ഉഹ്ദിലെ പരാജയ കാരണങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

(മുഹമ്മദ് നബി ﷺ : 41)

അല്ലാഹുവല്ലാത്തവര്‍ക്ക് ഇഷ്ടാനുസരണം മറഞ്ഞകാര്യം അറിയാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉഹ്ദിന്റെ ചരിത്രം മുഴുവനും ഖണ്ഡനമാണ്. ഉഹ്ദിലേക്ക് പുറപ്പെടുന്ന ആയിരം പേരില്‍ മുന്നൂറ് കപടന്മാരുടെ വഞ്ചനാത്മക സമീപനത്തെ നേരത്തെതന്നെ ആ മഹാന്മാര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോ! ഹംസ(റ)യെ ചതിയില്‍ കൊലപ്പെടുത്താന്‍ തയ്യാറായ വഹ്ശിയെ അദ്ദേഹമോ നബി ﷺ യോ അറിഞ്ഞില്ല. മറഞ്ഞകാര്യം അറിയാന്‍ കഴിയുമായിരുന്നെങ്കില്‍ നബി ﷺ ചതിക്കുഴിയില്‍ വീഴുമായിരുന്നോ? ശത്രുക്കളുടെ കള്ളവാര്‍ത്തയില്‍ സ്വഹാബിമാര്‍ കുടുങ്ങുമായിരുന്നോ? അമ്പെയ്ത്തുകാര്‍ മലമുകളില്‍നിന്ന് ഇറങ്ങുമായിരുന്നോ? ആദ്യഘട്ടത്തില്‍ യുദ്ധഭൂമിയില്‍നിന്ന് ഓടി രക്ഷപ്പെട്ട ശത്രുക്കളുടെ പ്രത്യാക്രമണത്തിന് അവര്‍ ഇരയാകുമായിരുന്നോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ (അല്ലാഹു അല്ലാത്തവര്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിയില്ലെന്നതിന് തെളിവായി) ഈ ചരിത്ര സംഭവത്തില്‍നിന്ന് നമുക്ക് ചോദിക്കാന്‍ സാധിക്കും.

ഉഹ്ദില്‍ പങ്കെടുത്തവരുടെ പേരില്‍ മൗലിദ് രചിച്ച്, അവരോട് പ്രയാസഘട്ടത്തില്‍ സഹായം തേടുന്ന ആളുകള്‍ ഉഹ്ദിന്റെ രണഭൂമിയില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന വിഷമഘട്ടത്തെക്കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്. എത്ര വലിയ മഹാന്മാരാണെങ്കിലും അവര്‍ക്ക് നമ്മെ അഭൗതികമായ രൂപത്തില്‍ സഹായിക്കുവാനോ, നമ്മുടെ വിളി കേള്‍ക്കുവാനോ, നമ്മുടെ വിളിക്ക് ഉത്തരം നല്‍കുവാനോ സാധ്യമല്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ചരിത്രസംഭവങ്ങളിലും അതിന് ധാരാളം തെളിവുകള്‍ കാണാം. അല്ലാഹുവിന്റെ സൃഷ്ടികള്‍ക്കെല്ലാവര്‍ക്കും കാള്‍ചക്കും കേള്‍വിക്കും കഴിവിനും അറിവിനും പരിധിയും പരിമിതിയുമുണ്ട്. എന്നാല്‍ പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹനായ ഏകനായ അല്ലാഹുവിന് യാതൊരു പരിധിയോ പരിമിതിയോ ഏതൊരു കാര്യത്തിലും ഇല്ലതന്നെ. അതാണ് ലാ ഇലാഹ ഇല്ലല്ലാഹു എന്നതിന്റെ കാതല്‍.

