ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

മൂസ സ്വലാഹി, കാര

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

അഹ്‌ലുസ്സുന്നതി വല്‍ജമാഅയും ശിയാസുന്നികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്തിഗാസ. സൃഷ്ടി കഴിവിന്നധീനമായ കാര്യങ്ങള്‍ തന്നെ സാധിച്ചുകിട്ടാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമായിരിക്കെ, സൃഷ്ടികഴിവിന്നതീതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മരണപ്പെട്ടവരോട് സഹായം തേടാമെന്ന് ഏറെ കാലമായി പ്രമാണങ്ങളെ മറയാക്കിയും അവയെ ദുര്‍വ്യാഖ്യാനം ചെയ്തും സമസ്തക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഇവ്വിധം ചെയ്യുന്നത് തൗഹീദിന് എതിരും വലിയ പാതകവുമാണ്.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ബദ്ര്‍ യുദ്ധവേളയില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ''നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി'' (ക്വുര്‍ആന്‍ 8:9).

ആരാധനയും അതിന്റെ ഇനങ്ങളും എന്താണെന്ന് സത്യസന്ധമായി സമൂഹത്തെ പഠിപ്പിക്കാത്തതിനാല്‍ അനുഗ്രഹദാതാവായ അല്ലാഹുവിനോട് സഹായം ചോദിക്കുന്നത് പേരിന് മാത്രമാക്കി ചൂഷണ കേന്ദ്രങ്ങളില്‍ അഭയം തേടി ഗതിമുട്ടുമ്പോള്‍ അവനെ വിളിക്കാമെന്ന നിലപാടിലാണ് ഇവര്‍ വളര്‍ത്തിയെടുത്ത സമൂഹം ഇന്നുള്ളത്.

അല്ലാഹു പറയുന്നു: ''അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്? നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു''(16:52-54).

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി(റഹി) പറയുന്നു: ''അപ്പോള്‍ അത്(പ്രശ്‌നം) നീങ്ങിക്കിട്ടാന്‍ അട്ടഹസിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചും അവനോട് സഹായം തേടിയും അവനിലേക്ക് നിങ്ങള്‍ തിരിയുന്നു'' (തഫ്‌സീറുത്ത്വബ്‌രി/വാള്യം 8).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവന്‍ ഏകനും പങ്കുകാരില്ലാത്തവനും എല്ലാ വസ്തുക്കളുടെയും അധികാരിയും സ്രഷ്ടാവും രക്ഷിതാവും  അവന്‍ മാത്രമാണെന്നും ഇത് അറിയിക്കുന്നു.

ഉപകാരം, ഉപദ്രവം, അടിമകള്‍ക്ക് ലഭിക്കുന്ന ഉപജീവനം, സഹായം, സൗഖ്യം, അനുഗ്രഹം, നന്മ ഇതിന്റെയെല്ലാം ഉടമ അല്ലാഹുവാണ്. എന്നാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അതിനെ നീക്കിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് അറിഞ്ഞുതന്നെ നിങ്ങള്‍ അവനിലേക്ക് അഭയം തേടുകയും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി അവനോട് സഹായം തേടുകയും ചെയ്യുന്നു'' (ഇബ്‌നു കഥീര്‍/വാള്യം 2).

നബിമാരോടും വലിയ്യുകളോടും സഹായം തേടാം എന്ന വിശ്വാസം ഹിജ്‌റ മൂന്നാം തലമുറയുടെ അവസാനത്തില്‍ റാഫിളിയാക്കളായ ബുവൈഹികളിലാണ് പ്രകടമായത്. പിന്നീട് ശിയാ സുന്നികളിലേക്കും സ്വൂഫികളിലേക്കും അത് ഇഴഞ്ഞുകയറി. മരണപ്പെട്ടവര്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നും അവര്‍ പ്രപഞ്ചത്തില്‍ നിരുപാധികം കൈകാര്യം നടത്തുന്നുവെന്നും ക്വബ്‌റില്‍ അവര്‍ സാധാരണ ജീവിതത്തിലാണെന്നും സഹായം തേടുന്നവരുടെ വിളി അവര്‍ കേള്‍ക്കും തുടങ്ങിയ വാദങ്ങളാണ് അവര്‍ സ്ഥിരപ്പെടുത്താന്‍ നോക്കിയത്. ഈ പിഴച്ച വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടി ഹിജ്‌റ ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ സ്വൂഫികള്‍ ഗ്രന്ഥങ്ങള്‍വരെ രചിച്ചു!

