ദാരുണമായ ചില സംഭവങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

(മുഹമ്മദ് നബി ﷺ : 43)

ഉഹ്ദ് യുദ്ധത്തിന് ശേഷം പ്രവാചക ജീവിതത്തില്‍ ഉണ്ടായ പ്രസിദ്ധമായ മറ്റൊരു സംഭവമായിരുന്നു ഖന്തക്വ് യുദ്ധം. എന്നാല്‍ ഉഹ്ദ് യുദ്ധത്തിന്റെയും ഖന്തക്വ് യുദ്ധത്തിന്റെയും ഇടയില്‍ വിഷമകരമായ പല സാഹചര്യങ്ങളെയും മുസ്‌ലിംകള്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട രണ്ട് ദാരുണ സംഭവങ്ങളായിരുന്നു റജീഅ്, ബിഅ്‌റു മഊന എന്നീ സ്ഥലങ്ങളില്‍വെച്ച് ഉണ്ടായത്. ഈ രണ്ട് സംഭവങ്ങളും അങ്ങേയറ്റം സങ്കടകരവും ഖേദകരവുമായ സംഭവങ്ങളായിരുന്നു. പ്രവാചകനോടുള്ള ശത്രുക്കളുടെ വിശ്വാസവഞ്ചനയുടെയും കരാര്‍ലംഘനത്തിന്റെയും വ്യക്തമായ ഉദാഹരണങ്ങളുമായിരുന്നു ഇവ.

റജീഅ് സംഭവം

റസൂല്‍ ﷺ പത്തോളം വരുന്ന ഒരു സംഘത്തെ ഒരിടത്തേക്ക് അയക്കുകയുണ്ടായി. അവരുടെ തലവനായി ബദ്‌റില്‍ പങ്കെടുത്ത ആസ്വിം ഇബ്‌നു ഥാബിതി(റ)നെയാണ് നബി ﷺ നിശ്ചയിച്ചത്. അങ്ങനെ ഈ സംഘം യാത്ര പുറപ്പെട്ടു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി ശത്രുക്കള്‍ അവരെ വലയം ചെയ്തു. കുതന്ത്രത്തിലൂടെയാണ് ശത്രുക്കള്‍ ഇവരോട്, അല്ലെങ്കില്‍ നബി ﷺ നോട് ഈ ചതി കാണിച്ചത്. അവരില്‍നിന്ന് രക്ഷ ലഭിക്കാനായി ഒരിടത്ത് അവര്‍ അഭയംതേടി. നൂറോളം വരുന്ന വിദഗ്ധരായ അമ്പെയ്ത്തുകാരായിരുന്നു അവരെ വളഞ്ഞിരുന്നത്.

ശത്രുക്കളില്‍നിന്ന് രക്ഷ കിട്ടാനായി മുകളിലേക്ക് അഭയംതേടി കയറിയ വിശ്വാസികളോട് ഈ മുശ്‌രിക്കുകള്‍ പറഞ്ഞു: ''നിങ്ങളോട് (ഞങ്ങള്‍ക്ക് ഒരു) കരാറുണ്ട്. നിങ്ങള്‍ ഞങ്ങളിലേക്ക് ഇറങ്ങ വരികയാണെങ്കില്‍ നിങ്ങളിലെ ഒരാളെയും ഞങ്ങള്‍ വധിക്കുന്നതല്ല.' അപ്പോള്‍ ആസ്വിം(റ) പറഞ്ഞു: 'എന്നാല്‍, ഒരു അവിശ്വാസിയുടെ സംരക്ഷണത്തില്‍ ഞാന്‍ (നിങ്ങളിലേക്ക്) ഇറങ്ങിവരില്ല. (ശേഷം അദ്ദേഹം പ്രാര്‍ഥിച്ചു:) അല്ലാഹുവേ, ഞങ്ങളെക്കുറിച്ച് നിന്റെ റസൂലിന് നീ അറിയിച്ച് കൊടുക്കേണമേ.' അങ്ങനെ അമ്പെയ്ത് ആസ്വിം(റ) ഉള്‍െപ്പടെ ഏഴുപേരെ അവര്‍ വധിക്കുന്നതുവരെ അവര്‍ ഇവരോട് യുദ്ധം ചെയ്തു. ഖുബയ്ബും(റ) സയ്ദും(റ) മറ്റൊരു സ്വഹാബിയും ബാക്കിയായി. അങ്ങനെ ഇവര്‍ക്കും (ബാക്കിയായവര്‍ക്കും) അവര്‍ കരാറും ഉറപ്പും നല്‍കി. അപ്പോള്‍ അവര്‍ ഇവരിലേക്ക് ഇറങ്ങി...'(സീറതുന്നബിവിയ്യ, ഇബ്‌നുകഥീര്‍).

