ഹുദയ്ബിയ കരാറിന്റെ പ്രസക്തി

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

(മുഹമ്മദ് നബി ﷺ : 52)

അല്ലാഹുവിന്റെ നാമംകൊണ്ട് എഴുതിത്തുടങ്ങാന്‍ നബി ﷺ അലി(റ)യോട് കല്‍പിച്ചു. അത് സുഹയ്‌ലിന് പിടിച്ചില്ല. അദ്ദേഹം അത് എതിര്‍ത്തു. 'ബിസ്മില്ലാഹ്' എന്നതിന്റെ കൂടെ 'അര്‍റ്വഹ്മാനിര്‍റ്വഹീം' എന്ന് ചേര്‍ക്കുവാന്‍ തയ്യാറായില്ല. ആയിരത്തിലധികം വരുന്ന സ്വഹാബിമാര്‍ ഈ രംഗത്തിന് സാക്ഷികളാണ്. 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം എന്ന് തന്നെ ഞങ്ങള്‍ എഴുതും എന്നായി അവര്‍.

പരസ്പരം തര്‍ക്കമായി. കരാര്‍ തെറ്റിപ്പിരിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഉടനെ നബി ﷺ അലി(റ)യോട് 'ബിസ്മികല്ലാഹുമ്മ' (അല്ലാഹുവേ, നിന്റെ നാമത്തില്‍) എന്ന് എഴുതിക്കൊള്ളുക എന്ന് പറഞ്ഞു. അതിന്റെ പേരില്‍ ഒരു പ്രശ്‌നം നടക്കരുത്. കരാര്‍ മുടങ്ങരുത് എന്നതായിരുന്നു നബിയുടെ വലിയ ആഗ്രഹം.

'അല്ലാഹുവിന്റെ റസൂലായ മുഹമ്മദ്' എന്ന പ്രയോഗവും മുശ്‌രിക്കുകള്‍ക്ക് അസ്വീകാര്യമായിരുന്നു. 'താങ്കള്‍ അല്ലാഹുവിന്റെ റസൂലാണ് എന്ന് ഞങ്ങള്‍ക്ക് അറിയാമെങ്കില്‍ താങ്കളെ ഞങ്ങള്‍ പിന്തുടരുമല്ലോ. അത് ഞങ്ങള്‍ക്ക് അറിയുമെങ്കില്‍ താങ്കളെ ഞങ്ങള്‍ കഅ്ബയെ തൊട്ട് എന്തിന് തടുക്കണം? എന്തിന് താങ്കളോട് യുദ്ധം ചെയ്യണം? അതിനാല്‍ താങ്കളുടെ പിതാവിലേക്ക് ചേര്‍ത്ത് മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ് എന്ന് എഴുതിക്കൊള്ളുക' എന്നായി സുഹയ്ല്‍. 'എന്നാല്‍ ഞാന്‍ കരാറിന് ഉണ്ടായിരിക്കുന്നതാണ്. മറിച്ചാണെങ്കില്‍ ഈ കരാറിന് ഞാനില്ല'-സുഹയ്ല്‍ പിടിവാശി കാണിച്ചു.

ഇതും സുഹയ്‌ലിന് അനുവദിച്ച് കൊടുക്കരുത് എന്ന് മുസ്‌ലിംകള്‍ നബി ﷺ യോട് ആവശ്യപ്പെടുന്നു. 'അവര്‍ എന്നെ കളവാക്കിയാലും ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ തന്നെയല്ലയോ' എന്ന ചോദ്യത്തിനു മുന്നില്‍ അവര്‍ അടങ്ങി. അങ്ങനെ 'മുഹമ്മദ് ഇബ്‌നു അബ്ദുല്ലാഹ്' എന്ന് എഴുതുവാന്‍ അനുവദിച്ചു.

