വിദ്യാര്‍ഥികള്‍ അറിയാന്‍; രക്ഷിതാക്കളും

പി. അബ്ദുല്ലത്വീഫ്, പുളിക്കല്‍

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

ജീവിതം ഒരു യാത്രയാണ്, അവസാനിക്കാത്ത യാത്രയല്ല; ഒരുനാള്‍ അവസാനിക്കുന്ന യാത്ര. കുട്ടിക്കാലം തുടങ്ങി, അറിവ് നേടിവരുന്ന വിദ്യാഭ്യാസഘട്ടം കഴിഞ്ഞ്, ഉപജീവനത്തിനായി ഒരു ജോലിയിലേര്‍പ്പെട്ട്, വിശ്രമജീവിതത്തിനിടയില്‍ യാത്രപറയുന്നവരാണ് കൂടുതല്‍ പേരുമെങ്കില്‍, ചിലര്‍ അതിനു മുമ്പും യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകുന്നു. ചിന്തിക്കാന്‍ എമ്പാടും വകനല്‍കുന്ന ഒരത്ഭുത പ്രതിഭാസമാകുന്നു മരണം. അതോടൊപ്പം കടന്നുപോയ കാലങ്ങള്‍ വിലയിരുത്താന്‍ പ്രേരകവും.

കുട്ടിക്കാലമാണല്ലോ തുടക്കം. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടവും ഇതുതന്നെ. ഇത് അശ്രദ്ധമായോ അലക്ഷ്യമായോ നഷ്ടപ്പെടുത്തേണ്ട സന്ദര്‍ഭമല്ല. രക്ഷിതാക്കളും ഗുരുനാഥന്മാരും ഫലപ്രദമായി ഇടപെടേണ്ട കാലമാണിത്. ഉള്‍വിളികളും ചുറ്റുപാടുകളും സ്വഭാവരൂപീകരണത്തില്‍ സ്വാധീനിക്കുന്ന കാലം. അതിനാല്‍ കുട്ടികളുടെ ചിട്ടയായ ജീവിതക്രമത്തിന് തുടക്കം കുറിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും മാതൃകയാവുകയും വേണം. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് ഇത് എളുപ്പമാണ്.

ഏട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെത്തുമ്പോഴേക്കും ഭാവിയെ സംബന്ധിച്ച ഒരു ചിത്രവും രൂപപ്പെട്ടുവരേണ്ട സമയമായി. കഴിവ്, അഭിരുചി, താല്‍പര്യം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് ലക്ഷ്യം കണ്ടെത്തേണ്ടത്. ആശയവിനിമയവും ചര്‍ച്ചകളും സാധ്യതകളും ശരിയായരീതിയില്‍ വിശകലനം നടത്തി വേണം തീരുമാനത്തിലെത്താന്‍. കൃത്യമായ ലക്ഷ്യം പഠനത്തിലും പരീക്ഷകളിലും മികവുപുലര്‍ത്താന്‍ സഹായിക്കുന്നു.

ലക്ഷ്യം തിരഞ്ഞെടുക്കുമ്പോള്‍ തീരുമാനം പൂര്‍ണമായും കുട്ടികള്‍ക്ക് വിട്ടുകൊടുക്കാമോ? കഴിവും അഭിരുചിയും മാത്രമാണോ അവലംബമാക്കേണ്ടത്? ശരിയും തെറ്റുമായി എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ തെറ്റേത്? അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ? തെറ്റെന്നു പറയാനുള്ള മാനദണ്ഡമെന്താണ്?

ഇവിടെയാണ് ജീവിതത്തിന്റെ നശ്വരത ചിന്തയില്‍ കൊണ്ടുവരേണ്ടത്. അല്ലാഹു കനിഞ്ഞനുഗ്രഹിച്ച ഒരു ഹ്രസ്വകാല ജീവിതമാണ് നമുക്കുള്ളത്. അല്ലാഹു പ്രവാചകനി ﷺ ലൂടെ കാണിച്ചുതന്ന മാതൃകാ മുസ്‌ലിം ജീവിതം പഠിച്ചറിയുകയും പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. നന്മതിന്മകള്‍ സംബന്ധിച്ച തിരിച്ചറിവ് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതാണ്. തെറ്റില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഗൃഹാന്തരീക്ഷത്തില്‍നിന്നുതന്നെ പരിശീലനം ലഭിക്കേണ്ടതുണ്ട്.

