തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

(ഭാഗം: 03)

'ഗൈബിയായ സഹായത്തിന്റെ ഒരു സംഭവം'

 മുകളില്‍ കൊടുത്ത തലക്കെട്ടില്‍ 'നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ കൊടുക്കുന്ന ഒരു കഥ കാണുക:

''കൂഫയില്‍ വിശ്വസ്തനായ ഒരു കൂലിക്കാരനുണ്ടായിരുന്നു. ആളുകള്‍ക്ക് അയാളെ വലിയ വിശ്വാസമായിരുന്നത് കൊണ്ട് കച്ചവടക്കാര്‍ അവരുടെ സാധനങ്ങളും പണങ്ങളും അയാള്‍വശം കൊടുത്തയക്കുക പതിവായിരുന്നു. ഒരുദിവസം അയാള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വഴിമധേ്യ മറ്റൊരു യാത്രക്കാരനുമായി കണ്ടുമുട്ടി. യാത്രക്കാരന്‍ 'നിങ്ങള്‍ എവിടെ പോവുകയാണ്?'എന്നു ചോദിച്ചതിന് ഇന്ന പട്ടണത്തില്‍ പോകുകയാണെന്ന് മറുപടി പറഞ്ഞു. യാത്രക്കാരന്‍ 'ഞാനും അവിടേക്ക് വരികയാണ്. താങ്കളോടൊപ്പം നടന്നു വരുന്നതിന് എനിക്കു കഴിയുകയില്ല. ഒരു ദീനാര്‍ കൂലി തരാം. എന്നെക്കൂടി അവിടെ എത്തിക്കണം' എന്ന് ആവശ്യപ്പെട്ടു. കൂലിക്കാരന്‍ അത് സമ്മതിച്ച് അയാളെക്കൂടി കോവര്‍ കഴുതയുടെ പുറത്ത് കയറ്റി യാത്ര ആരംഭിച്ചു. ഒരു വഴിമുക്കില്‍ എത്തിയപ്പോള്‍ ഏതു വഴിയേ പോകണമെന്ന് യാത്രക്കാരന്‍ ചോദിച്ചു. സാധാരണ പോകുന്ന വഴി കൂലിക്കാരന്‍ കാണിച്ചുകൊടുത്തു. എന്നാല്‍ മറ്റേ വഴി വളരെ എളുപ്പമാണെന്നും കഴുതയെ മേയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെന്നും താന്‍ പലപ്രാവശ്യം അതുവഴി യാത്ര ചെയ്തിട്ടുണ്ടെന്നും യാത്രക്കാരന്‍ പറഞ്ഞതനുസരിച്ച് ആ വഴിയേ യാത്രതിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഭയങ്കരമായ ഒരു വനാന്തരത്തില്‍ ആ വഴി ചെന്നവസാനിച്ചു. അവിടെ ധാരാളം ശവങ്ങളും കിടപ്പുണ്ടായിരുന്നു. പെട്ടെന്നു യാത്രക്കാരന്‍ ചാടിയിറങ്ങി അരയില്‍നിന്നും കഠാര വലിച്ചൂരി കൂലിക്കാരനെ കൊല്ലാന്‍ ശ്രമിച്ചു. കൂലിക്കാരന്‍ പേടിച്ചു വിറച്ചുകൊണ്ട് 'ഇങ്ങനെ ചെയ്യരുതേ! ഈ കോവര്‍ കഴുതയും സാധനങ്ങളുമെല്ലാം എടുത്തുകൊള്ളുക. നിങ്ങളുടെ ഉദ്ദേശം അതാണല്ലോ. എന്നെ കൊല്ലാതെ വിട്ടയയ്ക്കുക' എന്നു കേണപേക്ഷിച്ചു. എന്നാല്‍ ആ ദുഷ്ടന്‍ സത്യം ചെയ്തു പറഞ്ഞു: 'ആദ്യം നിന്നെ കൊന്നതിനു ശേഷം ഈ സാധനങ്ങളെല്ലാം ഞാനെടുക്കും.' കൂലിക്കാരന്‍ എത്ര കരഞ്ഞു പറഞ്ഞിട്ടും ആ പരമദ്രോഹി അതൊന്നും സ്വീകരിച്ചില്ല.

