സ്ത്രീധനം: പോരാളികളെവിടെ? നിയമമെവിടെ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23
ശാന്തസുന്ദരകേരകേദാരമെന്ന് സ്വയമവകാശപ്പെടുമ്പോഴും സ്ത്രീധന ഗാര്‍ഹിക പീഡന കണക്കില്‍ അഗ്രമ സ്ഥാനത്താണ് കേരളം. സ്ത്രീധനത്തില്‍ നിന്നും കേരളത്തെ സംരക്ഷിക്കാന്‍ പുരുഷ കേന്ദ്രീകൃത അധികാര വ്യവസ്ഥിതിക്ക് ആത്മാര്‍ഥതയില്ലെന്ന് മാത്രമല്ല, ഈ ദുരാചാരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതാണ് അതിന്റെ ഘടനാപരമായ സവിശേഷത എന്നുകൂടി മനസ്സിലാക്കുമ്പോഴെ നാമെത്തിനില്‍ക്കുന്ന അപകടത്തിന്റെ ആഴം ബോധ്യപ്പെടൂ.

സ്ത്രീധന മരണങ്ങളുടെ കദനകഥകള്‍ കേട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഉണര്‍ന്നത്. സാക്ഷരതയും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രബുദ്ധതയും മതാഭിമുഖ്യവുമെല്ലാം പൂത്തുലഞ്ഞുനില്‍ക്കുന്നുവെന്ന് സ്വയം അഭിമാനിക്കുന്ന 'ശാന്തസുന്ദരകേരകേദാര' മലയാളനാട് നാണംകെട്ട് തലയുയര്‍ത്താന്‍ സാധിക്കാത്തവിധം അപമാനത്തിന്റെ ഭാണ്ഡം പേറുകയാണ്. എല്ലാമുണ്ടെന്ന് പറയുമ്പോഴും ഉയര്‍ന്ന സാംസ്‌കാരിക ചിന്തകളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് കേരളം. മലയാളിയുടെ പുറത്തേക്ക് കാണിക്കുന്ന പ്രൗഢികളെല്ലാം കേവലം കാപട്യവും പൊങ്ങച്ചവും കബളിപ്പിക്കലും മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരറ്റത്ത് പുരുഷമേധാവിത്വം കൊലക്കയറുകള്‍ തീര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ മറ്റേ അറ്റത്ത് അലങ്കാര വിഭൂഷിതയായ 'സ്ത്രീവിമോചനം' മൗനമഭിനയിക്കുകയാണ്. എണ്ണിയാല്‍ തീരാത്ത സാംസ്‌കാരികനായകരും അസംഖ്യം മത, ധാര്‍മിക പ്രസ്ഥാനങ്ങളും നവോത്ഥാനസംരംഭങ്ങളും ഭരണ, ഉദ്യോഗസ്ഥ സംവിധാനങ്ങളുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സംസ്ഥാനം പണത്തിന്റെയും പവറിന്റെയും നീരാളിപ്പിടുത്തത്തിലാണ്. സ്ത്രീധനത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിക്കുന്ന സഹോദരിമാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു ചെറിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനുപോലും വലിയ പ്രസ്താവനകളുമായി വരുന്ന 'സ്ത്രീവിമോചന' കൂട്ടങ്ങള്‍ സ്ത്രീധനത്തിനും ആഭരണഭ്രമങ്ങള്‍ക്കും വിവാഹധൂര്‍ത്തുകള്‍ക്കുമെതിരെ സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നില്ല.

സ്ത്രീധന പീഡനം; കേരളം ഒന്നാം സ്ഥാനത്ത്

സ്ത്രീധന ഗാര്‍ഹിക പീഡനങ്ങളുടെ കണക്കില്‍ കേരളമാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. ഒരു ലക്ഷത്തോളം കേസുകള്‍ കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഉത്രയും വിസ്മയയും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുമ്പോള്‍മാത്രം സജീവമാകും. മാധ്യമങ്ങളുടെ 'ആഘോഷങ്ങള്‍' കഴിഞ്ഞാല്‍ അവയെല്ലാം തുരുമ്പ് പിടിക്കും. സ്ത്രീധനം എന്ന ദുരാചാരത്തില്‍നിന്നും കേരളത്തെ സംരക്ഷിക്കാന്‍ പുരുഷകേന്ദ്രീകൃത അധികാര വ്യവസ്ഥിതിക്ക് ആത്മാര്‍ഥതയില്ലെന്ന് മാത്രമല്ല, സ്ത്രീധന ദുരാചാരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതാണ് പ്രസ്തുത വ്യവസ്ഥിതിയുടെ ഘടനാപരമായ സവിശേഷത എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. സതി, ബാലവിവാഹം, ദേവദാസി തുടങ്ങിയ സമ്പ്രദായങ്ങള്‍ക്ക് പണവുമായി നേരിട്ട് ബന്ധമില്ലാതിരുന്നതുകൊണ്ട് അവ പൂര്‍ണമായും ഇല്ലാതാക്കുവാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ സതി കാരണത്താല്‍ ജീവന്‍ അവസാനിപ്പിച്ച സ്ത്രീകളെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ സ്ത്രീധനം കാരണം ജീവനൊടുക്കിയിട്ടുണ്ടാവണം. എന്നിട്ടും സതി അടക്കമുള്ള ദുരാചാരങ്ങള്‍ തുടച്ചുമാറ്റിയ സമൂഹത്തിന് സ്ത്രീധനത്തെ തുടച്ചുമാറ്റാന്‍ സാധിക്കുന്നില്ല. അതിന്റെയര്‍ഥം സ്ത്രീധനം എന്ന ദുരാചാരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പ്രബലവിഭാഗം കേരളത്തിലുണ്ട് എന്നാണ്.

