ജനാധിപത്യത്തെ അട്ടിമറിക്കുന്ന വ്യാജവോട്ടുകള്‍

നബീല്‍ പയ്യോളി

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20
ജനാധിപത്യത്തിന്‍റെ വിധി നിര്‍ണയിക്കുന്ന ഏകകമാണ് വോട്ട്. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും അതിജീവിച്ച് മനഃസാക്ഷിക്കനുസരിച്ച് നല്‍കുന്ന വോട്ടില്‍ പോലും കൃത്രിമം നടക്കുന്നു എന്ന വസ്തുതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവെച്ചത്. വ്യാജവോട്ടുകള്‍ എത്രയുംപെട്ടെന്ന് കണ്ടെത്തി തിരുത്തിയേ മതിയാവൂ.

കേരളം തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പിലേക്ക് കടന്നിരിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ മുഴുവന്‍ തങ്ങളുടെ ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്ത് വിജയം വരിക്കാനുള്ള പ്രയത്നത്തിലാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇടത്, വലത് മുന്നണികള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ഘടക കക്ഷികള്‍ അഭിപ്രായാന്തരങ്ങളെ മാറ്റിനിര്‍ത്തി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പുഗോദയില്‍ അശ്രാന്ത പരിശ്രമത്തിലാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്ന, നിലപാടുകളും വികസനവും ചര്‍ച്ചയാവുന്ന തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയെ വോട്ടാക്കാമോ എന്ന് ചിന്തിക്കുന്ന കുബുദ്ധികളും തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുന്നു. വോട്ടുകള്‍ പെട്ടിയിലാകുന്നതുവരെ എല്ലാവരും ഏത് അടവും പയറ്റും. അവസാന ലാപ്പിലെ ഓരോ നിമിഷവും നിര്‍ണായകമാണ്. അതില്‍ എതിരാളിയെ പരാജയപ്പെടുത്താനുള്ള അടവുകള്‍ മാറിമാറി പ്രയോഗിച്ച് വിജയക്കൊടി പാറിക്കാന്‍ അരയും തലയും മുറുക്കി അങ്കത്തട്ടിലാണെല്ലാവരും.

ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാണ് വോട്ട്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യവും സ്വകാര്യതയും വോട്ടര്‍മാര്‍ക്ക് നല്‍കുന്നു എന്നതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യങ്ങളില്‍ പ്രധാനം. മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരോടും താല്‍പര്യമില്ലെങ്കില്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. കാടിളക്കി പ്രചാരണങ്ങള്‍ നടത്തിയാലും സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടത്തിയാലും എന്തൊക്കെ തന്ത്രങ്ങള്‍ പയറ്റിയാലും ആരും കാണാതെ വോട്ട് രേഖപ്പെടുത്താനും അതുവഴി സ്വന്തം താല്‍പര്യം വോട്ടായി രേഖപ്പെടുത്താനും അവസരം ലഭിക്കുന്നു എന്നത് വ്യക്തി സ്വാതന്ത്ര്യത്തിനും വോട്ടറുടെ ഹിതത്തിനും ജനാധിപത്യ സംവിധാനം നല്‍കുന്ന പ്രാധാന്യമാണ് ബോധ്യപ്പെടുത്തുന്നത്. അതുതന്നെയാണ് ജനാധിപത്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമെ മുന്നോട്ടു പോകാന്‍ സാധ്യമാവുകയുള്ളൂ എന്ന തിരിച്ചറിവില്‍ ജനപ്രതിനിധികളെ എത്തിച്ചതും.

ജനങ്ങളാണ് വിധി നിര്‍ണയിക്കുന്നത് എന്നതുകൊണ്ട് തന്നെ അവരെ പാടെ അവഗണിച്ച് മുന്നോട്ടു പോവുക എന്നത് ആത്മഹത്യാപരമാണ് എന്ന ബോധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഒരു പരിധിവരെ ഉണ്ട്. ജനവികാരം എതിരാകും എന്ന് കണ്ടാല്‍ തീരുമാനങ്ങള്‍ പിന്‍വലിക്കുകയും നിലപാട് മയപ്പെടുത്തുകയും ചെയ്യുന്നത് ഈ തിരിച്ചറിവിന്‍റെ പ്രതിഫലനം തന്നെയാണ്.