വായനാശീലം വളര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ടിവിയിലും ഇന്റര്‍നെറ്റിലും വളരെയധികം സമയം ചെലവഴിക്കുന്നവര്‍ വായനാശീലം കയ്യൊഴിക്കുകയാണ്. വായനയിലൂെടയേ അറിവ് വര്‍ധിക്കൂ. അറിവ്, ഏര്‍പ്പെടുന്ന തൊഴിലില്‍ പ്രാവീണ്യം നേടാന്‍ ഉപകരിക്കുന്നു. അര്‍പ്പണബോധത്തോടെ ജോലിചെയ്യുന്നതിന് മനഃസംതൃപ്തി ആവശ്യമാണ്. രാഷ്ട്രത്തിന്റെ സമാധാനം വ്യക്തികളുടെ സംതൃപ്തിയിലാണ് നിലകൊള്ളുന്നത്.

സ്‌കൂള്‍ കാഘട്ടത്തിലാണ് അന്വേഷണാത്മകമായ അറിവ് സമ്പാദനം തുടങ്ങുന്നത്. രക്ഷിതാക്കള്‍ നേരിട്ട് ശ്രദ്ധിക്കുന്ന സമ്പ്രദായമാണ് അധികവും കാണാറുള്ളത്. ട്യൂഷ്യന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. ഗവേഷണാത്മകമായി തയ്യാറാക്കുന്ന പഠനസഹായികള്‍ ഉപയോഗിക്കുന്നവരുണ്ട്. വായനാശീലത്തോടെയുള്ള അന്വേഷണതൃഷ്ണ വിജയപാതയിലേക്കുള്ള വഴികാട്ടിയാണ്

ഹൈസ്‌കൂള്‍ തലത്തില്‍ അച്ചടക്കവും ചിട്ടയായ പഠനക്രമവും ദിശാബോധവും അനിവാര്യമാണ്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടത്. സ്‌കൂളധികൃതര്‍ക്കും അവരുടെതായ പങ്ക് നിര്‍വഹിക്കാനാകും.

 പുതിയ പാഠ്യക്രമത്തില്‍ നിരന്തരം മൂല്യനിര്‍ണയം നടക്കുന്നതുകൊണ്ടും അറിവിന്നും പ്രായോഗിക ജ്ഞാനത്തിനും ഊന്നല്‍ നല്‍കുന്നതുകൊണ്ടും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ സാധിക്കുന്നതിലൂടെ നേതൃപാടവവും സ്വഭാവസംസ്‌കരണവും സാധിതമാകുന്നു.

വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അത്ഭുതകരവും ആശ്ചര്യകരവുമാണ്. ശാസ്ത്ര, സാങ്കേതിക മേഖലകളിലെ വന്‍കുതിപ്പും രാജ്യാന്തര മത്സരം മുഖേന തുറക്കപ്പെടുന്ന സാമ്പത്തിക മുന്നേറ്റവും അമ്പരപ്പിക്കുന്നതാണ്. ഈ അവസരങ്ങള്‍ എങ്ങനെയാണ് നാം ഉപയോഗപ്പെടുത്തേണ്ടത്? ഇവിടെയാണ് പഠിതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ സ്‌കൂളധികൃതര്‍ തുടങ്ങിയവര്‍ നിര്‍വഹിക്കേണ്ട പങ്കിനെക്കുറിച്ച് ഓര്‍മിപ്പിക്കേണ്ടിവരുന്നത്.

അധ്യാപകര്‍ പരന്നവായനയിലൂടെ അറിവ് സ്വായത്തമാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താതെ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകള്‍ പരിമിത ഫലപ്രാപ്തിയേ ഉളവാക്കൂ. കത്തുന്ന വിളക്കിനേ മറ്റു വിളക്കുകള്‍ക്കും പ്രകാശം പകര്‍ന്നുനല്‍കാനാവൂ. ശരിയായ ആസൂത്രണത്തോടെയും തയ്യാറെടുപ്പോടെയുമായിരിക്കണം ക്ലാസ്സുകള്‍ കൈകാര്യം ചെയ്യേണ്ടത്. സമൂഹത്തിന്റെ മാറ്റം അധ്യാപകരിലൂടെയാണ് ഉണ്ടായിട്ടുള്ളത്. പ്രതിഭാശാലികളായ അധ്യാപകര്‍ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായി അംഗീകരിക്കപ്പെടുന്നതും അതുകൊണ്ടാണ്.

