ക്വദ്‌റിന്റ രാവ്: മനുഷ്യായുസ്സിലെ അമൂല്യനിധി

മുജീബ് ഒട്ടുമ്മല്‍

2021 മെയ് 01 1442 റമദാന്‍ 19

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം ഉയരുമെന്നും മരണത്തെ വൈകിപ്പിക്കാമെന്ന് വ്യാമോഹിക്കുകയും ചെയ്യുന്ന ആധുനികശാസ്ത്ര പുരോഗമന യുഗത്തിലും മാരകമായ പകര്‍ച്ചവ്യാധിയുടെ മുന്നില്‍ നിസ്സഹായരായി തളര്‍ന്നുവീഴുകയാണ് മനുഷ്യകുലം.

മരണപ്പെട്ടവരെ ഒരുനോക്ക് പോലും കാണാനാവാതെ ബന്ധുക്കള്‍ തീനാളങ്ങള്‍ക്കെറിഞ്ഞുകൊടുക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ദയനീയതയും ആര്‍ത്തനാദങ്ങളും മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.

ജീന്‍ എഡിറ്റിംഗിലും രോഗപ്രതിരോധത്തിലുമുള്ള ഗവേഷണം ഊര്‍ജിതമാക്കാന്‍ കോടികള്‍ മുടക്കി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും സോപ്പുകുമിളകളില്‍ അലിഞ്ഞുപോകുന്ന നിസ്സാരമായ വൈറസിന് മുന്നില്‍ വാപൊളിച്ച് നില്‍ക്കുന്ന ശാസ്ത്രലോകത്തിന്റ മരണത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ എത്ര ബാലിശമാണ്. ചിരഞ്ജീവിയായി മാറി ശാശ്വതമായ ജീവിതം നയിക്കാനാകുന്ന വിധം മരണത്തെ എന്നെന്നേക്കുമായി നിഷ്‌കാസനം ചെയ്യാന്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ പണവും അധ്വാനവും ചെലവഴിച്ച് കൊണ്ടിരിക്കുന്നു. നിഷ്ഫലമായ ഇത്തരം ശ്രമങ്ങള്‍ക്കപ്പുറം മനുഷ്യജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയുമാണ് മനുഷ്യന് വേണ്ടത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അവന്റെ വചനങ്ങളിലൂടെ മാനവരാശിയെ അത് പഠിപ്പിക്കുന്നുണ്ട്.

''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (ക്വുര്‍ആന്‍ 52:56).

മരണവും ജീവിതവും സൃഷ്ടിച്ചതിന്റെ ലക്ഷ്യവും അല്ലാഹു പഠിപ്പിക്കുന്നുണ്ട്:

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 67:2).

അതിനാല്‍ മനുഷ്യായുസ്സിന്റെ നൈമിഷികതയെ വളരെ ഗൗരവത്തോടെ കാണുകയും പരിമിതമായ സമയത്തിന്റെ മൂല്യത്തെ തിരിച്ചറിയുകയും മരണത്തെ സദാസമയത്തും ഓര്‍ക്കുകയും കടമകള്‍ നിര്‍വഹിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നത് വിശ്വാസികളുടെ പ്രത്യേകതയാണ്.

അബൂശുറൈഹ്(റഹി) നടന്നുപോകവെ പെട്ടെന്ന് ഇരിക്കുകയും തട്ടംകൊണ്ട് മുഖം പൊത്തുകയും പിന്നീട് കരയുകയും ചെയ്തു. എന്താണ് താങ്കളെ കരയിപ്പിച്ചതെന്ന് അദ്ദേഹത്തോട് കൂടെ ഉണ്ടായിരുന്നവരിലൊരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: 'എന്റെ ആയുസ്സിന്റ വേഗത്തെയും പ്രവര്‍ത്തനങ്ങളുടെ കുറവിനെയും അവധിയുടെ ആഗമനത്തെയും കുറിച്ച് ഞാന്‍ ചിന്തിച്ചു.'

മരണാനന്തര ജീവിതത്തില്‍ വിജയിക്കാനാവശ്യമായ വിശ്വാസ, കര്‍മാനുഷ്ഠാനങ്ങള്‍ മുഹമ്മദ് നബി ﷺ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ടോ എന്ന ചിന്തയിലാണ് പൂര്‍വികരായ സജ്ജനങ്ങള്‍ പലപ്പോഴും കരഞ്ഞത്. ആയുസ്സിനുള്ളില്‍ കടന്നുവരുന്ന പുണ്യങ്ങളുടെ സീസണുകളിലും നിസ്സംഗതയും അലസതയും പിടികൂടുന്നുണ്ടോ എന്ന വേവലാതിയും ആശങ്കയും വിശ്വാസിയുടെ മനസ്സുകളില്‍ ഉള്‍കിടിലമുണ്ടാക്കും. പരിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ വിശ്വാസിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മഹാസൗഭാഗ്യമാണ്.