കുറ്റമറ്റ രീതിയില്‍ ജനത്തിന് വിധി രേഖപ്പെടുത്താന്‍ അവസരമൊരുക്കണം എന്നതുതന്നെയാണ് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹം. അത് ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്. ജനഹിതം കളങ്കമില്ലാതെ പ്രകടമാക്കാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് ജനാധിപത്യ പ്രക്രിയയുടെ അനിവാര്യതയും ജനാധിപത്യ സംവിധാനത്തില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസ്യതയെ സംരക്ഷിക്കുന്നതിന് അനിവാര്യവുമാണ്. ലോകം ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നേറുമ്പോള്‍ അതിന്‍റെ പ്രയോജനം ജനാധിപത്യത്തിനും ലഭ്യമാവണം എന്ന നിലയിലാണ് വോട്ടിങ് മെഷീനുകള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. അത് വോട്ടെടുപ്പും വിധിനിര്‍ണയവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും സഹായിച്ചു എന്നത് രാജ്യത്തെ ജനതയ്ക്ക് വലിയ പ്രതീക്ഷയും വിശ്വാസവും നല്‍കിയിരുന്നു. എന്നാല്‍ ഇവിഎം ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നും അത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കാരണമാവും എന്നുമുള്ള വാര്‍ത്തകളും വെളിപ്പെടുത്തലുകളും ആരോപണങ്ങളുമെല്ലാം വലിയ നിരാശയാണ് നല്‍കുന്നത്. ഇക്കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തന്നെ താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്കല്ല അത് രേഖപ്പെടുത്തിയത് എന്ന പരാതി ഉയരുന്ന സാഹചര്യം ഉണ്ടായി. വോട്ടിങ് മെഷീന്‍ പണിമുടക്കുന്നതും തെരഞ്ഞെടുപ്പുകാലത്തെ പതിവു പ്രശ്നമായി മാറിക്കഴിഞ്ഞു. അമേരിക്കപോലും ഇപ്പോഴും പേപ്പര്‍ ബാലറ്റാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. പേപ്പര്‍ ബാലറ്റ് തിരിച്ചുകൊണ്ടുവന്ന് ജനാധിപത്യ പ്രക്രിയയെ സുതാര്യവും സത്യസന്ധവുമാക്കാനുള്ള ശക്തമായ ഇടപെടലുകള്‍ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാവൂ.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം അത്യന്തം ഗൗരവതരമാണ്. 3.22 ലക്ഷം വ്യാജവോട്ടുകളും മറ്റു മണ്ഡലങ്ങളില്‍നിന്നെത്തി ചെയ്യാനിടയുള്ള 1.09 ലക്ഷം വ്യാജവോട്ടുകളും അടക്കം നാല് ലക്ഷത്തില്‍ അധികം കള്ളവോട്ട് അല്ലെങ്കില്‍ ഇരട്ട വോട്ടുകള്‍ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. കേവലം ആരോപണം ഉന്നയിക്കുക എന്നതിനപ്പുറം തെളിവുസഹിതം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഹൈക്കോടതിയെയും അദ്ദേഹം സമീപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ഇത്തരത്തിലുള്ള ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ കടന്നുകൂട്ടിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സാധിക്കുംവിധം ഗൗരവതരമാണ് എന്നതാണ് ആരോപണം. പ്രാഥമിക അന്വേഷണത്തില്‍തന്നെ ഈ പരാതിയില്‍ കഴമ്പുണ്ടെന്നും ഇത്തരം വോട്ടുകള്‍ തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ ഉറപ്പ് നല്‍കുന്നുണ്ട്. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് ഹൈക്കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരുവോട്ട് മാത്രമെ ചെയ്യുന്നുള്ളൂ എന്ന കാര്യം ഉറപ്പുവരുത്തണം. ഒരാള്‍ വിലാസം മാറി പുതിയ വിലാസത്തില്‍ വോട്ടു ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ പഴയ വിലാസത്തിലുള്ള വോട്ട് തനിയെ ഇല്ലാതായിപ്പോകുന്ന സംവിധാനം ഇല്ലേ എന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞത് ശ്രദ്ധേയമാണ്.