മുസ്‌ലിംകള്‍ക്കും കഅ്ബക്കും ഇടയിലുള്ള വിലക്കുകള്‍ നീക്കി അതിനെ ത്വവാഫ് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് സമ്മതം നല്‍കണം എന്നതാണ് അടുത്തതായി നബി ﷺ അലി(റ)യോട് എഴുതാനായി കല്‍പിക്കുന്നത്. അതും സുഹയ്ല്‍ സമ്മതിച്ചില്ല. സുഹയ്ല്‍ പറഞ്ഞു: 'ഈ പ്രാവശ്യം നിങ്ങള്‍ കഅ്ബയിലേക്ക് പ്രവേശിച്ചാല്‍ മുഹമ്മദും കൂട്ടരും കഅ്ബ പെെട്ടന്നുതന്നെ പിടിച്ചെടുത്തു എന്നും മക്കക്കാര്‍ മുഹമ്മദിന് വഴങ്ങി എന്നും അറബികള്‍ സംസാരിക്കും. അത് ഞങ്ങള്‍ക്ക് അപമാനമാണ്. അതിനാല്‍ ഈ വര്‍ഷം അത് വേണ്ട. അടുത്ത വര്‍ഷം വന്ന് നിങ്ങള്‍ കഅ്ബ ത്വവാഫ് ചെയ്തുകൊള്ളുക.' ഇത് കേട്ടപ്പോള്‍ മുസ്‌ലിംകള്‍ക്ക് വിഷമമായി. അവര്‍ സമ്മതിച്ചില്ല. ഈ തവണ തന്നെ ഉംറ നിര്‍വഹിക്കാന്‍ അവര്‍ നബി ﷺ യോട് പറഞ്ഞു. എന്നാല്‍ സുഹയ്ല്‍ പറഞ്ഞത് പോലെ അടുത്ത വര്‍ഷം വന്ന് ഉംറ ചെയ്യുക എന്നത് കരാറായി എഴുതാന്‍ അലി(റ)യോട് നബി ﷺ കല്‍പിച്ചു. അദ്ദേഹം അത് എഴുതി.

അടുത്ത കരാര്‍ എഴുതാന്‍ പറഞ്ഞത് സുഹയ്‌ലായിരുന്നു. മക്കയില്‍നിന്ന് മുസ്‌ലിമായി നബി ﷺ യുടെ അടുത്തേക്ക് അഭയംതേടി വന്നാല്‍ അവരെ സ്വീകരിക്കാന്‍ പാടില്ലെന്നും മക്കയിലേക്ക് തന്നെ അയാളെ തിരിച്ചു വിടണമെന്നും എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് വല്ലവരും മക്കയിലേക്ക് വന്നാല്‍ അവരെ തിരിച്ചു തരികയുമില്ല എന്നുമായിരുന്നു സുഹയ്ല്‍ പറഞ്ഞ കരാര്‍. മുസ്‌ലിംകള്‍ ഇത് കേട്ടപ്പോള്‍ അമ്പരന്നു. അവര്‍ അതിനെ ചോദ്യം ചെയ്തു: 'ഇത് എന്ത് കരാറാണ്? മുസ്‌ലിമായി ഒരാള്‍ വന്നാല്‍ ഞങ്ങള്‍ അയാളെ സ്വീകരിക്കാന്‍ പാടില്ലെന്നോ? അയാളെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണമെന്നോ? സമ്മതിക്കില്ല. തികച്ചും ഏകപക്ഷീയമായ കരാറല്ലേ ഇത്? അല്ലാഹുവിന്റെ റസൂലേ, ഈ കരാറും നാം അംഗീകരിക്കുകയാണോ?'

നബി ﷺ പറഞ്ഞു: 'അതെ. കാരണം, നമ്മില്‍നിന്ന് അവരിലേക്ക് വല്ലവനും പോയാല്‍ അല്ലാഹു അവനെ അകറ്റുന്നതാണ്. എന്നാല്‍ അവരില്‍നിന്ന് വല്ലവനും നമ്മുടെ അടുത്തേക്ക് വന്നാല്‍ അല്ലാഹു അവന് ഒരു പോംവഴിയും തുറവിയും നല്‍കുന്നതാണ്.'