വിവാഹക്കമ്പോളത്തിലെ കണ്ണികള്‍

ഏതാണീ പ്രബലവിഭാഗം? കൂടുതല്‍ ചിന്തിക്കേണ്ടതില്ല. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ സാമ്പത്തിക തട്ടിപ്പുകളും മാഫിയ പ്രവര്‍ത്തനങ്ങളും ആരാണോ നിയന്ത്രിക്കുന്നത് അവര്‍ തന്നെയാണ് ഈ പ്രബലവിഭാഗം. പണം, സ്വര്‍ണം, ആഭരണങ്ങള്‍, വിലപിടിപ്പുള്ള കാറുകള്‍ തുടങ്ങിയ ഇനങ്ങളാണല്ലോ സ്ത്രീധനത്തിന്റെ സാമ്പ്രദായികമായ അവിഭാജ്യഘടകങ്ങള്‍. ഇത്ര ലക്ഷം, അല്ലെങ്കില്‍ കോടി, ഇത്ര പവന്‍ സ്വര്‍ണം, ഇത്ര രൂപ വിലവരുന്ന കാര്‍ എന്നിങ്ങനെ കണക്കുകള്‍ പറയുന്നതാണ് വിവാഹാലോചന തുടങ്ങുന്ന നാളുതൊട്ട് കേള്‍ക്കുന്ന പതിവു വര്‍ത്തമാനങ്ങള്‍. വലിയ കോടീശ്വരന്മാരല്ലാത്ത, മധ്യവര്‍ഗക്കാരും ഇടത്തരക്കാരുമായ കുടുംബങ്ങളും പാവപ്പെട്ടവരും സ്ത്രീധനലക്ഷങ്ങള്‍ സ്വരൂപിക്കുന്നത് നേരത്തെ സൂക്ഷിച്ചുവെച്ച ബാങ്ക് ബാലന്‍സിലൂടെയോ മറ്റു സമ്പാദ്യങ്ങളിലൂടെയോ ഒന്നുമല്ല. മഹാഭൂരിഭാഗം കുടുംബങ്ങളും സമീപിക്കുന്നത് ബാങ്കുകള്‍, കൊള്ളപ്പലിശക്കാര്‍ എന്നിവരെയാണ്. കുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ വിറ്റുകൊണ്ടാണ് ലക്ഷങ്ങള്‍ സ്വരൂപിക്കുന്നതെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ഇരകളായിത്തീരാനാണ് അവരുടെ വിധി. ആഭരണങ്ങളുടെ കാര്യമോ? പ്രത്യേകിച്ചു പറയേണ്ടതില്ല! കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ വ്യാപിച്ചുകിടക്കുന്ന സ്വര്‍ണ വ്യാപാര ശൃംഖലകള്‍ വിവാഹ മാര്‍ക്കറ്റിനു പ്രത്യേകം സ്‌കീമുകളും ഓഫറുകളും നല്‍കുന്നു. ദൃശ്യ, അച്ചടി, സമൂഹ മാധ്യമങ്ങള്‍ സ്വര്‍ണക്കുത്തകകളുടെ പരസ്യഏജന്റുകളായി വര്‍ത്തിക്കുന്നു. സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് ജ്വല്ലറികളുടെ മഞ്ഞവര്‍ണങ്ങള്‍ വിതറുന്നത് മാധ്യമങ്ങളാണല്ലോ. നാട്ടില്‍ തഴച്ചുവളരുന്ന ടെക്സ്റ്റയില്‍ വ്യാപാരവും വാഹനക്കമ്പനികളും വിവാഹക്കമ്പോളത്തിലെ സുപ്രധാന കണ്ണികളാണ്.

സ്ത്രീധനം ഒരു സ്റ്റാറ്റസ് സിമ്പലോ?