അവസാനമായി കൂലിക്കാരന്‍ 'എനിക്ക് രണ്ടു റക്അത്ത് നമസ്‌കരിക്കുന്നതിനുള്ള അനുവാദം തരിക' എന്നാവശ്യപ്പെട്ടതിനെ സ്വീകരിച്ചു. ആ ദുഷ്ടന്‍ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു: 'വേഗം നമസ്‌കരിച്ചുകൊള്ളുക. ഈ കിടക്കുന്ന ശവങ്ങളെല്ലാം അവരുടെ അന്ത്യഘട്ടത്തില്‍ എന്നോടിതു തന്നെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവര്‍ക്കാര്‍ക്കും അവരുടെ നമസ്‌കാരം യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല.' കൂലിക്കാരന്‍ നമസ്‌കരിക്കുവാന്‍ ആരംഭിച്ചു. ഫതിഹ ഓതി. പരിഭ്രമത്താല്‍ സൂറത്തൊന്നും ഓതുന്നതിന് ഓര്‍മ വന്നില്ല. ആ ദുഷ്ടന്‍ 'വേഗം നമസ്‌കരിക്കുക' എന്ന് ഗര്‍ജിച്ചു. അവിചാരിതമായി അയാളുടെ നാക്കില്‍നിന്നും (ഗതി മുട്ടിയവന്‍ പരിഭ്രമിച്ചു വിളിക്കുമ്പോള്‍ അവന് ഉത്തരം കൊടുക്കുന്നവന്‍ ആരാണ്) എന്ന ആയത്തു പുറത്തുവന്നു. അപ്പോള്‍ അതിശീഘ്രം അവിടെ ഒരു യാത്രക്കാരന്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ തലയില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന ഇരുമ്പുതൊപ്പിയും ധരിച്ചിരുന്നു. അദ്ദേഹം കയ്യിലിരുന്ന കുന്തംകൊണ്ട് ആ ദുഷ്ടനെ കുത്തിക്കൊലപ്പെടുത്തി. ആ ദ്രോഹി ചത്തുവീണ സ്ഥലത്തുനിന്നും തീജ്വാല പുറപ്പെടുന്നതായി കണ്ട കൂലിക്കാരന്‍ പെട്ടെന്ന് സുജൂദിലേക്കു വീണ് അല്ലാഹുവിനെ വാഴ്ത്തി. നമസ്‌കാരം കഴിഞ്ഞ് ആ യാത്രക്കാരന്റെ അടുക്കല്‍ ഓടിയെത്തി ചോദിച്ചു: 'നിങ്ങള്‍ ഏങ്ങനെ ഇവിടെയെത്തി?' 'ഞാന്‍ ഗതിമുട്ടിയവന്‍ പരിഭ്രമിച്ചു വിളിക്കുമ്പോള്‍ അവന് ഉത്തരം കൊടുക്കുന്നവന്റെ (അല്ലാഹുവിന്റെ) ദാസനാണ്. നീ എവിടെ പോകാനുദ്ദേശിക്കുന്നുവോ നിര്‍ഭയനായി അവിടേക്ക് പൊയ്‌ക്കൊള്ളുക' എന്ന് പറഞ്ഞ ശേഷം അദ്ദേഹം അപ്രത്യക്ഷനായി  (നുഷ്ഹത്തുല്‍ മജാലിസ്).'' (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 16,17).

ബാലപ്രസിദ്ധീകരണത്തിലെ 'മായാവി' കഥയ്ക്കു സമാനമായ ഈ കഥയെക്കുറിച്ച് ചിന്തിച്ചുനോക്കുക. നമസ്‌കാരത്തിന്റെ മഹത്ത്വം പഠിപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ ഈ കഥക്ക് കൊടുത്ത തലക്കെട്ടുതന്നെ 'ഗൈബിയായ സഹായത്തിന്റെ സംഭവം' എന്നാണ്.

