ക്വിബ്‌ല മാറ്റം

ഹുസൈന്‍ സലഫി, ഷാര്‍ജ

2021 ആഗസ്ത് 21 1442 മുഹര്‍റം 12

(മുഹമ്മദ് നബി ﷺ : 34)

നബി ﷺ മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് മുമ്പും മദീനയില്‍ എത്തിയതിന് ശേഷം ഏതാനും മാസക്കാലവും ബയ്തുല്‍മുക്വദ്ദസിലേക്ക് തിരിഞ്ഞായിരുന്നു നമസ്‌കാരം നിര്‍വഹിച്ചിരുന്നത് എന്ന് നാം നേരത്തെ പറഞ്ഞുവല്ലോ. മദീനയില്‍ എത്തിയതിന് ശേഷം പതിനാറോ പതിനേഴോ മാസമാണ് നബി ﷺ യും വിശ്വാസികളും ബയ്തുല്‍മുക്വദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചിരുന്നത്. പിന്നീട് ഹിജ്‌റ രണ്ടാം വര്‍ഷം റജബ് മാസത്തിലെ പകുതിയിലാണ് കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലഭിച്ചത് എന്നതാണ് പ്രബലമായ അഭിപ്രായം.

ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയിരുന്നെങ്കില്‍ എന്ന് നബി ﷺ പലപ്പോഴും ആഗ്രഹിച്ചിരുന്നു. മാത്രവുമല്ല, യഹൂദികള്‍ നബി ﷺ യെ ഇപ്രകാരം പറഞ്ഞ് പരിഹസിക്കാറുമുണ്ടായിരുന്നു: 'മുഹമ്മദ് നമ്മളോട് എതിരാകുന്നു. എന്നാല്‍ അവന്‍ നമ്മുടെ ക്വിബ്‌ലയെ പിന്തുടരുകയും ചെയ്യുന്നു.'

'നമ്മടെ മതവിശ്വാസം ശരിയല്ലെന്ന് പറയുന്നവനാണ് മുഹമ്മദ്, നമ്മോട് എല്ലാ കാര്യത്തിലും എതിരുപ്രവര്‍ത്തിക്കുന്നവനാണ്. എന്നാല്‍ നമ്മുടെ ക്വിബ്‌ലയിലേക്കാണല്ലോ അവനും തിരിയുന്നത്. അതിനാല്‍ നമ്മുടെ ദീനിനല്ല പിഴവെന്നും അവന്റെ ദീനിനാണ് പിഴവെന്നും, നാം അവനിലേക്കല്ല ചേരേണ്ടതെന്നും അവന്‍ നമ്മിലേക്കാണ് ചേരേണ്ടത്' എന്നും പറഞ്ഞായിരുന്നു ക്വിബ്‌ലയുടെ പേരില്‍ അവര്‍ നബി ﷺ യെ പരിഹസിച്ചിരുന്നത്. ഈ പരിഹാസം നബി ﷺ ക്ക് വിഷമമുണ്ടാക്കുകയും ചെയ്തിരുന്നു. ആയതിനാല്‍ ബയ്തുല്‍മുക്വദ്ദസില്‍നിന്നും മാറി കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാന്‍ അല്ലാഹു അനുവദിച്ചിരുന്നെങ്കില്‍ എന്ന് അവിടുന്ന് ആഗ്രഹിച്ചിരുന്നു. നബി ﷺ ക്ക് കഅ്ബയിലേക്ക് തിരിയാന്‍ ആഗ്രഹമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ഒരാളുടെയും ഇഷ്ടമോ അനിഷ്ടമോ അല്ല മതത്തില്‍ നിയമമാക്കപ്പെടുന്നത്. അല്ലാഹുവിന്റെ ഇഷ്ടവും അനിഷ്ടവുമാണ് മതത്തിലെ നിയമങ്ങള്‍. അതിനാല്‍ തന്നെ നബി ﷺ അല്ലാഹുവിന്റെ വഹ്‌യ് ലഭിക്കുന്നതുവരെ ബയ്തുല്‍മുക്വദ്ദസിലേക്കുതന്നെ തിരിഞ്ഞു നമസ്‌കരിക്കുകയാണ് ചെയ്തത്.