എല്ലാവരും യുദ്ധഭൂമിയില്‍നിന്ന് ഓടിപ്പോയ ഘട്ടം; മുഹമ്മദ് നബി ﷺ യെ വധിക്കാനുള്ള അവസരം കാത്ത് നില്‍ക്കുന്ന ശത്രുക്കള്‍ നബി ﷺ ക്ക് എതിരില്‍ ഇരച്ചുകയറാന്‍ തുടങ്ങി. ആ സമയത്ത് സ്വഹാബിമാരോട് അല്ലാഹുവിന്റെ റസൂല്‍ ﷺ ചോദിക്കുകയാണ്:

'നമ്മെ തൊട്ട് അവരെ തടുക്കുന്നവനായി ആരുണ്ട്? അവന് സ്വര്‍ഗമുണ്ടായിരിക്കും. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ അവന്‍ എന്റെ കൂട്ടുകാരനായിരിക്കും.' അപ്പോള്‍ അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. എന്നിട്ട് അദ്ദേഹം വധിക്കപ്പെടുന്നതുവരെ പോരാടി. പിന്നെയും അവര്‍ നബി ﷺ യുടെ നേര്‍ക്ക് ഇരച്ചു കയറി. അപ്പോള്‍ നബി ﷺ ചോദിച്ചു: 'നമ്മെ തൊട്ട് അവരെ തടുക്കുന്നവനായി ആരുണ്ട്? അവന് സ്വര്‍ഗമുണ്ടായിരിക്കും. അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ അവന്‍ എന്റെ കൂട്ടുകാരനായിരിക്കും.' അപ്പോള്‍ അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. എന്നിട്ട് അദ്ദേഹം വധിക്കപ്പെടുന്നതുവരെ പോരാടി. അങ്ങനെ ഏഴോളം പേര്‍ വധിക്കപ്പെടുന്നതുവരെ ഇപ്രകാരം തുടര്‍ന്നുകൊണ്ടിരുന്നു.

പിന്നീടാണ് നബി ﷺ ത്വല്‍ഹ(റ), സഅദ്ബ്‌നു അബീവക്വാസ്(റ), അബൂദുജാന(റ) പോലെയുള്ള സ്വഹാബിമാരിലൂടെ സംരക്ഷിക്കപ്പെടുന്നത്. അവര്‍ ആ സമയത്ത് എപ്രകാരമാണ് നബി ﷺ യെ സംരക്ഷിച്ചത് എന്നത് നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്.  

ജാബിറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ഉഹ്ദ് ദിവസം ഒരാള്‍ നബി ﷺ യോട് ചോദിച്ചു: 'നബിയേ, (ഈ യുദ്ധത്തില്‍) ഞാന്‍ വധിക്കപ്പെട്ടാല്‍ ഞാന്‍ എവിടെയായിരിക്കും? എന്താണ് അങ്ങയുടെ അഭിപ്രായം?' നബി ﷺ പറഞ്ഞു: 'സ്വര്‍ഗത്തില്‍.' അപ്പോള്‍ അദ്ദേഹം തന്റെ കൈയിലുള്ള കാരക്ക അവിടെ ഇടുകയും പിന്നീട് കൊല്ലപ്പെടുന്നതുവരെ പോരാടുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉഹ്ദിന്റെ പോര്‍ക്കളത്തില്‍ ഇതുപോലെ ധാരാളം സ്വഹാബിമാര്‍ രക്തസാക്ഷികളായി എന്നതാണ് നാം മനസ്സിലാക്കേണ്ടത്. പ്രമുഖരായ പല സ്വഹാബിമാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഹംസ(റ), മുസ്വ്അബ്(റ) തുടങ്ങിയവര്‍ അവരില്‍ പെട്ടവരാണ്.

പരാജയത്തിന്റെ കാരണങ്ങള്‍

യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് പരാജയം സംഭവിച്ചു. അതിനുള്ള കാരണങ്ങള്‍ പിന്നീട് സ്വഹാബിമാരെ പഠിപ്പിക്കും വിധം അല്ലാഹു ക്വുര്‍ആന്‍ സൂക്തങ്ങള്‍ ഇറക്കി. അവരില്‍ വന്ന ചില അപാകതകളാണ് ഈ പരാജയത്തിന് കാരണമെന്ന് അല്ലാഹു ഇതിലൂടെ പഠിപ്പിക്കുകയായിരുന്നു.

''അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്). നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക്  മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 3:152).

മുസ്‌ലിംകള്‍ക്ക് വിജയത്തെക്കുറിച്ചുള്ള വാഗ്ദാനം അല്ലാഹു നല്‍കിയിരുന്നു. അത് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുകയും ചെയ്തു. ആദ്യസമയത്ത് വല്ലാത്ത ഐക്യത്തിലും അനുസരണബോധത്തിലും അവര്‍ നിലയുറപ്പിച്ചു പോരാടി. ആ സമയത്ത് അല്ലാഹു ചെയ്ത വാഗ്ദത്തം അവന്‍ നിറവേറ്റി. എന്നാല്‍ പിന്നീട് പരാജയം സംഭവിക്കാനുള്ള കാരണം എന്തായിരുന്നു? പിന്നീട് ഭിന്നിക്കുകയും മലമുകളില്‍ നിറുത്തിയ അമ്പെയ്ത്തുകാരോട്, താഴെ പ്രതികൂലമായോ അനുകൂലമായോ എന്തുതന്നെ സംഭവിച്ചാലും അനുവാദം ലഭിക്കുംവരെ അവിടെ തന്നെ നില്‍ക്കണമെന്ന കല്‍പന നല്‍കിയിരുന്നു. അത് അവര്‍ മറക്കുകയും അവരുടെ നേതാവിനോട് തര്‍ക്കിച്ച് അനുസരണക്കേട് കാണിച്ച് താഴെയിറങ്ങുകയും ചെയ്തു. താഴെയിറങ്ങാനുള്ള കാരണം ദുന്‍യാവിനോടുള്ള ഇഷ്ടമായിരുന്നു. അഥവാ ഗനീമത്ത് സ്വത്തിനോടുള്ള താല്‍പര്യമായിരുന്നു.

യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ ശത്രുക്കളുടെ ഭാഗത്തായിരുന്നു വിജയം. അവര്‍ക്ക് മുസ്‌ലിംകളെ മുഴുവനും തുടച്ചുനീക്കുമാറ് നശിപ്പിക്കാമായിരുന്നു. എന്നാല്‍ അത് അവിടെ സംഭവിച്ചില്ല. അല്ലാഹു അവരെ മുസ്‌ലിംകളില്‍നിന്ന് തിരിച്ചുവിടുകയാണ് ചെയ്തത്. വിജയം ഉറപ്പായപ്പോള്‍ വിജയഭേരി മുഴക്കി വേഗം യുദ്ധക്കളം വിടാനാണ് അവര്‍ തുനിഞ്ഞത്. അത് അല്ലാഹു മുസ്‌ലിംകളോട് ചെയ്ത വലിയ കാരുണ്യവും അവര്‍ക്ക് ചെയ്ത വലിയ സഹായവും തന്നെയായിരുന്നു. അരുതാത്ത ചില നടപടികള്‍ സ്വഹാബിമാരില്‍ ചിലരില്‍നിന്ന് സംഭവിച്ചതിന് അല്ലാഹു അവര്‍ക്ക് മാപ്പ് കൊടുത്തതായി അറിയിക്കുകയും ചെയ്തു.

അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പന അനുസരിക്കുന്നിടത്താണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക എന്ന വലിയ ഒരു സന്ദേശം ലോകമുസ്‌ലിംകള്‍ക്ക് ഉഹ്ദ് യുദ്ധം നല്‍കുന്നുണ്ട്. ആര്‍ക്കെല്ലാം ഈ രംഗത്ത് അപാകതകള്‍ സംഭവിക്കുന്നുവോ അവര്‍ക്കെല്ലാം പരാജയവും നുണയേണ്ടിവരും.