ഇനി മറ്റൊരു കെട്ടുകഥ കാണുക:'''ഇബ്‌നു അബ്ബാസ്(റ) അവര്‍കള്‍ പറയുന്നു: കൃഷികള്‍ തസ്ബീഹ് ചെയ്തുകൊണ്ടിരിക്കുന്നതും കൃഷിക്കാരന് അതിന്റെ സവാബ് ലഭിക്കുന്നതുമാണ്. ഒരു പ്രാവശ്യം റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സന്നിധിയില്‍ സരീദ് നിറച്ച (തിക്കോളി-ഇറച്ചി ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരിനം പലഹാരം) ഒരു പിഞ്ഞാണ്‍ കൊണ്ടുവയ്ക്കപ്പെട്ടു. അപ്പോള്‍ തങ്ങള്‍ അരുളി: 'ഈ ആഹാരം തസ്ബീഹ് ചെയ്തുകൊണ്ടിരിക്കുന്നു.' ഒരാള്‍ ചോദിച്ചു: 'തങ്ങള്‍ അതിന്റെ തസ്ബീഹ് മനസ്സിലാക്കുന്നുണ്ടോ?' തങ്ങള്‍ അരുളി: 'ഹാ! ഞാന്‍ മനസ്സിലാക്കുന്നു.' അതിനുശേഷം തങ്ങള്‍ ഒരാളോട് 'ഇത് ഇന്ന ആളിന്റെ അടുക്കല്‍ കൊണ്ടുവയ്ക്കൂ' എന്നു കല്‍പിച്ചു. അയാളുടെ അടുക്കല്‍ കൊണ്ടുവയ്ക്കപ്പെട്ടപ്പോള്‍, അദ്ദേഹവും അതിന്റെ തസ്ബീഹിനെ കേട്ടു. തുടര്‍ന്ന് രണ്ടാമത് ഒരാളിന്റെയും മൂന്നാമത് മറ്റൊരാളിന്റെയും അടുത്ത് കൊണ്ടുവയ്ക്കപ്പെടുകയും അവരെല്ലാം അത് കേള്‍ക്കുകയും ചെയ്തു. അപ്പോള്‍ ഒരാള്‍ 'കൂട്ടത്തിലുള്ള എല്ലാ ആളുകളെയും കേള്‍പിച്ചാലും' എന്നാവശ്യപ്പെട്ടു. എന്നാല്‍ കൂട്ടത്തിലുള്ള ആരെങ്കിലും അത് കേള്‍ക്കാതിരിക്കുകയാണെങ്കില്‍ അയാള്‍ പാപിയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിപ്പോകും എന്ന് തങ്ങള്‍ അതിനു മറുപടിയായരുളി'' (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 248).

ആഹാരം പോലുള്ള നിര്‍ജീവ വസ്തുക്കളുടെ തസ്ബീഹ് പാപികളല്ലാത്തവര്‍ക്ക് കേള്‍ക്കാന്‍ കഴിയും എന്നാണ് ഗ്രന്ഥകര്‍ത്താവ് ഇതിലൂടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്! ഇങ്ങനെയൊരാശയം അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ചതായി തെളിയിക്കാന്‍ തബ്‌ലീഗുകാര്‍ക്ക് സാധ്യമാണോ? സ്വഹാബിമാര്‍ക്ക് നിര്‍ജീവ വസ്തുക്കളുടെയും മനുഷ്യരല്ലാത്ത ജന്തുജാലങ്ങളുടെയും സംസാരം കേള്‍ക്കാനും മനസ്സിലാക്കാനും സാധിച്ചിരുന്നോ? അതിനു സാധിക്കാത്തവര്‍ പാപികളാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നോ?

ഈ അറിവിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് കാണുക: ''ഇക്കാര്യങ്ങള്‍ 'കഷ്ഫു'മായി ബന്ധപ്പെട്ടതാണ്. കഷ്ഫ് എന്നാല്‍ അല്ലാഹുവുമായി അടുത്ത ആളുകള്‍ക്ക് വെളിപ്പെടുന്ന ചില കാര്യങ്ങളാണ്. അത് എല്ലാവരും അറിഞ്ഞുകൊള്ളണമെന്നില്ല. നബിമാര്‍ക്ക് ഇക്കാര്യങ്ങള്‍ പൂര്‍ണമായ നിലയില്‍ ഉണ്ടാകുന്നു...'' (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 248).