കഅ്ബഃയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാനുള്ള അനുവാദം ലഭിക്കുന്ന വഹ്‌യിനായി നബി ﷺ പലപ്പോഴും ആകാശത്തേക്ക് നോക്കി നില്‍ക്കുമായിരുന്നു. നബി ﷺ യുടെ ആഗ്രഹം അല്ലാഹു പിന്നീട് സാക്ഷാത്കരിച്ചു. അല്ലാഹു കഅ്ബയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കാനുള്ള അനുവാദം നല്‍കി.

''(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്'' (ക്വുര്‍ആന്‍ 2:144).

അങ്ങനെ മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായ ഒരു ക്വിബ്‌ല അന്നുമുതല്‍ നിശ്ചയിക്കപ്പെട്ടു. യഹൂദികള്‍ക്ക് ഇനി പരിഹസിക്കാന്‍ അവസരം ഇല്ലല്ലോ. ഈ നിയമം ഇറങ്ങിയപ്പോള്‍ യഹൂദികള്‍ക്കും അറേബ്യന്‍ മുശ്‌രിക്കുകള്‍ക്കും കപടവിശ്വാസികള്‍ക്കും അത് സഹിച്ചില്ല. അവര്‍ പല അഭിപ്രായങ്ങളും പറഞ്ഞുപരത്തി. യഹൂദികള്‍ക്ക് സഹിക്കാന്‍ കഴിയാത്ത ഒരു നിയമമായിരുന്നു അത്. കാരണം, ആകെ നബി ﷺ ക്ക് എതിരില്‍ എന്തെങ്കിലും പറയാനുള്ളത് ക്വിബ്‌ലയുടെ വിഷയമായിരുന്നു. അതും ഇല്ലാതായി. അവര്‍ ദുഷ്പ്രചാരണങ്ങള്‍ തുടങ്ങി. 'പൂര്‍വ പ്രവാചകന്മാരുടെ ക്വിബ്‌ലയെ മുഹമ്മദ് തള്ളി. അതിലേക്ക് വീണ്ടും തിരിച്ചുവരാതെ ഞങ്ങള്‍ അവനെ സ്വീകരിക്കില്ല. മുഹമ്മദിന് ഒന്നിലും സ്ഥിരതയില്ല. ഒരിക്കല്‍ തന്റെ പിതാക്കളുടെ ക്വിബ്‌ലയായ കഅ്ബ വേണ്ടെന്നുവെച്ചു. ഇപ്പോഴിതാ വീണ്ടും അതുതന്നെ സ്വീകരിച്ചിരിക്കുന്നു. കുറെ കഴിയുമ്പോള്‍ ഇതുപോലെ ഞങ്ങളുടെ (വിഗ്രഹ) മതത്തിലേക്കുതന്നെ തിരിച്ചുവന്നേക്കും' എന്നിങ്ങനെ അവര്‍ പറഞ്ഞുനടന്നു.

മുശ്‌രിക്കുകളും ഈ അവസരം മുതലെടുത്തു പലതും പറയാന്‍ തുടങ്ങി. കപടവിശ്വാസികള്‍ക്ക് സ്വന്തമായ ഒരുറച്ച നിലപാടില്ലാത്തതുകൊണ്ട് അവസരംപോലെ അവരും അതെല്ലാം ഏറ്റെടുത്തു. അധികം ഒച്ചപ്പാടുണ്ടാക്കിയതും ദുര്‍ബല ഹൃദയരായ മുസ്‌ലിംകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ കാരണമാക്കിയതും ചില യഹൂദികളായിരുന്നു. 'മുഹമ്മദിന്റെ മതം അല്ലാഹുവില്‍നിന്നുള്ളതല്ല. ആണെന്നുണ്ടെങ്കില്‍ ഒരിക്കല്‍ നടപ്പിലാക്കിയ നിയമം അവന്‍ പിന്നീട് മാറ്റുകയില്ലല്ലോ. സ്വയം നിര്‍മിക്കുന്ന മതമായതുകൊണ്ടാണ് ഇങ്ങനെ മാറ്റിപ്പറയേണ്ടി വരുന്നത്' എന്നു പറഞ്ഞ് അവര്‍ അവരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ക്വിബ്‌ലമാറ്റം മുഖേന മതത്തിന്റെ അടിത്തറതന്നെ പൊളിഞ്ഞു പോയതായി ശത്രുക്കള്‍ വ്യാഖ്യാനിച്ചുകൊണ്ടിരുന്നു. അല്ലാഹു എല്ലാവര്‍ക്കുമായി ഒറ്റ മറുപടി ഇറക്കി:

''ഇവര്‍ ഇതുവരെ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്തുനിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.'' (ക്വുര്‍ആന്‍ 2:142).

ക്വിബ്‌ല മാറ്റവുമായി നബി ﷺ യെ ആക്ഷേപിച്ചവരെ മുഴുവന്‍ മൂഢന്‍മാരായി വിശേഷിപ്പിച്ചതിലൂടെ അവരുടെ വാദഗതികളെല്ലാം മറുപടിയര്‍ഹിക്കാത്തതാണെന്ന് അല്ലാഹു വ്യക്തമാക്കി. കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റെതാണല്ലോ. ഏതുഭാഗത്തേക്കാണ് തന്റെ ദാസന്‍മാര്‍ തിരിയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനുണ്ട്. ആ അവകാശത്തെയും അധികാരത്തെയും ചോദ്യംചെയ്യുന്നവര്‍ വിവരമില്ലാത്തവരാണ്. എന്നാല്‍ അല്ലാഹുവിന്റെ ഏത് കല്‍പനയെയും അനുസരണയോടെ സ്വീകരിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. അല്ലാഹുവിന്റെ കല്‍പനയെ അനുസരണയോടെ സ്വീകരിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കില്ല. അത് അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കേ ലഭിക്കുകയുള്ളൂ എന്ന ആശയം വ്യക്തമാക്കുന്ന വചനം ഇറങ്ങിയതോടെ ആശയക്കുഴപ്പമുണ്ടാക്കി ലാഭം കൊയ്യാം എന്ന് വ്യാമോഹിച്ചവര്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് ലഭിച്ചത്. സര്‍വ മുന്നണികളുടെയും ദുരാരോപണത്തെ ശക്തിയുക്തം പ്രമാണത്താല്‍ പരാജയപ്പെടുത്തി.

ക്വിബ്‌ല മാറ്റം മദീനയില്‍ വമ്പിച്ച കോളിളക്കമാണ് ഉണ്ടാക്കിയത്. ഇതിലൂടെ പല കാര്യങ്ങളും വിശ്വാസികളെ പഠിപ്പിക്കുവാനും സാധിച്ചു.

''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞുനിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്  മറ്റെല്ലാവര്‍ക്കും അത് (ക്വിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 2:143).