എസ്എസ്എല്‍സിക്കു ശേഷം ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി, പോളിടെക്‌നിക്, ഐടിഐ... ഇങ്ങനെ നിരവധി പഠനാവസരങ്ങളുണ്ട്. സിബിഎസ്ഇ സിലബസുകാര്‍ക്ക് സീനിയര്‍ സെക്കന്ററിയാണുള്ളത്. അറബി ഉള്‍പ്പെടെയുള്ള ഭാഷാപഠനവും തിരഞ്ഞെടുക്കാവുന്നതാണ്.

ഹയര്‍ സെക്കന്ററി: പ്രധാനമായും സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകള്‍ ഏകജാലക സമ്പ്രദായം വഴി അഡ്മിഷന്‍ വളരെ എളുപ്പവും സൗകര്യപ്രദവുമാക്കിയിട്ടുണ്ട്. ഏത് ഗ്രൂപ്പിന് ചേരണമെന്ന് ശരിയായി വിലയിരുത്തി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. സ്‌കൂളുകളുടെ സാമീപ്യം ഒരു ഘടകം തന്നെയാണ്. സയന്‍സ് വിഷയങ്ങളിലും കണക്കിലും പ്രാവീണ്യമുള്ളവര്‍ക്ക് സയന്‍സ് ഗ്രൂപ്പ് എടുക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളുടെ പ്രാധാന്യം കുറച്ചുകണ്ടു കൂടാ. കഠിനാധ്വാനം ചെയ്ത് പഠിക്കാന്‍ തയ്യാറുള്ളവര്‍ ഉയരങ്ങളിലെത്താന്‍ ഹയര്‍ സെക്കന്ററി പഠനം തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി: ഹയര്‍ സെക്കന്ററി പോലെ തന്നെ നിരവധി കോമ്പിനേഷനുകള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലുമുണ്ട്. അവയെയും സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളായി കാണാവുന്നതാണ്. തൊഴില്‍പരമായ പ്രാവീണ്യം നേടുന്നുവെന്ന വ്യത്യാസമുണ്ട്. അനിമല്‍ ഹസ്ബന്ററി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ജോലി സാധ്യതയുമുണ്ട്. സ്‌കൂളുകളുടെ സാമീപ്യം ഇവിടെയും ഒരു ഘടകമാണ്.

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റി (IHRD)ന് കീഴില്‍ NCERT സിലബസ് പ്രകാരം നടത്തുന്ന സ്ഥാപനമാണിത്. ഫിസിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് സയന്‍സ് എന്നി രണ്ട് ഗ്രൂപ്പുകളാണുള്ളത്. അതാത് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പോളിടെക്‌നിക്ക്: എസ്എസ്എല്‍സിക്കു ശേഷം തിരഞ്ഞെടുക്കാവുന്ന ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളാണിത്. ഉന്നത നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നല്‍കി നിര്‍മാണ/വ്യവസായ/ഗവേഷണ മേഖലകളിലേക്ക് മികച്ച വിദഗ്ധരെ പോളിടെക്‌നിക്കുകള്‍ രാജ്യത്തിന്ന് സംഭാവന ചെയ്യുന്നു.

യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ പരീക്ഷക്ക് കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ മൂന്ന് വിഷയങ്ങള്‍ക്ക് സി ഗ്രേഡും എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡും നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ചാന്‍സിനകം 10ാം ക്ലാസ് ജയിച്ചിരിക്കണം. 'ബെറ്റര്‍മെന്റ്,' 'സെ' പരീക്ഷകള്‍ മറ്റൊരു ചാന്‍സായി പരിഗണിക്കുകയില്ല. രണ്ടാം ചാന്‍സുകാരുടെ റാങ്കു കണക്കാക്കുന്നതില്‍ മൊത്തം ഗ്രേഡ് മൂല്യത്തില്‍ അഞ്ചു സ്‌കോര്‍ കുറവ് ചെയ്യും. സിബിഎസ്ഇ/ഐസിഎസ്ഇ സിലബസുകാരുടെ മാര്‍ക്ക് നോക്കി ഗ്രേഡ് നിര്‍ണയിക്കും.

