വ്യാജ ഫോണ്‍വിളി; അധ്യാപകര്‍ക്ക് പറയാനുള്ളത്

മുസ്‌ലിം ബിന്‍ ഹൈദര്‍

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

വാണിയമ്പലം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് വന്ന അജ്ഞാത അധ്യാപകന്റെ ഫോണ്‍ കോളിനെക്കുറിച്ച് വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ.

ഈ വിഷയത്തില്‍ ആവശ്യമായ നിയമ പരിരക്ഷക്കുവേണ്ടി നിയമപാലകര്‍ക്ക് കുട്ടിയുടെ രക്ഷിതാവും സ്ഥാപന മേധാവിയും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. നെറ്റ് നമ്പറായതുകൊണ്ട് തന്നെ പ്രതിയെ പിടികൂടുക എന്നത് ശ്രമകരമാണെന്നാണ് നിയമവിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത്. എങ്കിലും 'അവേര്‍നസ്' റെക്കോഡായി കണക്കിലെടുത്ത് ജനങ്ങളെ ബോധവത്കരിക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ഗൗരവപൂര്‍വം ചിന്തിക്കേണ്ട ചില വസ്തുതകളുണ്ട്. 10.06.2021 ന് വന്ന വിളിയും 09.07.2021 ന് വന്ന വിളിയും ഏകദേശം ഒരേ ആശയത്തിലുള്ളതായിരുന്നു. രണ്ടും ചെറിയ പെണ്‍കുട്ടികളെ മാത്രമാണ് ലക്ഷ്യമിടുന്നത്. തന്റെ അധ്യാപകനു മുന്നില്‍ മനസ്സുതുറക്കുന്ന നിഷ്‌കളങ്ക ഹൃദയത്തെ വശീകരിക്കാനും അതുവഴി കുട്ടി അറിയാതെ അപകടത്തില്‍ പെടുത്താനുമുള്ള ചെകുത്താന്റെ ബുദ്ധി. പക്ഷേ, വിളി വന്ന രണ്ട് മക്കളും കാലഘട്ടത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കിയതുകൊണ്ട്തന്നെ കൃത്യമായി അത് റിക്കോഡ് ചെയ്തു. അങ്ങനെ അപകടത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍  തെളിവ് കയ്യിലാക്കാനും കഴിഞ്ഞു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രിയപ്പെട്ട രക്ഷിതാക്കളേ, ഫോണും നെറ്റും വികസനത്തിന്റെ വഴിയടയാളങ്ങളായി കണ്ട് അഭിമാനിച്ചിരുന്ന ഇന്നെലകളില്‍നിന്ന് അല്‍പം മാറി, ചിലപ്പോഴെങ്കിലും വേദനയോടെ ഓര്‍ക്കുന്ന ഘടകങ്ങളായിരിക്കുന്നു ഇന്ന്. അത്രമാത്രം മക്കളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു അവ രണ്ടും. കിടക്കപ്പായയില്‍ കഴിയുന്ന ഏതാനും മണിക്കൂറുകളല്ലാതെ മറ്റെല്ലാസമയത്തും മക്കളുടെ ശ്രദ്ധ മിനിസ്‌ക്രീനില്‍ ബന്ധിതമാണ്. ഈ അവസ്ഥക്ക് അടുത്തൊന്നും വിരാമമിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ആയതിനാല്‍ താഴെ നമ്പറിട്ട് സൂചിപ്പിച്ച കാര്യങ്ങള്‍ താങ്കള്‍ സഗൗരവം ഗൃഹാന്തരങ്ങളില്‍ നടപ്പിലാക്കണം.

1. കുട്ടിയെ വിളിക്കാന്‍ സാധ്യതയുള്ള അധ്യാപകരുടെ നമ്പറുകള്‍ മുഴുവനും കൃത്യമായ പേരെഴുതി കുട്ടി ഉപയോഗിക്കുന്ന ഫോണില്‍ സേവ് ചെയ്യണം

2. മൊബൈലില്‍ സേവ് ചെയ്യാത്ത ഏതൊരു നമ്പറില്‍നിന്ന് വരുന്ന കോളും അറ്റന്റ് ചെയ്യരുതെന്ന് കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

3. സ്ഥിരമായ നമ്പറില്‍നിന്നല്ലാതെ ഒരിക്കലും നെറ്റ് നമ്പറില്‍നിന്ന് ഒരധ്യാപകനും കുട്ടിയെ വിളിക്കില്ല.