 ഇത് കേട്ടപ്പോള്‍ സ്വഹാബത്തിന് ആശ്വാസമായി. അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് ആ കരാറും നബി ﷺ അംഗീകരിച്ചു. എഴുത്ത് കഴിയും മുമ്പ് അബൂജന്ദല്‍(റ) അവിടേക്ക് പ്രവേശിക്കുന്നു. അദ്ദേഹം ശത്രുക്കളുടെ അടുക്കല്‍ ആമം വെക്കപ്പെട്ടിട്ടുണ്ടായിരുന്നു.

നബി ﷺ യുടെ കൂടെ ശത്രുഭാഗത്ത് നിന്നും കരാര്‍ എഴുതിക്കൊണ്ടിരിക്കുന്ന സുഹയ്‌ലിന്റെ മകനാണ് അബൂ ജന്ദല്‍(റ). മക്കയില്‍വെച്ച് ഇസ്‌ലാം സ്വീകരിച്ച്, അതിന്റെ കാരണത്താല്‍ പിതാവ് ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ തല്ലും കുത്തും ചവിട്ടും എല്ലാം ഏറ്റുവാങ്ങി, മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സമ്മതിക്കാതെ, ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് തടവിലാക്കപ്പെട്ട ആളായിരുന്നു അബൂജന്ദല്‍(റ). എങ്ങനെയോ ചങ്ങല പൊട്ടിച്ച് ശത്രുക്കളുടെ കണ്ണില്‍ പെടാതെ, ശത്രുക്കളുമായി നബി ﷺ കരാര്‍ എഴുതുന്ന ഹുദയ്ബിയയിലേക്ക് വേച്ചുവേച്ച് അദ്ദേഹം എത്തിയിരിക്കുകയാണ്. അബൂ ജന്ദല്‍(റ) മുസ്‌ലിംകള്‍ക്കിടയില്‍ വന്ന് വീഴുകയായിരുന്നു.

മകനെ കണ്ടമാത്രയില്‍ പിതാവ് സുഹയ്ല്‍ മുഖത്ത് ശക്തമായി അടിച്ചു. എന്നിട്ട് സുഹയ്ല്‍ നബി ﷺ യോട് പറഞ്ഞു: 'ഇതാ, ഇത് എന്റെ മകനാണ്. ആദ്യത്തെ ഈ കരാര്‍ അവന്റെ മേലാണ്. അവനെ എന്നിലേക്ക് മടക്കിത്തരണം. നമ്മുടെ തീരുമാനത്തിലെ ഒന്നാമത്തേത് നടപ്പിലാക്കേണ്ട സന്ദര്‍ഭമാണിത്. അതിനാല്‍ വേഗം നടപ്പിലാക്കണം.' അപ്പോള്‍ നബി ﷺ സുഹയ്‌ലിനോട് പറഞ്ഞു: 'സുഹയ് ലേ, നാം കരാര്‍ എഴുതിത്തുടങ്ങിയിട്ടല്ലേ ഉള്ളൂ; തീര്‍ന്നിട്ടില്ലല്ലോ.' ഇത് കേട്ടപ്പോള്‍ സുഹയ്ല്‍ കോപാകുലനായി. ഇങ്ങനെയെങ്കില്‍ ഞാന്‍ കരാറുമായി മുന്നോട്ടില്ലെന്ന് പറഞ്ഞു. അങ്ങനെ സുഹയ്ല്‍ കരാര്‍ എഴുത്ത് നിര്‍ത്തി അവിടെ നിന്നും പോകാന്‍ തയ്യാറെടുത്തു. അബൂജന്ദലിന്റെ കാര്യത്തില്‍ മാത്രം ഒരു ഇളവ് അനുവദിച്ചു കൂടേ എന്ന് നബി ﷺ സുഹയ്‌ലിനോട് ചോദിച്ചു. ഒരിക്കലും സമ്മതിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവസാനം സുഹയ്‌ലിന്റെ വാശി ജയിച്ചു. അബൂജന്ദലി(റ)നെ തിരിച്ചയച്ചു.