അപേക്ഷ: ജില്ലയിലെ ഏത് സ്ഥാപനത്തില്‍ ചേരേണ്ടവരും അതാത് ജില്ലയിലെ നോഡല്‍ പോളിടെക്‌നിക്കിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏത് ജില്ലയിലും അപേക്ഷിക്കാം. ഒരാള്‍ക്ക് എത്ര ജില്ലയിലും വേണമെങ്കില്‍ അപേക്ഷിക്കാം. ഒരു പോളിടെക്‌നിക്കില്‍നിന്നും വാങ്ങുന്ന അപേക്ഷാ ഫോറം ഏത് ജില്ലയിലേക്കും അയക്കാം.

ഉപരിപഠനം, തൊഴില്‍: 50% മാര്‍ക്കോടെ പാസ്സാകുന്നവര്‍ക്ക് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതാനാകും. ഒന്നാം ക്ലാസ്സോടെ (പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്) എഞ്ചിനീയറിംഗ് ഡിപ്ലോമ നേടുന്നവര്‍ക്ക് രണ്ടാം വര്‍ഷ എഞ്ചിനീയറിങ് ഡിഗ്രി കോഴ്‌സിന് 'ലാറ്ററല്‍ എന്‍ട്രി' പരീക്ഷയിലൂടെ നേരിട്ട് ഡിപ്ലോമയുടെ അനുബന്ധവിഷയങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കും. വര്‍ഷം നഷ്ടപ്പെടാതെയും എന്‍ട്രന്‍സ് കോച്ചിംഗ് എന്ന പേരില്‍ രണ്ട് വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന അഭ്യാസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയും നല്ല ജോലി സാധ്യതയുള്ള ഡിപ്ലോമ പൂര്‍ത്തിയാക്കി തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മറ്റു സസ്ഥാനങ്ങളിലും ലാറ്ററല്‍ എന്‍ട്രി സംവിധാനം നിലവിലുണ്ട്. ഉയര്‍ന്ന മാര്‍ക്കോടെ ഡിപ്ലോമ നേടുന്നവര്‍ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റും ഉണ്ട്.

പോളി ടെക്‌നിക്കുകളിലെ കോഴ്‌സുകള്‍: സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ടെക്സ്റ്റയില്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്&കമ്യൂണിക്കേഷന്‍, പോളിമര്‍ ടെക്‌നോളജി, കെമിക്കല്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ടെക്‌നോളജി, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമേഴ്‌സിയല്‍ പ്രാക്ടീസ് തുടങ്ങിയവയാണ്.

ഐടിഐ: വ്യവസായ സ്ഥാപനങ്ങള്‍ക്കും മറ്റും ആവശ്യമായ തൊഴില്‍വിദഗ്ധരെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ്  ഐടിഐകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

യോഗ്യത: എസ്എസ്എല്‍സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്കും തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളുണ്ട്. ഒന്നുമുതല്‍ മൂന്നുവര്‍ഷംവരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളുണ്ട്. മെട്രിക് ട്രേഡുകളില്‍  എസ്എസ്എല്‍സി പാസ്സായവര്‍ക്കും നോണ്‍ മെട്രിക് ട്രേഡുകളില്‍ എസ് എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. കംപ്യൂട്ടര്‍, ഡിടിപി, സെക്രട്ടറിയല്‍ പ്രാക്ടീസ്, സ്‌റ്റെനോഗ്രാഫി ട്രേഡുകളില്‍ ചേരാന്‍ പ്ലസ്ടു  പാസ്സാകണം.