4.അപൂര്‍ണമായ നെറ്റ് നമ്പറുകളും പൂര്‍ണമായ അജ്ഞാത നമ്പറുകളും അതര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാന്‍ കുടുംബത്തെ ബോധവത്കരിക്കണം.

5. കുട്ടിയുടെ ഫോട്ടോ ഒരു കാരണവശാലും വാട്‌സാപ്പ് പ്രൊഫൈലാക്കരുത്.

6. വിളിക്കുന്ന ആളെ വ്യക്തമായി ബോധ്യപ്പെടാതെ സംസാരം മുന്നോട്ട്‌പോവാനേ സമ്മതിക്കരുത്.

7. കുട്ടിയുടെ സ്‌കൂളും പേരും ചോദിച്ചുകൊണ്ട് കേരളത്തിലെ ഒരു സ്‌കൂളധ്യാപകനും തങ്ങളുടെ കുട്ടിയെ ഒരാവശ്യത്തിനും വിളിക്കില്ലന്ന് കുട്ടിയോട് പറയുക.

8. ഫോണ്‍ ഉപയോഗം കഴിവതും രക്ഷിതാക്കളുടെ സാന്നിധ്യത്തിലാക്കാന്‍ ശ്രമിക്കുക.

9. ഓട്ടോമാറ്റിക് കോള്‍റെക്കോഡ് ഫോണില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഒരു കത്തിന്റെ ആദ്യത്തില്‍ അയക്കുന്ന ആളുടെ വിലാസമാണല്ലോ എഴുതാറുള്ളത്. അതുപോലെ ഫോണ്‍ ചെയ്യുമ്പോഴുള്ള പ്രാഥമിക മര്യാദയാവണം, ആരാണ് വിളിക്കുന്നത് എന്ന് വ്യക്തമാക്കല്‍. അങ്ങനെ വ്യക്തമാക്കിയ കോളറോട് മാത്രമെ പ്രതികരിക്കേണ്ടതുള്ളൂ.

11. വ്യക്തതയില്ലാത്ത കോളുകള്‍ തുടക്കത്തിലേ രക്ഷിതാക്കള്‍ക്ക് കൈമാറണമെന്ന് കുട്ടിയോട് കണിശമായി പറയുക.

12. കുട്ടി, ഫോണ്‍ ലൗഡ് മോഡില്‍ ആക്കി സംസാരിക്കുന്നത് കൂടുതല്‍ നന്നാവും. അതിലൂടെരക്ഷിതാക്കള്‍ക്ക് കേള്‍ക്കാനും ആവശ്യാനുസരണം ഇടപെടാനും കഴിയും.

13. വ്യജന്‍മാരുടെ ആദ്യസ്റ്റെപ്പ് ഇയര്‍ ഫോണ്‍ ഉപയോഗിക്കാനുള്ള നിര്‍ദേശമാണെന്നിരിക്കെ  ഇങ്ങോട്ടുള്ള വിളികള്‍ക്ക്  ഇയര്‍ ഫോണ്‍ ഉപയോഗം നിരുത്സാഹപ്പെടുത്തുക.

ഇതു പോലെതന്നെ വിവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ്  മെസ്സേജുകള്‍ വന്നേക്കാം. വിശദമായി അറിയാതെ വ്യാജ സൈറ്റുകളില്‍ കയറി നമ്മുടെ വിലാസവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും നല്‍കുന്നത് അപകടമാണ്. പ്രധാനമന്ത്രിയുടെ പേരിലും മുഖ്യമന്ത്രിയുടെ പേരിലുമെല്ലാം കോവിഡ് ധനസഹായം നല്‍കാന്‍ എന്ന പേരില്‍ വ്യാജന്മാര്‍ വിലസുകയാണ്. അശ്രദ്ധമായി നമ്മുടെ കൈവിരലിലെ ഒരു നീക്കം മതി, ഇത് വരെയുള്ള നമ്മുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടാന്‍. ശ്രദ്ധ, ജാഗ്രത എന്നിവ എല്ലാ രംഗത്തും അനിവാര്യം.