സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

അധ്യായം: 58, ഭാഗം 1 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ (١) الَّذِينَ يُظَاهِرُونَ مِنْكُمْ مِنْ نِسَائِهِمْ مَا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنْكَرًا مِنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ (٢) وَالَّذِينَ يُظَاهِرُونَ مِنْ نِسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِنْ قَبْلِ أَنْ يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (٣) فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِنْ قَبْلِ أَنْ يَتَمَاسَّا ۖ فَمَنْ لَمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ (٤)

(1). (നബിയേ,) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (2). നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്). അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്. (3). തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (4). ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും (അത്) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.

1) അന്‍സ്വാറുകളില്‍ പെട്ട ഒരാളെക്കുറിച്ചാണ് ഈ വചനങ്ങള്‍ അവതരിച്ചത്. നീണ്ടകാലം ഭര്‍ത്താവിനൊപ്പം ജീവിക്കുകയും സന്താനങ്ങള്‍ ഉണ്ടാവുകയും ചെയ്ത ശേഷം ഭാര്യയെ സ്വയം നിഷിദ്ധമാക്കിയ ഒരാളെക്കുറിച്ച്. ഈ സംഭവത്തെക്കുറിച്ച് ഈ സ്ത്രീ അല്ലാഹുവോട് സങ്കടം ബോധിപ്പിക്കുകയാണ്. അവന്റെ ദൂതനോട് തര്‍ക്കിക്കുകയും ചെയ്തു. വളരെയധികം പ്രായമായ ഒരാളായിരിക്കും അദ്ദേഹം. അങ്ങനെ അവര്‍ അവരുടെ അവസ്ഥയെക്കുറിച്ചും ഭര്‍ത്താവിന്റെ സാഹചര്യത്തെക്കുറിച്ചും അല്ലാഹുവോട് സങ്കടപ്പെട്ടു. നബിﷺ യോട് ആവര്‍ത്തിച്ചുപറയുകയും ചെയ്തു. അത് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരുന്നു. അപ്പോള്‍ അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കിടയിലുണ്ടായ സംഭാഷണവും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി എല്ലാ സമയങ്ങളിലുമുള്ള മുഴുവന്‍ ശബ്ദങ്ങളും (തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനാണ്). ഇരുണ്ട രാത്രിയില്‍ ഉറച്ച പാറയിലൂടെ കറുത്ത ഉറുമ്പ് അരിക്കുന്നതുപോലും അവന്‍ കാണുന്നു. അവന്റെ കേള്‍വിയെയും കാഴ്ചയുടെയും സമ്പൂര്‍ണതയാണ് ഇവിടെ അറിയിക്കുന്നത്; സൂക്ഷ്മവും അല്ലാത്തതുമായ എല്ലാ കാര്യത്തിലും അവന്റെ അറിവ് ബന്ധപ്പെട്ടുനില്‍ക്കുന്നു എന്ന കാര്യവും. അതിനാല്‍ അവളുടെ ദുഃഖവും സങ്കടവും തീര്‍ക്കാന്‍ അവനു കഴിയുമെന്ന സൂചന ഇതിലുണ്ട്. അതിനാല്‍ അവള്‍ക്കും അല്ലാത്തവര്‍ക്കുമുള്ള പൊതുനിയമം ഇവിടെ പ്രതിപാദിക്കുന്നു.

(2). (നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍. അവര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ മറ്റാരുമല്ല).

ഭാര്യമാരെ مظاهرة ചെയ്യല്‍, അഥവാ (മാതാക്കള്‍ക്ക് തുല്യമാക്കുക) എന്നാല്‍; ഒരാള്‍ തന്റെ ഭാര്യയോട് 'നീ എന്റെമേല്‍ എന്റെ മാതാവിന്റെ മുതുകുപോലെയാകുന്നു' എന്ന് പറയലാണ്. ഉമ്മയല്ലാത്ത, വിവാഹം നിഷിദ്ധമാക്കപ്പെട്ട മറ്റുള്ളവരോടുമാകാം. അല്ലെങ്കില്‍ 'നീ എനിക്ക് നിഷിദ്ധമാണ്' എന്ന് പറയുകയുമാവാം. (ظهر ) 'മുതുക്' എന്ന പദം ഇതില്‍ ഉള്ളതുകൊണ്ടാണ് ഇതിനെ ظهار(ളിഹാര്‍) എന്ന് പേരുവിളിച്ചത്.

(നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ (അബദ്ധമാകുന്നു ചെയ്യുന്നത്). അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല) ഇതല്ല യാഥാര്‍ഥ്യമെന്ന് മനസ്സിലാക്കിയിട്ടും ഇതെങ്ങനെയാണ് അവര്‍ പറയുന്നത്? അവരെ പ്രസവിച്ച ഉമ്മമാരുമായി ഭാര്യമാരെ സാദൃശ്യപ്പെടുത്തുന്നതെങ്ങനെയാണ്? അതിനാല്‍ അല്ലാഹു ഇതിനെ ഗുരുതരമായ കാര്യമായും മോശമായും കാണുന്നു.

(അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്) നീചവും കളവുമായ വാക്ക്. ഇത്തരം അനുസരണക്കേടുകള്‍ ചെയ്യുന്നവര്‍ തിരിച്ചറിവുണ്ടായി ആത്മാര്‍ഥമായ പശ്ചാത്താപംകൊണ്ട് മടങ്ങണം.

(3). (തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന്  മടങ്ങുകയും ചെയ്യുന്നവര്‍) ഇവിടെ 'മടങ്ങുക' എന്നു പറഞ്ഞതിന്റെ ആശയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ളിഹാര്‍ ചെയ്ത സ്ത്രീയുമായി ശാരീരികബന്ധം പുലര്‍ത്തുകയില്ലെന്ന് പറഞ്ഞ തീരുമാനത്തില്‍നിന്ന് മടങ്ങുക എന്നാണ് അര്‍ഥമെന്ന് അഭിപ്രായമുണ്ട്. തീരുമാനത്തില്‍ നിന്ന് മടങ്ങുന്നവന്റെമേല്‍ നിര്‍ദിഷ്ട പ്രായച്ഛിത്തം നിര്‍ബന്ധമാണ്. ഈ പ്രായച്ഛിത്തം പരസ്പര സ്പര്‍ശനത്തിന് മുമ്പായിരിക്കണം. തീരുമാനമെടുത്തതിനുള്ളതാണിത്. ശാരീരിക ബന്ധത്തെക്കുറിച്ചാണെന്നതാണ് മറ്റൊരു അഭിപ്രായം. അതാണ് അല്ലാഹു പറഞ്ഞത്: (തങ്ങള്‍ പറഞ്ഞതില്‍നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍) പറഞ്ഞവര്‍ എന്നത് ശാരീരിക ബന്ധത്തെക്കുറിച്ച് മാത്രമാണ്. രണ്ടഭിപ്രായം സ്വീകരിച്ചാലും മടങ്ങിയാല്‍ ഈ നിഷിദ്ധം പ്രവര്‍ത്തിച്ചതിന് പ്രായച്ഛിത്തം നല്‍കണം.

സത്യവിശ്വാസിയായ (ഒരടിമയെ) മോചിപ്പിക്കലാണത്. വിശ്വാസിയായിരിക്കുക എന്ന നിബന്ധന കൊലപാതകത്തെക്കുറിച്ചുള്ള വചനത്തിലുമുണ്ട്. ആണോ പെണ്ണോ എന്നത് പ്രശ്‌നമല്ല. തൊഴില്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വൈകല്യങ്ങളില്‍നിന്ന് ആ അടിമ സുരക്ഷിതനായിരിക്കണം എന്ന നിബന്ധനയുണ്ട്. (പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി) അതായത് ളിഹാര്‍ നടത്തിയ വ്യക്തി തന്റെ ഭാര്യയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പായി ഒരടിമയെ പ്രായച്ഛിത്തമായി നല്‍കണം. (അത് നിങ്ങള്‍ക്ക്) നിങ്ങളോട് പറഞ്ഞതായ ഒരു വിധി. (നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ഉപദേശമാണ്) ശിക്ഷ ലഭിക്കുമെന്ന താക്കീതോടുകൂടിയാണ് ഈ വിധി നിങ്ങള്‍ക്ക് വിശദീകരിച്ചുതരുന്നത്.

(الوعظ) ഉപദേശമെന്നത് ളിഹാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താക്കീതും വിട്ടുനില്‍ക്കാനുള്ള പ്രേരണയോടുകൂടി വിധിപറയുമ്പോഴാണ്. ഒരു അടിമയെ മോചിപ്പിക്കല്‍ അവന് ബാധ്യതയുണ്ടെന്ന് പറയുമ്പോള്‍ അതിലൂടെ അവനെ ശിക്ഷയില്‍നിന്ന് തടുക്കാം എന്നര്‍ഥം. (അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു) എല്ലാവര്‍ക്കും അവരവരുടെ പ്രവര്‍ത്തനമനുസരിച്ച് പ്രതിഫലം ലഭിക്കും.

