമ്പാദിക്കുന്ന നാണയത്തുട്ടുകളെ ഉദരപൂരണത്തിനുള്ള മാര്‍ഗങ്ങളാക്കി മാറ്റരുതെന്നും അദ്ദേഹം ഗൗരപൂര്‍വം ഉപദേശിക്കുകയും ചെയ്യുന്നു: ''വ്യഭിചാരം, നൃത്തം, സംഗീതം മുതലായവയെയും ഇതേതരത്തിലുള്ള മറ്റുമാര്‍ഗങ്ങളെയും അനുവദനീയമായ ജീവിതസമ്പാദന മാര്‍ഗങ്ങളായി ഇസ്‌ലാം സമ്മതിക്കുന്നില്ല. ഒരുവ്യക്തിയുടെ ലാഭം മറ്റു ജനങ്ങളുടെയോ സൊസൈറ്റിയുടെയോ നഷ്ടത്തിന് കാരണമാക്കിയേക്കാവുന്ന എല്ലാ ജീവിതസമ്പാദന മാര്‍ഗങ്ങളെയും അതു കുറ്റകരമായി നിശ്ചയിച്ചിരിക്കുന്നു...''(16)

ഈസാ നബി(അ) പറഞ്ഞതായി ഇമാം അബൂഹാമിദില്‍ ഗസ്സാലി(റഹ്) തന്റെ ഇഹ്‌യാ ഉലൂമുദ്ദീനില്‍ രേഖപ്പെടുത്തുന്നു: ''ദുഷിച്ച പണ്ഡിതന്മാരുടെ ഉപമ കക്കൂസിലെ ജലമൊഴുകുന്ന കാനപോലെയാകുന്നു. അതിന്റെ പുറമെ കുമ്മായവും ഉള്ളില്‍ ദുര്‍ഗന്ധവുമാണ്. ശവക്കുഴികളെപ്പോലെയും അവരെ ഉപമിക്കാം. പുറമെ അത് പരിപാലിക്കപ്പെടുന്നു. ഉള്ളിലാകട്ടെ ശവങ്ങളുടെ എല്ലുകളും.'' പ്രബോധനം വീക്കിലിയില്‍ അച്ചടിച്ചുവിട്ട ഈ വരികള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഓര്‍മപ്പെടുത്തട്ടെ.

(അവസാനിച്ചു)

Ref:

13. മാധ്യമം: 2015 മാര്‍ച്ച് 22, ഞായര്‍

14. മലയാള മനോരമ: പേജ്: 04, 2002 ജൂലൈ 24, ബുധന്‍

15. പേജ്:16-17

16. പ്രസിദ്ധീകരണം നമ്പര്‍: 07, ഇസ്‌ലാമും സാമ്പത്തിക പ്രശ്‌നവും: സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, എഡിഷന്‍: 1, അച്ചടി: 1952, ഇസ്‌ലാമിക് പബ്ലിഷിംഗ്ഹൗസ്, എടയൂര്‍ കേരള ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി പ്രസിദ്ധീകരിച്ചത്.

17. https://www.prabodhanam.net/article/3855/207