സംസ്ഥാനത്തെ വാണിജ്യമേഖലയുടെ സുപ്രധാനകണ്ണികളാണ് മുകളില്‍ പരാമര്‍ശിക്കപ്പെട്ടത്. ഇവരുടെയെല്ലാം കച്ചവടം കൊഴുക്കുന്നത് വിവാഹക്കാലങ്ങളിലാണ്. സ്ത്രീധനം നിലനില്‍ക്കുക ഇവരുടെയെല്ലാവരുടെയും ആവശ്യമാണ്. ഇവരിലും ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നവരും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കാത്തവരുമെല്ലാം അപൂര്‍വമായുണ്ട് എന്നത് വിസ്മരിക്കുന്നില്ല. സ്ത്രീധനത്തിനെതിരെ നടക്കുന്ന ബോധവല്‍ക്കരണങ്ങളെക്കാള്‍ കൂടുതല്‍ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും ബിസിനസ് പ്രചാരണങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് നാം കാണാതെപോകുന്നു. ഔദ്യോഗികമായി നേരിട്ടുള്ള പ്രചാരണം സാധ്യമല്ലെങ്കിലും ജനഹൃദയങ്ങളെ കീഴടക്കി സ്ത്രീധനത്തിലേക്ക് അവരെ വലിച്ചിഴച്ചുകൊണ്ടുവരാന്‍ ഇവര്‍ക്കെല്ലാം സാധിക്കുന്നു എന്നതാണ് വാസ്തവം. സ്ത്രീധനത്തെ ഒരു പദവിചിഹ്നമായി (Status Symbol) രൂപപ്പെടുത്തുവാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുന്നു എന്നതുകൊണ്ടാണ് മിക്കവാറും കുടുംബങ്ങളില്‍ ഇന്നും സ്ത്രീധനം നിലനില്‍ക്കുന്നത്. സ്ത്രീധനത്തിനെതിരെ നിയമമെല്ലാം നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമം ഉപയോഗിക്കുന്ന കാര്യത്തില്‍ ആര്‍ക്കും ആത്മാര്‍ഥതയില്ല. സ്ത്രീധനം ഇല്ലാതാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍നിന്നും സര്‍ക്കാരുകളും ഉദ്യോഗസ്ഥവൃന്ദവും പൊതുസമൂഹവും സൗകര്യപൂര്‍വം രക്ഷപ്പെടുകയാണ്. സ്ത്രീധനം ഇല്ലാതാവാനുള്ള സാഹചര്യം സൃഷ്ടിക്കാതെയും നിയമങ്ങള്‍ ഉപയോഗിക്കാതെയും എങ്ങനെയാണ് കേരളത്തെ സ്ത്രീധനത്തിന്റെ പിടിയില്‍നിന്നും സംരക്ഷിക്കാന്‍ സാധിക്കുക?

സ്ത്രീധന ഇടപാടിന്റെ അടിസ്ഥാനം

വിവാഹസമയത്ത് സ്ത്രീ നിര്‍ബന്ധമായും പുരുഷന് നല്‍കേണ്ട ബാധ്യതാധനമാണ് സ്ത്രീധനം. എന്നാല്‍ ഈ ഇടപാടിനെ ധനതത്ത്വശാസ്ത്രത്തിലെ ഏതിനത്തിലാണ് പെടുത്താന്‍ സാധിക്കുക? 'സമ്മാനം' (Gift) എന്നാണ് ചിലര്‍ പറയാറുള്ളത്. എന്നാല്‍ വിവാഹം മോചനത്തില്‍ കലാശിക്കുകയാണെങ്കില്‍ കൊടുത്ത സ്ത്രീധനം തിരിച്ചുചോദിക്കുകയും ചെയ്യുന്നു. അപ്പോള്‍ അതെങ്ങനെ സമ്മാനമായി മാറും? നിര്‍ബന്ധം ചെലുത്തി പിടിച്ചുവാങ്ങുന്നതിനെ സമ്മാനം എന്നുവിളിക്കാന്‍ സാധിക്കില്ലല്ലോ! പിന്നെ അത് കടമാണോ? കടം (Debt) ആണെങ്കില്‍ അത് നിര്‍ബന്ധമായും തിരിച്ചുനല്‍കേണ്ടതുണ്ട്. എന്നാല്‍ സ്ത്രീധനം ആരും തിരിച്ചുകൊടുക്കാറില്ല. അപ്പോള്‍ അത് കടവുമല്ല. സഹായധനം (Chartiy) ആണോ? വിവാഹം കഴിച്ച് ചെലവ് പുലര്‍ത്താന്‍ സാധിക്കാത്ത ഒരു പുരുഷന് സ്ത്രീ നല്‍കുന്ന സഹായമാണ് സ്ത്രീധനമെങ്കില്‍ സഹായധനം പിടിച്ചുവാങ്ങേണ്ട ഒന്നാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. സ്ത്രീധനം കൊടുത്ത് പുരുഷനെ വിലയ്ക്കുവാങ്ങുന്ന ഒരു വില്‍പനയാണോ (Vending) അവിടെ നടക്കുന്നത്? അങ്ങനെയെങ്കില്‍ അവിടെ പുരുഷന്‍ അടിമയായിത്തീരുകയല്ലേ വേണ്ടത്? ഉല്‍പന്നമായ പുരുഷന് അവിടെ മേധാവിത്വം ലഭിക്കുകയും ഉടമയായ സ്ത്രീ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതെങ്ങനെ? ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീധനം എന്ന ഇടപാടിനെ ഏതിനത്തില്‍ പെടുത്താം എന്നതിനെ കുറിച്ച് ആര്‍ക്കും ഒരു തിട്ടവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് ഉത്തരം പറയേണ്ടത് ധനതത്ത്വശാസ്ത്രജ്ഞരും രാഷ്ട്രീയ മീമാംസകരും വിവിധ മതങ്ങളിലെ പണ്ഡിതരുമാണ്. ഇതുവരെയും ഒരു നിര്‍വചനം നല്‍കാന്‍ സാധിക്കാതെ ഒരു സമസ്യയായി അവശേഷിക്കുകയാണ് സ്ത്രീധനം.