അബൂഹുറയ്‌റ(റ) നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ''നിങ്ങള്‍ക്ക് റമദാന്‍ വന്നെത്തിയിരിക്കുന്നു. അനുഗൃഹീത മാസം. അല്ലാഹു നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുന്നു. അതിലൊരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ ഉത്തമമാണത്'' (നസാഈ).

ലൈലതുല്‍ ക്വദ്ര്‍

'ക്വദ്ര്‍' എന്നതിന്റെ ഭാഷാര്‍ഥം വിധിനിര്‍ണയം, മഹത്തായത്, കുടുസ്സായത്, പവിത്രമായത് എന്നൊക്കെയാണ്.

'ലൈലതുല്‍ക്വദ്ര്‍' എന്നതിന് 'വിധിനിര്‍ണയത്തിന്റ രാവ്,' 'മഹത്തായ രാത്രി' എന്നിങ്ങനെ അര്‍ഥം പറയാവുന്നതാണ്. ഇതിന് ഈ പേര് പറയാനുള്ള കാരണങ്ങളായി വിശദീകരിക്കപ്പെടുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:

1) അതാത് വര്‍ഷങ്ങളിലെ കാര്യങ്ങള്‍ നിര്‍ണയിക്കുന്നത് ഈ രാത്രിയിലാണ്. അല്ലാഹു പറയുന്നു: ''ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു'' (ക്വുര്‍ആന്‍ 44:4).

സൃഷ്ടിജാലങ്ങളുടെ വിധിനിര്‍ണയിക്കുന്നത് ഈ രാത്രിയിലാണ്. ജീവിതവും മരണവും ജയവും പരാജയവും സന്തോഷവും സന്താപങ്ങളും പ്രതാപവും നിന്ദ്യതയും എല്ലാം രേഖപ്പെടുത്തുന്നതും ഈ രാത്രിയിലാണ്.

2) പവിത്രതയും മഹത്ത്വവുമുള്ള രാത്രിയാണ്. ഇമാം നവവി(റഹി) പറയുന്നു: ''ലൈലതുല്‍ ക്വദ്‌റിന്റെ മഹത്ത്വവും ശ്രേഷ്ഠതയും കാരണമാണ് അതിനെ ആ പേര് വിളിക്കുന്നത്'' (ശര്‍ഹു മുസ്‌ലിം).

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 44:3).

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''അനുഗൃഹീതമായ രാത്രി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ലൈലതുല്‍ ക്വദ്‌റാകുന്നു.''

3) വിധിയുമായി മലക്കുകള്‍ ഇറങ്ങിവരുന്നു.

4) നിര്‍ണിതമായ ഒരു സമൂഹത്തിന് നിശ്ചയിക്കപ്പെട്ട, ഒരു പ്രവാചകനില്‍ ഒരു മലക്കിലൂടെ നിര്‍ണയിക്കപ്പെട്ട ഒരു ഗ്രന്ഥം അവതരിച്ച രാത്രി ആയതിനാലാണ് എന്നും അഭിപ്രായപ്പെടുന്നു.

5) ഇറങ്ങിവരുന്ന  മലക്കുകളുടെ ആധിക്യം കാരണമായി ഭൂമി കുടുസ്സായി അനുഭവപ്പെടുന്നതിനാലും ഈ പേര് വിളിക്കപ്പെടുന്നു.

ഇങ്ങനെ പല അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം ആ രാത്രിയുടെ മഹത്ത്വവും പവിത്രതയും വിളിച്ചറിയിക്കുന്നു.

പരിശുദ്ധ ക്വുര്‍ആന്‍ അവതരിച്ചുവെന്നതാണ് അതിനെ മഹത്ത്വപ്പെടുത്തുന്നത്. ജിബ്‌രീലും (മറ്റു) മലക്കുകളും ഇറങ്ങിവരുന്നു എന്നതും  അതിന്റെ പ്രഭാതംവരെ സമാധാനവും നിര്‍ഭയത്വം വര്‍ഷിക്കുന്നുവെന്നതും ആ രാത്രിയുടെ മഹത്ത്വമാണ്.