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു അബില്‍ ഇസ്സല്‍ ഹനഫി(റഹി), അമീര്‍ അസ്സ്വന്‍ഹാനി(റഹി), ശൗകാനി(റഹി), ഇബ്‌നു അബ്ദില്‍ വഹ്ഹാബ്(റഹി), ഇബ്‌നു കഥീര്‍(റഹി), ബശീര്‍ അസ്സഅ്‌സവാനി(റഹി) തുടങ്ങിയവര്‍ പ്രാമാണികമായിത്തന്നെ ഇത്തരം ജല്‍പനങ്ങളുടെ മുനയൊടിച്ചവരാണ്.

മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്ക് ചെയ്യാന്‍ ഉന്നയിച്ച കാരണങ്ങളല്ലാതെ മറ്റൊന്നും  ഇവര്‍ക്കും എടുത്ത് കാണിക്കാനില്ല. നബി ﷺ ക്ക് അല്ലാഹു നല്‍കിയ ഉപദേശമാണ് വിശ്വാസികള്‍ക്ക് സ്വീകരിക്കാനുള്ളത്. അല്ലാഹു പറയുന്നു:

''(നബിയേ,) പിന്നീട് നിന്നെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്'' (ക്വുര്‍ആന്‍ 45:18).

ഈ വചനത്തിന്റെ വിശദീകരണമായി ഇബ്‌നു കഥീര്‍ പറയുന്നു: ''അഥവാ, ഏക ഇലാഹായ താങ്കളുടെ രക്ഷിതാവില്‍നിന്ന് താങ്കള്‍ക്ക് വഹ്‌യ് നല്‍കപ്പെട്ടത് താങ്കള്‍ പിന്തുടരുക. മുശ്‌രിക്കുകളെ തൊട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക'' (ഇബ്‌നു കഥീര്‍/ വാള്യം 4).

ബറേല്‍വിസത്തെ ചാണിനു ചാണായി അനുകരിക്കുന്ന സമസ്തക്കാര്‍ ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനായി എഴുതുന്നതും വാദിക്കുന്നതും ഇല്ലാത്ത തെളിവുകള്‍ ചോദിച്ച് വെല്ലുവിളിക്കുന്നതുമൊക്കെ എത്ര വലിയ അപരാധവും അസംബന്ധമാണ്. ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

''മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായമര്‍ത്ഥിക്കുന്നത് ശിര്‍ക്കാണെന്ന് പറയാന്‍ ഒരൊറ്റ തെളിവെങ്കിലും കൊണ്ടുവരാമോ? എണ്‍പത് കൊല്ലം പഴക്കമുള്ള ചോദ്യമാണ്. സാധിക്കുമോ? ഇല്ല'' (അല്ലാഹുവിന്റെ ഔലിയാക്കള്‍/സുലൈമാന്‍ സഖാഫി/പേജ് 162).

അല്ലാഹുവിനെയും അവന്റെ  ക്വുര്‍ആനിനെയുമാണ് ലേഖകന്‍ ഇതിലൂടെ വെല്ലുവിളിച്ചിട്ടിള്ളത്. അല്ലാഹു പറയുന്നു: ''അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ  അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 23:117).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''തന്നില്‍ പങ്ക് ചേര്‍ക്കുകയും തന്റെകൂടെ മറ്റുള്ളവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക്  അല്ലാഹു താക്കീത് കൊടുക്കുകയാണിവിടെ. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവന് പ്രമാണമില്ലെന്നും അല്ലാഹു ഇവിടെ അറിയിക്കുന്നു. അഥവാ അവന്‍ പറഞ്ഞതിന് അവന്റെ പക്കല്‍ യാതൊരു തെളിവുമില്ല'' (ഇബ്‌നു കഥീര്‍/ വാള്യം 3).