സ്ത്രീധനവും ഭാരതീയ സമൂഹവും

ഭാരതീയ സമൂഹത്തില്‍ പണ്ടുമുതലേ വേരുറച്ച ഒരു ദുരാചാരമാണ് സ്ത്രീധനം. സെമിറ്റിക് മതസമൂഹങ്ങളില്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ കാണാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അവിഭക്ത ഇന്ത്യയില്‍ നിലനിനിന്നിരുന്ന ഒരു ആചാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഹൈന്ദവ സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില പ്രായോഗിക പ്രശ്‌നങ്ങള്‍ അത്തരമൊരു നിലപാടിലേക്ക് ഹൈന്ദവസമൂഹത്തെ കൊണ്ടുപോവുകയായിരുന്നു എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഐശ്വര്യത്തിന്റെ വാതിലാണ് സ്ത്രീ, അതുകൊണ്ട് അവള്‍ ഒരു വീട്ടിലേക്ക് കടന്നുവരുമ്പോള്‍ 'സമ്മാനങ്ങളുമായി' കടന്നുവരണം എന്ന വിശ്വാസമാണ് സ്ത്രീധന സമ്പ്രദായത്തിലേക്ക് നയിച്ചത് എന്നാണ് ഒരു വിവക്ഷ. അങ്ങനെ സ്‌നേഹവാത്സല്യങ്ങളുടെ ഭാഗമായി വധുവിന് നല്‍കപ്പെട്ട സമ്മാനത്തെയായിരുന്നു പഴയകാലങ്ങളില്‍ സ്ത്രീധനം എന്നു വിളിച്ചിരുന്നത്. പഴയകാലങ്ങളിലെ ഹൈന്ദവ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് പിതാവിന്റെ അനന്തരസ്വത്തില്‍ അവകാശമില്ലാതിരുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള ന്യായീകരണമായി. വിദ്യാഭ്യാസമോ തൊഴിലോ നേടുന്നതില്‍ പെണ്‍കുട്ടികള്‍ പിറകിലായിരുന്നതുകൊണ്ട് അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കാനുള്ള ഒരു പദ്ധതിയായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രക്ഷിതാവ് സ്വന്തം മകള്‍ക്ക് നല്‍കുന്ന പാരിതോഷികം എന്നതില്‍നിന്നും മാറി വരനോ വരന്റെ രക്ഷിതാവോ വധുവിന്റെ രക്ഷിതാവിന്റെമേല്‍ അടിച്ചേല്‍പിക്കുന്ന അവകാശമായി അതുമാറി. അങ്ങനെ അതൊരു പിടിച്ചുപറിയായി മാറി. നിര്‍ധനരും സാധാരണക്കാരുമായ കുടുംബങ്ങള്‍ക്ക് അതൊരു ശാപമായി മാറി. 'പാരിതോഷികത്തുക' കുറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭര്‍തൃവീട് നരകതുല്യമായി മാറുകയും ചെയ്തു.

സ്ത്രീധനത്തിന്റെ മര്‍മം സ്ത്രീ വിരുദ്ധതയില്‍

സ്ത്രീ സ്വത്തവകാശമില്ലാത്തവളും വിദ്യാഭ്യാസമോ തൊഴിലോ നേടേണ്ടതില്ലാത്തവളും അസ്വതന്ത്രയുമാണെന്ന വികലമായ കാഴ്ചപ്പാടുകളാണ് 'വിവാഹസമ്മാന'ത്തിലേക്ക് നയിച്ചത് എന്ന വസ്തുതയാണ് ഇതില്‍ നിന്നും ബോധ്യപ്പെടുന്നത്. എന്നാല്‍ അങ്ങനെ നല്‍കുന്ന വിവാഹസമ്മാനത്തിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം അവള്‍ക്കുമാത്രം നല്‍കാന്‍ പുരുഷകേന്ദ്രീകൃത ഭാരതീയ വ്യവസ്ഥക്ക് സാധിച്ചതുമില്ല. സ്വത്തും സമ്പത്തും കൈകാര്യം ചെയ്യേണ്ടത് പുരുഷന്‍ മാത്രമാണെന്ന ധാരണയായിരുന്നു പഴയകാലങ്ങളില്‍ നിലനിന്നിരുന്നത്. അതുകൊണ്ട് സ്ത്രീധനം എന്ന വിവാഹസമ്മാനം അവളുടെ ഭര്‍ത്താവാണ് കൈകാര്യം ചെയ്യേണ്ടത് എന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. ഇതെല്ലാം മനുഷ്യര്‍ സ്വയം സൃഷ്ടിച്ചെടുത്ത നിയമങ്ങളായിരുന്നു. ദൈവികഗ്രന്ഥത്തില്‍ 'സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്' (ക്വുര്‍ആന്‍ 2:228) എന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. സ്ത്രീയുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള പൂര്‍ണാവകാശം സ്ത്രീക്ക് തന്നെയാണുള്ളത്. വിവാഹസമയത്ത് പുരുഷന്‍ നല്‍കുന്ന വിവാഹമൂല്യം (മഹ്ര്‍) അത് നല്‍കപ്പെടുന്നതോടെ സ്ത്രീയുടെ അധീനതയിലായിക്കഴിഞ്ഞു. അവള്‍ സ്വയം തൃപ്തിപ്പെട്ട് മടക്കിത്തന്നാല്‍ സ്വീകരിക്കാമെന്നല്ലാതെ വിവാഹമോചനത്തിന് ശേഷം പോലും അത് മടക്കിച്ചോദിക്കാനുള്ള അവകാശം പുരുഷന് സ്രഷ്ടാവ് നല്‍കിയിട്ടില്ല.