ലൈലതുല്‍ ക്വദ്‌റിന്റ പ്രത്യേകതകള്‍

1) വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ രാത്രി:

മാനവരാശിയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാനായി അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചത് ലൈലതുല്‍ ക്വദ്‌റിലാണ്. അവസാനനാള്‍വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമാണിത്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം അതിനെ ലൈലതുല്‍ ക്വദ്‌റില്‍ അവതരിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 97:1).

2) ആയിരം മാസത്തെക്കാള്‍ ഉത്തമമായ രാത്രി:

അല്ലാഹു പറയുന്നു: ''ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു'' (ക്വുര്‍ആന്‍ 97:3).

പൂര്‍വസമുദായങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഇന്നത്തേതിനെക്കാള്‍ ദീര്‍ഘിച്ചതായിരുന്നു. നൂഹ് നബി (അ) 950 വര്‍ഷം പ്രബോധനം നടത്തിയതായി വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ദീര്‍ഘമായ ആയുസ്സ് ലഭിച്ച മുന്‍സമൂഹങ്ങള്‍ അത് കൃത്യമായി നന്മയില്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ അവരോളം എത്താന്‍ നൂറില്‍താഴെ വര്‍ഷം മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള നമുക്ക് സാധിക്കുകയില്ല. എന്നാല്‍ അല്ലാഹു നീതിമാനാണ്. നമുക്ക് വര്‍ഷത്തില്‍ ഒരു രാത്രി സമ്മാനിച്ചുകൊണ്ട് ദീര്‍ഘമായ കാലയളവിലെ നന്മയുടെ പ്രതിഫലം കരസ്ഥമാക്കാനുള്ള അവസരം നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു:

''മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ'' (ക്വുര്‍ആന്‍ 97:4,5).

സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള ഏതാനും മണിക്കൂറുകള്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. അഥവാ 83 വര്‍ഷവും 4 മാസവും! ഏതാനും മണിക്കൂറുകള്‍ക്കകം ഒരായുഷ്‌കാലം കൊണ്ട് നേടിയെടുക്കാവുന്ന എല്ലാ നന്മകളും പുണ്യങ്ങളും വാരിക്കൂട്ടാന്‍ സാധിക്കുമെന്ന്!

ഇമാം മുജാഹിദ്(റഹി) പറഞ്ഞു: 'അതിലെ കര്‍മങ്ങളും നോമ്പുകളും നമസ്‌കാരങ്ങളുമെല്ലാം ആയിരം മാസം ചെയ്തതിനെക്കാള്‍ പുണ്യമുള്ളതാണ്.'

നന്‍മയും അനുഗ്രഹങ്ങളും കാരുണ്യവുമായി മലക്കുകള്‍ ഭൂമിയിലേക്കിറങ്ങുന്ന സൗഭാഗ്യത്തിന്റെയും സമാധാനത്തിന്റെയും രാവാണിത്. ഈ രാത്രിയെക്കുറിച്ച് മാത്രം പറയുന്ന ഒരു അധ്യായം തന്നെ ക്വുര്‍ആനിലുണ്ട് എന്നത് ഇതിന്റ മഹത്ത്വമാണ് സൂചിപ്പിക്കുന്നത്.

ലൈലതുല്‍ ക്വദ്‌റിലെ ആരാധനകള്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകും. നബി ﷺ പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലതുല്‍ ക്വദ്‌റില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും'' (ബുഖാരി).

ലൈലതുല്‍ ക്വദ്ര്‍ എന്നാണ്?

ഈ വിഷയത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ കാണുവാന്‍ സാധിക്കും.

പ്രവാചകന്‍ ﷺ പറഞ്ഞു: ''ലൈലതുല്‍ ക്വദ്‌റിനെ നിങ്ങള്‍ റമദാനിന്റ അവസാന പത്തില്‍ പ്രതീക്ഷിച്ചു കൊള്ളുക'' (ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''സ്വഹാബികളിലെ ഒരു വിഭാഗം റമദാനിലെ അവസാന ഏഴില്‍ ലൈലതുല്‍ ക്വദ്‌റിനെ സ്വപ്‌നത്തില്‍ കണ്ടതായി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: 'നിങ്ങളുടെ കാഴ്ചയോട് ഞാന്‍ യോജിക്കുന്നു. അതിനാല്‍ അവസാനത്തെ ഏഴില്‍ ആരെങ്കിലും ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്നുവെങ്കില്‍ 27ല്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ'' (ബുഖാരി, മുസ്‌ലിം).

ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായ അഭിപ്രായം ലൈലതുല്‍ ക്വദ്ര്‍ റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റയായ രാത്രികളിലാണ് എന്നതാകുന്നു. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ആഇശ(റ)യുടെ ഹദീഥ് ഇതാണ് സൂചിപ്പിക്കുന്നത്.