 2021 ജൂലൈ രണ്ടാം ലക്കം 'സുന്നിവോയ്‌സി'ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ''എന്നാല്‍ ആത്മീയലോകത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പുണ്യാത്മാക്കള്‍ സഹായിക്കുമെന്നും അവരോട് സഹായാര്‍ത്ഥന നടത്താമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ നിസ്സംശയം പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് സാധാരണ കഴിവാണെങ്കില്‍ അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവായിരിക്കും. മുഅ്ജിസത്ത്, കറാമത്ത് കൊണ്ട് ജീവിതകാലത്ത് അമ്പിയാ, ഔലിയാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മരണ ശേഷവും സാധിക്കും. കാരണം മരണത്തോടെ മുഅ്ജിസത്ത്, കറാമത്തുകള്‍ മുറിയുന്നില്ല. എന്നാല്‍ ഇവയെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ ചെയ്യുന്നത്'' (പേജ് 14).

പ്രമാണങ്ങള്‍ പ്രകാരം ഈ പിഴച്ചവാദം തെളിയിക്കാന്‍ ഇവര്‍ക്കാവില്ല. പ്രമാണബദ്ധമായി കാര്യങ്ങള്‍ പറയുന്നവരെ 'പുത്തന്‍ വാദികള്‍' എന്നു മുദ്രകുത്തുകയും ചെയ്യും! നബി ﷺ ക്ക് മക്കാമുശ്‌രിക്കുകളില്‍നിന്ന് കേള്‍ക്കേണ്ടി വന്നതും ഇതുതന്നെയാണ്.

അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും സംഭവിക്കുന്നത് അവരുടെ ഇഷ്ടമനുസരിച്ചാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരവും അവര്‍ സഹായിക്കുമെന്നും വിശ്വസിപ്പിക്കുക വഴി എന്തു മാത്രം വലിയ പിഴവിലേക്കാണിവര്‍ ജനങ്ങളെ വീഴ്ത്തിയിരിക്കുന്നത്! അല്ലാഹു പറയുന്നു:

''അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. അതുതന്നെയാണ് വിദൂരമായ വഴികേട്'' (ക്വുര്‍ആന്‍ 22:12).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറഞ്ഞത് ശ്രദ്ധേയമാണ്:

''അഥവാ വിഗ്രഹങ്ങളും സമന്മാരുമായ (ആരാധ്യന്മാരോട്) അവന്‍ ഇസ്തിഗാസ ചെയ്യുകയും സഹായം തേടുകയും ഉപജീവനം ആവശ്യപ്പെടുകയും ചെയ്യുന്നു. അവയാകട്ടെ അവന് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യില്ല'' (ഇബ്‌നു കഥീര്‍/വാള്യം 3).

സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അകറ്റാനുള്ള പുരോഹിതന്മാരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ ഇവരുടെ തല തൊട്ടപ്പന്മാരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു: 'ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.'(10:66)

ലേഖകന്‍ തന്റെ വാദത്തിന് തെളിവുദ്ധരിച്ചത് കാണുക: ''ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ അല്ലാഹുവിന്റെ സൃഷ്ടികളുടെ ബുദ്ധിമുട്ടുകളില്‍നിന്ന് അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന് ചൊല്ലട്ടെ. അപ്രകാരം ചെയ്താല്‍ ആ സ്ഥലത്ത് നിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. ഈ ഹദീസില്‍ പറഞ്ഞ കലിമാത്തുല്ലാഹിയുടെ വിവക്ഷ ഇമാം റാസി(റ) വിവരിക്കുന്നുണ്ട്. ആത്മീയലോകം ശാരീരികലോകത്ത് ആധിപത്യം പുലര്‍ത്തുന്നതാണെന്നും ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയലോകമാണെന്നും തത്ത്വശാസ്ത്രത്തില്‍ അവിതര്‍ക്കിതമായി സ്ഥിരപ്പെട്ടതാണ്. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ്. അതിനാല്‍ സമ്പൂര്‍ണമായ അല്ലാഹുവിന്റെ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്യം പ്രതിരോധിക്കാനായി മനുഷ്യരുടെ ആത്മാക്കള്‍ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവല്‍ തേട്ടമാണ്. അതിനാല്‍ കലിമാത്തുല്ലാഹി എന്നതിന്റെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു'' (പേജ് 15).

ഇസ്തിആദത്ത് ആരാധനയായതിനാല്‍ അല്ലാഹുവിനോട് മാത്രമെ ആകാവൂ. അല്ലാഹു പറയുന്നു: 'നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)'' (ക്വുര്‍ആന്‍ 23:88).