സ്ത്രീധനവും മുസ്‌ലിം സമുദായവും

അവിഭക്ത ഇന്ത്യയുടെ ഭാഗമായ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഒരു ദുരാചാരമായതുകൊണ്ടുതന്നെ ഹൈന്ദവവിഭാഗങ്ങളെപോലെത്തന്നെ ഈ രാജ്യങ്ങളിലെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗവും ഈ ദുരാചാരം പിന്തുടര്‍ന്നുപോന്നു. അതോടെ വിവാഹം എല്ലാ വിഭാഗങ്ങള്‍ക്കും വലിയ സാമ്പത്തിക ഭാരമായി മാറി. എന്നാല്‍ ദൈവിക നിയമമനുസരിച്ച് വിവാഹം വളരെ ലളിതമാണ്. രണ്ടു സാക്ഷികള്‍ക്ക് മുമ്പാകെ വധുവിന്റെ രക്ഷിതാവ് മകളെ വരന് വിവാഹം ചെയ്തുകൊടുത്തതായി പരസ്യമായി പ്രഖ്യാപിക്കുകയും വരന്‍ അത് അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞാല്‍ വിവാഹം ഒരു കരാറായി മാറി. സാധിക്കുന്ന എന്തെങ്കിലും വിവാഹമൂല്യമായി നല്‍കുകയും വേണം. മഹ്‌റായി ഒന്നും ലഭിച്ചില്ലെങ്കില്‍ ഒരു ഇരുമ്പുമോതിരമെങ്കിലും അന്വേഷിക്കുവാനും അതും ലഭിച്ചില്ലെങ്കില്‍ ക്വുര്‍ആനില്‍നിന്ന് അല്‍പം പഠിപ്പിച്ചുകൊടുക്കുവാനുമാണ് പ്രവാചകന്‍ ﷺ നിര്‍ദേശിച്ചത്. പുരുഷന്‍ സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കലാണ് വിവാഹം. പരസ്പരം കവചങ്ങളായി ജീവിതാന്ത്യംവരെ സ്‌നേഹവും കാരുണ്യവും പകുത്തുനല്‍കി മനസ്സമാധാനത്തിന്റെ തുരുത്തില്‍ കഴിയുക എന്നതാണ് അനുഗൃഹീതമായ വിവാഹജീവിതം.

മുജാഹിദുകള്‍ നിര്‍വഹിച്ച രചനാത്മക വിപ്ലവം

പക്ഷേ, മുസ്‌ലിം സമുദായത്തിലെ പൗരോഹിത്യം സ്ത്രീധനത്തെ നിരുത്സാഹപ്പെടുത്താനോ അതില്‍നിന്നും സമുദായത്തെ സംരക്ഷിക്കാനോ മുമ്പോട്ടുവന്നില്ല. ചൂഷണങ്ങള്‍ക്ക് ഫത്‌വ നല്‍കാനായിരുന്നു അവര്‍ വെമ്പല്‍കൊണ്ടത്. മുജാഹിദ് പ്രസ്ഥാനമാണ് സ്ത്രീധനത്തിനെതിരെ മുസ്‌ലിം സമുദായത്തെ ബോധവത്കരിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത്. സ്ത്രീധനമില്ലാത്തതും ആര്‍ഭാടരഹിതവുമായ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും അവക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയും പ്രത്യേകമായ സംഘടനാ സംവിധാനം രൂപീകരിച്ചു. 1980 മെയ് 10ന് 'ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് സര്‍വീസ് ആന്‍ഡ് മിഷിനറി ഇന്‍ഫര്‍മേഷന്‍' (BISMI) എന്ന സമിതി അങ്ങനെയാണ് രൂപം കൊണ്ടത്. ഇട്ടോളി അഹ്മദ് കോയ ഹാജിയുടെയും ഒ. കുഞ്ഞിമുഹമ്മദ് സാഹിബിന്റെയും നേതൃത്വത്തിലാണ് അത് പ്രവര്‍ത്തിച്ചുവന്നത്. 'സ്ത്രീധനം അനിസ്‌ലാമികം, വാങ്ങരുത്, പ്രോത്സാഹിപ്പിക്കരുത്' എന്ന ക്യാപ്ഷന്‍ സ്വീകരിച്ചുകൊണ്ടാണ് 'ബിസ്മി' പ്രവര്‍ത്തിച്ചുവന്നത്. ഒരു സാമൂഹ്യ ദുരാചാരത്തിനെതിരെയുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തില്‍നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

