സൂറഃ അത്ത്വൂര്‍, ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

അധ്യായം: 52, ഭാഗം 5 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ (٣٨‬) أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ (٣٩) أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ (٤٠) أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ (٤١) أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ (٤٢) أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ (٤٣) وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ (٤٤) فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ (٤٥) يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ (٤٦) وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ (٤٧‬) وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ (٤٨) وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ (٤٩)

(38). അതല്ല, അവര്‍ക്ക് (ആകാശത്തുനിന്ന്) വിവരങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ? എന്നാല്‍ അവരിലെ ശ്രദ്ധിച്ച് കേള്‍ക്കുന്ന ആള്‍ വ്യക്തമായ വല്ല പ്രമാണവും കൊണ്ടുവരട്ടെ. (39). അതല്ല, അവന്നു(അല്ലാഹുവിനു)ള്ളത് പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ? (40). അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ? (41). അതല്ല, അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും അത് അവര്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ? (42). അതല്ല, അവര്‍ വല്ല കുതന്ത്രവും നടത്താന്‍ ഉദ്ദേശിക്കുകയാണോ? എന്നാല്‍ സത്യനിഷേധികളാരോ അവര്‍ തന്നെയാണ് കുതന്ത്രത്തില്‍ അകപ്പെടുന്നവര്‍. (43). അതല്ല, അവര്‍ക്ക് അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു. (44). ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും അവര്‍ പറയും: അത് അടുക്കടുക്കായ മേഘമാണെന്ന്. (45). അതിനാല്‍ അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം അവര്‍ കണ്ടുമുട്ടുന്നതുവരെ നീ അവരെ വിട്ടേക്കുക. (46). അവരുടെ കുതന്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യാത്ത, അവര്‍ക്ക് സഹായം ലഭിക്കാത്ത ഒരു ദിവസം. (47). തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതിനു പുറമെയും ശിക്ഷയുണ്ട്. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (48). നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (49). രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക.

38) (അതല്ല അവര്‍ക്ക് ആകാശത്തുനിന്ന് വിവരങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കാന്‍ വല്ല കോണിയുമുണ്ടോ?) അവര്‍ക്ക് അദൃശ്യം എത്തിപ്പിടിക്കാനും ഉപരിലോകത്ത് അത് ശ്രദ്ധിച്ചുകേള്‍ക്കാനും അവര്‍ക്കാകുമോ? എന്നിട്ട് മറ്റാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാനും അവര്‍ക്ക് കഴിയുമോ? (എന്നാല്‍ അവരില്‍ ശ്രദ്ധിച്ചുകേള്‍ക്കുന്ന ആള്‍ കൊണ്ടുവരട്ടെ). അത് വാദിക്കുന്നവന്‍ (വ്യക്തമായ വല്ല പ്രമാണവും) അല്ലാഹുവാണ് ദൃശ്യവും അദൃശ്യവും അറിയുന്നവനെന്നിരിക്കെ, അവര്‍ക്കെങ്ങിനെ അത് കഴിയും? അവന്റെ അദൃശ്യങ്ങള്‍ അവനൊരാള്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല. അവന്റെ അറിവില്‍നിന്നും അവന്‍ അറിയിച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നത് അവന്‍ തൃപ്തിപ്പെട്ട തന്റെ ദൂതന്മാര്‍ക്ക് അറിയിക്കുമെന്നല്ലാതെ. മുഹമ്മദ് നബി ﷺ പ്രവാചകന്മാരില്‍ ശ്രേഷ്ഠനും അറിവുള്ളവനും അവരുടെ നേതാവുമായിരിക്കുകയും, അല്ലാഹുവിന്റെ ഏകത്വവും താക്കീതും വാഗ്ദാനങ്ങളും മറ്റ് സത്യസന്ധമായ വിവരങ്ങള്‍ അറിയിക്കുന്നവനും കൂടിയാണ്. സത്യനിഷധികള്‍ ധിക്കാരത്തിന്റെയും വഴികേടിന്റെയും അജ്ഞതയുടെയും ആളുകള്‍. ആരുടെ വര്‍ത്തമാനമാണ് സ്വീകരിക്കാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹതയുള്ളത്. പ്രത്യേകിച്ചും പ്രവാചകന്‍ പൂര്‍ണ സത്യങ്ങളും ദൃഢബോധ്യമുള്ളതുമായ കാര്യങ്ങള്‍ തെളിവിന്റെയും പ്രമാണത്തിന്റെയും അടിസ്ഥാനത്തില്‍ പറയുമ്പോള്‍.