വിശ്വാസികളില്‍നിന്ന് ഒരു വീഴ്ച വന്നതിന്റെ പേരില്‍ പിന്നെയും അവരെ ആക്ഷേപിച്ച് ആയത്തുകള്‍ ഇറക്കുന്നതിന് പകരം അവരെ ആശ്വസിപ്പിക്കുന്ന വചനങ്ങളാണ് അല്ലാഹു അവതരിപ്പിച്ചത്. ഉഹ്ദ് യുദ്ധ ശേഷം വളരെ നിരാശപൂണ്ട സ്വഹാബിമാരെ അല്ലാഹു കൂടുതല്‍ ആശ്വസിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് ചെയ്തത്. പരിഭ്രമിച്ചു നില്‍ക്കുന്ന വിശ്വാസികളെ അല്ലാഹു വീണ്ടും സഹായിച്ചു.

''പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്‌ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചുവെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെവെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ടു വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു''(ക്വുര്‍ആന്‍ 3:154).

വിശ്വാസികള്‍ ഉഹ്ദ് യുദ്ധത്തിലെ വീഴ്ചകള്‍ മനസ്സിലാക്കുകയും അതിലെ പരാജയകാരണം തങ്ങളുടെ തന്നെ ചെയ്തികളാണെന്ന് തിരിച്ചറിയകയും ചെയ്തു. അങ്ങനെ വ്യസനത്തോടെ നില്‍ക്കുകയാണ് സ്വഹാബിമാര്‍. യുദ്ധരംഗത്ത് ഉറച്ചുനിന്ന സ്വഹാബിമാര്‍ക്ക് ആ സമയത്ത് അല്ലാഹു ഒരു നിദ്രാമയക്കം നല്‍കുകയാണ്. അത് ഒരു അത്ഭുതമായിരുന്നു. യുദ്ധഭൂമിയില്‍ വെച്ച് അവര്‍ സുഖമായി മയങ്ങുന്നു. അല്ലാഹു ആ സമയത്ത് അവര്‍ക്ക് നല്‍കിയ ഒരു സഹായം തന്നെയായിരുന്നു അത്. അത് അനുഭവിച്ച അബൂത്വല്‍ഹ(റ) പറയുന്നത് കാണുക:

''ഉഹ്ദ് ദിവസം മയക്കം പിടിപെട്ടവരില്‍ ഞാനും ഉണ്ടായിരുന്നു. (അങ്ങനെ) എന്റെ വാള്‍ വീഴുന്നത് വരെ (ഞാന്‍ ഉറങ്ങി). പലതവണ അത് വീഴുന്നു, ഞാന്‍ എടുക്കുന്നു; അത് വീഴുന്നു, അപ്പോള്‍ ഞാന്‍ അത് എടുക്കുന്നു'' (ബുഖാരി).

ആ ഉറക്കം അവര്‍ക്ക് കൂടുതല്‍ ഉന്മേഷം ലഭിക്കാന്‍ കാരണമായി. യുദ്ധരംഗത്ത് ഉറച്ചുനിന്നവര്‍ക്ക് മാത്രമാണ് ഈ മയക്കം പിടിപെട്ടത്. യുദ്ധം കഴിഞ്ഞിട്ടും ചെറിയ കാപട്യത്തിന്റെ രോഗം പിടിപെട്ട ചിലര്‍ പിന്നെയും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നമുക്ക് മദീനയില്‍തന്നെ നിന്നാല്‍ മതിയായിരുന്നു. പുറത്തേക്ക് പോരേണ്ടിയിരുന്നില്ല. ഈ മലയോരങ്ങളില്‍ ആയതിനാലല്ലേ ശത്രുക്കള്‍ക്ക് ഈ വിധത്തില്‍ നമ്മെ പരാജയപ്പെടുത്താന്‍ സാധിച്ചത് എന്നിങ്ങനെ അവര്‍ വിശ്വാസികളെ വേദനിപ്പിക്കും വിധം സംസാരിച്ചു. എന്നാല്‍ ഏതൊരു കാര്യവും തീരുമാനിക്കുന്നത് അല്ലാഹുവാണെന്നും, അവന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും അറിയിച്ച് അവരുടെ സംസാരത്തിന് മറുപടിയും നല്‍കി.