വിവാഹം ഒരു കച്ചവടമല്ലെന്നും സ്ത്രീധനവും ആര്‍ഭാടവും മറ്റു മാമൂലുകളും ഇസ്‌ലാമിനോട് യോജിക്കുന്ന പ്രവര്‍ത്തനങ്ങളല്ലെന്നും വിവാഹം വളരെ ലളിതമായി നിര്‍വഹിക്കപ്പെടേണ്ട കര്‍മമാണെന്നും മുജാഹിദ് പ്രസ്ഥാനം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. വിദ്യാര്‍ഥി സമ്മേളനങ്ങള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയുടെ കേന്ദ്രങ്ങളായി. സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിച്ച് സമുദായത്തില്‍ വിവാഹ ലാളിത്യങ്ങള്‍ പ്രചരിപ്പിച്ചു. വിവാഹധൂര്‍ത്തുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി സായാഹ്‌ന വിവാഹങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ആഭരണഭ്രമത്തില്‍നിന്ന് സ്ത്രീസമൂഹത്തെ മോചിപ്പിക്കുന്നതിനായി ഒട്ടേറെ ഉദ്‌ബോധന പരിപാടികള്‍ സംഘടിപ്പിക്കുകയും തല്‍ഫലമായി ഇസ്വ്‌ലാഹി വനിതകള്‍ ആഭരണങ്ങള്‍ അമിതമായി ധരിക്കുന്നതില്‍നിന്നും സൂക്ഷിക്കുന്നതില്‍നിന്നും മാറിനില്‍ക്കുകയും ചെയ്തു. പിശുക്കിനും ധൂര്‍ത്തിനുമിടയിലെ മധ്യമാവസ്ഥ സ്വീകരിച്ച് ലാളിത്യം ജീവിതശൈലിയായി സ്വീകരിക്കാന്‍ പണ്ഡിതന്മാര്‍ ഉദ്‌ബോധിപ്പിച്ചു.

വിവാഹകര്‍മമെന്നത് മതപുരോഹിതന്റെ അന്ധമായ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന യാന്ത്രിക പ്രവര്‍ത്തനമല്ല എന്നും പൗരോഹിത്യ ചൂഷണങ്ങളില്‍നിന്നും വിവാഹങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും 'ബിസ്മി' ഉണര്‍ത്തി. സ്ത്രീധനം അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ പ്രമാണങ്ങള്‍വരെ ഉദ്ധരിക്കാന്‍ ശ്രമിച്ച പൗരോഹിത്യം ഇന്ന് സ്ത്രീധനത്തിനെതിരെ ശബ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സ്ത്രീധനത്തിന്റെ കമ്മീഷന്‍ പറ്റിയിരുന്ന പൗരോഹിത്യവും കമ്മിറ്റികളുമെല്ലാം അത് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതും വളരെനല്ല കാര്യമാണ്. ഇങ്ങനെ സ്ത്രീധന സമ്പ്രദായത്തില്‍നിന്നും മുസ്‌ലിം സമൂഹത്തെ കുറെയൊക്കെ മോചിപ്പിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിനായി എന്നത് യാഥാര്‍ഥ്യമാണ്. സ്ത്രീധന, ആഭരണഭ്രമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയവല്‍ക്കരിക്കുന്നതില്‍ സുഹൈര്‍ ചുങ്കത്തറ നിര്‍വഹിച്ച സേവനങ്ങള്‍ കേരളീയ മുസ്‌ലിം സമൂഹം എക്കാലവും നന്ദിയോടെ സ്മരിക്കും. എ. അലി മാസ്റ്ററുടെ നിസ്വാര്‍ഥസേവനങ്ങളും പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.

സ്ത്രീധനം അനിസ്‌ലാമികമാണ്. പുരുഷന്‍ സ്ത്രീക്ക് മഹ്ര്‍ കൊടുക്കുകയല്ലാതെ സ്ത്രീയില്‍നിന്നും പുരുഷന്‍ ചോദിച്ചുവാങ്ങുന്നതും വിവാഹത്തിന് അത്തരത്തിലുള്ള കണ്ടീഷനുകള്‍ വെക്കുന്നതും കുറ്റകരവും നിഷിദ്ധവുമാണ്. വിവാഹസമ്മാനമായി രക്ഷിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ സ്ത്രീക്ക് നല്‍കുന്നതെല്ലാം അവളുടേത് മാത്രമാണ്. എന്നാല്‍ ഇങ്ങനെയുള്ള സമ്മാനങ്ങളുടെ പേരില്‍ ധൂര്‍ത്തും അമിതമായ ആഭരണ സംസ്‌കാരവും പാടുള്ളതല്ല. അവയും നിഷിദ്ധമാണ്.

സ്ത്രീധന നിയമവും കേരളത്തിന്റെ അവസ്ഥയും

ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത് 1961 മെയ് 1ന് ആണ്. നിയമമനുസരിച്ച് സ്ത്രീധനമെന്നാല്‍ വധൂവരന്മാരോ അവരുടെ രക്ഷിതാക്കളോ, അല്ലെങ്കില്‍ വിവാഹവുമായി ബന്ധപ്പെട്ട് മറ്റാരെങ്കിലുമോ വിവാഹത്തിന് പണമോ സ്വത്തോ സാധനങ്ങളോ നല്‍കുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിയമം വേണ്ടത്ര കാര്യക്ഷമമല്ല. അത് ശക്തമാക്കുന്നതിനു പകരം ലഘൂകരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. 1984ലെ ഭേദഗതിയനുസരിച്ച് വിവാഹസമയത്ത് വധുവിനോ വരനോ നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ അനുവദനീയമാക്കി. ഇത് വ്യാപകമായ സ്ത്രീധന കൈമാറ്റത്തിനുള്ള പഴുതായി മാറി. നിയമപരമായി ഒരു കടലാസ് നിരോധനം ഉണ്ടെങ്കിലും സമ്മാനങ്ങളുടെ രൂപത്തില്‍ സംസ്ഥാനത്ത് സ്ത്രീധനം വ്യാപകമാണെന്ന് മന്ത്രിമാര്‍ മുതല്‍ മുഴുവന്‍ ഉദ്യോഗസ്ഥ സമൂഹത്തിനും അറിയാവുന്ന കാര്യമാണ്.