ഒന്നിലധികം ബൂത്തില്‍ ഒരാള്‍ക്ക് വോട്ടു വന്നതെങ്ങനെ? അങ്ങനെയുണ്ടെങ്കില്‍ തള്ളാന്‍ നല്‍കിയ അപേക്ഷകള്‍ എന്തുകൊണ്ട് പരിഗണിച്ചില്ല? രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയാണോ ഇത്രയധികം ഇരട്ടവോട്ടുകള്‍ ഉണ്ടാവാന്‍ കാരണം? ഒരേ മണ്ഡലത്തില്‍ തന്നെ വ്യത്യസ്ത ബൂത്തുകളിലോ തൊട്ടടുത്ത മണ്ഡലങ്ങളിലോ ഒരാള്‍ക്ക് തന്നെ വോട്ട് ഉണ്ട് എന്നത് കള്ളവോട്ട് ചെയ്യാനുള്ള ആസൂത്രിതമായ ശ്രമത്തിന്‍റെ ഭാഗമല്ലേ? ഒരേ ഫോട്ടോ പതിച്ച ഒന്നിലധികം വോട്ടുകള്‍ എങ്ങനെ വന്നു? അവര്‍ക്ക് വ്യത്യസ്ത പേരും മേല്‍വിലാസവും എങ്ങനെ ലഭ്യമായി? എന്ത് രേഖയാണ് വോട്ട് ചേര്‍ക്കാന്‍ അവര്‍ ഹാജരാക്കിയത്? അത് വ്യാജമായിരുന്നോ? അവരുടെയൊക്കെ വോട്ടര്‍ ഐഡി ആരുടെ കയ്യിലാണ്? ആരാണ് ഈ വോട്ടുകള്‍ ചേര്‍ത്തത്? ആരാണ് ഇതൊക്കെ ആസൂത്രണം ചെയ്തത്? ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെങ്കില്‍ ഇത്രയധികം അബദ്ധങ്ങള്‍ എങ്ങനെ വന്നു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന് ചരമക്കുറിപ്പെഴുതാന്‍ തുനിഞ്ഞവരെ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്‍റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവെച്ച് വീണ്ടും ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍നിന്ന് ഴെിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും.

ഒരാള്‍ക്ക് ഒരു വോട്ട് ചെയ്യാനുള്ള അവകാശമാണ് ജനാധിപത്യ സംവിധാനത്തിലുള്ളത്. അയാള്‍ക്ക് ആ വോട്ട് ചെയ്യാന്‍ സാഹചര്യം ഒരുക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബാധ്യതയുമാണ്. ജോലി ആവശ്യാര്‍ഥമോ മറ്റോ സ്ഥലംമാറുകയും പുതിയ വിലാസത്തില്‍ വോട്ട് ചേര്‍ക്കുകയും ചെയ്യുമ്പോള്‍ പഴയ വോട്ട് ഇല്ലാതാക്കണം. മറ്റൊരിടത്ത് വോട്ടുള്ളവരുടെ ആദ്യത്തെ വോട്ട് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ അതാത് സ്ഥലങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അപേക്ഷ നല്‍കാറുള്ളതും പതിവാണ്. മറ്റൊരിടത്ത് വോട്ടില്ലാത്തയാളുടെ വോട്ട് പോലും തള്ളാന്‍ എതിര്‍പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയും അന്യായമായി വോട്ട് തള്ളി എന്ന നിലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യാറുള്ള നമ്മുടെ നാട്ടില്‍ തന്നെയാണ് ഇത്രയധികം ഇരട്ടവോട്ടുകള്‍ ഉണ്ടായത് എന്നത് അത്ഭുതാവഹമാണ്. അതിനെക്കാള്‍ ഗുരുതരം ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം പേരിലും വിലാസങ്ങളിലും വോട്ടുകള്‍ ഉണ്ടെന്നതാണ്.

ഇത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ആസൂത്രിതമായി നടത്തിയ നീക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പട്ടാള അട്ടിമറിയോ ഏകാധിപത്യ ഭരണമോ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ജനാധിപത്യ സംവിധാനങ്ങളെ കൊലയ്ക്ക് കൊടുക്കുമ്പോള്‍ വിദ്യാസമ്പന്നരും ബൗദ്ധികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യുന്നവരുള്ള കേരളത്തില്‍ ഇത്തരത്തിലുള്ള ഗുരുതര അട്ടിമറിക്ക് കൂട്ടുനിന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നമ്മുടെ ജനാധിപത്യത്തിന്‍റെ നിലനില്‍പിന് അനിവാര്യമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഈ വിഷയത്തെ ഗൗരവതരമായി തന്നെ സമീപിക്കണം.