താഴെ ഇറങ്ങിയാല്‍ നിങ്ങളെ ഞങ്ങള്‍ വധിക്കില്ലെന്നും നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ആ അവിശ്വാസികള്‍ സ്വഹാബിമാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ അതൊരു കുതന്ത്രമായിരുന്നു. ആസ്വിം(റ) അത് നിരസിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ നിര്‍ദേശപ്രകാരമാണല്ലോ ഈ മഹാന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. നബി ﷺ ഈ വിവരം അറിയുന്നുമില്ല. നബി ﷺ യെ വിവരം അറിയിക്കണം. 'നബിയേ, ഞങ്ങളെ കാണുന്നില്ലേ, ഞങ്ങളുടെ വിഷമം അവിടുന്ന് അറിയുന്നില്ലേ' എന്ന് വിളിച്ച് ചോദിച്ചാല്‍ അവിടുന്ന് കേള്‍ക്കുകയോ അറിയുകയോ ചെയ്യില്ലല്ലോ. അങ്ങനെ തേടാനും ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അത്തരം തേട്ടം അല്ലാഹുവിനോടേ പാടുള്ളൂ. അതിനാല്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അവസാനം ശത്രുക്കള്‍ അവരോട് പോരാടി. ആസ്വിം(റ) അടക്കമുള്ള ഏഴ് പേരെ അവര്‍ വധിച്ചു. മൂന്നുപേര്‍ മാത്രം ബാക്കിയായി. അവരോട് ശത്രുക്കള്‍ നേരത്തേതുപോലെ കരാര്‍ ചെയ്തു. കരാര്‍ അംഗീകരിച്ച് അവര്‍ മൂവരും താഴെയിറങ്ങി. മൂവരെയും തങ്ങളുടെ പിടിയില്‍ കിട്ടിയ തക്കത്തില്‍ അവര്‍ കയറിനാല്‍ വരിഞ്ഞുകെട്ടി. ആ സമയത്ത് മൂന്നാമനായ ആ സ്വഹാബി പറഞ്ഞു: 'ഇതുതന്നെയാണ് നിങ്ങളുടെ ചതിയുടെ ഒന്നാമത്തെ ഉദാഹരണം. അല്ലാഹുവാണ സത്യം, നിങ്ങളോട് ഞാന്‍ സഹവസിക്കില്ല.' അപ്പോള്‍ അവര്‍ അദ്ദേഹത്തെ കൊന്നു. പിന്നീട് ഖുബയ്ബും(റ) സയ്ദും(റ) ബാക്കിയായി.

ഇരുവരെയും അവര്‍ മര്‍ദിച്ച് അവശരാക്കി. ശേഷം ഇരുവരെയും മക്കയിലേക്ക് കൊണ്ടുപോയി. അവരെ വില്‍ക്കലായിരുന്നു അവരുടെ ലക്ഷ്യം. കാരണം, അവരെ വില്‍പനക്ക് വെച്ചാല്‍ നല്ല വില കിട്ടും. അതിനും ഒരു കാരണമുണ്ട്. ബദ്ര്‍ യുദ്ധത്തില്‍ ക്വുറയ്ശി പ്രമുഖരെ കീഴ്‌പെടുത്തിയ പ്രധാനികളില്‍ പെട്ടവരായിരുന്നു ഇരുവരും. അതിന്റെ ദേഷ്യം അവരില്‍ ഉണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണല്ലോ. ബനുല്‍ഹാരിഥുകാര്‍ ഖുബയ്ബി(റ)നെ വാങ്ങി. അദ്ദേഹമായിരുന്നു ഹാരിഥിനെ ബദ്‌റില്‍ വധിച്ചത്. അവര്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. ആ അവസരമാണ് ഇപ്പോള്‍ ഒത്തിണങ്ങിയത്. അത് അവര്‍ തീര്‍ത്തും മുതലെടുത്തു. അവര്‍ അദ്ദേഹത്തെ ബന്ധിയാക്കി. ഖുബയ്ബ്(റ) അവരുടെ തടവില്‍ കഴിഞ്ഞു. സയ്ദി(റ)നെയും ഇതുപോലെ മക്കക്കാര്‍ക്ക് നല്ല വിലയ്ക്ക് വിറ്റു.

