യേശുക്രിസ്തുവും യേശുക്രിസ്തുവിന്റെ ദൈവവും

സലീം പട്‌ല

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20
വളരെ സങ്കീര്‍ണമാണ് ക്രൈസ്തവ ദൈവസങ്കല്‍പം. പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിത്വത്തിലൊരാളാണ് യേശുവെന്നും എന്നാല്‍ അതേ യേശു തന്നെ ദൈവമാണെന്നുമാണ് ക്രൈസ്തവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിചിത്ര ദൈവസങ്കല്‍പം യേശു തന്നെയും അംഗീകരിച്ചിരുന്നോ? ഇല്ലെന്നാണ് മഹാനായ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നത്.

ദൈവവിശ്വാസം പലമതങ്ങളിലും പല രൂപത്തിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും പ്രബല മതങ്ങളെല്ലാം ഏകദൈവ വിശ്വാസമാണ് പഠിപ്പിക്കുന്നത് എന്ന് അവയുടെ വക്താക്കള്‍ വാദിക്കാറുണ്ട്. വളരെ വിചിത്രമായ ഏകദൈവ വിശ്വാസമാണ് ക്രൈസ്തവ സമൂഹം വച്ചുപുലര്‍ത്തുന്നത്. ത്രിയേകത്വ സിദ്ധാന്തം എന്ന് ഇത് അറിയപ്പെടുന്നു. അത് എങ്ങനെയെന്ന് വിശദമാക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല. അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയാറുള്ളത്. അങ്ങനെ മനസ്സിലാക്കാന്‍ സാധിക്കാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കാനും അവനെ ആരാധിക്കാനും കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തില്‍ ബൈബിള്‍ എന്ത് പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:

എന്താണ് ത്രിയേകത്വ സിദ്ധാന്തം? ഒന്നും ഒന്നും ഒന്നും കൂട്ടിയാല്‍ ഉത്തരം ഒന്ന് ആകുമോ? ത്രിയേകത്വത്തെക്കുറിച്ച് ക്രൈസ്തവത നല്‍കിപ്പോരുന്ന വിരണങ്ങള്‍ കാണുക:

1. പിതാവ് ഒരുവന്‍, പുത്രന്‍ ഒരുവന്‍, പരിശുദ്ധാത്മാവ് ഒരുവന്‍, എങ്കിലും ദൈവത്വം ഏകവും മഹത്ത്വം സമവും പ്രഭാവം സമനിത്യവുമാകുന്നു.

2. പിതാവ് എങ്ങനെയുള്ളവനാണോ അങ്ങനെയുള്ളവനാണ് പുത്രനും പരിശുദ്ധാത്മാവും.

3. മൂവരും സൃഷ്ടിക്കപ്പെട്ടവരല്ല.

4. ഓരോരുത്തനും നിത്യനാണ്. മൂന്ന് നിത്യന്‍മാരില്ല, ഒരു നിത്യനേയുള്ളൂ.

5. പിതാവ് സര്‍വശക്തന്‍, പുത്രന്‍ സര്‍വശക്തന്‍, പരിശുദ്ധാത്മാവ് സര്‍വശക്തന്‍; എന്നാല്‍ സര്‍വശക്തന്‍ ഒന്നു മാത്രം!

6. പിതാവ് ദൈവം, പുത്രന്‍ ദൈവം, പരിശുദ്ധാത്മാവ് ദൈവം; എന്നാലും ദൈവം ഏകനാണ്!

7. ത്രിത്വത്തില്‍ മുമ്പനോ പിമ്പനോ ഇല്ല. വലിയവനോ ചെറിയവനോ ഇല്ല. സമനിത്യന്മാരും സകലത്തിലും സമന്‍മാരുമാണ്.

8. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്ന് നിലകളല്ല; മറിച്ച് ഓരോരുത്തരും ദൈവമാണ്.

9. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണമായും അടങ്ങിയിരിക്കുന്ന നിത്യമായ ഏകസത്തയാണ് ദൈവം.

10. ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ; പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു

11. മൂന്ന് ദൈവങ്ങള്‍ അഥവാ പ്രകൃതിയില്‍ മൂന്ന് ആളത്വങ്ങള്‍ സ്ഥിതിചെയ്യുന്നു. അവര്‍ തമ്മില്‍ പ്രായ വ്യത്യാസമോ വലിപ്പചെറുപ്പമോ ശക്തി വ്യത്യാസമോ ഇല്ല. മൂവരുടെയും മഹത്ത്വം തുല്യവും പ്രഭാവം സമനിത്യവും. മൂന്ന് ആളത്വങ്ങളിലായി ഏകദൈവം സ്ഥിതി ചെയ്യുന്നു.