 ''എനിക്ക് നമ്മുടെ ഹല്‌റത് മൗലാനാ ഖലീല്‍ അഹ്മദ് സാഹിബ്(റഹ്:അ) അവര്‍കളുടെ ചില ശിഷ്യന്മാരില്‍ നിന്നും ഇപ്രകാരം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതായത് അവരില്‍ ആര്‍ക്കെങ്കിലും ഈ രീതിയില്‍ 'കഷ്ഫ്' ഉണ്ടാവുകയാണെങ്കില്‍ ഹല്‌റത് അവര്‍കള്‍ ചില ദിവസത്തേക്ക് വളരെ മുഖ്യത്വം കൊടുത്ത് എല്ലാവിധ ദിക്‌റുകളില്‍നിന്നും അവരെ തടുക്കുമായിരുന്നു. കാരണം അങ്ങനെ ചെയ്തില്ലെങ്കില്‍ അഭിവൃദ്ധിയെ ആ അവസ്ഥ തടസ്സപ്പെടുത്തിക്കളയുന്നതാണ്. കൂടാതെ ഇതുകൊണ്ട് മറ്റുള്ളവരുടെ പാപങ്ങള്‍ വെളിപ്പെടുകയും അതുമുഖേന അവരുടെ മനസ്സിന് കലക്കമുണ്ടാവുകയും ചെയ്യുന്നു എന്ന കാരണത്താലും മഹാന്മാര്‍ ഇതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതിന് ശ്രമിക്കാറുണ്ട്'' (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 249).

സ്വഹാബികളിലാര്‍ക്കെങ്കിലും ഇങ്ങനെയൊരു കശ്ഫിന്റെ അവസ്ഥയുണ്ടായിരുന്നോ-അതും ദിക്‌റുകള്‍ പോലും ചെയ്യാന്‍ പറ്റാത്തവിധം-എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ലല്ലോ.

ഇമാം അബൂഹനീഫയുടെ പേരിലും പച്ചക്കള്ളം

മറ്റൊരു കെട്ടുകഥ കാണുക: ''അല്ലാമാ ഷഅ്‌റാനി 'മീസാനുല്‍കുബ്‌റാ' എന്ന കിതാബില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: 'ഇമാമുല്‍ അഅഌ അബൂ ഹനീഫാ(റഹ്:അ) അവര്‍കള്‍, ആരെങ്കിലും വുളൂഅ് ചെയ്യുന്നതായി കണ്ടാല്‍, ആ വെള്ളത്തില്‍ കൂടി പാപങ്ങള്‍ കഴുകപ്പെട്ടു പോകുന്നത് അദ്ദേഹത്തിന് കണ്ടറിയാന്‍ കഴിയുമായിരുന്നു. കൂടാതെ അത് വന്‍പാപമാണോ, ചെറുപാപമാണോ, മക്‌റൂഹാണോ, നല്ലതല്ലാത്തതാണോ എന്നും സാധാരണ രൂപമുള്ള വസ്തുക്കളെ കണ്ടറിയുന്നത് പോലെ അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം കൂഫയിലുള്ള ജുംആ മസ്ജിദിലെ വുളുവെടുക്കുന്ന സ്ഥലത്ത് പോയപ്പോള്‍, അവിടെ ഒരു യുവാവ് വുളുവെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അയാളുടെ വുളൂഇന്റെ വെള്ളം വീഴുന്നത് കണ്ടിട്ട്, രഹസ്യമായി അയാളെ വിളിച്ച് 'മകനേ! മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതില്‍ നിന്നും തൗബ ചെയ്യുക' എന്നുപദേശിച്ചു. അങ്ങനെ അയാള്‍ അതില്‍നിന്നും തൗബ ചെയ്യുകയുണ്ടായി. മറ്റൊരാളെ ഇപ്രകാരം കണ്ടിട്ട് 'സഹോദരാ! വ്യഭിചരിക്കരുത്, അത് വളരെ നികൃഷ്ടമായ കുറ്റമാണ്' എന്നുപദേശിച്ചു. അയാളും വ്യഭിചാരത്തില്‍നിന്നും തൗബ ചെയ്തു മടങ്ങി. വേറൊരാളില്‍നിന്നും മദ്യപാനത്തിന്റെയും കളിതമാശയുടെയും വെള്ളം വീഴുന്നത് കണ്ടിട്ട്, അയാളെയും ഉപദേശിക്കുകയും അയാള്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്തു. അതിനു ശേഷം ഇമാം സാഹിബ് അവര്‍കള്‍ 'അല്ലാഹുവേ! ഇക്കാര്യം എന്നില്‍നിന്നും ദൂരീകരിക്കേണമേ! ഞാന്‍ ജനങ്ങളുടെ മോശനില കാണാന്‍ ഇഷ്ടപ്പെടുന്നില്ല' എന്ന് ദുആ ചെയ്തു. അല്ലാഹു തആലാ ഈ ദുആ സ്വീകരിക്കുകയും അദ്ദേഹത്തില്‍നിന്ന് അത് നീക്കപ്പെടുകയും ചെയ്തു'' (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 250).