ഖുബയ്ബിനെ തടവില്‍ പാര്‍പ്പിച്ച ഹാരിഥ് കുടുംബം ധാരാളം പീഡിപ്പിച്ചു. വധിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അവരുടെ വെറുപ്പും കോപവും നിമിത്തം വൈകിപ്പിച്ചു. അത്രയും നാള്‍ പീഡനം തുടര്‍ത്തുകയും ചെയ്തു.

അറേബ്യന്‍ മുശ്‌രിക്കുകള്‍ പോലും ആദരിച്ചിരുന്ന ചില മാസങ്ങളും സ്ഥലങ്ങളും ഉണ്ടായിരുന്നു. യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാല് മാസങ്ങളായ മുഹര്‍റം, റജബ്, ദുല്‍ക്വഅ്ദ, ദുല്‍ഹിജ്ജ തുടങ്ങിയവ അവരും ആദരപൂര്‍വം കണ്ട മാസങ്ങളായിരുന്നു. ഈ മാസങ്ങളില്‍ യുദ്ധം ചെയ്യുന്നതും രക്തം ചിന്തുന്നതും അവര്‍ വെറുത്തിരുന്നു. അങ്ങനെ ഖുബയ്ബി(റ)നെ വധിക്കുവാനായി അവര്‍ ഈ മാസങ്ങളിലല്ലാത്ത ദിവസം കാത്തിരുന്നു. അവര്‍ നിശ്ചയിച്ച ദിവസം അടുത്തു.

'ഒരു ബന്ധിയായ മനുഷ്യനോട് ഇത്ര ക്രൂരമായിട്ടാണോ നിങ്ങള്‍ പെരുമാറുന്നത്' എന്ന അവരോടുള്ള അദ്ദേഹത്തിന്റെ ചോദ്യം അവരില്‍ ഞെട്ടലുണ്ടാക്കി എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതിന് ശേഷം അദ്ദേഹത്തെ അവര്‍ വധിക്കും വരെ മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത് എന്നും കാണാവുന്നതാണ്. തന്നെ വീക്ഷിക്കാനായി ഏല്‍പിക്കപ്പെട്ട ആളോട് അദ്ദേഹം മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 'എനിക്ക് ദാഹമുള്ള സമയത്ത് ശുദ്ധജലം മാത്രമെ തരാവൂ, നിഷിദ്ധമായ യാതൊന്നും എന്നെക്കൊണ്ട് കുടിപ്പിക്കരുത്' എന്നതായിരുന്നു അതില്‍ ഒന്ന്. 'വിഗ്രഹങ്ങള്‍ക്കായി അറുത്തത് എന്നെ തീറ്റിക്കരുത്' എന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. 'എന്നെ വധിക്കാനായി നിങ്ങള്‍ തീരുമാനിക്കുന്ന സമയം ആയാല്‍ നിങ്ങള്‍ എന്നെ അറിയിക്കുക' എന്നതായിരുന്നു മൂന്നാമത്തെത്.