39) അല്ലാഹു പറയുന്നു (അതല്ല അവനുള്ള പെണ്‍മക്കളോ) നിങ്ങള്‍ വാദിക്കുന്നതുപോലെ (നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ). രണ്ട് തെറ്റുകള്‍ നിങ്ങള്‍ ഇവിടെ ഒരുമിപ്പിച്ചു. അവന് നിങ്ങള്‍ സന്താനങ്ങളെയുണ്ടാക്കി. അതില്‍ രണ്ട് വര്‍ഗങ്ങളില്‍ അപൂര്‍ണമായതിനെ അവന് നിങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

40) (നീ അവരോട് ചോദിച്ചിരിക്കുകയാണോ)  ഓ പ്രവാചകരേ, (വലിയ പ്രതിഫലവും) ഈ ദൈവിക ദര്‍ശനം എത്തിച്ചുകൊടുക്കുന്നതിന് (എന്നിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ?) അത് ശരിയല്ല. ഒന്നും സ്വീകരിക്കാതെ പുണ്യപ്രവര്‍ത്തനമായി അവരെ പഠിപ്പിക്കാന്‍ അദ്ദേഹം അതീവ തല്പരനാണ്. എന്നാല്‍ നിന്റെ ഈ സന്ദേശം സ്വീകരിക്കാനും നിന്റെ നിര്‍ദേശങ്ങള്‍ക്കും പ്രബോധനത്തിനും അവര്‍ ഉത്തരം നല്‍കാനും നീ ധാരാളം സമ്പത്ത് ചെലവഴിക്കുകയും ചെയ്യണം.

41) (അതല്ല അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും അവരത് രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ). അദൃശ്യജ്ഞാനം അവര്‍ അറിഞ്ഞുകൊണ്ടിരിക്കുകയും നബി ﷺ ക്ക് കിട്ടാത്തത് അവര്‍ക്ക് കിട്ടുകയും ചെയ്യുക എന്നിട്ട് അവരുടെ അടുക്കലുള്ള അദൃശ്യജ്ഞാനം കൊണ്ട് അവര്‍ അദ്ദേഹത്തോട് ധിക്കാരവും എതിര്‍പ്പും കാണിക്കുക. വഴിപിഴച്ചവരും അറിവില്ലാത്തവരും നിരക്ഷരരുമായവരാണവര്‍ എന്നതും മറ്റാര്‍ക്കുമില്ലാത്ത വിജ്ഞാനത്തിന്റെ ഉടമയാണ് മുഹമ്മദ് നബി ﷺ എന്നതും പ്രസിദ്ധ മാണ്. ഒരു സൃഷ്ടിക്കും ലഭിക്കാത്ത അദൃശ്യജ്ഞാനും അദ്ദേഹത്തിന് അല്ലാഹു അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു. കുഴപ്പം നിറഞ്ഞ അവരുടെ വാക്കുകള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം ഉദ്ധരിക്കപ്പെടുന്നതും ബുദ്ധിപരവുമായ ഏറ്റവും വ്യക്തവും വൈരുധ്യങ്ങളില്ലാത്തതുമായ വഴിയെ അവലംബിക്കുകയാണ് വേണ്ടതെന്നാണ് ഇതിലെല്ലാമുള്ളത്.

42) (അതല്ല അവര്‍ ഉദ്ദേശിക്കുകയാണോ?) നിന്റെ കാര്യത്തിലും നീ കൊണ്ടുവന്നതിലുമുള്ള എതിര്‍പ്പ് കാരണം (വല്ല കുതന്ത്രവും) നിന്റെ മതത്തെ നിഷ്ഫലമാക്കുവാന്‍ നിന്റെ കാര്യങ്ങള്‍ കുഴപ്പത്തിലാക്കാനും (എന്നാല്‍ സത്യനിഷേധികളാരോ അവര്‍ തന്നെയാണ് കുതന്ത്രത്തില്‍ അകപ്പെടുന്നവര്‍). അതായത് അവരുടെ കുതന്ത്രങ്ങല്‍ അവരിലേക്ക്തന്നെ തിരിച്ചുവരും. അവരുടെ ദ്രോഹങ്ങള്‍ അവരിലേക്ക് മടങ്ങും. അത് ചെയ്യുന്നത് അല്ലാഹുവാണ്. അവനാണ് സ്തുതി. സത്യനിഷേധികള്‍ അവരുടെ കുതന്ത്രങ്ങളില്‍ ഒന്നും പ്രയോഗിക്കാതിരിക്കാതെ ബാക്കിവെക്കുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകനെ അല്ലാഹു സഹായിക്കുന്നു. അവന്റെ ദീനിനെ വിജയിപ്പിക്കുന്നു. അവരെ ഒഴിവാക്കി അവര്‍ക്കവന്‍ രക്ഷ നല്‍കുന്നു.