വീണ്ടും എന്നെ മുശ്‌രിക്കുകളുടെ കൈകളിലേക്ക് ഏല്‍പിക്കുകയാണോ എന്ന് അബൂജന്ദല്‍ വിലപിച്ചു. ദേഹമാസകലമുള്ള ക്രൂരമായ പീഡനത്തിന്റെ പാടുകളും മുറിവുകളും അദ്ദേഹം മുസ്‌ലിംകള്‍ക്ക് കാണിച്ചുകൊടുത്തു. ആ സമയത്ത് നബി ﷺ അദ്ദേഹത്തെ സമാധാനിപ്പിച്ചു: 'അബൂജന്ദല്‍! ക്ഷമിച്ചേക്കുക, പ്രതിഫലം ആഗ്രഹിച്ചേക്കുക. തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് ഒരു തുറവിയും പോംവഴിയും ഉണ്ടാക്കിത്തരുന്നവനാണ്. നിനക്കും നിന്നെ പോലെ മക്കയില്‍ ശത്രുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ പേര്‍ക്കും അല്ലാഹു ഒരു വഴി കാണിക്കുന്നതാണ്.'

അബൂജന്ദല്‍(റ) തേങ്ങിക്കരഞ്ഞ് അവിടെനിന്നും മടങ്ങിപ്പോകുന്ന രംഗം കണ്ടപ്പോള്‍ ഉമര്‍(റ) നബി ﷺ യെ സമീപിച്ചു. എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇങ്ങനെ വിട്ടുവീഴ്ച നല്‍കണം എന്നും ഉംറ ചെയ്യാന്‍ അടുത്തവര്‍ഷം വരെ എന്തിന് കാത്തിരിക്കണമെന്നും അദ്ദേഹം ചോദിച്ചു.  

തുടര്‍ന്ന് ഉമര്‍(റ) അബൂബക്‌റി(റ)ന്റെ അടുത്ത് ചെന്ന് നബി ﷺ യോട് ചോദിച്ചത് അദ്ദേഹത്തോടും ആവര്‍ത്തിച്ചു. നബി ﷺ മറുപടി നല്‍കിയത് പോലെ അബൂബക്‌റും മറുപടി നല്‍കി. അല്ലാഹുവിന്റെ റസൂല്‍ ﷺ എടുത്ത ഒരു തീരുമാനത്തെ പറ്റി ചോദ്യം ചെയ്തതില്‍ ഉമറി(റ)ന് വലിയ ദുഃഖമായി. അത് അദ്ദേഹത്തിന്റെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. അതിന് പ്രായശ്ചിത്തമെന്നോണം അദ്ദേഹം കുറെ നോമ്പനുഷ്ഠിക്കുകയും ദാനധര്‍മങ്ങള്‍ ചെയ്യുകയും അടിമകളെ മോചിപ്പിക്കുകയും ചെയ്തു.  

രേഖകള്‍ എഴുതി പരസ്പരം കൈമാറി. തുടര്‍ന്ന് നബി ﷺ സ്വഹാബിമാരോട് എഴുന്നേറ്റ് ബലിയറുക്കുവാനും തല മുണ്ഡനം ചെയ്യുവാനും കല്‍പിച്ചു. ഇഹ്‌റാമിലാണല്ലോ എല്ലാവരും. അതില്‍നിന്ന് ഒഴിവാകണമെങ്കില്‍ തല മുണ്ഡനം ചെയ്യണം. എന്നാല്‍ ആരും എഴുന്നേല്‍ക്കുന്നില്ല. ദുഃഖഭാരത്താല്‍ അവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ആ രൂപത്തിലാണ് അബൂജന്ദലി(റ)നെ മക്കയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. നബി ﷺ മൂന്ന് തവണ ആവര്‍ത്തിച്ചു. നബി ﷺ ക്ക് വിഷമമായി. അനുചരന്മാര്‍ വിഷമത്താല്‍ ഒന്നും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്. അത് അനുസരണക്കേടായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ നബി ﷺ പത്‌നി ഉമ്മു സലമ(റ)യുടെ അടുത്ത് ചെന്ന് വിഷമം പറഞ്ഞു.  അപ്പോള്‍ ഉമ്മു സലമ(റ) നബി ﷺ ക്ക് ഒരു തന്ത്രം പറഞ്ഞുകൊടുത്തു: 'അങ്ങ് ആദ്യം എഴുന്നേല്‍ക്കുക. ഒരാളോടും ഒന്നും പറയാതെ നിങ്ങള്‍ നിങ്ങളുടെ ബലിമൃഗത്തെ അറുക്കുക. അതുപോലെ അങ്ങയുടെ ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയുടെ മുടി നീക്കുകയും ചെയ്യട്ടെ.' നബി ﷺ അതുപ്രകാരം ചെയ്തു. അതോടെ എല്ലാവരും എഴുന്നേറ്റു. അറവ് നടത്തി. പരസ്പരം തല മുണ്ഡനം ചെയ്തു.