പ്രവേശനം: മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ പത്താം ക്ലാസ്സില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നിവക്കു ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരിശീലനം ആഗ്രഹിക്കുന്ന ഐടി ഐയിലെ പ്രിന്‍സിപ്പാൡനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

എന്‍സിവിടി നടത്തുന്ന പരീക്ഷ പാസ്സാകുന്നവര്‍ക്ക് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി അവസരങ്ങള്‍ ഇവര്‍ക്കുണ്ട്. പരിശീലനം പൂര്‍ത്തിയാക്കി സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് പരിചയവും വൈദഗ്ധ്യവും നേടിയും വിജയിക്കാനാകും. വിദേശത്തും അവസരങ്ങള്‍ നിരവധി. ടിഡിഎം, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍, ഡീസല്‍ മെക്കാനിക്, ഇലക്ട്രിഷ്യന്‍, സര്‍വയര്‍, മോള്‍ഡര്‍ കോഴ്‌സുകള്‍ക്ക് എന്നും വന്‍ ഡിമാന്റുതന്നെ.

പ്ലസ്ടുവിനു ശേഷം?

പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുക്കുന്നവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും മറ്റും എഞ്ചിനീയറിംഗ് /മെഡിസിന്‍ /അഗ്രികള്‍ച്ചര്‍ /ഫോറസ്ട്രി /ഫിഷറീസ് തുടങ്ങിയ പ്രഫഷണല്‍ കൊഴ്‌സുകളോ സയന്‍സ് വിഷയങ്ങളില്‍ പഠനമോ തിരഞ്ഞെടുക്കാവുന്നതാണ്. എന്‍ട്രന്‍സ് കോച്ചിംഗ് വന്‍ വ്യവസായമാണിന്ന്. സ്പീഡും കൃത്യതയുമാണ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാര്യമായി പരീക്ഷിക്കപ്പെടുന്നത്. കോഴ്‌സ്-കോളേജ് കോമ്പിനേഷനാണ് പ്രധാനം. എഞ്ചിനീയറിംഗിനും മെഡിസിനും മികച്ച സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ധാരാളം മലയാളികള്‍ പഠിക്കുന്നു. മംഗലാപുരം, ബംഗളൂരു, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ചെന്നൈ, നാഗര്‍കോവില്‍, ഹൈദരാബാദ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിരവധി മലയാളികള്‍ പഠിക്കുന്നുണ്ട്. ഫീസ് കൊടുത്താണെങ്കില്‍പോലും രക്ഷിതാക്കള്‍ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ താല്‍പര്യം കാണിക്കുന്നത് പഠന വിധേയമാക്കേണ്ടതാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പാലിക്കേണ്ട ആരോഗ്യകരമായ അകലം നിലനിര്‍ത്തുന്നതും യഥാസമയങ്ങളില്‍ പരീക്ഷ നടത്തുന്നതും കണക്കിലെടുേക്കണ്ട ഘടകങ്ങളാണ്.

ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകള്‍: ഇക്കണോമിക്‌സ്/ഹിസ്റ്ററി/സോഷ്യോളജി / പൊളിറ്റിക്കല്‍ സയന്‍സ്/കൊമേഴ്‌സ് /സ്റ്റാറ്റിറ്റിക്‌സ് തുടങ്ങി നിരവധി കോമ്പിനേഷനുകളാണുള്ളത്. തുടര്‍ന്നു ബിഎ, ബിബിഎ, ബികോം കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പഠിക്കാനും സാധിക്കുന്നു. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് എംഎ, എംകോം, എംഎസ്ഡബ്ലിയു തുടങ്ങിയ കോഴ്‌സുകളില്‍ ചേരാം. 55% മാര്‍ക്കുകിട്ടി, നെറ്റ് പാസ്സായാല്‍ കോളേജ് /യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായി. വിശാല രാജ്യമാണ് നമ്മുടേത്. അവസരങ്ങളും നിരവധി.

ടിടിസി: പ്ലസ്ടുവിന് 50% മാര്‍ക്കുള്ളവര്‍ക്ക് പ്രൈമറി അധ്യാപകരാകാന്‍ ടിടിസിക്ക് ചേരാവുന്നതാണ്. സ്വാശ്രയ ട്രെയ്‌നിംഗ് സ്‌കൂളുകളില്‍ 45% മാര്‍ക്ക് മതി. അതാത് ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ബിഎഡ്, എംഎഡ്: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാന്‍ ബിഎഡ് വേണം. ഡിഗ്രിക്ക് 45  ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ സെലക്ഷന്‍. തുടര്‍ന്ന് എംഎഡിനും പഠിക്കാവുന്നതാണ്.