പത്രമാധ്യമങ്ങളില്‍ വരുന്നതിനെക്കാള്‍ സ്ത്രീധന പീഡന കേസുകള്‍ കേരളത്തില്‍ ഉണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ് എന്നാണ് സംസ്ഥാന ശിശു വികസന വകുപ്പ് ഡയറക്റ്റര്‍ ടി.വി അനുപമ ഐഎഎസ് പറയുന്നത്. എന്നാല്‍ ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന വനിതകളില്‍ വളരെ അല്‍പം പേര്‍ മാത്രമെ പരാതിപ്പെടാന്‍ ധൈര്യം കാണിക്കുന്നുള്ളൂ എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. പരാതി ബോധിപ്പിക്കുന്നവര്‍ അതുമായി മുമ്പോട്ട് പോകുവാനുള്ള ധൈര്യം കാണിക്കുന്നില്ലെന്നും പിന്നീട് രക്ഷിതാക്കള്‍ തമ്മില്‍ പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കപ്പെടുക എന്നു പറഞ്ഞാല്‍ ആവശ്യപ്പെട്ട തുക നല്‍കി എങ്ങനെയെങ്കിലും പെണ്‍കുട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍നിന്നും അവളെ 'രക്ഷപ്പെടുത്തുക' എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

സ്ത്രീധനം ചോദിക്കുന്നതുപോലെത്തന്നെ കൊടുക്കുന്നതും കുറ്റകരമായതിനാല്‍ പെണ്‍കുട്ടികള്‍ കേസുമായി മുമ്പോട്ട് പോകുന്നതിനെ ഭയപ്പെടുന്നു. കാരണം അവരുടെ മാതാപിതാക്കളും ശിക്ഷിക്കപ്പെടുമോ എന്ന പേടി അവരെ പിടികൂടുന്നു. സ്ത്രീധന പീഡന കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന ജില്ലാ വനിതാ സംരക്ഷണ ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് ഇങ്ങനെയാണ്: 'ഗാര്‍ഹിക പീഡനക്കേസില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍, സ്ത്രീധനവുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ സംരക്ഷണ ഉദ്യോഗസ്ഥര്‍ (WPO) പൂരിപ്പിക്കേണ്ട ഒരു കോളമുണ്ട്. എന്നാല്‍ മിക്കപ്പോഴും, പരാതിക്കാരി അവളുടെ മാതാപിതാക്കള്‍ സ്ത്രീധനം നല്‍കിയിട്ടില്ലെന്നും വിവാഹസമയത്ത് സ്വര്‍ണാഭരണങ്ങളും പണവും 'സമ്മാനമായി' നല്‍കിയതാണെന്നും രേഖപ്പെടുത്തും. അതിനാല്‍, ഞങ്ങള്‍ക്ക് ആ കോളം പൂരിപ്പിക്കാന്‍ കഴിയില്ല, അതിന്റെ ഫലമായി സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസുകളുടെ എണ്ണം നന്നേ കുറയുന്നു.' ചില കേസുകളില്‍ പോലീസുകാര്‍ അമിതമായി ഇടപെടുന്നതായും ആക്ഷേപമുണ്ട്. കേസുകളുമായി മുമ്പോട്ട് പോകുന്നതില്‍നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുകയും അതിന്റെ പേരില്‍ അവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന നിയമപാലകന്മാര്‍ ഉണ്ടെന്നാണ് ജില്ലാ വനിതാഉദ്യോഗസ്ഥര്‍ പറയുന്നത്. രക്ഷിതാക്കളാവട്ടെ, വിവാഹിതയായ സ്വന്തം മകള്‍ അവരുടെ വീട്ടില്‍ അധികകാലം കഴിയുന്നത് നാണക്കേടായി കാണുകയും എങ്ങനെയെങ്കിലും പ്രശ്‌നം 'സെറ്റ്ല്‍' ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ഫോറം പൂരിപ്പിക്കാനും ചില ഉപദേശങ്ങള്‍ നല്‍കാനും സാധിക്കുന്നു എന്നല്ലാതെ നിയമം നടപ്പാക്കാനോ നടപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍വഹിക്കാനോ യാതൊരു അധികാരവും നല്‍കപ്പെട്ടിട്ടില്ല എന്നതും കേസുകള്‍ തേഞ്ഞുമാഞ്ഞുപോകുന്നതിന് സഹായിക്കുന്നു. വനിതാ ശിശുവികസന ഓഫീസര്‍ക്ക് സ്ത്രീധന നിരോധന ഓഫീസറുടെ പദവി നല്‍കാനുള്ള നിര്‍ദേശം ലോ കമ്മീഷന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോ കമ്മീഷന്‍ അംഗീകരിച്ചാല്‍ വനിതാ ശിശുവികസന ഓഫീസര്‍ക്കും ജില്ലാ വനിതാസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കും സ്ത്രീധന പരാതികളില്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.

സഹോദരിമാരെ രക്ഷിക്കാന്‍ എന്തുണ്ട് മാര്‍ഗം?

സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സഹോദരിമാര്‍ മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നതില്‍ എല്ലാവരും കുറ്റക്കാരാണ്. മാതാപിതാക്കളും ഭരണകൂടവും നിയമം നടപ്പാക്കേണ്ടവരും പോലീസും ജുഡീഷ്യറിയുമെല്ലാം ഇക്കാര്യത്തില്‍ തുല്യരാണ്. ഭര്‍തൃവീട്ടില്‍ സ്ത്രീധനപീഡനം അനുഭവിക്കുമ്പോള്‍ സ്വന്തം രക്ഷിതാക്കളുടെ അരികിലേക്ക് എത്തുവാനാണ് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുക. എന്നാല്‍ പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ കഴിയുന്നത് ഒരു ഭാരമായും അപമാനമായും രക്ഷിതാക്കള്‍ കാണുന്നു. അവര്‍ വീണ്ടും ഭര്‍തൃവീട്ടിലേക്ക് തന്നെ പോകാന്‍ നിര്‍ബന്ധിതരാവുന്നു. മാതാപിതാക്കളുടെ ദുരഭിമാനം പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു. സ്വന്തം മക്കള്‍ ദുരിതക്കയത്തിലാണെങ്കിലും വിവാഹം കഴിപ്പിച്ചുവിട്ടു എന്ന ആശ്വാസത്തില്‍ മാത്രം രക്ഷിതാക്കള്‍ കഴിയുന്നത് മക്കളോട് ചെയ്യുന്ന ക്രൂരതയാണ്. സ്ത്രീധനത്തിന്റെ പേരില്‍ മറ്റൊരു വീട്ടില്‍ ദുരിതം അനുഭവിക്കുന്നതിലും ഭേദം ഉള്ളത് പങ്കുവെച്ചുകൊണ്ട് സ്വന്തം മാതാപിതാക്കളുടെ കൂടെ സമാധാനത്തോടെ കഴിയുന്നതല്ലേ നല്ലത് എന്നു ചിന്തിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. രണ്ടുവീടുകളിലും ജീവിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് മക്കള്‍ മരണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്.

പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകരണം

മരണവും ആത്മഹത്യയും ഒന്നിനും പരിഹാരമല്ല എന്നു മക്കളെ ബോധ്യപ്പെടുത്താന്‍ കഴിയണം. വിവാഹാന്വേഷണവേളകളില്‍ തന്നെ സ്ത്രീധനത്തിനെതിരെ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കണം. മഞ്ഞലോഹത്തിന്റെ മാസ്മരികതകളില്‍നിന്നും യാഥാര്‍ഥ്യ ലോകത്തിന്റെ വാസ്തവങ്ങളിലേക്ക് അവരെ കൈപിടിച്ചാനയിക്കണം. പൊന്നും പണവും ചോദിച്ചുവരുന്ന പൊങ്ങുതടികളോട് ഇറങ്ങിപ്പോകാന്‍ പറയാനുള്ള ധൈര്യം അവര്‍ ആര്‍ജിക്കണം. പണത്തിനും വലിയ ഉദ്യോഗങ്ങള്‍ക്കുമപ്പുറം സ്‌നേഹവും സംരക്ഷണവും ചൊരിഞ്ഞുതരുന്ന, ദൈവബോധമുള്ള സാംസ്‌കാരിക പൗരുഷങ്ങളെ അവര്‍ ഇണകളായി സ്വീകരിക്കണം. നിറംകെട്ടുപോകുന്ന സൗന്ദര്യങ്ങളെയല്ല, ക്ഷയിച്ചുപോകുന്ന മസില്‍പവറുകളെയുമല്ല, നശിച്ചുപോകുന്ന സമ്പത്തിനെയുമല്ല, മറിച്ച് ധാര്‍മികബോധത്തെയും സ്വഭാവഗുണത്തെയും പരലോക വിചാരത്തെയുമാണ് അവര്‍ ചേര്‍ത്തുപിടിക്കേണ്ടത്.

സ്വന്തം ഇണകളെ പണത്തിനുവേണ്ടി പീഡിപ്പിച്ചു കൊല്ലുന്ന കുറ്റവാളികളെ നിയമത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരികതന്നെയാണ് വേണ്ടത്. ഏതു സാഹചര്യത്തെയും ആത്മധൈര്യത്തോടെ നേരിടാനും നിയമപരമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാനുമുള്ള മാര്‍ഗദര്‍ശനം പീഡനമേല്‍ക്കുന്ന സഹോദരിമാര്‍ക്ക് നല്‍കുകയും വേണം. ഇതിനായി നിയമസഹായ വേദികള്‍ രൂപംകൊള്ളണം. എന്നാല്‍ എത്രതന്നെ കടുത്ത നിയമങ്ങള്‍ കൊണ്ടുവന്നാലും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സമൂഹം ഒരുക്കിക്കൊടുക്കുന്നു എന്നത് എത്രമാത്രം ഖേദകരമാണ്! സമൂഹത്തിന്റെ അനാസ്ഥ കാരണമാണ് പല കുറ്റവാളികളും രക്ഷപ്പെടുന്നതെന്ന കാര്യം ഓര്‍ക്കണം. അതുകൊണ്ട് ശക്തമായ നിയമപോരാട്ടം നടക്കുമ്പോള്‍ തന്നെ, സമൂഹത്തില്‍ സ്ത്രീധനത്തിനെതിരെയുള്ള വിപുലമായ ബോധവത്കരണവും നടക്കേണ്ടതുണ്ട്. ഇനിയും നിയമങ്ങള്‍ ഉറങ്ങിക്കൂടാ. പോരാളികള്‍ വിശ്രമിച്ചുകൂടാ.