മുടി നന്നായി നീക്കിയവര്‍ക്കായി നബി ﷺ മൂന്ന് തവണയും വെട്ടി ചെറുതാക്കിയവര്‍ക്ക് ഒരു തവണയും അവിടെവെച്ച് പ്രാര്‍ഥിക്കുകയും ചെയ്തു. ഇഹ്‌റാമില്‍നിന്ന് ഒഴിവാകുമ്പോള്‍ തല മുണ്ഡനം ചെയ്യലാണ് കൂടുതല്‍ പ്രതിഫലാര്‍ഹം എന്ന് ഇതിലൂടെ നബി ﷺ സ്വഹാബിമാരെ പഠിപ്പിക്കുകയും ചെയ്തു.

പത്തു കൊല്ലം ഇനി പരസ്പരം യുദ്ധം പാടില്ല എന്നതായിരുന്നു അതിലെ രണ്ടാമത്തെ കരാര്‍. എല്ലാവരും നിര്‍ഭയരായി കഴിയണം. ആരും ആരെയും ആക്രമിക്കുവാന്‍ പാടില്ല. മോഷണമില്ല, വഞ്ചനയില്ല... എല്ലാവരും അവരുടെ മതം പ്രബോധനം നടത്തട്ടെ. ആരും ആരെയും ബുദ്ധിമുട്ടിക്കരുത്. കച്ചവടത്തിന് അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കുമെല്ലാം ആകാം. മാത്രമല്ല, നബി ﷺ യുടെ സംഘത്തിലുള്ളവര്‍ക്ക് ക്വുറയ്ശികളിലും ക്വുറയ്ശികളില്‍ ഉള്ളവര്‍ക്ക് നബി ﷺ യുടെ സംഘത്തിലും ചേരാം. അതിന്റെ അടിസ്ഥാനത്തില്‍ പല അറബി ഗോത്രങ്ങളും നബി ﷺ യുടെ സംഘവുമായി സഖ്യത്തിലായി. വേറെ ചില ഗോത്രങ്ങള്‍ ക്വുറയ്ശികളുടെ കൂടെയും സഖ്യങ്ങളായി ചേര്‍ന്നു. ഈ വര്‍ഷം ഇവിടെനിന്ന് മടങ്ങി പ്പോകുകയും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കുകയും ചെയ്യാം. അന്ന് മൂന്ന് ദിവസം മക്കയില്‍ തങ്ങുകയും ചെയ്യാം. അത് കഴിഞ്ഞ് തിരിച്ചുപോകുകയും വേണം. ഉംറക്ക് വരുമ്പോള്‍ കൈയില്‍ ഉറയിലുള്ള വാളല്ലാതെ മറ്റു യുദ്ധോപകരണങ്ങള്‍ ഒന്നും ഉണ്ടാകരുത് എന്നും നിര്‍ദേശിച്ചിരുന്നു. എല്ലാം നബി ﷺ സമ്മതിച്ചു. പത്തൊമ്പത് ദിവസമോ അല്ലെങ്കില്‍ ഇരുപത് ദിവസമോ അവിടെ തങ്ങിയതിന് ശേഷം നബി ﷺ യും സ്വഹാബിമാരും മദീനയിലേക്ക് മടങ്ങാന്‍ ഒരുങ്ങി.