മിക്ക മണ്ഡലങ്ങളിലും അതിശക്തമായ മത്സരമാണ് നടക്കുന്നത്. ഓരോ വോട്ടും ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ ഉതകുന്ന സാഹചര്യത്തില്‍ ഇത്രയധികം അനധികൃത വോട്ടുകള്‍ ജനവിധിയെ അട്ടിമറിക്കാന്‍ കാരണമാകും എന്നതില്‍ സംശയമില്ല. കേരളത്തിനു പുറത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിച്ച ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തവും ധീരവുമായ നിലപാടെടുത്തവരാണ് മലയാളികള്‍. അത്തരം ഹീനകൃത്യങ്ങള്‍ ജനാധിപത്യത്തിന്‍റെ കളങ്കമായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും. ജനവിധിയെ അട്ടിമറിക്കാനുള്ള ആയുധമായി പണത്തെയും സ്വാധീനത്തെയും ഉപയോഗപ്പെടുത്തുന്ന ഫാസിസ്റ്റുകാലത്ത് സുതാര്യമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തിനും കേരളീയര്‍ കൂട്ടുനിന്നുകൂടാ. അത് നിയമവിരുദ്ധമാണ് എന്നതിനപ്പുറം ആത്മഹത്യാപരവുമാണ്. താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള ഇത്തരം പൊടിക്കൈകള്‍ ജനാധിപത്യത്തെ കൊല്ലുന്നതാണ് എന്ന തിരിച്ചറിവ് മലയാളിക്ക് ഉണ്ടാവണം. മുന്‍കാലങ്ങളിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത് ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്‍റെ പരിണിതഫലമാണിത്. ഇനിയും നമ്മള്‍ ഉറങ്ങരുത്, ഉണര്‍ന്നിരിക്കാം ഈ കൊള്ളരുതായ്മക്കെതിരെ.

ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അത് സുതാര്യമായും കുറ്റമറ്റ രീതിയിലും നടക്കേണ്ടത് നാടിന്‍റെ ആവശ്യമാണ്. അത് ഉറപ്പ് വരുത്താനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ട്.

ലോകം വിവര സാങ്കേതിക രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയ കാലമാണിത്. അതിന്‍റെ പ്രതിഫലനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നമ്മള്‍ കാണുന്നു. എല്ലാം ഹൈടെക്ക് ആണ്. ഓരോ സ്ഥാനാര്‍ഥിയോടൊപ്പവും മുഴുസമയ ക്യാമറാമാന്‍മാര്‍ ഇന്നുണ്ട്. ഓരോ ചലനവും വിട്ടുപോകാതെ പകര്‍ത്തിയെടുത്ത് അത് വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവരാണ് എല്ലാ സ്ഥാനാര്‍ഥികളും. തങ്ങളുടെ സുതാര്യതയും സത്യസന്ധതയും ഒക്കെ ബോധ്യപ്പെടുത്തല്‍ കൂടിയാണ് ഈ പ്രചാരണ രീതികള്‍കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. ഈ സത്യസന്ധതയും സുതാര്യതയും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഉറപ്പുവരുത്താന്‍ ഓരോ സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ തയ്യാറായാല്‍ കുറ്റമറ്റ രീതിയില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പരിശോധിച്ച് വ്യാജവോട്ടുകള്‍ മരവിപ്പിക്കുകയാണ് ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്. മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് ബ്രോഡ്കാസ്റ്റ് സംവിധാനം ഉണ്ടാവുകയും അവ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം. കള്ളവോട്ടും ഇരട്ടവോട്ടും തടയാന്‍ ഒരു പരിധിവരെ ഇതിലൂടെ സാധ്യമാവും.

ഓരോ പോളിങ് ബൂത്തിലും സ്ഥാനാര്‍ഥികളുടെ എജന്‍റുമാര്‍ മുഴുസമയം ഉണ്ടാവും. അവര്‍ അവരുടെ ബൂത്തിലെ എല്ലാവരെയും വ്യക്തിപരമായി അറിയുന്നവര്‍ തന്നെയാവും. അതുകൊണ്ട് തന്നെ അന്യായമായി ആരെങ്കിലും വോട്ട് ചെയ്യാന്‍ എത്തിയാല്‍ അത് ഉന്നയിക്കുകയും അത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജാഗ്രത പാലിക്കുകയും വേണം. അന്യദേശങ്ങളില്‍നിന്നെത്തുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പരിമിതികള്‍ ഉണ്ടാവാം. അവരെ ഭീഷണിപ്പെടുത്തിയും എതിര്‍സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരെ ബൂത്തിലിരിക്കാന്‍ സമ്മതിക്കാതെയും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നവരെ നിയന്ത്രിക്കാന്‍ അതാത് പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടാവണം. അത് അവരുടെ ബാധ്യത കൂടിയാണ്. ജയവും തോല്‍വിയും ജനാധിപത്യത്തിന്‍റെ ഭാഗമാണ്, ജനഹിതമാണ് പ്രധാനം. അതിനെ വെല്ലുവിളിക്കുന്നതിലൂടെ ജനാധിപത്യത്തിന്‍റെ മരണമണി മുഴക്കുകയാണ് ചെയ്യുന്നത്.