''ഹല്‌റത് മൗലാനാ ഷാഹ് അബ്ദുല്‍ റഹീം റായ്പൂരി(റഹ്:അ) അവര്‍കളുടെ ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം അനേകദിവസം മലമൂത്ര വിസര്‍ജ്ജനത്തിന് പോയിരുന്നില്ല. കാരണം എല്ലാ സ്ഥലങ്ങളും പ്രകാശങ്ങളാല്‍ നിറഞ്ഞതായി അദ്ദേഹം കണ്ടിരുന്നു. ഇപ്രകാരമുള്ള ആയിരക്കണക്കിന് സംഭവങ്ങളുണ്ട്. ആയതിനാല്‍ ഇതില്‍ ഒരു സംശയത്തിനും അവകാശമില്ല. എന്നാല്‍ ഏത് ജനങ്ങള്‍ക്ക് കഷ്ഫിന്റെ ഏതൊരംശം ലഭിക്കുന്നുവോ അതിന്റെ തോതനുസരിച്ച് അവസ്ഥകള്‍ അവര്‍ക്ക് വെളിപ്പെട്ടുകൊണ്ടിരിക്കുന്നതാണ്'' (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 250).

 വുദൂഅ് എടുക്കുന്ന ആള്‍ തന്റെ അവയവങ്ങള്‍ കഴുകുന്നതിലൂടെ പ്രസ്തുത അവയവങ്ങള്‍കൊണ്ട് ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഒരു വിശദീകരണവും കൂടാതെ ഈ ഹദീഥുകളില്‍നിന്ന് വുദൂഇന്റെ ശ്രേഷ്ഠത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. എന്നിട്ടും വുദൂഇന്റെ ശ്രേഷ്ഠത ജനങ്ങള്‍ മനസ്സിലാക്കാനെന്ന പേരില്‍ ഒരു കള്ളക്കഥ വിവരിക്കുകയാണ് സകരിയ്യാ സാഹിബ് ചെയ്തിരിക്കുന്നത്.

 അഹ്‌ലുല്‍ കശ്ഫിന് (ജ്ഞാന ദൃഷ്ടിയുള്ള മഹാന്മാര്‍ക്ക്) പാപങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് കാണാന്‍ സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ഇങ്ങനെയൊരു കഴിവ് നല്‍കപ്പെടുമെന്നത് സത്യമാണെങ്കില്‍ അത് ശ്രേഷ്ഠരായ സ്വഹാബികള്‍ക്ക് ഉണ്ടാകേണ്ടതാണ്. എന്നാല്‍ അവരാരും തന്നെ തങ്ങളുടെയോ മറ്റുളവരുടെയോ പാപങ്ങള്‍ 'ഒഴുകിപ്പോകുന്നതായി' കണ്ടതിന് യാതൊരു തെളിവുമില്ല. മാത്രവുമല്ല 'കശ്ഫി'ലൂടെ സ്വഹാബികള്‍ ഇത് അറിഞ്ഞിരുന്നുവെങ്കില്‍, ഈ വിഷയം നബി ﷺ അവരെ പ്രത്യേകം അറിയിക്കേണ്ട ആവശ്യവും ഇല്ലായിരുന്നു. നബി ﷺ യുടെ മുമ്പാകെ തന്നെ എത്രയോ സ്വഹാബികള്‍ വുദൂഅ് ചെയ്തിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പാപങ്ങള്‍ കഴുകപ്പെടുന്നത് നബി ﷺ കണ്ടതായി ഒരിക്കല്‍ പോലും അവിടുന്ന് പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതിശയോക്തികള്‍ കലര്‍ത്തി കഥകള്‍ മെനയുമ്പോള്‍ അതിന്റെ ഉള്ളടക്കം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായേക്കുമോ എന്നുപോലും ഗ്രന്ഥകാരന്‍ ചിന്തിച്ചിട്ടില്ല എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കഥ. കാരണം വ്യഭിചാരം, മദ്യപാനം, മാതാപിതാക്കളോടുള്ള ധിക്കാരം ആദിയായ വന്‍പാപങ്ങള്‍ വുദൂഇലൂടെ മായ്ക്കപ്പെടുന്നതായി അബൂഹനീഫ(റഹ്) കണ്ടുവെന്നാണ് ഈ കഥയില്‍ പറയുന്നത്. എന്നാല്‍ വുദൂഅ് പോലുള്ള ഇബാദത്തുകളിലൂടെ ചെറുപാപങ്ങള്‍ മാത്രമെ പൊറുക്കപ്പെടുകയുള്ളൂ എന്ന വസ്തുതയാണ് നബിവചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