ഉഹ്ദില്‍ വലിയ സ്വഹാബിമാര്‍ വധിക്കപ്പെട്ടതിനെക്കുറിച്ച് അവര്‍ മുസ്‌ലിംകളോട് അടക്കംപറഞ്ഞു കൊണ്ടിരുന്നു. മദീനയില്‍ വെച്ചായിരുന്നു ഇത് ഉണ്ടായിരുന്നതെങ്കില്‍ ഈ അപകടം നമുക്ക് പിണയുമായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. എന്നാല്‍ മരണം ഒരാളുടേത് അല്ലാഹു എങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവതല്ലല്ലോ. അതൊന്നും എടുത്തുപറഞ്ഞ് നടക്കുന്നത് ഭൂഷണമല്ല. വിജയവും പരാജയവുമെല്ലാം അല്ലാഹു പരീക്ഷണമായി തരുന്നതാണ്. ആരെല്ലാം കൂടെയുണ്ടാകും, ആരെല്ലാം കൂടൊഴിയും എന്നെല്ലാം വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള ഒരു കാരണമാണ് ജയവും പരാജയവും.

വിശ്വാസികളെ പിന്നെയും അല്ലാഹു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്നപക്ഷം അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ച് വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക് തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്'' (ക്വുര്‍ആന്‍ 3:158).

ഉഹ്ദ് യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ രക്തസാക്ഷികളായി. വധിക്കപ്പെട്ട ആ മഹാന്മാരുടെ മൃതശരീരത്തെ ശത്രുക്കള്‍ വകൃതമാക്കി. അത്രയും കടുത്ത പകയിലും വിദ്വേഷത്തിലുമായിരുന്നു അവര്‍ ഉണ്ടായിരുന്നത്. ഹംസ(റ)യുടെ വയറ് കീറി ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കടിച്ചുതുപ്പി. ചില സ്വഹാബിമാരുടെ കാതും മൂക്കും അരിഞ്ഞെടുത്ത് അവകൊണ്ട് മാലയുണ്ടാക്കി നൃത്തം ചെയ്തിരുന്നു എന്ന് ചരിത്രം നമുക്ക് അറിയിച്ചുതരുന്നുണ്ട്. ഇത്തരം അസഹ്യമായ പല രംഗങ്ങള്‍ക്കും ഉഹ്ദ് സാക്ഷിയായി. പരാജിതരായ മുസ്‌ലിംകള്‍ ഒരുവശത്ത് നിരാശരായി നില്‍ക്കുമ്പോള്‍ ശത്രുക്കളുടെ പടനായകന്‍ അബൂസുഫ്‌യാന്‍ വിജയഭേരി മുഴക്കി ഉഹ്ദില്‍നിന്നും മടങ്ങുന്നു. അബൂസുഫ്‌യാന്റെ വിജയാഘോഷം എത്ര വൈകാരികമായിരുന്നു എന്നത് നമുക്ക് അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്നുതന്നെ മനസ്സിലാക്കാം. ആ സമയത്ത് അദ്ദേഹം ചില വെല്ലുവിളികള്‍ ഉയര്‍ത്തി:

'ഈ കൂട്ടത്തില്‍ മുഹമ്മദ് ഉണ്ടോ?' മൂന്ന് തവണ (ഇത് ആവര്‍ത്തിച്ചു). അതിന് മറുപടി നല്‍കുന്നതിനെ തൊട്ട് നബി ﷺ അവരെ വിലക്കി. പിന്നീട് അദ്ദേഹം ചോദിച്ചു: 'ഇബ്‌നു അബീ ക്വുഹാഫയുണ്ടോ ഈ കൂട്ടത്തില്‍?' മൂന്ന് തവണ (ഇതും ആവര്‍ത്തിച്ചു). പിന്നീട് അദ്ദേഹം ചോദിച്ചു: 'ഇബ്‌നുല്‍ ഖത്ത്വാബുണ്ടോ ഈ കൂട്ടത്തില്‍?' മൂന്ന് തവണ (ഇതും ആവര്‍ത്തിച്ചു). പിന്നീട് അദ്ദേഹം തന്റെ ആളുകളിലേക്ക് മടങ്ങി. എന്നിട്ട് അദ്ദേഹം പറഞ്ഞു: 'അല്ല, ഇക്കൂട്ടരെല്ലാം വധിക്കപ്പെട്ടിരിക്കുന്നു.' ആ സമയം ഉമറി(റ)ന് തന്നെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ ശത്രുവേ, നീ കളവാണ് പറഞ്ഞത്. തീര്‍ച്ചയായും നീ എണ്ണിയവരെല്ലാവരും ജീവിച്ചിരിക്കുന്നവരാണ്. തീര്‍ച്ചയായും നിനക്ക് പ്രയാസം ഉണ്ടാക്കുന്ന അവരെല്ലാവരും നിനക്കായി അവശേഷിപ്പുണ്ട്.' അബൂസുഫ്‌യാന്‍ (വെല്ലുവിളി സ്വരത്തില്‍) പറഞ്ഞു: 'ബദ്ര്‍ ദിനത്തിന് പകരമാണ് ഈ ദിവസം. (ഇപ്പോള്‍) യുദ്ധം സമാസമമായിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ (നിങ്ങളുടെ) ആളുകളെ വികൃതമാക്കിയത് കാണുന്നുണ്ടാകും. എന്നാല്‍ ഞാന്‍ അതിന് അവരോട് കല്‍പിച്ചതല്ല; എനിക്ക് അത് വിഷമമുണ്ടാക്കുന്നുമില്ല.' പിന്നീട് (അബൂസുഫ്‌യാന്‍) മുദ്രാവാക്യം മുഴക്കി: 'ഹുബല്‍ ഏറ്റവും ഉന്നതനായിരിക്കുന്നു, ഹുബല്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.' നബി ﷺ ചോദിച്ചു: 'ഇതിന് നിങ്ങള്‍ മറുപടി നല്‍കുന്നില്ലേ?' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ എന്താണ് പറയേണ്ടത്?' നബി ﷺ പറഞ്ഞു: 'നിങ്ങള്‍ പറയുവിന്‍: 'അല്ലാഹുവാണ് ഏറ്റവും ഉന്നതനും മഹാനും.' അബൂ സുഫ്‌യാന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് 'ഉസ്സ'യുണ്ട്. നിങ്ങള്‍ക്ക് 'ഉസ്സ'യില്ല.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'ഇതിന് നിങ്ങള്‍ മറുപടി നല്‍കുന്നില്ലേ?' അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ എന്താണ് പറയേണ്ടത്?' നബി ﷺ പറഞ്ഞു: 'നിങ്ങള്‍ പറയുവിന്‍: 'ഞങ്ങളുടെ രക്ഷാധികാരി അല്ലാഹുവാണ്. നിങ്ങള്‍ക്ക് (ആ) രക്ഷാധികാരി ഇല്ലല്ലോ'' (ബുഖാരി).