(4). (ഇനി വല്ലവനും ലഭിക്കാത്ത പക്ഷം) ഒരടിമയെ മോചിപ്പിക്കാന്‍. അടിമയെ കിട്ടാതെ വരികയോ അല്ലെങ്കില്‍ അതിനുള്ള തുക ലഭിക്കാതെ വരികയോ ചെയ്താല്‍ അവന്‍ നോമ്പ് നോല്‍ക്കണം. (അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടു മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. അത് സാധ്യമാകാത്ത പക്ഷം) നോമ്പിന്. (അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്) ഒന്നുകില്‍ നാട്ടില്‍ പതിവുള്ളതും അവര്‍ക്ക് മതിയാകത്തക്ക വിധത്തിലുമുള്ള ഭക്ഷണം നല്‍കുക. ഇതാണ് അധിക വ്യാഖ്യാതാക്കളും പറഞ്ഞത്. അല്ലെങ്കില്‍ ഓരോ സാധുവിനും ഒരു മുദ്ദ് ഗോതമ്പോ പകുതി സാഅ് മറ്റു ഭക്ഷണ സാധനങ്ങളോ നോമ്പുതുറക്കാന്‍ മതിയാകുന്ന വിധത്തില്‍ നല്‍കുക. അതാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. (അത്) നാം നിങ്ങള്‍ക്ക് വ്യക്തമാക്കിത്തന്നതും വിശദീകരിച്ചു തന്നതുമായ ഈ വിധി. (അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ) ഇതും ഇതല്ലാത്തതുമായ മതവിധികള്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതും മുറുകെപ്പിടിക്കുന്നതും വിശ്വാസത്തില്‍ പെട്ടതാണ്. മാത്രവുമല്ല, അത് വിശ്വാസത്തിന്റെ ലക്ഷ്യം കൂടിയാണ്. അതുമൂലം വിശ്വാസം പൂര്‍ണമാവുകയും വര്‍ധിക്കുകയും വളരുകയും ചെയ്യുന്നു. (അവ അല്ലാഹുവിന്റെ പരിധികളാകുന്നു) വിട്ടുപോകാന്‍ പറ്റാത്ത പരിധികള്‍. അത് വിട്ടുകടക്കാതിരിക്കലും വീഴ്ചവരുത്താതിരിക്കലും നിര്‍ബന്ധമാണ്. (സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്) ഈ വചനങ്ങളില്‍ ധാരാളം വിധികളുണ്ട്. അതില്‍പെട്ടതാണ്: അല്ലാഹു തന്റെ അടിമകളെ പരിഗണിക്കുകയും അവരോട് കനിവുകാണിക്കുകയും ചെയ്തു. അതായത് വിഷമിച്ച ഈ സ്ത്രീയുടെ പരാതിയെ പരാമര്‍ശിക്കുകയും അത് പരിഹരിക്കുകയും ചെയ്തു. ആ പരീക്ഷണത്തില്‍ നിന്ന് അവരെ മോചിതയാക്കുകയും ചെയ്തു. മാത്രമല്ല, ഇത്തരം പരീക്ഷണം അനുഭവിക്കുന്ന എല്ലാവര്‍ക്കും പൊതുവായ ഒരു വിധി ഇവിടെ ഉണ്ടായി.

മറ്റൊന്ന്; ളിഹാര്‍ എന്നത് ഭാര്യയെ തനിക്ക് നിഷിദ്ധമാക്കല്‍ മാത്രമാണ്. കാരണം അല്ലാഹു പറഞ്ഞത് 'തങ്ങളുടെ ഭാര്യമാരെ' എന്നാണ്. തന്റെ അടിമസ്ത്രീയെ നിഷിദ്ധമാക്കുന്നത് ളിഹാര്‍ ആവുകയില്ല. അത് ഭക്ഷണ പാനീയങ്ങളെയും നല്ല വസ്തുക്കളെയും നിഷിദ്ധമാക്കുന്ന ഗണത്തിലാണ് ഉള്‍പ്പെടുക. അതില്‍ സത്യം ചെയ്തത് ലംഘിക്കുന്നതിന്റെ പ്രായച്ഛിത്തം മാത്രമെ നിര്‍ബന്ധമാകൂ.