തബ്‌ലീഗ് പ്രവര്‍ത്തകര്‍ വട്ടമിട്ടിരുന്ന് 'തഅ്‌ലീം' നടത്തുമ്പോള്‍ സാധാരണ വായിക്കാറുള്ള ഒരു സൂഫി ഉദ്ധരണി കാണാം; സൂഫി കഥകളുടെ മറ്റൊരു സമാഹാരമായ 'നുസ്ഹത്തുല്‍ മജ്‌ലിസ്' എന്ന ഗ്രന്ഥത്തില്‍ നിന്നാണത്രെ ഇത് ഉദ്ധരിച്ചിട്ടുള്ളത്.

''സൂഫിവര്യന്മാരില്‍ പ്രസിദ്ധനായ ഷകീക് ബല്‍കി എന്ന മഹാന്‍  പറയുകയാണ്: 'ഞാന്‍ അഞ്ചു കാര്യങ്ങളെ തേടി അലഞ്ഞു. അവ അഞ്ചു സ്ഥലത്തു നിന്നും എനിക്ക് കിട്ടി. (1) ജീവിതാവശ്യങ്ങളിലുള്ള ബറക്കത്ത് ളുഹാനമസ്‌കാരത്തില്‍ കണ്ടെത്തി. (2) ഖബറിന്റെ പ്രകാശം തഹജ്ജുദ് നമസ്‌കാരത്തില്‍ കണ്ടെത്തി (3) മുന്‍കര്‍ നകീറിന്റെ സുആലിനുള്ള ജവാബ് ഖുര്‍ആന്‍ ഓതുന്നതില്‍ കണ്ടെത്തി. (4) സിറാത്ത് എളുപ്പം കടന്നുപോകുന്നതിനുള്ള മാര്‍ഗം നോമ്പിലും ദാനത്തിലും കണ്ടെത്തി (5) അര്‍ശിന്റെ തണല്‍ ഖല്‍വത്തില്‍ (ഒറ്റയ്ക്കിരുന്ന് അല്ലാഹുവിനെ ധ്യാനിക്കുന്നതില്‍) കണ്ടെത്തി'' (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 27,28).

ദുഹാ നമസ്‌കാരം, തഹജ്ജുദ് നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം, നോമ്പ്, സ്വദക്വ തുടങ്ങിയ സല്‍കര്‍മങ്ങളുടെ മഹത്ത്വം വിവരിക്കാന്‍ പ്രബലവും വ്യക്തവുമായ ഹദീഥുകള്‍ വേണ്ടത്ര ഉണ്ടായിട്ടും ഇതുപോലുള്ള നുണക്കഥകളെക്കൊണ്ട് മഹത്ത്വം ചാര്‍ത്തേണ്ടതുണ്ടോ എന്ന് തബ്‌ലീഗ് സുഹൃത്തുക്കള്‍ ചിന്തിക്കുക. പ്രമാണങ്ങളെ അംഗീകരിക്കുന്നവര്‍ക്ക് ഇത്തരം കെട്ടുകഥകളുടെ ആവശ്യമില്ല.