ആഇശ(റ) പറയുന്നു: ''നബി ﷺ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്നു പറയും: 'റമദാന്‍ അവസാന പത്തിലെ ഒറ്റരാത്രികളില്‍ നിങ്ങള്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക.''

നബി ﷺ പറഞ്ഞു: ''ലൈലതുല്‍ ക്വദ്‌റിനെ റമദാനിന്റെ അവസാന പത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുക. അഥവാ ഒമ്പത് ബാക്കിയുള്ളപ്പോള്‍, ഏഴ് ബാക്കിയുള്ളപ്പോള്‍, അഞ്ച് ബാക്കിയുള്ളപ്പോള്‍''(ബുഖാരി).

ഇമാം ശാഫിഈ(റഹി) പറയുന്നു: ''എന്റെ വീക്ഷണത്തില്‍ ഇത് (ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ചുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍) വരാനുള്ള കാരണം-അല്ലാഹു ഏറ്റവും നന്നായി അറിയുന്നു-പ്രവാചകന്‍ തന്നോട് ചോദിക്കപ്പെടുന്നതിനനുസരിച്ച് മറുപടി പറഞ്ഞതാണ് എന്നതാണ്. (ഉദാഹരണത്തിന്) 'ഇന്ന ദിവസം ഞങ്ങള്‍ ലൈലതുല്‍ ക്വദ്‌റിനെ കരുതി ഇരുന്നുകൊള്ളട്ടെ' എന്നൊരാള്‍ ആരായുന്നു. അതിന് നബി ﷺ 'അതെ, ഇന്ന ദിവസം നിങ്ങളതിനെ പ്രതീക്ഷിച്ചുകൊള്ളുക' എന്ന് മറുപടി നല്‍കുന്നു'' (ബഗവി, ശറഹുസ്സുന്നയില്‍ ഉദ്ധരിച്ചത്).

ചുരുക്കത്തില്‍, റമദാനിലെ അവസാന പത്തിലെ രാവുകളിലെല്ലാം; വിശിഷ്യാ ഒറ്റരാവുകളില്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കാവുന്നതാണ്.

ചില അടയാളങ്ങള്‍

1) സൂര്യന് പ്രഭാതകിരണങ്ങളുണ്ടാവില്ല.

ഉബയ്യുബ്‌നു കഅബ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ലൈലതുല്‍ ക്വദ്‌റിനെ തുടര്‍ന്നുള്ള പ്രഭാതത്തില്‍ സൂര്യന്‍ കിരണങ്ങളില്ലാതെ ഉദിക്കുന്നതാണ്. അത് ഉയരുന്നതുവരെ ഒരു തളികപോലെ (കിരണമുക്തമായി) ആയിരിക്കും'' (മുസ്‌ലിം).

2) അന്ന് തണുപ്പും ചൂടുമുണ്ടാവില്ല.

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ലൈലതുല്‍ ക്വദ്‌റിന്റെ രാത്രി ശാന്തവും പ്രസന്നവുമായ രാത്രിയാണ്. കടുത്ത ചൂടുള്ളതോ, എന്നാല്‍ വളരെ കുളിരുള്ളതോ അല്ല. അതിനെ തുടര്‍ന്നുള്ള പ്രഭാതത്തില്‍ സൂര്യന്‍ (താരതമ്യേന) ദുര്‍ബലവും ചുവന്നതുമായി കാണപ്പെടും''(ഇബ്‌നു ഖുസൈമ).

3) അന്ന് പ്രകാശപൂരിതമാകും.

വാസിലതുബ്‌നുല്‍ അസ്‌ക്വഅ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ലൈലതുല്‍ ക്വദ്‌റിലെ രാവ് പ്രകാശപൂരിതമാകും. തണുപ്പും ചൂടും ഉണ്ടാകില്ല. കാര്‍മേഘവും മഴയും കാറ്റുമില്ല. നക്ഷത്രങ്ങളെ കൊണ്ട് ഏറുമുണ്ടാവില്ല''(ത്വബ്‌റാനി).

4) ധാരാളം മലക്കുകള്‍ ഭൂമിയിലേക്കിറങ്ങും.

അബൂഹുറയ്‌റ(റ) നിവേദനം; റസൂല്‍ ﷺ പറഞ്ഞു: ''തീര്‍ച്ചയായും ലൈലതുല്‍ ക്വദ്ര്‍ 27നോ 29നോ ആകുന്നു. തീര്‍ച്ചയായും മലക്കുകള്‍ ആ രാത്രിയില്‍ ഭൂമിയിലിറങ്ങും. അവര്‍ മണല്‍ തരിയോളമുണ്ടാകും'' (അഹ്മദ്).