ഖുബയ്ബി(റ)നെ വധിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലായപ്പോള്‍ അദ്ദേഹം അവരോട് ഒരു പേനക്കത്തി ആവശ്യപ്പെട്ടു. അത് എന്തിന് വേണ്ടിയായിരുന്നു? തന്നെ വധിച്ചു കളഞ്ഞാല്‍ ശത്രുക്കള്‍ ശരീരം വികൃതമാക്കുകയും ജനങ്ങള്‍ക്കിടയില്‍ തന്റെ അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇടയുണ്ട്. ജനങ്ങള്‍ തന്റെ ശരീരം അറപ്പോടെയോ വെറുപ്പോടെയോ കണ്ടുകൂടാ. ഒരു മുസ്‌ലിം എന്ന സ്ഥിതിക്ക് താന്‍ വൃത്തിയുള്ളവനാകണമല്ലോ എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അതിനാല്‍ തന്റെ ശരീരത്തില്‍നിന്ന് നീക്കേണ്ടുന്നതായ രോമങ്ങളെല്ലാം നീക്കാനായിരുന്നു അദ്ദേഹം അവരോട് പേനക്കത്തി ആവശ്യപ്പെട്ടിരുന്നത്. അത് ഉപയോഗിച്ച് അദ്ദേഹം തന്റെ അവസാന യാത്രക്കായി വൃത്തിയായി. ഈ സമയത്ത് ഒരു സംഭവവും നടക്കുന്നുണ്ട്. തന്റെ കയ്യില്‍ ആ കത്തി ഉണ്ടായിരിക്കെ ഹാരിഥിന്റെ മകളായ സയ്‌നബിന്റെ ചെറിയ കുട്ടി അദ്ദേഹത്തിന്റെ അരികിലേക്ക് ഇഴഞ്ഞുനീങ്ങിയെത്തി. ഖുബയ്ബ്(റ) ആ കുട്ടിയെ എടുത്ത് തന്റെ മടിയില്‍ ഇരുത്തി. ഈ രംഗം കണ്ടു നില്‍ക്കുന്ന മാതാവ് സയ്‌നബ് ഭയന്നു. അത് മനസ്സിലായ ഖുബയ്ബ്(റ) സയ്‌നബിനോട് ചോദിച്ചു: 'ഞാന്‍ ഈ കുഞ്ഞിനെ കൊല്ലുമെന്ന് നീ പേടിക്കുന്നുവോ? ഇന്‍ശാ അല്ലാഹ്, ഞാന്‍ ഇവനെ വധിക്കുകയില്ല. ഇസ്‌ലാം ഭീകരതയുടെയും രക്തം ചിന്തലിന്റെയും മതമാണെന്നും, രക്തദാഹികളുടെയും കാമവെറിയന്മാരുടെയും കണ്ണില്‍ ചോരയില്ലാത്തവരുടെയും കൂടാരമാണ് ഇസ്‌ലാം എന്നുമൊക്കെ പ്രചരിപ്പിക്കുന്ന അവിവേകികളായ ആളുകള്‍ ഈ സംഭവം മനസ്സിലാക്കുന്നത് നല്ലതാണ്. നിരപരാധിയായ ഒരു കുട്ടിയെ വെച്ച് വേണമെങ്കില്‍ അദ്ദേഹത്തിന് രക്ഷപ്പെടാമായിരുന്നു. കാരുണ്യത്തിന്റെയും നീതിയുടെയും മതത്തിന്റെ അനുയായി ആയ സ്വഹാബിവര്യന്‍ അതിന് തുനിഞ്ഞില്ല. ആ കുട്ടിയുടെ മാതാവിനെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഖുബയ്ബ്(റ)നെക്കുറിച്ച് സയ്‌നബ് തന്നെ പറയുന്നത് നോക്കൂ:

'അല്ലാഹുവാണ സത്യം, ഖുബയ്ബിനെക്കാള്‍ ഉത്തമനായ ഒരു ബന്ധിയെ ഞാന്‍ തീരെ കണ്ടിട്ടില്ല. അല്ലാഹുവാണ സത്യം, മക്കയില്‍ യാതൊരു ഫലവും ഇല്ലാതിരുന്നപ്പോഴും ഇരുമ്പിനാല്‍ കെട്ടിയിട്ടപ്പോഴും അദ്ദേഹം മുന്തിരിക്കുലകള്‍ കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.' അങ്ങനെ അവള്‍ പറഞ്ഞു: 'തീര്‍ച്ചയായും ഖുബയ്ബിന് അല്ലാഹു നല്‍കിയ ഭക്ഷണമായിരുന്നു ആ ഭക്ഷണം.'

