നന്മകളില്‍ മുന്നേറുക

സാദിഖലി. പി, ജാമിഅ അല്‍ഹിന്ദ്

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

മുസ്‌ലിമായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പരലോകവിജയമാണ് ആത്യന്തികലക്ഷ്യം. അവിടെ പരാജയപ്പെടുക എന്നു പറയുന്നത് നരകാവകാശിയാകലാണ്. പരലോക വിജയത്തിന് ഇഹലോകത്ത് നാം ചെയ്യുന്ന സത്യവിശ്വാസത്തിലധിഷ്ഠിതമായ സല്‍പ്രവര്‍ത്തനങ്ങളാണ് നമ്മെ സജ്ജരാക്കുന്നത്. അല്ലാഹു പറഞ്ഞു: ''അപ്പോള്‍ ആര്‍ ഒരു അണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (ക്വുര്‍ആന്‍ 99:7,8).

നാം ചെയ്തത് എത്ര ചെറിയ നന്മയാണെങ്കിലും അത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ അതിന് സ്വീകാര്യതയുണ്ട്. ചെറുതെന്നു കരുതി ഒരു നല്ലപ്രവര്‍ത്തനത്തെയും അവഗണിച്ചുകൂടാ. ചെറുതെന്നു കരുതി ഒരു തിന്മയും ചെയ്തുകൂടാ. കാരണം അവയെല്ലാം നമ്മുടെ വിജയത്തിനോ പരാജയത്തിനോ കാരണമായിത്തീര്‍ന്നേക്കാം. 'ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക' (ബുഖാരി) എന്ന് നബിﷺ പറഞ്ഞത് നിസ്സാരമെന്ന് തോന്നുന്ന സല്‍കര്‍മമാണെങ്കിലും അത് ചെയ്യുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. അതിനാല്‍ നന്മയില്‍ മുന്നേറുവാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.

നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവരുടെ ഗുണങ്ങള്‍ അല്ലാഹു വിവരിക്കുന്നതു കാണുക: ''തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും'' (ക്വുര്‍ആന്‍ 23: 57-61).

ചെറിയ നന്മകളെ നിസ്സാരമായി കാണരുതെന്ന് പറഞ്ഞശേഷം റസൂല്‍ﷺ പറഞ്ഞു: 'അത് ഒരാള്‍ക്ക് വെള്ളം കോരി കൊടുക്കലായാലും നിന്റെ സഹോദരനോട് മുഖപ്രസന്നതയോടുകൂടി സംസാരിക്കലായാലും ശരി' (അഹ്മദ്).

പണക്കാരനും പണിക്കാരനും രാജാവിനും പ്രജക്കുമെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന വിധം അതിനുള്ള മാര്‍ഗങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവിടെ വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ല. തൊഴിലാളി, മുതലാളി ഭേദമില്ല. സത്യവിശ്വാസം ഉള്‍ക്കൊണ്ട്, ഇസ്‌ലാം പഠിപ്പിക്കുന്ന സല്‍കര്‍മങ്ങള്‍ ചെയ്തു ജീവിച്ച ഏതൊരാള്‍ക്കും സ്വര്‍ഗപ്രവേശം സാധ്യമാണെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.

വന്‍പാപങ്ങള്‍ നിഷിദ്ധമാണെന്ന് മുന്നറിയിപ്പു നല്‍കിയ പോലെ ചെറുപാപങ്ങളെക്കുറിച്ചും നബിﷺ നമുക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഏതൊരു തെറ്റും ചെയ്യുന്നതിലൂടെ നാം സ്രഷ്ടാവിനെയും അവന്റെ പ്രവാചകനൈയും ധിക്കരിക്കുകയാണല്ലോ ചെയ്യുന്നത്.

''വല്ലവനും ഒരു നന്മ കൊണ്ടുവന്നാല്‍ അവന്ന് അതിന്റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മ കൊണ്ടുവന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമെ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 6:161).