12. ഒന്നിനെ മൂന്ന് വട്ടം ഗുണിക്കുമ്പോള്‍ കിട്ടുന്ന ഗുണന ഫലം പോലെയോ, ഒരേസമയം താപവും രശ്മിയും വെളിച്ചവും നല്‍കുന്ന സൂര്യനെ പോലെയോ, ഒരേസമയം ശബ്ദമായും പ്രകാശമായും ചലനമായും മാറാന്‍ കഴിയുന്ന വൈദ്യുതിയെപോലെയോ ആണ് ത്രിത്വം!

ദേഹവും ദേഹിയും ആത്മാവുമടങ്ങിയ മനുഷ്യന്‍, ഒരേസമയം പിതാവും മകനും ഭര്‍ത്താവുമാകുന്ന പാസ്റ്റര്‍, വെള്ളം, ഐസ്, നീരാവി എന്നിങ്ങനെയുള്ള ജലത്തിന്റെ രൂപമാറ്റങ്ങള്‍, പുറംതോടും മഞ്ഞക്കരുവും വെള്ളയുമടങ്ങുന്ന മുട്ട... ഇതൊക്ക ത്രിയേകത്വത്തിന് ഉദാഹരണങ്ങളാണ്...!

ഇങ്ങനെ വിശദീകരിച്ചും വ്യാഖ്യാനിച്ചും പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിത്വത്തിലൊരാളാണ് യേശുവെന്നും ദൈവവും യേശുവും ഒന്നാണെന്നും യേശു തന്നെയാണ് സാക്ഷാല്‍ ദൈവമെന്നും സ്ഥാപിക്കുകയാണ് ക്രൈസ്തവ മിഷണറിമാര്‍ ചെയ്യാറുള്ളത്.

എന്നാല്‍ യേശു ദൈവമല്ലെന്നും ദൈവം യേശുവല്ലെന്നും യേശുവും ദൈവവും തീര്‍ത്തും വ്യത്യസ്തരാണെന്നും വ്യക്തമാക്കുന്ന നിലവിലുള്ള ബൈബിളില്‍നിന്നുള്ള ശക്തമായ തെളിവുകള്‍ കാണാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

1. ദൈവം പറയുന്നത് ഞാന്‍ ദൈവമെന്ന്!

യേശു പറഞ്ഞത് 'എന്റെയും നിങ്ങളുടെയും ദൈവം ഒരുവനെ'ന്ന്!

(ദൈവം പറഞ്ഞു) 'ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല'' (ആവര്‍ത്തനം 32:39).

(യേശു പറഞ്ഞു) '...നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്...' (മാര്‍ക്കോസ് 12:29).

(യേശു പറഞ്ഞു) 'ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവനാകുന്നു' (യോഹന്നാന്‍ 17:3).

ഞാനല്ലാതെ ദൈവമില്ലെന്ന് ദൈവംതന്നെ പറയുന്നു. ആ ദൈവത്തെ ഏകസത്യദൈവം എന്ന് യേശുവും വിളിക്കുന്നു. ഇവിടെ ദൈവത്തിന്റെ ത്രിത്വമോ ദ്വിത്വമോ കടന്നുവരുന്നില്ല.

2. ദൈവം മനുഷ്യനല്ല, മനുഷ്യപുത്രനുമല്ല; യേശു മനുഷ്യനും മനുഷ്യപുത്രനും!

'വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്‍പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?' (സംഖ്യ പുസ്തകം 23:19).

'...ഞാന്‍ മനുഷ്യനല്ല. ദൈവം അത്രെ...' (ഹോശേയ 11:9).

യേശു പറഞ്ഞു: 'എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു...' (യോഹന്നാന്‍ 8:40).

'യോനാ നീനെവേക്കാര്‍ക്കു അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറക്കും ആകും' (ലൂക്കോസ് 11:30).

യേശുവിനെ മനുഷ്യപുത്രന്‍ എന്നും മനുഷ്യന്‍ എന്നും വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ദൈവം പറയുന്നതോ 'ഞാന്‍ മനുഷ്യനല്ല, ദൈവമാണ്' എന്നും. കാര്യം എത്ര വ്യക്തമാണ്!

3. ദൈവം ഉദ്ദേശിക്കുന്നത് ചെയ്യുന്നു; യേശുവിന് കഴിയുന്നില്ല

'ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?' (യിരേമ്യാവ് 32:27).

'(യേശു)ഏതാനും രോഗികളുടെ മേല്‍ കൈവച്ച് സൗഖ്യം വരുത്തിയതല്ലാതെ അവിടെ വീര്യപ്രവര്‍ത്തികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു' (മാര്‍ക്കോസ് 6:56).

4. ദൈവമാണ് എല്ലാവരെക്കാളും വലിയവന്‍, യേശുവല്ല

'യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തില്‍ വലിയതും ആകുന്നു' (യിരമ്യാവ് 10:6).

(യേശു പറഞ്ഞു) '...എന്റെ പിതാവു എല്ലാവരിലും വലിയവന്‍; പിതാവിന്റെ കയ്യില്‍നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല' (യോഹന്നാന്‍ 10:29).

യേശു പറഞ്ഞു: '...നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ' (യോഹന്നാന്‍ 14:28).

പിതാവും പുത്രനും പരിശുദ്ധാത്മാവും സമന്‍മാരാണെന്ന് പറയുന്നവരെ ഈ വചനങ്ങള്‍ ഖണ്ഡിക്കുകയാണ്.

5. ദൈവം വലിയവനും ദൂതന്‍മാരെ അയക്കുന്നവനും! യേശു ദൈവത്താല്‍ അയക്കപ്പെട്ടവനും ദൈവദാസനും!

'ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല' (യോഹന്നാന്‍ 13:16).

'ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു' (യോഹന്നാന്‍ 17:3).

'അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി' (പ്രവൃത്തികള്‍ 3:13).

6. ദൈവം സര്‍വശക്തന്‍! യേശു ദൈവത്തിന്റെ ആശ്രിതന്‍!

'സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു'(വെളിപ്പാട് 19:6).

'അവന്‍ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‍കുന്നു; ബലമില്ലാത്തവന്നു ബലം വര്‍ദ്ധിപ്പിക്കുന്നു' (യെശയ്യാവ് 40:29).

'ദൈവം നിത്യനാകുന്നു. അവന്‍ നിന്റെ സുരക്ഷിത സ്ഥലം. ദൈവത്തിന്റെ ശക്തി നിത്യമാകുന്നു. അവന്‍ നിന്നെ സംരക്ഷിക്കുന്നു' (ആവര്‍ത്തനം 33:27).

'പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി' (ലൂക്കോസ് 22:42,43).

7. ദൈവത്തിന്റെ മനസ്സ് മാറില്ല! യേശുവിന്റെതു മാറുന്നു!

'യിസ്രായേലിന്റെ മഹത്വമായവന്‍ ഭോഷ്‌കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു' (1 ശമുവേല്‍ 15:29).

(യേശു പറഞ്ഞു) 'നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു. അവന്റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി' (യോഹന്നാന്‍ 7:8-10).

8. ദൈവം സാക്ഷാല്‍ ആരാധ്യന്‍! യേശു ദൈവഭയമുള്ള മനുഷ്യന്‍!

'നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം' (ആവര്‍ത്തനം 10:20).

'ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍' (മത്തായി 10:28).

'തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ (യേശുവിന്റെ) ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു' (ഹെബ്രായര്‍ 5:7).

9. ദൈവം ആരാധനക്കര്‍ഹന്‍! യേശു ദൈവത്തെ ആരാധിക്കുന്നവന്‍!

(യേശു പറഞ്ഞു) 'നിങ്ങള്‍ അറിയാത്തതിനെ നമസ്‌കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്‌കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍നിന്നല്ലോ വരുന്നതു' (യോഹന്നാന്‍ 4:22).

യേശു കല്‍പിച്ചു: 'സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു' (മത്തായി 4:10).

10. ദൈവം സ്വന്തം ഇഷ്ടപ്രകാരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു!

'എന്തു ചെയ്യണമെന്ന് ദൈവത്തോട് പറയാന്‍ ആര്‍ക്കുമാവില്ല. ദൈവമേ നീ ചെയ്തത് തെറ്റാണ് എന്ന് ദൈവത്തോട് പറയാന്‍ ആര്‍ക്കും കഴിയില്ല' (ഇയ്യോബ് 36:22,23).

'തനിക്ക് ഇഷ്ടമുള്ളതെല്ലാം അവന്‍ (ദൈവം) ചെയ്യുന്നു' (സങ്കീര്‍ത്തനങ്ങള്‍ 115:3).

എന്നാല്‍ യേശു പറഞ്ഞത് കാണുക: 'യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്‌വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല' (യോഹന്നാന്‍ 7:16-18).

11. നല്ലവന്‍ ദൈവം മാത്രമെന്ന് യേശു പറയുന്നു

'(ദൈവമേ) നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ' (സങ്കീര്‍ത്തനങ്ങള്‍ 119:68).

'ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: 'എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല...' (ലൂക്കോസ് 18:18-19).