അല്ലാഹുവിനെ സൂക്ഷിച്ചും അനുസരിച്ചും ജീവിക്കുന്നവര്‍ക്ക് അല്ലാഹു സഹായം നല്‍കും. അത്തരം ഒരു അത്ഭുത കാഴ്ചയാണ് ഈ സമയത്ത് ഖുബയ്ബി(റ)ന്റെ അരികില്‍ സയ്‌നബ് കാണുന്നത്. മര്‍യമി(റ)ന് പള്ളിയില്‍വെച്ച് ആഹാരം നല്‍കപ്പെട്ട അത്ഭുത സംഭവം സകരിയ്യാ നബിൗയുടെ ചരിത്രത്തില്‍ നാം വിവരിച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ആ സംഭവം കൂടി ഇവിടെ നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഈ രണ്ട് സംഭവങ്ങളും അല്ലാഹു പ്രകടമാക്കിയ കറാമത്തിന് ഉദാഹരണമാണ്.

മക്കാ മുശ്‌രിക്കുകള്‍ പവിത്രമായി കണ്ടിരുന്ന സ്ഥലമായിരുന്നല്ലോ ഹറം. അവിടെവെച്ച് രക്തം ചിന്തുന്നത് അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഒരു കൊലയാളി ഹറമില്‍ അഭയം തേടിയാല്‍ പോലും അയാളെ അവര്‍ അവിടെ വെച്ച് വധിക്കാറില്ലായിരുന്നു. അവിടെനിന്നും പുറത്തേക്ക് എത്തിച്ചതിന് ശേഷമായിരുന്നു വധിച്ചിരുന്നത്. ഖുബയ്ബി(റ)നെ പാര്‍പ്പിച്ചിരുന്നത് ഹറമിന്റെ പരിസരത്തായതിനാല്‍ അദ്ദേഹത്തെവധിക്കുന്നതിനായി അവര്‍ ഹറമില്‍നിന്നും പുറത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഹറമിന് പുറത്തുള്ള തന്‍ഈം എന്ന സ്ഥലത്തേക്കാണ് അവര്‍ കൊണ്ടുപോയത്. അവിടെയാണ് 'ആഇശ മസ്ജിദ്' എന്ന പേരിലുള്ള പള്ളി സ്ഥിതിചെയ്യുന്നത്. ആഇശ(റ) ഉംറക്കായി വന്ന സമയത്ത് അത് നിര്‍വഹിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. അതിനാല്‍ രണ്ടാമതും ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടതായി വന്നു. ആ സമയത്ത് ഹറമില്‍നിന്നും പുറത്തേക്ക് വരികയും ഈ പറയുന്ന സ്ഥലത്തുവെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്തു. പിന്നീട് അവര്‍ ഉംറ നിര്‍വഹിക്കുകയും ചെയ്തു. ഇന്ന് പലരും ഉംറക്കായി പോകുമ്പോള്‍ ഒന്നിലധികം തവണ ഉംറ നിര്‍വഹിക്കുന്നതിനായി ഇഹ്‌റാമില്‍ പ്രവേശിക്കുവാന്‍ തന്‍ഈമിലെ ഈ പള്ളിയില്‍ പോകാറുണ്ട്. അഞ്ചും പത്തും രിയാല്‍ നല്‍കി ടാക്‌സി വിളിച്ച് അവിടെ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിക്കുന്ന സമ്പ്രദായം പഠിപ്പിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു മീക്വാത്ത് നിശ്ചയിക്കപ്പെട്ടിട്ടുമില്ല. ഉംറ കര്‍മം കഴിഞ്ഞ് മീക്വാത്ത് മുറിച്ച് കടന്നാല്‍ രണ്ടാമതും ഉംറ നിര്‍വഹിക്കാം. അല്ലാതെയുള്ള ആവര്‍ത്തനം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. ഉദാഹരണം: ഒരാള്‍ ഉംറ നിര്‍വഹിച്ച് മദീനയിലേക്ക് പോയി. അവിടെ നിന്ന് മക്കയിലേക്ക് വീണ്ടും യാത്രതിരിക്കാന്‍ വിചാരിച്ചു. അപ്പോള്‍ അതിനിടയിലുള്ള അബ്‌യാര്‍ അലി എന്ന സ്ഥലത്ത് വെച്ച് ഇഹ്‌റാമില്‍ പ്രവേശിച്ച് വീണ്ടും ഉംറ നിര്‍വഹിക്കാവുന്നതാണ്. നബി ﷺ നിശ്ചയിച്ച ദുല്‍ ഹുലൈഫ എന്ന മീക്വാത്ത് ഇന്ന് അറിയപ്പെടുന്നത് 'അബ്‌യാര്‍ അലി' എന്ന പേരിലാണ്. മസ്ജിദു ആഇശയില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിക്കുന്ന സമ്പ്രദായം സ്വഹാബത്ത് ശീലിച്ചിട്ടില്ലാത്തതാണ്. ആഇശ(റ)ക്ക് മാത്രമായി നബി ﷺ പ്രത്യേക സാഹചര്യത്തില്‍ അനുവദിച്ച ഒരു ഇളവായിരുന്നു അത്. ഹറമില്‍നിന്ന് തന്‍ഈമിലേക്ക് സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ(റ) കൂടെയാണ് അവര്‍ പോയിരുന്നത്. ആ സമയത്ത് സഹോദരന്‍ ഇഹ്‌റാമില്‍ പ്രവേശിച്ചില്ല. പില്‍ക്കാലത്തും ഒരു സ്വഹാബിയും തന്‍ഈമില്‍ പോയി ഇഹ്‌റാമില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിച്ചതായി ഒരു തെളിവുമില്ല.