43)(അതല്ല അവര്‍ക്ക് അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും ഉണ്ടോ?) ഉപകാരത്തെ ചോദിക്കാനും പ്രതീക്ഷിക്കാനും ഉപദ്രവത്തെ ഭയപ്പെടാനും വല്ല ആരാധ്യരും അല്ലാഹുവിന് പുറമെ അവര്‍ക്കുണ്ടോ? (അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനായിരിക്കുന്നു. ആധിപത്യത്തില്‍ അവനൊരു പങ്കുകാരുമില്ല. ആരാധനയിലും അവന്റെ ഏകത്വത്തിലും പങ്കുകാരില്ല. എന്തിനാണോ ഈ വാചകം ഇവിടെ കൊണ്ടുവന്നത് അതിന്റെ ഉദ്ദേശ്യമാണിത്. അത് അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന നിരര്‍ഥകമാണെന്നതാണ്. ഖണ്ഡിതമായ തെളിവുകളിലൂടെ അതിന്റെ അപകടം വ്യക്തമാക്കുന്നു. മുശ്‌രിക്കുകള്‍ ഏതൊന്നിലാണോ അത് അസത്യമാണ്. ആരാധിക്കപ്പെടേണ്ടവര്‍, നമസ്‌കരിക്കേണ്ടതും അവനുവേണ്ടി സുജൂദ് ചെയ്യപ്പെടുകയും, ആരാധനയായുള്ള പ്രാര്‍ഥനയ്ക്കും ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും അവനുമാത്രം ആരാധിക്കപ്പെടാന്‍. അര്‍ഹതയുള്ളത് അല്ലാഹു മാത്രമാണ്. പൂര്‍ണനാമ ഗുണവിശേഷങ്ങളുടെ ഉടമ. നല്ല പ്രവര്‍ത്തനങ്ങളും വിശേഷണങ്ങളും ധാരാളമുള്ളവന്‍. മറ്റാര്‍ക്കും ഉദ്ദേശിക്കാനാവാത്ത പ്രതാപത്തിന്റെയും ഔദാര്യത്തിന്റെയും മഹത്വത്തിന്റെയും ഉടമ. ഒരുവനും ഏകനും, ഒറ്റയും നിരാശ്രയനും ശ്രേഷ്ഠനും സ്തുത്യര്‍ഹനും മഹാനുമായവന്‍.

44). അസത്യത്തില്‍ തുടരുകയും സത്യത്തോട് ധിക്കാരം കാണിക്കുകയും വ്യക്തമായ സത്യത്തെ കളവാക്കുകയും ചെയ്യുന്ന മുശ്‌രിക്കുകളെക്കുറിച്ച് വിശദീകരിച്ച് അല്ലാഹു പറയുന്നു. എല്ലാ തെളിവും സത്യത്തിന് അനുകൂലമായാലും അതിനെയവര്‍ പിന്‍പറ്റില്ല. അവര്‍ അതിനോട് വിയോജിക്കുകയും ധിക്കാരം കാണിക്കുകയും ചെയ്യും (ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ കാണുകയാണെങ്കിലും) വ്യക്തമായ ഒരു കഷ്ണമായി തെളിവുകള്‍ ആകാശത്തുനിന്ന് അവരുടെ മേല്‍ വീണാലും. അതായത് ശിക്ഷയുടെ വലിയൊരു കഷ്ണം. (അവര്‍ പറയും അത് അടുക്കടുക്കായ മേഘമാണെന്ന്) ഇത് സാധാരണയുള്ള മേല്ക്കുമേല്‍ അടുക്കടുക്കായ മേഘമാണെന്ന്. അതായത് ദൃഷ്ടാന്തങ്ങളില്‍നിന്നു അവര്‍ കാണുന്നതിനെ അവര്‍ പരിഗണിക്കില്ല. അതിന്നൊരു വിലയും കല്പിക്കില്ല.