അബൂസുഫ്‌യാന്റെ വെല്ലുവിളിയും പരിഹാസവും മുസ്‌ലിംകളെ പ്രകോപിതരാക്കിയില്ല. പക്ഷേ, ഉമര്‍(റ) അടങ്ങിയിരുന്നില്ല. അദ്ദേഹം പ്രതികരിച്ചു: 'അബൂ സുഫ്‌യാന്‍, താങ്കള്‍ പേരുവിളിച്ച എല്ലാവരും ഇവിടെ ജീവിച്ചിരിപ്പുണ്ട്.' അബൂ സുഫ്‌യാന്‍ വീണ്ടും പറയുന്നു: 'ബദ്‌റില്‍ നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തിയില്ലേ? അതിന് പകരമാണ് ഈ യുദ്ധം. ഇപ്പോര്‍ നമ്മള്‍ ഇരുകൂട്ടരും ജയത്തിലും തോല്‍വിയിലും സമരാണ്. ഈ യുദ്ധത്തില്‍ നിങ്ങളുടെ ആളുകളുടെ ശരീരത്തെ ഞങ്ങളുടെ ആളുകള്‍ വെട്ടി വികൃതമാക്കിയിട്ടുണ്ട്. അതൊന്നും ഞാന്‍ അവരോട് കല്‍പിച്ചതല്ല. ബദ്‌റിലെ പരാജയത്തിന് പ്രതികാരമായി രോഷത്താല്‍ അവര്‍ ചെയ്തതാണ്. ഞാന്‍ കല്‍പിച്ചിട്ട് ചെയ്തതല്ലെങ്കിലും അതിന്റെ പേരില്‍ എനിക്ക്‌യാതൊരു വിഷമവും ഇല്ലതാനും.' ഉമര്‍(റ) ആ സന്ദര്‍ഭത്തില്‍ പ്രതികരിച്ചു: 'താങ്കള്‍ പറഞ്ഞത് പോലെ അത് ഒരിക്കലും സമമല്ല. കാരണം, ഞങ്ങളുടെ കൂട്ടത്തില്‍ വധിക്കപ്പെട്ടവര്‍ സ്വര്‍ഗത്തിലും നിങ്ങളുടെ കൂട്ടത്തില്‍നിന്ന് വധിക്കപ്പെട്ടവര്‍ നരകത്തിലുമാണ്. അതിനാല്‍ വധിക്കപ്പെട്ടവരുടെ കാര്യത്തില്‍ ഒരിക്കലും ഇത് സമമല്ല.'

അബൂസുഫ്‌യാന്‍ നടത്തിയ വെല്ലുവിളിക്കും പരിഹാസങ്ങള്‍ക്കുമൊന്നും നബി ﷺ മറുപടി നല്‍കാന്‍ സ്വഹാബിമാരെ പ്രേരിപ്പിച്ചില്ല. എന്നാല്‍ അബൂസുഫ്‌യാന്‍ ഹുബ്ല്‍, ഉസ്സ എന്നീ വിഗ്രഹങ്ങളെ (മുശ്‌രിക്കുകള്‍ ആരാധിക്കുന്നവ) അല്ലാഹുവിനെക്കാള്‍ ഉന്നതരെന്നു വിശേഷിപ്പിച്ചപ്പോള്‍ നബി ﷺ ഇടപെട്ടു. അതിന് മറുപടി നല്‍കാനായി നബി ﷺ സ്വഹാബിമാരോട് കല്‍പിച്ചു. അല്ലാഹുവാണ് ഏറ്റവും ഉന്നതനെന്നും മഹാനെന്നും അവന്‍ ഞങ്ങളുടെ രക്ഷാധികാരിയാണെന്നും അല്ലാഹു നിങ്ങള്‍ക്ക് രക്ഷ നല്‍കുന്നതല്ലെന്നും അവര്‍ അബൂസുഫ്‌യാന് മറുപടി നല്‍കി.

ആദര്‍ശ സ്‌നേഹികള്‍ എതിരാളികള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിന് മറുപടി നല്‍കാന്‍ കൂട്ടാക്കരുത്. എന്നാല്‍ ആദര്‍ശ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും മുതിരരുത്. ആദര്‍ശരാഹിത്യം അനുഭവിക്കുന്നവരാണ് വ്യക്തിഹത്യയിലൂടെ ഗ്രൗണ്ട് സപ്പോര്‍ട്ടിന് തുനിയുക. അക്കൂട്ടര്‍ക്ക് ആദര്‍ശം പറഞ്ഞ് ജയിക്കാന്‍ കഴിയില്ല. അതിനാല്‍ അവര്‍ പരിഹസിച്ചും അവഹേളിച്ചും സംസാരിക്കും. അത് അവഗണിച്ച് ആദര്‍ശത്തെ സംരക്ഷിക്കുക എന്നതാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.