12. ദൈവത്തെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല! യേശുവിനെ ജനം മര്‍ദിക്കുന്നു!

'ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ' (2 ദിനവൃത്താന്തം 20:6).

'അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു' (യോഹന്നാന്‍ 18:22).

'...യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു'' (മത്തായി 27:29,30).

'അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു' (യോഹന്നാന്‍ 11:53,54).

13. ദൈവം ഉറക്കവും മയക്കവുമില്ലാത്തവന്‍! യേശു ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു!

'യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല'' (സങ്കീര്‍ത്തനം 121:4).

എന്നാല്‍ യേശുവോ? '...അവനോ ഉറങ്ങുകയായിരുന്നു. അവര്‍ അടുത്തുചെന്നു: കര്‍ത്താവേ രക്ഷിക്കേണമേ: ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി' (മത്തായി 8:24,25).

14. ദൈവം പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍; യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നവനും!

(ദൈവം പറഞ്ഞു) 'എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും' (യിരമ്യാവ് 33:3).

'നമ്മള്‍ രക്ഷക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്തുണ്ടാവും (ആവര്‍ത്തനം4:7).

'ജനം എല്ലാം സ്‌നാനം ഏല്‍ക്കുകയില്‍ യേശുവും സ്‌നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു' (ലൂക്കോസ് 3:21,22).

യേശു പലപ്പോഴും പ്രാര്‍ഥനക്കായി ഏകാന്തമായ സ്ഥലത്തേക്ക് പോകുമായിരുന്നു: 'അവനോ നിര്‍ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു' (ലൂക്കോസ് 5:16).

'അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.' (മത്തായി 14:23).

'ആ കാലത്തു അവന്‍ പ്രാര്‍ത്ഥിക്കേണ്ടതിന്നു ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴിച്ചു' (ലൂക്കോസ് 6:12).

'അതികാലത്തു ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്‍ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു' (മാര്‍ക്കോസ് 1:35).

'യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം...'(യോഹന്നാന്‍ 11:41,42).

'അവര്‍ ഗെത്ത്‌ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടു: ഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു. പിന്നെ അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു. പിന്നെ അല്‍പം മുമ്പോട്ടു ചെന്നു നിലത്തുവീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു' (മാര്‍ക്കോസ് 14:32-35).

15. ദൈവം സ്രഷ്ടാവ്; യേശു ദൈവത്തിന്റെ സൃഷ്ടി

'ഭൂമിയെ ഞാന്‍ സൃഷ്ടിച്ചു. അതിലെ സകലമനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചു. ഞാനെന്റെ സ്വന്തം കൈകളുപയോഗിച്ച് ആകാശത്തെ സൃഷ്ടിച്ചു...' (യെശയ്യാവ് 45:12).

'ഇതാ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു' (ആവര്‍ത്തനം 10:14).

'ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് (ദൈവം) അവനെ (യേശുവിനെ) സൃഷ്ടിച്ചു' (എബ്രായര്‍ 2:7).

16. ദൈവം സര്‍വജ്ഞന്‍, യേശുവിന് അദൃശ്യമറിയുന്നില്ല

'ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്‍പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു' (യെശയ്യാവ് 46:10).

'പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു' (മാര്‍ക്കോസ്11:12, 13).

17. ദൈവം ആദ്യവും അന്ത്യവുമില്ലാത്തവന്‍, യേശു ബത്‌ലഹേമില്‍ ജനിച്ചു

'പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു' (സങ്കീര്‍ത്തനങ്ങള്‍ 90:2)

'ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്‌ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി' (മത്തായി 2:1)

18. ദൈവത്തെ പരീക്ഷിക്കാന്‍ കഴിയില്ല; യേശു പരീക്ഷിക്കപ്പെടുന്നു

'...ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു...' (യാക്കോബ് 1:13).

'...പിശാച് അവനെ (യേശുവിനെ) നാല്‍പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു' (ലൂക്കോസ് 4:1).

19. ദൈവം ഒരിക്കലും ക്ഷീണിക്കില്ല, യേശു ക്ഷീണിക്കുകയും വിശ്രമിക്കുകയും ചെയ്തു

'...യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നേ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല...' (യെശയ്യാവ് 40:28)

'...യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു...' (യോഹന്നാന്‍ 4:6).

20. ദൈവം സ്ത്രീയില്‍നിന്ന് ജനിച്ചനല്ല; യേശു സ്ത്രീയില്‍ നിന്ന് ജനിച്ചു

'അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുമ്പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും?' (ഇയ്യോബ് 25:4).