സൂഫികള്‍ ക്വബ്‌റില്‍ നടക്കുന്ന കാര്യങ്ങളും പരലോകത്ത് നടക്കുന്ന കാര്യങ്ങളും അറിയുന്നവരാണ് എന്ന മൂഢവിശ്വാസം സാധാരണക്കാരില്‍ കുത്തിവയ്ക്കാനാണ് ഇത്തരം വാറോലകള്‍ എഴുതിവിടുന്നതെന്ന കാര്യം വായനക്കാര്‍ മനസ്സിലാക്കുക.

അഞ്ചു കാര്യങ്ങളെ തേടി, അവ അഞ്ചു സ്ഥലങ്ങളില്‍ കണ്ടെത്തി എന്നാണ് സൂഫിയായ ബല്‍കി പറയുന്നത്. ജീവിതാവശ്യങ്ങളില്‍ ഒരു പക്ഷേ, ബറകത്ത് കിട്ടിയിരിക്കാം. എന്നാല്‍ അത് ദുഹാ നമസ്‌കാരം കൊണ്ടാണെന്ന് ഇദ്ദേഹത്തിന് എങ്ങനെ മനസ്സിലായി? ക്വബ്‌റിന്റെ പ്രകാശം തഹജ്ജുദ് നമസ്‌കാരത്തില്‍ കണ്ടെത്തി എന്ന് പറയണമെങ്കില്‍ മരിച്ച ശേഷം പുനര്‍ജനിക്കണമല്ലോ. അല്ലാതെ എങ്ങനെ ഇദ്ദേഹം അത് മനസ്സിലാക്കി?

മുന്‍കര്‍-നകീറിന്റെ ചോദ്യത്തിന്റെ ഉത്തരം ക്വുര്‍ആന്‍ പാരായണത്തിലൂടെ ലഭിച്ചു എന്ന് പറയണമെങ്കില്‍ ഇദ്ദേഹം ക്വബ്‌റിലെ ചോദ്യത്തെ അഭിമുഖീകരിച്ച ശേഷമായിരിക്കണം ഇത് പറയുന്നത്. അതല്ല, മരിക്കുന്നതിന് മുമ്പ് തന്നെ മുന്‍കര്‍-നകീറിന്റെ ചോദ്യത്തെ ഇദ്ദേഹം നേരിട്ടിരുന്നുവോ?

ഇഹലോകത്ത് ജീവിച്ചിരിക്കുമ്പോള്‍ സ്വിറാത്ത് എളുപ്പം കടന്നുപോകുന്നതിനുള്ള മാര്‍ഗം നോമ്പിലും ദാനധര്‍മത്തിലും കണ്ടെത്തിയതും അര്‍ശിന്റെ തണല്‍ ഖല്‍വത്തില്‍ (ഉറ്റയ്ക്കിരുന്ന് അല്ലാഹുവിനെ ധ്യാനിക്കുന്നതില്‍) കണ്ടെത്തിയതും എങ്ങനെയായിരിക്കും?

തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപക നേതാവായിരുന്ന മുഹമ്മദ് ഇല്യാസ് സാഹിബ് ഏകാന്തവാസത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇന്ന് ലോകത്താകെ പ്രചരിച്ചിട്ടുള്ള തബ്‌ലീഗ് പ്രസ്ഥാനംതന്നെ ഉണ്ടാകുമായിരുന്നില്ല. ഒറ്റയ്ക്കിരുന്ന് ധ്യാനിച്ചാല്‍ അര്‍ശിന്റെ തണല്‍ ലഭിക്കുമെന്നത് സത്യമാണെങ്കില്‍ എന്തിനാണ് ഇവര്‍ നാട് മുഴുവന്‍ ചുറ്റിനടന്ന് ജനങ്ങളെ നമസ്‌കരിക്കാന്‍ ക്ഷണിക്കുന്നത്? എന്തിനാണ് പല ഭാഗത്തും മദ്‌റസകളും കോളേജുകളും സ്ഥാപിക്കുന്നത്? എന്തിനാണ് സമ്മേളനങ്ങളും മശൂറാ സദസ്സുകളും സംഘടിപ്പിക്കുന്നത്? എല്ലാവരോടും ഖല്‍വത്തിലിരുന്ന് ധ്യാനം നടത്താല്‍ പറഞ്ഞാല്‍ പോരേ? (തുടരും)