മറ്റൊന്ന്; വിവാഹത്തിനുമുമ്പ് ഒരു സ്ത്രീയെ ളിഹാര്‍ ചെയ്യുക എന്നത് സാധുവാകുകയില്ല. കാരണം ളിഹാറിന്റെ സമയത്ത് അവള്‍ തന്റെ ഭാര്യമാരില്‍ ഉള്‍പ്പെടുന്നില്ല. വിവാഹമോചനം സാധുവാകാത്തതുപോലെ തന്നെ.

മറ്റൊന്ന്; ളിഹാര്‍ നിഷിദ്ധമാണ്. കാരണം അല്ലാഹു അതിനെ വിളിച്ചത് (നിഷിദ്ധമായ വാക്കും അസത്യവും എന്നാണ്).

മറ്റൊന്ന്; അല്ലാഹു മതനിയമങ്ങള്‍ പറയുന്നതിലെ യുക്തികൂടി ഇവിടെ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: (അവര്‍ അവരുടെ മാതാക്കളല്ല).

മറ്റൊന്ന്; തനിക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ടവരെ വിളിക്കുന്ന അതേപേരില്‍ ഒരു പുരുഷന് തന്റെ ഭാര്യയെ വിളിക്കാവതല്ല. എന്റെ ഉമ്മാ, സഹോദരീ എന്നൊക്കെ വിളിക്കുന്നതു പോലെ. കാരണം അത് മഹ്‌റമാണെന്ന് തോന്നിപ്പിക്കുന്നു.

മറ്റൊന്ന്: മടങ്ങാന്‍ പ്രായച്ഛിത്തം നിര്‍ബന്ധമാണ്. ളിഹാര്‍ ചെയ്തത് കൊണ്ടുമാത്രമായില്ല.

മറ്റൊന്ന്; പ്രായച്ഛിത്തമായി നല്‍കുന്ന അടിമ ചെറുതോ വലുതോ ആണോ പെണ്ണോ എന്നത് പ്രശ്‌നമല്ല. കാരണം ക്വുര്‍ആന്‍ വചനത്തില്‍ നിബന്ധനയില്ലാതെയാണ് പറഞ്ഞത്.

മറ്റൊന്ന്; പ്രായച്ഛിത്തമായി അടിമയെ മോചിപ്പിക്കുകയോ നോമ്പ് നോല്‍ക്കുകയോ ആണെങ്കില്‍ അത് ശാരീരികബന്ധത്തിനു മുമ്പ് വേണം. അല്ലാഹു നിബന്ധനവെച്ചപോലെ തന്നെ.

ഭക്ഷണം നല്‍കലാണെങ്കില്‍ ഈ നിബന്ധന ഇല്ല. അത് നല്‍കുന്നതിനിടയില്‍ ബന്ധപ്പെടല്‍ അനുവദനീയമാണ്.

മറ്റൊന്ന്; ശാരീരികബന്ധം നടക്കുന്നതിന് മുമ്പുതന്നെ പ്രായച്ഛിത്തം നല്‍കണമെന്ന് നിര്‍ബന്ധമാക്കിയതിലെ യുക്തി ഒരുപക്ഷേ, അത് നല്‍കപ്പെടാന്‍ ഏറ്റവും നല്ലത് അതായിരിക്കും എന്ന നിലയ്ക്കാണ്. കാരണം ശാരീരിക ബന്ധത്തിനുള്ള താല്‍പര്യം അത് വേഗത്തില്‍ നല്‍കാന്‍ പ്രേരിപ്പിക്കും; അല്ലാതെ സാധിക്കില്ലല്ലോ എന്നറിയുന്നതുകൊണ്ട്.

മറ്റൊന്ന്; അറുപത് സാധുക്കള്‍ക്കുതന്നെ ഭക്ഷണം നല്‍കണം. അറുപത് സാധുക്കളെ ഒരു സമയത്ത് ഒരുമിച്ചുകൂട്ടി നല്‍കുന്നതിനും വിരോധമില്ല. എന്നാല്‍ ഒരാള്‍ക്കോ ഒന്നിലധികം ആളുകള്‍ക്കോ അറുപതുപേരുടെ ഭക്ഷണം ഒന്നിച്ച് നല്‍കിയാല്‍ മതിയാകുന്നതല്ല. കാരണം അല്ലാഹു പറഞ്ഞത് 'അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്' എന്നാണ്. (തുടരും)