'അവള്‍ ആദ്യജാതനായ മകനെ (യേശുവിനെ) പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി' (ലൂക്കോസ് 2:6).

21. ദൈവം നിരാശ്രയന്‍, യേശുവിന് ആശ്രയം ആവശ്യമായിരുന്നു

'നിന്റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?' (യെശയ്യാവ് 44:24).

'യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു' (ലൂക്കോസ് 2:52)

22. ദൈവം മനുഷ്യനല്ല; യേശു മനുഷ്യന്‍!

'യേശു അവരെ നോക്കി: 'അതു മനുഷ്യര്‍ക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു' (മത്തായി 19:26).

യേശു പറഞ്ഞു: 'ദൈവത്തില്‍നിന്ന് കേട്ട സത്യങ്ങള്‍ നിങ്ങളോട് പറഞ്ഞ ഒരു മനുഷ്യനാണ് ഞാന്‍' (യോഹന്നാന്‍ 8:40).

23. ദൈവം അന്ത്യനാളിനെക്കുറിച്ചറിയുന്നു; യേശു അറിയുന്നില്ല

'ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല' (മാര്‍ക്കോസ് 13:32).

24. വരം നല്‍കുന്നവന്‍ ദൈവം മാത്രം; യേശുവല്ല

''അവന്‍ അവരോടു: 'എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നല്‍കുന്നതു എന്റേതല്ല; എന്റെ പിതാവു ആര്‍ക്കു ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും' എന്നു പറഞ്ഞു'' (മത്തായി 20:23).

25. ദൈവത്തിന്റെ ഇഷ്ടവും യേശുവിന്റെ ഇഷ്ടവും!

'പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു' (മത്തായി 22:42).

'എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു' (മത്തായി 7:21).

26. യേശു നേതാവ്!

'...ഭൂമിയില്‍ ആരെയും പിതാവ് എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ. നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍, ക്രിസ്തു തന്നെ' (മത്തായി 23:9,10).

27. ദൈവത്തിലും യേശുവിലും വിശ്വസിക്കല്‍!

ദൈവവും യേശുവും ഒന്നെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കില്‍ യേശുവില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞാലും മതി. എന്നാല്‍ ഇത് കാണുക:

'നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത്. ദൈവത്തിലും വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക' (യോഹന്നന്‍ 14:1). ദൈവമായ എന്നിലും വിശ്വസിക്കുക എന്ന് യേശു പറയുന്നില്ല.

28 ദൈവം യേശുവിനെ മഹത്ത്വപ്പെടുത്തിയവന്‍!

'ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു. എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷ്‌കു പറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു' (യോഹന്നാന്‍ 8:54,55).

29. ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിയില്ല, യേശുവിനെ എല്ലാവരും കണ്ടിരുന്നു

'നിനക്ക് എന്റെ മുഖം കാണ്‍മാന്‍ കഴിയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കുകയില്ല എന്നും അവന്‍ (ദൈവം) പറഞ്ഞു' (പുറപ്പാട് 33:20).

സാക്ഷാല്‍ ദൈവത്തെ ഇഹലോകത്തുവെച്ച് കാണാന്‍ കഴിയില്ല എന്ന് വ്യക്തം. എന്നാല്‍ യേശുവിനെ ജനങ്ങള്‍ കാണാതിരുന്നിട്ടില്ലല്ലോ.

'ഇവന്‍ ഗലീലിയയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്ന് പുരുഷാരം പറഞ്ഞു'' (മത്തായി 21/11)

ക്വുര്‍ആനിന്റെ നിലപാട്

വിശുദ്ധ ക്വുര്‍ആന്‍ വളരെ വ്യക്തവും സ്പഷ്ടവുമായിക്കൊണ്ടാണ് യേശുവിനെ പരിചയപ്പെടുത്തിയിട്ടുളത്. അല്ലാഹു പറയുന്നു:

''മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല. എന്നാണ്'' (ക്വുര്‍ആന്‍ 5:72).

''അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും''(ക്വുര്‍ആന്‍ 5:73).

''ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്'' (ക്വുര്‍ആന്‍ 5:74,75).

''വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി'' (ക്വുര്‍ആന്‍ 4:171).

പരലോകത്തുവെച്ച് യേശു തന്നെ ആരാധിച്ചവരെ തള്ളിപ്പറയും

''അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍'' (ക്വുര്‍ആന്‍ 5:116).

''നീ എന്നോട് കല്‍പിച്ച കാര്യം അഥവാ 'എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം' എന്ന കാര്യം മാത്രമെ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു'' (ക്വുര്‍ആന്‍ 5:117).