ചില ഹുദയ്ബിയാ വിശേഷങ്ങള്‍

ഹുദയ്ബിയ സന്ധിയുടെ ബാഹ്യവശം നോക്കുന്നവര്‍ക്ക് മുസ്‌ലിംകള്‍ ശത്രുക്കളുടെ മുമ്പില്‍ എല്ലാം അടിയറ വെച്ച് ഭീരുക്കളായി മാറിയ അവസ്ഥയാണ് തോന്നുക. എന്നാല്‍ അല്ലാഹുവിന്റെ പ്രത്യേകമായ കാവലുള്ള പ്രവാചകന്‍ ﷺ ആണല്ലോ ആ കരാറുകള്‍ എഴുതാന്‍ നിര്‍ദേശിച്ചത്. അതിനാല്‍തന്നെ ഹുദയ്ബിയ സന്ധിയുടെ പര്യവസാനം മറ്റൊരു നിലയ്ക്കായിരുന്നു. അഥവാ, ഈ കരാറുകളിലൂടെ മുസ്‌ലിം ലോകത്തിന് വലിയ വിജയമാണ് അല്ലാഹു സമ്മാനിച്ചത്.

ഹുദയ്ബിയയില്‍നിന്നുള്ള മടക്കയാത്രയില്‍ അല്ലാഹു നബി ﷺ ക്ക് ഒരു അധ്യായം ഇറക്കിക്കൊടുത്തു. ആ അധ്യായമാണ് സൂറതുല്‍ ഫത്ഹ്.

''തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു. നിന്റെ പാപത്തില്‍നിന്ന്മുമ്പ് കഴിഞ്ഞുപോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിനു വേണ്ടിയും അവന്റെ അനുഗ്രഹം നിനക്ക് നിറവേറ്റിത്തരുന്നതിനു വേണ്ടിയും നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക് നല്‍കാന്‍ വേണ്ടിയും'' (48:1-3).

ഈ സൂക്തങ്ങള്‍ ഇറക്കപ്പെട്ട സമയത്ത് അല്ലാഹുവിന്റെ റസൂല്‍ ﷺ സ്വഹാബിമാരോട് പറഞ്ഞു: 'ഈ രാത്രിയില്‍ എനിക്ക് ഒരു സൂറത്ത് ഇറക്കപ്പെട്ടിരിക്കുന്നു. സൂര്യന്‍ ഉദിച്ചിട്ടുള്ള ദിവസങ്ങളില്‍ എനിക്ക് ഏറെ പ്രിയങ്കരമായതാകുന്നു അത്' (ബുഖാരി).

ഈ സൂറത്ത് ഇറക്കപ്പെട്ടതില്‍ നബി ﷺ ക്ക് ഏറെ സന്തോഷം ഉണ്ടായി. കാരണം, ഈ സൂറത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നത് 'നബിയേ, അങ്ങേക്ക് നാം പ്രത്യക്ഷമായ ഒരു വിജയം തന്നിരിക്കുന്നു' എന്നാണ്. ശത്രുക്കളുടെ മുമ്പില്‍ പരാജിതരായി എല്ലാം നാം അടിയറവെച്ച് പോയോ, നാം ഭീരുക്കളായോ, നാം സത്യത്തിന്റെ കക്ഷികളും അവര്‍ അസത്യത്തിന്റെ കക്ഷികളും ആയിട്ട് പോലും മക്കയിലേക്ക് പ്രവേശിക്കുവാന്‍ പോലും പറ്റാതെ പരാജിതരായോ തുടങ്ങിയ ചിന്തകളായിരുന്നു സ്വഹാബിമാരുടെ മനസ്സില്‍ ഈ സന്ധിയെ പറ്റി ഉണ്ടായിരുന്നത്. ഈ രൂപത്തിലുള്ള വിഷമത്താല്‍ കഴിയുന്ന സ്വഹാബിമാര്‍ക്ക് നബി ﷺ ഈ വചനങ്ങള്‍ ഓതിക്കേള്‍പിക്കുകയാണ്.