45). ശിക്ഷയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റൊരു മരുന്നില്ല. അതിനാല്‍ (അതിനാല്‍ അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടുന്ന അവരുടെ ആ ദിവസം. അവര്‍ കണ്ടുമുട്ടുന്നതുവരെ നീ അവരെ വിട്ടേക്കുക). ഉയിര്‍ത്തെഴുന്നേല്പ് നാളാണത്. വിശദീകരിക്കാനാവാത്ത അളവ് നിര്‍ണയിക്കപ്പെടാത്ത ശിക്ഷ സംഭവിക്കുന്ന ദിവസം.

46) (അവരുടെ കുതന്ത്രം അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യാത്ത) അല്പമോ അധികമോ ഇല്ല. ഇഹലോകത്താണെങ്കില്‍ കുറച്ചുകാലംകുടി ജീവിക്കാവുന്ന വല്ല തന്ത്രവും അവര്‍ക്ക് കണ്ടെത്താനാകുമായിരുന്നു. എന്നാല്‍ ക്വിയാമത് നാളില്‍ അവരുടെ തന്ത്രങ്ങള്‍ പാഴായിപ്പോകും. പരിശ്രമങ്ങള്‍ നിഷ്ഫലമാകും. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നാവട്ടെ അവര്‍ രക്ഷ പ്രാപിക്കുകയില്ല (അവര്‍ സഹായിക്കപ്പെടുകയുമില്ല)

47). പരലോകത്ത് അക്രമികള്‍ക്കുള്ള ശിക്ഷയെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വിയാമത് നാളിലെ ശിക്ഷയ്ക്ക് മുമ്പ് ശിക്ഷയുണ്ടെന്ന് പറയുന്നു. അതില്‍ കൊല്ലപ്പെടലും ബന്ധനത്തിലാകലും ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടലും ക്വബ്‌റിലെയും ബര്‍സഖിലെയും ശിക്ഷകളെല്ലാം ഉള്‍പ്പെടും (പക്ഷേ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല). അതിനാലാണ് കഠിനശിക്ഷ ലഭിക്കുന്ന കാര്യങ്ങള്‍ അവര്‍ നിലനിര്‍ത്തുന്നത്.

48,49) നിഷേധികളുടെ സംസാരത്തിലെ നിരര്‍ഥകതക്കുള്ള പ്രമാണങ്ങളും തെളിവുകളും വ്യക്തമാക്കുമ്പോള്‍തന്നെ ഒരു നിലക്കും അതൊന്നും പരിഗണിക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മതപരവും അല്ലാഹുവിന്റെ തീരുമാനവുമെന്ന നിലക്കുള്ള എല്ലാവിധികളിലും ക്ഷമിക്കുക. മതനിയമങ്ങളെ മുറുകെപ്പിടിച്ചും അതില്‍ ശരിയായി നിലകൊ ണ്ടുകൊണ്ടും തന്നെ അല്ലാഹു എല്ലാം നോക്കിക്കൊള്ളും എന്നും ഉറപ്പ് നല്‍കുന്നു. (തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു). നോട്ടംകൊണ്ടും സംരക്ഷണംകൊണ്ടും നിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടും ആരാധനകൊണ്ടും ദിക്‌റ്‌കൊണ്ടും ക്ഷമകൊണ്ടും അവനോട് സഹായം തേടാനും കല്പിക്കുന്നു. (നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക) രാത്രിയില്‍ എഴുന്നേല്ക്കുമ്പോള്‍ എന്നതിന് രാത്രി നമസ്‌കാരത്തിനുള്ള കല്പനയുണ്ട്. അല്ലെങ്കില്‍ അഞ്ച് നേര നമസ്‌കാരങ്ങള്‍ക്ക് എഴുന്നേല്ക്കുമ്പോഴാകാം. തുടര്‍ന്നുള്ള ആയത്തിനെ തെളിവാക്കിക്കൊണ്ട് (രാത്രിയില്‍ കുറച്ച് സമയവും നക്ഷത്രങ്ങള്‍ പിന്‍വാങ്ങുമ്പോഴും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക). രാത്രിയുടെ അന്ത്യത്തില്‍ അതില്‍ സ്വുബ്ഹ് നമസ്‌കാരം ഉള്‍പ്പെടും (അല്ലാഹുവിന്നറിയാം)