മറ്റനേകം ആയത്തുകളും നിരവധി ഹദീസുകളും ഈ വിഷയത്തില്‍ കാണാവുന്നതാണ്. നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ''(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയില്ല'' (ക്വുര്‍ആന്‍ 72:20-23).

''ഞങ്ങളുടെ മനസ്സുകളുടെ തിന്മയില്‍നിന്നും കര്‍മങ്ങളുടെ ദോഷത്തില്‍നിന്നും അല്ലാഹുവിനെ കൊണ്ട് ഞങ്ങള്‍ കാവല്‍തേടുന്നു'' (തിര്‍മിദി) എന്ന് നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

സൂറതുല്‍ ഫാതിഹയുടെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''ഇസ്തിആദത്ത് എന്നാല്‍ തിന്മയുള്ളവയുടെ കുഴപ്പത്തില്‍നിന്ന് അല്ലാഹുവിലേക്ക് അഭയം തേടലും അവനിലേക്ക് ചേര്‍ന്ന് നില്‍ക്കലുമാകുന്നു'' (ഇബ്‌നുകഥീര്‍/വാള്യം1).

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, മുസ്‌ലിം, ഖുസൈമ, ബൈഹഖി, നവവി, ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി, ഇബ്‌നു തൈമിയ്യ(റഹി) എന്നിവര്‍ നബി ﷺ സൃഷ്ടിയെ കൊണ്ട് കാവല്‍ തേടിയിട്ടില്ലെന്ന് വിശദീകരിച്ചത് ഈ ഹദീഥിന്റെ വെളിച്ചത്തില്‍തന്നെയാണ്. അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങളും യാതൊരു ന്യൂനതയും കുറവുമില്ലാത്ത അവന്റെ ക്വുര്‍ആനുമാണ് കലിമാത്ത് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുമുണ്ട്. അതൊന്നും വായിക്കാതെ ഇമാം റാസി(റ) തന്റെ തഫ്‌സീറിന്റെ തുടക്കത്തില്‍ ഇസ്തിആദത്തിന്റെ രീതികളെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ 'വചന ശാസ്ത്രം' അടിസ്ഥാനപ്പെടുത്തി പറഞ്ഞതായ അഭിപ്രായത്തില്‍ മാത്രം മുസ്‌ലിയാര്‍ കടിച്ചുതൂങ്ങിയത് താല്‍ക്കാലിക രക്ഷക്ക് വേണ്ടിയാണ്. ഒറ്റപ്പെട്ട വ്യാഖ്യാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി പാമര ജനങ്ങളെ കബളിപ്പിക്കലാണോ പണ്ഡിത ധര്‍മം? ക്വുര്‍ആന്‍ നല്‍കിയ താക്കീത് കാണുക. അല്ലാഹു പറയുന്നു: ''വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ'' (3:187).

ഇമാം റാസി(റഹി) 'നമ്മുടെ വിശ്വാസത്തിന് അനുകൂലമായി പറഞ്ഞിട്ടുണ്ട്' എന്ന് അണികളെ ബോധ്യപ്പെടുത്താനാണ് ലേഖകന്റെ ശ്രമമെങ്കില്‍ 'അഴകുള്ള ചക്കയില്‍ ചുളയില്ല' എന്ന പഴമൊഴി ഓര്‍ക്കുന്നതാകും നല്ലത്. തന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഇത്തരം പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കാണുക: ''(ബിംബാരാധനയോട്) തുല്യമായ ഒരു പ്രവര്‍ത്തനമാണ് ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിരവധി പേര്‍ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നു എന്നത്. അവര്‍ ഈ ക്വബ്‌റുകളെ ബഹുമാനിച്ചാല്‍ ആ ക്വബ്‌റാളികള്‍ അവര്‍ക്കു വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്നാണവരുടെ വിശ്വാസം'' (തഫ്‌സീറുല്‍ കബീര്‍/വാള്യം 17).

സത്യത്തിനുനേരെ അന്ധത നടിക്കുന്നവര്‍ അല്ലാഹുവിന്റെ ഈ താക്കീത് മനസ്സിലാക്കുന്നത് നന്നായിരിക്കും:

''വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക് കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (ക്വുര്‍ആന്‍ 22:31).