ഖുബയ്ബ്(റ)നെ ഹറമില്‍നിന്ന് തന്‍ഈമിലേക്ക് ശത്രുക്കള്‍ കൊണ്ടുവന്നു. അവിടെ അദ്ദേഹത്തെ കൊല്ലാനായി കൊലമരം തയ്യാര്‍ ചെയ്തു. അതില്‍വെച്ച് അദ്ദേഹത്തെ അതിനിഷ്ഠൂരമായി ക്രൂശിച്ച് വധിക്കാനായിരുന്നു അവരുടെ പദ്ധതി. തന്നെ വധിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്നെ അറിയിക്കണം എന്ന് ഖുബയ്ബ്(റ) അവരോട് ആവശ്യപ്പെട്ടിരുന്നല്ലോ. അങ്ങനെ തന്‍ഈമില്‍ എത്തിയ സമയത്ത് അവര്‍ അദ്ദേഹത്തോട് തന്നെ വധിക്കാന്‍ പോകുന്ന വിവരം അറിയിച്ചു. ആ സമയത്ത് ഖുബയ്ബ്(റ) അവരോട് പറഞ്ഞു:

'നിങ്ങള്‍ എന്നെ ഒഴിവാക്കൂ. ഞാന്‍ രണ്ട് റക്അത് നിമസ്‌കരിക്കട്ടെ.' അപ്പോള്‍ അവര്‍ അദ്ദേഹത്തെ ഒഴിവാക്കി. അങ്ങനെ അദ്ദേഹം രണ്ട് റക്അത് നമസ്‌കരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണ സത്യം, കൊല്ലപ്പെടുന്നതില്‍ പേടിയുള്ളവനാണ് എന്ന് എന്നെ പറ്റി നിങ്ങള്‍ വിചാരിക്കുമായിരുന്നില്ലെങ്കില്‍ ഞാന്‍ (നിമസ്‌കാര സമയം) വര്‍ധിപ്പിക്കുമായിരുന്നു.' 'അല്ലാഹുവേ, അവരുടെ എണ്ണം നീ കണക്കാക്കേണമേ, അവരെ ഓരോരുത്തരേയും നീ വധിക്കേണമേ, അവരില്‍ ഒരാളെയും നീ അവശേഷിപ്പിക്കരുതേ (എന്ന് അദ്ദേഹം ദുആ ചെയ്യുകയും ചെയ്തു)' (ദലാഇലുന്നുബുവ്വഃ, ബൈഹക്വി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഖുബയ്ബ്(റ) ആ സമയത്ത് പ്രകടിപ്പിക്കുന്ന ഒരു വിഷമം ഇപ്രകാരം കാണാം: 'അല്ലാഹുവേ, നിന്റെ റസൂലിന് എന്നില്‍നിന്നുള്ള സലാം എത്തിക്കുന്നവനായി ഒരാളെയും ഞാന്‍ കാണുന്നില്ല. അതിനാല്‍ നീ അവിടുത്തേക്ക് എന്നില്‍ നിന്നുള്ള സലാം എത്തിക്കേണമേ' (ദലാഇലുന്നുബുവ്വഃ, ബൈഹക്വി).