എംസിഎ: പ്ലസ്ടുവിന് കണക്ക് ഒരു വിഷയമായി പഠിച്ച് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാകമ്മീഷണര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. സാങ്കേതിക മേഖലകളില്‍ ഒട്ടേറെ അവസരങ്ങള്‍ എംസിഎ ബിരുദധാരികളെ കാത്തിരിക്കുന്നു.

മാനേജ്‌മെന്റ് പഠനം: ഉന്നത മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ഐഐഎംകളില്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് വഴി വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. പരീക്ഷ കടുകട്ടിയാണ്. പുറമെ ഓണ്‍ലൈനിലും. ലോകോത്തര നിലവാരമുള്ള മാനേജ്‌മെന്റ് പ്രതിഭകളെ കോഴിക്കോട് ഉള്‍പ്പെടെയുള്ള ഐഐഎം(കെ)കേന്ദ്രങ്ങളില്‍നിന്നും വാര്‍ത്തെടുക്കുന്നു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. എംബിഎയും നല്ല ഡിമാന്‍ഡുള്ള കോഴ്‌സാണ്. പ്രസ്തുത കോഴ്‌സുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി ഉണ്ട്. യോഗ്യത ബിരുദം തന്നെ.

കമ്പനി സെക്രട്ടറി: ഫൗണ്ടേഷന്‍ പ്രോഗ്രാം, പ്രഫഷണല്‍ പ്രോഗ്രാം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഫൗണ്ടേഷന്‍ പ്രോഗ്രാമിന് ചേരാം. ബിരുദധാരികള്‍ക്ക് നേരിട്ട് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന് ചേരാനാകും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ ആണ് കോഴ്‌സ് നടത്തുന്നത്.

ഭാഷാപഠനം: അറബിഭാഷ പഠനം വന്‍ സാധ്യതയുള്ളതാണ്. മലയാളം/ ഹിന്ദി പഠനം, നിയമ പഠനം ജേര്‍ണലിസം, നഴ്‌സിംഗ്, ലൈബ്രറി സയന്‍സ്, പാരാമെഡിക്കല്‍ തുടങ്ങി നിരവധി പഠന മേഖലകള്‍ വേറെയുമുണ്ട്. വിദേശത്തും ധാരാളം പേര്‍ ഉന്നത പഠനത്തിനായി പോകുന്നുണ്ട്. ഭാഷാപത്രങ്ങള്‍ ഓരോ വര്‍ഷവും ഉപരിപഠന ഡയറക്ടറികള്‍ പുറത്തിറക്കാറുണ്ട്. ഓരോ പ്രതി വാങ്ങി സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് പരിശോധനക്ക് നല്‍കുന്നത് വളരെ ഫലപ്രദമാണ്. ഉപരിപഠനം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അവയില്‍ ലഭ്യമാണ്.

സര്‍ക്കാര്‍ സര്‍വീസ്: മത്സര പരീക്ഷയും അതില്‍ ജയിക്കുന്നവരെ ഇന്റര്‍വ്യൂവും നടത്തിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഉദേ്യാഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. യോഗ്യതക്ക് പുറമെ പൊതു വിജ്ഞാനം, ഇംഗ്ലീഷ് ഭാഷയിലെ മികവ്, ജനറല്‍ ഇന്റലിജെന്റ്‌സ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയിലെ മികവാണ്  മാനദണ്ഡം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകാറുണ്ട്.  

മിഥ്യാധാരണകളും അപകര്‍ഷതാബോധവും ഒഴിവാക്കി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ ഏറെയാണ്.

നം ഉണരണം. അറിവും കഴിവും വര്‍ധിപ്പിക്കണം. സത്യസന്ധത, ഉത്തരവാദിത്തബോധം, അര്‍പ്പണ ബോധം എന്നിവ മുഖമുദ്രയായി സ്വീകരിക്കണം. സ്രഷ്ടാവിനെ ധരാളം ഓര്‍ക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യണം. തുടര്‍ന്ന് എല്ലാം എളുപ്പമായി ഭവിക്കുന്നത് കാണാം. അല്ലാഹുവിനെ കുറിച്ചുള്ള അറിവാണ് യഥാര്‍ഥ അറിവ്. ആ അറിവാകട്ടെ സമാധാനദായകവും.