ഉഹ്ദില്‍നിന്ന് മടങ്ങുന്ന വേളയില്‍ അബൂസുഫ്‌യാന്‍ മറ്റൊരു വെല്ലുവിളിയും നടത്തിയിരുന്നു. 'ഇനിയും നമുക്ക് ബദ്‌റില്‍ വെച്ച് കാണാം. അവിടെ വെച്ച് നിങ്ങളെ തുടച്ച് നീക്കുന്നതാണ്.' ആ വെല്ലുവിളി നബി ﷺ സ്വീകരിക്കുകയും ചെയ്തു. അബൂ സുഫ്‌യാന്റെ വെല്ലുവിളി സ്വീകരിച്ച് നബി ﷺ യും വിശ്വാസികളും മദീനയിലേക്ക് മടങ്ങി. മടങ്ങുന്നതിന് മുമ്പായി ഉഹ്ദിന്റെ രണഭൂമിയില്‍ രക്തസാക്ഷികളായി കിടക്കുന്ന മഹാരഥന്മാര്‍ ഉണ്ടല്ലോ. അവരില്‍ തിരിച്ചറിയാന്‍ കഴിയുന്നവരും തിരിച്ചറിയാന്‍ കഴിയാത്തവരും ഉണ്ടായിരുന്നു. ശരീരം വികൃതമാക്കപ്പെട്ട സ്വഹാബിമാര്‍; ഹംസ(റ), അനസ് ഇബ്‌നു നള്‌റ്(റ) പോലെയുള്ളവര്‍.

മുസ്വ്അബ് ഇബ്‌നു ഉമയ്ര്‍(റ) ശുഹദാക്കളില്‍ പ്രമുഖനാണ്. മക്കയിലെ ഉന്നത കുലത്തില്‍ പെട്ട അദ്ദേഹം ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് വലിയ സമ്പന്നനായിരുന്നു. രാവിലെ ഉടുത്ത വസ്ത്രം വൈകുന്നേരം ഉടുക്കാറില്ലായിരുന്നു. അദ്ദേഹം പുറത്തിറങ്ങിയാല്‍ എത്രയോ ദൂരത്തേക്ക് അദ്ദേഹം ഉപയോഗിച്ച അത്തറിന്റെ സുഗന്ധം അടിച്ചുവീശുമായിരുന്നു. എല്ലാ സൗകര്യങ്ങളും ഒഴിവാക്കിയാണ് അദ്ദേഹം മദീനയിലേക്ക് വന്നിരുന്നത്. എന്നാല്‍ ഉഹ്ദില്‍ അദ്ദേഹം രക്തസാക്ഷിയായപ്പോള്‍ കഫന്‍ ചെയ്യാന്‍ പോലും തുണിയില്ലാത്ത ഒരു അവസ്ഥയിലായിരുന്നു. തല മറച്ചാല്‍ കാല് പുറത്ത് കാണുന്ന, കാലു മറച്ചാല്‍ തല പുറത്ത് കാണുന്ന അവസ്ഥ. അവസാനം തല മറച്ച് കാലില്‍ മദീനയില്‍ ധാരാളം ലഭിച്ചിരുന്ന ഇദ്ഖര്‍ പുല്ല് വെച്ചുകെട്ടിയാണ് അദ്ദേഹത്തെ കഫന്‍ ചെയ്തത്.

ഹംസ(റ)യുടെ ഭൗതിക ശരീരം കണ്ട് നബി ﷺ കരഞ്ഞു. അത് അത്രയും വികൃതമാക്കപ്പെട്ട അവസ്ഥയിലായിരുന്നു. നബി ﷺ കരഞ്ഞുവെങ്കിലും ഇസ്‌ലാമിന്റെ വിധിവിലക്കുകളെ ലംഘിക്കുന്ന യാതൊരു സമീപനവും നബി ﷺ യില്‍ നിന്നും ഉണ്ടായില്ല. (തുടരും)