ബദ്ര്‍ യുദ്ധത്തില്‍ ഖുബയ്ബി(റ)ന്റെ കരങ്ങളാല്‍ വധിക്കപ്പെട്ട ഹാരിഥിന്റെ മകന്‍ ഉക്വ്ബയാണ് ഖുബയ്ബിനെ തന്‍ഈമില്‍വെച്ച് വധിച്ചത്.

ആസ്വി(റ)മിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരിടേണ്ടി വന്ന വിഷമം മദീനയില്‍ ജീവിച്ചിരിപ്പുള്ള മുഹമ്മദ് നബി ﷺ യോ മറ്റു മഹാന്മാരായ സ്വഹാബിമാരോ മഹതികളോ അറിയുന്നില്ല. അല്ലാഹുവേ, ഞങ്ങളെ പറ്റിയുള്ള വിവരം നീ റസൂലിന് അറിയിക്കേണമേ എന്ന് ആ സമയത്ത് ആസ്വിം(റ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചിരുന്നുവല്ലോ. അതുപോലെ ഖുബയ്ബ്(റ) നബി ﷺ ക്ക് തന്റെ സലാം എത്തിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചതും നാം കണ്ടു. 'നബിയേ, ഞങ്ങള്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്. അങ്ങ് ഞങ്ങളെ കാണുന്നില്ലേ? ഞങ്ങളെ സഹായിക്കേണമേ...' എന്ന് എന്തുകൊണ്ട് മദീനയില്‍ ജീവിച്ചിരിപ്പുള്ള റസൂലിനോട് അവര്‍ തേടിയില്ല? നബി ﷺ യുടെ മുഅ്ജിസതിലും പ്രത്യേകതകളിലും അവര്‍ക്ക് വിശ്വാസമില്ലാത്തതിനാലാണോ? അല്ല! നബിയോട് സ്‌നേഹവും ആദരവും ഇല്ലാത്തതിനാലാണോ? അല്ല! നബി ﷺ യുടെ കാഴ്ചക്കും കേള്‍വിക്കും അറിവിനും പരിതിയുണ്ട്. പരിധിക്കപ്പുറത്തുള്ള കാര്യങ്ങള്‍ അവിടുത്തേക്ക് അറിയാന്‍ സാധിക്കില്ല എന്നാണ് സ്വഹാബിമാര്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ കാഴ്ചക്കോ കേള്‍വിക്കോ അറിവിനോ കഴിവിനോ യാതൊന്നും പരിധിയുമില്ലാത്ത അല്ലാഹുവിനോടാണ് സ്വഹാബിമാര്‍ സഹായം തേടിയത്. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസം.