വോട്ട് വിവേകപൂര്‍വം വിനിയോഗിക്കാം

തെരഞ്ഞടുപ്പ് ഒരു വൈകാരിക പ്രകടനമല്ല; മറിച്ച് നമ്മുടെയും നാടിന്‍റെയും ഭാവി നിര്‍ണയിക്കുന്ന കാര്യംകൂടിയാണത്. ഏതെങ്കിലും സ്ഥാനാര്‍ഥികളോ പാര്‍ട്ടികളോ ജയിക്കുന്നു, അല്ലെങ്കില്‍ പരാജയപ്പെടുന്നു എന്ന ലാഘവത്തോടെ നാം ഇതിനെ കാണരുത്. 'എല്ലാവരും കണക്കാണ്' എന്ന നിലപാട് ശരിയല്ല. കഴിഞ്ഞ ദിവസം ട്വന്‍റി ട്വന്‍റിയുടെ പ്രധാന നേതാവുമായി ഒരു ചാനല്‍ നടത്തിയ അഭിമുഖത്തില്‍ ശ്രദ്ധേയമായ പല രാഷ്ട്രീയ നിലപാടുകളെ കുറിച്ചും ചോദിച്ചപ്പോള്‍ അദേഹത്തിന്‍റെ ഉത്തരം നമ്മെ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാര്‍ഷിക നിയമത്തെ കുറിച്ചും കര്‍ഷക സമരത്തെ കുറിച്ചുമുള്ള ചോദ്യത്തിന് അത് ആലോചിച്ചു തീരുമാനിക്കും എന്നതായിരുന്നു ഉത്തരം! പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തിനും സമാനമായ മറുപടി! മറ്റു പല വിഷയങ്ങളിലും ഈ നിലപാടില്ലായ്മ പ്രകടമായിരുന്നു. മുകളില്‍ സൂചിപ്പിച്ച രണ്ട് വിഷയങ്ങളും രാജ്യം മാസങ്ങളോളമായി ചര്‍ച്ചചെയ്തതും അവയില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞവര്‍ ശക്തമായി പ്രതിഷേധിച്ചതുമാണ്. അതില്‍ ഇത്തരം നിലപാടില്ലായ്മ കാണിക്കുന്നതുതന്നെ ജനാധിപത്യത്തിന്‍റെ ബാലപാഠം പോലും അറിയാത്തതിനാലാണ്. അല്ലെങ്കില്‍ കാപട്യം കാണിക്കുകയാണ്.

ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് നിയമനിര്‍മാണ സഭ എന്ന പേര് അന്വര്‍ഥമാക്കുന്ന നിയമനിര്‍മാണങ്ങളുടെ ഭാഗമാവുക എന്നതിനാണ്. ഭക്ഷ്യവിഭവങ്ങള്‍ സൗജന്യമായി ലഭ്യമാക്കാനോ റോഡ് വികസിപ്പിക്കാനോ പാര്‍പ്പിടം ലഭ്യമാക്കാനോ മാത്രമല്ല. വികസനം പ്രധാനംതന്നെയാണ്. അതിനെക്കാള്‍ പ്രധാനം  നമ്മുടെ സ്വൈര്യജീവിതത്തെയും ഉപജീവന മാര്‍ഗങ്ങളെയും നാടിന്‍റെ സമാധാനത്തെയും ഒക്കെ ബാധിക്കുന്ന നിയമനിര്‍മാണങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് സംസാരിക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇടപെടാനും ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ട്. അത് നമ്മള്‍ മറന്നുപോകുമ്പോള്‍ നമ്മള്‍ അമര്‍ത്തിയ ബട്ടണ്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിനു വിഘാതമാകുന്നവര്‍ക്കുള്ള പിന്തുണയായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വോട്ട് വിവേകപൂര്‍വം, സുചിന്തിതമായി രേഖപ്പെടുത്തേണ്ടതാണ്. അത് നമ്മുടെ അവകാശമാണ്; ബാധ്യതയും. നാടിന്‍റെയും നമ്മുടെയും നല്ല ഭാവിക്ക് അനിവാര്യതയും.