ഈ ആയത്തിനെ പറ്റി അനസ്(റ) വിവരിക്കുന്നത് ഇപ്രകാരമാണ്: 'അങ്ങേക്ക് നാം പ്രത്യക്ഷമായ ഒരു വിജയം തന്നിരിക്കുന്നു.' (അത്) ഹുദയ്ബിയ ആകുന്നു. നബി ﷺ യുടെ അനുചരന്മാര്‍ പറഞ്ഞു: 'സന്തോഷം, സന്തോഷം, ഞങ്ങള്‍ക്ക് എന്താണ് ഉള്ളത്?' അപ്പോള്‍ അല്ലാഹു (ഈ ക്വുര്‍ആന്‍ സൂക്തം) ഇറക്കി: 'താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തില്‍ സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും പ്രവേശിപ്പിക്കുന്നതിന് വേണ്ടി' (അല്‍ഫത്ഹ് 5). (ബുഖാരി)

സത്യവിശ്വാസികള്‍ക്ക് എന്തിന് വേണ്ടിയാണ് അല്ലാഹു ഈ വിജയം നല്‍കിയത്? ചെയ്തുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ നബി ﷺ ക്ക് അല്ലാഹു പൊറുത്തുനല്‍കുന്നതിന് വേണ്ടിയും, അല്ലാഹുവിന്റെ അനുഗ്രഹം അവിടുത്തേക്ക് പരിപൂര്‍ണമാക്കുന്നതിനും, ചൊവ്വായ മാര്‍ഗത്തില്‍ അവിടുത്തെ നയിക്കുന്നതിന് വേണ്ടിയും, അന്തസ്സുറ്റ ഒരു സഹായം അല്ലാഹു അവിടുത്തേക്ക് നല്‍കുന്നതിന് വേണ്ടിയുമാകുന്നു. അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന നാല് കാര്യങ്ങള്‍ ഇവിടെ എണ്ണിപ്പറഞ്ഞിരിക്കുകയാണല്ലോ. ഇത് അവര്‍ കേട്ടപ്പോള്‍ അവര്‍ക്ക് ആശ്വാസവും ആനന്ദവുമായി. കാരണം, അല്ലാഹു ഇതിനെ സംബന്ധിച്ച് പ്രത്യക്ഷമായ വിജയം എന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാല്‍ സ്വഹാബിമാര്‍ക്ക് അത് വലിയ സന്തോഷമായി. അല്ലാഹുവിന്റെ റസൂലി ﷺ നുള്ള നാല് കാര്യങ്ങളാണല്ലോ ആദ്യ വചനങ്ങളില്‍ അല്ലാഹു സൂചിപ്പിക്കുന്നത്. അതിനാല്‍ സ്വഹാബിമാര്‍ നബി ﷺ യോട് ചോദിച്ചു: 'ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു എന്താണ് പറഞ്ഞിരിക്കുന്നത്?' അപ്പോള്‍ 'സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയും അവരുടെ തെറ്റുകള്‍ അല്ലാഹു മായ്ക്കുന്നതിന് വേണ്ടിയും ആകുന്നു' എന്ന ഭാഗം അല്ലാഹു ഇറക്കി.

നബി ﷺ യുടെ മഹത്ത്വം വിവരിക്കപ്പെട്ടിട്ടുള്ള ഒരു അധ്യായമാണ് ഇത്. പ്രവാചക ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തെ പറ്റി ഉണര്‍ത്തുന്ന അധ്യായം. ഹുദയ്ബിയ സന്ധി മുഖേന വലിയ വിജയം തന്നെയാണ് മുസ്‌ലിംകള്‍ക്ക് ലഭിച്ചത് എന്നത് ചരിത്രം വെളിപ്പെടുത്തിയിട്ടുള്ള ഒരു യാഥാര്‍ഥ്യം തന്നെയാണ്.