നബി ﷺ യുടെ കല്‍പനകള്‍ അക്ഷരംപ്രതി സ്വീകരിക്കേണ്ടതുണ്ടെന്ന് ജനങ്ങള്‍ അറിയുക എന്നത് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. കാരണം, ശത്രുക്കളുടെ ജല്‍പനങ്ങള്‍ അത്രമേല്‍ ശക്തമായിരുന്നു. മുഹമ്മദിന്റെ മതം അല്ലാഹു ഇറക്കിയതല്ലെന്നും, അവന്‍ സ്വയം നിര്‍മിച്ചെടുത്തതാണെന്നും, അതിനാലാണ് സ്ഥിരതയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റക്കളിക്കുന്നതെന്നും, അവന്റെ കൂടെ കൂടിയവര്‍ക്ക് നഷ്ടമാണ് സംഭവിക്കുക എന്നുമൊക്കെയാണല്ലോ പ്രചാരണം. ഇവരുടെ ഈ ദുഷ്പ്രചാരണത്തില്‍ ചിലര്‍ പെട്ടുപോകുകയും ഇസ്‌ലാമില്‍നിന്ന് പുറത്തു പോകുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണവേലയില്‍ കുടുങ്ങാതെ നബി ﷺ യില്‍ വിശ്വസിച്ച് അടിയുറച്ച് നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ കടുത്ത ഈമാന്‍ തന്നെ വേണ്ടതുണ്ട്. ആ ഈമാന്‍ ആര്‍ക്കാണുള്ളത് എന്ന് പരീക്ഷിക്കുകയാണ് അല്ലാഹു ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ചെയ്തത്. ഒരു സത്യം സത്യമാണെന്ന് മനസ്സിലായാലും അത് അംഗീകരിക്കാതെ ഇന്നും പഴയ പല്ലവി പറഞ്ഞ് കളവാക്കുന്നവരുണ്ടല്ലോ. ഈ സ്വഭാവം ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. ചിലപ്പോള്‍ ആദ്യകാലത്ത് കേട്ടതും മനസ്സിലാക്കിവെച്ചതുമെല്ലാം സത്യത്തിന് എതിരാകും. അത് മനസ്സിലായാല്‍ അസത്യം വിട്ട് സത്യം സ്വീകരിക്കുകയാണ് വേണ്ടത്. അതിനുപകരം അഹങ്കാരത്തോടെ ആ തെറ്റില്‍തന്നെ ഉറച്ചുനിന്നാല്‍ നഷ്ടം സംഭവിക്കുന്നത് ആര്‍ക്കാണ്? നേരത്തെ മനസ്സിലാക്കിവെച്ച കാര്യങ്ങള്‍ തെറ്റാണെന്ന് പിന്നീട് മനസ്സിലാകുകയും, അത് ജനങ്ങളോട് പറയുകയും ചെയ്താല്‍ 'ഇവര്‍ക്ക് സ്ഥിരതയില്ലാത്ത ആദര്‍ശമാണ്. ഇന്ന് ഒന്ന് പറയുന്നു, നാളെ മറ്റൊന്ന് പറയുന്നു. സ്ഥിരതയില്ലാത്ത ഈ ആദര്‍ശത്തെ ഒഴിവാക്കൂ' എന്ന് പെരുമ്പറയിടുന്ന ആളുകളെ നമുക്ക് കാണാം. അങ്ങനെ സത്യത്തില്‍നിന്ന് വ്യതിചലിച്ച് അസത്യത്തിന്റെ വക്താക്കളാകുന്ന പലരെയും ഇക്കാലത്തും നാം കാണുന്നു. ഇത്തരക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയേ ഉള്ളൂ. സത്യത്തിന്റെ കൂടെ നില്‍ക്കാനും സത്യദീനിന്റെ പ്രയോക്താക്കളാകാനും അല്ലാഹു നമുക്ക് എന്നും തൗഫീക്വ് പ്രദാനം ചെയ്യുമാറാകട്ടെ, ആമീന്‍.

'കുറെ ആളുകള്‍ ബയ്തുല്‍മുക്വദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുകയും അങ്ങനെ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അവരുടെ നമസ്‌കാരം വെറുതെയായില്ലേ' എന്നായിരുന്നു അവര്‍ പ്രചരിപ്പിച്ച മറ്റൊരു കാര്യം. ഇങ്ങനെ പലതും പറഞ്ഞ് അവര്‍ വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇവരുടെ ഈ പ്രചാരണം ചില സ്വഹാബികളെ സംശയത്തിലാക്കി. ആ സംശയത്തിനും ഈ വചനത്തിലൂടെ അല്ലാഹു മറുപടി നല്‍കി. ആരുടെയും ഈമാന്‍ പാഴായിപ്പോകില്ലെന്നും അല്ലാഹു ഓരോരുത്തരുടെയും നമസ്‌കാരത്തിന് തക്കതായ പ്രതിഫലം നല്‍കുന്നതാണെന്നും അറിയിച്ചു.

മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലഭിച്ചശേഷം അതിനുനേരെ തിരിഞ്ഞ് ആദ്യമായി നിര്‍വഹിക്കപ്പെട്ടത് അസ്വ്ര്‍ നമസ്‌കാരമായിരുന്നു എന്ന് ഹദീഥുകളില്‍ നമുക്ക് കാണാവുന്നതാണ്.