ആസ്വിമി(റ)നെ വധിച്ച വിവരം ക്വുറയ്ശികള്‍ അറിഞ്ഞു. അവര്‍ ഏറെ ആനന്ദിച്ചു. മൃതശരീരം വികൃതമാക്കുന്നതിന് ഉത്സാഹം കാണിച്ചു. തല അറുത്തുമാറ്റാന്‍ ക്വുറയ്ശികള്‍ വെമ്പല്‍കൊണ്ടു. ബദ്‌റിലെ ആസ്വിമി(റ)ന്റെ യുദ്ധപ്രകടനത്തില്‍ അരിശം പൂണ്ടവരായിരുന്നല്ലോ ക്വുറയ്ശികള്‍. 'ആസ്വിമിനെ കൊല്ലുകയും അവന്റെ തലയെടുത്ത് തലയോട്ടിയില്‍ മദ്യം ഒഴിച്ച് മോന്തിക്കുടിക്കുകയും ചെയ്യുന്നത് വരെ വിശ്രമമില്ല' എന്ന് ശപഥം ചെയ്ത സ്ത്രീ പോലും അവരില്‍ ഉണ്ടായിരുന്നു. അവള്‍ അദ്ദേഹത്തിന്റെ കൊലയെ പറ്റിയുള്ള വാര്‍ത്ത കേട്ടമാത്രയില്‍ എത്രമാത്രം ആനന്ദിച്ചിരിക്കുമെന്നത് ചിന്തിച്ചുനോക്കൂ. വാര്‍ത്ത കേട്ടപാടെ ആ പെണ്ണിന് ആസ്വിമി(റ)ന്റെ തല കൊടുക്കാനായി ഒരു സംഘം അവിടേക്ക് തിരിച്ചു. എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. ആസ്വിമി(റ)ന്റെ മൃതശരീരത്തിന് അല്ലാഹു കാവല്‍ നല്‍കി. അദ്ദേഹത്തിന് അല്ലാഹു ഒരു കറാമത്ത് നല്‍കുകയാണ്. മരണത്തിന് ശേഷവും കറാമത്ത് ഉണ്ടാകും എന്നത് ഈ സംഭവം തെളിവാണെന്നത് നാം മനസ്സിലാക്കണം. അദ്ദേഹത്തിന്റെ മൃതശരീരത്തിന് ചുറ്റും ഒരുകൂട്ടം ആണ്‍ തേനീച്ചകളെ അയച്ചുകൊണ്ട് അല്ലാഹു സംരക്ഷണം നല്‍കി. ശത്രുക്കള്‍ക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് സമീപിക്കാന്‍ സാധിക്കുന്നില്ല.

ഖുബയ്ബ്(റ)നെ വധിക്കുന്ന സമയത്ത് അബൂസുഫ്‌യാന്‍ ഇപ്രകാരം ചോദിച്ചു: 'നിങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ ആയിരിക്കെ (നിങ്ങളെ വെറുതെ വിടുകയും, നിങ്ങള്‍ക്ക് പകരം) മുഹമ്മദിനെ ഞങ്ങളുടെ അടുക്കല്‍ (കൊണ്ടുവരികയും എന്നിട്ട്) അദ്ദേഹത്തിന്റെ പിരടി ഞങ്ങള്‍ വെട്ടുകയും ചെയ്യുന്നത് നിങ്ങളെ സന്തോഷിപ്പിക്കുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇല്ല. അല്ലാഹുവാണ സത്യം, തീര്‍ച്ചയായും ഞാന്‍ എന്റെ കുടുംബത്തില്‍ ആകുകയും മുഹമ്മദ് ﷺ , അദ്ദേഹം എവിടെയാണോ അവിടെനിന്ന് അദ്ദേഹത്തിന് ഒരു മുള്ള് തറച്ച് പ്രയാസപ്പെടുത്തുന്നുണ്ടെങ്കില്‍ (പോലും) അത് എന്നെ സന്തോഷിപ്പിക്കുന്നതല്ല.'

ഈ മറുപടി കേട്ട അബൂ സുഫ്‌യാന്‍ പറഞ്ഞു: 'ജനങ്ങളില്‍ മുഹമ്മദിന്റെ ആളുകള്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നത് പോലെ ഒരാളും ഒരാളെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.'

ഖുബയ്ബി(റ)നെ വധിച്ചതിന് ശേഷം സയ്ദി(റ)നെയും അവര്‍ കൊലപ്പെടുത്തി. അദ്ദേഹത്തെ വധിച്ചത് സ്വഫ്‌വാന്‍ ഇബ്‌നു ഉമയ്യയായിരുന്നു. കാരണം സ്വഫ്‌വാന്റെ പിതാവ് ഉമയ്യത്തിനെ വധിച്ചത് സയ്ദ്(റ) ആയിരുന്നു.

(തുടരും)