ലൈലതുല്‍ ക്വദ്‌റാണെന്ന് മനസ്സിലായാല്‍ വിശ്വാസി പറയേണ്ടതെന്തെന്ന് പ്രവാചകന്‍ ﷺ പഠിപ്പിക്കുന്നുണ്ട്:

ആഇശ(റ) പറഞ്ഞു: ''ഞാന്‍ പ്രവാചരോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഏതെങ്കിലും ഒരു രാവ് ലൈലതുല്‍ ക്വദ്‌റാണെന്ന് ഞാനറിഞ്ഞാല്‍ എന്താണ് പറയേണ്ടത്?' പ്രവാചകന്‍ ﷺ പറഞ്ഞു: 'നീ ഇങ്ങനെ പറയുക: അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍, തുഹിബ്ബുല്‍ അഫ്‌വ. ഫഅ്ഫു അന്നീ'' (തുര്‍മുദി).

ധന്യമാക്കാം ഈ പുണ്യരാവ്

മഹത്തായ ഈ പുണ്യരാവില്‍ പരമാവധി ആരാധനാകര്‍മങ്ങള്‍ നിര്‍വഹിച്ച് ധന്യരാകാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. അല്ലാഹു പറയുന്നു:

''നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 3:133).

''നബി ﷺ അവസാനത്തെ പത്തായാല്‍ മുണ്ട് മുറുക്കിയുടുക്കുകയും രാത്രിയെ ജീവിപ്പിക്കുകയും കുടുംബത്തെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

ആഇശ(റ) പറഞ്ഞു: ''റസൂല്‍ ﷺ റമദാനിലെ അവസാനത്തെ പത്തില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് (ആരാധനകളാല്‍) അധ്വാനിക്കുമായിരുന്നു'' (മുസ്‌ലിം).

ചില നിര്‍ദേശങ്ങള്‍

അവസാനത്തെ പത്ത് രാത്രികളിലും ഉണര്‍ന്നിരിക്കുക, കാരണം നബി ﷺ അവസാനത്തെ പത്ത് രാത്രികളെ ഉറങ്ങാതെ ആരാധനകളാല്‍ ജീവിപ്പിച്ചിരുന്നു. നാം കുടുംബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ആരാധനകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും വേണം.

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: 'അവസാനത്തെ പത്തായാല്‍ രാത്രിയില്‍ കഠിന പ്രയത്‌നത്തിലാവുന്നതാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്. കുടുംബത്തെയും കുട്ടികളെയും നമസ്‌കരിക്കാനായി ഉണര്‍ത്തുകയും അവര്‍ക്ക് സാധിക്കുന്നത്ര നിര്‍വഹിക്കുകയും വേണം.'

പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കണം. അകവും പുറവും വൃത്തിയാവണം. രാവിനെ പകലിനെ പോലെ സജീവമാക്കുകയും അശ്രദ്ധരാകാതിരിക്കുകയും ചെയ്യണം. സലഫുകള്‍ അവസാനത്തെ പത്തിലെ രാത്രികളില്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യുമായിരുന്നു.

അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്) അവങ്കലേങ്കു മാത്രമായി മടങ്ങുകയും ചെയ്യുക. ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക'' (ക്വുര്‍ആന്‍ 73:8,9).

അനാവശ്യമായ തര്‍ക്കവും ചര്‍ച്ചയും ചീത്തകാര്യങ്ങളിലുള്ള കൂടിച്ചേരലുകളും ഒഴിവാക്കുക. പശ്ചാത്തപിച്ച് മനസ്സ് ശുദ്ധിയാക്കുക. നിയ്യത്ത് നന്നാക്കുക. അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം മാത്രം ഉദ്ദേശിച്ച് സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുക.

അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുകയും ആരാധനകള്‍ക്ക് അവനോടുള്ള ഇഷ്ടം കാരണമാവുകയും വേണം. ഏറെ ഇഷ്ടപ്പെടുന്നവരോട് മനസ്സുതുറക്കുന്നത് ഏറെ ആശ്വാസകരവും ആസ്വാദ്യകരവുമാണല്ലോ.

വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും സുജൂദുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് അനുഗൃഹീതമായ രാത്രിയെ ധന്യമാക്കുക. റയ്യാന്‍ എന്ന കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആശിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുക.